റിപ്പബ്ലിക്ക് ദിനവും സ്വാതന്ത്ര്യത്തിന്റെ പൊരുളും പോക്കും

റിപ്പബ്ലിക്ക് ദിനവും സ്വാതന്ത്ര്യത്തിന്റെ പൊരുളും പോക്കും

ഡോ. ജെ. പ്രഭാഷ്
മുന്‍ പ്രോ-വൈസ് ചാന്‍സലര്‍, കേരള യൂണിവേഴ്‌സിറ്റി

വീണ്ടും ഒരു റിപ്പബ്ലിക്ക് ദിനം കൂടി എത്തിയിരിക്കുന്നു. എഴുപത്തിരണ്ടാണീ റിപ്പബ്ലിക്ക് ദിനം. ഇക്കുറി പല സവിശേഷതകളു ടെയും അകമ്പടിയോടെയാണ് അത് എത്തിയിരിക്കുന്നത്. ഇതില്‍ ചിലത് നമ്മുടെ സ്വാതന്ത്ര്യത്തെ പുനഃനിര്‍വചിക്കുകയും വര്‍ത്തമാനത്തെയും ഭാവിയേയും ചില പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരുവേള, അവ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ചെന്നിരിക്കും. രാമക്ഷേത്രവും, കോവിഡ് 19 ഉം ഈ സവിശേഷ സംഭവങ്ങളില്‍ എടുത്തു പറയേണ്ടവയാണ്. നമ്മുടെ ചിന്തയെ ഒരു വര്‍ഷം കൂടി പുറകോട്ട് തള്ളി നീക്കിയാല്‍, കാശ്മീര്‍ പ്രശ്‌നവും ഇക്കൂട്ടത്തില്‍പ്പെടുത്താം.
ഇതില്‍ കാശ്മീരിനും രാമ ക്ഷേത്രത്തിനും ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. ഇതുവരെ മണ്ണിനടിയിലായിരുന്ന ചരിത്രം മണ്ണിന് മുകളില്‍ എത്തിയിരിക്കുന്നു എന്ന് കരുതിയാല്‍ മതി. വര്‍ത്തമാനം ചരിത്രത്തിന് വഴിമാറി നില്‍ക്കുന്നു. ഭൂതകാലത്തെ നിയന്ത്രിക്കുന്നവര്‍ ഭാവിയേയും, ഭാവിയെ നിയന്ത്രിക്കുന്നവര്‍ വര്‍ത്തമാനത്തേയും നിയന്ത്രിക്കുമെന്ന് പറഞ്ഞത് ജോര്‍ജ് ഓര്‍വെല്ലാണ്. ഇതു തന്നെയാണ് ചരിത്ര സംഭവങ്ങളെ ചികഞ്ഞെടുക്കുന്നവരുടെ ഉദ്ദേശ്യവും.

ചരിത്രം, നിര്‍മ്മൂലനം, നിര്‍മ്മാണം

വിരോധാഭാസമാവാം, ഇന്ന് ഇന്ത്യ ഭരിക്കുന്ന കക്ഷിക്കും അവരെ മൂഢമായി പിന്‍പറ്റുന്നവര്‍ക്കും ഭാവി ഒരു ഗൃഹാതുരത്വത്തിന്റെ പ്രശ്‌നമാണ്. അവര്‍ക്ക് ഭാവി ഭൂതമാണ്. Future is past! അതുകൊണ്ടാണവര്‍ ചരിത്രത്തെ കിളച്ചുമറിക്കുന്നത്. അതിനെ ഈവിധം ചിത്രവധം ചെയ്യുമ്പോള്‍, ഒരു സമൂഹം എന്ന നിലയ്ക്ക് നമുക്ക് നഷ്ടമാവുന്നത് ചരിത്ര സ്മൃതിയാണ് (historical memory). സ്വന്തം ചരിത്രത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും, അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ് ഒരു സ്വതന്ത്ര സമൂഹത്തിന്റെ സാമുദ്രിക ലക്ഷണങ്ങളില്‍ സുപ്രധാനം. മറിച്ചാവുമ്പോള്‍ അത് ചരിത്രത്തിന്റെ തടവറയില്‍പ്പെട്ടു പോകുന്നു.
എന്നാല്‍ ഇന്ത്യന്‍ ഭരണവര്‍ഗം ചരിത്രത്തെ ഒരു പ്രത്യേക രീതിയിലാണ് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്. ചിലതിനെ മായ്ച്ച് കളഞ്ഞും മറ്റു ചിലതിനെ പുനരുജ്ജീവിപ്പിച്ചും, കൂട്ടത്തില്‍ ചില നിര്‍മ്മൂലനങ്ങളും നിര്‍മ്മാണങ്ങളും നടത്തിയും അത് ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. 1992-ല്‍ ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റിയത് നിര്‍മ്മൂലനത്തിന്റെ പാതയിലെ ഒന്നു മാത്രമാണ്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാനെന്ന പേരില്‍ വാരണാസി നഗരത്തിലെ ചരിത്രമൂല്യമുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പടെ പലതും പൊളിച്ചുമാറ്റിയതും ഇതിന്റെ മറ്റൊരുദാഹരണമാണ്.

ഇന്ന് ഇന്ത്യ ഭരിക്കുന്ന കക്ഷിക്കും അവരെ മൂഢമായി
പിന്‍പറ്റുന്നവര്‍ക്കും ഭാവി ഒരു ഗൃഹാതുരത്വത്തിന്റെ പ്രശ്‌നമാണ്.
അവര്‍ക്ക് ഭാവി ഭൂതമാണ്. Future is past!
അതുകൊണ്ടാണവര്‍ ചരിത്രത്തെ കിളച്ചു മറിക്കുന്നത്.
അതിനെ ഈവിധം 
ചിത്രവധം ചെയ്യുമ്പോള്‍, ഒരു സമൂഹം എന്ന നിലയ്ക്ക്
നമുക്ക് നഷ്ടമാവുന്നത് ചരിത്ര സ്മൃതിയാണ്
(historical memory).


നിര്‍മ്മൂലനം ഭൗതിക വസ്തുക്കളെ വിട്ട് ഭരണഘടനയിലേയ്ക്കും കടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഒരുവര്‍ഷത്തിന് മുന്‍പ് (2019, ആഗസ്റ്റ് 5) കണ്ണിമ ചിമ്മിയ നേരംകൊണ്ട് ഭരണഘടനയിലെ 370-ാം വകുപ്പ് അപ്രത്യക്ഷമായത്.
മുന്‍പ് സൂചിപ്പിച്ചതു പോലെ, നിര്‍മ്മൂലനത്തോടൊപ്പം നിര്‍മ്മാണത്തിലും ഭരണകൂടം ശുഷ്‌കാന്തി പുലര്‍ത്തുന്നുണ്ട്. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയും, ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്റ്റയില്‍ ഏതാണ്ട് ഇരുപതിനായിരം കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുമടങ്ങുന്ന കെട്ടിട സമുച്ചയവും നിര്‍മ്മാണത്തിന്റെ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ നീക്കങ്ങളാണ്. ഇതില്‍ അവസാനം പറഞ്ഞത് കൊളോണിയല്‍ പൊളിറ്റിക്കല്‍ ആര്‍ക്കിട്ടെക്ക്ച്ചറില്‍ നിന്ന് സ്വദേശി (ഹിന്ദുത്വ) പൊളിറ്റിക്കല്‍ ആര്‍ക്കിട്ടെക്ക്ച്ചറിലേക്ക് മാറാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

നിര്‍മ്മാണത്തിന്റെ രാഷ്ട്രീയം

നിര്‍മ്മാണത്തിന്റെ രാഷ്ട്രീയത്തിലെ ഏറ്റവും സുപ്രധാന ചുവടുവയ്പ്പ് രാമക്ഷേത്ര നിര്‍മ്മാണമാണ്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തെ 'സ്വാതന്ത്ര്യ ദിനം പോലെ മഹത്തായ മുഹൂര്‍ത്തം' എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത് ശ്രദ്ധേയമാണ്. ജമ്മു കാശ്മീര്‍ ഇല്ലാതായിട്ട് കൃത്യം ഒരു വര്‍ഷം തികഞ്ഞ അതേ ദിവസം (2020, ആഗസ്റ്റ് 5) തന്നെ ഇതിനായി തിരഞ്ഞെടുത്തത് കേവലം യാദൃശ്ചികമല്ല. ജ്യോ തിശാസ്ത്ര വിധി പ്രകാരം, ആഗസ്റ്റ് 5 ശിലാസ്ഥാപനത്തിന് ശുഭകരമല്ലെന്ന് പൂരിയിലെ ശങ്കരാചാര്യര്‍ ഉള്‍പ്പടെ ഒരു വിഭാഗം ഹിന്ദു സന്യാസിമാര്‍ പറഞ്ഞതിനെ അവഗണിച്ചു കൊണ്ടുള്ള ഈ നീക്കം തീയതിയുടെ പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നു. ഇനി മുതല്‍ 2020 ആഗസ്റ്റ് 5 ഇന്ത്യാ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നായി തീരാന്‍ പോവുകയാണ്. 1947 ആഗസ്റ്റ് 15 ന്റെ നിറംകെടുത്തുന്നതില്‍ വരെ ഇത് എത്തിയാലും അതില്‍ അത്ഭുതപ്പെടാനില്ല.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാണെങ്കിലും അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിശേഷിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ രാഷ്ട്രീയ പ്രശ്‌നമാണ്. ആഗസ്റ്റ് 5-ന് ഇത്തരം ഓര്‍മ്മകളുടെ ഭാരമൊന്നുമില്ല. ഉള്ളതാവട്ടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വൈകാരിക തലം മാത്രവും.
ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഖ്യാതിയുടെ പങ്കുപറ്റാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷവും (ഇടതുപക്ഷ പാര്‍ട്ടികളും, ന്യൂനപക്ഷ പാര്‍ട്ടികള്‍/സംഘടനകള്‍ ഒഴികെ) രംഗത്ത് വന്നത് രാമക്ഷേത്രം എത്രത്തോളം ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആര്‍ക്കിട്ടെക്ക്ച്ചറിന്റെ ഭാഗമായി മാറി എന്നതിന്റെ തെളിവാണ്. ഇതിലൂടെ വാസ്തവത്തില്‍ 2024-ലെ ദേശീയ തിരഞ്ഞെടുപ്പിന്റെയും അതിന് മുന്‍പുള്ള പ്രാദേശിക തിരഞ്ഞെടുപ്പുകളുടെയും അജണ്ടയാണ് ബി.ജെ.പി. നിശ്ചയിച്ചിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞിട്ടാവണം ഛത്തിസ്ഗഢ് സര്‍ക്കാര്‍ (കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉള്ളത്) റായ്പ്പൂരില്‍ മാതാ കൗസല്യാ ദേവീക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചത്.
ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്ന് നരേന്ദ്ര മോദിയിലേക്കുള്ള ദൂരം മാത്രമല്ല രാമക്ഷേത്രം അടയാളപ്പെടുത്തുന്നത്. നെഹ്‌റുവില്‍ നിന്ന്, സോണിയ രാഹുല്‍ പ്രീയങ്ക ത്രയത്തിലേക്കുള്ള ദൂരം കൂടിയാണ്. അണക്കെട്ടുകളെ ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ എന്ന് നെഹ്‌റുവും, രാമക്ഷേത്രത്തെ ചൂണ്ടിക്കാട്ടി ഇന്ത്യയുടെ സംസ്‌ക്കാരത്തിന്റെയും ദേശീയ ബോധത്തിന്റെയും നവീന മാതൃകയെന്ന് മോദിയും പറയുന്നു. കോണ്‍ഗ്രസ് ത്രിമൂര്‍ത്തികള്‍ക്ക് നെഹ്‌റു പറഞ്ഞതിനേക്കാള്‍ പഥ്യം മോദി പറഞ്ഞതായത് പാര്‍ട്ടി നേരിടുന്ന അസ്തിത്വ പ്രതിസന്ധിയുടെയും അതിന്റെ നേതൃത്വത്തിന്റെ രാഷ്ട്രീയ നിരക്ഷരതയുടെയും ആഴം വെളിവാക്കുന്നു.

കോവിഡ് 19 ഉം ജനാധിപത്യവും

കോവിഡ് 19 മഹാമാരി, പൗരാവകാശങ്ങളേയും, സാമൂഹ്യ ബന്ധങ്ങളേയും, ജീവിതത്തേയും, മരണത്തേയും, വിലാപത്തേയും പുനഃനിര്‍വചിക്കുന്നതിനിടയിലാണല്ലോ ക്ഷേത്ര നിര്‍മ്മാണം കടന്നുവന്നത്. അത് (മഹാമാരി) നാം സുനിശ്ചിതമെന്ന് കരുതിയതിനെ എല്ലാം അനിശ്ചിതമാക്കി. സാധാരണക്കാരുടെ വര്‍ത്തമാനത്തേയും ഭാവിയേയും അരക്ഷിതവുമാക്കി.
യുദ്ധത്തെപ്പോലെ തന്നെ മഹാമാരിയും സമൂഹത്തിന്റെ എക്‌സ്‌റെയാണ്. സമൂഹം നേരിടുന്ന പ്രതിസന്ധിയുടെ ആഴം അതില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. ഒപ്പം, മഹാമാരികള്‍ സമൂഹത്തിന്റെ സൃഷ്ടിയാണെന്ന പാഠവും. അതിന്റെ രാഷ്ട്രീയ സാമ്പത്തിക നയങ്ങളുടെ ഉപോല്‍പ്പന്നം. ഇതിനര്‍ത്ഥം കോവിഡിന്റെ കാര്യവും കാരണവും പ്രതിവിധിയും തേടേണ്ടത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി രാജ്യത്ത് (ലോകത്തും) നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളിലാണെന്നാണ്. എന്നാല്‍, നിര്‍ ഭാഗ്യവശാല്‍ ഇന്ത്യന്‍ ഭരണകൂടം കൂടുതല്‍ മേഖലകളിലേക്ക് സ്വ കാര്യവല്‍ക്കരണം വ്യാപിപ്പിച്ചു കൊണ്ട് നവലിബറല്‍ നയങ്ങളുടെ പുതുവഴികള്‍ വെട്ടിത്തെളിച്ച് കൊണ്ടിരിക്കുന്നു. പെറുവില്‍ മഹാമാരി സൃഷ്ടിച്ച സാമൂഹികസാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവിടത്തെ ഭരണകൂടം സമ്പന്നര്‍ക്കുമേല്‍ പുതിയ നികുതി (സോളിഡാരിറ്റി ടാക്‌സ്) ഏര്‍പ്പെടുത്തിയപ്പോള്‍ നാം ഇത്തരമൊരാശയം മുന്നോട്ടുവച്ച ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് മുതിര്‍ന്നത്!
കോവിഡിനും ക്ഷേത്രശിലാ സ്ഥാപനത്തിനും മുന്‍പ് ജനാധിപത്യം തെരുവില്‍ വന്നതിനും, തെരുവില്‍ വന്ന ജനാധിപത്യത്തെ ജയിലില്‍ അടച്ചതിനും കഴിഞ്ഞ വര്‍ഷം നാം സാക്ഷിയായി. പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധത്തേയും, അതിനെ ഭരണകൂടം കൈകാര്യം ചെയ്ത രീതിയേയും കുറിച്ചാണ് പറഞ്ഞു വരുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി തുറുങ്കില്‍ അടച്ച് നാം ജനാധിപത്യത്തിന്റെ ഗരിമ തല്ലി കെടുത്തി. ഇനി, എന്തിനായിരുന്നു ഈ വിധം ഒരു നിയമം എന്ന ചോദ്യവും പ്രസക്തം തന്നെ, പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ മൗലികതത്വം ബഹുസ്വരതയായിരിക്കെ.
ഇന്ത്യ ഇവിടുത്തെ മുഴുവന്‍ ജനങ്ങളുടേതുമാണെന്നാണ് ഭരണഘടന പറയുന്നത്. എല്ലാവരുടെയും മാതൃഭൂമി. ഏതെങ്കിലും വിഭാഗത്തിന്റെ പുണ്യഭൂമിയാണെന്ന് അത് പറയുന്നുമില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍, ഇന്ത്യാക്കാരില്‍ 'ഇന്ത്യത്വം' അല്ലാതെ മറ്റെന്തെങ്കിലും തെരയുന്നത് ഭരണ ഘടനാവിരുദ്ധമാണ്. നിര്‍ഭാഗ്യവശാല്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര ഭരണകൂടം രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത് ഈ വിധം ഭരണഘടനാവിരുദ്ധമായ ചിലതിനെയാണ്. തുറന്നു പറഞ്ഞാല്‍, ഇന്ത്യ എന്ന ബഹുവചനത്തെ മതത്തിന്റെ ഏകവചനത്തിലേക്ക് ചുരുക്കാനുള്ള യത്‌നം. ഇത് ബീജാവാപം ചെയ്യുന്നത്, മൈത്രിയുടെ രാഷ്ട്രീയത്തെയല്ല, പിന്നെയോ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെയാണ് politics of anger.
സമൂഹത്തെ ഏകശിലാരൂപത്തില്‍ വാര്‍ത്തെടുക്കാനാവില്ലെന്ന പ്രകൃതി നിയമത്തെയാണ് ഇവിടെ നാം നിഷേധിക്കുന്നത്. എ.സി. ജൊര്‍ദന്‍ (A.C. Jordan) എന്ന ദക്ഷിണാഫ്രിക്കന്‍ തത്വചിന്തകന്‍ പറയും പോലെ, സാമൂഹ്യ സൃഷ്ടി സാദ്ധ്യമാകുന്നത് വൈവിദ്ധ്യത്തെ ആഘോഷമാക്കാന്‍ ഒരു ജനതയ്ക്ക് കഴിയുമ്പോഴാണ്. അപ്പോഴാണ് സിവിലിറ്റിയും സിവിലൈസേഷനും ഉണ്ടാകുന്നത്.
ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ് കര്‍ഷക സമരവും രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യ സാമ്പത്തിക അ സമത്വവും തൊഴില്‍ ഇല്ലായ്മയും. കഴിഞ്ഞ നവംബര്‍ 26-ന് തുടങ്ങിയ കര്‍ഷക സമരം ഇത് എഴുതുന്ന സമയത്തും തുടരുകയാണ്. കര്‍ഷകരുടെ ജീവല്‍ പ്രശ്‌നവും ഭരണവര്‍ഗത്തിന്റെ അഭിമാനപ്രശ്‌നവുമായി അത് രണ്ട് വിരുദ്ധ ചേരികളായി നില്‍ക്കുന്നു. വിദ്വേഷത്തിന്റെ രാഷ്ട്രീയമായി അത് കത്തിക്കയറുകയാണ്.
സാമ്പത്തികാസമത്വത്തിന്റെയും തൊഴിലില്ലായ്മയുടെയും കാര്യത്തിലും റെക്കോഡ് സൃഷ്ടിച്ച വര്‍ഷമാണ് കടന്നു പോയത്. ഒരു ശതമാനം വരുന്ന ഇന്ത്യന്‍ സമ്പന്നരുടെ ആസ്തി നമ്മെ ഞെട്ടിപ്പിക്കാന്‍ പോരുന്നതാണ് 39 ശതമാനം. 2019-ല്‍ ഇത് 21.4 ശതമാനമായിരുന്നു എന്നോര്‍ക്കുക. മാത്രമല്ല ഇന്ത്യന്‍ സമ്പദ്ഘടന 10 ശതമാനം കണ്ട് ചുരുങ്ങിയപ്പോഴാണ് സമ്പന്നരുടെ ആസ്തി 17.6 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയത്! ഇതു തന്നെയാണ് തൊഴില്‍ ഇല്ലായ്മയുടെ കാര്യവും. നിലവിലുള്ള കണക്കനുസരിച്ച് രണ്ട് കോടിയോളം (1.89 കോടി) പേര്‍ തൊഴിലില്ലാത്തവരായി നമ്മുടെ രാജ്യത്തുണ്ട്. ഇത് പതിനഞ്ചിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവരില്‍ 10.7 ശതമാനവും, വിദ്യാ സമ്പന്നരില്‍ 16 ശതമാനവുമാണ്. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമ്പോഴാണ് അവര്‍ പക്വത കൈവരിക്കുന്നതും സിസ്റ്റത്തിന്റെ ഭാഗമാകുന്നതും. മറിച്ചാകുമ്പോള്‍ അവര്‍ എന്നും 'യുവാക്കളായി' തന്നെ തുടരും. വര്‍ഗീയതയും ഭീകരപ്രവര്‍ത്തനവും ഉള്‍പ്പടെയുള്ള പല അനാരോഗ്യ പ്രവണതകളുടെ ഇന്ധനമായി സ്വയം എരിഞ്ഞടങ്ങുകയും ചെയ്യും.
എഴുപത്തിരണ്ടാം റിപ്പബ്‌ളിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ നമ്മുടെ മുന്നിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഇതൊക്കെയാണ്. രാജ്യം കഠിന കാലങ്ങളിലൂടെ കടന്നുപോകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് ചൈനയെക്കുറിച്ച് പറയുന്നൊരു കാര്യമുണ്ട് 'ചൈന തീസിസില്‍ നിന്ന് സിന്തസിസിലേക്കല്ല പോകുന്നത്, തീസിസില്‍ നിന്ന് തീസിസിലേക്കാണ്.' ചൈന പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തുന്നു എന്നാണ് വ്യംഗ്യാര്‍ത്ഥം. ഏതാണ്ട് ഇതിന് സമാനമാണ് ഇന്ത്യയുടെ അവസ്ഥയും. നാം പ്രശ്‌നങ്ങളില്‍നിന്ന് പ്രശ്‌ന പരിഹാരത്തിലേക്കല്ല പോകുന്നത്. ചൈനയെപ്പോലെ നമ്മുടെ യാത്രയും പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്കാണ്. ഈ പോക്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ പൊരുളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org