Latest News
|^| Home -> Cover story -> സാമൂഹിക പരിവര്‍ത്തനത്തിന്‍റെ നാഴികക്കല്ലായി മാറിയ വി. മറിയം ത്രേസ്യ

സാമൂഹിക പരിവര്‍ത്തനത്തിന്‍റെ നാഴികക്കല്ലായി മാറിയ വി. മറിയം ത്രേസ്യ

Sathyadeepam

സി. ടെസി കൊടിയില്‍ സി.എച്ച്.എഫ്.

തമ്പാട്ടീ… തമ്പാട്ടീ… എന്നുകരഞ്ഞു വിളിച്ചുകൊണ്ടു പറയന്‍ കുന്നിലെ ചിരുത ഓടിവന്നു… തൈരിയെ എല്ലാവരുംകൂടി പുറത്താക്കി തമ്പാട്ടീ… കാല്‍ പൊട്ടി ഒലിക്കുന്നുണ്ട്. പൊട്ടനാറ്റം തമ്പാട്ടി. കുട്ടരോഗമാണെന്നാ എല്ലാരും പറയണെ… തൈരി കശുമാവിന്‍ തോപ്പിലിരുന്നു കരയാണ്. കഞ്ഞിന്‍റെ വെള്ളംപോലും ആരും കൊടുക്കുന്നില്ല. ചിരുത ഏങ്ങിക്കരഞ്ഞു.

മറിയം ത്രേസ്യായുടെ ഉള്ളൊന്നു പിടഞ്ഞു. ശരീരത്തിന്‍റെ വ്രണത്തേക്കാള്‍ അധികം വേദന തൈരിയുടെ മനസ്സിനുണ്ടാകും. മറിയം ത്രേസ്യാമ്മ ഒരു സഹോദരിയെ കൂട്ടി പറയന്‍കുന്നിലേക്കു വേഗത്തില്‍ നടന്നു… അധരങ്ങളില്‍നിന്നു പ്രാര്‍ത്ഥനയ്ക്കൊപ്പം കയ്യിലെ ജപമാലമണിയും ഉരുണ്ടു. മറിയം ത്രേസ്യാമ്മയെ കണ്ടപ്പോള്‍ കൂടപ്പിറപ്പുകളെപ്പോലെ അവള്‍ വാവിട്ടു കരഞ്ഞു. “എന്നെ അവര്‍ പുറത്താക്കി തമ്പാട്ടീ…”

തൈരി സമാധാനിക്ക്… ദൈവശക്തിക്കു മീതെ ഒന്നും വരില്ല. ആരോരുമില്ലാത്തവര്‍ക്കു തമ്പുരാന്‍ തുണയുണ്ട്. അന്നു തൈരിയെയും കൂട്ടി മറിയം ത്രേസ്യ മഠത്തിലേക്കു നടന്നു. മഠത്തിന്‍റെ പറമ്പില്‍ അവള്‍ക്കുവേണ്ടി ഒരു പുര വച്ചുകെട്ടി. ദുര്‍ഗന്ധം വമിക്കുന്ന അവളുടെ മുറിവുകള്‍ മറിയം ത്രേസ്യതന്നെ കഴുകി ശുചിയാക്കി മരുന്നുകള്‍ വച്ചുകെട്ടി. ശരീരത്തിന്‍റെ മുറിവുകള്‍ സുഖപ്പെടുത്തുന്നതോടൊപ്പം മനസ്സിന്‍റെയും മുറിവുകള്‍ സുഖപ്പെടുത്തുവാന്‍ കാരുണ്യത്തിന്‍റെ മാലാഖയ്ക്കായി.

ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലഘട്ടത്തിലാണ് ഇത്തരം സാഹസത്തിനു മറിയം ത്രേസ്യ മുതിര്‍ന്നത്. സ്ത്രീകള്‍ വീടിന്നകത്തളങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന കാലഘട്ടത്തില്‍, സമൂഹം ഭ്രഷ്ട് കല്പിച്ചവരുടെയും അധഃകൃത വര്‍ഗ്ഗത്തിന്‍റെയും ഇടയിലേക്കു തന്‍റേടത്തോടെ ഇറങ്ങി ചെന്നു. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ മേല്‍ജാതിക്കാരനെന്നോ കീഴ്ജാതിക്കാരനെന്നോ ഭേദം അമ്മയ്ക്കുണ്ടായിരുന്നില്ല- “എല്ലാവരും ദൈവത്തിന്‍റെ മക്കള്‍.” ക്രൂശിതനായ യേശുവിന്‍റെ തിരുമുഖം അവരിലെല്ലാം ദര്‍ശിക്കാന്‍ മറിയം ത്രേസ്യാമ്മയ്ക്കായി.

തൊട്ടുകൂടാത്തവര്‍ തീണ്ടി ക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മില്‍ തൊട്ടുണ്ണാത്തോരങ്ങനെ
യൊട്ടല്ലഹോ ജാതി ക്കോമരങ്ങള്‍

എന്ന ആശാന്‍റെ വരികള്‍ മാത്രം മതി ജാതിപ്പശാച് അന്നത്തെ സമൂഹത്തില്‍ എത്രമാത്രം ചേരിതിരിവു സൃഷ്ടിച്ചിരുന്നുവെന്നു കാണാന്‍ കഴിയും.

ഒരു വീടുണ്ടായിരുന്നെങ്കില്‍ കയറിക്കിടക്കാമായിരുന്നു… പുതുക്രിസ്ത്യാനിയായിരുന്ന ആ സ്ത്രീ എങ്ങോട്ടേക്കു പോകണമെന്നറിയാതെ സങ്കടപ്പെട്ടു. മറിയം ത്രേസ്യാമ്മ കുടുംബസന്ദര്‍ശനത്തിനായി പോയപ്പോള്‍ കണ്ട ഈ കാഴ്ച അമ്മയുടെ മനസ്സിനെ സങ്കടപ്പെടുത്തി. ആ സ്ത്രീയുടെ ഒരു അകന്ന ബന്ധുവിന്‍റെ അടുക്കല്‍ ചെന്നു മറിയം ത്രേസ്യ കെഞ്ചിപ്പറഞ്ഞു. “ഞാന്‍ അവളെ നോക്കിക്കൊള്ളാം. ഇവിടെ ഒന്നു താമസിപ്പിച്ചാല്‍ മതി മനമില്ലാമനസ്സോടെ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ആ ബന്ധക്കാരന്‍ സ്ത്രീയെ താമസിപ്പിച്ചു. ആത്മപിതാവിനെ കണ്ടു ത്രേസ്യ വിവരം അറിയിച്ചപ്പോള്‍ രോഗിയെ ശുശ്രൂഷിക്കുകയും അവളുടെ ആത്മീയകാര്യങ്ങള്‍ നോക്കുകയും വേണമെന്നു കല്പിച്ചു. കഷായവും മരുന്നും ത്രേസ്യ തന്നെ സ്വന്തം കൈകൊണ്ടുണ്ടാക്കി കൊടുക്കുകയും രാപ്പകല്‍ ഭേദമെന്യേ അടുത്തിരുന്നു ശുശ്രൂഷിക്കുകയും ചെയ്തു. ദൂരെയുള്ള ഈ രോഗിയെ പരിചരിക്കാന്‍ സ്വന്തം ആങ്ങളയെ കൂട്ടി രാത്രിപോലും പോയിരുന്നു.

രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ത്രേസ്യ തന്‍റെ ആത്മപിതാവിനെ വിവരം അറിയിച്ചു. വിതയത്തിലച്ചന്‍ വന്ന് ആ രോഗിക്ക് അന്ത്യകൂദാശകള്‍ കൊടുത്തു. മരണത്തിന്‍റെ അന്ത്യവിനാഴികയിലെ പൈശാചികപീഡനങ്ങള്‍ നേരിട്ടു കണ്ടിരുന്ന മറിയം ത്രേസ്യ, നല്ല മരണത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് ആ കട്ടിലിനരികില്‍ നിന്നു. വിശ്വാസം, ശരണം എന്ന പ്രകരണങ്ങള്‍ ചൊല്ലിക്കൊടുത്തു നല്ല മരണം പ്രാപിക്കാന്‍ ഇടയാക്കി.

പട്ടാപ്പകല്‍പോലും സ്ത്രീകള്‍ മറ്റു വീടുകളില്‍ പോകുന്നതു ഭൂഷണല്ല എന്നു സമൂഹം ചിന്തിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു സാമൂഹ്യവിലക്കുകളെ അവഗണിച്ചു മറിയം ത്രേസ്യ മറ്റു കുടുംബങ്ങളിലേക്കു ഇറങ്ങിച്ചെന്നത്. ഇതൊരു വിപ്ലവംതന്നെയായിരുന്നു. ദൈവത്തിന്‍റെ കൈപിടിച്ചുള്ള വിപ്ലവം. സമൂഹത്തിന്‍റെ ആക്ഷേപ ശരങ്ങള്‍ക്കൊന്നും മറിയം ത്രേസ്യായെ തളര്‍ത്തനായില്ല. സമൂഹത്തിന്‍റെ നീതിന്യായകോടതിയേക്കാള്‍ അമ്മ വിലമതിച്ചതു ദൈവത്തിന്‍റെ നീതിന്യായ കോടതിയെയാണ്. ആരോരുമില്ലാത്തവരെ സഹായിച്ചാല്‍ ദൈവം തരുന്ന കൂലി എത്രമാത്രമെന്നു പറയാന്‍ പറ്റില്ല എന്ന് ഉറച്ചു വിശ്വസിച്ച ആ നല്ല അമ്മ അവഗണിക്കപ്പെട്ടവരുടെയും തകര്‍ക്കപ്പെട്ടവരുടെയും പട്ടിണിപ്പാവങ്ങളുടെയും ഇടയിലേക്ക് ഇറങ്ങിച്ചെന്നു.

ഇന്നു കാണുന്ന വിധത്തിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളോ ഗവണ്‍മെന്‍റ് ആശുപത്രികളോ ക്ലിനിക്കുകളോ ഇല്ലാതിരുന്ന കാലത്താണു മറിയം ത്രേസ്യ കാരുണ്യത്തിന്‍റെ മാലാഖയായി കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെന്നു രോഗികളെ രാപ്പകല്‍ ശുശ്രൂഷിച്ചത്.

സ്ത്രീവിദ്യാഭ്യാസം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സുസ്ഥിതിക്ക് അനിവാര്യമാണെന്നു മനസ്സിലാക്കിയ മറിയം ത്രേസ്യ പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. കുട്ടികളിലൂടെ കുടുംബങ്ങളിലേക്കു കടന്നുചെല്ലാനും കുടുംബശുശ്രൂഷയെ ത്വരിതപ്പെടുത്തുവാനും സഹായകമായി.

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കെടുതികളുടെ നടുവിലൂടെ ലോകം കടന്നുപോകുമ്പോള്‍ പുത്തന്‍ ചിറ ഗ്രാമത്തിലും അതിന്‍റെ അസ്വസ്ഥതകള്‍ ഉയര്‍ന്നു. പട്ടിണിയും രോഗവും മരണവും ഈ കൊച്ചു ഗ്രാമത്തെ കീഴ്പ്പെടുത്തി. മറിയം ത്രേസ്യാമ്മ നിസ്സഹായതയോടെ ഇരുന്നില്ല. ഉള്ളവന്‍റെ അടുക്കലെത്തി കൈനീട്ടി. ചിലര്‍ ആക്ഷേപിച്ചു പറഞ്ഞുവിട്ടു. അമ്മയുടെ ജീവിതവിശുദ്ധി കണ്ടറിഞ്ഞ മറ്റു ചിലര്‍ അറയും പത്തായപ്പുരയും തുറന്നു നെല്ലും അരിയും വിഭവങ്ങളും നല്കി തിരിച്ചയച്ചു.

19-ാം നൂറ്റാണ്ടിന്‍റെ കേരളചരിത്രം പരിശോധിച്ചാല്‍ സാമൂഹ്യസമുദ്ധാരകരുടെ കൂട്ടത്തില്‍ സഹോദരന്‍ അയ്യപ്പന്‍, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍ എന്നിവരുടെ പേരുകള്‍ നമ്മുടെ മനോമുകരത്തിലേക്ക് ഓടിയെത്തും. ആര്യപള്ളം, പാര്‍വതി നെന്മണി മംഗലം, അക്കാമ്മ ചെറിയാന്‍ തുടങ്ങിയ സ്ത്രീനാമങ്ങളും കേരളചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവരുടെ പേരിനോടൊപ്പം ചേര്‍ക്കപ്പെടേണ്ട നാമമാണു വിശുദ്ധ മറിയം ത്രേസ്യയുടേതും. ഒരുപക്ഷേ, ആത്മീയതയുടെ പരിപ്രേക്ഷ്യത്തില്‍ ആ നാമം തമസ്കരിക്കപ്പെട്ടു പോയതാണോ?

കേരള ക്രിസ്തീയ സന്ന്യാസത്തിനു പുത്തന്‍ മുഖവും കാഴ്ചപ്പാടും നല്കാന്‍ അമ്മയ്ക്കായി. ‘സന്യാസം’ ആശ്രമത്തിന്‍റെ നാല് അതിരുകളില്‍ മാത്രം ഒതുങ്ങി പ്രാര്‍ത്ഥനാജിവിതത്തിലും ആശ്രമശുശ്രൂഷയിലും മാത്രം ശ്രദ്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇത്തരം സന്ന്യാസരീതിക്കു മാറ്റം വരുത്തിയതു വിശുദ്ധ മറിയം ത്രേസ്യയാണെന്നു കാണാനാകും. കേരളത്തില്‍ അന്നുണ്ടായിരുന്ന സന്ന്യാസസമൂഹങ്ങള്‍ വിദ്യാഭ്യാസ ശുശ്രൂഷയിലും ആതുരശുശ്രൂഷയിലും അനാഥ ശുശ്രൂഷയിലും ഏര്‍പ്പെട്ടിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല.

എന്നാല്‍ ആശ്രമത്തിനകത്തളങ്ങളില്‍നിന്ന് പാര്‍ശ്വവത്കരിക്കപ്പെട്ടവരെ തേടി അവരുടെ അടുക്കലേയ്ക്കു ചെല്ലുക എന്നത് ഒരു പുത്തന്‍ കാല്‍വെപ്പായിരുന്നു. പകല്‍ മുഴുവന്‍ ചുറ്റിസഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചും രാത്രിയുടെ നീണ്ട യാമങ്ങളില്‍ പ്രാര്‍ത്ഥനാനിരതനുമായ യേശുനാഥനാണു മറിയം ത്രേസ്യയുടെ മാതൃക. സഹിക്കുന്ന യേശുവിനെ തകര്‍ന്ന വ്യക്തികളിലും കുടുംബങ്ങളിലും ദര്‍ശിച്ച മറിയം ത്രേസ്യയ്ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല.

പണ്ടു ഹോളി ഫാമിലി സന്ന്യാസിനികളെ നോക്കി ‘വീടു കയറിയിറങ്ങി നടക്കുന്ന കന്യാസ്ത്രീകള്‍’ എന്നു കളിയാക്കി പലരും അടക്കം പറഞ്ഞിരുന്നുവെന്നു ഞങ്ങളുടെ മുതിര്‍ന്ന തലമുറയിലെ സഹോദരിമാര്‍ പറയുന്നതു കേട്ടിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം തിരുസഭയിലും മാറ്റത്തിന്‍റെ ചലനങ്ങള്‍ കണ്ടു. ‘ഗാര്‍ഹികസഭ’ എന്നു വിശേഷിപ്പിക്കുന്ന സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമായ കുടുംബത്തിലേക്കു സവിശേഷ ശ്രദ്ധ തിരിയേണ്ടത് അത്യാവശ്യമാണെന്നു മനസ്സിലാക്കിയപ്പോള്‍ മിക്ക സന്ന്യാസിനീസമൂഹങ്ങളുടെയും ശ്രദ്ധ കുടുംബങ്ങളിലേക്കു തിരിഞ്ഞു. ഇത് ഒരു നൂറ്റാണ്ടു മുമ്പേ മനസ്സിലാക്കി സന്ന്യാസത്തിനും ഒരു നൂതന പന്ഥാവ് വെട്ടിത്തുറന്ന മറിയം ത്രേസ്യ ഗാര്‍ഹിക സഭയുടെ പ്രവാചികയും നൂതന സന്ന്യാസത്തിന്‍റെ മുന്‍ഗാമിയുമാണ്!

Leave a Comment

*
*