Latest News
|^| Home -> Cover story -> ജര്‍മ്മനിയിലെ സ്വവര്‍ഗ്ഗവിവാഹം: സത്യവും മിഥ്യയും

ജര്‍മ്മനിയിലെ സ്വവര്‍ഗ്ഗവിവാഹം: സത്യവും മിഥ്യയും

Sathyadeepam

ഫാ. ജോസ് പാര്യത്തറ, ഓഗ്‌സ്ബര്‍ഗ്, ജര്‍മനി

ഫാ. ജോസ് പാര്യത്തറ

വളരെയേറെ പുരോഗമന ചിന്താഗതികളുള്ള ഒരു സമൂഹമാണ് ജര്‍മ്മന്‍ ജനത. കാലാനുസൃതമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുന്നതുപോലെ സഭയിലും സഭാ സംവിധാനങ്ങളിലും മാറ്റം ഉണ്ടാകണമെന്നാഗ്രഹിക്കുന്നവരാണിവര്‍. അതിനാല്‍ പ്രത്യേകിച്ചു മാര്‍ട്ടിന്‍ ലൂഥറിന്റെ (1483-1546) കാലഘട്ടം മുതല്‍ ജര്‍മ്മന്‍ സഭ വളരെയേറെ പരിണാമങ്ങള്‍ക്കു വിധേയമായിട്ടുണ്ട്.

1500-ാമാണ്ടുവരെ ജര്‍മ്മനി കത്തോലിക്കാ വിശ്വാസത്തിന്റെ പിള്ളതൊട്ടിലായിരുന്നു. എന്നാല്‍ സദുദ്ദേശ്യത്തോടെ ആരംഭിച്ച മാര്‍ട്ടിന്‍ ലൂഥറിന്റെ വിപ്ലവകരമായ ആശയങ്ങളും ബൈബിള്‍ പഠനങ്ങളും ചിന്താശീലരായ ജര്‍മ്മന്‍കാരെ ആവേശഭരിതരാക്കി. പക്ഷേ, മാര്‍പാപ്പയോടും റോമന്‍ കത്തോലിക്കാ സഭയോടും ലൂഥര്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ ലൂഥറിനെ കത്തോലിക്കാ പാരമ്പര്യത്തില്‍നിന്നും നിഷ്‌കാസിതനാക്കി. അക്കാലഘട്ടത്തിലെ പല രാജാക്കന്മാരും പ്രഭുക്കന്മാരും ലൂഥറിന്റെ ചിന്താഗതികളോടും പഠനങ്ങളോടും യോജിക്കുകയും ആ രാജാക്കന്മാര്‍/പ്രഭുക്കള്‍ ഭരിച്ചിരുന്ന പ്രവിശ്യകള്‍ ഒന്നടങ്കം പ്രൊട്ടസ്റ്റന്റു പാരമ്പര്യം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു!

പ്രശസ്തമായ Sola Fidei -വിശ്വാസമാണ് രക്ഷയ്ക്കു നിദാനം പ്രവൃത്തികളല്ല – എന്നതാണ് പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിന്റെ അടിസ്ഥാനം. ദൈവം കാരുണ്യവാനാകയാല്‍ നാം നല്ല മനുഷ്യരായാല്‍ മതിയെന്നും എത്ര ഗൗരവമായ പാപവും ദൈവം ക്ഷമിക്കുമെന്നും (പശ്ചാത്താപം നിര്‍ബന്ധമല്ല) ഉള്ള പഠനങ്ങള്‍ കത്തോലിക്കാ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റേയും എതിര്‍ സാക്ഷ്യമായി പരിണമിച്ചു. നല്ല മനസ്സാക്ഷിയോടെ, ലഭ്യമാകുന്ന സുഖങ്ങള്‍ ആസ്വദിക്കുകയെന്ന രീതിയിലായി കാര്യങ്ങള്‍.

പരിശുദ്ധ കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളോ ശ്രേഷ്ഠമായ മൂല്യങ്ങളോ മനസ്സിലാക്കാത്ത സാധാരണക്കാര്‍ക്കു പ്രൊട്ടസ്റ്റന്റ് സഭയില്‍ നടക്കുന്ന ചില ആചാരങ്ങള്‍ ആകര്‍ഷകമായി തോന്നാം. കൂദാശകളോ കൂദാശാനുകരണങ്ങളോ അംഗീകരിക്കാത്ത പ്രൊട്ടസ്റ്റന്റ് സഭയോടു താത്പര്യം തോന്നാന്‍ കാരണം തങ്ങളുടെ സ്വന്തം ഇഷ്ടങ്ങള്‍ മാത്രമാണ്. ബവേറിയായിലെ എന്റെ ഇടവകയിലെ വളരെ സമ്പന്നമായ കുടുംബത്തിലെ 24 വയസ്സുകാരി രണ്ടു മക്കളുടെ പിതാവായ 38 വയസ്സുള്ള പുരുഷനുമായി പ്രേമത്തിലായി. രണ്ടു പെണ്‍കുട്ടികളെയും സ്വന്തം ഭാര്യയേയും കാമുകിയെ പ്രതി ഉപേക്ഷിച്ചവന്‍ പ്രൊട്ടസ്റ്റന്റു സഭയില്‍ ചേര്‍ന്നു വിവാഹം കഴിച്ചു. അപ്രകാരം കത്തോലിക്കാ സഭ വിലക്കുന്നതെല്ലാം ലഭ്യമാകുന്ന ഇടത്താവളമായി ലൂഥറന്‍ സഭ മാറി.

ഇപ്രകാരമുള്ള പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ ജര്‍മ്മന്‍ സഭയില്‍ നടക്കുന്നുവെന്ന് പലരും പ്രചരിപ്പിക്കുന്നതിനെ മനസ്സിലാക്കാന്‍. മെയ് 10-ാം തീയതി വരെ ഇവടുത്തെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും സ്വവര്‍ഗ്ഗാനുരാഗികളെ ആശീര്‍വ്വദിക്കുന്നത് പ്രാധാന്യമുള്ള വാര്‍ത്തയായിരുന്നില്ല. ഏതാനും ചില ദിനപത്രങ്ങളില്‍ മ്യൂണിക്കിലെ സെന്റ് ബെനഡിക്ട് ദേവാലയത്തില്‍ ഫാ. വെള്‍ഫ്ഗാങ് റോതെ എന്ന കത്തോലിക്കാ വൈദികന്‍ രണ്ടു ചെറുപ്പക്കാരുടെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിക്കുന്ന രംഗം പ്രസിദ്ധീകരിച്ചിരുന്നു. നൂറോളം ഇടവകകളില്‍ ആശീര്‍വാദകര്‍മ്മം നടക്കുമെന്ന് അവകാശപ്പെട്ടതല്ലാതെ കൃത്യമായ കണക്കു ലഭ്യമല്ല.

ജര്‍മ്മനിയുടെ പശ്ചാത്തലത്തില്‍ സ്വവര്‍ഗ്ഗവിവാഹം ഗവണ്‍െമന്റ് അംഗീകരിക്കുന്നെങ്കിലും (ചില ക്രൈസ്തവസഭകളും) അപ്രകാരം വിവാഹിതരാകുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിരിയാം. അവിടെ വിവാഹം ഒരു കൂദാശ എന്നതിനേക്കാള്‍ ഒരു ഉടമ്പടി മാത്രമാണ്. പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങള്‍ കൂടുതലുള്ള ഇടങ്ങളിലെ കത്തോലിക്കരും സഭയുടെ ശരിയായ പ്രബോധനങ്ങളോ ആചാരാനുഷ്ഠനങ്ങളോ മനസ്സിലാകാത്തവരും തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി അപ്ര കാരം ചിന്തിക്കുന്നു.

ജര്‍മ്മനിയുടെ പശ്ചാത്തലത്തില്‍ സ്വവര്‍ഗ്ഗവിവാഹം ഗവണ്‍െമന്റ് (ചില ക്രൈസ്തവസഭകളും) അംഗീകരിക്കുന്നെങ്കിലും അ പ്രകാരം വിവാഹിതരാകുന്നവര്‍ക്കു എപ്പോള്‍ വേണമെങ്കിലും പിരിയാം. അവിടെ വിവാഹം ഒരു കൂദാശ എന്നതിനേക്കാള്‍ ഒരു ഉടമ്പടി മാത്രമാണ്. പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങള്‍ കൂടുതലുള്ള ഇടങ്ങളിലെ കത്തോലിക്കരും സഭയുടെ ശരിയായ പ്രബോധനങ്ങളോ ആ ചാരാനുഷ്ഠനങ്ങളോ മനസ്സിലാകാത്തവരും തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി അപ്രകാരം ചിന്തിക്കുന്നു.

സാമാന്യബുദ്ധിയില്‍ ചിന്തിക്കുന്നവരെ സംബന്ധിച്ച് കൂദാശാനുകരണങ്ങളായ വെഞ്ചെരിപ്പുകള്‍ വീട്, കട, ഫാക്ടറി, കെട്ടിടങ്ങള്‍, തൊ ഴില്‍ യന്ത്രങ്ങള്‍, പണിയായുധങ്ങള്‍, രോഗികള്‍, കുട്ടികള്‍, വീടിന്റെ പൂമുഖം മുതല്‍ കക്കൂസുവരെ വെഞ്ചെരിക്കുന്ന വൈദികനു എന്തുകൊണ്ടു സ്വാഭിഷ്ടമനുസരിച്ചു ജീവിക്കാന്‍ താത്പര്യം കാണിക്കുന്ന രണ്ടു സ്വവര്‍ഗപ്രേമികളെ ആശീര്‍വ്വദിച്ചു കൂടാ എന്നു തോന്നാം.

ആശീര്‍വ്വാദം വൈദികനിലൂടെ ദൈവം നല്കുന്ന പ്രസാദവരത്തിന്റെ പ്രവാഹമാണ്. പാപത്തില്‍ ജീവിക്കാന്‍ മനുഷ്യനു ജന്മവാസന മതി. പാപത്തെ ഉപേക്ഷിക്കുന്നവനാണ് അനുഗ്രഹത്തിന്റെയും ആശീര്‍വ്വാദത്തിന്റയും ആവശ്യം.

അതുകൊണ്ടാണ് 2021 ഫെബ്രുവരി 22-ലെ Responsum ad dubiyum എന്ന വിശ്വാസതിരുസംഘത്തിന്റെ രേഖയിലൂടെ സ്വവര്‍ഗ്ഗാനുരാഗികളായ കത്തോലിക്കരോടു അജപാലനപരമായി ഇടപെടുക എന്ന നിര്‍ദ്ദേശമുണ്ടായത്.

സ്വവര്‍ഗ്ഗ വിവാഹത്തെ കൂദാശപരമായി അംഗീകരിക്കണമെന്ന ആവശ്യം ജര്‍മ്മനിയിലെ ഒരു കത്തോലിക്കാ മെത്രാനോ പുരോഹിതനോ ഉണ്ടായിരുന്നില്ല. വൈദികരും മെത്രാന്മാരും ഉള്‍പ്പെടുന്ന സഭയുടെ മുഖ്യധാരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന 2600 ഓളം പേരുടെ ഒപ്പു ശേഖരണം നടത്തിയിട്ടുണ്ടെന്നാണ് സ്വവര്‍ഗ്ഗവിവാഹാനുകൂലികള്‍ അവകാശപ്പെടുന്നത്.

മെയ് 10-ാം തീയതി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സ്വവര്‍ഗ്ഗാനുരാഗികളുടെ ആശീര്‍വ്വാദത്തെ ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ബേറ്റ്‌സിങ് ശക്തമായ ഭാഷയിലാണ് അപലപിച്ചത്. വിശ്വാസ തിരുസംഘത്തിന്റെ നിര്‍ദ്ദേശങ്ങളോടുള്ള ധിക്കാരവും പ്രകടനപരമായ ആശീര്‍വ്വാദവും സ്വവര്‍ഗ്ഗാനുരാഗികളെ സമൂഹത്തില്‍ നിന്ന് കൂടുതല്‍ അകറ്റാനേ കാരണമാകൂ എന്ന് അദ്ദേഹം പ്രസ്താവിച്ചു. ജര്‍മ്മന്‍ കത്തോലിക്കാ സഭയുടെ അല്മായ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് സ്‌റ്റേണ്‍ബര്‍ഗ്ഗിനും ഇതേ അഭിപ്രായമാണുള്ളത്.

Leave a Comment

*
*