പാപ്പ-മോദി കൂടിക്കാഴ്ച: പടമെടുപ്പിനേക്കാള്‍ പ്രധാനം പ്രായോഗികഫലം

പാപ്പ-മോദി കൂടിക്കാഴ്ച: പടമെടുപ്പിനേക്കാള്‍ പ്രധാനം പ്രായോഗികഫലം
Published on

ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ ഒഎഫ്എം ക്യാപ്

റോമില്‍ നടന്ന ഈ വര്‍ഷത്തെ ജി 20 ഉച്ചകോടി ആഗോള സമൂഹത്തിന്റെ വലിയ ശ്രദ്ധയാകര്‍ഷിച്ചു. ജി 20, വേള്‍ഡ് ഇക്കണോമിക് ഫോറം, ജി 8 തുടങ്ങിയ എല്ലാ ഉച്ചകോടികളും ലോക ശ്രദ്ധ ആകര്‍ഷിക്കുക പതിവാണ്. കാരണം ഇവ ലോകതലത്തിലുള്ള നയങ്ങളും പരിപാടികളും രൂപീകരിക്കുന്ന വേദികളാണ്.

വത്തിക്കാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇടയായതുകൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഉച്ചകോടി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ജീവനും അവകാശങ്ങളും അന്തസ്സും നിരന്തരം ഭീഷണി നേരിടുന്ന ഒരു നിര്‍ണായക ഘട്ടത്തില്‍, ഈ കൂടിക്കാഴ്ച നിര്‍ണായകമാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയും നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച സ്വാഗതാര്‍ഹമായ ഒരു ചുവടുവയ്പാണ്. വത്തിക്കാന്‍ സിറ്റിയില്‍ മാര്‍പാപ്പയുടെ മുറിയില്‍, ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗത്തിന്റെ നേതാവും ഏറ്റവും വലിയ ജനാധിപത്യത്തിന്റെ നേതാവും തമ്മില്‍ പങ്കുവച്ച സൗഹാര്‍ദ്ദമുഹൂര്‍ത്തങ്ങള്‍, "വൈകുന്നതാണ് ഒരിക്കലും ഇല്ലാത്തതിനേക്കാള്‍ നല്ലത്" എന്ന പഴഞ്ചൊല്ലിന്റെ വികാരം പങ്കുവയ്ക്കുന്നുണ്ടെന്നു തോന്നുന്നു.

ഹിന്ദുരാഷ്ട്രത്തിലേയ്ക്കുള്ള പാതയില്‍നിന്നു ഇന്ത്യയെ അതിന്റെ മതേതര പാതയിലേയ്ക്കു വഴിതിരിച്ചു വിടാന്‍ മാര്‍പാപ്പ-മോദി ചര്‍ച്ച കള്‍ക്ക് കഴിയുമെങ്കില്‍, അതായിരിക്കും വത്തിക്കാന്‍ കൂടിക്കാഴ്ചയുടെ ഏറ്റവും വലിയ ഫലം. അതേസമയം, ഗോവയിലും മണിപ്പൂരിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു കളില്‍ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മാര്‍പാപ്പ- മോദി കൂടിക്കാഴ്ച്ച മുതലെടുക്കാന്‍ ബിജെപി യെ സഭാ നേതൃത്വം അനുവദിക്കരുത്.

2014-ല്‍ കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് വിവിധ സഭാ അധികാരികള്‍ മോദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ദുരൂഹമായ ഏതോ കാരണങ്ങളാല്‍, ക്ഷണം നല്‍കാന്‍ ഗവണ്‍മെന്റ് ഏഴ് വര്‍ഷം വൈകി; ക്ഷണിച്ചപ്പോഴാകട്ടെ മാര്‍പാപ്പ ഉടന്‍ തന്നെ അതു സ്വീകരിക്കുകയും ചെയ്തു.

ഇതിനിടയില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും ക്ഷണമില്ലാത്തതിനാല്‍ മൂന്ന് കോടിയോളം വരുന്ന ക്രിസ്ത്യാനികളുടെ നാടായ ഇന്ത്യ ഒഴിവാക്കേണ്ടിവന്നു. അതിനാല്‍, കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുസമൂഹത്തില്‍ പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നിരിക്കുകയാണ്.

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഹിന്ദുത്വ ശക്തികളില്‍നിന്ന് ബഹുമുഖ ആക്രമണങ്ങള്‍ നേരിടുന്ന ഒരു സമയത്ത്, ആ വിഷയം ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുമെന്ന് സമുദായം പ്രതീക്ഷിച്ചത് സ്വാഭാവികമാണ്. ഈ ചെറു സമൂഹം അവരുടെ വീടുകളിലും ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം സംഘപരിവാര്‍ ശാഖകളുടെ രോഷത്തിന് ഇരകളായിക്കൊണ്ടിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ മിര്‍പൂരിലാണ് ഈ കാവി നാടകത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡ് അരങ്ങേറിയത്. രണ്ട് കന്യാസ്ത്രീകള്‍ ബസു കയറാന്‍ നില്‍ക്കുമ്പോള്‍ വര്‍ഗീയവാദികള്‍ അവരെ ആക്രമിക്കുകയായിരുന്നു. അതേ ദിവസം, അതേ സംസ്ഥാനത്ത് മറ്റൊരു ക്രൂരമായ ആക്രമണത്തില്‍, ഏഴ് പാസ്റ്റര്‍മാരെ ആരാധനാലയത്തില്‍ നിന്ന് വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സംഭവവുമുണ്ടായി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ നിരവധി ആക്രമണങ്ങള്‍ വേറെയും ഉണ്ടായി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് കന്യാസ്ത്രീകളെയും രണ്ട് സന്യാസാര്‍ത്ഥിനികളെയും ആക്രമിക്കുകയും നിര്‍ബന്ധിച്ച് ഇറക്കിവിടുകയും മതപരിവര്‍ത്തനം വ്യാജമായി ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തിട്ട് അധികനാളായിട്ടില്ല.

അപകടത്തിലായിരിക്കുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള മൗ ലികാവകാശവും അവര്‍ക്ക് ഇഷ്ടമുള്ള മതം ആചരിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. ക്രിസ്ത്യാനികള്‍ എവിടെയും – ആരാധനാലയങ്ങളിലും ട്രെയിനുകളിലും ബസുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും – ഹിന്ദുത്വ ഗുണ്ടകളുടെ സ്ഥിരം വേട്ടമൃഗങ്ങളായി മാറുന്നു. ചില ഗ്രാമങ്ങളില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വര്‍ഗീയവാദികളുടെ ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുകയും ക്രിസ്ത്യാനികളെ വലയ്ക്കുകയും ചെയ്യുമ്പോള്‍ നിയമപാലകര്‍ പുലര്‍ത്തുന്ന നിസ്സംഗത അതിലും മോശമാണ്. കാവിപ്പടയുടെ അഴിഞ്ഞാട്ടത്തിനു മുമ്പില്‍ പോലീസ് നോക്കുകുത്തികളായി മാറുകയോ നിരാലംബരായ ക്രിസ്ത്യാനികളെ ചവിട്ടിയരക്കുമ്പോള്‍ പുറംതിരിഞ്ഞു നില്‍ക്കുകയോ ചെയ്യുന്നു.

2014-ല്‍ മോദി ഭരണം അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്ത് വേരാഴ്ത്തുന്ന മതപരമായ അസഹിഷ്ണുത, മതസ്വാതന്ത്ര്യ- മനുഷ്യാവകാശപ്പട്ടികകളിലെ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴ്ത്തിയിരിക്കുകയാണ്. മത സ്വാതന്ത്ര്യത്തോടുള്ള തങ്ങളുടെ നിലപാട് കടുപ്പിച്ചുകൊണ്ട്, ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും കടുത്ത മതംമാറ്റ വിരുദ്ധ നിലപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട്. മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമായി ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നവയാണ് ഈ നിയമങ്ങള്‍.

സംസ്ഥാനത്തെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും സര്‍വേ നടത്താന്‍ ഉത്തരവിട്ടുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഒരു പടി കൂടി കടന്നു. തല്‍ക്കാലത്തേയ്ക്ക് ഇതു നിര്‍ത്തിവച്ചിട്ടുണ്ട്. കലാപകാരികളും അക്രമാസക്തരുമായ തീവ്രവാദികളുടെ മതമര്‍ദ്ദനങ്ങള്‍ക്കു കൂടുതല്‍ ആവേശം പകര്‍ന്നേക്കുമെന്നതിനാല്‍ ഈ സര്‍വേയെ ബംഗളൂരു ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ മച്ചാഡോ ശക്തമായി അപലപിച്ചിരുന്നു. ഇത്തരം ശക്തികള്‍ ആളുകളെയും പള്ളികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ തന്റെ അധികാരം ഉപയോഗിക്കണമെന്ന് സഭ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ലിയോ കൊര്‍ണേലിയോ, ക്രിസ്ത്യാനികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് എഴുതിയ കത്താണ് ഇവയില്‍ ഒടുവിലത്തേത്.

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരീക്ഷിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഹിന്ദുത്വ ഗ്രൂപ്പുകളുടെ അക്രമങ്ങള്‍ രേഖപ്പെടുത്തുകയും 'ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നു' എന്ന തലക്കെട്ടില്‍ ഒരു വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്തു. ഈ വര്‍ഷം ഒമ്പത് മാസത്തിനുള്ളില്‍ 21 സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ നിന്നായി ഇത്തരം 300-ലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഈ രേഖ വ്യക്തമാക്കുന്നു.

അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ സിവില്‍ റൈറ്റ്സ്, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ് എന്നിവ ചേര്‍ന്ന് ഒക്‌ടോബര്‍ 21-ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാര്‍ത്താ സമ്മേളനത്തില്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗവും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (യുസിഎഫ്) നാഷണല്‍ കോര്‍ഡിനേറ്ററുമായ എ സി മൈക്കിള്‍ പറഞ്ഞു, "ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുമെന്ന ഭയം അടിസ്ഥാനരഹിതമാണ്. 21 സംസ്ഥാനങ്ങളിലായാണ് ക്രൂരമായ ആക്രമണങ്ങള്‍ നടന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് മിക്ക സംഭവങ്ങളും നടക്കുന്നത്, 288 സംഭവങ്ങള്‍ ആള്‍ക്കൂട്ട ആക്രമണമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും (NHRC) ആഭ്യന്തര മന്ത്രാലയത്തിന്റെയും പങ്കിനെയും നിലപാടിനെയും കുറിച്ചും ഈ അക്രമം തടയുന്നതില്‍ അവരുടെ പരാജയങ്ങളെ കുറിച്ചും വിമര്‍ശനാത്മക ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഭയാനകമായ ഒരു സാഹചര്യമാണ് ഇത്."

ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ സംഘടിപ്പിച്ച റാലിയില്‍, നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപിക്കപ്പെടുന്ന സംഭവങ്ങളില്‍ ഉള്‍പ്പെട്ട ന്യൂനപക്ഷങ്ങളെ കൊല്ലണമെന്നു സ്വാമി പരമാത്മാനന്ദ ആഹ്വാനം ചെയ്തു. 'ഞാന്‍ ഒരു താപസനാണ്. നിങ്ങളോടു വ്യക്തമായി പറയാന്‍ ഞാന്‍ മടിക്കുന്നില്ല. വീട്ടില്‍ ലാത്തി സൂക്ഷിക്കുക… നമ്മുടെ ഗ്രാമങ്ങളില്‍ ആളുകള്‍ കൈക്കോടാലി സൂക്ഷിക്കുന്നു. എന്തുകൊണ്ടാണ് അവര്‍ കോടാലി സൂക്ഷിക്കുന്നത്? എന്തിനാണത്? അവരുടെ തലവെട്ടുക – മതപരിവര്‍ത്തനത്തിന് വരുന്നവരുടെ. ഒരു താപസനായിരുന്നിട്ടും ഞാന്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ഇപ്പോള്‍ നിങ്ങള്‍ പറയും. എന്നാല്‍ ചിലപ്പോള്‍ തീ കത്തിക്കുന്നത് പ്രധാനമാണ്. ഞാന്‍ നിങ്ങളോടു പറയുന്നു; നിങ്ങളുടെ വീട്ടിലോ തെരുവിലോ അയല്‍പക്കത്തോ ഗ്രാമത്തിലോ ആരെങ്കിലും വന്നാല്‍ അവരോട് ക്ഷമിക്കരുത്." അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികളുടെ തലവെട്ടാന്‍ സ്വാമി തന്റെ നൂറുകണക്കിനു ശ്രോതാക്കളോട് പറഞ്ഞതിനെക്കാള്‍ ആശങ്കാജനകമായ കാര്യം, ഛത്തീസ്ഗഡിലെ സ്വാധീന ശക്തിയുള്ള ബിജെപി നേതാക്കളായ രാംവിചാര്‍ നേതം, നന്ദകുമാര്‍ സായ്, ബിജെപി വക്താവ് അനുരാഗ് സിംഗ് ദിയോ എന്നിവര്‍ ആ വേദിയില്‍ ഉണ്ടായിരുന്നു എന്നതാണ്.

പണം, വിദേശ യാത്രകള്‍, വൈദ്യസഹായം എന്നിവയിലൂടെ ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്ത്യാനികള്‍ ഹിന്ദുക്കളുടെ മതം മാറ്റത്തിന് ആക്കം കൂട്ടുന്നുവെന്ന ഹിന്ദു ദേശീയവാദ സംഘങ്ങളുടെ ആരോപണമാണ് ആക്രമണങ്ങളുടെ അടിസ്ഥാനം.

അതിനാല്‍, മാര്‍പാപ്പ-മോദി കൂടിക്കാഴ്ചയില്‍ ഈ പ്രശ്‌നം ഉയര്‍ന്നുവരുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. ഒരു ദേശീയ ദിനപത്രം (ദ ടെലഗ്രാഫ്) കൂടിക്കാഴ്ചയുടെ വാര്‍ത്ത കൊടുത്തത് "നിങ്ങള്‍ ഫാ. സ്റ്റാനിനെ കുറിച്ചു ചര്‍ച്ച ചെയ്തുവോ പ്രധാനമന്ത്രീ?" എന്ന അര്‍ത്ഥഗര്‍ഭമായ തലക്കെട്ടിലായിരുന്നുവെന്നത് വെറുതെയല്ല.

ദൗര്‍ഭാഗ്യവശാല്‍, പ്രധാന മന്ത്രി മാര്‍പാപ്പയെ കൈകള്‍ നീട്ടി ആലിംഗനം ചെയ്യുകയും ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്ന ദിവസം, ആര്‍എസ്എസിന്റെ ഉന്നത നേതാക്കളിലൊരാളായ ദത്താത്രേയ ഹൊസബാലെ, മതപരിവര്‍ത്തനം നടത്തുന്നവര്‍ അത് പരസ്യമായി പ്രഖ്യാപിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസ്താവന മിതമായി പറഞ്ഞാല്‍ നികൃഷ്ടവും നിയമവിരുദ്ധവുമാണ്.

ഒരാളുടെ വിശ്വാസമോ മതമോ തികച്ചും വ്യക്തിപരമായ കാര്യമാണെന്നും ഇത് ഭരണഘടനയ്ക്ക് കീഴില്‍ ഉറപ്പുനല്‍കുന്നുവെന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ പ്രഖ്യാപനങ്ങളും നയതീരുമാനങ്ങളും നിയമവിരുദ്ധമാണ്.

'സര്‍പ്പങ്ങളെപ്പോലെ വിവേകികളും' 'പ്രാവുകളെപ്പോലെ നിഷ്‌കളങ്കരും' ആയിരിക്കാന്‍ യേശു തന്റെ ശിഷ്യന്മാരെ ഉപദേശിച്ചിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്തെ സംബന്ധിച്ച നിരവധി വിഷയങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തോട് സ്വന്തം നിലപാട് അസന്ദിഗ്ദ്ധമായി പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ സഭ തയ്യാറാകേണ്ടതുണ്ട്.

ഇന്ത്യയിലെ ക്രിസ്ത്യന്‍ നേതൃത്വം നയതന്ത്രഭാഷ വെടിഞ്ഞ് മതസ്വാതന്ത്ര്യത്തിലും മനുഷ്യാവകാശ സംരക്ഷണത്തിലുമുള്ള തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കുമെതിരെ ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കത്തോലിക്കാ സഭയുടെ പരസ്യപ്രതിഷേധം നിര്‍ഭയം പ്രകടിപ്പിച്ച പരേതനായ ആര്‍ച്ച്ബിഷപ് അലന്‍ ഡി ലാസ്റ്റിക്കിനെപ്പോലുള്ള മതനേതാക്കളുടെ അഭാവം നാമിന്ന് അനുഭവിക്കുന്നു. അധികാരികളോട് നിര്‍ഭയം ആശങ്ക പ്രകടിപ്പിക്കാന്‍ ധൈര്യം കാണിച്ച ബാംഗ്ലൂര്‍, ഭോപ്പാല്‍, റാഞ്ചി ബിഷപ്പുമാരുടെ പ്രസ്താവനകളില്‍ പ്രതീക്ഷയുടെ ഒരു നേര്‍ത്ത വെള്ളിവെളിച്ചം കാണാമെന്നു മാത്രം.

തന്റെ കാലത്ത് നിലനിന്നിരുന്ന മതമൗലികവാദത്തെ യേശു വളരെ ശക്തമായി അപലപിച്ചിരുന്നു. യേശുവിനെ മാതൃകയാക്കി, മുഖത്തു നോക്കി സത്യം പറയാന്‍ ക്രിസ്ത്യന്‍ നേതാക്കള്‍ തയ്യാറാകണം അതുകൊണ്ട് എന്തുതന്നെ സംഭവിച്ചാലും!

പാപ്പയും പ്രധാനമന്ത്രിയും തമ്മിലുള്ള കാര്യമായ സംഭാഷണത്തിന്റെ സ്വാധീനം അതിന്റെ ഫലപ്രാപ്തിയെ ആശ്രയിച്ചിരിക്കും. പ്രയോഗത്തില്‍ കാണുന്ന മാറ്റങ്ങളാല്‍ വിലയിരുത്തപ്പെടും അതിന്റെ ഫലം. വൃക്ഷത്തെ അറിയുന്നത് ഫലങ്ങളില്‍ നിന്നാണ്; അതേ രീതിയില്‍, ഈ കൂടിക്കാഴ്ചയുടെ വിജയം അതില്‍ നിന്നുണ്ടാകുന്ന ഫലങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടും.

ഇന്ത്യയിലെ തകര്‍ന്ന മതസ്വാതന്ത്ര്യത്തില്‍ പാപ്പ-മോദി കൂടിക്കാഴ്ച എത്രത്തോളം സ്വാധീനം ചെലുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ഉറപ്പു സംരക്ഷിക്കാന്‍ മോദി ഭരണകൂടം എത്രത്തോളം ശ്രമിക്കുമെന്നതുമാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്. പടമെടുപ്പുകളേക്കാളും വാചാടോപങ്ങളേക്കാളും പ്രധാനം അടിസ്ഥാന യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന ഹിന്ദുത്വശക്തികളെ സമചിത്തരാക്കാന്‍ ഇരുനേതാക്കളും നേരിട്ടു നടത്തിയ സംഭാഷണം സഹായിക്കുമെന്നു പ്രത്യാശിക്കാം.

മാര്‍പാപ്പയുടെയും പ്രധാന മന്ത്രിയുടെയും സൗഹാര്‍ദ്ദം കണ്ട് സഭാനേതൃത്വത്തിലെ ഒരു വിഭാഗം അമിതാവേശം പ്രകടിപ്പിച്ചപ്പോള്‍, സിബിസിഐയുടെ സെക്രട്ടറി ജനറലായിരുന്ന റാഞ്ചി അതിരൂപതാ സഹായമെത്രാന്‍ ബിഷപ് തിയോഡോര്‍ മസ്‌കരനാസ് മുന്നറിയിപ്പു നല്‍കി. അദ്ദേഹം പറഞ്ഞു, "അടഞ്ഞ വാതിലിനു പിന്നില്‍ രണ്ട് മഹാ നേതാക്കള്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ നമ്മുടെ പ്രധാനമന്ത്രി മടങ്ങിയെത്തുമ്പോള്‍, ഇന്ത്യ വീണ്ടും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും നായകസ്ഥാനം കൈവരിക്കുന്ന പുതിയൊരു തുടക്കം കുറിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആക്രമണങ്ങളെ മതമര്‍ദ്ദനമെന്നാണ് ഞാന്‍ എപ്പോഴും വിളിച്ചിരുന്നത്. പ്രധാനമന്ത്രിക്ക് മുന്നില്‍ ഉന്നയിക്കേണ്ട ആശങ്കകള്‍ പരിശുദ്ധ പിതാവ് പ്രകടിപ്പിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്."

പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികള്‍ മായിക്കുക അസാധ്യമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ന്യൂനപക്ഷ വിരുദ്ധ നിലപാട് നിരാകരിക്കാന്‍ സംഘപരിവാറിനോട് ആവശ്യപ്പെടുന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യ ഒരു യഥാര്‍ത്ഥ മതേതര രാഷ്ട്രമാകുന്നതിനുള്ള ഏറ്റവും വലിയ പ്രതിബന്ധം അവിടെയാണ്. ഇത് മോദിയുടെ ഏറെ കൊട്ടിഘോഷിച്ച സബ്‌കെ സാത്ത്, സബ്കാ വികാസ് ഔര്‍ സബ്കാ വിശ്വാസ് (എല്ലാവര്‍ക്കും പിന്തുണ, എല്ലാവര്‍ക്കും വികസനം, എല്ലാവര്‍ക്കും വിശ്വാസം) എന്ന മുദ്രാവാക്യത്തെയും വഞ്ചിക്കുന്നു.

ഹിന്ദുരാഷ്ട്രത്തിലേയ്ക്കുള്ള പാതയില്‍നിന്നു ഇന്ത്യയെ അതിന്റെ മതേതര പാതയിലേയ്ക്കു വഴിതിരിച്ചു വിടാന്‍ മാര്‍പാപ്പ- മോദി ചര്‍ച്ചകള്‍ക്ക് കഴിയുമെങ്കില്‍, അതായിരിക്കും വത്തിക്കാന്‍ കൂടിക്കാഴ്ചയുടെ ഏറ്റവും വലിയ ഫലം. അതേസമയം, ഗോവയിലും മണിപ്പൂരിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മാര്‍പാപ്പ-മോദി കൂടിക്കാഴ്ച്ച മുതലെടുക്കാന്‍ ബിജെപിയെ സഭാ നേതൃത്വം അനുവദിക്കരുത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന ദക്ഷിണേന്ത്യയിലെ ബിജെപി അനുകൂല ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് നേട്ടമെടുക്കാനും ഇതിടയാക്കരുത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org