റിപ്പബ്ലിക്ക്: പ്രജയും പൗരനും

റിപ്പബ്ലിക്ക്: പ്രജയും പൗരനും

എം.എന്‍.കാരശ്ശേരി

'റിപ്പബ്ലിക്ക്' എന്ന പദത്തിന് ജനങ്ങള്‍ക്ക് പരമാധികാരമുള്ള രാഷ്ട്രം എന്നാണര്‍ത്ഥം. നമ്മുടെ ഇന്ത്യന്‍ യൂണിയന്‍ 'റിപ്പബ്ലിക്ക്' ആണ്. ഇവിടെ നിയമനിര്‍മ്മാണം, ഭരണ നിര്‍വ്വഹണം, നീതിന്യായ വ്യവസ്ഥ മുതലായവയിലെല്ലാം അന്തിമമായി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ഇന്ത്യന്‍ പൗരന്മാര്‍ക്കാണ്-അതായത് ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്കാണ്.
എല്ലാ നാട്ടിലും അങ്ങനെയല്ലേ? അല്ല.
രാജാധിപത്യം ഉള്ള നാടുകളില്‍ രാജാവിനാണ് ഈ അധികാരം. ഉദാഹരണം: സൗദി അറേബ്യ-അവിടെ രാജാവാണ് ഭരണാധികാരി. അദ്ദേഹത്തിന്റെ ഇച്ഛയ്ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ചാണ് ഭരണം. ഒന്നും ജനങ്ങളോടോ അവരുടെ പ്രതിനിധികളോടോ കൂടിയാലോചിക്കുകയില്ല. അവര്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കുവാനോ പ്രതിഷേധം പ്രകടിപ്പിക്കുവാനോ അവകാശമില്ല. 'തിരുവായ്ക്ക് എതിര്‍വായ് ഇല്ല' എന്നര്‍ത്ഥം. രാജാവിനെ തെരഞ്ഞെടുത്തു വാഴിക്കുവാനോ; കൊള്ളുകയില്ല എന്ന് ബോധ്യപ്പെട്ടാല്‍ മാറ്റുവാനോ അവര്‍ക്ക് സ്വാതന്ത്ര്യമില്ല. അവര്‍ അവകാശങ്ങള്‍ ഇല്ലാത്തവരും ചുമതലകള്‍ മാത്രം ഉള്ളവരും ആയ പ്രജകള്‍ (സബ്ജക്ട്‌സ്) ആണ്; പൗരന്മാര്‍ (സിറ്റിസണ്‍സ്) അല്ല. ഖത്തര്‍, യു.എ.ഇ., ബഹ്‌റൈന്‍ മുതലായ രാ ജാധിപത്യരാജ്യങ്ങളിലും സ്ഥിതി ഇത് തന്നെ.
റിപ്പബ്ലിക്കിലെ ജനങ്ങള്‍ ചുമതലകള്‍ക്കൊപ്പം അവകാശങ്ങളും ഉള്ള പൗരന്മാര്‍ ആണ്; അവര്‍ പ്രജകള്‍ അല്ല.
ജനാധിപത്യത്തിന് പണ്ട് നമ്മുടെ നാട്ടില്‍ 'പ്രജാധിപത്യം' എന്നു പറഞ്ഞിരുന്നത് കൃത്യമല്ല. കൊച്ചിയില്‍, രാജഭരണം നിലനില്‍ക്കുന്ന കാലത്ത് ഒരു പ്രസ്ഥാനത്തിന് 'പ്രജാമണ്ഡലം' എന്നു പേരിടുന്നതില്‍ യുക്തിഭംഗമില്ലായിരിക്കാം. പക്ഷേ, ജനാധിപത്യത്തെ പ്രജാധിപത്യം എന്നു വിളിക്കുന്നതില്‍ ആലോചനക്കുറവുണ്ട്. എളുപ്പം കാര്യം തിരിയാന്‍ അന്ന് അതു സഹായിച്ചിരിക്കാം. 'രാജാവ് എങ്ങനെയോ പ്രജയും അങ്ങനെത്തന്നെ' (യഥാ രാജ തഥാ പ്രജ) എന്ന പഴമൊഴിയെ 'പ്രജ എങ്ങനെയോ രാജാവും അങ്ങനെത്തന്നെ' (യഥാ പ്രജ തഥാ രാജ) എന്നേടത്തേക്കാണ് മനുഷ്യചരിത്രം തിരിച്ചുവെച്ചത്!
രാജാധിപത്യത്തില്‍ മാത്രമല്ല, വേറെ ചില 'റിപ്പബ്ലിക്കു'കളിലും ജനങ്ങള്‍ക്ക് 'പൗരന്മാരാ'യി ഉയരാന്‍ കഴിയാതെ 'പ്രജകളാ'യിത്തന്നെ തുടരേണ്ടി വരും.
ഉദാഹരണം: ഇറാന്‍ സ്വയം വിളിക്കുന്നത് 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍' എന്നാണ് 'ഇസ്ലാമിക്' എന്ന് വിശേഷിപ്പിക്കുന്നതോടു കൂടിത്തന്നെ അത് 'റിപ്പബ്ലിക്ക്' അല്ലാതായിക്കഴിഞ്ഞു.
അവിടെ തെരഞ്ഞെടുപ്പ് നടക്കുന്നില്ലേ? ജനങ്ങള്‍ ഭൂരിപക്ഷം വോട്ടു കൊടുത്തു ജയിപ്പിക്കുന്നവരല്ലേ അവിടെ ഭരണാധികാരികളായി വരുന്നത്?
അതെ. ഇപ്പറഞ്ഞതൊക്കെ ശരിയാണ്. അവിടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ പാര്‍ലിമെന്റ് ഉണ്ട്. അവിടെ കൂടുതല്‍ വോട്ടു നേടുന്ന ആളാണ് പ്രസിഡന്റ് ആയി നാടു വാഴുക. പ്രശ്‌നം അതൊന്നുമല്ല. അവിടെ പാര്‍ലമെന്റിനും മുകളില്‍ ഒരു 'പുരോഹിതസഭ' (ശൂറാ) ഉണ്ട്. പാര്‍ലമെന്റ് ഭൂരിപക്ഷപിന്തുണയോടെ പാസ്സാക്കിയ നിയമം പോലും റദ്ദാക്കാന്‍ ആ സഭയ്ക്ക് അധികാരമുണ്ട്. ശൂറായുടെ തീര്‍പ്പിനെ കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല.
ഏതെങ്കിലും പുതിയ നിയമം വന്നു എന്നോ, പഴയ നിയമത്തിന് പുതിയ വ്യാഖ്യാനം കൊടുത്തു എന്നോ വിചാരിക്കുക. അത് ഇസ്ലാംമതത്തിന് വിരുദ്ധമാണ് എന്ന് പുരോഹിത സഭ വിധി പറഞ്ഞാല്‍ പിന്നെ നിലനില്ക്കുകയില്ല. 'ദൈവേച്ഛ'യ്ക്ക് എതിരായോ, മതപാരമ്പര്യത്തിന് വിരുദ്ധമായോ നിയമം നിര്‍മ്മിക്കാനോ, നിയമം വ്യാഖ്യാനിക്കാനോ മത പുരോഹിതന്മാര്‍ ഒരു പാര്‍ലിമെന്റിനെയും വിടില്ല. അവിടത്തെ ജനങ്ങള്‍ ഭരണാധികാരിയുടെ പ്രജകളല്ല, പകരം മഹാപുരോഹിതന്റെ പ്രജകളാണ്. ഇതെങ്ങനെ 'റിപ്പബ്ലിക്ക്' ആകും? പാക്കിസ്ഥാന്‍ മുതലായ മറ്റ് ഇസ്‌ലാമിക റിപ്പബ്ലിക്കുകളിലും സ്ഥിതി ഇത് തന്നെ.
ഇക്കൂട്ടത്തില്‍ മറ്റൊരു വിഭാഗം പാര്‍ട്ടിരാഷ്ട്രങ്ങളാണ്. അവിടെ ജനങ്ങള്‍ക്ക് ഒന്നിനെയും ചോദ്യം ചെയ്യാന്‍ പറ്റില്ല.

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കക്ഷിയും ഭരണമുന്നണിക്ക്
നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും ആയ ബി.ജെ.പിക്കു
സത്യത്തില്‍ ജനാധിപത്യത്തില്‍ വിശ്വാസമില്ല.
അവര്‍ ഇന്ത്യ 'ഹിന്ദുരാഷ്ട്രം' ആക്കിത്തീര്‍ക്കുന്നതിനുവേണ്ടി
അദ്ധ്വാനിക്കുന്നവരാണ്. വേണ്ടത്ര ഭൂരിപക്ഷം ലോക്‌സഭയിലും
രാജ്യസഭയിലും കിട്ടിക്കഴിഞ്ഞാല്‍ നമ്മുടെ ഭരണഘടന
രാഷ്ട്രത്തിന് കൊടുത്ത 'സെക്കുലര്‍' (മതേതരം) എന്നും
'റിപ്പബ്ലിക്ക്' (ജനങ്ങള്‍ക്ക് പരമാധികാരം) എന്നും ഉള്ള
വിശേഷണങ്ങള്‍ അവര്‍ എടുത്തു കളയാനാണ് സാദ്ധ്യത.
എങ്കിലേ ഇന്ത്യ
'ഹിന്ദുരാഷ്ട്രം' ആക്കാന്‍ കഴിയൂ.


ഉദാഹരണം: സോവിയറ്റ് റിപ്പബ്ലിക്ക്. അവിടെ കണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യമാണ്. ജനങ്ങളുടെ ഭരണം എന്നത് പേര് മാത്രമാണ്. പാര്‍ട്ടിയാണ്, പാര്‍ട്ടി മാത്രമാണ് ഭരിക്കുന്നത്. പാര്‍ട്ടിയുടെ പരമോന്നത നേതാവാണ് ഭരണാധികാരി. അദ്ദേഹം പറയുന്നതാണ് നയം. അദ്ദേഹം കല്പിക്കുന്നതാണ് ശരി. പാര്‍ട്ടിക്ക് ഗുണകരം എന്താണ് എന്ന് അദ്ദേഹം തീരുമാനിക്കും. ജോസഫ് സ്റ്റാലിന്‍ അങ്ങനെയാണ് റഷ്യ ഭരിച്ചിരുന്നത്. അന്ന് അവിടെ പാര്‍ട്ടിയായിരുന്നു, ജനങ്ങളും രാഷ്ട്രവും എല്ലാം! പാര്‍ട്ടി എന്നു പറഞ്ഞാല്‍ സംശയമുണ്ടോ, സ്റ്റാലിന്‍ തന്നെ. ഈ വ്യവസ്ഥ റഷ്യയില്‍ 1991-ല്‍ തകര്‍ന്നു. ഇന്ന് ചൈനയിലും ഉത്തര കൊറിയയിലും മറ്റും ഈ രീതി നിലനില്ക്കുന്നു.
രാജവംശത്തിന്റെ പേരിലോ, മതാധിപത്യത്തിന്റെ പേരിലോ, പാര്‍ട്ടി കോയ്മയുടെ പേരിലോ, സൈനികബലത്തിന്റെ പേരിലോ ഒക്കെ ജനങ്ങളെ അടിച്ചമര്‍ത്തിവെയ്ക്കുന്ന ഭരണകൂടങ്ങള്‍ പല കാലത്ത്, പല നാട്ടില്‍ പുലര്‍ന്നു പോന്നിട്ടുണ്ട്. പല രാജ്യങ്ങളിലും ഇന്നും നിലനില്ക്കുന്നുണ്ട്. അവിടെയൊക്കെ ജനങ്ങള്‍ പ്രജകള്‍ മാത്രമായി തരം കെടുന്നു; പൗരന്മാരായി വളരുന്നതില്‍ പരാജയപ്പെടുന്നു.
ഇന്ത്യയുടെ സ്ഥിതിയെന്താണ്?
അതിന് റിപ്പബ്ലിക്ക് പദവി ഇന്നുണ്ട്. നാളെ ഉണ്ടാകുമോ?
ഈ ആശങ്കയ്ക്ക് എന്താണ് അടിസ്ഥാനം?
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കക്ഷിയും ഭരണമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും ആയ ബി.ജെ.പിക്കു സത്യത്തില്‍ ജനാധിപത്യത്തില്‍ വിശ്വാസമില്ല. അവര്‍ ഇന്ത്യ 'ഹിന്ദു രാഷ്ട്രം' ആക്കിത്തീര്‍ക്കുന്നതിനുവേണ്ടി അദ്ധ്വാനിക്കുന്നവരാണ്. വേണ്ടത്ര ഭൂരിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും കിട്ടിക്കഴിഞ്ഞാല്‍ നമ്മുടെ ഭരണഘടന രാഷ്ട്രത്തിന് കൊടുത്ത 'സെക്കുലര്‍' (മതേതരം) എന്നും 'റിപ്പബ്ലിക്ക്' (ജനങ്ങള്‍ക്ക് പരമാധികാരം) എന്നും ഉള്ള വിശേഷണങ്ങള്‍ അവര്‍ എടുത്തുകളയാനാണ് സാദ്ധ്യത. എങ്കിലേ ഇന്ത്യ 'ഹിന്ദുരാഷ്ട്രം' ആക്കാന്‍ കഴിയൂ.
'ഹിന്ദുരാഷ്ട്രം' എന്നത് ജനാധിപത്യം (ഡെമോക്രസി) അല്ല; ദൈവാധിപത്യം (തിയോക്രസി) ആണ് – ദൈവത്തിന്റെ പേരില്‍ പുരോഹിതന്റെ ഭരണം. ഇറാനില്‍ നടക്കുന്നതുപോലെ. അതെങ്ങനെ 'റിപ്പബ്ലിക്ക്' ആകും?
ഹിന്ദുരാഷ്ട്രം വരുന്നതോടെ ജനങ്ങള്‍ രണ്ടായി തരം തിരിയും – ഹിന്ദുക്കളും അഹിന്ദുക്കളും. ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമായിത്തീരും. അഹിന്ദുക്കള്‍ കുടിയേറ്റക്കാരോ കയ്യേറ്റക്കാരോ അഭയാര്‍ത്ഥികളോ ആയി വേര്‍തിരിക്കപ്പെടും. അവര്‍ രണ്ടാം തരം പൗരന്മാര്‍ ആയിത്തീരും – പാക്കിസ്ഥാനില്‍ അമുസ്ലീങ്ങള്‍ അനുഭവിക്കുന്ന അതേ സാമൂഹ്യനില.
ഈ മഹത്തായ രാജ്യത്തിന്റെ യശസ്സിന് കളങ്കമേല്പിക്കുന്ന ഹിന്ദുരാഷ്ട്രനിര്‍മ്മിതിക്കുള്ള പണി 1948 ജനുവരിയില്‍ത്തന്നെ ആരംഭിച്ചു – ഗാന്ധിവധം. രണ്ടാമത്തെ പ്രധാനപ്പെട്ട പണി നടന്നത് 1992-ലാണ് – ബാബറി പള്ളി നശീകരണം. 2025 ആകുമ്പോഴേയ്ക്ക് ഹിന്ദുരാഷ്ട്രനിര്‍മ്മിതി പൂര്‍ത്തിയാക്കാം എന്നാവും ആര്‍.എസ്.എസിന്റെ കണക്കുകൂട്ടല്‍. അപ്പോഴേയ്ക്ക് ആ സംഘടന രൂപംകൊണ്ടിട്ട് 100 കൊല്ലം തികയുമല്ലോ!
അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org