Latest News
|^| Home -> Cover story -> മത വിവേചനം തകര്‍ത്ത റിപ്പബ്ലിക്കിന്‍റെ വിലാപ രേഖ

മത വിവേചനം തകര്‍ത്ത റിപ്പബ്ലിക്കിന്‍റെ വിലാപ രേഖ

Sathyadeepam


എന്‍.എം. പിയേഴ്സണ്‍

അനധികൃത കുടിയേറ്റക്കാരെ പൗരന്മാരായി പരിഗണിക്കില്ല എന്നതാണ് പൗരത്വ ഭേദഗതിയുടെ ആമുഖക്കുറിപ്പ്. അനധികൃത കുടിയേറ്റം കുറ്റകൃത്യമാണെന്ന് അത് പ്രസ്താവിക്കുന്നു. 1946-ലെ വിദേശ പൗരച്ചട്ടമനുസരിച്ചോ 1920-ലെ പാസ്പോര്‍ട്ട് ചട്ടം അനുസരിച്ചോ തടവ് ശിക്ഷയ്ക്ക് വിധിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാം. പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കും. എന്നാല്‍ അവിടെനിന്നു വരുന്ന മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കില്ല. 2014 ഡിസംബര്‍ 31-നു മുന്‍പ് വന്ന ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രൈസ്തവ മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കും. എന്നാല്‍ മുസ്ലീങ്ങളെ അതിന് പരിഗണിക്കില്ല. നിലവിലെ പതിനൊന്നു വര്‍ഷത്തിനു പകരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിച്ച ഹിന്ദു, സിഖ്, പാഴ്സി, ജൈന, ക്രൈസ്തവ മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കും. അതുകൊണ്ടാണ് ഇത് മത വിവേചനത്തിന്‍റെ അടിസ്ഥാനത്തിലുള്ള മാനദണ്ഡമാണ് എന്ന് പറയുന്നത്. ഇത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ തകര്‍ച്ച വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14-നു നിരക്കാത്ത തരത്തില്‍ ഇന്ത്യന്‍ പാര്‍ലിമെന്‍റില്‍ ഒരു നിയമം പാസാക്കപ്പെട്ടു. അത് ഇന്ത്യയുടെ മതനിരപേക്ഷ റിപ്പബ്ലിക്കിന്‍റെ അന്ത്യവാചകമായി മാറുകയാണ്. ഇതാണ് സ്വതന്ത്ര ചിന്താഗതിക്കാരായ ഇന്ത്യന്‍ പൗരന്മാരെ അതിന് എതിരാക്കുന്നത്. രാജ്യത്ത് രണ്ടാം തരം പൗരന്മാരായി മാറ്റപ്പെടുമെന്ന് ഭയമുള്ള മുസ്ലീം സമുദായം ഒന്നടങ്കം തെരുവിലെത്തുന്നത്. ഇന്ന് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം പറയുമായിരുന്നു “മുസ്ലീം ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്ന പൗരത്വ ഭേദഗതി നിയമം ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ മതവിശ്വാ സങ്ങള്‍ക്കും തുല്യത നല്‍കുന്ന നിബന്ധനയ്ക്കും നിയമത്തിനും എതിരാണ്. ഈ നിയമവും വരാന്‍ പോകുന്ന ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയെ രണ്ടായി വിഭജിക്കുന്നു. ഒരുവശത്ത് ഹിന്ദുക്കളും പാഴ്സികളും ബൗദ്ധരും, ജൈനരും, സിക്കുകാരും മറുവശത്ത് മുസ്ലീംങ്ങളും. അതിനാല്‍ ഈ നിയമങ്ങള്‍ ലംഘിക്കപ്പെടേണ്ടതാണ്. ഒരു രണ്ടാം നിയമ ലംഘന പ്രസ്ഥാനം നാം ആരംഭിക്കേണ്ടിയിരിക്കുന്നു.” കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍, മോദിയെ വിമര്‍ശിച്ചാല്‍, അമിത്ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെപ്പോലെയല്ല പെരുമാറുന്നതെന്നു പറഞ്ഞാല്‍, ശ്രീറാം വിളിച്ച് ആള്‍ക്കൂട്ടകൊല നടത്തുന്നതു ശരിയല്ലെന്നു പറഞ്ഞാല്‍ സംഘപരിവാര്‍ നേതാക്കളും അനുയായികളും ചോദിക്കും നിങ്ങളുടെ കൂറ് ആരോട്? നിങ്ങളെ പാക്കിസ്താനിലേക്ക് കയറ്റിയയയ്ക്കും. ഇതാണ് പൗരത്വ ഭേദഗതി നിയമത്തിന്‍റെ അന്തഃസത്ത.

ഇത് തിരിച്ചറിഞ്ഞിട്ടുവേണം, പൗരത്വ ഭേദഗതി നിയമത്തിന്‍റെ സംവാദങ്ങളിലേയ്ക്ക് കടക്കാന്‍. ഇത് വിഭജനത്തിന്‍റെ പൗരത്വ രജിസ്റ്ററാണ്. ആര്‍എസ്എസ്സിന്‍റെ ശത്രുപട്ടികയില്‍ ആദ്യം വരുന്നത് മുസ്ലീംങ്ങള്‍. രണ്ടാമത് വരുന്നത് ക്രിസ്ത്യാനികള്‍ മൂന്നാമത് വരുന്നത് കമ്മ്യൂണിസ്റ്റുകളും ദളിതരുമാണ്. ഇവരെയെല്ലാം ഒഴിവാക്കിയ ഒരു ഭാരതമാണ് ഹിന്ദുമഹാസഭ യുടെ സ്വപ്നം. അത് സാക്ഷാത്കരിക്കാനുള്ള ചിന്തകളാണ് ഗോവല്‍ക്കറും ഹെഗ്ഡെവാറും സവര്‍ക്കറും. ആധുനിക സവര്‍ക്കറായ അമിത്ഷാ സവര്‍ക്കറുടെ ആഗ്രഹങ്ങളെ നടപ്പിലാക്കുകയാണ്. ഇന്ത്യ ഹിന്ദുവിന്‍റേത് മാത്രമാണ്. എതിര്‍ക്കുന്നവര്‍ പാക്കിസ്താനികളും രാജ്യദ്രോഹികളുമാണ്. ഗാന്ധിജിയുടെ കാലത്ത് ഇന്ത്യാ വിഭജനത്തിന് കാരണമായത് വി.ഡി. സവര്‍ക്കറുടെയും, ഗോവല്‍ക്കറിന്‍റെയും, ഹിന്ദു മഹാസഭയുടെയും, മുഹമ്മദാലി ജിന്നയുടെയും ആശയങ്ങളും പ്രവൃത്തികളുമായിരുന്നു. ഇന്ന് അമിത്ഷായും നരേന്ദ്രമോദിയും മുന്നില്‍ നില്‍ക്കുന്നത് ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയുടെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനു വേണ്ടിയാണ്. ‘ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റിയതിനു ശേഷമേ എന്‍റെ ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം ചെയ്യാവൂ’ എന്നാണ് ഗോഡ്സെ ഹിന്ദുമഹാസഭയോടും ആര്‍എസ്എസ്സിനോടും ആവശ്യപ്പെട്ടിരുന്നത്. ഗോഡ്സെക്ക് അമ്പലം പണിയാന്‍ നടക്കുന്ന അനുയായികള്‍ ഗോഡ്സെയെ അനശ്വരമാക്കുന്നത് ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിലൂടെയാണ്.

പൗരത്വ രജിസ്റ്റര്‍ ആവശ്യമാണെന്ന് പറയുന്നവര്‍ ചോദിക്കുന്ന പ്രധാന ചോദ്യം കേരളത്തില്‍ വരുന്ന ബംഗാളികളില്‍, ആസാമികളില്‍, ബീഹാറികളില്‍ എത്രപേര്‍ ഇന്ത്യന്‍ പൗരന്മാരാണ് എന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ ഭീകര വാദികളല്ലെന്ന് ഉറപ്പുവരുത്തേണ്ടത് സമാധാന കാംഷികളായ പൗരന്മാര്‍ക്ക് ആവശ്യമല്ലേ? ചോദ്യം തികച്ചും ന്യായമാണെന്ന് ആര്‍ക്കും തോന്നും. ഈ സാമാന്യ ന്യായയുക്തിയിലാണ് ബി.ജെ.പി. ജനങ്ങളെ കബളിപ്പിക്കുന്നത്. അനധികൃത കുടിയേറ്റം എന്നത് ഇന്ന് ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ വിജയതന്ത്രം ഇതായിരുന്നു. ട്രംപ് അമേരിക്കക്കാരെ ദേശീയ ബോധമുള്ളവരാക്കി. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷം ഇമ്മാനുവല്‍ മാക്രോണിന്‍റെ നേതൃത്വത്തില്‍ കുടിയേറ്റ വിരുദ്ധ നിയമമുണ്ടാക്കി. ബ്രിട്ടണും തീവ്ര വലതുപക്ഷ ഭരണത്തിലാണ്. അവരും കുടിയേറ്റ വിരുദ്ധ നിയമം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയും ഇപ്പോള്‍ അതിന് ശ്രമിക്കുന്നു. അത് ശരിയല്ലേ എന്നാണ് സാധാരണക്കാരന്‍റെ യുക്തി. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ വികസിത രാജ്യങ്ങളാണ്. സമാധാന അന്തരീക്ഷത്തിനും, മെച്ചപ്പെട്ട തൊഴിലിനും, ജീവിത നിലവാരത്തിനും വേണ്ടിയുള്ള അന്വേഷണമാണ് കുടിയേറ്റക്കാരുടെ ആകര്‍ഷണം. ഈ ലേഖനം വായിക്കുന്ന പലരുടെയും മക്കള്‍ അമേരിക്കയിലും കാനഡയിലും ആസ്ട്രേലിയയിലും ഗള്‍ഫ് നാടുകളിലും കുടിയേറ്റക്കാരാണ്. എന്നാല്‍ ഇന്ത്യയിലേയ്ക്ക് കുടിയേറാന്‍ മെച്ചപ്പെട്ട തൊഴിലും ജീവിത നിലവാരവും സമാധാന ജീവിതവും ആകര്‍ഷണമല്ല എന്ന് നമുക്കറിയാം. വികസിത രാഷ്ട്രങ്ങളുമായി ഇന്ത്യന്‍ കുടിയേറ്റ നിയമത്തെ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.

എന്നാല്‍ രാഷ്ട്രീയമായി അതിന് ചില സമാനതകളുണ്ട്.

അനധികൃത കുടിയേറ്റം ഒരു രാഷ്ട്രീയ ആയുധമാണ്. മോദിയുടെ ഇടത്തിരിക്കുന്നത് അദാനിയാണെങ്കില്‍ വലത് കാക്കുന്നത് അംബാനിയാണ്. എന്നാല്‍ രാജ്യം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുന്ന തിരക്കിലാണ് മോദി സര്‍ക്കാര്‍.

പല പ്രഗത്ഭരും ചൂണ്ടിക്കാണിക്കുന്നതുപോലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നാണ് ഏകാധിപതികളുണ്ടാവുന്നതും ഫാസിസം വളരുന്നതും. ആഗോളവത്കരിക്കപ്പെട്ട മുതലാളിത്തം പഴയ ദേശ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ ശക്തികളെ ജീര്‍ണിപ്പിച്ചുകൊണ്ടാണ് രാജ്യത്തുള്ള എല്ലാത്തിനെയും കോര്‍പ്പറേറ്റുകളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത്. ഇതിന് എല്ലാ യാഥാസ്ഥിതിക ശക്തികളെയും മുതലാളിത്തം ഉപയോഗിക്കും. ഇന്ത്യയില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും സോഷ്യലിസ്റ്റ് കക്ഷികളും തകര്‍ന്നു തരിപ്പണമായി. ആ തകര്‍ച്ചയില്‍ നിന്നാണ് ഹിന്ദു വര്‍ഗീയവാദം വളര്‍ന്നതും ശക്തി പ്രാപിച്ചതും.

ഇന്ത്യന്‍ ദേശീയത വളര്‍ന്നതും വികസിച്ചതും അതിനെ ഹിന്ദുത്വവത്കരിച്ചതും ഈ പശ്ചാത്തലത്തിലാണ് തിരിച്ചറിയേണ്ടത്. സ്വദേശി ആരാണ്? പരദേശി ആരാണ്? ഈ ചോദ്യങ്ങള്‍ മുന്‍പ് ഇന്ത്യയില്‍ ഉയര്‍ന്നിരുന്നില്ല. ഇപ്പോള്‍ ഉയരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ ഇന്ത്യന്‍ പൗരനല്ല എന്ന് ഇന്ത്യയില്‍ ജനിച്ച് ജീവിച്ച മുസ്ലീംങ്ങളോടും ക്രിസ്ത്യാനികളോടും പറയാന്‍ മതമൗലീക ശക്തികള്‍ക്ക് കഴിയുന്നത്. ഇന്ത്യയിലെ യഥാര്‍ത്ഥ ജനത ആരാണ്? അതിന് അവര്‍ ഉത്തരം പറയും ഹിന്ദുക്കള്‍. ഹിന്ദുവംശീയ സ്വത്വമാണ് ഇന്ത്യന്‍ ദേശീയത എന്ന് അവര്‍ പ്രഖ്യാപിക്കുന്നു. അങ്ങിനെ വരുമ്പോള്‍ ഹിന്ദു വംശീയ സ്വത്വത്തിന് ഉടമയായവരാണ് ഇന്ത്യന്‍ പൗരന്മാര്‍. അതാണ് പൗരത്വ രജിസ്റ്ററിന്‍റെ ഗുട്ടന്‍സ്.

ഇന്ത്യയില്‍ ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിന്‍റെ പ്രത്യയശാസ്ത്രം രചിച്ച സവര്‍ക്കര്‍ അത് വ്യക്തമാക്കുന്നുണ്ട്. ‘എസ്സെന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ’യിലും ‘വിചാരധാര’ യിലും ഹിന്ദുക്കളെ കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ഒരു സംശയവുമില്ലാതെ സവര്‍ക്കര്‍ വ്യക്തമാക്കുന്നു. ഹിന്ദു ഇന്ത്യയില്‍ ഉണ്ടായതാണ്. അതുകൊണ്ട് അവരുടെ എത്തനി സിറ്റിയാണ് അല്ലെങ്കില്‍ വംശീയതയാണ് ഇന്ത്യത്വം. മുസ്ലീമിനോ ക്രിസ്ത്യാനിക്കോ ഇന്ത്യാക്കരനെന്ന് അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്നാണ് സവര്‍ക്കറുടെ ചിന്ത.

ഈ ചിന്ത അംഗീകരിക്കാന്‍ സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലിമെന്‍റ് തയ്യാറല്ലായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലിമെന്‍റ് അംഗീകരിച്ച ഭരണഘടന അനുസരിച്ച് ആരാണ് ഇന്ത്യന്‍ പൗരന്‍? ഉത്തരം വളരെ ലളിതമായിരുന്നു. ഇന്ത്യയില്‍ ജനിച്ച് ജീവിക്കുന്നവര്‍ ഇന്ത്യന്‍ പൗരനാണ്. 1955-ലാണ് പൗരത്വബില്‍ ലോകസഭ പാസാക്കിയത്. ഇന്ത്യാവിഭജനം കഴിഞ്ഞ് ഇന്ത്യയും പാക്കിസ്ഥാനും പുതിയ അതിര്‍ത്തികള്‍ നിശ്ചയിച്ച ശേഷമാണ് നമ്മള്‍ പൗരത്വബില്‍ പാസാക്കിയത്. വിഭജനത്തിന് മുന്‍പും അതിനുശേഷവും പൗരത്വത്തിന്‍റെ അടിസ്ഥാനം എന്തായിരിക്കണം എന്ന ചര്‍ച്ച ഗൗരവപൂര്‍വം നിര്‍വഹിക്കപ്പെട്ടു. ഇന്ത്യയില്‍ ജനിക്കുന്നവര്‍ക്കോ അതോ ജനിക്കുന്ന വ്യക്തിയുടെ വംശാവലിക്കോ മുന്‍തൂക്കം എന്നത് തര്‍ക്ക പ്രശ്നമായി. വാദപ്രതിവാദങ്ങള്‍ക്കുശേഷം ഇന്ത്യന്‍ പാര്‍ലിമെന്‍റ് തീരുമാനിച്ചത് ഇന്ത്യയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം എന്നതാണ്. ഇതിനെ ആധുനികവും പരിഷ്കൃതവും പുരോഗമനപരവുമായി പാര്‍ലിമെന്‍റ് വിലയിരുത്തി. രണ്ടാമത്തേത് വംശീയ പൗരത്വമെന്ന ആശയമായി അവര്‍ തള്ളി. അറുപതാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ പാര്‍ലിമെന്‍റ് പുതിയ പൗരത്വഭേദഗതി ബില്ല് പാസാക്കി വംശീയ പൗരത്വമാണ് ശരിയെന്ന് പറഞ്ഞു. സര്‍ഗശേഷിയില്ലാത്ത നേതാക്കളുടെ കാലത്ത് ഇങ്ങനെ പല തലതിരിച്ചിലുകളും സംഭവിക്കും.

ഇന്ത്യയില്‍ ഇപ്പോള്‍ രൂപപ്പെടുത്തി പാര്‍ലിമെന്‍റ് പാസാക്കിയ നിയമത്തിന് ഒരു മുന്‍ഗാമിയുണ്ട് അത് 1935 സെപ്തംബറില്‍ നാസി ജര്‍മ്മനി പാസാക്കിയ ‘റൈക്ക് സിറ്റിസണ്‍ഷിപ്പ്’ നിയമമാണ്. ആ പൗരത്വനിയമത്തിന്‍റെ അടിത്തറ ആര്യവംശജന്‍ ആയിരിക്കണമെന്നായിരുന്നു. ആര്യ വംശജനാണെങ്കില്‍ ജര്‍മ്മനിയില്‍ താമസിക്കാത്തവര്‍ക്കുപോലും ജര്‍മ്മന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സൃഷ്ടിച്ച നിയമമായിരുന്നു അത്. മറ്റ് വംശക്കാര്‍ക്ക് പൗരത്വവും വോട്ടവകാശവും നിഷേധിക്കുന്ന ചില നിമയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പിന്നീട് ഇത് ന്യൂറംബര്‍ഗ് നിയമങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടു. ജൂതവംശജരെ ജര്‍മന്‍ വംശജര്‍ക്ക് തുല്യരായ പരിഗണന ഇതോടെ അവസാനിച്ചു. ഇത് ഇന്ത്യയിലെ അഹിന്ദുക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. ഇപ്പോള്‍ മുസ്ലീങ്ങള്‍ മാത്രമാണ് രണ്ടാംതരം പൗരന്മാരായി മാറാന്‍ പോകുന്നത്. പിന്നീട് അത് ക്രിസ്ത്യാനികളിലേയ്ക്കും ദളിതരിലേയ്ക്കും ചേര്‍ത്തുവെക്കും. ജര്‍മ്മനിയില്‍ ന്യൂറം ബര്‍ഗ് നിയമങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ജോലിയില്‍ ജര്‍മ്മന്‍ വംശജര്‍ അല്ലാത്തവര്‍ക്ക് പ്രവേശനം ഇല്ലാതായി. ഇതൊക്കെ കേരളത്തില്‍ നടക്കുമോ എന്ന് ചോദിക്കുന്ന നിഷ്കളങ്കരെ നമുക്ക് കാണാം. പക്ഷെ മതഭ്രാന്തിന് അതിര്‍ത്തികള്‍ ഇല്ലെന്ന കാര്യം നാം തിരിച്ചറിയണം.

1935-ല്‍ ജര്‍മ്മനിയില്‍ നടപ്പാക്കിയ സിറ്റിസണ്‍ഷിപ്പ് നിയമം പത്തുവര്‍ഷത്തിനുള്ളില്‍ അറുപതു ലക്ഷം പേരെയാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെത്തിച്ച് കൊന്നൊടുക്കിയത്. അതില്‍ ജൂതന്മാരും റോമവംശജരും കമ്മ്യൂണിസ്റ്റുകളും സ്വവര്‍ഗ സ്നേഹികളും ഒക്കെയുണ്ടായിരുന്നു. ജര്‍മ്മന്‍ വംശജര്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാവരും ഉണ്ടായിരുന്നു.

ഇന്ത്യയില്‍ പൗരത്വ ലിസ്റ്റ് തയ്യാറായ അസമില്‍ 19 ലക്ഷം പേര്‍ പുറത്താണ്. ഇവരെ എന്തുചെയ്യും? അവരുടെ അപ്പീലുകള്‍ പരിശോധിച്ച് കൊള്ളാനുള്ളവരെ കൊള്ളും അല്ലാത്തവരെ തടങ്കല്‍ പാളയങ്ങളിലേയ്ക്ക് തള്ളും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഈ സംസാരത്തിന് ഒരു നാസി മണമുണ്ട്. ഇന്ത്യന്‍ ഭരണഘടന മറയാക്കിയാണ് ഇന്ത്യയില്‍ തടങ്കല്‍പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനും ഒരു നാസി ടച്ചുണ്ട്. അംബേദ്കറും നെഹ്റുവും ഗാന്ധിയും അതുപോലുള്ള മതനിരപേക്ഷ നേതാക്കള്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്താണ് മതവിവേചനത്തിന്‍റെ നിയമ സാധുത മോദിയും അമിത്ഷായും സൃഷ്ടിച്ചെടു ക്കുന്നത്. ജര്‍മ്മനിയിലെ വെയ്മര്‍ ഭരണഘടനയെ പാകപ്പെടുത്തിയാണ് ന്യൂറംബര്‍ഗ് നിയമങ്ങള്‍ ഹിറ്റ്ലര്‍ സൃഷ്ടിച്ചത്. ജര്‍മ്മന്‍ തേഡ് റീച്ചിന്‍റെ കാലമാണ് ഇത്. ഇവിടെ എന്‍.ഡി.എ. സര്‍ക്കാര്‍ (വാജ്പേയി) കൊണ്ടുവന്ന ‘കമ്മീഷന്‍ ടു റിവ്യൂ ദ വര്‍ക്കിംഗ് ഓഫ് ദ കോണ്‍സ്റ്റിറ്റ്യൂഷന്‍’ ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു. അതില്‍ അമ്പത്തിയെട്ട് ഭരണഘടന ഭേദഗതികളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. അതിന്‍റെ ലക്ഷ്യങ്ങള്‍ ഭരണഘടനയില്‍ നിന്ന് ഫെഡറലിസവും ബഹുസ്വരതയും എടുത്തു കളയണമെന്നുള്ളതായിരുന്നു. അതിനെ ഗൗരവത്തില്‍ സമീപിക്കാന്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. റിപ്പോര്‍ട്ട് മുഴുവനുമായി നടപ്പാക്കിയില്ല എന്നത് സത്യമാണ്. പക്ഷെ, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പതുക്കെ പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കയാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി കേന്ദ്രം സ്വന്തമാക്കിവരുന്നു. മെഡിക്കല്‍ കൗണ്‍സില്‍, പ്ലാനിംഗ് ബോര്‍ഡ് എന്നിവയെല്ലാം കേന്ദ്രത്തിന്‍റെ അനുബന്ധ ഉപകരണങ്ങളായി മാറി. സുപ്രീംകോടതിയും ക്രമേണ എന്‍.ഡി.എ. കോടതിയായി മാറുന്നതോടെ ചിത്രം പൂര്‍ത്തിയാകും. ഏകാധിപത്യം നിയമ സാധുത നേടുന്ന അത്യപൂര്‍വ്വ മുഹൂര്‍ത്തമായി അത് മാറും. ഇപ്പോള്‍ തന്നെ രാഷ്ട്രം പൗരനെ തിന്ന് തുടങ്ങി. ഒന്നാം എന്‍.ഡി.എ. സര്‍ക്കാരായിരുന്നു ദേശീയ പൗരത്വ രജിസ്റ്റര്‍ സിറ്റിസണ്‍ഷിപ്പ് ആക്ടില്‍ സെക്ഷന്‍ 144 ആയി കൂട്ടിച്ചേര്‍ത്തത്. അന്ന് ഇതിന്‍റെ അപകടം ആരും തിരിച്ചറിഞ്ഞില്ല. ഇപ്പോള്‍ തിരിച്ചറിഞ്ഞ് തെരുവില്‍ എത്തി. അപകടം സ്വന്തം ജീവനെടുക്കാന്‍ ഒരുങ്ങുമ്പോഴാണ് നമ്മള്‍ പ്രതികരിക്കുക. അത് സ്വാഭാവികം. ഈ സുരക്ഷിതത്വ ബോധമാണ് വര്‍ഗീയ ഭ്രാന്തന്മാര്‍ക്ക് വിജയവീഥി ഒരുക്കുന്നത്.

അതുകൊണ്ട് ഇപ്പോള്‍ സുരക്ഷിതരാണെന്ന് കരുതിയിരിക്കുന്ന ജനത ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. വര്‍ഗീയ വ്യവസ്ഥവത്കരണം (കണ്ടീഷനിംഗ്) ആപത്കരമാണ്. നല്ല മനുഷ്യരാണ് പലപ്പോഴും അപകടകാരികളായി മാറുന്നത്. നിരന്തരം വര്‍ഗീയത ചുരത്തുന്ന വെറുപ്പ് ശ്വസിച്ച് നല്ല മനുഷ്യരുടെ സ്വഭാവം തന്നെ അവരറിയാതെ മാറിപ്പോകും. സാധാരണ മനുഷ്യര്‍ കൊണ്ടു നടക്കാത്ത ഒരു ശത്രുവിനെ അവര്‍ ചുവന്നു നടക്കുന്നു. ഹിന്ദുക്കളുടെ സ്വത്തും അവസരങ്ങളും മുസ്ലീംങ്ങളും ക്രിസ്ത്യാനികളും തട്ടിയെടുക്കുകയാണ് എന്ന് നിരന്തരം പറയുന്നതാണ് അവര്‍ കേട്ടുകൊണ്ടിരിക്കുന്നത്. വെറുപ്പിന്‍റെ ഈ വായ്ത്താരി അവരില്‍ സൃഷ്ടിക്കുന്ന മാനസിക ലോകം അവരെ മനുഷ്യരല്ലാത്തവരാക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ അവര്‍ എന്താണ് ചെയ്യുക എന്നത് അവര്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയില്ല.

ഇതിന് ചരിത്രത്തില്‍നിന്ന് നമുക്കൊരു ചിത്രദൃശ്യമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍ ഫാസിസ്റ്റ് ഭരണകൂടം പരാജയപ്പെട്ടു. അന്നത്തെ യുദ്ധകുറ്റവാളികള്‍ വിചാരണയ്ക്ക് വിധേയരായി. നിരവധി വര്‍ഷങ്ങള്‍ കൊണ്ടാണ് വിചാരണ പൂര്‍ത്തിയായത്. മനുഷ്യരെ ഞെട്ടിപ്പിക്കുന്ന പലതും പുറത്തുവന്നു. അതിലൊന്ന് ഇപ്പോള്‍ പ്രസക്തമാണ്. 1961- ലാണ് പെത്രി ഏര്‍ണ എന്ന സ്ത്രീയെ യുദ്ധകാല കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്തത്. ഈ വിചാരണ മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു.

യുദ്ധം നടക്കുന്ന കാലത്ത് രണ്ട് പിഞ്ചുകുട്ടികളുടെ അമ്മയായിരുന്നു അവര്‍. ഒരു നാസി പട്ടാള ഉദ്യോഗസ്ഥന്‍റെ ഭാര്യ. 1943-ലാണ് വിചാരണയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. നാസിഭരണം അതിന്‍റെ ഏറ്റവും വലിയ ക്രൂരതയില്‍ ആറാടി നില്‍ക്കുന്ന കാലം. ഒരു ദിവസം പെത്രി ഏര്‍ണയുടെ വീടിനടുത്ത് ആറ് ജൂത വംശജരായ കുട്ടികള്‍. ജൂതന്മാരെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേയ്ക്ക് കൊണ്ടുപൊയ്ക്കൊണ്ടിരുന്ന ഏതോ കൂട്ടത്തില്‍ നിന്ന് വഴിതെറ്റി എത്തിയതാണ് കുട്ടികള്‍. പെത്രി അവരെ അവരുടെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവര്‍ക്ക് ഭക്ഷണം നല്‍കി. അവരെ വിശ്രമിക്കാന്‍ വിട്ടു. ഭര്‍ത്താവ് വീട്ടിലെത്താന്‍ അവര്‍ കാത്തിരുന്നു. അയാള്‍ പതിവിലും വൈകി. ഭര്‍ത്താവ് വരാന്‍ വൈകിയപ്പോള്‍ പെത്രി ആ ജൂതകുട്ടികളെ വീടിനടുത്തുള്ള വെളിമ്പ്രദേശത്തു കൊണ്ടുപോയി. ഓരോരുത്തരായി ആ കുട്ടികളെ വെടിവെച്ചു കൊന്നു. പെത്രിയുടെ സ്വന്തം കുട്ടികള്‍ ഈ സമയം വീട്ടില്‍ സ്വസ്ഥരായിരിക്കുകയായിരുന്നു. അവര്‍ക്കെങ്ങനെ ആ ജൂതക്കുട്ടികളെ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞു. വിചാരണക്കോടതി അവരോട് ചോദിച്ചു.

കോടതി: ഈ കുട്ടികള്‍ക്കെത്ര വയസ്സായിരുന്നു.

പെത്ര: കുട്ടികളുടെ പ്രായം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കാരണം അവര്‍ വല്ലാതെ മെലിഞ്ഞും മോശമായി വസ്ത്രം ധരിച്ചവരുമായിരുന്നു. എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നിടത്തോളം അവര്‍ക്ക് 8-നും 12-നും ഇടയില്‍ പ്രായം കാണും.

കോടതി: രണ്ട് കുട്ടികളുടെ അമ്മയായ നിങ്ങള്‍ക്കെങ്ങനെ നിഷ്കളങ്കരായ ആ ജൂതക്കുട്ടികളെ വെടിവെച്ചുകൊല്ലാന്‍ കഴിഞ്ഞു.

പെത്ര: ഇപ്പോള്‍ എനിക്കത് മനസിലാക്കാന്‍ കഴിയുന്നില്ല. അന്ന് എന്‍റെ മാനസികാവസ്ഥ അത്രയും ക്രൂരവും കുറ്റകരവുമായി ആ ജൂതകുട്ടികളെ വെടിവെച്ച് കൊന്നതെന്ന് ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ല. സംഭവത്തിന് കുറച്ചുനാള്‍ മുമ്പ് ഞാന്‍ ഫാസിസത്തോടും വംശീയ നിയമങ്ങളോടും പൊരുത്തപ്പെട്ടു പോവുകയും ജൂതന്മാരോട് വെറുപ്പുള്ളവളായി മാറുകയും ചെയ്തു. എന്നോട് ആവശ്യപ്പെട്ടതുപ്രകാരം ഞാന്‍ ജൂതവംശജരെ ഇല്ലാതാക്കി. ഈ മാനസികാവസ്ഥയാണ് ഈ കൊടുംക്രൂരത എന്നേക്കൊണ്ട് ചെയ്യിച്ചത്.

കോടതി: കുട്ടികളെ വെടി വെച്ചപ്പോള്‍ അവരെങ്ങനെയാണ് പെരുമാറിയത്?

പെത്ര: ഞാന്‍ ആദ്യത്തെ രണ്ട് കുട്ടികളെ വെടിവെച്ചപ്പോള്‍ അവര്‍ ഞെട്ടിത്തരിക്കുകയും കരയാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് അവര്‍ മോങ്ങിക്കൊണ്ട് നിശബ്ദരായി. ഇതൊന്നും എന്‍റെ മനസിനെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുകയും മറ്റ് കുട്ടികളെയും വെടിവെച്ച് കൊല്ലുകയും ചെയ്തു. കുട്ടികള്‍ ആരും തന്നെ ഓടിപ്പോകാന്‍ ശ്രമിച്ചില്ല. കാരണം അവര്‍ ക്ഷീണിതരായിരുന്നു.

ഇവിടെ വിചാരണയ്ക്ക് വിധേയയായ പെത്രി ഏര്‍ണ വര്‍ഗീയ വിഷം ചീറ്റുന്ന ഒരു നാസി പ്രവര്‍ത്തകയായിരുന്നില്ല. ഓരോ വീടുകളും കയറിയിറങ്ങി ജൂതന്മാരെ കണ്ടെത്തി കൊല്ലാന്‍ നടക്കുന്ന കൊലയാളിയായിരുന്നില്ല. സ്വന്തം ഭര്‍ത്താവിനെയും കുട്ടികളെയും കുടുംബത്തെയും നോക്കി ജീവി ച്ചിരുന്ന ഒരു ശരാശരി വീട്ടമ്മ.

തന്‍റെ മക്കള്‍ക്ക് തുല്യരായി കാണേണ്ടിയിരുന്ന ആറ് കുരുന്നുകളെ പൂര്‍ണ ബോധ്യത്തോടുകൂടി വെടിവെച്ച് കൊല്ലാന്‍ ആ വീട്ടമ്മയെ പ്രാപ്തമാക്കിയത് ഒരു പ്രത്യയശാസ്ത്രമാണ്. ഒരു ആശയ ധാരയാണ്. വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രമാണ് ആ വീട്ടമ്മയെ അത്ര ക്രൂരയാക്കി മാറ്റിയത്. ഈ പ്രത്യയശാസ്ത്രമാണ് ആര്‍എസ് എസ് ഇപ്പോള്‍ ഇന്ത്യന്‍ തെരുവില്‍ കെട്ടഴിച്ചുവിട്ടിരിക്കുന്നത്. ഗാന്ധിയെ വെടിവെച്ചു കൊല്ലാന്‍ ഗോഡ്സെയെ പ്രാപ്തനാക്കിയത് ഈ ആശയധാരയാണ്. അതു കൊണ്ട് നാം കരുതിയിരിക്കുക. നമ്മുടെ അയല്‍ക്കാരനായ സുഹൃത്ത്, നമ്മുടെ കുട്ടികള്‍ എവിടെയെങ്കിലും ഉരുണ്ടുവീണാല്‍ ഓടിവന്ന് ഉമ്മവെക്കുന്ന നന്മയുടെ പ്രതീകം നിഷ്ഠൂരനായ കൊലയാളിയായി മാറാന്‍ വെറുപ്പിന്‍റെ, മത വിദ്വേഷത്തിന്‍റെ ഈ ആശയധാരയ്ക്ക് ശക്തിയുണ്ട്. നമ്മളും നമ്മുടെ അയല്‍ക്കാരും അങ്ങനെയാകാതിരിക്കാനുള്ള ജാഗ്രതയാണ് നാം പുലര്‍ത്തേണ്ടത്. തകരുന്ന റിപ്പബ്ലിക്കില്‍ ജീവിതം തിരിച്ചു പിടിക്കാനുള്ള മാര്‍ഗം അത് മാത്രമാണ്.

ജെഎന്‍യുവും ജാമിയ മില്ലിയ സര്‍വ്വകലാശാലയും മറ്റ് നിരവധി ക്യാമ്പസുകളും ഇപ്പോള്‍ അതിജീവനമന്ത്രം കൊണ്ട് മുഖരിതമാണ്. വരാന്‍പോകുന്ന ഇന്ത്യയുടെ അതിജീവന പ്രത്യയശാസ്ത്രം ഈ സര്‍വകലാശാലകളില്‍നിന്ന് ഉയര്‍ന്നുവരും. അതിനെ പ്രോത്സാഹിപ്പിക്കാനും അതിനൊപ്പം നില്‍ക്കാനുമുള്ള ഒരു ലിബറല്‍മൈന്‍റാണ് നമുക്കിന്നാവശ്യം.

Leave a Comment

*
*