സത്യാനന്തര കാലത്തെ ജനാധിപത്യ അപചയങ്ങള്‍

സത്യാനന്തര കാലത്തെ ജനാധിപത്യ അപചയങ്ങള്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
പ്രൊഫസര്‍. വടവാതൂര്‍ സെമിനാരി, കോട്ടയം

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

സ്വാതന്ത്ര്യലബ്ധിക്കു മുമ്പുണ്ടായിരുന്ന മൈസൂര്‍ നാട്ടുരാജ്യത്തിന്റെ 19-ാമത് ദിവാനായിരുന്ന എം. വിശ്വേശരയ്യ പൊതുജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളായിരുന്നു. ഓഫീസ് സമയം കഴിഞ്ഞ് നോക്കിത്തീരാത്ത ഫയലുകള്‍ അദ്ദേഹം സ്വഭവനത്തിലേക്കു കൊണ്ടുപോകും. വീട്ടില്‍വച്ച് സര്‍ക്കാര്‍ ഫയലുകള്‍ നോക്കാന്‍ അദ്ദേഹം സര്‍ക്കാര്‍ ചെലവിലുള്ള മെഴുകുതിരിയാണ് ഉപയോഗിക്കുക. അതിനുശേഷം ആത്മീയവെട്ടത്തിനായി ഭഗവദ്ഗീത വായിക്കുമ്പോള്‍ അദ്ദേഹം സര്‍ക്കാരിന്റെ മെഴുകുതിരി കെടുത്തി സ്വന്തം ചെലവിലുള്ള മെഴുകുതിരി കത്തിക്കും. പൊതുജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള ധാര്‍മ്മിക അനുപാതങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്ന ഒരാള്‍! ഈ അനുപാതങ്ങള്‍ തെറ്റാന്‍ തുടങ്ങിയതെവിടെയാണ്?

കൗശല രാഷ്ട്രീയത്തിന്റെ മാക്കിയവെല്ലിയന്‍ ഭാവങ്ങള്‍

ധാര്‍മ്മികതയും രാഷ്ട്രീയവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ആദ്യം പറഞ്ഞത് ഇറ്റാലിയന്‍ രാഷ്ട്രമീമാംസകനായിരുന്ന നിക്കോളോ മാക്കിയവെല്ലി (1469-1527) ആണ്. പ്ലേറ്റോയും അരിസ്റ്റോട്ടിലും സിസറോയും തുടര്‍ന്ന് ക്രൈസ്തവദാര്‍ശനികരും ഉയര്‍ത്തിപ്പിടിച്ച പൊളിറ്റിക്കല്‍ ഐഡിയലിസത്തെ കീഴ്‌മേല്‍ മറിച്ചാണ് കൗശലത്തിന്റെയും ശക്തിയുടെയും നെറിവില്ലാത്ത ബദലുകളുമായി മാക്കിയവെല്ലി രംഗപ്രവേശനം ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട The Prince എന്ന വിവാദ ഗ്രന്ഥത്തിലൂടെയാണ് രാഷ്ട്രീയത്തിന് ധാര്‍മ്മിക അടിത്തറകള്‍ ആവശ്യമെന്ന പൊളിറ്റിക്കല്‍ ഐഡിയലിസത്തിന്റെ വാദമുഖങ്ങളെ മാക്കിയവെല്ലി ആക്രമിച്ചത്.

പതിനാറാം നൂറ്റാണ്ടിലെ ഫ്‌ളോറന്റൈന്‍ റിപ്പബ്ലിക്കിലെ ഭരണ അസ്ഥിരതയും ജനകീയ വിപ്ലവാനന്തരമുള്ള അരാജക സ്വഭാവത്തെയും മറികടക്കാനെന്ന വ്യാജേനയാണ് സിംഹത്തിന്റെ കരുത്തും കുറുക്കന്റെ കൗശലവുമുള്ള ഒരു രാജകുമാര (The Prince) നെ മാക്കിയവെല്ലി സൃഷ്ടിക്കുന്നത്. ഇതേ ഫോര്‍മുല തന്നെയാണ് ഇരുപതാം നൂറ്റാണ്ടില്‍ ഹിറ്റ്‌ലര്‍ ജര്‍മ്മനിയിലും ബെനിറ്റോ മു സോളിനി ഇറ്റലിയിലും പരീക്ഷിച്ചു വിജയിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ജര്‍മ്മനിയുടെ മഹത്വ ശോഷണ (The Lost German Pride) ത്തെ മൂലധനമാക്കിയാണ് ഹിറ്റ്‌ലര്‍ നാ സിസത്തിന്റെ വിഷവിത്തുകള്‍ വിതച്ചത്. ഇറ്റലിയുടെ തകര്‍ന്ന സാമ്പത്തികരംഗം ശരിയാക്കാനും ഭരണ അസ്ഥിരതയ്ക്ക് പരിഹാരമായും "56 ഇഞ്ച് നെഞ്ചള വുള്ള" ശക്തനായ ഒരു ഭരണാധികാരി വേണമെന്ന വികാരം ഉണര്‍ത്തി വിട്ടാണ് മുസോളിനിയുടെ കരിങ്കുപ്പായക്കാര്‍ (Black shirts) ഇറ്റലിയില്‍ ഭരണത്തിലേറിയത്. Make America Great Again (MAGA) എന്ന സമവാക്യം ഉപയോഗിച്ചാണല്ലോ ട്രംപും 2016-ല്‍ അധികാരത്തിലേറിയത്. രാഷ്ട്രീയത്തിന്റെ ധാര്‍മ്മിക അടിത്തറക ളെ അപ്രസക്തമാക്കിയ ഇത്തരക്കാര്‍ മാക്കിയവെല്ലിയുടെ പിന്‍ തുടര്‍ച്ചക്കാര്‍ തന്നെ.

കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്രിന്‍സ് എന്ന ഗ്രന്ഥത്തില്‍ മാക്കിയവെല്ലി ഇപ്രകാരം എഴുതി: "കൗശലവും ചതിയും രാഷ്ട്രീയത്തില്‍ ശക്തിയെക്കാള്‍ ഗുണം ചെയ്യും." ഒപ്പം അദ്ദേഹം പറഞ്ഞു വച്ചു: "ബഹുഭൂരിപക്ഷം ജനങ്ങളും ഉള്ളിലുള്ളതിനെക്കാള്‍ പുറം കാഴ്ചകളില്‍ അഭിരമിക്കുന്നവരാണ്." അതിനാല്‍ തന്നെ രാഷ്ട്രീയരംഗത്ത് ആത്മാര്‍ത്ഥതയേക്കാള്‍ പ്രദര്‍ശന പരതയെ അദ്ദേ ഹം വിലമതിച്ചു. റോള്‍സ് റോയ്‌സിലും പ്രൈവറ്റ് ജെറ്റിലും ഉലകം ചുറ്റുന്ന രാഷ്ട്രീയവാലിബന്മാര്‍ പബ്ലിക് റിലേഷന്‍സ് വര്‍ക്കുകളിലൂടെ "പാവപ്പെട്ടവരുടെ പടത്തലവന്‍" ഇമേജ് നിലനിര്‍ത്തുന്നത് മാക്കിയവെല്ലിയുടെ സ്‌കൂളില്‍ പഠിച്ചിട്ടാണ്. ഒരു കൊല്ലപ്പണിക്കാരന്റെ മകനെന്ന ഇമേജ് പൊലിപ്പിച്ച് സാധാരണക്കാരനെന്ന പ്രതീതി ഉണ്ടാക്കിയെടുത്ത മുസോളിനി മാക്കിയവെല്ലിയന്‍ പാഠശായിലെ ഒന്നാം റാങ്കുകാരനായിരുന്നു. സമകാലിക ഭാരതത്തിലുമുണ്ടല്ലോ ഇത്തരം കടലില്‍ ചാട്ടക്കാരും ചായക്കടക്കാരും!

പ്രിന്‍സ് എന്ന ഗ്രന്ഥത്തിന്റെ 15-ാം അദ്ധ്യായത്തില്‍ മാക്കിയവെല്ലി പ്രായോഗിക സത്യ (Effective Truth) വും ഭാവനാത്മക ഉദാത്തസത്യ (Imagined Truth) വും തമ്മില്‍ വേര്‍തിരിക്കുന്നുണ്ട്. ഉദാത്ത സത്യത്തേക്കാള്‍ പ്രായോഗിക സത്യങ്ങളെ വിലമതിച്ച മാക്കിയവെല്ലി ഏതു മാര്‍ഗ്ഗം ഉപയോഗിച്ചും ലക്ഷ്യം നേടാമെന്ന വിലകുറഞ്ഞ രാഷ്ട്രീയ നിലപാടിന്റെ ആചാര്യനായി. "പൊളിറ്റിക്കല്‍ റിയലിസ"ത്തിന്റെ പിതാവെന്ന് വിളിക്കപ്പെട്ട മാക്കിയവെല്ലിയന്‍ പരികല്പനകളാണ് യൂറോപ്പിന്റെ രാഷ്ട്രീയ ഭൂമികയെ പില്‍ക്കാലത്ത് കലാപകലുഷിതമാക്കിയത്. ധര്‍മ്മയുദ്ധങ്ങളെന്ന് വിളിക്കപ്പെട്ട യുദ്ധങ്ങളില്‍പ്പോലും "അശ്വതാത്ഥമഹത" പ്രയോഗങ്ങള്‍ സാധാരണമാക്കപ്പെട്ട കാലത്ത് വിസ്മരിക്കപ്പെട്ടത് മാര്‍ഗ്ഗത്തെപ്പോലെ ലക്ഷ്യവും ശുദ്ധമായിരിക്കണമെന്ന ഗാന്ധിയന്‍ സുതാര്യതകളാണ്.

കൗശലവും വഞ്ചനയും ബലപ്രയോഗവും വഴി രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടിയെടുക്കാമെന്ന മാക്കിയവെല്ലിയന്‍ നയമാണ് ലേ ബെന്‍സ്‌റൗം (Lebensraum) നയത്തിലൂടെ ഹിറ്റ്‌ലര്‍ നടപ്പിലാക്കിയത്. "ലേബെന്‍സ്‌റൗം" എന്ന ജര്‍മ്മന്‍ പദത്തെ Living Space എന്ന് വിവര്‍ത്തനം ചെയ്യാം. ആര്യന്‍ വംശീയതയുടെ പൊങ്ങച്ച സാക്ഷ്യക്കാരനായിരുന്ന ഹിറ്റ്‌ലര്‍ പറഞ്ഞു: "we are the best race; so we need space." സവര്‍ണ്ണ വംശജനും ഉയര്‍ന്ന വംശജനും വളര്‍ന്നു വികസിക്കാനും വ്യാപിക്കാനും കൂടുതല്‍ സ്ഥലം ആവശ്യമാണെന്ന് വാദിച്ച ഹിറ്റ്‌ലറും നാസികളും അതിനുവേണ്ടിത്തന്നെയാണ് പോളണ്ട് ഉള്‍പ്പെടെയുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയത്. ഇറ്റാലിയന്‍ സാംസ്‌കാരിക ദേശീയതയുടെ മേല്‍ക്കോയ്മ പ്രസംഗിച്ച മുസോളിനി എത്യോപ്യയെ ആക്രമിച്ചത് ഉയര്‍ന്ന ദേശീയതകള്‍ക്ക് വ്യാപിക്കാനും വളരാനും അവകാശമുണ്ടെന്ന വ്യാജവാദത്തെ അടിസ്ഥാനമാക്കിയായിരുന്നു.

നല്ലവനാകാതിരിക്കാന്‍ രാജകുമാരന്‍ പഠിക്കണമെന്നും തന്നെ പിന്തുണച്ചവരെ ആവശ്യമെങ്കില്‍ മുറിപ്പെടുത്താന്‍ തയ്യാറാകണ മെന്നും ഉള്ള മാക്കിയവെല്ലിയന്‍ തന്ത്രമല്ലേ വിവിധ ജനകീയ പ്രക്ഷോഭങ്ങളോടും പൗരന്മാരുടെ അവകാശ സമരങ്ങളോടും വിവിധ കാലഘട്ടങ്ങളില്‍ വിവിധ ഗവണ്‍മെന്റുകള്‍ അനുവര്‍ത്തിച്ച അടിച്ചമര്‍ത്തല്‍ നയങ്ങളില്‍ തെളിയുന്നത്. "നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവു നിമിത്തം അന്നു നിങ്ങള്‍ വിലപിക്കും" (1 സാമുവല്‍ 8:18) എന്ന ബൈബിള്‍ വചനം അന്വര്‍ത്ഥമാക്കുന്ന കാഴ്ചകളല്ലേ നമുക്കു ചുറ്റം തെളിയുന്നത്? വിയോജിപ്പ് രാജ്യദ്രോഹമാവുകയും എതിരാളികള്‍ കൊലമരത്തിനര്‍ഹരാവുകയും ചെയ്യുന്ന നെറികെട്ട കാലത്ത് ജര്‍മ്മന്‍കവിയും നാടകകൃത്തുമായ ബ്രെഹ്‌ത്തോള്‍ഡ് ബ്രഹ്റ്റിന്റെ വാക്കുകള്‍ പ്രസക്തമാകുന്നു. തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ബ്രഹ്റ്റിനോട് അന്യദേശക്കാരന്‍ ചോദിച്ചു. "ഇപ്പോള്‍ ജര്‍മ്മനിയില്‍ ആരാണ് ഭരിക്കുന്നത്? "ഭയം, ഭയപ്പെടുത്തുന്ന ഭയമാണിപ്പോള്‍ ജര്‍മ്മനിയെ ഭരിക്കുന്നത്."

"ഭൂരിപക്ഷ വര്‍ഗ്ഗീയത ദേശീയതയായും ന്യൂനപക്ഷ വര്‍ഗ്ഗീയത തീവ്രവാദമായും തെറ്റിദ്ധരിക്കപ്പെടാനുള്ള സാദ്ധ്യത ഇന്ത്യന്‍ സാഹചര്യങ്ങളിലുണ്ടെന്ന് പറഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിയാകുന്ന കാലത്ത് ജനാധിപത്യം അപ്രസക്തമാവുകയാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയത ആള്‍ക്കൂട്ടാധിപത്യമാവുകയും ഹിഡന്‍ അജന്‍ഡകളുള്ള പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ തീവ്രരൂപങ്ങള്‍ സമൂഹത്തെ ശിഥിലീകരിക്കുകയും ചെയ്യുന്നിടത്ത് ഇരുവശത്തും ചേരാതെ മൂല്യാധിഷ്ഠിത സമ്മര്‍ദ്ദശക്തിയായി നിന്ന് രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ പങ്കുചേരാനുള്ള വെല്ലുവിളിയല്ലേ ക്രൈസ്തവ സഭകള്‍ ഏറ്റെടുക്കേണ്ടത്? താത്ക്കാലിക നേട്ടങ്ങള്‍ക്കായി അവസരവാദപരമായ കൂട്ടുകെട്ടുകളില്‍ അഭിരമിക്കുന്നവര്‍ മറന്നുപോകുന്നത് ജനാധിപത്യത്തിന്റെ ശാക്തീകരണത്തില്‍ നീതിയുടെ പക്ഷം പിടിച്ച പൂര്‍വ്വസൂരികളെയല്ലേ?

ഉപസംഹാരം 

കെ.എം. മാണിയുടെ അവസാന ബഡ്ജറ്റ് അവതരണത്തെത്തുടര്‍ന്നുണ്ടായ കയ്യാങ്കളിയില്‍ നിയമസഭ ചന്തനിലവാരത്തിലേക്ക് താണുപോയെന്ന വിമര്‍ശനമുയര്‍ന്നപ്പോള്‍ പതിവുപോലെ ഇടതുപക്ഷത്തെ ഒരു പ്രമുഖ ന്യായീകരണത്തൊഴിലാളി പ്രതിരോധ പരിചയുമായി രംഗത്തെത്തി. അദ്ദേഹം പറഞ്ഞു: "ഏഥന്‍സിലെ ചന്തയിലാണ് ജനാധിപത്യം തുടങ്ങിയത്. അതുകൊണ്ടുതന്നെ ചന്തയുടെ സ്വഭാവം ജനാധിപത്യത്തിലെന്നുമുണ്ടാകും." ഏഥന്‍സിലെ ചന്തയില്‍നിന്നും വളരെയേറെ വികാസ പരിണാമങ്ങളിലൂടെ ജനാധിപത്യം കടന്നുപോയി 21-ാം നൂറ്റാണ്ടിലെത്തിയിട്ടും നമ്മുടെ രാഷ്ട്രീയക്കാരെന്തേ ഇന്നും ശിലായുഗ മനുഷ്യരെപ്പോലെ ചന്തയില്‍കിടന്ന് ചുറ്റിത്തിരിയുന്നു? ലാഭനഷ്ടക്കണക്കുകളുടെ ചന്തയില്‍നിന്നും ആത്മദാനത്തിന്റെ ഉദാത്ത സ്ഥലികളിലേക്ക് രാഷ്ട്രീയത്തെ ഉയര്‍ത്തിയ ഗാന്ധിയും ലിങ്കണുമൊക്കെ അപ്രസക്തരാകുന്നിടത്ത് പ്രസക്തമാകുന്നു എന്‍.വി. കൃഷ്ണവാര്യരുടെ വരികള്‍:
"അരിവാങ്ങാന്‍ ക്യൂവില്‍
നില്‍ക്കുന്നു ഗാന്ധി
അരികേ കാറിലേറി നീങ്ങുന്നു
വ്യാപാരി മന്നന്‍ ഗോഡ്‌സേ."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org