വിശുദ്ധ റീത്ത

വിശുദ്ധ റീത്ത

അന്‍സമ്മ ജോര്‍ജ്ജ്
പരവര, തൈക്കൂടം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വിശുദ്ധ റീത്ത. നെറ്റിയില്‍ ഒരു മുറിവും രണ്ടു കൈകളും കൊണ്ട് താങ്ങിപ്പിടിച്ചിരിക്കുന്ന വലിയ കുരിശുരൂപവും വിശുദ്ധ റീത്തയുടെ ചിത്രം കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

വിവാഹിതയായി ഒരു ഭാര്യയായും രണ്ടു മക്കളുടെ അമ്മയായും തുടര്‍ന്നു സന്യാസിനിയായും ജീവിച്ച വിശുദ്ധ റീത്തക്ക് കര്‍ത്താവിന്റെ മുള്‍ക്കിരീടത്തില്‍ നിന്ന് ഒരു മുള്ള് ഏറ്റുവാങ്ങുവാന്‍ ഭാഗ്യം സിദ്ധിച്ചതും ഒരു മഹാ സംഭവമാണ്.

ഇറ്റലിയിലെ കാസിയ പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍ ഒരു കുലീന കര്‍ഷക കുടുംബത്തില്‍ അന്തോനിയോ അമാത്ത ദമ്പതികളുടെ മകളായി റീത്ത ജനിച്ചു. ഈ ദമ്പതികള്‍ വിവാഹിതരായി ഒത്തിരി കഴിഞ്ഞിട്ടും മക്കളില്ലാതെ വിഷമിച്ച് പ്രാര്‍ത്ഥനയും ദാനധര്‍മ്മമവും ഒക്കെയായി കഴിയുമ്പോഴാണ് സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ അമാത്തക്ക് പ്രത്യേക്ഷപ്പെട്ട് ഒരു സന്ദേശം നല്കിയത്, "നിങ്ങള്‍ക്കു ഒരു മകള്‍ ജനിക്കും. അവളില്‍ വിശുദ്ധിയുടെ മുദ്ര പതിഞ്ഞിരിക്കും" ഈ സന്ദേശം നിറവേറാന്‍ കാത്തിരുന്നു പ്രാര്‍ത്ഥിച്ചു. 1381 മെയ് 22-ന് റീത്ത ഭൂജാതയായി.

കുഞ്ഞുനാള്‍ മുതല്‍ റീത്തയില്‍ നിഷ്‌ക്കളങ്കതയും ഹൃദയ നൈര്‍മല്യവും അനുസരണവും പ്രായത്തിനു തക്ക ചുറുചുറുക്കും പ്രകടമായിരുന്നു. കുരിശുരൂപത്തിനു മുമ്പില്‍ മുട്ടുകുത്തി പീഢാനുഭവത്തെക്കുറിച്ചു ധ്യാനിച്ചു പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. 12 വയസ്സു മുതല്‍ മാതാപിതാക്കള്‍ റീത്തക്കു വേണ്ടി വിവാഹാലോചന തുടങ്ങിയെങ്കിലും സന്യാസിനിയായി ജീവിക്കാനുള്ള ആഗ്രഹം റീത്ത അവരെ അറിയിച്ചു. എങ്കിലും അവസാനം മാതാപിതാക്കളെ അനുസരിച്ചു. ധനികനും കോമളനുമായ ഒരു യുവാവിനെ കണ്ടെത്തി കാനോന്‍ നിയമപ്രകാരം വി വാഹിതയായി; ഭര്‍ത്താവ് ഫെര്‍ഡിനാന്‍ ദോ. ആദ്യമൊക്കെ ജീവിതം സന്തോഷമായിരുന്നു. പക്ഷെ, ഫെര്‍ഡിനാന്‍ദോ തന്റെ തനിനിറം പുറത്തെടുത്തു തുടങ്ങി. ഭാര്യയെ ദ്രോഹിക്കുക ദേഷ്യപ്പെടുക പരുഷമായി പെരുമാറുക, പുറത്തുപോയി കൂട്ടുകാരുമൊത്ത് ചൂതുകളിച്ച് പണം നശിപ്പിക്കുക ഇവയെല്ലാം പതിവായി. റീത്ത അതിരറ്റ ക്ഷമയോടെ കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചതല്ലാതെ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി സംസാരിച്ചില്ല.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വിശുദ്ധ റീത്ത. നെറ്റിയില്‍ ഒരു മുറിവും രണ്ടു കൈകളും കൊണ്ട് താങ്ങിപ്പിടിച്ചിരിക്കുന്ന വലിയ കുരിശുരൂപവും വിശുദ്ധ റീത്തയുടെ ചിത്രം കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. വിവാഹിതയായി ഒരു ഭാര്യയായും രണ്ടു മക്കളുടെ അമ്മയായും തുടര്‍ന്നു സന്യാസിനിയായും ജീവിച്ച വിശുദ്ധ റീത്തക്ക് കര്‍ത്താവിന്റെ മുള്‍ക്കിരീടത്തില്‍ നിന്ന് ഒരു മുള്ള് ഏറ്റുവാങ്ങുവാന്‍ ഭാഗ്യം സിദ്ധിച്ചതും ഒരു മഹാ സംഭവമാണ്.

റീത്തയുടെ ക്ഷമയും സഹനവും പ്രാര്‍ത്ഥനയും എല്ലാം നല്ലവനായ ഈശോ കണ്ടു. ഫെര്‍ഡിനാന്‍ദോ മാനസാന്തരപ്പെട്ടു, നല്ല ജീവിതം തുടങ്ങി. ഇവര്‍ക്കു രണ്ടു മക്കളും ജനിച്ചു. ഫെര്‍ഡിനാന്‍ദോയുടെ പഴയ കൂട്ടുകാര്‍ അദ്ദേഹത്തെ വകവരുത്താന്‍ പാര്‍ത്തു നടന്നു. ഒരു ദിവസം വഴിയില്‍ വച്ച് പഴയ കൂട്ടുകാര്‍ ഫെര്‍ഡിനാന്‍ദോയെ കഠാരകൊണ്ട് കുത്തി വഴിയില്‍ ഉപേക്ഷിച്ചുപോയി.

റീത്ത വീണ്ടും ഒറ്റപ്പെട്ടു. അന്ത്യകൂദാശ സ്വീകരിക്കാതെയുള്ള ഭര്‍ത്താവിന്റെ മരണം റീത്തയെ കൂടുതല്‍ ദുഃഖത്തിലാഴ്ത്തി. റീത്ത ശുദ്ധീകരണാത്മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. നിന്റെ ഭര്‍ത്താവിന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ദൈവം സ്വീകരിച്ചിരിക്കുന്നു.

റീത്ത ഭക്തികര്‍മ്മങ്ങള്‍ തുടര്‍ന്നു. പക്ഷെ, മക്കളില്‍ അവരുടെ പിതാവിന്റെ ഘാതകരോടുള്ള പക വളര്‍ന്നു. റീത്ത മക്കളോടു പറഞ്ഞു, "മക്കളെ പ്രതികാരം, നമുക്കുള്ളതല്ല." പക മനസ്സില്‍ വരുമ്പോള്‍ ക്രൂശിതരൂപത്തില്‍ നോക്കി പ്രാര്‍ത്ഥിക്കുക. റീത്ത ഇങ്ങനെ പ്രാര്‍ത്ഥിച്ചു, "ദിവ്യനാഥാ ഒന്നുകില്‍ മക്കളിലെ പക മാറ്റുക അല്ലെങ്കില്‍ അവരുടെ ജീവന്‍ എടുത്തുകൊള്ളുക." ദൈവം പ്രാര്‍ത്ഥന കേട്ടു. ഒരു വര്‍ഷത്തിനുള്ളള്ളില്‍ രണ്ടു മക്കളും രോഗം വന്നു മരിച്ചു.

റീത്ത വീണ്ടും ഒറ്റപ്പെട്ടു. ഒരു കന്യകാലയത്തിന്റെ വാതില്‍ എനിക്കുവേണ്ടി തുറന്നു തരണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് അടുത്തുള്ള അഗസ്തീനിയന്‍ മഠത്തിലേക്കുപോയി. പക്ഷെ, ഒരു വിധവയ്ക്ക് മഠത്തില്‍ പ്രവേശനം തരാന്‍ നിവൃത്തിയില്ല എന്ന മദറിന്റെ മറുപടി കേട്ട് മനംനൊന്ത് റീത്ത മടങ്ങി. വീട്ടിലെത്തി വാതിലടച്ച് കുരിശുരൂപത്തിനു മുമ്പില്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാ സമയത്ത് ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ധരിച്ച അരയില്‍ തോല്‍ വാറും കെട്ടി നില്‍ക്കുന്ന ഒരു വ്യക്തി. അതു സ്‌നാപക യോഹന്നാന്‍ ആണ് എന്നു മനസ്സിലാക്കി റീത്ത വിശുദ്ധനെ അനുഗമിച്ചു. വിശുദ്ധന്‍ റീത്തയെ അഗസ്റ്റീനിയന്‍ മഠത്തിന്റെ ആവൃതിക്കുള്ളിലാക്കിയിട്ട് അപ്രത്യക്ഷനായി.

പ്രഭാതത്തില്‍ ഉണര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ എത്തിയ സഹോദരിമാര്‍ റീത്തയെ കണ്ട് അത്ഭുതപ്പെട്ടു. പിന്നീടു മദര്‍ വന്നു, റീത്തയോടു സംസാരിച്ചു. ഒരു വിശുദ്ധനാണ് റീത്തയെ നയിച്ചത് എന്നറിഞ്ഞപ്പോള്‍ മദര്‍ റീത്തയെ സ്വീകരിച്ചു. സഭാവസ്ത്രം നല്കി സോദരിമാരോടൊപ്പം ചേര്‍ത്തു.

എളിമയിലും അനുസരണത്തിലും സഭാനിയമങ്ങള്‍ കൃത്യമായി പാലിച്ചും വിശുദ്ധ ജീവിതം നയിക്കാന്‍ റീത്ത തീരുമാനിച്ചു. അനുസരണം പരീക്ഷിക്കാന്‍ മദര്‍ റീത്തക്ക് പല ജോലികള്‍ കൊടുത്തു. ഉണങ്ങി വരണ്ട ഒരു മുന്തിരിച്ചെടി ദിവസവും നന്നക്കാന്‍ മദര്‍ ആവശ്യപ്പെട്ടു. അത്ഭുതമെന്നു പറയട്ടെ ആ മുന്തിരിെച്ചടി പെട്ടെന്ന് തളിര്‍ത്തു ഫലം നല്കി. 600 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആ മുന്തിരിച്ചെടി ഫലം തന്നു കൊണ്ടിരിക്കുന്നു.

പിശാചു ബാധിച്ച ഒരു സ്ത്രീയെ നെറ്റിയില്‍ കുരിശു വരച്ച് റീത്ത സുഖപ്പെടുത്തി.

കാസിയായിലെ പരിശുദ്ധ മാതാവിന്റെ പള്ളിയില്‍ ഈശോയുടെ പീഢാനുഭവ ധ്യാനത്തില്‍ പങ്കെടുത്തു വന്ന വിശുദ്ധ റീത്ത കുരിശുരൂപത്തിന്‍ മുമ്പില്‍ നിന്നും പ്രാര്‍ത്ഥിച്ചു. "അങ്ങയുടെ വേദനയില്‍ എന്നെയും പങ്കുചേര്‍ക്കണമെ." മഹാത്ഭുതമെന്നു പറയട്ടെ ഈശോയുടെ മുള്‍മുടിയില്‍ നിന്ന് ഒരു മുള്ള് വിശുദ്ധ റീത്തയുടെ നെറ്റിയിലേക്കു വന്നു തറച്ചുകൊണ്ടു; റീത്ത ബോധരഹിതയായി വീണു. സഹോദരിമാര്‍ ശബ്ദംകേട്ട് ഓടി വന്നു. അവര്‍ ശുശ്രൂഷിച്ചു. എന്നാല്‍ മുറിവു പഴുത്തു വികൃതമായി. റീത്ത ക്ഷമയും സഹനവും പ്രാര്‍ത്ഥനയുമായി കഴിഞ്ഞുകൂടി.

അപ്പോഴാണ് റോമില്‍ നടക്കുന്ന ഒരു ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ദണ്ഡവിമോചനം ലഭിക്കുമെന്ന് പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചത്. വിശുദ്ധ റീത്ത ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചെങ്കിലും നെറ്റിയിലെ മുറിവുമായി പോകാന്‍ മദര്‍ അനുവദിച്ചില്ല. പക്ഷെ റീത്ത കുരിശുരൂപത്തിന്റെ മുമ്പില്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു "ഇപ്പോള്‍ ഈ മുറിവു മാറ്റിത്തരുക, പോയി വന്നു കഴിയുമ്പോള്‍ വീണ്ടും ആ മുറിവു ഞാന്‍ സ്വകരിച്ചുകൊള്ളാം." അത്ഭുതമെന്നു പറയട്ടെ മുറിവു മാഞ്ഞു റീത്ത ധ്യാനത്തില്‍ പങ്കെടുത്തു. മടങ്ങി വന്നപ്പോള്‍ ആ മുറിവു വീണ്ടും സ്വീകരിച്ചു. മുറിവ് വീണ്ടും പഴുത്തു വികൃതമായി.

റീത്തയുടെ മരണം സമീപിച്ചിരിക്കുന്നു എന്ന് ഒരു ദൂതന്‍ അറിയിച്ചു. ഈ വിവരം അറിഞ്ഞ് സഹോദരിമാരര്‍ ചുറ്റും നിന്ന് പ്രാര്‍ത്ഥിച്ചു. റീത്തയെ ദൈവം സ്വര്‍ഗ്ഗത്തിലേക്ക് വിളിച്ചു.

റീത്തക്കുവേണ്ടി ഒരു ശവപ്പെട്ടി വാങ്ങുവാന്‍ മഠത്തിലെ സഹോദരിമാര്‍ ശവപ്പെട്ടികടയില്‍ എത്തി. പെട്ടിപ്പണിക്കാരന്‍ ആ സമയം തളര്‍ന്നു കിടക്കുകയായിരുന്നു. റീത്തക്കുവേണ്ടിയാണ് പെട്ടി എന്നു പറഞ്ഞ നിമിഷം പണിക്കാരന്‍ ചാടി എഴുന്നേറ്റ് പെട്ടി നിര്‍മ്മിച്ചു കൊടുത്തു. ഇത് ഒരു അത്ഭുതമായിരുന്നു.

റീത്തയുടെ മരണസമയത്ത് പള്ളിമണികള്‍ താനെ മുഴങ്ങിയതും അന്നു കത്തിച്ച മെഴുകുതിരികള്‍ ഇന്നും കെടാതെ നില്‍ക്കുന്നതും പൂക്കള്‍ വാടാതിരിക്കുന്നതും ശരീരം ഇന്നും അഴുകാതിരിക്കുന്നന്നതും അത്ഭുതങ്ങളാണ്.

1457 മെയ് 22-നാണ് വിശുദ്ധ റീത്തയുടെ മരണം. 1628-ല്‍ വാഴ്ത്തപ്പെട്ടവളായും 1900 ഏപ്രില്‍ 8-ന് വിശുദ്ധയായും പ്രഖ്യാപിക്കപ്പെട്ടു. ലെയോ പതിമൂന്നാമന്‍ പാപ്പയാണ് റീത്തയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതും അ സാധ്യകാര്യങ്ങളുടെ വിശുദ്ധയായി പ്രഖ്യാപിച്ചതും.

നുമുക്ക് വിശുദ്ധയോടുള്ള പ്രാര്‍ത്ഥനയും കുരിശുരൂപത്തിന്റെ മുന്‍പിലുള്ള പ്രാര്‍ത്ഥനയും ശീലമാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org