ഇടവക വൈദികന്റെ ആത്മീയ വഴികള്‍

ഇടവക വൈദികന്റെ ആത്മീയ വഴികള്‍

Published on
വിയാനി വിശുദ്ധന്റെ തിരുനാളില്‍ (ആഗസ്റ്റ് 4) വികാരിയച്ചന്മാരുടെ ജീവിതവഴികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം. ഒറ്റനോട്ടത്തില്‍ സമാനമെങ്കിലും ഒന്നിനൊന്നു വ്യത്യസ്തമായ കര്‍മ്മപഥങ്ങള്‍...
  • ഫാ. ജോഷി കളപറമ്പത്ത്

കാഞ്ഞൂര്‍ പള്ളിയില്‍ കൊച്ചച്ചനായിരുന്ന സമയത്ത് ഒരു ദിവസം അമ്മ എന്നെ വിളിച്ചു. സ്വന്തം ഇടവകയായ കരുമാലൂരില്‍ ഞാനൊരു കുര്‍ബാനയ്ക്ക് ചെല്ലാമെന്നു പറഞ്ഞത് അമ്മയ്ക്ക് അറിയാമായിരുന്നു. കുര്‍ബാന കഴിയുമ്പോള്‍ വീട്ടില്‍ വന്നു തന്നെ കണ്ടിട്ടു പോകണം എന്ന് പറയാനാണ് അമ്മ വിളിച്ചത്. ഞാന്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ കുര്‍ബാന കഴിഞ്ഞപ്പോള്‍ കാഞ്ഞൂര്‍ പള്ളിയില്‍നിന്ന് ഒരു ഫോണ്‍ വന്നു. അവിടെ ഒരു മരണം നടന്നിട്ടുണ്ട്, വികാരിയച്ചനും രണ്ടാമത്തെ കൊച്ചച്ചനും സ്ഥലത്തില്ല. ഇതായിരുന്നു അറിയിപ്പ്. ഞാന്‍ വീട്ടില്‍ കയറാതെ നേരെ കാഞ്ഞൂരിലേക്കു പോയി മരിച്ചടക്കിലും മറ്റും പങ്കെടുത്തു. രാത്രി അമ്മ വീണ്ടും വിളിച്ചു വരാത്തതിന് പരിഭവം പറഞ്ഞപ്പോള്‍, എത്രയും പെട്ടെന്ന് ചെന്നു കാണാം എന്ന് ഞാന്‍ സമ്മതിച്ചു. പിറ്റേന്ന് രാവിലെ ചേട്ടന്‍ എന്നെ വിളിച്ചു. അമ്മയ്ക്ക് നെഞ്ചുവേദനയാണെന്നും നിന്നെ കാണാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണ് എന്നും പറയാനായിരുന്നു ആ വിളി. ഞാന്‍ ആശുപത്രിയില്‍ ചെന്ന്, അമ്മയുടെ പേരു പറഞ്ഞ് അന്വേഷിച്ചപ്പോള്‍ അല്പം മുമ്പ് മരിച്ചു, വീട്ടിലേക്ക് കൊണ്ടുപോയി എന്നാണ് മറുപടി കിട്ടിയത്. ഇത് മനസ്സില്‍ ഇന്നും മായാത്ത ഒരു വേദനയാണ്. അമ്മയുടെ ഏഴു മക്കളില്‍ ഏറ്റവും ഇളയ ആളാണു ഞാന്‍. പൗരോഹിത്യ ജീവിതത്തില്‍ എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുള്ളത് അമ്മയുടെ ഉപദേശങ്ങളാണ്.

ജീവിതം വിജയിക്കാന്‍ മൂന്ന് കാര്യങ്ങള്‍ ചെയ്യണം എന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. 'നന്നായി പ്രാര്‍ത്ഥിക്കുക, നന്നായി സ്‌നേഹിക്കുക, നന്നായി ക്ഷമിക്കുക.' ഇത് എന്റെ മനസ്സിനെ അഗാധമായി സ്പര്‍ശിച്ചിട്ടുള്ളതാണ്. എക്കാലവും അതിനായി ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അമ്മ വിശദീകരിക്കാറുണ്ട്: 'ഒരിക്കലും ഒരു ഇടവക വികാരിക്ക് സ്വന്തം കഴിവുകൊണ്ട് തന്റെ ജീവിതം ജയിപ്പിക്കാന്‍ സാധിക്കില്ല. പഠിപ്പും കഴിവും എല്ലാം ഉണ്ടാകാം. പക്ഷേ ജീവിതം വിജയിക്കണമെങ്കില്‍ നല്ല പ്രാര്‍ത്ഥന ആവശ്യമാണ്. എന്തെങ്കിലും വിഷമം ആരോടെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, മറ്റാര്‍ക്കെങ്കിലും നിന്നോട് വിഷമം ഉള്ളതായി തോന്നുന്നുണ്ടെങ്കില്‍ പ്രാര്‍ത്ഥിക്കാന്‍ ഇരിക്കുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം.' ബൈബിളില്‍ പറയുന്നതുപോലെ തന്നെ.

ഇപ്പോള്‍ പൗരോഹിത്യ ജീവിതത്തില്‍ 25 വര്‍ഷമായി. എല്ലാ മരിച്ചടക്കുകള്‍ക്കും ഏറ്റവും അവസാനം സെമിത്തേരിയില്‍ നിന്നു പോരുന്ന ആളായിരിക്കും സാധാരണഗതിയില്‍ ഞാന്‍. കുടുംബാംഗങ്ങളോടൊപ്പം പരമാവധി സമയം നിലകൊള്ളും.

രണ്ടാമത്തേത് 'നന്നായി സ്‌നേഹിക്കുക' എന്നുള്ളതാണ്. അതിനും അമ്മയ്ക്കു വിശദീകരണമുണ്ട്. 'ഇടവകയില്‍ പാവപ്പെട്ടവരും പണക്കാരും പഠിപ്പുള്ളവരും ഇല്ലാത്തവരും ഒക്കെ ഉണ്ടാവും. പല തരക്കാര്‍. പക്ഷേ നിനക്ക് എല്ലാവരും ഒരുപോലെ ആയിരിക്കണം. പക്ഷാഭേദം കാണിക്കാതെ എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കണം.'

'നന്നായി ക്ഷമിക്കണം' എന്ന് അമ്മ പറഞ്ഞിരുന്നത് കൊന്തയുടെ അറ്റത്തുള്ള കുരിശ് കയ്യിലെടുത്തുകൊണ്ടാണ്. ഈശോ ക്ഷമിച്ചതുപോലെ ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കുക, സ്‌നേഹിക്കുക, ക്ഷമിക്കുക ഈ മൂന്നു വാക്കുകളും എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

ഇടവകയില്‍ ആയിരിക്കുമ്പോള്‍ വൈദികന്‍ എന്നത് വേറിട്ട ഒരു പദവിയായി കാണാതെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതും അമ്മയുടെ ഉപദേശമായിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങുക, അവരുടെ ഏതൊരു ആവശ്യത്തിനും കൂടെ നില്‍ക്കുക എന്നത് ശീലമാക്കിയിരുന്നു.

മൈനര്‍ സെമിനാരിയില്‍ റെക്ടറായിരുന്ന ഞാളിയത്തച്ചന്‍ ഇതു പറഞ്ഞു തരുമായിരുന്നു. 'വികാരി എന്ന നിലയില്‍ നിങ്ങള്‍ നൂറുകണക്കിന് മരിച്ചടക്കുകള്‍ നടത്തുമായിരിക്കും. പക്ഷേ ഒരു കുടുംബത്തില്‍ നിങ്ങള്‍ ചെല്ലുന്നത് അവിടുത്തെ ആദ്യത്തെ മരണത്തിനായിരിക്കാം. നിങ്ങള്‍ ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരിക്കണം.' ഇപ്പോള്‍ പൗരോഹിത്യ ജീവിതത്തില്‍ 25 വര്‍ഷമായി. എല്ലാ മരിച്ചടക്കുകള്‍ക്കും ഏറ്റവും അവസാനം സെമിത്തേരിയില്‍ നിന്നു പോരുന്ന ആളായിരിക്കും സാധാരണഗതിയില്‍ ഞാന്‍. കുടുംബാംഗങ്ങളോടൊപ്പം പരമാവധി സമയം നിലകൊള്ളും. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവരുമ്പോള്‍ ഗേറ്റ് മുതല്‍ മോണ്ടളം വരെ രണ്ടു വരിയായി ആളുകളെ നിര്‍ത്തി അവര്‍ക്ക് നടുവിലൂടെയാണ് മരിച്ചയാളെ പള്ളിയിലേക്ക് കയറ്റുക. അത് നമ്മള്‍ മരിച്ചയാള്‍ക്ക് നല്‍കുന്ന ഒരു ആദരവാണ്.

കല്യാണവീടുകളില്‍ തലേന്നു രാത്രി ചെല്ലും. മധുരം വയ്ക്കുന്ന ചടങ്ങിലും പ്രാര്‍ത്ഥനയിലും പങ്കുകൊള്ളും.

ഇടവക വികാരിമാരുടെ ഏകാന്തത എന്നെ അലട്ടിയിട്ടില്ല. അങ്ങനെ ഒരു ഏകാന്തത ഇല്ല എന്നു തന്നെ പറയാം

സ്ഥലം മാറി ചെല്ലുന്ന പള്ളിയില്‍ ആദ്യത്തെ ഞായറാഴ്ച ഞാന്‍ ഇതെല്ലാം പറയാറുമുണ്ട്. 'എന്നെ ദൈവം ഇങ്ങോട്ട് അയച്ചിരിക്കുന്നത് നിങ്ങളുടെ കൂടെ നിങ്ങളില്‍ ഒരാളായി ജീവിക്കാനാണ്. എന്റെ മാതാപിതാക്കളും സഹോദരങ്ങളും ഇനി നിങ്ങളാണ്. നിങ്ങളെല്ലാവരും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. നിങ്ങളുടെ ഒരു കുടുംബാംഗത്തെ പോലെ എന്നെയും കാണണം.'

ജനങ്ങള്‍ ഇതേ രീതിയിലുള്ള സ്‌നേഹം എനിക്കും തിരികെ നല്‍കാറുണ്ട്. അത് വലിയ അനുഭവമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നതിന് പ്രഥമ പരിഗണന കൊടുക്കാറുണ്ട്.

ഇടവക വികാരിമാരുടെ ഏകാന്തത എന്നെ അലട്ടിയിട്ടില്ല. അങ്ങനെ ഒരു ഏകാന്തത ഇല്ല എന്നു തന്നെ പറയാം. ബാച്ചുകാരായ അച്ചന്മാരുടെ കൂട്ടായ്മകള്‍ നേരിട്ട് അല്ലെങ്കില്‍ ഓണ്‍ലൈനായി ക്രമമായി നടക്കാറുണ്ട്. അവിടെ എല്ലാം പങ്കുവയ്ക്കാനും സംസാരിക്കാനുമുള്ള അവസരമുണ്ട്. ഇടവകയില്‍ ആണെങ്കില്‍ യുവജനങ്ങള്‍ എപ്പോഴും കൂടെയുണ്ടാവും. രാത്രി ഏഴരയ്ക്ക് പള്ളിയില്‍ ജപമാല. അതുകഴിഞ്ഞാല്‍ കുറെ നേരം വിശേഷങ്ങള്‍ പറഞ്ഞിരിക്കും. രാവിലെ ആറുമണിക്ക് വീണ്ടും ദിവ്യബലിക്കു മുമ്പായി കുമ്പസാരക്കൂട്ടിലെത്തും.

എല്ലാ ഇടങ്ങളിലും യുവജനങ്ങളെ കൂടെ നിര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഞാന്‍ പ്രത്യേകമായ ശ്രദ്ധ കൊടുത്തിട്ടുള്ളത്. ആ പ്രായത്തില്‍ നമ്മുടെ പ്രത്യേക പരിഗണന അവര്‍ അര്‍ഹിക്കുന്നുണ്ട്. യുവജനങ്ങളെക്കുറിച്ച് പൊതുവേ സമൂഹത്തില്‍ പറയുന്ന ആരോപണങ്ങളൊന്നും ഇതുവരെയുള്ള അനുഭവത്തില്‍ എനിക്ക് യാഥാര്‍ത്ഥ്യമായി തോന്നിയിട്ടില്ല. യുവജനങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ കുറവാണെങ്കിലും ഉള്ളവരെല്ലാം പള്ളിയില്‍ വരികയും സഹകരിക്കുകയും ചെയ്യുന്നതായിട്ടാണ് എന്റെ അനുഭവം.

(എറണാകുളം-അങ്കമാലി അതിരൂപതയിലെ മുരിങ്ങൂര്‍ സാന്‍ജോനഗര്‍ ഇടവക വികാരി)

  • ഫാ. ഡെന്നിസ് മണ്ണൂര്‍

ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയയെ ഒരു മണ്ടന്‍ എന്ന് വിശേഷിപ്പിക്കുന്നത് പതിവാണ്. 'വിശുദ്ധ ജോണ്‍ മരിയ വിയാനി : ഒരു പുനര്‍വായന'' എന്ന പുസ്തകത്തില്‍ വിയാനി ഒരു മണ്ടനല്ല എന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുള്ളയാളാണു ഞാന്‍. അദ്ദേഹം ആര്‍സില്‍ വികാരിയായി എത്തുകയും 20 ലക്ഷത്തോളം പേരുടെ മാനസാന്തരത്തിന് ഇടയാക്കുകയും ചെയ്തു. അവരെ രാജ്യത്തിന് നന്മയുള്ളവരാക്കി അദ്ദേഹം മാറ്റി. ആത്മീയമായ ഒരു രണ്ടാം ഫ്രഞ്ച് വിപ്ലവം എന്ന് അതിനെ വിശേഷിപ്പിക്കാം. ഒരു വികാരിയച്ചന്റെ ജീവിതം സമൂഹത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നു.

പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എന്റെ മനസ്സില്‍ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, ഇത് ശുശ്രൂഷാപൗരോഹിത്യമാണ്. രണ്ട്, ലഭ്യത. പൗരോഹിത്യം ശുശ്രൂഷയ്ക്കുള്ളതാണെന്ന ബോധ്യവും പുരോഹിതന്‍ സദാ ദൈവജനത്തിന് ലഭ്യമായിരിക്കേണ്ടവനാണെന്ന ചിന്തയും എന്നും കാത്തുസൂക്ഷിച്ചു പോന്നിട്ടുണ്ട്. അത് എന്റെ കഴിവുകൊണ്ടാണെന്ന് അവകാശപ്പെടുന്നില്ല, ദൈവത്തിന്റെ കൃപയാണ്. പക്ഷേ ഇതു രണ്ടും നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വൈദികന്റെ സാന്നിധ്യം സഭയുടെ സാന്നിധ്യമാണ്. ആ സാന്നിധ്യം ജനങ്ങള്‍ക്ക് എപ്പോഴും ലഭ്യമാക്കാന്‍ സാധിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. ആരാധനയ്ക്കായി ദൈവത്തെ ഒരുമിച്ചുകൂട്ടുന്ന ഒരു ദൗത്യമാണ് പുരോഹിതനുള്ളത്. ആരാധനാസമൂഹങ്ങളാണ് ഓരോ ഇടവകയും. ആരാധനയ്ക്കായി അവരെ സഹായിക്കുക. അധികാരം അല്ല ഇവിടെ ആവശ്യം. ജനത്തെ ആരാധനാ സമൂഹമായി നിലനിര്‍ത്തുക, അവര്‍ ദൈവത്തെ മഹത്വപ്പെടുത്തുക, അവര്‍ പരസ്പരം നന്മ ചെയ്യുക അതിനു നേതൃത്വം നല്‍കലാണ് വികാരിയുടെ ദൗത്യം.

ഒരു പുതിയ ഇടവകയില്‍ ചെല്ലുമ്പോള്‍ തുടക്കത്തില്‍ ആശയവിനിമയത്തിന്റേതായ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായെന്ന് വരാം. പക്ഷേ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും. തുടര്‍ന്ന് സ്ഥലം മാറിപ്പോരുന്നതുവരെ ദൈവജനത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണ ലഭിക്കാറുണ്ട്. കാരണം നമ്മുടെ ഉദ്ദേശ്യം അവരെ സഹായിക്കുക എന്നതാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ഇടവക സമൂഹത്തിനുവേണ്ടിയാണ് വൈദികന്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്ക് വേറെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഇല്ല എന്നും ജനത്തിന് ബോധ്യമായാല്‍ അവര്‍ വൈദികരുടെ കൂടെ നില്‍ക്കും. സ്ഥലം മാറി ചെല്ലുന്ന ഒരു പുരോഹിതനില്‍ നിന്ന് ആ ബോധ്യം കിട്ടാന്‍ ഒരുപക്ഷേ കുറച്ചു മാസങ്ങള്‍ എടുത്തേക്കാം എന്ന് മാത്രം.

പൗരോഹിത്യജീവിതത്തില്‍ ഏറ്റവും നിര്‍വൃതി പകര്‍ന്ന ഘടകം ജനങ്ങള്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി ദിവ്യബലി അര്‍പ്പിക്കുക എന്നത് തന്നെയാണ്. ദിവ്യബലിയും ദൈവാരാധനയും ജനത്തിന് അനുഭവം പകരുന്ന വിധത്തില്‍ ആക്കി മാറ്റുക. ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ എപ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിക്കാറുണ്ട്. ജനം എങ്ങനെയായിരിക്കും ഇതിനെ മനസ്സിലാക്കുക, അവര്‍ക്ക് എപ്രകാരമായിരിക്കും ഇത് അനുഭവപ്പെടുക എന്ന ആലോചന എപ്പോഴുമുണ്ടാകും. അതനുസരിച്ച് ദിവ്യബലിയും പ്രസംഗവും പ്രാര്‍ത്ഥനകളും ക്രമീകരിക്കും. ജനങ്ങള്‍ ഉടനെ വന്ന് അതു നന്നായി എന്നൊന്നും പറഞ്ഞേക്കില്ലെങ്കിലും വൈദികന് അതു നല്‍കുന്ന സംതൃപ്തി വളരെ വലുതാണ്.

മരണം നടക്കുന്ന വീടുകളില്‍ കൂടെക്കൂടെ ചെല്ലുന്നതും അവരുടെ കൂടെയിരുന്ന് പ്രാര്‍ത്ഥിക്കുന്നതും ഹൃദയസ്പര്‍ശിയായ അനുഭവങ്ങളാണ്. ദുഃഖത്തിന്റെ വേളയില്‍ മാത്രമല്ല, കല്യാണം പോലുള്ള സന്ദര്‍ഭങ്ങളിലും ജനങ്ങളോടൊപ്പം ആയിരിക്കും. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊപ്പം ആയിരിക്കുന്ന ശുശ്രൂഷ സന്തോഷം പകരുന്നതാണ്.

ദൈവം മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ജനങ്ങളെ സ്വതന്ത്രരായി വിടുന്ന ഒരു സമീപനമാണ് ഞാന്‍ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ബലം പിടിച്ചു കൊണ്ടോ പേടിപ്പിച്ചു കൊണ്ടോ ജനത്തെ പള്ളിയിലേക്ക് കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല.

വെഞ്ഞാറമൂട് വികാരിയായിരിക്കുമ്പോള്‍ അഞ്ചു വയസ്സുള്ള ഒരു കുഞ്ഞ് റോഡ് ക്രോസ് ചെയ്യുമ്പോള്‍ അപകടത്തില്‍ മരിച്ചു. നാടുമുഴുവന്‍ കരഞ്ഞുപോയ ഒരു സംഭവമായിരുന്നു. ഹൈന്ദവരായിരുന്നു അവര്‍. കുഞ്ഞിന്റെ മാതാപിതാക്കള്‍ ആ കുഞ്ഞിനെ പള്ളിയില്‍ അടക്കണം എന്ന് നിര്‍ബന്ധിച്ചു. കാരണം, ആ കുഞ്ഞും അതിന്റെ ചേച്ചിയും എപ്പോഴും പള്ളിയില്‍ വന്നിരിക്കാറുണ്ട്. അവര്‍ അമ്പലത്തിലും പോകുന്നവരാണ്. എങ്കിലും, കുഞ്ഞിന്റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കിയിട്ടോ എന്തോ മാതാപിതാക്കള്‍ കുഞ്ഞിനെ പള്ളിയില്‍ അടക്കണം എന്ന് പറഞ്ഞു. ഞങ്ങള്‍ അത് സമ്മതിച്ചു. ആയിരക്കണക്കിനാളുകള്‍ ആ മൃത സംസ്‌കാരകര്‍മ്മത്തില്‍ അന്ന് പങ്കെടുത്തു. എന്റെ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന ഒരു ദൃശ്യമാണ് ഇന്നും അത്. മറ്റൊരിക്കല്‍ വെള്ളം തീരെ കിട്ടാതിരുന്ന ഒരു പ്രദേശത്ത് ഞാന്‍ തന്നെ ചെന്ന് കിണറിനു സ്ഥാനം കാണണമെന്ന് അവിടെയുള്ള അക്രൈസ്തവസഹോദരങ്ങള്‍ ആവശ്യപ്പെട്ടു. സ്ഥിരമായി കിണറിനു സ്ഥാനം കാണുന്ന ആളൊന്നുമല്ല ഞാന്‍. പക്ഷേ ഒരു പുരോഹിതന്‍ വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധം. ഞാന്‍ പ്രാര്‍ത്ഥനാഗ്രൂപ്പുകളില്‍ പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടു, സ്വയം തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. അവിടെ ചെന്ന് സ്ഥാനം കണ്ടു. ആ കിണര്‍ ഇന്നും വേനലുകളില്‍ ഉള്‍പ്പെടെ ജനത്തിനു മുഴുവന്‍ ജലം നല്‍കി നിലനില്‍ക്കുന്നു. ജനത്തിന് സംലഭ്യരായി വൈദികര്‍ നിലകൊള്ളുമ്പോള്‍ ദൈവം അവരിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ദൈവജനത്തിന് നീതി കിട്ടുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇടവകയില്‍ എല്ലാവര്‍ക്കും തുല്യ പരിഗണനയും തുല്യനീതിയും ഉണ്ടായിരിക്കണം. മതം ഒരിക്കലും മനുഷ്യരെ അടിമകളാക്കാന്‍ ഉള്ളതല്ല, സ്വതന്ത്രരാക്കാന്‍ ഉള്ളതാണ്. മതത്തിന്റെ പേര് പറഞ്ഞ് മനുഷ്യരെ അടിമകളാക്കാന്‍ പാടില്ല. ദൈവം മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ജനങ്ങളെ സ്വതന്ത്രരായി വിടുന്ന ഒരു സമീപനമാണ് ഞാന്‍ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ബലം പിടിച്ചു കൊണ്ടോ പേടിപ്പിച്ചു കൊണ്ടോ ജനത്തെ പള്ളിയിലേക്ക് കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല. ജനങ്ങള്‍ തങ്ങളുടെ സ്വന്തം ബോധ്യത്തില്‍ നിന്നായിരിക്കണം പള്ളിയുമായി സഹകരിക്കേണ്ടത്.

വൈദികര്‍ കുട്ടികളുടെ മനഃശാസ്ത്രവും യുവജനങ്ങളുടെ മനഃശാസ്ത്രവും അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇളകി മറിയുന്ന ഒരു പ്രായമാണ് യൗവനം. ഒന്നിലും ഉറച്ചു നില്‍ക്കാന്‍ അവര്‍ക്കായെന്നു വരില്ല. നമ്മളും അതേ അവസ്ഥയിലൂടെ കടന്നുപോന്നവരാണെന്നുള്ളത് വൈദികരാകട്ടെ, മുതിര്‍ന്നവരാകട്ടെ പലപ്പോഴും മറന്നു പോകാറുണ്ട്. നിര്‍ബന്ധം യുവജനങ്ങള്‍ക്ക് ഇഷ്ടപ്പെടുകയില്ല. നമ്മളെ പഠിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സമയം അവര്‍ക്ക് കൊടുക്കുക. അതിനുശേഷം നമ്മുടെ ആത്മാര്‍ത്ഥത ബോധ്യപ്പെട്ടാല്‍ അവര്‍ സഹകരിക്കും.

ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ വൈദികനാകാന്‍ പോകാന്‍ ആഗ്രഹിച്ച ആളാണ്. പക്ഷേ വീട്ടുകാര്‍ സമ്മതിച്ചില്ല. പ്ലസ് ടു കഴിഞ്ഞപ്പോഴും എതിര്‍ത്തു. ഡിഗ്രി കഴിഞ്ഞ സമയം 1997 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഒരു മിഷന്‍ സന്ദേശം ഉണ്ടായിരുന്നു. ലോകത്തിന് വൈദികരെ ആവശ്യമുണ്ട് എന്നുള്ളതായിരുന്നു ആ സന്ദേശത്തിന്റെ കാതല്‍. അതുകേട്ടതോടെ പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. എന്റെ തീരുമാനം ഉറച്ചതായി. ഞങ്ങള്‍ ആറു മക്കളാണ്. എനിക്കു താഴെ രണ്ട് സഹോദരിമാര്‍ ഉണ്ട്. അവരെ ചൂണ്ടിക്കാട്ടി അമ്മ ചോദിച്ചു, നീ പോയാല്‍ ഈ കുട്ടികളുടെ കാര്യം ആരും നോക്കും? ഒന്നും നോക്കാതെ കണ്ണുംപൂട്ടി ഒരു മറുപടി ഞാന്‍ പറഞ്ഞു, ഞാന്‍ മരിച്ചു പോയാല്‍ ഇവരുടെ കാര്യം ആരും നോക്കും? അതിനു മറുപടി ഇല്ലല്ലോ.

ഇടവക വികാരിയുടെ ജീവിതത്തില്‍ എനിക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെട്ടിട്ടില്ല. വികാരിക്ക് പുറമേ സംഘടനകളുടെയും മറ്റും ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നു. പ്രവര്‍ത്തിക്കാന്‍ സമയം കിട്ടാത്ത പ്രശ്‌നം മാത്രമേയുള്ളൂ.

  • (നെയ്യാറ്റിന്‍കര രൂപതയിലെ പാറശ്ശാല ഫൊറോന വികാരി.)

  • ഫാ. വി സി ജോസ്‌

നല്ലതു ചെയ്യുക, നന്മയില്‍ ആയിരിക്കുക എന്നുള്ളത് ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ ഒരു ഉത്തരവാദിത്വമാണ്. സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്നും സത്യമേവ ജയതേ എന്നുമുള്ള ആപ്തവാക്യങ്ങള്‍ നമ്മള്‍ എന്നും മനസ്സുകളില്‍ സൂക്ഷിക്കേണ്ടതാണ്. എല്ലാവരും ഒന്നടങ്കം ഏകസ്വരത്തില്‍ യേശുവിനെ പറ്റി പറഞ്ഞത് അവന്‍ നന്മ ചെയ്തുകൊണ്ട് കടന്നുപോയി എന്നാണ്. ഇത് പറയുന്നവര്‍ തന്നെ ഈ നന്മ ചെയ്തവനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും നിന്ദിക്കുകയും ക്രൂശിക്കുകയും ചെയ്തു എന്നത് സത്യമാണ്. നിന്ദയും പരിഹാസവും വിമര്‍ശനവും പേടിച്ച് നന്മ ചെയ്യാതിരിക്കാനാവില്ല.

ദൈവം നല്‍കിയിരിക്കുന്ന ആന്തരീകമായി നന്മയുടെ പ്രകാശം ഒരിക്കലും ചോര്‍ന്നുപോകാതിരിക്കാന്‍ കഴിയുന്നത്ര ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്. കാരണം നന്മ കൊണ്ട് തിന്മയെ കീഴടക്കുക എന്നുള്ളതാണ് യേശുവിന്റെ വചനം. രക്ഷാകരമായ ഈ വചനം നാം ഹൃദയത്തില്‍ സൂക്ഷിച്ചാല്‍ വിമര്‍ശനങ്ങളെയോ പരിഹാസങ്ങെളയോ പുച്ഛത്തെയോ ഒന്നും കാര്യമായി പരിഗണിക്കേണ്ടി വരില്ല. ചെയ്യുന്നത് നല്ലതാണ് എന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍, അത് മനസ്സാക്ഷിക്ക് നിരക്കുന്നതാണെങ്കില്‍, അതു ദൈവത്തെയും മനുഷ്യരെയും മഹത്വപ്പെടുത്തുന്നതിനും, സ്‌നേഹിക്കുന്നതിനും സേവിക്കുന്നതിനും വേണ്ടിയാണെങ്കില്‍ അത് സന്തോഷത്തോടെ ചെയ്യുക.

നമ്മുടെ ഉള്ളിലുള്ള നന്മ പുറത്തേക്ക് പ്രതിഫലിക്കേണ്ടത് അത്യാവശ്യമാണ്. ഉള്ളിലുള്ള നന്മയുടെ അംശം നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിഫലിപ്പിക്കുക. എവിടെയും എപ്പോഴും കഴിയുന്നത്ര നന്മ ചെയ്യാന്‍ ശ്രമിക്കുക. കഴിയുന്നത്ര നന്മ ചെയ്യാനാണ് പൗരോഹിത്യജീവിതത്തില്‍ എന്റെ ശ്രമം. അതിനുള്ള ശക്തി പ്രാര്‍ത്ഥനയിലൂടെ എന്നും എനിക്ക് ലഭിക്കുന്നുണ്ട്. ചുറ്റുമുള്ളവരുടെ പറച്ചിലുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല എന്നാണ് തോന്നിയിട്ടുള്ളത്. കാരണം നന്മയെ ലോകം എന്നും നിരന്തരമായി എതിര്‍ത്തിട്ടുണ്ട്. പക്ഷേ, ഒടുവില്‍ നന്മ മാത്രമെ വിജയിക്കൂ, സത്യമേ നിലനില്‍ക്കൂ എന്ന കാര്യം മറന്നു പോകരുത്. ഇന്ന് നമ്മളെ വിമര്‍ശിക്കുന്നവര്‍ പോലും നാളെ അതോര്‍ത്ത് ദുഃഖിക്കുവാനും ഇതെല്ലാം തങ്ങള്‍ക്കുവേണ്ടി ആയിരുന്നല്ലോ എന്ന ചിന്തയിലേക്ക് വരാനും സാധ്യതകളുണ്ട്.

നന്മ കൊണ്ട് തിന്മയെ കീഴടക്കുക എന്നുള്ളതാണ് യേശുവിന്റെ വചനം. ഇത് നാം ഹൃദയത്തില്‍ സൂക്ഷിച്ചാല്‍ വിമര്‍ശനങ്ങളെയോ പരിഹാസങ്ങെളയോ പുച്ഛത്തെയോ ഒന്നും കാര്യമായി പരിഗണിക്കേണ്ടി വരില്ല. നന്മകൊണ്ടു ലോകം നിറയട്ടെ എന്നാണ് എന്റെ ചിന്ത.

നന്മകൊണ്ട് ലോകം നിറയട്ടെ എന്നതാണ് എന്റെ ചിന്ത. നന്മയായ ദൈവത്തില്‍ നിന്ന് കിട്ടിയ നന്മ പതിന്മടങ്ങായി കൊടുക്കാന്‍ സാധിച്ചാല്‍ ഈ ലോകത്ത് നന്മ വളര്‍ത്താന്‍ സാധിക്കും. കഴിയുന്നത്ര നല്ല ജീവിതം നയിക്കാനും നല്ലത് പറയാനും നന്മയെ പ്രോത്സാഹിപ്പിക്കുവാനും ശ്രമിച്ചിട്ടുണ്ട് എന്ന് എന്റെ പൗരോഹിത്യ ജീവിതത്തില്‍ ഏറെ അഭിമാനത്തോടെ പറയാന്‍ സാധിക്കുന്ന കാര്യമാണ്. അജപാലന ദൗത്യം എന്നത് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കലാണ്. അജപാലന രംഗത്ത് തിരക്കിട്ട് ഓടി നടക്കുമ്പോഴും ദൈവത്തിന്റെ കരം പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവനാകുന്ന മുന്തിരിച്ചെടിയില്‍ വസിക്കുന്ന ശാഖകള്‍ക്ക് കൂടുതല്‍ ഫലം നല്‍കാന്‍ സാധിക്കുമല്ലോ. ആത്മീയമായും സമൂഹികമായും കൂദാശകളുടെ പരികര്‍മ്മത്തിലൂടെയും ദൈവവചന പ്രഘോഷണം വഴിയായും യേശുവുമായിട്ടുള്ള ബന്ധത്തില്‍ ആഴപ്പെടുമ്പോള്‍ അജപാലന ശുശ്രൂഷ എളുപ്പമുള്ളതായി മാറും എന്നാണ് എന്റെ അനുഭവം.

താന്‍ പാതി ദൈവം പാതി എന്ന ആപ്തവാക്യം 45 വര്‍ഷം പിന്നിടുന്ന പൗരോഹിത്യ ജീവിതത്തില്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്. ആത്മീയതയും അജപാലന ശുശ്രൂഷയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ്. ദൈവത്തെക്കൊണ്ട് നിറയുമ്പോള്‍ അതിനനുസൃതമായി, അതിലപ്പുറവും അജപാലന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. എല്ലാവരുടെയും രക്ഷക്കായി യേശു ഭൂമിയില്‍ വന്നു, എല്ലാവര്‍ക്കും വേണ്ടി ജീവിച്ചു, എല്ലാവരുടെയും, ഓരോ വ്യക്തികളുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചു. എനിക്ക് സാധിക്കുന്ന വിധത്തില്‍ മറ്റുള്ളവരിലേക്ക് കടന്നു ചെല്ലുവാന്‍ എന്റെ പ്രാര്‍ത്ഥന ജീവിതം എന്നും എന്നെ സഹായിച്ചിട്ടുണ്ട്.

വില്യം ഷേക്‌സ്പിയറിന്റെ ഈ വാക്കുകള്‍ ഞാന്‍ എപ്പോഴും ശുശ്രൂഷ പൗരോഹിത്യ ജീവിതത്തില്‍ ഓര്‍ക്കാറുണ്ട്, 'എനിക്ക് എപ്പോഴും സന്തോഷം തോന്നുന്നു. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? കാരണം ഞാന്‍ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷകള്‍ എപ്പോഴും മുറിവേല്‍പ്പിക്കുന്നു. ജീവിതം ചെറുതാണ്. അതിനാല്‍ നിങ്ങളുടെ ജീവിതത്തെ സ്‌നേഹിക്കുക. സന്തോഷത്തിലായിരിക്കുക. പുഞ്ചിരിക്കുക. നിങ്ങള്‍ സംസാരിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കുക. എഴുതുന്നതിനുമുമ്പ്, ചിന്തിക്കുക. നിങ്ങള്‍ ചെലവഴിക്കുന്നതിനുമുമ്പ്, സമ്പാദിക്കുക. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതിനുമുമ്പ്, ക്ഷമിക്കുക. നിങ്ങള്‍ വേദനിപ്പിക്കുന്നതിനുമുമ്പ്, അനുഭവിക്കുക. നിങ്ങള്‍ വെറുക്കുന്നതിനുമുമ്പ്, സ്‌നേഹിക്കുക. നിങ്ങള്‍ ഉപേക്ഷിക്കുന്നതിനുമുമ്പ്, ശ്രമിക്കുക. മരിക്കുന്നതിനുമുമ്പ് ജീവിക്കുക.'

  • (വികാരി, മടക്കാംപൊയ്യില്‍ ഹോളി ഇന്‍ഫന്റ് മേരി ദേവാലയം, കണ്ണൂര്‍ രൂപത)

  • ഫാ. പ്രവീണ്‍ പൂവത്തിങ്കല്‍

പുരോഹിതനായതിനുശേഷം ഇന്നുവരെയും ഇടവകവികാരിയായി മാത്രം ജോലി ചെയ്ത ആളാണു ഞാന്‍. ഛാന്ദാ രൂപതയുടെ ഉള്‍പ്രദേശങ്ങളിലെ ഗ്രാമങ്ങളിലായിരുന്നു മിക്കവാറും. ഒരിക്കല്‍ ഒരു ഇടവകയില്‍ നിന്നുള്ള സ്ഥലംമാറ്റത്തോടു ബന്ധപ്പെട്ടു ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ അവിടെയുണ്ടായിരുന്ന ഗ്രാമവാസികള്‍ എല്ലാവരും തന്നെ കരഞ്ഞു. പുരുഷന്മാര്‍ കണ്ണുതുടച്ച് കണ്ണീരടക്കി നിന്നപ്പോള്‍ സ്ത്രീകള്‍ ഉറക്കെ വാവിട്ടുകരഞ്ഞു. സ്വന്തം കുടുംബത്തില്‍ നിന്നു പോലും കിട്ടാത്ത വലിയ പ്രോത്സാഹനവും പിന്തുണയും സ്‌നേഹവും ഞാന്‍ നല്‍കിയെന്നാണ് അവിടെയുള്ള ഓരോരുത്തരും പറഞ്ഞത്. ഇങ്ങനെ മനുഷ്യരുമായി ബന്ധം സ്ഥാപിക്കാനും അവരെ സഹായിക്കാനും അവരുടെ സ്‌നേഹം ലഭിക്കാനും ഇടയായതാണ് ഈ പൗരോഹിത്യജീവിതത്തിലെ വലിയ കൃപ. പക്ഷേ ഇത് എന്റെ കഴിവായിട്ടല്ല, കര്‍ത്താവിന്റെ അനുഗ്രഹമായിട്ടാണു ഞാന്‍ കാണുന്നത്. അതിനിടയാക്കുന്നത് ദിവ്യകാരുണ്യസന്നിധിയിലെ പ്രാര്‍ത്ഥനയുമാണ്.

ജീസസ് യൂത്തിന്റെ ഫുള്‍ടൈമര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ മിഷനോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. സെമിനാരിയില്‍ ചേരുന്നതിനു മുമ്പു തന്നെ വടക്കു-കിഴക്കന്‍ ഇന്ത്യയില്‍ കുറെ മാസങ്ങള്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. കേരളത്തില്‍ ധാരാളം വൈദികര്‍ ഉണ്ടല്ലോ. അതുകൊണ്ട്, പ്രാര്‍ത്ഥിച്ചൊരുങ്ങിയപ്പോള്‍ മിഷന്‍ രൂപതയില്‍ ചേരുക എന്ന തീരുമാനത്തിലാണെത്തിയത്. ഛാന്ദാ രൂപതയുടെ വൈദികനായത് 2008 ലാണ്. തലശ്ശേരി അതിരൂപതയിലെ പേരാവൂരാണ് സ്വന്തം ഇടവക.

പട്ടം കിട്ടി കുറച്ചു നാള്‍ അസിസ്റ്റന്റ് വികാരിയായി ജോലി ചെയ്തതിനുശേഷം ആദ്യമായി വികാരിയായ ഇടവക വളരെ ഉള്‍പ്രദേശത്തുള്ള ഒരു ഗ്രാമം ആയിരുന്നു അവിടെവച്ച് കര്‍ത്താവ് എനിക്ക് മനസ്സിലാക്കി തന്ന ഒരു പ്രധാനപ്പെട്ട കാര്യം ദിവ്യകാരുണ്യ ആരാധനയുടെ മഹത്വമാണ്. ദിവ്യകാരുണ്യത്തെ ആരാധിച്ച് കര്‍ത്താവിനോടുള്ള ബന്ധത്തില്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ കര്‍ത്താവ് നമുക്കുവേണ്ടി പ്രവര്‍ത്തിക്കും. നമ്മള്‍ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ കര്‍ത്താവ് നമ്മെക്കാള്‍ മനോഹരമായി നടത്തും എന്ന ഒരു ബോധ്യത്തിലേക്കും അനുഭവത്തിലേക്കുമാണ് പിന്നീടു ഞാന്‍ എത്തിച്ചേര്‍ന്നത്.

വികാരിയായ ആദ്യഘട്ടത്തില്‍ തന്നെ ദിവ്യകാരുണ്യത്തോട് കൂടുതല്‍ അടുക്കാന്‍ സാധിച്ചു. പിന്നീടുള്ള സേവന രംഗങ്ങളിലെല്ലാം ദിവ്യകാരുണ്യ കേന്ദ്രീകൃതമായ വൈദിക ജീവിതം നയിക്കാന്‍ എനിക്കിടയാകുകയും ചെയ്തു. വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വച്ച് ദിവസവും ഒരു മണിക്കൂറെങ്കിലും ആരാധിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതുതന്നെയായിരുന്നു വൈദിക ജീവിതത്തിന്റെ പ്രധാനപ്പെട്ട ശക്തികേന്ദ്രം. അധികവും രാവിലെ തന്നെയാണ് ഇതിനുള്ള സമയം കണ്ടെത്തുക പതിവ്. രാവിലെ എണീറ്റ് കുര്‍ബാന തുടങ്ങുന്നതുവരെ ഒരു മണിക്കൂര്‍ ആരാധനയില്‍ ചെലവഴിക്കുന്നു. രാവിലെ സമയം കിട്ടിയില്ലെങ്കില്‍ പിന്നീട് മറ്റെപ്പോഴെങ്കിലും. രാവിലത്തെ ആരാധന കൊണ്ട് പ്രാര്‍ത്ഥനകളെല്ലാം പൂര്‍ണ്മമാകുന്നു എന്നല്ല അര്‍ത്ഥം. ഏതായാലും ഈ ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതത്തിന്റെ ഫലമായി ധാരാളം അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. പരിശുദ്ധ ജപമാലയും ഒരു പ്രധാനപ്പെട്ട ശക്തികേന്ദ്രമാണ്.

ആളുകള്‍ പള്ളിയില്‍ വരാതിരിക്കുന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം. അതിനെയാണ് ഞാന്‍ ഒരു വെല്ലുവിളിയായി കണ്ടിട്ടുള്ളത്. സാമ്പത്തികമുള്‍പ്പെടെ മറ്റു പ്രശ്‌നങ്ങളെ അത്ര ഗൗരവമായി കണ്ടിട്ടില്ല.

ഉള്‍പ്രദേശങ്ങളില്‍ ആയതുകൊണ്ട് മറ്റു വൈദികരെ കാണാനുള്ള അവസരങ്ങള്‍ കുറവായിരുന്നു. പക്ഷേ ഏകാന്തത ഞാന്‍ അനുഭവിച്ചിരുന്നില്ല. വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായി ജീവിതം പരിവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു നേട്ടമാണിത്. സജീവമായ ഒരു സാന്നിധ്യം സദാ നമ്മോടുകൂടെയുണ്ട് എന്നതു നാം അനുഭവിച്ചുകൊണ്ടിരിക്കും. ഏകാന്തത അലട്ടുന്നത് നാം വെറുതെ ഇരിക്കുമ്പോഴാണ്. വെറുതെയിരിക്കുന്ന സമയങ്ങള്‍ അപൂര്‍വമായേ ഉണ്ടാകാറുള്ളൂ. അങ്ങനെ ഉണ്ടാകുമ്പോഴാകട്ടെ, ആ സമയമെല്ലാം വിശുദ്ധ കുര്‍ബാനയുടെ സവിധത്തില്‍ ആയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

കര്‍ത്താവ് കൂടെയുണ്ട് എന്നുള്ളത് ഒരു വെറും തോന്നല്‍ അല്ല. അത് ഒരു സ്പര്‍ശനമായി ഞാന്‍ സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്തു പ്രശ്‌നമുണ്ടെങ്കിലും കുര്‍ബാനയുടെ മുമ്പില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ പരിഹാരം ലഭിക്കും എന്നുള്ളതാണ് എന്റെ അനുഭവം. ഞാന്‍ ജോലി ചെയ്തിരുന്ന ഒരു ഇടവകയില്‍ രണ്ട് ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ വലിയ വഴക്കുണ്ടായി. ഞങ്ങളുടെ ഇടവകാംഗങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നു. പ്രശ്‌നം രൂക്ഷമായ സമയത്ത് 70 ഗ്രാമങ്ങളുടെ പ്രതിനിധികള്‍ ഒരു യോഗം ചേരുന്നതായി അറിയിപ്പു വന്നു. ക്രിസ്തുവിനെ ഉപേക്ഷിക്കുന്നതായി ആ യോഗത്തില്‍ പരസ്യമായി പ്രഖ്യാപിക്കുക, അല്ലെങ്കില്‍ ഗ്രാമങ്ങള്‍ വിട്ടു പോവുക എന്നതായിരുന്നു ഞങ്ങളുടെ ഇടവകാംഗങ്ങളെ സംബന്ധിച്ച് അവരെടുത്തിരുന്ന തീരുമാനം. എല്ലാവരും വലിയ മാനസിക സംഘര്‍ഷത്തിലായി. രണ്ടിലൊന്നു തീരുമാനിക്കണം. ഞാന്‍ നേരിട്ട് ഇടപെട്ടാല്‍ ആ പ്രശ്‌നം വഷളാവുകയേയുള്ളൂ. അതുകൊണ്ട് നേരിട്ട് ഇടപെടാന്‍ ഞാന്‍ തയ്യാറായില്ല. വിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ ഈ അവസരം സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. പിന്നീട് ആ യോഗം റദ്ദായെന്ന അറിയിപ്പാണു ലഭിച്ചത്. അവര്‍ക്കു യോഗം ചേരാന്‍ കഴിഞ്ഞില്ല. ഇടവകക്കാര്‍ക്കു പോലും ആ സംഭവത്തിന്റെ വിശദാംശങ്ങള്‍ മനസ്സിലായില്ല.

ആളുകള്‍ പള്ളിയില്‍ വരാതിരിക്കുന്നതാണ് എെന്ന സംബന്ധിച്ച് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം. അതിനെയാണ് ഞാന്‍ ഒരു വെല്ലുവിളിയായി കണ്ടിട്ടുള്ളത്. സാമ്പത്തികമുള്‍പ്പെടെ മറ്റു പ്രശ്‌നങ്ങളെ അത്ര ഗൗരവമായി കണ്ടിട്ടില്ല. ആളുകള്‍ പള്ളിയില്‍നിന്ന് അകന്നു പോകുന്നതാണ് ഏറ്റവും അധികം വേദനിപ്പിക്കുന്നത്. ആളുകള്‍ പള്ളിയില്‍ വരുന്നില്ലല്ലോ കര്‍ത്താവേ എന്ന വേദന ഞാന്‍ ഉള്ളില്‍ അനുഭവിക്കാറുണ്ട്. ഈ വേദന തന്നെ ഒരു പ്രാര്‍ത്ഥനയായി മാറുന്നതാണ് അനുഭവം. പള്ളിയില്‍ വരാത്തതിന്റെ വേദന ഞാന്‍ അനുഭവിക്കുന്നത് കര്‍ത്താവ് കാണുന്നു, ആ വേദന ദൈവസന്നിധിയില്‍ എത്തുന്നു. അതൊരു പ്രാര്‍ത്ഥനയാണ്.

30 ഗ്രാമങ്ങള്‍ ഉള്ള ഇടവകയില്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെ ഒരു നിമിഷം പോലും പാഴാക്കാനില്ല. ഗ്രാമങ്ങള്‍ തോറും സന്ദര്‍ശിക്കണം, കഠിനാധ്വാനം ആവശ്യമുള്ള ജോലിയാണ്, പക്ഷേ ഒരിക്കലും ഒരു മടുപ്പും തോന്നാറില്ല. എന്നുമാത്രമല്ല വലിയ സന്തോഷവും ആവേശവുമാണ് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതുവഴി ഉണ്ടായിരുന്നത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി നമ്മള്‍ പ്ലാന്‍ ചെയ്തു പോകുന്ന കാര്യങ്ങളെല്ലാം നടക്കണമെന്നില്ല. ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ ആളുകള്‍ പലപ്പോഴും ആശുപത്രിയില്‍ പോകുന്നതുള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ ഉന്നയിക്കും. അവര്‍ക്കുവേണ്ടി നമ്മുടെ കാര്യങ്ങളും പ്ലാനുകളും മാറ്റിവയ്‌ക്കേണ്ടതായി വരും. പക്ഷേ അതില്‍ ഒരു സന്തോഷമുണ്ട് അവരുടെ സമ്പൂര്‍ണ്ണ സഹകരണം മറ്റെല്ലാ കാര്യങ്ങളിലും നമുക്ക് ലഭിക്കും.

ദിവ്യകാരൂണ്യത്തിലെ ഈശോ സദാ നയിക്കുമെന്ന ഉറച്ച ബോധ്യമാണ് മിഷന്‍ ഗ്രാമങ്ങളിലെ ഇടവകവികാരിയായി ജോലി ചെയ്യുമ്പോള്‍ ഉള്ള പ്രത്യാശയും സന്തോഷവും.

  • (ഛാന്ദാ രൂപതയിലെ കള്‍മന ഇടവകയില്‍ സേവനം.)

  • ഫാ. ജോസ് പുളിക്കത്തറ

ഞാന്‍ തിരഞ്ഞെടുത്തതല്ല, ഈശോ എന്നെ തിരഞ്ഞെടുത്തതാണ് എന്ന ബോധ്യമാണ് എന്റെ പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും ബലം നല്‍കുന്ന ചിന്ത. കണ്ണൂര്‍ ചിറക്കല്‍ മിഷനില്‍ 25 വര്‍ഷത്തെ സേവനമാണ് പൗരോഹിത്യത്തിലെ മറക്കാനാകാത്ത ഓര്‍മ്മകള്‍. ക്രിസ്തുവിനെ അറിയാത്ത ഒത്തിരി പേര്‍ക്ക് ക്രിസ്തുവിനെ പകര്‍ന്നു കൊടുക്കുവാനും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സാധിച്ചു എന്നുള്ളത് ഏറെ സന്തോഷം നല്‍കുന്നു. 88 വയസ്സും പൗരോഹിത്യത്തില്‍ 58 വര്‍ഷങ്ങളും പൂര്‍ത്തിയാക്കുമ്പോള്‍ ജീവിതം സഫലമായെന്ന തോന്നല്‍ എനിക്കുണ്ട്.

കടന്നു ചെല്ലുന്ന ഇടവകകളിലെല്ലാം അവിടുത്തെ ഇടവക മധ്യസ്ഥനെ ആദ്യം കൂട്ടുപിടിക്കും. ദിവസവും രണ്ടു ജപമാലയും കരുണക്കൊന്തയും ചൊല്ലി പ്രാര്‍ത്ഥനയിലൂടെ ശക്തി സ്വീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഓരോ വിശുദ്ധ കുര്‍ബാനയും ആദ്യമായി അര്‍പ്പിക്കുന്ന ബലി പോലെ വിശുദ്ധിയോടെ അര്‍പ്പിക്കുമ്പോള്‍ ഈശോയുടെ കൂടെയാണ് ഞാന്‍ നടക്കുന്നത് എന്ന തിരിച്ചറിവ് എപ്പോഴും എനിക്ക് ലഭിക്കാറുണ്ട്. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ പരിശുദ്ധ അമ്മയ്ക്ക് സ്വയം സമര്‍പ്പിച്ച പോലെ ജീവിതം പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ വച്ചുകൊടുക്കുമ്പോള്‍ അമ്മ വഴി നടത്തുന്ന അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഇപ്പോഴും മണിക്കൂറുകളോളം കുമ്പസാരക്കൂട്ടില്‍ ഇരിക്കാന്‍ അവിടുന്ന് എനിക്ക് കൃപ നല്‍കുന്നുണ്ട്. വിശുദ്ധ ജോണ്‍ മരിയ വിയാനിയോട് പ്രാര്‍ത്ഥിച്ച് കുമ്പസാരങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒത്തിരി പേരിലേക്ക് ക്രിസ്തുവിന്റെ സ്‌നേഹം കുമ്പസാരം എന്ന കൂദാശയിലൂടെ പകര്‍ന്ന് കൊടുക്കുവാന്‍ സാധിക്കുന്നുണ്ട്. അച്ചന്മാരും സിസ്റ്റേഴ്‌സും ശെമ്മാശന്മാരും എന്റെ അടുക്കല്‍ കുമ്പസാരിക്കാന്‍ താല്പര്യപ്പെടുന്നു എന്നത് ദൈവത്തിന്റെ വലിയ അനുഗ്രഹമായി കാണുന്നു.

വിശുദ്ധ ജോണ്‍ മരിയ വിയാനിയോട് പ്രാര്‍ത്ഥിച്ച് കുമ്പസാരങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒത്തിരി പേരിലേക്ക് ക്രിസ്തുവിന്റെ സ്‌നേഹം കുമ്പസാരം എന്ന കൂദാശയിലൂടെ പകര്‍ന്ന് കൊടുക്കുവാന്‍ സാധിക്കുന്നുണ്ട്.

പൗരോഹിത്യത്തിന്റെ ആദ്യ നാളുകളില്‍ ആരംഭശൂരത്വം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ചിറക്കല്‍ മിഷനില്‍ ജോലി ചെയ്യുമ്പോള്‍ അവിടുത്തെ ആളുകള്‍ക്ക് പുരോഹിതരെ കുറിച്ച് ഒത്തിരി തെറ്റായ ധാരണകള്‍ ഉണ്ടായിരുന്നു. അവിടെ ആദ്യകാലത്ത്, ആളുകള്‍ എന്തെങ്കിലുമൊക്കെ എതിര്‍ത്തു പറയുമ്പോള്‍, അല്ലെങ്കില്‍ നമ്മള്‍ പറയുന്ന നല്ല കാര്യങ്ങള്‍ അവര്‍ സ്വീകരിക്കാതെ വരുമ്പോള്‍ വാശിയോടും ദേഷ്യത്തോടും കൂടെയാണ് ഞാന്‍ പ്രതികരിച്ചിട്ടുള്ളത്. പിന്നീട് ആ രീതി തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ നല്ലൊരു കുമ്പസാരത്തിലൂടെ എന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരികെ വരാന്‍ എനിക്ക് സാധിച്ചു. ഇപ്പോള്‍ ആളുകളെ അവരായിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്.

എന്റെ പൗരോഹിത്യ ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തപ്പോള്‍ ദൈവം എന്നെ കൈപിടിച്ച് നടത്തുന്ന അനുഭവം ഒത്തിരി ഉണ്ടായിട്ടുണ്ട്. വളരെ പ്രശ്‌നബാധിതമായ ഒരു പള്ളിയിലേക്ക് ശുശ്രൂഷ ചെയ്യാനായി പോയപ്പോള്‍ എന്റെ പ്രാര്‍ത്ഥന ഇതു മാത്രമായിരുന്നു, ഈശോയെ അങ്ങയെ നല്‍കാന്‍ എന്നെ സഹായിക്കണമേ! ആ ഇടവകയെ ഈശോ ആഗ്രഹിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കാന്‍ എനിക്ക് സാധിച്ചത് ഈശോ കൂടെയുള്ളതുകൊണ്ടു മാത്രമായിരുന്നു. ഇനിയും അവിടുത്തെ കരം പിടിച്ച് പൗരോഹിത്യ ശുശ്രൂഷയില്‍ മുന്നോട്ടു പോകാനാണ് ആഗ്രഹം.

  • (കോഴിക്കോട് രൂപത വൈദികന്‍)

  • ഫാ. ജിബു കരപ്പനശ്ശേരിമലയില്‍

നന്മകള്‍ കാണാന്‍ മടി കാണിക്കുന്ന എന്നാല്‍ ചെറിയ തെറ്റുകള്‍ പോലും പൊതു സമൂഹത്തില്‍ വാര്‍ത്തകള്‍ ആക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്നിന്റെ പൗരോഹിത്യം ജീവിക്കുന്നത്. നന്മ ചെയ്തിട്ടും തിരിച്ചറിയാതെ പോയ നിമിഷങ്ങള്‍ ഒത്തിരി ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇടവക ജനത്തിന്റെ നന്മയ്ക്കായി ചെയ്ത കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കാതെ പോയപ്പോള്‍ സങ്കടം തോന്നിയിട്ടുമുണ്ട്. എങ്കിലും ശുശ്രൂഷകള്‍ അവസാനിപ്പിക്കാന്‍ മനസ്സ് വരാറില്ല. ഇന്ന് നമ്മെക്കുറിച്ച് നന്മ പറയുന്നവര്‍ തന്നെ നാളെ നമുക്കെതിരെ തിരിഞ്ഞേക്കാം. വിളിച്ചവന്‍ വിശ്വസ്തനാണെന്ന ബോധ്യം ജീവിതത്തിലുള്ളതു കൊണ്ടു തന്നെ ഈശോ തന്റെ പരസ്യജീവിതത്തില്‍ പിന്തുടര്‍ന്ന മനോഭാവങ്ങള്‍, ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് നന്മ ചെയ്തുകൊണ്ട് മുന്നോട്ടുപോകാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാകേണ്ട ജീവിതമാണ് പൗരോഹിത്യം എന്ന് ഞാന്‍ കരുതുന്നു. മലങ്കര സഭയിലെ വൈദികന്‍ എന്ന നിലയില്‍ ഇപ്പോള്‍ തന്നെ രണ്ട് ഇടവകകളിലെ വികാരി എന്ന നിലയിലെ ജോലിയും ഒപ്പം മറ്റു അജപാലന ദൗത്യങ്ങളും ഭക്തസംഘടനകളുടെ ചുമതലകളും നിര്‍വഹിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും സമയക്രമീകരണം വച്ചുള്ള ഒരു പ്രാര്‍ത്ഥനാജീവിതത്തിന് സാധിക്കാറില്ല. എങ്കിലും പ്രാര്‍ത്ഥനയാണ് പൗരോഹിത്യത്തിന്റെ ശക്തികേന്ദ്രം എന്ന തിരിച്ചറിവ് ജീവിതത്തിലെപ്പോഴും ഉണ്ട്. തിരക്കുകള്‍ക്കിടയിലും പ്രാര്‍ത്ഥിക്കുവാന്‍ സമയം കണ്ടെത്താന്‍ ശ്രദ്ധിക്കാറുണ്ട്. സെമിനാരിയില്‍ പഠിക്കുന്ന കാലഘട്ടത്തെപ്പോലെ നിയതമായ ഒരു സമയക്രമം വച്ച് പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കാറില്ല. എങ്കിലും പ്രാര്‍ത്ഥന മുടങ്ങാതെയും ബലിപീഠത്തോടു ചേര്‍ന്നുനിന്ന് ശക്തി സ്വീകരിച്ചും മുന്നോട്ടു പോകാന്‍ ശ്രദ്ധിക്കുന്നു.

അച്ചന്‍ ഒരു കൂട്ടര്‍ക്ക് മാത്രമായി ഒതുങ്ങി പോകുന്നത് ഒരു ഇടവക വൈദികന്റെ പരാജയം തന്നെയാണ്.

പൗരോഹിത്യം സ്വീകരിച്ചിട്ട് എട്ടുവര്‍ഷം പൂര്‍ത്തിയാകുന്നു. എല്ലാവര്‍ക്കും ഒരുപോലെ സംലഭ്യനായിരിക്കുക എന്ന ലക്ഷ്യം മുന്നില്‍ വച്ചു കൊണ്ടാണ് പൗരോഹിത്യ യാത്ര നയിക്കുന്നത്. അച്ചന്‍ ഒരു കൂട്ടര്‍ക്ക് മാത്രമായി ഒതുങ്ങിപോകുന്നത് ഒരു ഇടവക വൈദികന്റെ പരാജയം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിശ്വാസ പരിശീലനമാണ് ശ്രദ്ധ കൊടുക്കുന്ന അടുത്ത കാര്യം. രോഗികള്‍ക്കും പ്രായാധിക്യമുള്ളവര്‍ക്കും സവിശേഷശ്രദ്ധ കൊടുക്കാനും ഞാന്‍ ശ്രമിക്കുന്നു. പ്രാര്‍ത്ഥിച്ചു ഒരുങ്ങി ചെയ്യുന്ന കാര്യങ്ങള്‍ വലിയ അനുഗ്രഹമായി മാറിയ ഒത്തിരി അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ട്. ഇടവകയിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ ആകുലതകളിലേക്ക് നയിക്കുമ്പോള്‍ ഈശോയുടെ മുമ്പില്‍ മുട്ടുകള്‍ മടക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ ധീരതയോടെ എല്ലാം നേരിടാനുള്ള ശക്തിയും കൃപയും ദൈവം നല്‍കാറുണ്ട്.

  • (വികാരി, സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി, പ്ലാങ്കമണ്‍, റാന്നി. തിരുവല്ല അതിരൂപത)

  • ഫാ. ജോര്‍ജ് മണ്ഡപത്തില്‍

പുരോഹിതന്‍ മറ്റൊരു ക്രിസ്തുവാണ്, പൗരോഹിത്യം ഉന്നതമായ ഒരു സ്ഥാനമാണ്, മഹോന്നതമാണ്, അതിവിശിഷ്ടമാണ് എന്നെല്ലാം പറയാറുണ്ട്. ഇതിനോടെല്ലാം ഞാനും യോജിക്കുന്നു. ഇതെല്ലാം പൗരോഹിത്യത്തിന്റെ മഹത്വത്തിന്റെ ഒരുവശം മാത്രമാണ്. പൗരോഹിത്യത്തിന് ഒരു മറുപുറം കൂടിയുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ കാഴ്ചപ്പാടില്‍ പൗരോഹിത്യം എന്നത് ക്രൂശിക്കപ്പെടാനുള്ള വിളിയാണ്. പലരും പൗരോഹിത്യത്തിന്റെ ഈ മറുപുറം മറന്നു പോകുന്നുണ്ടോ എന്നത് ഈ കാലഘട്ടത്തിന്റെ ഒരു വെല്ലുവിളി തന്നെയാണ്. എന്നെ സംബന്ധിച്ച് പൗരോഹിത്യത്തെ ഞാന്‍ കാണുന്നത് യോഹന്നാന്റെ സുവിശേഷം പത്താം അധ്യായത്തിലെ ദൗത്യങ്ങളോടു ചേര്‍ത്തുനിര്‍ത്തിയാണ്. ആടുകളുടെ ഇടയനായി മാറി അവരെ സ്‌നേഹിച്ച് അവര്‍ക്ക് വാതിലായി, അവരെ പേരു ചൊല്ലി വിളിച്ച്, വഴി തെറ്റി പോയതിനെ അന്വേഷിച്ചു കണ്ടെത്തുന്ന ഒരു പൗരോഹിത്യ ജീവിതം നയിക്കാനാണ് ഇത്രയും നാള്‍ ഞാന്‍ ശ്രമിച്ചത്.

ആളുകള്‍ക്ക് സംലഭ്യനായിയിരിക്കുവാന്‍ ഇതുവരെയുള്ള ജീവിതത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്. പൗരോഹിത്യത്തിന്റെ ആദ്യ നാളുകളില്‍ വിശുദ്ധ ബലിയര്‍പ്പണത്തിനു തൊട്ടുമുമ്പ് പള്ളിയിലേക്ക് കടന്നു ചെല്ലുന്ന രീതിയായിരുന്നു എന്റേതും. ഒരു ദിവസം പള്ളി തുറക്കുന്നതും കാത്ത് പുറത്തുനിന്നിരുന്ന വിശ്വാസജീവിതങ്ങളാണ് എന്നെ മാറ്റി ചിന്തിപ്പിച്ചത്. ഒത്തിരി ദൂരെ വീടുകളുള്ള സാധാരണ വിശ്വാസികള്‍ പള്ളി തുറക്കുന്നതിനു മുമ്പ് പള്ളിയിലെത്തി കാത്തു നില്‍ക്കുമ്പോള്‍ പള്ളിയോട് തൊട്ടടുത്ത് താമസിക്കുന്ന ഞാന്‍ വൈകുന്നത് ശരിയാണോ? അന്നു മുതല്‍ ഞാനൊരു തീരുമാനമെടുത്തു. ഏറ്റവും ആദ്യം ഇനി മുതല്‍ പള്ളിയില്‍ പ്രവേശിക്കുന്നത് വികാരിയായ ഞാനായിരിക്കും. എല്ലാ ദിവസവും കുര്‍ബാനയ്ക്കു മുമ്പ് കുമ്പസാരക്കൂട്ടില്‍ ഇരിക്കുവാനും സമയം കണ്ടെത്താറുണ്ട്, ബൈബിള്‍ വായിക്കുവാനും. എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും ശാന്തമായി ദിവ്യകാരുണ്യ നാഥന് മുമ്പില്‍ ചിലവിടാനും എന്നും പരിശ്രമിക്കുന്നുണ്ട്.

പൗരോഹിത്യ അജപാലന ശുശ്രൂഷകളില്‍ ഞാന്‍ നിറവേറ്റുന്ന കുറച്ചു കാര്യങ്ങളുണ്ട്:

1) എല്ലാവരെയും കേള്‍ക്കുവാന്‍ ശ്രമിക്കുന്നു. ഏതു കാര്യം ചെയ്യുന്നതിനു മുമ്പും കമ്മിറ്റിയുടെയും ചുറ്റുമുള്ളവരുടെയും അഭിപ്രായങ്ങള്‍ ചോദിക്കുവാന്‍ സമയം കണ്ടെത്താറുണ്ട്. ഒരു ഇടവകയില്‍ ചെല്ലുമ്പോള്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഇടവകയിലെ വീടുകള്‍ സന്ദര്‍ശിക്കുവാന്‍ ശ്രമിക്കും. ഇടവകയിലെ എല്ലാ വീടുകളും (അക്രൈസ്തവരുടെയും) കടകളും, സ്ഥാപനങ്ങളും, എന്തിനേറെ കള്ള് ഷാപ്പുകള്‍ പോലും എന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. ആളുകളെ പേരു ചൊല്ലി വിളിക്കുന്ന തരത്തിലുള്ള ബന്ധത്തിലേക്ക് വളരുവാന്‍ ഈ സന്ദര്‍ശനങ്ങള്‍ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.

2) വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ മരാമത്ത് പണികള്‍ ഏറ്റെടുത്തിട്ടുള്ളൂ. മരാമത്ത് പണികള്‍ ചെയ്യുമ്പോള്‍ പോലും ആരോടും നിര്‍ബന്ധമായ സംഭാവനകള്‍ വാങ്ങിക്കാറില്ല. നിര്‍ബന്ധ പിരിവുകള്‍ മൂലം പള്ളിയോട് അകന്നു നില്‍ക്കുന്ന ഒത്തിരി വ്യക്തികളെ കാണാന്‍ സാധിച്ചിട്ടുണ്ട്. മരാമത്ത് പണികളിലേക്ക് ശ്രദ്ധ കൂടുതല്‍ കൊടുക്കുമ്പോള്‍ അറിയാതെ പൗരോഹിത്യധാര്‍ഷ്ട്യത്തിലേക്ക് കടന്നുപോകുന്ന വൈദികരെ കണ്ടിട്ടുണ്ട്. പിരിവുകള്‍ തന്നില്ലെങ്കില്‍ ആത്മീയ കാര്യങ്ങള്‍ പോലും നിഷേധിക്കുന്ന വൈദികര്‍ ശരിക്കു പറഞ്ഞാല്‍ ക്രിസ്തുവില്‍ നിന്ന് ആളുകളെ അകറ്റുകയല്ലേ ചെയ്യുന്നത്?

ഇടവകയിലെ എല്ലാ വീടുകളും (അക്രൈസ്തവരുടെയും) കടകളും, സ്ഥാപനങ്ങളും, എന്തിനേറെ കള്ള് ഷാപ്പുകള്‍ പോലും എന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും.

3) ഇടവക കൂട്ടായ്മയില്‍ നിന്ന് മാറി നില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുവാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. നല്ല ഇടയന്റെ ദൗത്യവും അതു തന്നെയാണല്ലോ. ഞാന്‍ ഒരു ഇടവകയില്‍ ചെന്നപ്പോള്‍ പള്ളിയില്‍ മുന്‍ കൈക്കാരനായിരുന്ന വ്യക്തി മുമ്പ് സേവനം ചെയ്ത അച്ചനോടുള്ള എതിര്‍പ്പു കാരണം പള്ളിക്കാര്യങ്ങളില്‍ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. ഞാന്‍ ആ വ്യക്തിയുടെ ഭവനം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ബാക്കിയുള്ള എല്ലാവരും എന്നെ എതിര്‍ത്തെങ്കിലും ഞാന്‍ ആ വീട്ടിലേക്ക് കയറിച്ചെന്നു. അത്ര സന്തോഷകരമായ സ്വീകരണം ആയിരുന്നില്ല എനിക്ക് ആ വീട്ടില്‍ നിന്ന് ലഭിച്ചത്. അദ്ദേഹം അച്ചന്മാരെയും മറ്റുള്ളവരെയും ഒത്തിരി കുറ്റപ്പെടുത്തി ഏറെ നേരം സംസാരിച്ചു. ഞാന്‍ എല്ലാം കേട്ടിരുന്നു. ഒന്നും തിരിച്ചു പറഞ്ഞില്ല. പിന്നീട് ഒരു പ്രാവശ്യം കൂടി ഞാന്‍ ആ വീട്ടില്‍ പോയി. അന്ന് കുറച്ചുകൂടെ മാന്യമായ സ്വീകരണമാണ് എനിക്ക് ലഭിച്ചത്. ആ വര്‍ഷം വലിയ ആഴ്ചയുമായി ബന്ധപ്പെട്ട് കുമ്പസാര ദിനത്തില്‍ കുമ്പസാരിക്കാന്‍ ഉള്ള ക്യൂവില്‍ ഈ വ്യക്തിയെ കണ്ടപ്പോള്‍ ഹൃദയം ഏറെ സന്തോഷിച്ചു. അതൊരു മടങ്ങിവരവായിരുന്നു.

പൗരോഹിത്യധാര്‍ഷ്ട്യം കാരണം ആളുകളെ വിശ്വാസത്തില്‍ നിന്ന് അറിഞ്ഞും അറിയാതെയും അകറ്റുന്ന പുരോഹിതരുണ്ട്. എനിക്ക് പരിചയമുള്ള ഒരു അച്ചന്‍ എല്ലാ കാര്യങ്ങളിലും വളരെ കൃത്യത പുലര്‍ത്തിയിരുന്ന ആളായിരുന്നു. അച്ചന്‍ വിശുദ്ധ ബലി തുടങ്ങുമ്പോള്‍ കപ്യാരോട് പറഞ്ഞ് ദേവാലയത്തലെ വാതിലുകളല്ലാം അടയ്ക്കും. വൈകി വരുന്നവര്‍ അകത്തു പ്രവേശിക്കുന്നത് അച്ചന് ഇഷ്ടമല്ല. വീട്ടിലെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ചെയ്തുതീര്‍ത്ത് ഏറെ വിശ്വാസത്തോടെ, താല്‍പര്യത്തോടെ വിശുദ്ധബലിക്കായി ഓടിയെത്തുന്നവരുടെ ആത്മീയ ജീവിതത്തില്‍ തടസ്സം നില്‍ക്കാന്‍ പുരോഹിതര്‍ ആരാണ്? ഒരു പുനര്‍വായന ആവശ്യമല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആടുകളെ തേടിപ്പോകുന്ന പേര് ചൊല്ലി വിളിക്കുന്ന ഇടയന്മാരെ സഭയ്ക്ക് ഇനിയും ആവശ്യമുണ്ട്.

  • (പാലാ രൂപത വൈദികനായി 53 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ നെല്ലിയാനി അഡോറേഷന്‍ കോണ്‍വെന്റ് ചാപ്ലിന്‍)

  • ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍

കുടുംബനവീകരണം ആയിരുന്നു എന്റെ മനസ്സും ശരീരവും ഞാന്‍ അര്‍പ്പിച്ചിരുന്ന അജപാലക മേഖല. കുടുംബങ്ങളുടെ സജീവ ത്വമാണ് ഇടവകയുടെ ശക്തി. അതുകൊണ്ടുതന്നെ അവരിലേക്ക് കടന്നുചെല്ലുന്ന ഭവന സന്ദര്‍ശനങ്ങള്‍, അവര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് എത്താനുള്ള ശ്രമങ്ങള്‍, അവര്‍ക്കുവേണ്ട നിര്‍ദേശം നല്‍കുന്ന കൗണ്‍സിലിംഗുകള്‍, കുടുംബ കൂട്ടായ്മകള്‍, അവരെ നയിക്കുന്നവര്‍ക്കുള്ള പരിശീലനങ്ങള്‍, ഇവയിലായിരുന്നു കൂടുതല്‍ കൂടുതല്‍ ഞാന്‍ ശ്രദ്ധ കൊടുത്തിരുന്നത്. എല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്നില്ലായിരുന്നു. ചെയ്യാന്‍ കഴിവുള്ള ഒരുപാടു പേരെ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. അവരെ ഏകോപിപ്പിച്ച് ഇതിനായി ഇടവകകളിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. ഒരുപാട് കഴിവുള്ളവരുമായി ചേര്‍ന്ന് കൂട്ടായിട്ടുള്ള പ്രവര്‍ത്തനം. അത് നല്‍കുന്ന സന്തോഷം. ഇവ അജപാലക ജീവിതത്തിന്റെ സൗന്ദര്യമാണ്.

ഇടവകയെ ഒന്നിപ്പിക്കുന്ന ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നവനാകണം വൈദികന്‍ എന്ന് തോന്നിയിട്ടുണ്ട്. ഇതിന് പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങള്‍ ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട്. ഞാന്‍ ഇരുന്നിട്ടുള്ള 12 ല്‍ എട്ടോളം ഇടവകകളിലും ഞാനീ ധ്യാനം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇരിക്കുന്ന സെന്റ് മേരിസ് കാരുകുന്നു പള്ളിയിലും ഇത് നടത്തുന്നുണ്ട്. അവയുടെ ഫലങ്ങള്‍ നമുക്ക് മുന്നില്‍ കാണാം. ആളുകള്‍ ഒരുപാട് ഇതിനുശേഷം പള്ളിയിലേക്ക് വരുന്നു, ആരാധനാക്രമങ്ങളിലും ഭക്തസംഘടനകളിലും സജീവമാകുന്നു, കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത്തരം ആത്മീയശൈലികളെ വൈദികര്‍ പ്രോത്സാഹിപ്പിക്കണം.

ഓരോ ഇടവകയില്‍ ചെല്ലുമ്പോള്‍ ആ ഇടവകയിലെ കുടുംബങ്ങളുടെ ഭാഗമാകുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മൂന്നു മക്കളുള്ള ഒരു കുടുംബത്തില്‍ നാലാമത്തെ മകനായി എന്നെ കണക്കാക്കണമെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

മറ്റൊന്ന് ഇടവകയില്‍ ഓരോ പദ്ധതിയും നടപ്പിലാക്കുമ്പോള്‍ ഇടവക ജനങ്ങളുമായിട്ട് നാം നടത്തേണ്ട സംഭാഷണമാണ്. അതുകൊണ്ടുതന്നെ അവരുടെ പക്കല്‍ നിന്ന് വിപരീത പ്രതികരണങ്ങള്‍ ഒന്നും എനിക്ക് ലഭിച്ചിട്ടില്ല. അതില്‍ തീര്‍ച്ചയായും ഒരു ദൈവാനുഗ്രഹവും ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അഥവാ നമ്മുടെ ആശയങ്ങളോട് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ അവരുടെ ആശയങ്ങളെ കേള്‍ക്കുവാനും സ്വീകരിക്കുവാനും തയ്യാറാകുമായിരുന്നു. അവയ്ക്ക് ഇന്നത്തെ കാലത്ത് ഇടവകയെ ഒന്നിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ട്.

ഓരോ ഇടവകയില്‍ ചെല്ലുമ്പോഴും ആ ഇടവകയിലെ കുടുംബങ്ങളുടെ ഭാഗമാകുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മൂന്നു മക്കളുള്ള ഒരു കുടുംബത്തില്‍ നാലാമത്തെ മകനായി എന്നെ കണക്കാക്കണമെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഉള്‍ചേരാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഭവന സന്ദര്‍ശനങ്ങള്‍, വൈകിട്ട് അല്‍മായര്‍ക്കൊപ്പം ദേവാലയത്തിലുള്ള സന്ധ്യാപ്രാര്‍ത്ഥന, ഇടവക ജനങ്ങളും ചേര്‍ന്നുള്ള സംസാരവും നടത്തവും ഇതൊക്കെ എന്റെ ആത്മീയതയുടെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഇടവക വൈദികന്റെ ഏകാന്തതയെന്നു പറയുന്നത് എനിക്ക് അനുഭവപ്പെട്ടിട്ടില്ല.

  • (കോതമംഗലം രൂപത വൈദികനായ ജോര്‍ജ് വള്ളോംകുന്നേല്‍ അച്ചന്‍ പന്ത്രണ്ടോളം ഇടവകകളില്‍ വികാരിയായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സെന്റ് മേരിസ് കാരുകുന്നം പള്ളിയിലെ വികാരി.)

  • ഫാ. ജോര്‍ജ് മംഗലന്‍

പൗരോഹിത്യത്തിന്റെ കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ 21 ഇടവകകളില്‍ ജോലി ചെയ്തു. ഇടവകവികാരിയായി മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. അതു ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുവരെ സ്വന്തമായി വാഹനം വാങ്ങിയില്ല. സ്വന്തമായി വാഹനമില്ലാത്തത് ജനസമ്പര്‍ക്കത്തിനു സഹായിക്കും എന്നാണ് എന്റെ അനുഭവം. ഓടുകയും പറക്കുകയും ചെയ്യുന്ന വൈദികരേക്കാള്‍ നടക്കുന്ന വൈദികര്‍ക്ക് ജനങ്ങളുമായി ബന്ധമുണ്ടാകും എന്നു തമാശയായി ഞാന്‍ പറയാറുണ്ട്. ദിവസവും അഞ്ചാറു കിലോമീറ്റര്‍ ഇന്നും കാല്‍നടയായി സഞ്ചരിക്കുന്ന ശീലമുണ്ട്. ജനസമ്പര്‍ക്കം ഒരു ഇടവകവികാരിക്ക് ഒഴിച്ചുകുടാനാകാത്തതാണ്. ജനങ്ങളുമായി ഇടപെട്ടു ജീവിക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതുപോലെ ഇടയന്മാര്‍ ആടുകളുടെ മണമുള്ളവരാകുക.

വാടകയ്ക്ക് താമസിക്കുന്ന കൂലിപ്പണിക്കാര്‍ പലപ്പോഴും വിഷമിപ്പിച്ചിട്ടുള്ള ഒരു കാഴ്ചയാണ്. വരുമാനത്തിന്റെ നല്ലൊരു ഭാഗം വാടകയായി പോകും. മാസാവസാനം വാടകയ്ക്കുവേണ്ടിയുള്ള അവരുടെ നെട്ടോട്ടം കാണുന്നതു വേദനാജനകമാണ്.

അവഗണിക്കപ്പെട്ടവരോട് പ്രത്യേക പരിഗണന കാണിക്കുവാന്‍ എല്ലാ ഇടവകകളിലും പരിശ്രമിച്ചിട്ടുണ്ട്. പൗരോഹിത്യ ജീവിതത്തിന്റെ തുടക്കത്തില്‍ തൃശ്ശൂര്‍ അതിരൂപതയിലെ മങ്ങാട് വികാരിയായിരിക്കുമ്പോള്‍ പരിചയപ്പെട്ട സഖറിയാസ് ഞാവള്ളില്‍ എന്ന അല്‍മായന്‍ പാവങ്ങളോട് പ്രത്യേക കരുണ കാണിക്കുന്ന കാര്യത്തില്‍ എനിക്ക് മാതൃക നല്‍കിയ വ്യക്തിത്വമാണ്. വാടകയ്ക്ക് താമസിക്കുന്ന കൂലിപ്പണിക്കാര്‍ പലപ്പോഴും വിഷമിപ്പിച്ചിട്ടുള്ള ഒരു കാഴ്ചയാണ്. വരുമാനത്തിന്റെ നല്ലൊരു ഭാഗം വാടകയായി പോകും. മാസാവസാനം വാടകയ്ക്കുവേണ്ടിയുള്ള അവരുടെ നെട്ടോട്ടം കാണുന്നതു വേദനാജനകമാണ്. അത്തരക്കാര്‍ക്ക് വാടകയില്ലാത്ത വാസസൗകര്യം ഒരുക്കാന്‍ പ്രത്യേക പരിശ്രമം നടത്തിയിട്ടുണ്ട്. 50 ലേറെ വീടുകള്‍ ഇത്തരം ആളുകള്‍ക്കായി പണിതു. സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോള്‍ വിറ്റുകളഞ്ഞാലോ എന്നു പേടിച്ച് ഇത് അവരുടെ പേരിലേക്ക് കൊടുത്തിട്ടില്ല. പക്ഷേ അവിടെ സൗജന്യമായി താമസിക്കാം. പൈതൃകസ്വത്തായി ലഭിച്ച ഭൂമിയും ഇതിനുവേണ്ടി ഉപയോഗിച്ചു. കഴിഞ്ഞ 46 വര്‍ഷവും വരുമാനത്തിന്റെ ദശാംശം ദരിദ്രര്‍ക്കായി നല്‍കിയിട്ടുണ്ട്.

സഭാ നിയമപ്രകാരമുള്ള കാനോന നമസ്‌കാരവും വ്യക്തിപരമായ പ്രാര്‍ത്ഥനകളും ജപമാലയും ഒരിക്കലും മുടക്കാറില്ല. മറ്റാരും ഇല്ലാത്ത സമയങ്ങളില്‍ ദേവാലയത്തിനുള്ളില്‍ നിന്ന് ഉറക്കെ ജപമാല ചൊല്ലുന്നതാണ് എന്റെ ശീലം.

  • (ഇരിങ്ങാലക്കുട രൂപതയിലെ കുഴിക്കാട്ടുശ്ശേരി ഇടവക വികാരി)

logo
Sathyadeepam Online
www.sathyadeepam.org