പുനര്‍ജനിയിലേയ്ക്ക്

പുനര്‍ജനിയിലേയ്ക്ക്
Published on
ദൈവത്തില്‍ നിന്ന് വന്ന് ദൈവത്തിലേയ്ക്ക് തിരിച്ചു പോകുന്നതിനിടയിലുള്ള ഒരു ഹ്രസ്വമായ ഇടവേളയാണ് ജീവിതം. ഈ ഹ്രസ്വമായ ജീവിത ഇടവേളയില്‍ നമ്മള്‍ കണ്ടുമുട്ടുന്നവരില്‍ സ്‌നേഹത്തിന്റെ വിരലടയാളങ്ങള്‍ അവശേഷിപ്പിച്ചു കടന്നുപോകാന്‍ നമ്മള്‍ക്ക് സാധിച്ചാല്‍ ഈ ജീവിതം ധന്യം സഫലം.

മരണം അടര്‍ത്തിയെടുത്തു കൊണ്ടുപോയ പ്രിയപ്പെട്ടവരെ കുറിച്ചാണ് കഴിഞ്ഞ ഏതാനും നാളുകള്‍ ചിന്തിച്ചതത്രയും. കഴിഞ്ഞുപോയ വര്‍ഷം അപ്രതീക്ഷിത വേര്‍പാടുകളുടെ വര്‍ഷമായിരുന്നു. ഏറെ സ്‌നേഹിച്ചവര്‍ ഒരു യാത്ര പോലും പറയാനാകാതെ മരണത്തിന്റെ വിരല്‍പിടിച്ച് കാല യവനികയിലേയ്ക്ക് നടന്നു മറഞ്ഞു പോയി. മനുഷ്യജീവിതത്തിന്റെ ക്ഷണികതയും നശ്വരതയും, നിത്യതയിലേയ്ക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പും ഒക്കെ വളരെ മനോഹരമായി ബൈബിളില്‍ സുവിശേഷകന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും, മരണം എന്ന പ്രഹേളികയെ മനസ്സുകൊണ്ട് നമ്മള്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ബൈബിളിലെ വിലാപങ്ങളുടെ പുസ്ത കത്തില്‍ ഇപ്രകാരം പറയുന്നുണ്ട്: 'അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിന് അനുസൃതമായി ദയ കാണിക്കും' (വിലാപങ്ങള്‍ 3:23). എന്തുകൊണ്ടാണ് മരണം ഇത്രയേറെ വേദനാജനകമാകുന്നത്? ഉത്തരം വളരെ ലളിതമാണ് മരണം എന്നും ബാക്കിവെയ്ക്കുന്നത് നികത്താനാകാത്ത ഒരു ശൂന്യതയാണ്. നമ്മളില്‍ നിന്ന് വേര്‍പ്പെട്ടു പോയവര്‍ ബാക്കിയാക്കുന്ന ശൂന്യതകള്‍. ഞാന്‍ കുട്ടിയായിരുന്നപ്പോളാണ് എന്റെ അപ്പാപ്പന്‍ മരണപ്പെടുന്നത്. ഏറെ നാള്‍ രോഗബാധിതനായി കിടന്ന് അപ്പാപ്പന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞ് പോയി. മരണശേഷം കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് അപ്പാപ്പന്റെ പെട്ടി തുറന്ന് നോക്കിയപ്പോളാണ്, ഇനിയൊരിക്കലും അപ്പാപ്പന്‍ ഉപയോഗിക്കില്ലാത്ത വസ്ത്രങ്ങളും പുസ്തകങ്ങളും കണ്ണാടിക്കൂടുമൊക്കെ വീണ്ടും കാണുന്നത്. അവയൊന്നും ഇനിയൊരിക്കലും ഉപയോഗിക്കപ്പെടില്ല എന്ന തിരിച്ചറിവും അവ ഉണര്‍ത്തിവിട്ട അപ്പാപ്പന്റെ ഗന്ധവും ഇന്നും മനസ്സിലുണ്ട്. 'അപ്പാപ്പാ' എന്ന് വിളിക്കാന്‍, വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ അങ്ങനെയൊരാള്‍ ഇല്ലെന്നുള്ള നോവ് ഇപ്പോഴും മനസ്സിലുണ്ട്. ആ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍ക്ക് ചെറുപ്പമാണ്. മുപ്പത് വര്‍ഷത്തിനിപ്പുറം ആ കല്ലറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അപ്പാപ്പനെ ഒരിക്കല്‍ കൂടി ഒന്ന് കാണാന്‍ സാധിച്ചെങ്കില്‍ എന്നോര്‍ത്ത് കണ്ണ് നിറയും.

മരണം ഏറെ വേദനാജനകമാണെങ്കില്‍ പോലും ഒന്നാലോചിച്ചാല്‍ മരണവും ആഘോഷിക്കപ്പടേണ്ടതല്ലേ? 'എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോവാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്‌നേഹിച്ചു' (യോഹ. 3:16) എത്ര മനോഹരമായ ഒരു ദൈവ വചനമാണിത്. നമ്മളെ ഇത്ര നിസ്സീമമായി അളവില്ലാതെ സ്‌നേഹിക്കുന്ന ഒരു ദൈവത്തിന്റെ അടുക്കലേയ്ക്കുള്ള ഒരു മടക്കയാത്ര... മരണം യഥാര്‍ത്ഥത്തില്‍ അത്രയല്ലേ ഉള്ളൂ. നമ്മള്‍ക്ക് അനശ്വരമായ ജീവന്‍ ലഭിക്കാന്‍ വേണ്ടി സ്വന്തം പുത്രന്റെ ആത്മബലിയിലൂടെ അത് പ്രാപ്യമാക്കി തന്ന ദൈവം, ആ ദൈവത്തിലേയ്ക്കുള്ള മടക്കയാത്രയെ നമ്മള്‍ സന്തോഷത്തോടെയല്ലേ നോക്കി കാണേണ്ടത്. എനിക്ക് തോന്നുന്നത് നമ്മള്‍ മരണത്തെയല്ല ഭയപ്പെടുന്നത് മറിച്ച് മരണത്തിന് ശേഷം എന്ത് സംഭവിക്കും എന്നറിയാത്തതിന്റെ ആശങ്കകളെയാണ് ഭയക്കുന്നത് എന്ന്. നമ്മള്‍ ജീവിക്കുന്ന ഓരോ നിമിഷം എന്ത് ചെയ്യണം/ ചെയ്യണ്ട എന്ന് കൃത്യമായി ചിട്ടപ്പെടുത്തി ജീവിച്ചിട്ട്, ഒരു ദിവസം അറിയാത്ത ഒരു ലക്ഷ്യത്തിലേയ്ക്ക് ഉള്ള ഒരു മടക്കയാത്ര നമ്മളില്‍ ഭീതിയുണര്‍ത്തും തീര്‍ച്ച. പലപ്പോഴും മരണത്തിന് ശേഷം നമ്മുടെ കര്‍മങ്ങളുടെ അല്ലെങ്കില്‍ നന്മതിന്മകളുടെ കണക്കു പുസ്തകത്തില്‍ (balance Sheet) ബാദ്ധ്യതകളായിരിക്കുമോ (liabilitiy) കൂടുതല്‍ എന്നുള്ള ഭയമാകാം. കുഞ്ഞുനാളില്‍ കേട്ടു തഴമ്പിച്ച ഉപദേശങ്ങളില്‍ ഒന്നായിരുന്നു നല്ല കുട്ടിയായി ജീവിച്ചില്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന്, പക്ഷേ യഥാര്‍ത്ഥത്തില്‍ നമ്മുടെ ദൈവം അത്ര കാര്‍ക്കശ്യം നിറഞ്ഞ ഒരു ദൈവമാണോ? നമ്മുടെ ശരിതെറ്റുകളുടെ ത്രാസു തൂക്കി നോക്കി തെറ്റുകളുടെ ത്രാസ് താണിട്ടുണ്ടെങ്കില്‍ ശിക്ഷിക്കുന്ന ഒരു ദൈവമാണോ? മറിച്ച് സ്വന്തം പുത്രന്റെ ജീവനെക്കാളേറെ, നമ്മളെ വില മതിച്ച ഏറെ സ്‌നേഹനിധിയായ ഒരു ദൈവമല്ലേ നമ്മുടേത്. നമ്മളില്‍ ഒരാളും നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ വേണ്ടി സ്വന്തം പുത്രന്റെ ബലി കൊണ്ട് നമ്മള്‍ക്ക് നിത്യജീവന്‍ നല്‍കിയ ഏറ്റവും സ്‌നേഹമുള്ള ഒരു പിതാവ്. അങ്ങനെയുള്ള ഒരു പിതാവിന്റെ അടുക്കലേയ്ക്ക് ഉള്ള മടക്കയാത്ര അതല്ലേ യഥാര്‍ത്ഥ്യത്തില്‍ മരണം. എവിടെയോ വായിച്ചതോര്‍ക്കുന്നു 'ദൈവത്തില്‍ നിന്ന് വന്ന് ദൈവത്തിലേയ്ക്ക് തിരിച്ചു പോകുന്നതിനിടയിലുള്ള ഒരു ഹ്രസ്വമായ ഇടവേളയാണ് ജീവിതം. ഈ ഹ്രസ്വമായ ജീവിത ഇടവേളയില്‍ നമ്മള്‍ കണ്ടുമുട്ടുന്നവരില്‍ സ്‌നേഹത്തിന്റെ വിരലടയാളങ്ങള്‍ അവശേഷിപ്പിച്ചു കടന്നുപോകാന്‍ നമ്മള്‍ക്ക് സാധിച്ചാല്‍ ഈ ജീവിതം ധന്യം സഫലം.

മരണശേഷം എന്ത് സംഭവിക്കുമെന്നതിനെ പറ്റി നിക്കോള ലിന്‍ഡ്‌സെ (Nicola Lindsay) എഴുതിയ രസകരമായ ഒരു കഥ ഓര്‍ക്കുകയാണ്. 'Driving through the clouds' എന്ന കഥയിലെ പ്രധാന കഥാപാത്രം അര്‍ബുദ ബാധിതയായി മരിച്ച ഒരമ്മയാണ്... ജീവിതത്തില്‍ തികച്ചും ഒറ്റപ്പെട്ടുപോയ ആ സ്ത്രീ തന്റെ മരണത്തെ വളരെ സന്തോഷത്തോടെയാണ് വരവേല്‍ക്കുന്നത്. അരൂപിയായ അവര്‍ തന്റെ കുടുംബത്തിന്റെ അറ്റുപോയ കണ്ണികളെ വീണ്ടും ഒന്നാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ ഇതിവൃത്തം. കഥയില്‍ അവര്‍ വേദനയോടെ താന്‍ നഷ്ടമാക്കിക്കളഞ്ഞ നിമിഷങ്ങളും, തന്റെ കുടുംബത്തെ ചേര്‍ത്തു പിടിക്കാന്‍ കിട്ടിയ അവസരങ്ങളെയും നഷ്ടമാക്കിയതിനെയോര്‍ത്ത് പരിതപിക്കുന്നുണ്ട്. പൊട്ടിയ സ്‌നേഹചരടുകള്‍ ചേര്‍ത്തുവെച്ചിട്ട് നമ്മള്‍ക്കറിയാത്ത മറ്റൊരു ലോകത്തിലേയ്ക്ക് അവര്‍ യാത്രയാകുന്നിടത്ത് കഥ അവസാനിക്കുന്നു.

രണ്ടേ രണ്ടു സനാതന സത്യങ്ങളേ ഉള്ളൂ, അത് ജനനവും മരണവും ആണ്. ഒരു കുഞ്ഞ് ജനിക്കുന്ന അന്ന് മുതല്‍ അവന്‍ തന്റെ മരണത്തിലേയ്ക്കുള്ള യാത്ര തുടങ്ങുകയാണ്. യേശുക്രിസ്തുവിന്റെ ജനനസമയത്ത് അവിടുത്തെ കാണാന്‍ വന്ന പൗരസ്ത്യ രാജാക്കന്‍മാര്‍ കാഴ്ചവെച്ച കാണിക്കകളില്‍ അവിടുത്തെ മരണത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുണ്ട്. പൊന്നും കുന്തിരിക്കവും മീറയും കാഴ്ച വെച്ചു മടങ്ങിയ അവര്‍, ക്രിസ്തുവിന്റെ രാജ്യത്വവും ദൈവത്വവും മാനുഷികതയും ആണ് പ്രഘോഷിച്ചത്. സ്വര്‍ഗത്തില്‍ നിന്ന് വന്ന ദൈവപുത്രന്‍ മര്‍ത്യരായ നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കും എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍. തന്റെ മരണം വഴി നമ്മള്‍ക്ക് നിത്യജീവന്‍ പകര്‍ന്നു തന്നവനാണ് യേശുക്രിസ്തു. നമ്മുടെയൊക്കെ ജീവിതോദ്ദേശ്യവും അത് തന്നെയാകണം. നമ്മളാല്‍ ആകുന്ന നന്മയുടെ വിത്തുകള്‍ പാകി കടന്നുപോകുക. നശ്വരമായവ വെട്ടിപ്പിടിക്കാന്‍ ഉള്ള വ്യഗ്രതയില്‍ അനശ്വരതയിലെ സമ്മാനങ്ങള്‍ നമ്മള്‍ കാണാതെ പോകരുത്.

കുഞ്ഞുനാളില്‍ എന്റെ അമ്മ പറയുമായിരുന്നു, നമ്മുടെ മരണ സമയത്ത് നമ്മുടെ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പെട്ടു യാത്രയാകുമ്പോള്‍ ഏറെ വേദനിക്കും പോലും, അപ്പോള്‍ മുന്‍പേ മരിച്ചു പോയ ബന്ധുക്കളും യൗസേപ്പിതാവും മാതാവും ഈശോയമൊക്കെ വരുമത്രെ, നമ്മുടെ ആത്മാവിനെ കൂട്ടിക്കൊണ്ടു പോകാന്‍. നമ്മുടെ മരണ സമയത്തെ പ്രാര്‍ത്ഥന പോലും അങ്ങനെയല്ലേ 'ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിനു തുണയായിരിക്കണമേ' എന്ന്. മരണത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ നമ്മുടെ ജീവിതത്തില്‍ എന്നും ഉണ്ടായിരിക്കണം എന്ന് എന്നെ പഠിപ്പിച്ച മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു... എന്റെ അമ്മാമ്മ. എല്ലാ ദിവസവും ജീവിതത്തിന്റെ അവസാന ദിവസമാണ് എന്ന് ഓര്‍മ്മിച്ചാകണം ജീവിക്കേണ്ടത് എന്ന് അമ്മാമ്മ എന്നും ഓര്‍മ്മപ്പെടുത്തുമായിരുന്നു. 'ഉത്കണ്ഠ മൂലം ആയുസ്സിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ? (മത്തായി 6:22) ഈ വചനം നമ്മളെ ഓര്‍മ്മിപ്പിക്കുന്നതും മര്‍ത്യ ജീവിതത്തിന്റെ ജഡികതയാണ്.

ഒരു ഇംഗ്ലീഷ് സിനിമയില്‍ രോഗബാധിതയായ ഒരമ്മ തന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്നറിയുമ്പോള്‍ തന്റെ കുഞ്ഞുങ്ങളോട് യാത്ര പറയുന്ന ഒരു രംഗമുണ്ട്. അവരുടെ നാലുവയസ്സുള്ള മകനു അമ്മയുടെ അസുഖത്തിന്റെ തീവ്രതയൊന്നും അറിയില്ലെങ്കിലും അവന്‍ ആ അമ്മയോട് ചോദിക്കുന്നുണ്ട് 'അമ്മ മരിച്ചു കഴിഞ്ഞാല്‍ പിന്നെ, ഞാന്‍ അമ്മയെ എങ്ങനെ കാണും' എന്ന്? അതിന് ആ അമ്മ വളരെ ഹൃദയസ്പര്‍ശിയായ മറുപടി ആണ് നല്‍കുന്നത് 'ഞാന്‍ എന്നും നിന്റെ ഹൃദയത്തില്‍ ഉണ്ടാവും, നിന്റെ ഓര്‍മ്മകളില്‍ ഉണ്ടാവും, പിന്നെ നമ്മള്‍ക്ക് കാണണമെന്ന് തോന്നുമ്പോളൊക്കെ നമ്മള്‍ക്ക് സ്വപ്നങ്ങളില്‍ കണ്ടുമുട്ടാമല്ലോ എന്ന്.' പ്രശസ്ത എഴുത്തുകാരന്‍ George Elliott പറഞ്ഞതു പോലെ 'Our dead are never dead to us, until we have forgotten.' അതെ ഓര്‍മ്മകളുള്ളിടത്തോളം കാലം നമ്മുടെ പ്രിയപ്പെട്ടവരൊന്നും നമ്മളില്‍ നിന്നും മാഞ്ഞു പോകുന്നേയില്ല. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തില്‍ തുമ്പികളായ് വിരുന്നു വരുന്ന ആത്മാക്കളെ പറ്റി പറയുന്നുണ്ട്. അതെ അവര്‍ തുമ്പികളായ് പുനര്‍ജനിച്ച് ഒരു പക്ഷേ നമ്മള്‍ക്ക് ചുറ്റിലും നനുത്ത ചിറകുകള്‍ വീശി പാറിപ്പറന്നു നടക്കുന്നുണ്ടാകും.

ഹാരിപോട്ടര്‍ സിനിമയിലെ മരണത്തെ പറ്റി പറയുന്ന ഒരു കഥ പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ഞാന്‍ ചുരുക്കട്ടെ. ഒരിടത്ത് മൂന്ന് സഹോദരങ്ങളുണ്ടായിരുന്നു, മന്ത്രവിദ്യകളില്‍ നിപുണരായിരുന്ന അവര്‍ ഒരിക്കല്‍ ഒരു യാത്ര പുറപ്പെട്ടു. യാത്രാമദ്ധ്യേ അവര്‍ക്ക് ഒരു നദി കടക്കേണ്ടിയിരുന്നു. സാധാരണ ആ നദി നീന്തിക്കടക്കാന്‍ ശ്രമിക്കുന്നവര്‍ മരണപ്പെടുകയാണ് ഉള്ളത്. ആ സഹോദരങ്ങള്‍ അവരുടെ മന്ത്രസിദ്ധി കൊണ്ട് ആ നദിക്ക് കുറുകെ ഒരു പാലം നിര്‍മ്മിച്ചു. സഹോദരങ്ങളുടെ ഈ പ്രവൃത്തി കണ്ടുകൊണ്ട് മരണം മറുകരയില്‍ നില്‍പുണ്ടായിരുന്നു. തന്നെ തോല്‍പിച്ച ആ മൂന്ന് സഹോദരങ്ങളോട് മരണത്തിന് കഠിനമായ ദേഷ്യം തോന്നിയെങ്കിലും, കൗശലപൂര്‍വ്വം മരണം അവര്‍ക്ക് മുന്നില്‍ പരാജിതനായി അഭിനയിച്ചുകൊണ്ട് അവര്‍ക്ക് മൂന്ന് പേര്‍ക്കും ഓരോ വരം കൊടുത്തു. മൂത്ത സഹോദരന്‍ തനിക്ക് കൂടുതല്‍ മാന്ത്രിക ശക്തിയും, രണ്ടാമന്‍ മരിച്ചവരെ ഉയിര്‍പ്പിക്കാനുള്ള വരവുമാണ് ചോദിച്ചത്. മൂന്നാമന്‍ പക്ഷേ മരണത്തിന്റെ invisibility cloak ആണ് ചോദിച്ചത്. മൂത്ത രണ്ട് സഹോദരങ്ങള്‍ തങ്ങളുടെ വരങ്ങള്‍ ശരിക്കും ഉപയോഗിക്കാന്‍ സാധിക്കാതെ മരണത്തിനു കീഴടങ്ങി. മൂന്നാമത്തെ സഹോദരനെ മരണത്തിന് പിന്നീട് കാണാന്‍ സാധിച്ചതുമില്ല. അവസാനം ഏറെ സന്തോഷപ്രദമായ തന്റെ ജീവിതസന്ധ്യയില്‍ ആ invisibility cloak തന്റെ മകനു സമ്മാനിച്ചിട്ട് ആ മൂന്നാമത്തെ സഹോദരന്‍ മരണത്തെ തന്റെ ഒരു സുഹൃത്തിനെപ്പോലെ എതിരേറ്റ് കൊണ്ട് കടന്നുപോയി.

വിശുദ്ധരുടെയും പുണ്യാത്മാക്കളുടെയും ജീവിതം നമ്മള്‍ക്ക് മുന്നില്‍ വരച്ചിടുന്നതും മരണത്തെ സന്തോഷപൂര്‍വ്വം കാത്തിരിക്കുന്നവരുടെ ചിത്രങ്ങളാണ്. വിഖ്യാത എഴുത്തുകാരി J.K. Rowling പറഞ്ഞത് പോലെ 'Death is just life's next big adventure.' ബൃഹദാരണ്യക ഉപനിഷത്തില്‍ നിന്ന് ഒരു വരി ഇവിടെ ചേര്‍ക്കട്ടെ

'മൃത്യോമാ അമൃതംഗമയ'

മരണത്തില്‍ നിന്നും നിത്യതയിലേയ്ക്ക് ഭവാന്‍ എന്നെ നയിച്ചാലും. അതെ മരണം കേവലം നിത്യതയിലേയ്ക്കുള്ള ഒരു യാത്ര മാത്രമാണ്. ആ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയാകാട്ടെ നമ്മുടെ ജീവിതവും.

മരണം നമ്മളില്‍ നിന്നും വേര്‍പ്പെടുത്തിയ എല്ലാവര്‍ക്കും വേണ്ടി സമര്‍പ്പണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org