സമരത്തിന്‍റെ സ്മരണകള്‍, തുടരുന്ന സമര്‍പ്പണം

സിസ്റ്റര്‍ ആലീസ് ലൂക്കോസ്

കോഴിക്കോട് മാനാഞ്ചിറയില്‍ രണ്ടാഴ്ച നീണ്ടു നിന്ന സിസ്റ്റര്‍ ആലീസ് ലൂക്കോസിന്‍റെ നിരാഹാരസമരം എണ്‍പതുകളിലെ ഒരു പ്രധാനസംഭവമായിരുന്നു. സമരം കേരളത്തെ പിടിച്ചു കുലുക്കി. ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ കവര്‍ചിത്രമായി വന്ന സിസ്റ്റര്‍ ആലീസ് സഭയുടെ ചില തലങ്ങളില്‍ മീനാലീസ് എന്നു പരിഹസിക്കപ്പെടുകയും ചെയ്തു. ഫാ. ഡൊമിനിക് ജോര്‍ജ് എസ്.ജെ. പ്രധാന സംഘാടകനായി നടത്തിയ ആ സമരത്തിനു മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിലേയ്ക്കു ജനങ്ങളുടെയും ഭരണകൂടത്തിന്‍റെയും ശ്രദ്ധ കൊണ്ടുവരാന്‍ സാധിച്ചു. നിരവധി ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. പിന്നീടു കുറച്ചു കാലം ഹോസ്റ്റല്‍ വാര്‍ഡനായി കഴിഞ്ഞ ശേഷം സിസ്റ്റര്‍ ആലപ്പുഴ ജില്ലയിലെ ചെല്ലാനം ആസ്ഥാനമാക്കി വീണ്ടും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി രംഗത്തിറങ്ങി. റീലിജിയസ് ഓഫ് അ സംപ്ഷന്‍ എന്ന സന്യാസസമൂഹത്തില്‍ അംഗമായിരുന്ന സിസ്റ്റര്‍ ഇപ്പോള്‍ ആ സന്യാസസഭയിലെ അംഗത്വമുപേക്ഷിക്കുകയും ഒരു സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം എന്ന നിലയില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുകയുമാണ് ഇപ്പോള്‍. വിന്‍സൊസൈറ്റി എന്ന പേരില്‍ സ്ത്രീകളുടെ സ്വയംസഹായസംഘങ്ങള്‍ രൂപീകരിച്ചുകൊണ്ട് അവരുടെ ശാക്തീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളാണു സിസ്റ്റര്‍ ആലീസ് നടത്തുന്നത്. പതിനായിരകണക്കിനു സ്ത്രീകളുടെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും ഇടയില്‍ സ്വാശ്രയത്വത്തിന്‍റെ വെളിച്ചം പരത്തിയ പ്രസ്ഥാനമാണ് വിന്‍ സൊസൈറ്റി. അതിന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന സിസ്റ്റര്‍ ആലീസൂമായി ഫാ. ജസ്റ്റിന്‍ കൈപ്രന്‍പാടന്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

? സിസ്റ്ററുടെ ദൈവവിളി എപ്രകാരമായിരുന്നു?
പാലാ അല്‍ഫോന്‍സാ കോളേജില്‍ എം.എ. വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴാണു സന്യാസജീവിതം തിരഞ്ഞെടുക്കുന്നതിനു ഞാന്‍ അന്തിമ തീരുമാനത്തിലെത്തുന്നത്. റിലീജിയസ് ഓഫ് അസംപ്ഷന്‍ എന്ന സന്യാസസമൂഹം നടത്തിയിരുന്ന ഹോസ്റ്റലിലാണു ഞാന്‍ താമസിച്ചിരുന്നത്. വിദേശസന്യാസിനിമാരെല്ലാമുള്ള ആ സമൂഹം വളരെയധികം തുറന്നു ചിന്തിക്കുന്നവരായിരുന്നു. അവരുമായുള്ള ബന്ധമാണ് സന്യാസം സ്വീകരിക്കാന്‍ വലിയ പ്രചോദനമായിരുന്നത്. ലാറ്റിനമേരിക്കയില്‍ നടക്കുന്ന വിമോചനദൈവശാസ്ത്രപ്രസ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ വായിക്കുകയും അതിനോടെല്ലാം ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യു ന്ന കാലമായിരുന്നു അത്. യഹൂദ മതത്തില്‍നിന്നു കത്തോലിക്കാവിശ്വാസം സ്വീകരിച്ച ഒരു ഫ്രഞ്ച് കന്യാസ്ത്രീയായിരുന്നു ഞങ്ങളുടെ നോവിസ് മിസ്ട്രസ്. അവര്‍ വിമോചനദൈവശാസ്ത്രത്തോടു താത്പര്യമുള്ളയാളായിരുന്നു. മഠത്തിലെ ഞങ്ങളുടെ നിത്യസന്ദര്‍ശകനായിരുന്നു ഫാ. എസ്. കാപ്പന്‍. അതുപോലെ ഫാ. സാമുവല്‍ രായനും. ഇവരുടെ ചിന്തകളെല്ലാം എന്നെ സ്വാധീനിച്ചിരുന്നു. കാപ്പനച്ചന്‍ അര്‍പ്പിച്ചിരുന്ന ദിവ്യബലികള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. യേശുവിനെ ദൈവവും മനുഷ്യനും വിപ്ലവകാരിയുമായി അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം അര്‍പ്പിച്ചിരുന്ന ദിവ്യബലികളില്‍ സംബന്ധിക്കുന്നത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു. ഇപ്പോഴത്തെ കുര്‍ബാന, ഞാനെപ്പോഴും പറയും, പ്രിന്‍റഡ് മാസ് ആണ്. കാപ്പനച്ചന്‍റെ കുര്‍ബാന അന്നന്നത്തെ കാര്യങ്ങള്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ്. അതിലൂടെ വലിയ വെളിപാടുകളാണു ഞങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്‍റെയൊക്കെ കുറിപ്പുകള്‍ എടുക്കേണ്ടതായിരുന്നുവെന്നു തോന്നുന്നുണ്ട്.

? ആലീസ് സിസ്റ്ററെ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടുത്തിയാണ് ആളുകള്‍ ഇന്നും മനസ്സിലാക്കുന്നത്. സിസ്റ്റര്‍ വ്യത്യസ്തമായ ഒരു ജീവിതപശ്ചാത്തലത്തില്‍ നിന്നു വരുന്നയാളും. എങ്ങനെയാണ് ഈ മേഖലയിലേയ്ക്ക് വരുന്നത്?
ഫാ. ഡൊമിനിക് ജോര്‍ജാണ് എന്നെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിചയപ്പെടുത്തുന്നത്. അദ്ദേഹം മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എം.ബി.എ. പഠിച്ചയാളാണ്. ഇന്ത്യയിലെ മുന്‍നിര ബിസിനസ് വിദ്യാഭ്യാസസ്ഥാപനമായ ജാംഷെഡ്പൂര്‍ എക്സ്.എല്‍. ആര്‍.ഐയില്‍ ഡീന്‍ ഓഫ് സ്റ്റഡീസ് ആയിരുന്നു. ആ തലത്തില്‍ നിന്നാണ് അദ്ദേഹം കോഴിക്കോട്ടേയ്ക്കു വന്ന് കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ വന്നത്. ഐക്കഫിന്‍റെ ചുമതല അദ്ദേഹത്തിന് അന്നുണ്ടായിരുന്നു.

? അന്നത്തെ എന്തെങ്കിലും ഓര്‍മ്മകള്‍?
മുസ്ലീങ്ങള്‍ ധാരാളമുണ്ടായിരുന്ന പ്രദേശത്തായിരുന്നു ഞങ്ങളുടെ സമരം. അവിടെ സ്ത്രീകള്‍ക്കു പുറത്തിറങ്ങാന്‍ വലിയ പരിമിതികളുണ്ടായിരുന്നു. എങ്കിലും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അവരില്‍ ധാരാളം പേര്‍ പൊതുരംഗത്തേയ്ക്കു വന്നു. അന്ന് അയിഷ എന്നൊരു ഉമ്മയെ ഞാനോര്‍ക്കുന്നു. നേരിട്ടു സംസാരിക്കുമ്പോള്‍ വളരെ വാചാലമായി ഭംഗിയായി സംസാരിക്കും. ഒരിക്കല്‍ ഡൊമിനിക്കച്ചന്‍ അവരെ ചെറിയൊരു യോഗത്തിനു നന്ദി പറയാന്‍ നിയോഗിച്ചു. പക്ഷേ പ്രസംഗമാരംഭിച്ചപ്പോള്‍ അവര്‍ വാക്കുകള്‍ കിട്ടാതെ സ്തംഭിച്ചു നിന്നു. ഉടനെ ഡൊമിനിക്കച്ചന്‍ ആവരുടെ കൈയില്‍ മുറുകെ പിടിച്ചു. അതോടെ അവര്‍ നന്നായി പ്രസംഗിക്കാന്‍ തുടങ്ങി. അങ്ങനെയുള്ള ബന്ധമായിരുന്നു ഡൊമിനിക്കച്ചനും ഞങ്ങള്‍ക്കും അവിടത്തെ മനുഷ്യരുമായി ഉണ്ടായിരുന്നത്. ഞാന്‍ നിരാഹാരസമരം കിടക്കുമ്പോള്‍ എല്ലാ പ്രശ്നങ്ങളേയും അഭിമുഖീകരിച്ചിരുന്നത് അച്ചനായിരുന്നു. അച്ചനോടു പോലും ആലോചിക്കാതെയാണ് ഞാനന്നു നിരാഹാരത്തിനിറങ്ങിയത്. കോഴിക്കോട്ടെ മുസ്ലീം ജനങ്ങള്‍ക്ക് നിരാഹാരം കിടക്കാനോ സമരത്തിനിറങ്ങാനോ ഒക്കെ വലിയ പരിമിതികളുണ്ട്. അഖില കേരള സമരം ശക്തിപ്പെടുത്തണമെങ്കില്‍ കോഴിക്കോടും നല്ല സമരം നടക്കേണ്ടതുണ്ട്. ഏതായാലും ആ സമരം വിജയിച്ചു. ഇന്നും മത്സ്യത്തൊഴിലാളിക്കുട്ടികള്‍ക്കു ലംപ്സം ഗ്രാന്‍റ് കിട്ടുന്നതും വിവിധ വായ്പകള്‍ കിട്ടുന്നതും മണ്‍സൂണ്‍ മാസങ്ങളില്‍ ട്രോളിംഗ് നിരോധിക്കുന്നതുമെല്ലാം ആ സമരത്തിന്‍റെ നേട്ടങ്ങളാണ്.

? അന്നത്തെ മത്സ്യത്തൊഴിലാളി സമരത്തോടു സഭ നിസംഗത പുലര്‍ത്തുകയായിരുന്നോ? അത് എന്തുകൊണ്ട്?
കെ. കരുണാകരനായിരുന്നല്ലോ അന്നു മുഖ്യമന്ത്രി. അദ്ദേഹവും പിതാക്കന്മാരുമായി നല്ല ബന്ധമായിരുന്നു. അതൊരു പ്രധാന കാരണമായിരുന്നു. സഭയിലെ ചില പ്രധാന വ്യക്തിത്വങ്ങള്‍ക്ക് അന്നു നൂറു കണക്കിനു ഫിഷിംഗ് ബോട്ടുകളുണ്ടായിരുന്നു. ബോട്ടുടമയായിരുന്ന ബേബി ജോണ്‍ മന്ത്രിയായിരുന്നു. അവരുടെ ഒരു കൂട്ടുകെട്ട് രൂപപ്പെട്ടു. യന്ത്രവത്കൃതബോട്ടുകള്‍ക്ക് എതിരായിരുന്നല്ലോ ഞങ്ങള്‍. ആഴക്കടല്‍ മത്സ്യബന്ധനത്തിനു രൂപീകരിച്ച ബോട്ടുകളുടെ ഉപയോഗം നിയന്ത്രിക്കണം. മറ്റു രാജ്യങ്ങളൊക്കെ അതു ചെയ്തിരുന്നതാണ്. അതു ഞങ്ങളുടെ പ്രധാന ആവശ്യമായിരുന്നു.

? സമരങ്ങളില്‍ ഏറ്റവും ഓര്‍ത്തിരിക്കുന്ന സംഭവങ്ങള്‍?
നിരാഹാരസമരം തന്നെയാണ് ഏറ്റവും പ്രധാനം. എല്ലാ പ്രത്യാഘാതങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ടല്ല സമരത്തിന് ഇറങ്ങിയത്. സമരം നാലാം ദിവസമായപ്പോഴേയ്ക്കും ഞാന്‍ അങ്ങേയറ്റം ക്ഷീണിതയായി. മറ്റൊരാളുടെ സഹായം കൂടാതെ എണീല്‍ക്കാന്‍ കഴിയാത്ത സ്ഥിതി. പത്തു ദിവസത്തോളം മാനാഞ്ചിറ മൈതാനത്തായിരുന്നല്ലോ. അവിടത്തെ മുസ്ലീങ്ങള്‍ എന്നെ എത്രത്തോളം സ്നേഹിച്ചു എന്നതാണ് എനിക്ക് അന്നത്തെ പ്രധാനമായ ഓര്‍മ്മ. നിരാഹാരത്തിന്‍റെ അഞ്ചാം ദിവസം വെളുപ്പിന് ഖദീത എന്ന ഒരു മുസ്ലീം വൃദ്ധ എന്നെത്തേടി വന്നു. 75 വയസ്സുണ്ട്. 7 കിലോമീറ്റര്‍ നടന്നാണ് രാവിലെ നാലരയ്ക്ക് അവര്‍ വന്നത്. അപ്പോള്‍ അവര്‍ എപ്പോള്‍ വീട്ടില്‍നിന്നു പുറപ്പെട്ടുകാണും എന്നറിയാമല്ലോ. എന്താണു പോന്നത് എന്നു ചോദിച്ചപ്പോള്‍ തനിക്ക് ഉറക്കമില്ല, ഭക്ഷണവും കഴിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു മറുപടി. കാരണം ചോദിച്ചപ്പോള്‍ പറയുകയാണ്, എന്‍റെ മോള്‍, അതായതു ഞാന്‍, നിരാഹാരം കിടക്കുന്നതോര്‍ക്കുമ്പോള്‍ തനിക്കു ഭക്ഷണമിറങ്ങുകയില്ലെന്ന്. ഞങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ എങ്ങനെയെങ്കിലും കഴിഞ്ഞോളാം, നിങ്ങള്‍ മരിച്ചു പോകരുത്, ഭക്ഷണം കഴിക്കണം എന്ന് അവര്‍ ശഠിച്ചു. രണ്ടു പൊതികളില്‍ കടല വറുത്തതുമായാണ് അവര്‍ വന്നത്. ആരും കാണാതെ അതു കഴിക്കുക, കടല കൂടുതല്‍ നേരം ഊര്‍ജ്ജം നിലനിറുത്താന്‍ സഹായകരമാണ് എന്നും പറഞ്ഞു. ഞങ്ങള്‍ കഴിച്ചില്ല. പക്ഷേ മരിച്ചാലും ഇത്രയും സ്നേഹമുള്ള ഈ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക തന്നെ ചെയ്യുമെന്ന ഞങ്ങളുടെ ശപഥം അതു തീവ്രമാക്കി.

? മറ്റു സമരങ്ങള്‍?
പിന്നെയുള്ളത് ചെല്ലാനത്തെ ഷാപ്പടപ്പിക്കല്‍ സമരമാണ്. 19 കിലോമീറ്ററില്‍ 24 മദ്യഷാപ്പുകളാണ് അന്നു ചെല്ലാനത്തുണ്ടായിരുന്നത്. ഒന്നര കൊല്ലത്തെ സമരമാണ് അവയ്ക്കെതിരെ നടന്നത്. ഫാ.ഫിര്‍മസ് ഒസിഡിയെ പോലെയുള്ളവരും അനേകം യുവാക്കളും സ്ത്രീകളും രംഗത്തിറങ്ങി. പുരുഷന്മാരുടെ മദ്യപാനം മൂലം ഏറ്റവും ദുരിതമനുഭവിച്ചിരുന്നവര്‍ സ്ത്രീകളായിരുന്നല്ലോ. അവര്‍ രണ്ടിലൊന്ന് എന്നു തീരുമാനിച്ചു രംഗത്തിറങ്ങി. ഷാപ്പുകളില്‍ കുടിക്കാന്‍ വരുന്നവരുടെ തലയില്‍ ചാണകം കലക്കിയൊഴിക്കാന്‍ സ്ത്രീകള്‍ തയ്യാറായി. 1993-ല്‍ ആയിരുന്നു അത്. ഏ.കെ. ആന്‍റണി ഞങ്ങളെ പിന്തുണച്ചു. സമരം വിജയമായി. ഇന്നും കേരളത്തില്‍ മദ്യഷാപ്പുകളൊന്നുമില്ലാത്ത പ്രദേശമാണിത്. ഇനിയും ഇവിടെ മദ്യഷാപ്പ് തുടങ്ങാമെന്ന് ആരും മോഹിക്കേണ്ടെന്നു വിന്‍ സൊസൈറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org