കേരളത്തില്‍ നടന്നത് ഒരു യഥാര്‍ത്ഥ നവോത്ഥാനം ആയിരുന്നോ? 14, 15 നൂറ്റാണ്ടുകളില്‍ മതത്തിന്റെ ആധിപത്യത്തില്‍ ക്ഷീണിച്ച് ഉറങ്ങിക്കിടന്നിരുന്ന യൂറോപ്പ്, പഴയ ഗ്രീക്ക് - റോമന്‍ സംസ്‌കാരത്തിന്റെയും അന്നത്തെയും കലാസാഹിത്യ ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ സ്വന്തം സംസ്‌കാരത്തെ പുനര്‍നിര്‍ണ്ണയിക്കാനും പുനര്‍ വ്യാഖ്യാനിക്കാനും പരിശ്രമിച്ച് യൂറോപ്പിന്റെ ജീവിതത്തിന് തന്നെ ഒരു പുതിയ അര്‍ത്ഥം നല്‍കാന്‍ വേണ്ടി നടത്തിയ ആ വലിയ പ്രസ്ഥാനത്തെയാണ് നമ്മള്‍ വാച്യാര്‍ത്ഥത്തില്‍, ക്ലിപ്തമായ അര്‍ത്ഥത്തില്‍ നവോത്ഥാനം എന്ന് പറയുന്നത്.
കേവലം 14, 15 നൂറ്റാണ്ടുകളില്‍ ഉണ്ടായ ഉണര്‍വിനെക്കുറിച്ച് മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ടു വരെ യൂറോപ്യന്‍ നാടുകളില്‍ ഉണ്ടായ ജാഗരണങ്ങള്‍ മുഴുവന്‍ ഇന്ന് നവോത്ഥാനത്തിന്റെ കണക്കിലാണ് വച്ചിട്ടുള്ളത്. മാര്‍ട്ടിന്‍ ലൂഥര്‍ കത്തോലിക്കാസഭയ്ക്ക് അകത്തു നിന്നുകൊണ്ട് ആരംഭിച്ച നവീകരണവിപ്ലവത്തെയും പലരും നവോത്ഥാനം എന്ന പേരുകൊണ്ട് അടയാളപ്പെടുത്തുന്നതായി നമുക്ക് കാണാന്‍ സാധിക്കും. സഭാ സംവിധാനത്തേക്കാളും പാരമ്പര്യത്തേക്കാളും ദൈവവചനത്തിനും വിശ്വാസികള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു നീക്കം ആയിരുന്നു അത് എന്നു പറയാം. അത് നവോത്ഥാനത്തിന്റെ ചില സ്വഭാവങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. റോമിലെ മാര്‍പാപ്പയാണ് ഈ ലോകത്തില്‍ നടക്കുന്ന എല്ലാ സത്യാന്വേഷണത്തിന്റെയും പരമമായ ഉത്തരം പറയേണ്ടത് എന്ന ഒരു സംസ്‌കൃതിയെ ലോകം അപ്പാടെ സ്വീകരിച്ചിരിക്കുന്ന ഒരു കാലഘട്ടത്തില്‍, വചനത്തിനാണ് സഭാ സംവിധാനത്തിനേക്കാള്‍ പ്രാധാന്യമുള്ളത്, വിശ്വാസികള്‍ക്കും ഹൈരാര്‍ക്കിയോടൊപ്പം പ്രാധാന്യമുണ്ട് എന്നു പറയുന്നത് ഒരു വലിയ വിപ്ലവമായി തോന്നിയതു കൊണ്ടാണ് അത് നവോത്ഥാനത്തിന്റെ കണക്കില്‍ രേഖപ്പെടുത്തുന്നത്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഫ്രഞ്ച് വിപ്ലവമൂല്യങ്ങള്‍ ജനാധിപത്യത്തിന്റെ തന്നെ അടിസ്ഥാന മൂലക്കല്ലുകള്‍ ആക്കി മാറിയതും നവോത്ഥാനത്തിന്റെ കണക്കില്‍ തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. നവോത്ഥാനത്തില്‍ വ്യക്തിക്കും ശാസ്ത്രത്തിനും യുക്തിക്കും സത്യത്തിനും നീതിക്കും സമത്വത്തിനും സാഹോദര്യത്തിനും പ്രാധാന്യമുണ്ട്. ഇതൊക്കെയാണ് നവോത്ഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍. കേരളത്തില്‍ നടന്ന നവോത്ഥാനത്തെ ഈ അര്‍ത്ഥത്തില്‍ നവോത്ഥാനം എന്ന് വിളിക്കാന്‍ സാധിക്കുമോ?
കേരളത്തില്‍ നടന്ന നവോത്ഥാനവും യൂറോപ്പില്‍ നടന്ന നവോത്ഥാനവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട് എന്നു ഞാന്‍ കരുതുന്നു. യൂറോപ്പിലെ നവോത്ഥാനം പതിനാലാം നൂറ്റാണ്ടില്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ട് വരെ നടന്നതാണെങ്കില്‍ കേരളത്തിലെ നവോത്ഥാനം പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ആയി നടന്ന ഒരു സംഭവമാണ്. കാലഘട്ടം മാറുമ്പോള്‍ തന്നെ വലിയ വിപ്ലവങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്കും അത് സ്വീകരിക്കുന്ന ജനങ്ങള്‍ക്കും മാറ്റം വന്നിട്ടുണ്ടാകും എന്നത് വ്യക്തമാണ്.
എന്നാല്‍ അതിനുമുമ്പുതന്നെ ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ ചില വിത്തുകള്‍ പാകപ്പെട്ടതും ഓര്‍ക്കുന്നു. പതിനേഴാം നൂറ്റാണ്ടില്‍ നമ്പൂതിരിമാരുടെ കുത്തകയാണല്ലോ ഇവിടെ ഉണ്ടായിരുന്നത്. സംസ്‌കൃതം അവരുടെ ഭാഷയായിരുന്നു. വേദങ്ങള്‍ സംസ്‌കൃതത്തില്‍ ആയിരുന്നു. അവര്‍ ഇവിടുത്തെ ഭരണത്തെ മുഴുവന്‍ സ്വാധീനിച്ചിരുന്നു. അവരുടെ ഭാഷ സ്വന്തമാക്കാന്‍ മറ്റാര്‍ക്കും സാധിക്കാതിരുന്ന കാലഘട്ടത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മറ്റുള്ള എല്ലാവര്‍ക്കും ഭാഷ സംലബ്ധമാകുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാക്കിയപ്പോള്‍ തന്നെ കേരളത്തിലെ നവോത്ഥാനത്തിന്റെ തുടക്കം സംഭവിച്ചു.
യൂറോപ്പില്‍ നടന്ന മത നവോത്ഥാനം മതത്തിനും ജാതിക്കും മീതെ യുക്തിക്കും ശാസ്ത്രത്തിനും മറ്റു മൂല്യങ്ങള്‍ക്കും പ്രാധാന്യം കൊടുത്തു കൊണ്ടാണ് നടന്നതെങ്കില്‍ അത്തരത്തിലുള്ള നീക്കങ്ങള്‍ ഇവിടെ നടന്നത് മതത്തിന്റെയും ജാതിയുടെയും കീഴിലായിരുന്നു. മതത്തിന്റെയും ജാതിയുടെയും നേതാക്കള്‍ തന്നെയാണ് ഇവിടെയുള്ള നവോത്ഥാന പ്രസ്ഥാനം എന്ന് നാം വിളിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളുടെയും അമരത്ത് ഉണ്ടായിരുന്നത്.
കോളനി വാഴ്ചയുടെ ഭാഗമായി ഇവിടെ പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും വന്നു. ഇവര്‍ നവീനമായ ഒരു വിദ്യാഭ്യാസ സമ്പ്രദായവും നീതിന്യായ വ്യവസ്ഥയും വേതന വ്യവസ്ഥയും കാര്‍ഷിക രീതികളും ഭൂപരിഷ്‌കരണവും അച്ചടിവിദ്യയുമെല്ലാം കൊണ്ടുവന്നു. എല്ലാം ഇങ്ങനെ മാറിയപ്പോള്‍ ഇവിടുത്തെ ഏറ്റവും വലിയ നവോത്ഥാനം നടന്നത് മത സാമൂഹിക അനാചാരങ്ങള്‍ക്കെതിരെയാണ്. ജാതി ചിന്ത, സഞ്ചാരസ്വാതന്ത്ര്യം, അയിത്തം, ക്ഷേത്രപ്രവേശനം, നരഹത്യ, സതി, ബഹുഭാര്യത്വം, അടിമത്വം തുടങ്ങിയ നിരവധി കാര്യങ്ങള്‍ക്കെതിരെ ആയിരുന്നു ഇവിടെ നടന്ന നവോത്ഥാനം.
നവോത്ഥാനത്തിന്റെ മറ്റൊരു രംഗം സാമ്പത്തിക, രാഷ്ട്രീയ മേഖലയായിരുന്നു. കരംപിരിവ് സമ്പ്രദായം മാറ്റി, ഭൂസ്വത്ത് കൈവശം വയ്ക്കുന്നതിലും അത് വിനിമയം ചെയ്യുന്നതിലുമുള്ള അനീതികള്‍ മാറ്റി, സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് നിയമനത്തിന് ഉണ്ടായിരുന്ന വിവേചനം മാറ്റി, നിയമസഭയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായ പ്രാധാന്യം ഉറപ്പാക്കി, വോട്ടവകാശം ചിലര്‍ക്കു മാത്രമല്ലെന്നും എല്ലാവര്‍ക്കും കൊടുക്കണമെന്നും പറഞ്ഞു. ഇങ്ങനെയുള്ള ഒരു സാമ്പത്തിക - രാഷ്ട്രീയ മുഖം കൂടി കേരളത്തിലെ നവോത്ഥാനത്തിന് ഉണ്ടായിരുന്നു.
അടുത്തത് വിദ്യാഭ്യാസ മേഖലയില്‍ വന്ന വലിയ മാറ്റമാണ്. കേരളത്തിലെ നവോത്ഥാനം എന്നത് മൂന്ന് മുഖങ്ങളിലായി വളര്‍ന്നു. ഒന്ന്, സാമൂഹിക രംഗങ്ങളിലുള്ള അനാചാരങ്ങള്‍ക്കെതിരെ. മറ്റൊന്ന്, സാമ്പത്തിക രാഷ്ട്രീയ മേഖലയിലുള്ള അനീതികള്‍ക്കെതിരെ. മൂന്ന്, വിദ്യാഭ്യാസ മേഖലയിലെ സമത്വത്തിനുവേണ്ടിയുള്ള പരിശ്രമം. ഇങ്ങനെ മൂന്ന് രംഗങ്ങളിലൂടെയാണ് കേരളത്തിലെ നവോത്ഥാനം നടന്നത്.
യൂറോപ്പില്‍ നടന്ന നവോത്ഥാനം സത്യം, സമത്വം, നീതി, വ്യക്തിബോധം, ശാസ്ത്രം, യുക്തി ഇങ്ങനെയുള്ള മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. അത് നടന്നത് മതത്തിന്റെയും ജാതിയുടെയും അധീനത്തില്‍ ആയിരുന്നില്ല. ഫ്രഞ്ച് വിപ്ലവം പ്രധാനമായും മതത്തിനെതിരെ ആയിരുന്നു. യൂറോപ്യന്‍ സെക്യുലറിസവും ഇന്ത്യന്‍ സെക്കുലറിസവും തമ്മിലുള്ള മാറ്റവും ഇതാണ്. മതത്തെയും ജാതിയെയും തൃണവല്‍ഗണിക്കുക മാത്രമല്ല പരമാവധി അടിച്ചു തകര്‍ക്കുക കൂടി ചെയ്തതിനുശേഷം വ്യക്തിയിലും ശാസ്ത്രത്തിലും യുക്തിയിലും കേന്ദ്രീകൃതമാകുന്ന ഒരു നവോത്ഥാനമാണ് യൂറോപ്പില്‍ നടന്നതെങ്കില്‍ കേരളത്തില്‍ നടന്നത് എന്തായിരുന്നു? ആദ്യം പറഞ്ഞ എല്ലാ പരിഷ്‌കാരങ്ങളും നടത്തിയത് മതത്തിന്റെയും ജാതിയുടെയും നേതാക്കള്‍ തന്നെയായിരുന്നു.
ശ്രീനാരായണ ഗുരു വരുന്നതിനു മുന്‍പ് ഡോക്ടര്‍ പല്‍പ്പു ഈഴവ മെമ്മോറിയല്‍ എന്ന പ്രസ്ഥാനം രൂപപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിക്കാതെ പോയപ്പോള്‍ സ്വാമി വിവേകാനന്ദനാണ് അദ്ദേഹത്തോടു പറഞ്ഞത്, കേരളത്തില്‍ ഒരു പ്രസ്ഥാനം വിജയിക്കണമെങ്കില്‍, ജനങ്ങളു ടെ പിന്തുണ കിട്ടണമെങ്കില്‍ ഈ നാട് അംഗീകരിക്കുന്ന ഒരു മത നേതാവിനെ കൂട്ടുപിടിക്കണം എന്ന്. അങ്ങനെയാണ് അദ്ദേഹം ശ്രീനാരായണഗുരുവിനെ വന്നു കാണുന്നത്. അദ്ദേഹത്തെപ്പോലെ ഗുരുസ്ഥാനത്ത് നില്‍ക്കുന്ന, കുത്തകമൂല്യമുള്ള ഒരാളെ മുന്‍നിര യില്‍ നിര്‍ത്തിയപ്പോഴാണ് ഈഴവര്‍ പോലും അതിനോട് സഹകരിച്ചത്. യൂറോപ്പില്‍ നടന്ന മത നവോത്ഥാനം മതത്തിനും ജാതിക്കും മീതെ യുക്തിക്കും ശാസ്ത്രത്തിനും മറ്റു മൂല്യങ്ങള്‍ക്കും പ്രാധാന്യം കൊടുത്തു കൊണ്ടാണ് നടന്നതെങ്കില്‍ അത്തരത്തിലുള്ള നീക്കങ്ങള്‍ ഇവിടെ നടന്നത് മതത്തിന്റെയും ജാതിയുടെയും കീഴിലായിരുന്നു. മതത്തിന്റെയും ജാതിയുടെയും നേതാക്കള്‍ തന്നെയാണ് ഇവിടെയുള്ള നവോത്ഥാന പ്രസ്ഥാനം എന്ന് നാം വിളിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളുടെയും അമരത്ത് ഉണ്ടായിരുന്നത്.
ഇവിടെ നടന്ന ഒരുപാട് സമരങ്ങള്‍ പലപ്പോഴും ഓരോ ജാതിയുടെയും ഓരോ മതത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. മതത്തിന്റെയും ജാതി സമുദായങ്ങളുടെയും താല്പര്യങ്ങള്‍ക്ക് അതീതമായി അവശതയും അനീതിയും അസമത്വവും അനുഭവിക്കുന്ന എല്ലാ ആളുകള്‍ക്കും വേണ്ടി ഫ്രഞ്ച് വിപ്ലവം അല്ലെങ്കില്‍ ജനാധിപത്യം കൊണ്ടുവന്ന മൂല്യങ്ങളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടല്ല പലപ്പോഴും ഇവിടെയുള്ള നവോത്ഥാനം എന്ന് നമ്മള്‍ വിളിക്കുന്ന സമരങ്ങള്‍ നടന്നിട്ടുള്ളത്. കേരള ഭരണത്തിന്റെ നേതൃത്വം മുഴുവന്‍ തമിഴ് ബ്രാഹ്മണരുടെ കൈകളില്‍ ആയിരുന്നതുകൊണ്ട് അതിനെതിരെ മലയാളി മെമ്മോറിയല്‍ ഉണ്ടാക്കിയപ്പോള്‍ ക്രിസ്ത്യാനികളും ഈഴവരും നായന്മാരും എല്ലാം ഒരുമിച്ചു നിന്നു. എന്നാല്‍ അതുകഴി ഞ്ഞ് ഈഴവ മെമ്മോറിയല്‍ വന്നപ്പോള്‍ അതില്‍ ക്രിസ്ത്യാനിക ളും മുസ്ലീങ്ങളും പരോക്ഷമായി സഹായിച്ചെങ്കിലും പ്രധാനമായും ഈഴവരുടേത് ആയിരുന്നു. പി ന്നീട് ശ്രീനാരായണഗുരുവും ഡോക്ടര്‍ പല്‍പ്പുവും കുമാരനാശാനും കൂടി എസ് എന്‍ ഡി പി ഉണ്ടാക്കിയത് ഈഴവരുടെ സമുദ്ധാരണത്തിന് വേണ്ടിയായിരുന്നു. ഓരോ പ്രസ്ഥാനങ്ങളും സമരങ്ങളും രാഷ്ട്രീയ സാമൂഹിക സംഘടനകളും ഇവിടെ രൂപപ്പെട്ടത് ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ നേതാക്കളുടെ കീഴില്‍, അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയായിരുന്നു. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത് കീഴാള വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയായിരുന്നു. കേരളത്തില്‍ നടന്ന നവോത്ഥാനം യൂറോപ്യന്‍ നവോത്ഥാനം പോലെയല്ല എന്ന് ചിന്തിക്കുന്നതിന് പ്രധാനപ്പെട്ട കാരണങ്ങള്‍ ഇതൊക്കെയാണ്.
നവോത്ഥാന പരിശ്രമങ്ങളിലൂടെ കേരളത്തില്‍ ജാതിയും മതവും കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു. ജാതിയും മതവും സമ്മര്‍ദ രാഷ്ട്രീയത്തിന്റെ കരുക്കളായി മാറുന്ന ഒരു അനുഭവമാണ് കേരളത്തില്‍ ഉണ്ടായത്.
വാസ്തവത്തില്‍ ഇന്ന് ഒരു പിന്‍മടക്കം കേരളത്തിലെ നവോത്ഥാനത്തില്‍ കൂടിവരുന്നുണ്ടെങ്കില്‍ അതിന് കാരണം പാശ്ചാത്യ നാടുകളില്‍ നടന്നതു പോലെയുള്ള ഒരു നവോത്ഥാനം അല്ല കേരളത്തില്‍ നടന്നത് എന്നതു തന്നെയാണ്. നവോത്ഥാന പരിശ്രമങ്ങളിലൂടെ കേരളത്തില്‍ ജാതിയും മതവും കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു. ജാതിയും മതവും സമ്മര്‍ദ രാഷ്ട്രീയത്തിന്റെ കരുക്കളായി മാറുന്ന ഒരു അനുഭവമാണ് കേരളത്തില്‍ ഉണ്ടായത്. ഓരോരുത്തരും അവരവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ശണ്ഠ കൂടുന്ന, മറ്റുള്ളവരെ പാരവയ്ക്കുന്ന, തന്റെ കാര്യം നേടിയെടുക്കുന്ന വര്‍ഗീയമായ മുഖം കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങള്‍ക്കുണ്ടായിരുന്നു എന്നത് നിഷേധിക്കാന്‍ സാധിക്കില്ല.
ആദ്യം ഹിന്ദു സമുദായത്തില്‍ നടന്ന കാര്യങ്ങള്‍ ഒന്ന് പരിശോധിക്കാം. കേരളത്തിലെ ഹൈന്ദവസമൂഹത്തില്‍ ഈ പിന്‍മടക്കം സാധ്യമാകുന്നത് ന്യൂനപക്ഷ ഭൂരിപക്ഷ സമൂഹങ്ങള്‍ തമ്മിലുള്ള മത്സരജനകമായ സമവാക്യം മൂലമാണ്. ഇവിടുത്തെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചുനിന്നാല്‍ അവര്‍ വിചാരിച്ച ആളുകളെ ഭരണത്തില്‍ എത്തിക്കാന്‍ സാധിക്കും എന്ന് ഹിന്ദു - ആര്‍ എസ് എസ് രാഷ്ട്രീയ അപഗ്രഥന വിദഗ്ധര്‍ക്ക് അറിയാം. ഇടതുമുന്നണിയിലും വലതുമുന്നണിയിലും ഈ രണ്ടു വിഭാഗക്കാരുണ്ട്. ഏതില്‍ നിന്നാലും ഭരണത്തെ നിയന്ത്രിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഹിന്ദു വര്‍ഗീയഭരണം ഇവിടെ വരണമെങ്കില്‍ ഇസ്ലാം - ക്രിസ്ത്യന്‍ ഭിന്നിപ്പ് ഉണ്ടാകണം. ഇത് അവര്‍ക്ക് വ്യക്തമായി അറിയാം. അതു തടയുന്ന വലിയ ശക്തി ഇവിടത്തെ ഇടതുപക്ഷമാണ്. ആര്‍ എസ് എസിനെതിരെയുള്ള ശക്തമായ പ്രഭാഷണങ്ങളും താഴെക്കിടയിലുള്ള ബോധവല്‍ക്കരണങ്ങളും നടത്തി വരാന്‍ പോകുന്ന വലിയ വിപത്തിനെ, 'ഇന്നു മണിപ്പൂര്‍ നാളെ കേരളം' എന്ന കാര്യത്തെ ഓര്‍മ്മിപ്പിക്കാന്‍ അവര്‍ ഇന്നും വളരെ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ആര്‍ എസ് എസിനെ കുറിച്ച് ഡോക്ടറേറ്റ് ചെയ്ത ആള്‍ എന്ന നിലയില്‍ ഈ യാഥാര്‍ത്ഥ്യം ഞാന്‍ വളരെ മുന്‍പേ പറഞ്ഞുകൊണ്ടിരുന്നതാണ്.
കേരളത്തില്‍ വാസ്തവത്തില്‍ ഹിന്ദു വര്‍ഗീയതയിലേക്കുള്ള പിന്‍മടക്കം ആരംഭിച്ചത് 1942-ല്‍ തന്നെയാണ്. ബി എം എസ് ആ കൊല്ലം കോഴിക്കോട് വന്നു. ശങ്കര്‍ ശാസ്ത്രി ഭാസ്‌കര്‍ റാവു എന്നിവര്‍ 1947 ല്‍ വന്നു. മധുകര്‍ റാവു തിരുവനന്തപുരത്തു വന്നു. ഇവരെല്ലാം പ്രചാരകന്മാരായിരുന്നു. ആര്‍ ഹരിയെ കുറിച്ചോ പി പരമേശ്വരനെ കുറിച്ചോ ഒക്കെ നിങ്ങള്‍ കേട്ടു കാണും. ഇവര്‍ മരിച്ചിട്ട് അധികമായില്ല. ഇവരൊക്കെ വലിയ താത്വിക ആചാര്യന്മാരായിരുന്നു. ഇവര്‍ കേരളത്തില്‍ ഹിന്ദുക്കളോട് പറഞ്ഞുകൊണ്ടിരുന്ന കാര്യം, ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം, ഹിന്ദുക്കള്‍ ഒരുമിച്ച് നിന്നാല്‍ രക്ഷപ്പെടാന്‍ സാധിക്കും എന്നാണ്. അതിനുവേണ്ടി 1949 ല്‍ തന്നെ ഇവര്‍ ഹിന്ദു മഹാമണ്ഡലം ഉണ്ടാക്കിയിരുന്നു. എന്‍ എസ് എസ്സിന്റെ നേതാവായിരുന്ന മന്നത്ത് പത്മനാഭനെയും എസ് എന്‍ ഡി പി നേതാവായിരുന്ന ശങ്കറിനെയും ഒരുമിച്ചുകൂട്ടി 18 അംഗ സമിതി അവര്‍ രൂപീകരിച്ചു മദ്യവിരുദ്ധ സമിതിയുടെ വലിയ നേതാവായിരുന്ന എം പി മന്മഥന്‍ സാര്‍ ഒക്കെ അതില്‍ ഉണ്ടായിരുന്നു.
1950 ല്‍ കേരളത്തിലെ ഹിന്ദുക്കളുടെ വികാരം ഉണര്‍ത്താന്‍ പറ്റുമോ എന്ന് അറിയാന്‍ വേണ്ടി ശബരിമല ക്ഷേത്രത്തിലെ തീവയ്പ് ഉപയോഗിച്ചു. അത് ചില ക്രിസ്ത്യന്‍ പാതിരിമാരും പ്രമാണിമാരും ആണ് ചെയ്തത് എന്നൊരു കിംവദന്തി ഇളക്കി വിട്ടു. പക്ഷേ അതിനോട് ക്രിസ്ത്യാനികള്‍ വളരെ തണുത്ത രീതിയിലാണ് പ്രതികരിച്ചത്. അന്നത്തെ അഭിവന്ദ്യ പിതാക്കന്മാര്‍ ഇതൊരു തന്ത്രമാണെന്ന് ബുദ്ധിപൂര്‍വം മനസ്സിലാക്കുകയും നിഷേധാത്മകമായ രീതിയില്‍ പ്രതികരിക്കാതെ, ക്രിയാത്മകമായി മാത്രം പ്രതികരിച്ചു കൊണ്ട് അത് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ 1967 മലപ്പുറം ഒരു ജില്ലയാക്കണമെന്ന് മുസ്ലീങ്ങള്‍ വാദിച്ചതിനെതിരെ ഇവര്‍ രംഗത്തു വന്നു. അത് പച്ച പിടിച്ചു. അന്നാണ് വടക്കന്‍ കേരളത്തില്‍ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചത്. പിന്നീട് ഒരു പരിശ്രമം നടന്നത് നിലയ്ക്കല്‍ പ്രശ്‌നത്തിലാണ്. അന്നും നമ്മുടെ പിതാക്കന്മാര്‍ വളരെ അവധാന പൂര്‍വം, ക്രിസ്തീയമായ രീതിയില്‍, ഊതി വീര്‍പ്പിക്കാതെ കരുണാകരനും മറ്റുമായി സംസാരിച്ചു നല്ല രീതിയില്‍ അത് അവസാനിപ്പിക്കുകയാണ് ഉണ്ടായത്. ഇവിടെ എന്നും ആര്‍ എസ് എസുകാരുടെ ഇത്തരം ശ്രമങ്ങള്‍ ഒന്നും വിജയിക്കാതെ പോയത് പക്വതയുള്ള ജനങ്ങള്‍ ഇവിടെയുള്ളതുകൊണ്ടാണ്.
(അടുത്ത ലക്കത്തില്‍ തുടരും)