ജ്ഞാനത്തണലില്‍ ആദരവോടെ

ജ്ഞാനത്തണലില്‍ ആദരവോടെ

ഫാ. ഡോ. ജോസഫ് മണവാളന്‍
ഡയറക്ടര്‍, ഫാമിലി അപ്പസ്‌തോലേറ്റ്, എറണാകുളം

കുടുംബവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ഈ വര്‍ഷം മുതല്‍ ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ച ഗ്രാന്‍ഡ് പേരന്റ് ദിനമായി ആഗോളസഭ ആഘോഷിക്കുന്നു. ഈശോയുടെ ഗ്രാന്‍ഡ് പേരന്റ്‌സ് ആയ വി. ജോവാക്കിമിന്റെയും വി. അന്നയുടെയും തിരുനാളായ ജൂലൈ 26 നോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയാണിത്. മുത്തശ്ശി മുത്തശ്ശന്മാരോട് ആദരവ് അര്‍പ്പിക്കുന്നതിനപ്പുറം പ്രായമായ വ്യക്തികള്‍ക്ക് നല്‍കേണ്ട കരുതലിന്റെയും, കുടുംബങ്ങളില്‍ അവരുടെ സാന്നിധ്യം എപ്രകാരം ക്രിയാത്മകമായി ഉപയോഗപ്പെടുത്തി കുടുംബത്തിന്റെ അകത്തളങ്ങളെ പ്രശോഭിതമാക്കാം എന്ന് ചിന്തിക്കാനും ഈ ആഘോഷം സഹായിക്കും.

പ്രായമായവര്‍ ബൈബിള്‍ വീക്ഷണത്തില്‍

ലോകത്തിന്റെ വീക്ഷണത്തില്‍, സ്വന്തം അസ്തിത്വത്തെ വിലമതിക്കാന്‍ കെല്‍പ്പുള്ള വ്യക്തിയെ (a sentient being) മാത്രമാണ് പൂര്‍ണ്ണ വ്യക്തിയായി കണക്കാക്കുന്നത്. അത്തരമൊരു വീക്ഷണത്തില്‍, ഭ്രൂണം, ശിശുക്കള്‍, പ്രായമായവര്‍ എന്നിങ്ങനെ സ്വന്തം അസ്തിത്വത്തെ വിലമതിക്കാന്‍ കെല്‍പ്പില്ലാത്തവര്‍ വ്യക്തി എന്ന യോഗ്യത നേടുന്നില്ല; അതിനാല്‍ സമൂഹം അവരെ പിന്തുണക്കേണ്ടതില്ല.

എന്നാല്‍, വാര്‍ദ്ധക്യത്തെയും വൃദ്ധരെയും കുറിച്ചുള്ള ബൈബിള്‍ വീക്ഷണം ഇതിനു ഘടകവിരുദ്ധമാണ്. സമൂഹത്തില്‍ വൃദ്ധരുടെ സാന്നിധ്യം ദൈവത്തിന്റെ പ്രീതിയുടെ അടയാളമായി ബൈബിള്‍ കാണുന്നു. ജെറുസലേം പുനരുദ്ധരിക്കപ്പെടുമെന്നുള്ള പ്രവചനത്തില്‍ സഖറിയാ ഇപ്രകാരം പറയുന്നു, 'സൈന്യങ്ങളുടെ കര്‍ത്താവ് അരുളിചെയ്യുന്നു: വൃദ്ധന്മാരും വൃദ്ധകളും പ്രായാധിക്യം മൂലം കയ്യില്‍ വടിയുമായി ജെറുസലേമിന്റെ തെരുവുകളില്‍ വീണ്ടും ഇരിക്കും' (സഖ. 8:4). ജെറുസലേം പുനരുദ്ധരിക്കപ്പെടുമ്പോള്‍ ഐശ്വര്യ പൂര്‍ണ്ണമായ അവളുടെ അവസ്ഥയില്‍ വൃദ്ധജനങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ഈ പ്രവചനം പറയുക.

അതുപോലെ, സമൂഹത്തില്‍ വൃദ്ധരുടെ അഭാവം ദൈവത്തിന്റെ അനിഷ്ടത്തിന്റെ അടയാളമായിട്ടാണ് വി. ഗ്രന്ഥം അവതരിപ്പിക്കുക. 'ഇസ്രായേല്‍ ജനത്തില്‍ മറ്റുള്ളവര്‍ക്കു ഞാന്‍ നല്‍കുന്ന അനുഗ്രഹങ്ങള്‍ കണ്ട് നിങ്ങള്‍ അസ്വസ്ഥരും അസൂയാലുക്കളുമാകും. പക്ഷെ, നിന്റെ കുടുംബത്തില്‍ പ്രായം ചെന്നവരായി മേലില്‍ ആരും ഉണ്ടാവുകയില്ല' (1 സാമു. 2:32). വൃദ്ധജനങ്ങളുടെ അസാന്നിധ്യം ദൈവ ശിക്ഷയായിട്ടാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.

വാര്‍ദ്ധക്യം ഒരാളുടെ ജീവിതത്തിന്റെ അവസാനമല്ല. കാരണം, നാം ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഓരോ വ്യക്തിക്കും അഭൂതപൂര്‍വ്വവും പരിധിയില്ലാത്തതുമായ സര്‍ഗ്ഗാത്മകതയുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഈ സര്‍ഗ്ഗാത്മകതയെ വളര്‍ത്തിയെടുക്കണം. അതിനാല്‍, വാര്‍ദ്ധക്യത്തെ എപ്പോഴും നവീകരിച്ചുകൊണ്ടിരിക്കേണ്ട ഒരു ദാനമായി വി. ഗ്രന്ഥം അവതരിപ്പിക്കുന്നു. ഓരോ ദിവസവും ദൈവത്തോടും അയല്‍ക്കാരനോടും തുറന്ന മനസ്സോടെ ജീവിക്കുന്നതിലൂടെയാണ് ഈ നവീകരണം സാധ്യമാവുക.

മുത്തശ്ശിമുത്തശ്ശന്മാര്‍ കുടുംബത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവര്‍ ഒരുവന്റെ വംശത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നു. അവര്‍ക്ക് സ്‌നേഹവും ബഹുമാനവും പരിഗണനയും നല്‍കുന്നതിലൂടെ ഒരുവന്‍ തന്റെ വംശാവലിയെയും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പാര്യമ്പര്യങ്ങളെയുമാണ് ആദരിക്കുന്നത്.

പ്രായംചെന്നവരെ ഗുരുക്കന്മാരായിട്ടാണ് പഴയനിയമം കാണുക. 'നരചൂടിയവന്റെ വിവേകവും വയോവൃദ്ധന്റെ സദുപദേശവും എത്ര ആകര്‍ഷകമാണ്. വൃദ്ധനില്‍ വിജ്ഞാനവും മഹത്തുക്കളില്‍ വിവേകവും ഉപദേശവും എത്ര മനോഹരം!' (പ്രഭാ. 25:45).

അതുപോലെ, ദൈവവചനം പുതുതലമുറകളിലേക്ക് കൈമാറുക എന്നത് പ്രായമായവരുടെ സവിശേഷമായ കടമയായിട്ടാണ് വി. ഗ്രന്ഥം നിര്‍ദ്ദേശിക്കുക: 'ദൈവമേ, പൂര്‍വകാലങ്ങളില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ക്കു വേണ്ടി, അങ്ങു ചെയ്ത പ്രവൃത്തികള്‍ അവര്‍ ഞങ്ങള്‍ക്കു വിവരിച്ചു തന്നിട്ടുണ്ട്; അത് ഞങ്ങള്‍ കേട്ടിട്ടുമുണ്ട് (സങ്കീ. 44:1).

പ്രായമായവരുടെ ശ്രേഷ്ഠജീവിത ശൈലിയെ വി. പൗലോസും പ്രതിപാദിക്കുന്നുണ്ട്. 'പ്രായം ചെന്ന പുരുഷന്മാര്‍ മിതത്വം പാലിക്കുന്നവരും ഗൗരവബുദ്ധികളും വിവേകികളും വിശ്വാസത്തിലും സ്‌നേഹത്തിലും സഹനത്തിലും ദൃഢതയുള്ളവരും ആയിരിക്കണം' (തീത്തോ. 2:2). അതായത്, പ്രായമായവരുടെ ജീവിതത്തില്‍ ശാന്തത, ആത്മനിയന്ത്രണം, മാന്യത, വിശ്വാസത്തിലെ ഊര്‍ജ്ജസ്വലത, സ്‌നേഹം, സഹിഷ്ണുത എന്നീ സുവിശേഷ മൂല്യങ്ങള്‍ എപ്പോഴും തെളിഞ്ഞുനില്‍ക്കണം എന്ന് ശ്ലീഹ ആഗ്രഹിക്കുന്നു.

മിശിഹായെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ ജീവിക്കുകയും ക്രിസ്തുവിനെ ജീവിതത്തിന്റെ പൂര്‍ണതയും ഭാവിയുടെ പ്രത്യാശയും ആയി കാണുകയും ചെയ്ത ശിമയോന്റെയും അന്നയുടെയും ജീവിതം വാര്‍ധക്യ ജീവിതത്തിന്റെ വലിയ മാതൃക അവതരിപ്പിക്കുന്നു. ശിമയോനും അവന്റെ കാലഘട്ടത്തിലെ എല്ലാ മനുഷ്യരെയും പോലെ മിശിഹായെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും ശിമെയോനെ വ്യത്യസ്തനാക്കുന്നത് നിസ്വനും നിസ്സഹായനുമായ ഉണ്ണിയേശുവില്‍ യഥാര്‍ത്ഥ മിശിഹായെ തിരിച്ചറിയാനുള്ള ജ്ഞാനം ഉണ്ടായിരുന്നു എന്നുള്ളതാണ്. ജീവിതത്തിന്റെ സായാഹ്നത്തിലും നവ്യമായ ദൈവാനുഭവം തേടുകയും അതിന്റെ ലഹരിയില്‍ സങ്കീര്‍ത്തനമാലപിക്കുകയും ഏവരെയും അനുഗ്രഹിക്കുകയും ചെയ്യുന്ന ശിമയോന്‍ വാര്‍ധക്യത്തിന്റെ അനുകരണീയ മാതൃകയാണ് (ലൂക്കാ 2:25-32). ഏത് പ്രതികൂല അനുഭവങ്ങളും സാഹചര്യങ്ങളും ദൈവാനുഭവത്തിന്റേതാക്കാന്‍ മനസ്സിനെ രൂപപ്പെടുത്തിയാല്‍ പ്രസാദാത്മക വാര്‍ദ്ധക്യം കൈവരിക്കാനാവുമെന്ന് ശിമയോന്‍ ഓര്‍മപ്പെടുത്തുന്നു.

വി. ഗ്രന്ഥത്തിന്റെ കാഴ്ചപ്പാടില്‍ പ്രായമായവരുടെ ഈ ഉത്തരവാദിത്തങ്ങളെപ്പോലെ പ്രധാനപ്പെട്ടതാണ് തങ്ങളുടെ മുതിര്‍ന്നവരോട് ഇളംതലമുറയുടെ ബഹു മാനാദരവുകള്‍. പ്രായമായവരെ ശ്രദ്ധിക്കാനും വിലമതിക്കാനുമുള്ള ബാധ്യത വി. ഗ്രന്ഥം ഇളംതലമുറയെ ഓര്‍മപ്പെടുത്തുന്നു: 'വൃദ്ധരുടെ ഉപദേശം ആദരിക്കുക; എന്തുകൊണ്ടെന്നാല്‍, അവര്‍തന്നെ തങ്ങളുടെ പിതാക്കന്മാരില്‍ നിന്നുമാണ് പഠിച്ചത്. അവരില്‍ നിന്നും നിനക്ക് അറിവ് ലഭിക്കും' (പ്രഭാ. 8:9). 'മകനേ, പിതാവിന് പ്രായമാകുമ്പോള്‍ അവനെ പരി പാലിക്കുക; അവന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അവന് ദുഃഖമുണ്ടാക്കരുത്… അവനോട് സഹിഷ്ണുത കാണിക്കുക… അവനെ നിന്ദിക്കരുത്' (പ്രഭാ. 3:12-13).
ജ്ഞാനത്തണലിലെ പ്രശോഭിത കുടുംബങ്ങള്‍

ദൈവത്തിന്റെ പദ്ധതിയും സ്വപ്നവുമാണ് കുടുംബം. കുടുംബത്തിലൂടെ ആരംഭിച്ചു കുടുംബത്തിലൂടെ തന്നെ പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് രക്ഷാകരപദ്ധതിയെ വി. ഗ്രന്ഥം ആവിഷ്‌കരിക്കുക. ബന്ധങ്ങളാണ് ഇവിടെ കുടുംബത്തിന്റെ അനന്യതയായി വി. ഗ്രന്ഥം അവതരിപ്പിക്കുക. ദൈവവുംമനുഷ്യനും, ഭര്‍ത്താവും ഭാര്യയും, മാതാപിതാക്കളും മക്കളും, സഹോദരനും സഹോദരനും തുടങ്ങുന്ന പാരസ്പര്യത്തിന്റെ തലം വി. ഗ്രന്ഥം അടിവരയിടുന്നു. ഇപ്രകാരം, കുടുംബബന്ധങ്ങളിലെ വളര്‍ച്ചയും തളര്‍ച്ചയും രക്ഷാകര പദ്ധതിയെ ബാധിക്കുന്ന രീതിയിലാണ് വി. ഗ്രന്ഥചരിതം മുന്നേറുന്നത്. വി. ഗ്രന്ഥം ആവശ്യപ്പെടുന്ന ബന്ധങ്ങളുടെ പൂര്‍ണ്ണത നമ്മുടെ കുടുംബങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്; പ്രത്യേകിച്ച് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം.

മുത്തശ്ശിമുത്തശ്ശന്മാര്‍ കുടുംബത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവര്‍ ഒരുവന്റെ വംശത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നു. അവര്‍ക്ക് സ്‌നേഹവും ബഹുമാനവും പരിഗണനയും നല്‍കുന്നതിലൂടെ ഒരുവന്‍ തന്റെ വംശാവലിയെയും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പാര്യമ്പര്യങ്ങളെയുമാണ് ആദരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ 2015 മുതല്‍ ഗ്രാന്‍ഡ്‌പേരന്റ്‌സ് ദിനം ആഘോഷിക്കുന്നു. കുടുംബത്തെ ആഘോഷിക്കുവാനും കുടുംബത്തിലെ ഓരോ അംഗവും വഹിക്കുന്ന വ്യത്യസ്ത റോളുകളെ (roles) വിലമതിക്കുവാനും, മുതിര്‍ന്ന അംഗങ്ങളുടെ സംഭാവനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും, അവരെ കുടുംബത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുവാനും ഈ ആഘോഷം കാരണമാകും എന്ന ബോധ്യത്തില്‍ നിന്നുമാണ് അത്തരമൊരു പരിപാടിക്ക് ആരംഭം കുറിച്ചത്. കുടുംബവര്‍ഷത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഗ്രാന്‍ഡ്‌പെരന്റ്‌സ് ദിനാ ഘോഷത്തിലൂടെ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നതും മറ്റൊന്നല്ല.

ആളുകള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നുവെന്നും (long life expectancy) കുടുംബത്തില്‍ വൃദ്ധരായ വ്യക്തികള്‍ ഉണ്ടെന്നതും ആഘോഷിക്കേണ്ട ഒന്നാണ്. ജീവിതാനുഭവങ്ങള്‍ ഇവര്‍ക്ക് സമ്മാനിച്ച ജ്ഞാനവും പാകതയും നിര്‍ണായകഘട്ടങ്ങളില്‍ ഇളംതലമുറയ്ക്ക് ആശ്രയിക്കാവുന്ന തണലുകളാണ്. ചുരുക്കത്തില്‍, കുടുംബത്തിനാകെ കുളിര്‍മയും സംരക്ഷണവുമേകി വീട്ടുമുറ്റത്ത് പടര്‍ന്ന് നില്‍ക്കുന്ന തണല്‍ മരങ്ങളാണിവര്‍.

ഗ്രാന്‍ഡ്‌പേരന്റ്‌സ് ഇളംതലമുറയുടെ പരിഗണനക്കര്‍ഹര്‍

കലഹരണപ്പെട്ടവര്‍ എന്ന് മുദ്രകുത്തി അവഗണിക്കപ്പെടേണ്ടവരല്ല പ്രായമായവര്‍. ഒരു പരിധിവരെ, ഏകാന്തത അനുഭവിക്കുന്നവരാണ് പ്രായമായവര്‍. തലമുറകളുടെ അന്തരം ഇന്ന് അളക്കുന്നത് എത്രമാത്രം ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. തങ്ങളെ കേള്‍ക്കുവാനോ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരുവാനോ ആരുമില്ല എന്ന പരാതിയുണര്‍ത്തുന്ന അനേകം വൃദ്ധജനകളെ കാണുവാന്‍ സാധിക്കും. എന്നാല്‍ ചിലരെങ്കിലും കൊച്ചുമക്കളാല്‍ സ്‌നേഹിക്കപ്പെട്ടും പരിഗണിക്കപ്പെട്ടും ജീവിതസായാഹ്നം ആസ്വദിക്കുന്ന ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. മുത്തശ്ശിമുത്തശ്ശന്മാരെ ഇളംതലമുറ പ്രത്യേകമായി പരിഗണിക്കേണ്ടതിന്റെ ആവശ്യത്തെ സൂചിപ്പിക്കുന്ന ഏതാനും കാര്യങ്ങള്‍ ഇവിടെ ഓര്‍മപ്പെടുത്തുന്നു.

വ്യത്യസ്തമായ കാഴ്ചപ്പാട് നല്‍കുന്നവര്‍

ആധുനിക ലോകം തലമുറാന്തര (intergenerational) വൈവിധ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സാംസ്‌കാരിക തലത്തില്‍ മാത്രമേ നാം പലപ്പോഴും വൈവിധ്യത്തെക്കുറിച്ച് (diverstiy) ചിന്തിക്കുന്നുള്ളു. ഇന്റര്‍ജനറേഷന്‍ (intergeneration) വൈവിധ്യവും സമാനമായ രീതിയില്‍ പരിഗണിക്കേണ്ടതും വിലമതിക്കേണ്ടതുമാണ്. കാരണം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഒരു പക്ഷെ സ്ഥാപനങ്ങളുടെ ഉയര്‍ച്ചയ്ക്കും സമഗ്രമായ വളര്‍ച്ചയ്ക്കും intergenerational balancing അത്യന്താപേക്ഷിതമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ സമന്വയത്തിനായ് Intergenerational balancing ഒരു മാര്‍ഗവും പ്രതിവിധിയുമാണ്. യുവതിയുവാക്കള്‍ അല്ലെങ്കില്‍ പ്രായമായവര്‍ മാത്രമുള്ള ഒരിടത്തിനോ കൂട്ടായ്മയ്‌ക്കോ വ്യതിരിക്തതയും വൈവിധ്യവും അവകാശപ്പെടാനാവില്ല. കുടുംബം ആഘോഷിക്കുന്നത് വൈവിധ്യമാണ്. ഈ ആഘോഷത്തിന് മുത്തശ്ശിമുത്തശ്ശന്മാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

സമൂഹത്തെ പ്രതിഫലിപ്പിക്കുന്നവര്‍

കുട്ടികളെ, പ്രത്യേകിച്ചും അവര്‍ മുതിര്‍ന്നവരായി വളരുമ്പോള്‍, മുത്തച്ഛനോടോ മുത്തശ്ശിയോടൊ പ്രായമായ ബന്ധുവിനോടോ കൂടെ സമയം ചെലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്വന്തം മൂല്യങ്ങള്‍ വിലയിരുത്താനും പുതിയവ സ്വീകരിക്കാനും ഇത്തരം കൂടിക്കാഴ്ചകള്‍ യുവതലമുറയെ സഹായിക്കും. കാരണം, പ്രായമായവര്‍ കൈമാറുന്നത് സമൂഹത്തിന്റെ ആത്മാവില്‍ ആലേഖനം ചെയ്തവയാണ്. യുവജനങ്ങള്‍ അവരുടെ സമപ്രായക്കാരുമായി മാത്രം ഇടപഴകിയാല്‍ ഇത്തരത്തിലുള്ള ഒരു മൂല്യസംശോധനം അസാധ്യമാണ്.

പ്രായോഗിക ജ്ഞാനം കൈമാറുന്നവര്‍

പ്രായമായവരുടെ പ്രായോഗിക ജ്ഞാനം ഇളംതലമുറയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. പ്രായമായവരുടെ ജ്ഞാനം ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന മേഖലകള്‍ അനുദിന ജീവിതത്തില്‍ ഏറെയാണ്. കൂടാതെ, പ്രായമായവര്‍ പലപ്പോഴും കഷ്ടപ്പാടുകളിലൂടെയാണ് ജീവിതം നയിച്ചത്; അല്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ള സമയങ്ങള്‍ കണ്ടിട്ടുണ്ട്. ഇളംതലമുറയ്ക്ക് ഇത് പ്രചോദനമാകും. നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് മനസ്സിലാക്കാന്‍ അവരുടെ വെല്ലുവിളി നിറഞ്ഞ ജീവിതകഥകള്‍ ഇളംതലമുറയെ സഹായിക്കുന്നു. അതുപോലെ, കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ വിവേകം, ശാന്തത, വിശ്വാസ്യത, നിരുപാധികമായ സ്‌നേഹം എന്നിവ നല്‍കുന്നു. അത് കുടുംബത്തിന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുകയും യുവതലമുറയുടെ ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നു.

സമൂഹത്തില്‍ പ്രായമായവരുടെ സംഭാവന നിഷേധിക്കാനാവില്ല

കുടുംബത്തിലും സമൂഹത്തിലും അവര്‍ നല്‍കുന്ന വിലയേറിയ സംഭാവനയും അവര്‍ വഹിക്കുന്ന സുപ്രധാന പങ്കും തിരിച്ചറിയേണ്ടത് പ്രധാനമാണ്. അവരെപ്പോലെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആരുണ്ട്? ഇടവകയിലെ പ്രവര്‍ത്തനങ്ങളിലും ഭക്തസംഘടനകളിലും കുടുംബകൂട്ടായ്മയിലും അവരെപ്പോലെ സജീവമാകുന്ന മറ്റാരുണ്ട്? തൊഴിലിനായി തങ്ങളുടെ മക്കള്‍ പോകുമ്പോള്‍ പകരക്കാരായി കൊച്ചുമക്കളെ പരിചരിക്കുകയും വിദ്യാലയങ്ങളിലേക്കും ശേഷവും അവരെ അനുഗമിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന മുത്തശ്ശിമുത്തശ്ശന്മാര്‍ എത്ര വലിയ സഹായമാണ് കുടുംബത്തിന് നല്‍കുന്നത്.

കുടുംബവര്‍ഷത്തിലെ ഗ്രാന്‍ഡ്‌പേരന്റ്‌സ് ദിനം

എറണാകുളം-അങ്കമാലി അതിരൂപതയില്‍ 2015 മുതല്‍ ഗ്രാന്‍ഡ്‌പേരന്റ്‌സ് ദിനം ആഘോഷിക്കുന്നു. കുടുംബത്തെ ആഘോഷിക്കുവാനും കുടുംബത്തിലെ ഓരോ അംഗവും വഹിക്കുന്ന വ്യത്യസ്ത റോളുകളെ (roles) വിലമതിക്കുവാനും, മുതിര്‍ന്ന അംഗങ്ങളുടെ സംഭാവനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും, അവരെ കുടുംബത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുവാനും ഈ ആഘോഷം കാരണമാകും എന്ന ബോധ്യത്തില്‍ നിന്നുമാണ് അത്തരമെരു പരിപാടിക്ക് ആരംഭം കുറിച്ചത്. കുടുംബവര്‍ഷത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഗ്രാന്‍ഡ്‌പേരന്റ്‌സ് ദിനാഘോഷത്തിലൂടെ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. ഒരു ദിനത്തിന്റെ മാത്രം ആഘോഷമാക്കി ചുരുക്കാതെ ഓരോ ഗ്രാന്‍ഡ്‌പേരന്റിന്റെയും ജീവിതത്തില്‍ സന്തോഷം നല്‍കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ പരാമര്‍ശിക്കട്ടെ.

1) ഇടം (space) നല്‍കുക: കുടുംബത്തില്‍ ഓരോരുത്തര്‍ക്കും പൊതു ഇടത്തോടൊപ്പം (common space) തന്നെ അവരുടേതായ വ്യക്തിപരമായ ഇടമുണ്ട് (private space). ഈ ഇടം ആദരിക്കപ്പെടണം. വ്യക്തിപരമായ കാര്യങ്ങളില്‍ അമിതമായി ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുന്നു. എല്ലാം അറിയണം എന്ന ജിജ്ഞാസ നല്ലതല്ല. അറിയേണ്ടത് മാത്രം അറിയുന്നതില്‍ സംതൃപ്തി കണ്ടെത്തുക വലിയ മൂല്യമാണ്.

2) കൂട്ടായ്മകള്‍ രൂപപ്പെടുത്തുക: പ്രായമായവര്‍ കൂട്ടായ്മകളുടെ ഭാഗമാകുന്നത് അവരുടെ മാനസികാരോഗ്യത്തിനും ക്രിയാത്മകതയ്ക്കും ഏകാന്തതയുടെ നിവാരണത്തിനും ഏറെ അഭികാമ്യമാണ്. ഇടവകതലത്തിലും, കുടുംബകൂട്ടായ്മ തലത്തിലും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത് ഏറെ പ്രായോഗികമാണ്. വയോധികര്‍ക്ക് ആവശ്യമായ ക്ലാസുകള്‍, പങ്കുവയ്ക്കലുകള്‍, മാനസികോല്ലാസത്തിനുതകുന്ന പരിപാടികള്‍ എന്നിവ ഈ കൂട്ടായ്മയെ ആകര്‍ഷകമാക്കും. ഇടവകയിലെ യുവജന സംഘടനകള്‍ക്ക് മുന്‍കൈ എടുക്കാവുന്ന മേഖലയാണിത്.

3) കുടുംബത്തിലെ പങ്കാളിത്തം: മനോഭാവത്തിലെ മാറ്റമാണ് ഇവിടെ പ്രധാനപ്പെട്ടത്. അവര്‍ അവഗണിക്കപ്പെടേണ്ടവരാണ് എന്ന ചിന്ത ഒരു മനോഭാവത്തിന്റെ പ്രശ്‌നമാണ്. എന്നാല്‍ പ്രായമായവരും ഉള്‍ചേരുമ്പോഴാണ് കുടുംബം പൂര്‍ണ്ണമാകുന്നത് എന്നത് ഒരു ശ്രഷ്ഠമനോഭാവവുമാണ്. തീരുമാനങ്ങളില്‍ വീട്ടിലെ പ്രായമായവരെ ഭാഗഭാക്കാക്കുന്നത്, കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും ഭക്ഷണവും, കൂട്ടായ്മയെ ആനന്ദകരമാക്കുന്ന കുടുംബ മണിക്കൂര്‍ (Family Hour), കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിക്കാന്‍ അവരെ പരിശീലിപ്പിക്കുന്നത് ഇവയെല്ലാം വീടകങ്ങളെ ആനന്ദകരമാക്കും എന്നതില്‍ സംശയമില്ല.

4) പ്രായമായവരുടെ പരിചരണം: രോഗികള്‍ പ്രത്യേകിച്ച് കിടപ്പിലായവരും ചലനാത്മകത നഷ്ടപ്പെട്ടവരുമായവരുടെ പരിചരണം വളരെ പ്രധാനപ്പെട്ടതാണ്. ആത്മീയവും മാനസികവും ശാരീരികവുമായ അവരുടെ ആവശ്യങ്ങളോട് സമയോചിതമായി പ്രതികരിക്കുവാന്‍ ഭവനത്തിലുള്ളവര്‍ക്ക് സാധിക്കണം. ചിലപ്പോഴെങ്കിലും അവരുടെ പരിചരണം ആവശ്യത്തിലേറെ ക്ഷമയും സംയമനവും സമര്‍പ്പണവും ആവശ്യപ്പെടുന്നതാണ്. അതിനാല്‍, പരിചരിക്കുന്നവരുടെ മനസ്സിനെ ബലപ്പെടുത്തേണ്ടതും നല്ല പരിചരണത്തിനാവശ്യമായ രീതികളും മാര്‍ഗ്ഗങ്ങളും പരിശീലിപ്പിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. സഭയുടെ അജപാലന ശുശ്രൂഷയുടെ ഭാഗമായി ഈ പരിശീലന പദ്ധതി നടത്താവുന്നതാണ്. എറണാകുളം- അങ്കമാലി അതിരൂപതയിലെ കുടുംബകൂട്ടായ്മ വിഭാഗം ആവിഷ്‌ക്കരിച്ചിരിക്കുന്ന 'ആയുഷ് ക്ലബ്ബുകള്‍' എന്ന കിടപ്പുരോഗീപരിചരണ പദ്ധതി ഇതിലേക്കുള്ള ശ്രേഷ്ഠമായ ചുവടുവയ്പ്പാണ്.

ജൂലൈ 25-ന് നടക്കുന്ന ഗ്രാന്‍ഡ്‌പേരന്റ്‌സ് ദിനാഘോഷം ഒരുണര്‍ത്തു പാട്ടാണ്. എന്റെ വേരുകളെ അത് ഓര്‍മ്മപ്പെടുത്തുന്നു. ഒരുവന്റെ സ്വത്വം രൂപീകൃതമാവുന്നത് അവന്റെ സൗഹൃദങ്ങളില്‍ നിന്നോ കാലഘട്ടത്തിന്റെ സാങ്കേതിക വിദ്യകളില്‍ നിന്നോ അല്ല; നിസ്സാരരെന്നും അത്ര ആധുനികരെല്ലെന്നും അവന്‍ കരുതുന്ന മുത്തശ്ശീമുത്തശ്ശന്മാരില്‍ നിന്നുമാണെന്ന തിരിച്ചറിവ് ഒരുവനെ ബന്ധങ്ങളോട് കൂടുതല്‍ തുറവിയുള്ളവനാക്കും, തീര്‍ച്ച!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org