പ്രളയം: അവസരത്തിനൊത്തുയര്‍ന്ന കേരളസഭ

പ്രളയം: അവസരത്തിനൊത്തുയര്‍ന്ന കേരളസഭ


ഫാ. ജോര്‍ജ് വെട്ടിക്കാട്ട്

സെക്രട്ടറി, കെ.എസ്.എസ്. ഫോറം

പ്രളയകാലത്ത് കേരള കത്തോലിക്കാസഭയുടെ ഓരോ ഇടവകപ്പള്ളികളും ഓരോ സോഷ്യല്‍ സര്‍വീസ് സെന്‍ററുകളായി മാറിക്കൊണ്ട് നിസ്വാര്‍ത്ഥവും സമര്‍ത്ഥവുമായ സാമൂഹ്യസേവനമാണു കാഴ്ചവച്ചത്. പ്രാദേശികഭേദങ്ങള്‍ക്കെല്ലാമതീതമായി കേരളസഭയുടെ കൂട്ടായ്മയും കെട്ടുറപ്പും പ്രകടിപ്പിക്കപ്പെട്ട ഒരു സന്ദര്‍ഭം കൂടിയായി അതു മാറി. വളരെ വ്യവസ്ഥാപിതമായ സാമൂഹ്യസേവനവിഭാഗങ്ങള്‍ നമുക്ക് എല്ലാ രൂപതകളിലും ഉണ്ട്. കോട്ടയത്തെ അടിച്ചിറയില്‍ കേന്ദ്രകാര്യാലയമുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം കെസിബിസിക്കുവേണ്ടി എല്ലാ രൂപതകളുടേയും സാമൂഹ്യസേവനവിഭാഗങ്ങളെ ഏകോപിപ്പിക്കുന്നു. ആഗോളസഭയുടെ ജീവകാരുണ്യസംഘടനയായ കാരിത്താസിന്‍റെ പ്രാദേശികചുമതലയും ഈ ഫോറത്തിനാണ്. ഇത്തരത്തിലുള്ള സംവിധാനം പതിറ്റാണ്ടുകളായി പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ കേരളസഭ സാമൂഹ്യസേവനരംഗത്തു കൈവരിച്ചിട്ടുള്ള അറിവും അനുഭവസമ്പത്തും ബന്ധങ്ങളുമെല്ലാം പ്രളയവേളയില്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിച്ചു.

ശ്ലാഘനീയമായ കൂട്ടായ്മാബോധവും ഐക്യവുമാണ് കേരളസഭ പ്രളയദിനങ്ങളില്‍ പ്രകടിപ്പിച്ചത്. സഭ എന്ന നിലയില്‍ പ്രളയവേളയിലെ രക്ഷാ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളിലും നമുക്ക് കാര്യമായ ഇടപെടല്‍ നടത്താന്‍ സാധിച്ചു എന്നത് അഭിമാനകരമാണ്. എല്ലാ രൂപതകളുടേയും സാമൂഹ്യസേവനവിഭാഗങ്ങള്‍ സജീവമായ പ്രവര്‍ത്തനമാണ് നടത്തിയത്. എന്നും സംതൃപ്തി നല്‍കുന്ന അനുഭവങ്ങളാണ് ഇതോടു ബന്ധപ്പെട്ടുണ്ടായത്. സഭയുടെ കൂട്ടായ്മാബോധവും ഐക്യവും പ്രളയവേളയില്‍ വളരെയധികം ദൃശ്യമായി. എല്ലാ മെത്രാന്മാരും നേരിട്ടു രംഗത്തിറങ്ങിയാണ് സഭയുടെ പ്രളയരക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

പ്രളയത്തിന്‍റെ ദുരന്തമുഖത്തേയ്ക്ക് 2018 ആഗസ്റ്റില്‍ നാം അപ്രതീക്ഷിതമായി എടുത്തെറിയപ്പെട്ടപ്പോള്‍ ആദ്യം ചെയ്യേണ്ടി വന്നത് അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളാണ്. കേരളത്തില്‍ ആകെ പതിനാലു ലക്ഷം പേരെയാണ് ക്യാ മ്പുകളില്‍ പുനരധിവസിപ്പിച്ചതെന്നാണു സര്‍ക്കാരിന്‍റെ കണക്ക്. ഇതില്‍ പത്തു ലക്ഷം പേരെയും താമസിപ്പിച്ചത് കത്തോലിക്കാസഭയുടെ മാത്രം സ്ഥാപനങ്ങളിലാണ്. ഏതൊക്കെ സ്ഥാപനങ്ങളില്‍ എത്രയൊക്കെ പേരെ താമസിപ്പിച്ചു എന്നതിന്‍റെ കൃത്യമായ കണക്ക് നാം തയ്യാറാക്കിയിട്ടുണ്ട്. സ്കൂളുകള്‍, കോളേജുകള്‍, പള്ളികള്‍, പാരിഷ് ഹാളുകള്‍, അനാഥാലയങ്ങള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആളുകള്‍ക്ക് അഭയം നല്‍കി.

ക്യാമ്പുകളിലേയ്ക്കെല്ലാം ഭക്ഷണവുമായി അനേകര്‍ വരാന്‍ തുടങ്ങി. പ്രളയം അധികം ബാധിക്കാത്ത രൂപതകളില്‍ നിന്നു പ്രളയബാധിതമായ പ്രദേശങ്ങളിലേയ്ക്ക് ധാരാളം സാധനങ്ങള്‍ എത്തിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടനാട്ടില്‍ ഒരു പ്രളയമുണ്ടായല്ലോ. അന്ന് തലശ്ശേരിയിലും വയനാട്ടിലും ഇടുക്കിയിലും നിന്ന് ധാരാളം സാധനങ്ങള്‍ കുട്ടനാട്ടിലേയ്ക്കു കൊണ്ടു വന്നിരുന്നു. രണ്ടാം ഘട്ടത്തില്‍ സംസ്ഥാനമെമ്പാടും പ്രളയം വന്നു. അപ്പോള്‍ തമിഴ്നാട്ടിലെ കത്തോലിക്കാ രൂപതകള്‍ നമ്മെ സഹായിച്ചു. തമിഴ്നാട്ടിലെ എല്ലാ രൂപതകളില്‍ നിന്നും ലോറികള്‍ വന്നു. അതിനെ ഏകോപിപ്പിച്ചത് സോഷ്യല്‍ സര്‍വീസ് ഫോറമാണ്. കര്‍ണാടകയിലെ സഭയും നല്ല സഹായം ചെയ്തു.

തുടര്‍ന്ന് ഗോവ, മുംബൈ, ദല്‍ഹി, പുനെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം സന്നദ്ധപ്രവര്‍ത്തകരും വരാന്‍ തുടങ്ങി. ചില മോശം അനുഭവങ്ങളും ഇതിനിടയില്‍ ഉണ്ടായി. ഗള്‍ഫിലെ കത്തോലിക്കാസഭ 30 ടണ്‍ സാധനങ്ങള്‍ കേരളസഭയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു തന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി അവ പുറത്തെത്തിച്ചു. എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഇവ എത്തിച്ച് അഞ്ചു ജില്ലകളിലായി വിതരണം ചെയ്യാനായിരുന്നു പദ്ധതി. പക്ഷേ അതു നമുക്കു ലഭിച്ചില്ല. എവിടെ പോയി എന്ന് ആരും പറഞ്ഞില്ല. ഉദ്യോഗസ്ഥന്മാര്‍ നമ്മെ കബളിപ്പിക്കുകയായിരുന്നു. അര്‍ഹരായ ആളുകള്‍ക്ക് കൃത്യമായി വിതരണം ചെയ്യും എന്ന വിശ്വസ്തതയുടെ ഫലമായി നമുക്ക് അയച്ചു തന്ന ആളുകള്‍ക്ക് അതു വലിയ സങ്കടമായിപ്പോയി.

തലശ്ശേരി അതിരൂപതയില്‍ നിന്ന് മൂന്നു ലക്ഷം ചപ്പാത്തിയാണ് ആ ദിവസങ്ങളില്‍ എത്തിച്ചത്. ചങ്ങനാശേരി വരെ അത് വിതരണം ചെയ്തു. തലശ്ശേരി അതിരൂപതയില്‍ പ്രളയം മറ്റു ഭാഗങ്ങളിലേക്കാള്‍ തീവ്രത കുറഞ്ഞതായിരുന്നല്ലോ. വീടുകളില്‍ തയ്യാറാക്കി, ഇടവകകള്‍ ശേഖരിച്ച് ഫൊറോനാ കേന്ദ്രങ്ങളിലെത്തിച്ച്, തലശ്ശേരി അതിരൂപതാ സാമൂഹ്യസേവന വിഭാഗം ഏറ്റെടുത്ത് വിതരണം ചെയ്യുകയായിരുന്നു. എല്ലാ രൂപതകളിലും എല്ലാവരും ഇത്തരത്തില്‍ പല തരത്തില്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു. സഭയുടെ ക്യാമ്പുകളില്‍ താമസിച്ചവര്‍ക്കെല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവയെല്ലാം വിതരണം ചെയ്തിരുന്നു. യാതൊരു പരാതിയും ആര്‍ക്കുമില്ലാതെ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

കേരളത്തിലെ ഏറ്റവും വലിയ ക്യാമ്പ് കോട്ടപ്പുറം രൂപതയാണു നടത്തിയത്. കത്തീഡ്രല്‍ പള്ളിയോടു ചേര്‍ന്നുള്ള ക്യാമ്പില്‍ പതിനയ്യായിരത്തോളം പേരാണ് അഭയം തേടിയത്. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു സ്ഥലമാണ് കോട്ടപ്പുറം. അതുകൊണ്ട് മാധ്യമശ്രദ്ധ തുടക്കത്തില്‍ കിട്ടിയില്ല. അതുകൊണ്ടു തന്നെ സഹായങ്ങള്‍ പുറത്തു നിന്നെത്താനും വൈകി. എങ്കിലും കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കിഡ്സിന്‍റെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നത്.

മത്സ്യത്തൊഴിലാളി സമൂഹം രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍വഹിച്ച സമാനതകളില്ലാത്ത പങ്ക് ഇന്നെല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. ലോകത്തില്‍ തന്നെ അതിനു മുന്‍ മാതൃകകളില്ല. അതുകൊണ്ട് ലോകം മുഴുവനും അതിനെ ശ്ലാഘിക്കുന്നു. മത്സ്യത്തൊഴിലാളിസമൂഹം രക്ഷാപ്രവര്‍ത്തിനിറങ്ങുന്നതിനു ആദ്യമായി വഴിയൊരുക്കിയതു സഭയുടെ ഇടപെടലുകളാണ്. എറണാകുളം അതിരൂപത സാമൂഹ്യസേവനവിഭാഗം ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി വ ള്ളങ്ങള്‍ ചോദിച്ച് രാത്രി രണ്ടു മ ണിക്ക് എന്നെ വിളിച്ചതോര്‍ക്കുന്നു. തുടര്‍ന്ന് തീരദേശരൂപതകളിലെ വൈദികരുമായി ബന്ധപ്പെട്ടു. അവര്‍ പള്ളികളില്‍ മണിയടിച്ചും മറ്റും മത്സ്യത്തൊഴിലാളികളെ വിളിച്ചു കൂട്ടി ബോട്ടുകള്‍ അയയ്ക്കാന്‍ ഏര്‍പ്പാടു ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരും രംഗത്തെത്തി.

ഇക്കാര്യത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും ആര്‍ച്ചുബിഷപ് സൂസൈപാക്യത്തിന്‍റെ നേതൃത്വത്തില്‍ അവിടത്തെ വൈദികരും ജനങ്ങളും വഹിച്ച പങ്ക് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. പ്രളയത്തിനു മുമ്പ് ഓഖി ദുരന്തം ഉണ്ടായപ്പോള്‍ തീരദേശരൂപതകളെ സഹായിക്കാന്‍ കെസി ബിസിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തിയിരുന്നു. എ ല്ലാ പള്ളികളില്‍ നിന്നും സംഭാവനകള്‍ ശേഖരിച്ചതു വഴിയായി നമുക്കന്ന് അഞ്ചേകാല്‍ കോടി രൂപ കിട്ടിയിരുന്നു. അതിന്‍റെ വിതരണം നടത്തിയത് കേരള സോഷ്യല്‍ സര്‍വീസസ് ഫോറമാണ്. അതില്‍ നാലു കോടിയോളം രൂപ തിരുവനന്തപുരം രൂപതയിലാണ് ചിലവാക്കിയത്. പ്രളയം വന്നപ്പോള്‍ തിരുവനന്തപുരം രൂപതയിലെ അധികാരികളും ജനങ്ങളും പറഞ്ഞതിതാണ്: "ഓഖി വന്നപ്പോള്‍ ഞങ്ങളെ സഹായിച്ചവരെ ഞങ്ങള്‍ തിരിച്ചു സഹായിക്കും. അതിനു പണമോ മറ്റെന്തെങ്കിലുമോ ഞങ്ങള്‍ക്കു തടസ്സമാകില്ല."

വള്ളങ്ങളും ബോട്ടുകളും വിടുക മാത്രമല്ല തിരുവനന്തപുരം ആര്‍ച്ചുബിഷപ് സൂസൈപാക്യത്തിന്‍റെ നേതൃത്വത്തില്‍ ചെയ്തത്. വടക്കോട്ടുള്ള ഓരോ രൂപതയിലേയ്ക്കും ഓരോ ലോഡ് സാധനങ്ങളും അവര്‍ അയച്ചു. ഓരോ ലോറിയിലും സൂസൈപാക്യം പിതാവ് കയറി, പ്രാര്‍ത്ഥിച്ച്, ആശീര്‍വദിച്ചാണ് അയച്ചത്. ഇടുക്കി രൂപതയിലേയ്ക്ക് യാത്രാസൗകര്യങ്ങളെല്ലാം അന്നു തകര്‍ന്നു കിടക്കുകയാണ്. പ്രധാന റോഡുകളിലൂടെയൊന്നും പോകാനാകില്ല. ഇടുക്കിയിലേയ്ക്ക് തിരുവനന്തപുരം രൂപത അയച്ച ലോറി അവിടെ എത്തിക്കാന്‍ ബുദ്ധിമുട്ടാണ്. അതു പറഞ്ഞപ്പോള്‍ പക്ഷേ തിരുവന്തപുരം രൂപതക്കാര്‍ സമ്മതിച്ചില്ല. അവര്‍ ഓഖിയില്‍ ഞങ്ങളെ സ ഹായിച്ചവരാണ്, ഈ ലോറി അവ ടെ എത്തിച്ചേ പറ്റൂ എന്ന നിലപാടിലായിരുന്നു തിരുവനന്തപുരം രൂപതയിലെ ബന്ധപ്പെട്ട അധികാരികള്‍. ഒടുവില്‍ വളരെ ബുദ്ധിമുട്ടി മാത്രം പോകാവുന്ന ഒരു വഴിയിലൂടെ ഒരു തരത്തില്‍ ലോറി ഇടുക്കിയില്‍ എത്തിക്കുക തന്നെ ചെയ്തു.

മത്സ്യത്തൊഴിലാളി സമൂഹം ബോട്ടുകളുമായി വന്ന്, പട്ടാളക്കാര്‍ക്കു പോലും സാധിക്കാത്ത അപകടസ്ഥലങ്ങളില്‍ നിന്ന് ആളുകളെ രക്ഷിക്കുക, അവരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കുക, അതിനായി സോഷ്യല്‍ മീഡിയാ പോലുള്ള ആശയവിനിമയസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുക എന്നിവയെല്ലാം മുമ്പ് ലോകത്തിനു തന്നെ പരിചയമില്ലാത്ത രീതികളാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നാവികസേനയിലേയ്ക്ക് മത്സ്യത്തൊഴിലാളികളെ ജോലിക്കെടുക്കും എന്ന വാഗ്ദാനവും പിന്നീടു വരികയുണ്ടായി.

രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം കേരളസഭ 160 കോടിയില്‍ പരം രൂപ ചിലവഴിച്ചിട്ടുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റൊരു 150 കോടിയും ചിലവഴിച്ചു. അതിന്‍റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടാണിരിക്കുന്നത്. സന്യാസസമൂഹങ്ങളും ഇടവകതലങ്ങളിലും സംഘടനകള്‍ നേരിട്ടും ചെയ്ത കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താനായിട്ടില്ല. കാരിത്താസ് ഇന്ത്യയുടെ പേരില്‍ അതിജീവനം എന്ന പേരില്‍ പ്രളയദുരിതാശ്വാസം നടത്തിയിരുന്നു. നവജീവനം എന്ന പേരില്‍ അതു തുടരുന്നുമുണ്ട്. വീടുനിര്‍മ്മാണങ്ങള്‍ ഒട്ടുമിക്കവയും പൂര്‍ത്തിയാക്കി. ആഗസ്റ്റില്‍ തീര്‍ക്കണമെന്ന ലക്ഷ്യത്തോടെ സമയബന്ധിതമായാണ് പുനരധിവാസപദ്ധതികള്‍ സഭ നടപ്പാക്കിയത്. ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി വരുമാനവര്‍ദ്ധനവിനുള്ള നിരവധി പദ്ധതികളാണ് സഭ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആടുമാടുകള്‍, പെട്ടിക്കടകള്‍, തയ്യല്‍മെഷീനുകള്‍ തുടങ്ങിയവ ആയിരകണക്കിനാളുകള്‍ക്കു നല്‍കിക്കഴിഞ്ഞു.

പ്രളയശേഷമുള്ള ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ കേരളം നേരിട്ട വലിയൊരു പ്രശ്നമായിരുന്നല്ലോ. വടക്കേന്ത്യന്‍ രൂപതകളില്‍ നിന്ന് ക്ലീനിംഗ് വസ്തുക്കള്‍ ധാരാളം കിട്ടി. സെമിനാരി വിദ്യാര്‍ത്ഥികളും സന്യാസാര്‍ത്ഥിനികളും രംഗത്തിറങ്ങി. മലബാറിലും വയനാട്ടിലും നിന്ന് വലിയ സന്നദ്ധസംഘങ്ങള്‍ വീടുകളുടെ ക്ലീനിംഗിനായി വടക്കോട്ടു വന്നിരുന്നു. വൈദികരുടെ നേതൃത്വത്തിലുള്ള നിരവധി സംഘങ്ങള്‍ ദിവസങ്ങള്‍ താമസിച്ച് വീടുകളും മറ്റും വാസയോഗ്യമാക്കി ഓരോ സംഘത്തിന്‍റെയും പക്കല്‍ ജനറേറ്റര്‍, വെളിച്ചം, ആയുധങ്ങള്‍, ഉപകരണങ്ങള്‍, ക്ലീനിംഗ് ലായിനികള്‍ തുടങ്ങിയവ ഉണ്ടായിരുന്നു.

പ്രളയത്തില്‍ നിന്നു നാം പല പാഠങ്ങളും പഠിച്ചു. വീടു വയ്ക്കുന്ന സ്ഥലത്തിന്‍റെ സ്ഥിതി അറിഞ്ഞിരിക്കുക, പുഴ കയ്യേറാതിരിക്കുക, ഡാം മാനേജ്മെന്‍റിന്‍റെ പ്രാധാന്യം എന്നിവയെല്ലാം നാം പഠിച്ചു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയവും ജാതിയും മതവും നോക്കരുത് എന്നതും നാം പഠിച്ചിട്ടുണ്ട്. അതോടൊപ്പം ദൈവം കേരളത്തിനു നല്‍കിയ മറ്റൊരു വലിയ പാഠമുണ്ട്. നമ്മുടെ പലേതരം അഹങ്കാരങ്ങളുടെ പൊള്ളത്തരമാണത്. ഇവിടെ വിദ്യാഭ്യാസമുണ്ട്, പണമുണ്ട്, സ്വാധീനമുണ്ട്, അതുകൊണ്ട് മറ്റൊന്നും ആവശ്യമില്ല എന്ന മൂഢസ്വര്‍ഗത്തിലായിരുന്നു നാം. അതു മാറി. വലിയ തുക ബാങ്ക് നിക്ഷേപമുള്ളവരും വലിയ വീടുകളും കാറുകളും സൗകര്യങ്ങളുമായി ജീവിച്ചിരുന്നവരുമായ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന എത്രയോ പേരാണ് വീട്ടുപടിക്കല്‍ അരയ്ക്കൊപ്പം വെ ള്ളത്തില്‍ വന്നുനിന്ന് ഉടുതുണിക്കു വേണ്ടിയും അരിക്കു വേണ്ടിയും യാചിച്ചത്! ദിവസങ്ങള്‍ പട്ടിണി കിടന്ന ശേഷം ക്യാമ്പിലെത്തിയ ശേഷം മാത്രം വസ്ത്രം മാറാനും ആഹാരം കഴിക്കാനും കഴിഞ്ഞ എത്രയോ സമ്പന്നരായ മനുഷ്യരുണ്ട്. അതൊക്കെ വലിയ ജീവിതപാഠങ്ങളാണ്. ഭൗതികനേട്ടങ്ങളൊന്നും ശാശ്വതമല്ല എന്ന വലിയ പാഠം.

മാര്‍പാപ്പ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ധാരാളം കാര്യങ്ങള്‍ പറഞ്ഞു. ഭൂമി പൊതുഭവനമാണെന്നും പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കണമെന്നും 'ലൗദാത്തോസി'യില്‍ പറഞ്ഞപ്പോള്‍ ആദ്യഘട്ടത്തില്‍ നാമതു വേണ്ട ത്ര മനസ്സിലാക്കി എന്നു തോന്നുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബോദ്ധ്യപ്പെട്ടു. പലപ്പോഴും സഭയുടെ ക്യാമ്പസുകളാണ് കേരളത്തില്‍ മണ്ണില്‍ ടൈലിടുന്നതിലും മഴവെള്ളമൊഴുക്കി കളയുന്നതിലുമെല്ലാം മുന്‍നിരയില്‍ നില്‍ക്കുന്നത്. ഇതിന്‍റെയൊക്കെ പ്രശ്നങ്ങള്‍ നാം മനസ്സിലാക്കുകയും പരിഹാരങ്ങള്‍ ചെയ്യുകയും വേണം. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യവും മാര്‍പാപ്പയുടെ പാരിസ്ഥിതിക പ്രബോധനങ്ങളുടെ പ്രസക്തിയും കേരളസഭയും സമൂഹവും ആഴത്തില്‍ ഉള്‍ക്കൊള്ളുകയാണിപ്പോള്‍. നമ്മള്‍ പണിതു കൂട്ടുന്ന വീടുകളുടെ വലിപ്പം, വാങ്ങിക്കൂട്ടുന്ന ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ എന്നതിനെ കുറിച്ചെല്ലാം പുനരാലോചന നടത്താനും പ്രളയം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.

ഇതിനേക്കാളൊക്കെ സുപ്രധാനമായ ഒരു പാഠമുണ്ട്. ഈ പ്രളയദുരന്തത്തില്‍ കൈയ് മെയ് മറന്നു പരസ്പരം സഹായിച്ചു ഒന്നി ച്ചു കര കയറിയ നാം ഒരിക്കലും മറക്കരുതാത്ത ഒരു പാഠം. എല്ലാ വര്‍ഷവും കേരളത്തില്‍ ദുരന്തങ്ങളുണ്ടാകുന്നുണ്ട് എന്നതാണ് ആ പാഠം. അഥവാ നാം ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വസ്തുത. പ്രളയം, വരള്‍ച്ച, കടലാക്രമണം തുടങ്ങിയവ എല്ലാ വര്‍ഷവും കേരളത്തിന്‍റെ ഏതെങ്കിലുമെല്ലാം ഭാഗങ്ങളില്‍ ഉണ്ടാകുന്നുണ്ട്. എല്ലാവരേയും ബാധിക്കുന്ന ദുരന്തങ്ങള്‍ ഉണ്ടാകാറില്ല എന്നതുകൊ ണ്ട് ഈ പ്രാദേശിക ദുരന്തങ്ങള്‍ ദുരന്തങ്ങളല്ലാതാകുന്നില്ല. ദുരന്തമുണ്ടാകുന്ന സ്ഥലത്തുള്ള ജനങ്ങള്‍ക്ക് അവയോരോന്നും അവരവരുടെ ജീവിതത്തിലെ ഏറ്റവും ഭീകരമായ അനുഭവങ്ങള്‍ തന്നെയാണ്. ഓരോ പ്രദേശത്തു മാത്രമായി വരുന്ന ദുരന്തങ്ങള്‍ നേരിടുന്നതില്‍ അതതു ജനങ്ങളെ സ ഹായിക്കാനും നാം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. ഒരു മലമ്പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായാല്‍, ഒരു തീരപ്രദേശത്തു വീടുകള്‍ തകര്‍ക്കുന്ന കടലാക്രമണം നടന്നാല്‍, ഉപജീവനമാര്‍ഗങ്ങളും പാര്‍പ്പിടങ്ങളും ഉടുതുണി പോലും നഷ്ടപ്പെട്ടു ജനം തെരുവിലഭയം തേടേണ്ട സ്ഥിതി വരുമ്പോള്‍ നാം ഏതു രീതിയില്‍ പ്രതികരിക്കണം? ജീവന്‍ ഭീഷണിയിലാകുന്ന, വീടും സ്വത്തുവകകളും എല്ലാം നഷ്ടമാകുന്ന ഈ അവസ്ഥയെന്നാല്‍ എന്താണെന്നു കേരളം ഇന്നു മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രാദേശികമായുണ്ടാകുന്ന ദുരന്തങ്ങളില്‍ അതിനിരകളാകുന്നവരെ സഹായിക്കാന്‍ നാം ഒത്തൊരുമിച്ചു നില്‍ക്കണം.

നിലവില്‍ പ്രാദേശികദുരന്തങ്ങളോടു മുഖം തിരിച്ചു നില്‍ക്കുകയും നിസ്സംഗത പാലിക്കുകയും അതു നമ്മുടെ പ്രശ്നമല്ല എന്നു കരുതുകയും ചെയ്യുന്ന ഒരു സമീപനം നമുക്കുണ്ടെന്നത് മറച്ചു വയ്ക്കാനാവില്ല. ഇടുക്കിയില്‍ പട്ടയപ്രശ്നം വന്നപ്പോള്‍ അത് ഇടുക്കിക്കാരുടെ പ്രശ്നമല്ലേ എന്നാണ് ബാക്കി കേരളത്തിലെമ്പാടുമുള്ള സഭ ചിന്തിച്ചത്. തീരപ്രദേശത്തുള്ളവര്‍ ഗുരുതരമായ ദുരന്തം നേരിട്ടപ്പോഴും അതു തീരദേശത്തിന്‍റെ പ്രശ്നമല്ലേ എന്നു ബാക്കി സ്ഥലത്തുള്ളവര്‍ ചിന്തിച്ചു. അത്തരം സന്ദര്‍ഭങ്ങളില്‍ സഭയുടെ ഏകോപിതമായ ഒരു നീക്കമുണ്ടായില്ല എന്നതു വ്യക്തമാണ്. എന്നാല്‍ പ്രളയം ഈ മനോഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നാം ഒന്നിച്ചു നില്‍ക്കുകയും പരസ്പരം സഹായിക്കുകയും വേണമെന്ന ചിന്ത വളര്‍ന്നിട്ടുണ്ട്.

പ്രളയത്തിനു ശേഷം ചില പ്രദേശങ്ങളിലുണ്ടായ കടലാക്രമണങ്ങളിലും മറ്റും മുന്‍കാലത്തേക്കാള്‍ അധികമായ സഹായങ്ങളെത്തിക്കാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. പരമ്പരാഗത സഹായമല്ലാതെയുള്ള ഇടപെടലുകള്‍ കെസിബിസിയും ഇപ്പോള്‍ നടത്തുന്നുണ്ട്. ഒഡിഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിര്‍ധന രൂപതകള്‍ പോലും നമ്മെ സഹായിക്കാനെത്തി. ഇനി ഉത്തരേന്ത്യയില്‍ എന്തു ദുരന്തങ്ങളുണ്ടായാലും സഹായിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. തമിഴ്നാട്ടില്‍ ഗജ വന്നപ്പോള്‍ കേരളത്തി ലെ എല്ലാ രൂപതകളും ചേര്‍ന്ന് പണം സമാഹരിച്ചു നല്‍കിയത് ഇവിടെ സ്മരണീയമാണ്.

(അഭിമുഖസംഭാഷണത്തെ ആസ്പദമാക്കി എഴുതിയത്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org