Latest News
|^| Home -> Cover story -> സങ്കുചിത ദേശീയതയുടെ വര്‍ഗീയ മുഖം

സങ്കുചിത ദേശീയതയുടെ വര്‍ഗീയ മുഖം

Sathyadeepam


എം. തോമസ് മാത്യു

ഒരു സ്വതന്ത്ര പരമാധികാര മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി ഇന്ത്യ രൂപാന്തരപ്പെട്ടതിന്‍റെ വാര്‍ഷികമാണു ജനുവരി ഇരുപത്തിയാറിന് ആഘോഷിക്കുന്നത്. ഇന്ത്യ അങ്ങനെയാണെന്നു പ്രഖ്യാപിക്കുകയും ആ പ്രഖ്യാപനത്തിനൊത്തു ഭരണസംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തതു ഭരണഘടനയ്ക്ക് അനുസൃതമായാണ്. 1950 ജനുവരി 26-ാം തീയതിയാണ് ഇന്ത്യന്‍ റിപ്പബ്ലിക് ജനിച്ചത്. മതനിരപേക്ഷ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന വിശേഷണം ഭരണഘടന പാസ്സാക്കുന്ന വേളയില്‍ ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് ഒരു ഭരണഘടനാ ഭേദഗതിയിലൂടെ അങ്ങനെ കൂട്ടിച്ചേര്‍ത്തതാണ്. ഇത്രയുമൊക്കെ നമ്മുടെ സാമാന്യവിജ്ഞാനത്തിന്‍റെ ഭാഗമാണ്.

എന്നാല്‍ മതനിരപേക്ഷമാണ് ഇന്ത്യന്‍ റിപ്പബ്ലിക് എന്നു ഭണഘടനയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമുമ്പ് ഇന്ത്യ അങ്ങനെ ആയിരുന്നില്ല എന്നു ധരിക്കുന്നതു ശരിയല്ല. മതത്തിന്‍റെ പേരില്‍ ഇന്ത്യ വിഭജിക്കപ്പെടുമ്പോള്‍ പാക്കിസ്ഥാന്‍ ഇസ്ലാമിക രാഷ്ട്രമായി പിരിഞ്ഞുപോയി. എന്നാല്‍ ഇന്ത്യ ഹിന്ദുരാജ്യമായിട്ടല്ല അവശേഷിച്ചത്. അനേകം മതങ്ങള്‍ക്കും വിശ്വാസാചാരങ്ങള്‍ക്കും ഇടമുള്ള, എന്തു വിശ്വസിക്കണം, ഏതേത് അനുഷ്ഠാനാചാരങ്ങളിലൂടെ തങ്ങളുടെ വിശ്വാസപ്രമാണങ്ങളെ മൂര്‍ത്തമായി ആവിഷ്കരിക്കണം എന്ന് ഓരോ പൗരനും തീരുമാനിക്കാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള, രാഷ്ട്രമായിട്ടാണു നമ്മുടെ രാഷ്ട്രത്തെ നാം സങ്കല്പിച്ചത്. രാഷ്ട്രം എന്ന നിലയില്‍ നാം ഒരു മതത്തെയും പിന്തുടരുന്നില്ല. രാഷ്ട്രത്തിന്‍റെ നടത്തിപ്പിലോ നയരൂപീകരണത്തിലോ മതത്തിന്‍റെ പരിഗണന ഉണ്ടായിരിക്കുകയില്ല. രാഷ്ട്രത്തിനു മൊത്തമായി ഒരു മതമില്ല. ഏതു മതവിശ്വാസിയെയും രാഷ്ട്രം തുല്യമായി കാണുന്നു. മതനിരപേക്ഷം എന്ന വിശേഷണത്തിന്‍റെ അര്‍ത്ഥം അതാണ്.

ഇവിടെ ഒരു കാര്യം നാം സവിശേഷമായി ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഇംഗ്ലീഷിലെ ‘സെക്കുലര്‍ എന്ന പ്രയോഗത്തെ നാം രണ്ടു തരത്തില്‍ തര്‍ജ്ജമ ചെയ്യാറുണ്ട് – മതേതരം എന്നും മതനിരപേക്ഷം എന്നും. ഇവ പര്യായപദങ്ങളാണെന്ന മട്ടില്‍ പ്രയോഗിക്കുന്നത് ഇപ്പോള്‍ സാധാരണമായിക്കഴിഞ്ഞു. എന്നാല്‍ മതേതരത്തിനര്‍ത്ഥം മതത്തിന് ഇതരമായത്, മതത്തിന് അന്യമായത് എന്നാണ്. യൂറോപ്പില്‍ സെക്കുലറിന് അര്‍ത്ഥം അതാണ്. മതനിരപേക്ഷത്തിനു മതാപേക്ഷയില്ലാത്തത് എന്നാണ് അര്‍ത്ഥം. പൗരന്‍ എന്ന നിലയ്ക്കു നിങ്ങള്‍ അടയാളപ്പെടുന്നത്, നിങ്ങളെ പരിഗണിക്കുന്നതു നിങ്ങളുടെ മതം നോക്കിയിട്ടല്ല. ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും പാഴ്സിയായാലും ഇതൊന്നും അല്ലാത്ത ആളായാലും നിങ്ങള്‍ക്കു ലഭിക്കുന്ന പരിഗണന ഒന്നുതന്നെയായിരിക്കും. മതനിരപേക്ഷതയുടെ സത്ത അതാണ്. രാഷ്ട്രം എല്ലാ മതങ്ങളെയും ഒന്നുപോലെ കാണുന്നു, ഒരുപോലെ ആദരിക്കുന്നു. അതൊരു സംസ്കാരമാണ്.

ആ സംസ്കാരം പോഷിപ്പിക്കുന്ന ഉദാരവീക്ഷണമാണ് ഇന്ത്യയുടെ ആചാര്യന്മാര്‍ പുലര്‍ത്തിയിരുന്നത്. അവര്‍ ദേശീയതയുടെ പരിമിതികള്‍പോലും അംഗീകരിച്ചിരുന്നില്ല. വിശ്വത്തെ ‘ഏകനീസ’മായിക്കണ്ട ഋഷിയുടെ ഭാവനയില്‍ ലോകം അനേകം ദേശീയതകളായും രാഷ്ട്രങ്ങളായും കീറിമുറിക്കപ്പെട്ടിരുന്നില്ല. ഒരു ലോകവും അതിലെ ലോകപൗരന്മാരുമാണു ഋഷിയുടെ സങ്കല്പത്തില്‍ പിറന്നത്. ഒരു പക്ഷിക്കൂട്ടിലെ കിളികള്‍ക്കെല്ലാം ഒരേതരം തൂവലുകളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം വിചാരിച്ചില്ല. ഈ കൂട്ടില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. ആരും ആരുടെയും ശത്രുവല്ല! ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പ്രാര്‍ത്ഥിച്ച മുനി എവിടെയാണ് അതിരു വച്ചത്? ‘തരുപക്ഷിമൃഗങ്ങളോടും ഖിന്നരോടും പുരരോടും’ ഒരുപോലെ സരളസ്നേഹം പുലര്‍ത്തിയ ഋഷിമാരെക്കുറിച്ചു കുമാരനാശാന്‍ എഴുതുമ്പോള്‍ ഈ ഭാരതീയസങ്കല്പത്തെ വര്‍ത്തമാനകാലത്തിലേക്കു കൂട്ടിക്കൊണ്ടുവരികയാണു ചെയ്തത്.

എന്നാല്‍, കഷ്ടം, വേര്‍തിരിവുകള്‍ വേണം, എല്ലാവരെയും പൗരന്മാരായി പരിഗണിച്ചുകൂടാ എന്ന ശാഠ്യത്തോടെ പറയുന്നവര്‍ ഊറ്റത്തോടെ കരുത്തു കാണിച്ചു തുടങ്ങിയിരിക്കുന്നു. ഈശ്വരന്‍ എന്നും അല്ലാഹു എന്നും വിളിക്കുന്നത് ഒരാളെത്തന്നെയാണ് എന്നു പറയുന്നതു മതദ്രോഹമാണ്, അയാളെ ജീവനോടെ വച്ചേക്കരുത് എന്നു നിനയ്ക്കുകയും അതിനൊത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാനും ആരാധന നടത്താനും തുടങ്ങിയിരിക്കുന്നു. യഥാര്‍ത്ഥ ദേശസ്നേഹി ഗാന്ധിയല്ല, ഗോഡ്സെയാണ് എന്നു നൂറുവട്ടം ആവര്‍ത്തിക്കപ്പെടുന്നു. എങ്ങോട്ടാണു നാം പോകുന്നത്?

അധികാരക്കളിക്കു മതത്തെയും ദേശീയതയെയും സമര്‍ത്ഥമായും സമൃദ്ധമായും ഉപയോഗിക്കുന്നതെങ്ങനെ എന്നാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം. ഇതിനു മതത്തോടോ വിശ്വാസത്തോടോ യാതൊരു ബന്ധവുമില്ല. മതത്തെയല്ല, വര്‍ഗീയതയെയാണ് അവര്‍ ആയുധമാക്കുന്നത്. മതം സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഉറവ തുറക്കുമ്പോള്‍ വര്‍ഗീയത വിദ്വേഷത്തിന്‍റെയും വിഭാഗീയതയുടെയും മുദ്രാവാക്യം മുഴക്കുന്നു. അതുകൊണ്ടു മതത്തിന്‍റെ ഒന്നാമത്തെ ശത്രു വര്‍ഗീയതയാണ്. വാളും പരിചയുമേന്തി നേര്‍ക്കുനേര്‍ നില്ക്കുന്നതു വര്‍ഗീയതയാണ്. അതു മതത്തിന്‍റെ പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ടാകും. ആ മേലങ്കിയാണു പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. നവഖലിയില്‍ ഹിന്ദുവും മുസ്ലീമും പരസ്പരം വെട്ടി രക്തപ്പുഴ ഒഴുക്കിയതു സനാതനധര്‍മത്തെയോ ഇസ്ലാമിനെയോ രക്ഷിക്കാനായിരുന്നില്ല. പെരുപ്പിച്ചെടുത്ത സംഘാഹന്തയുടെ സന്നികൊള്ളലായിരുന്നു അത്. വീണ്ടും ഇതാ ഈ ഉന്മാദംകൊണ്ടു പ്രയോജനമുണ്ടാക്കാം എന്നു കണക്കുകൂട്ടുന്നവര്‍ അരങ്ങിലാടിത്തിമിര്‍ക്കുന്നു!

ജനാവലിയെ ഭിന്നിപ്പിച്ചു പരസ്പരം അടിപ്പിക്കുന്നത് അധികാരരാഷ്ട്രീയത്തിന്‍റെ പതിവു ശൈലിയാണ്. ബ്രിട്ടീഷുകാര്‍ അതു നന്നായി പയറ്റി. പത്തിരുനൂറു വര്‍ഷം വിജയം ആഘോഷിച്ച രാഷ്ട്ര തന്ത്രമായിരുന്നു അത്. അതേ തന്ത്രം, അതിനേക്കാള്‍ രാക്ഷസീയമായും ജുഗുപ്സാവഹമായും പ്രയോഗിക്കുകയാണു മോദി-അമിത് സംഘം. കഷ്ടം തോന്നുന്നു, എത്രയോ വലിയ പേരുകളാണ് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്? ഓരോ തവണയും ഉച്ചരിക്കുമ്പോഴും വ്യക്തിത്വങ്ങളുടെ മേല്‍ കരിപൂശുകയാണു ചെയ്യുന്നത്. ഇത് അറിയാതെ പറ്റിപ്പോകുന്ന അബദ്ധമല്ല. ഇതാണ് നല്ലത്, ഇതാണു ലാഭകരം എന്ന് അറിഞ്ഞും കണക്കുകൂട്ടിയും നടത്തുന്ന പരിപാടിയാണ്. ഒരു സംസ്കാരത്തെ നശിപ്പിക്കാന്‍ ആദ്യം വേണ്ടത് അതിലുളള വിശുദ്ധിയെ നശിപ്പിക്കുകയാണ്. ഇന്ത്യന്‍ സംസ്കാരത്തിലെ വിശുദ്ധികളിന്മേലെല്ലാം മാലിന്യങ്ങള്‍ പൂശിയാണ് ഇവിടെയും ഈ കളി നടക്കുന്നത്.

മതന്യൂനപക്ഷങ്ങളുടെ നേരെയുള്ള ശത്രുത പരമാവധി വളര്‍ത്താന്‍ കഴിഞ്ഞാല്‍ ഭൂരിപക്ഷമതവര്‍ഗീയതയെ തങ്ങള്‍ക്ക് അനുകൂലമാക്കി നിര്‍ത്തുക എളുപ്പമാണെന്നതു രാഷ്ട്രതന്ത്രത്തിലെ ലഘുഗണിതമാണ്. വര്‍ഗീയ ധ്രുവീകരണം ഗുണം ചെയ്യും എന്ന് അവര്‍ കണക്കുകൂട്ടുന്നു. ആ കണക്കു തെറ്റിയിട്ടില്ലെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് അതേ കളി പുതിയ രൂപത്തില്‍ നടത്താനാണു പദ്ധതി.

ഹിന്ദുത്വത്തെയും ഭാരതീയതയെയും ഒന്നാക്കി അവതരിപ്പിച്ചുകൊണ്ടാണ് ഈ കളി ആരംഭിച്ചത്. ആ പരിപാടി അതേപടി തുടരുകയാണ്. സങ്കുചിത ദേശീയതയുടെ വര്‍ഗീയമുഖമാണു നാം ഇവിടെ കാണേണ്ടത്. ഫാസിസത്തിന് പ്രിയപ്പെട്ടതാണ് ഈ തന്ത്രം എന്ന കാര്യവും ഓര്‍ക്കുക. യഹൂദന്മാരെ പീഡിപ്പിച്ചുകൊണ്ടാണ് ആര്യസംസ്കാരത്തിന്‍റെ വരേണ്യത ഹിറ്റ്ലര്‍ സമര്‍ത്ഥിച്ചത്. ഒരു രാജ്യം, ഒരു വംശം എന്ന ആശയം എത്ര തന്ത്രപൂര്‍വമാണു ജര്‍മനി മുന്നോട്ടുവച്ചത് എന്ന് ഓര്‍ക്കണം. ഒരു രാജ്യം, ഒരു ഭാഷ എന്നൊരു മുദ്രാവാക്യവുമായി ഇന്ത്യയുടെ ആഭ്യന്തരമന്ത്രി പ്രത്യക്ഷപ്പെട്ടതു മറക്കാറായിട്ടില്ല. നാളെ ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു ആചാരം എന്നിങ്ങനെ അതു വികസിക്കും! നാനാത്വത്തില്‍ വിശ്വസിക്കുകയും വൈവിദ്ധ്യങ്ങളുടെ റിപ്പബ്ലിക്കായിരിക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്തിരുന്ന ഒരു രാജ്യമാണ് ഈ കെണിയിലേക്കു ചാടാന്‍ ഒരുങ്ങിനില്ക്കുന്നത്. ഐക്യമെന്നാല്‍ എല്ലാവരും ഒരുപോലെയിരിക്കുകയല്ല, എല്ലാ സ്വഭാവ വൈചിത്ര്യങ്ങളും ചേര്‍ന്ന് ഒരു സിംഫണി ആയിത്തീരലാണ്.

വീണ്ടും നാം ഓര്‍ക്കുക, ദേശീയതയും ദേശാഭിമാനവും പരമമൂല്യമല്ല. വിശ്വമാനവികതയാണു പരമമൂല്യം. ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം എന്നു കവി പാടിയതു വിദേശാധിപത്യത്തിന്‍റെ കാലത്താണ്. വിദേശാധിപത്യത്തില്‍ നിന്നു മുക്തി നേടാന്‍ പോരടിക്കുന്ന ഒരു ജനതയ്ക്കു വീറും വാശിയുമുണ്ടാക്കാന്‍ ഈ ദേശാഭിമാനം ഉപകരിക്കും, ഉപകരിച്ചു. പക്ഷേ, സ്വരാജ്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തറവാട്ടുമഹിമകള്‍ ഘോഷിച്ചുകൊണ്ടിരിക്കുന്നതു മനസ്സ് എത്ര ചെറുതാണ് എന്നാണു കാണിക്കുന്നത്. നമ്മുടെ ഋഷിമാര്‍ കാണിച്ചുതന്നതും പറഞ്ഞുതന്നതും മറ്റൊന്നാണ്. അവര്‍ ലോകപൗരത്വത്തിനും അപ്പുറം പ്രപഞ്ച പൗരത്വത്തിലേക്കു വളരാന്‍ പഠിപ്പിച്ചു. ആ പാഠമാണ് ഇന്ത്യയുടെ സംഭാവനയായി ലോകത്തിനു കൊടുത്തത്. ഇപ്പോള്‍ നാം ഞാന്‍, എന്‍റെ വീട്, എന്‍റെ ഗ്രാമം, എന്‍റെ ദേശം എന്നിങ്ങനെ പരിമിതപ്പെടാന്‍ ശീലിക്കുന്നു. ചെറുതാകൂ എന്നാണു മുദ്രാവാക്യം. ഈ സങ്കുചിത ദേശീയത ആര്‍ഷസംസ്കാരത്തിനു വിരുദ്ധമാണ്. അതു പ്രചരിപ്പിക്കുന്നവര്‍ ഇന്ത്യയുടെ ശത്രുക്കളാണ്.

Leave a Comment

*
*