സന്യസ്തര്‍-ദൈവകരങ്ങള്‍

സന്യസ്തര്‍-ദൈവകരങ്ങള്‍

സി. അനറ്റ് സി.എം.സി. (ഇരിങ്ങാലക്കുട)

ആ കഥ ഓര്‍ക്കുന്നു… ആ വിറുകുവെട്ടുകാരന്‍ എന്നും അയാളെ കാണുമായിരുന്നു. മരച്ചുവട്ടില്‍ കണ്ണുംപൂട്ടിയിരിക്കുന്നയാള്‍. ഒരു ദിവസം അയാള്‍ വിറകുവെട്ടുകാരനോടു പറഞ്ഞു, വനത്തിന്‍റെ കുറച്ചുകൂടി ഉള്ളിലേക്കുപോയാല്‍ ചെമ്പ് അയിരുകളാണ്. കുറെനാള്‍ കഴിഞ്ഞ് കുറേക്കൂടി മുന്നോട്ടുപോയാല്‍ വെള്ളിയെന്ന്, പിന്നെ സ്വര്‍ണ്ണമെന്നും, രത്നങ്ങളെന്നും. രത്നത്തിലെത്തിയ പഴയ വിറകുവെട്ടുകാരന്‍ സന്ദേഹിയായി. ഇയാള്‍ക്ക് ഇത്രയും ധനത്തെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും ഇയാള്‍ എന്തുകൊണ്ടാണ് ഈ മരചുവട്ടില്‍ കണ്ണുംപൂട്ടിയിരിക്കുന്നത്. അയാള്‍ മരചുവട്ടിലെത്തി ഇങ്ങനെ ആവശ്യപ്പെട്ടു. എനിക്കൊന്നും വേണ്ട ഈ കണ്ണുംപൂട്ടിയിരിക്കുന്ന കല പറഞ്ഞുതരിക. ഉവ്വ്, തൃപ്തിയിലേക്ക് ധ്യാനമല്ലാതെ വേറെ വഴികളില്ല.

ആ വിറകുവെട്ടുകാരനില്‍ നിന്ന് കണ്ണുംപൂട്ടിയിരിക്കുന്ന ആളിലേക്കുള്ള ദൂരമാണ് സന്യാസം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കേരളക്രൈസ്തവ സന്യാസം ദൈവോന്മുഖമാണ് ഒപ്പം പരോന്മുഖവും. അഞ്ചുലക്ഷത്തില്‍ പരം കത്തോലിക്കാ സന്യാസിനികള്‍ ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അജ്ഞരും അവശരും ആലംബഹീനരും പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ അനേകര്‍ക്കു വേണ്ടി നിസ്വാര്‍ത്ഥസേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളചരിത്രത്തിന്‍റെ സാംസ്കാരിക ഉന്നമനത്തിലും വിദ്യാഭ്യാസ വളര്‍ച്ചയിലും ആദ്ധ്യാത്മിക ഉണര്‍വ്വിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചവരാണ് ഇവിടുത്തെ സന്യാസിമാര്‍. ലൗകിക മൂല്യങ്ങള്‍ ലക്ഷ്യം വച്ച് സന്യാസം ആശ്ലേഷിച്ച ചിലര്‍ സഭയ്ക്കകത്തും പുറത്തും പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ നന്മയുടെ തുരുത്തും പ്രതീക്ഷയുടെ മരുപ്പച്ചയും കാലത്തിന്‍റെ തിരുത്തലുമായ സന്യാസത്തെ അതിന്‍റെ തനിമയില്‍ അറിയേണ്ടതും അറിയിക്കേണ്ടതും ആവശ്യമായിരിക്കുന്നു.

സന്യാസവിളി ദൈവത്തിന്‍റെ പ്രവൃത്തിയാണ്.
സന്യാസവിളി ദൈവത്തിന്‍റെ പ്രവൃത്തിയാണ്. കാലമെത്രമേറിയാലും മാറ്റമില്ലാത്തതാണ് സന്യാസത്തിന്‍റെ അന്തഃസത്ത കാരണം സന്യാസദൈവവിളിയുടെ ഉറവിടവും ലക്ഷ്യവും മാറ്റമില്ലാത്തവനായ ദൈവമാണ്. ആത്യന്തികമായി സന്യാസജീവിതം എന്നത് ദൈവത്തിന്‍റെ സ്നേഹപൂര്‍വ്വകമായ വിളിക്കുള്ള സ്നേഹാത്മീയമായ പ്രത്യുത്തരമാണ്. ഇത് ദൈവത്തിന്‍റെ പ്രവൃത്തിതന്നെയാണ്. ആള്‍ക്കൂട്ടത്തില്‍നിന്ന് ദൈവം തെരഞ്ഞെടുത്ത ചെറിയൊരജഗണമാണ് സന്യസ്തര്‍. അതുകൊണ്ടുതന്നെ അവസാനത്തോളം യേശുവിനു കൂട്ടുപോകാമെന്ന സമ്മതവും ഇതിലുണ്ട്. ദൈവവിളി സ്വീകരിച്ച് അവിടുത്തെ അനുഗമിക്കാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതെന്താണെന്നും യേശു കൃത്യമായി പറയുന്നുണ്ട്. 'സ്വയം പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കുക.' സ്വാര്‍ത്ഥം ഉപേക്ഷിക്കുക എന്നതാണ് സന്യാസത്തിന്‍റെ ഒന്നാമത്തെ വ്യവസ്ഥ.

വിളിയും തെരഞ്ഞെടുപ്പും വ്രതബദ്ധജീവിതവും ഒരു സന്യാസിനിയുടെ ബോധ്യങ്ങളിലും കാഴ്ചപ്പാടുകളിലും ചലനം സൃഷ്ടിക്കും. എണ്ണ നിറച്ച വിളക്കുമായി മണവാളനെ കാത്തിരിക്കുന്ന ബുദ്ധിയുള്ള കന്യകകള്‍ക്ക് സദൃശം ഇവര്‍ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ പ്രതീകങ്ങളാകും. 'വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല' (മത്താ. 25:1-4). ഒരു സന്യാസി കൈയ്യിലേന്തിയിരിക്കുന്ന ദൈവവിളിയുടെ വിളക്കില്‍ കൃപയുടെയും നന്മയുടെയും എണ്ണയുണ്ടെങ്കിലേ തെളിഞ്ഞ് പ്രകാശിക്കാനാവൂ. ഇന്ന് എണ്ണ വറ്റി വിളക്കുമായി ചില സന്യാസിനിമാര്‍ സന്യാസാശ്രമങ്ങളില്‍ ജീവിക്കുന്നുണ്ട്. മുടങ്ങിപോകുന്ന പ്രാര്‍ത്ഥനകള്‍… മുറിഞ്ഞുപോകുന്ന ബന്ധങ്ങള്‍…കൈമോശം വന്നുപോകുന്ന ആത്മാര്‍ത്ഥതകള്‍… പെരുകുന്ന ആസ്തികള്‍… ലാഭേച്ചകള്‍… കാപട്യങ്ങള്‍ ഇതെല്ലാം സന്യാസവിളിയാകുന്ന വിളക്കില്‍ എണ്ണ വറ്റിയതിന്‍റെ ലക്ഷണങ്ങളാണ്. എണ്ണയില്ലായ്മ അവരെ ഭാരപ്പെടുത്തിയിരുന്നെങ്കില്‍… തങ്ങള്‍ ദിശമാറിയാണ് ചരിക്കുന്നതെന്ന് അവര്‍ അറിയുമായിരുന്നു. അവര്‍ ഇന്ന് ശ്രേഷ്ഠമായ സന്യാസത്തെ കലുഷിതമാക്കിക്കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കൊണ്ട് ആര്‍ജ്ജിച്ചെടുത്ത സന്യാസത്തിന്‍റെ പുണ്യങ്ങളെ തമസ്ക്കരിക്കാന്‍, എണ്ണ വറ്റിയ ചില സന്യാസങ്ങളെ കൂട്ടുപിടിച്ച് മാധ്യമങ്ങള്‍ നടത്തുന്ന കുല്‍സിതശ്രമത്തെ, മാധ്യമനിരോധനം വഴി നിഷ്കാസനം ചെയ്യേണ്ടതാണ്.

നഗ്നനേത്രങ്ങള്‍ക്ക് ഗോചരമല്ലാത്തതും വിശ്വാസനയനങ്ങള്‍ക്ക് അനുഭവസാന്ദ്രമാകുന്നതുമായ ഈ സന്യാസജീവിതം ദൈവത്തിന്‍റെ വിളിയും തിരഞ്ഞെടുപ്പും ആയിരിക്കെതന്നെ ഒരാള്‍ സ്വന്തം നിയോഗവും ലക്ഷ്യവും അനുസരിച്ച് സ്വയം തിരഞ്ഞെടുക്കുകയാണ്. ഇത് ആരും ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ല. ഇത് തൊഴിലൊ തൊഴില്‍ ചെയ്യുന്നവരുടെ സംഘടനയോ അല്ല, മറിച്ച് സ്വാര്‍ത്ഥത്തെ വെടിഞ്ഞ് ദൈവഹിതം അറിഞ്ഞ് അനുസരിക്കുന്നവരുടെ പുണ്യവേദിയാണ്.

അനുസരണം-ഐശ്വര്യത്തിലേക്കൊരു വാതില്‍

ചിത്തമാം വലിയ വൈരികീഴമര്‍ന്നത്തല്‍
തീര്‍ന്ന യമിതന്നെ ഭാഗ്യവാന്‍                            -ആശാന്‍.

സ്വയം മനസ്സിനെ, സ്വാര്‍ത്ഥത്തെ കീഴ്പ്പെടുത്തിയ യോഗി ഭാഗ്യവാനാണെന്ന് കവി ഭാഷ്യം. ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വലിയ ദാനമാണ് സ്വാതന്ത്ര്യമെന്നിരിക്കെ ഒരു സന്യാസി അനുസരണവ്രതംവഴി സ്വന്തമനസ്സിനെ ദൈവത്തിന് സമര്‍പ്പിക്കുകയാണ് ഒപ്പം ഇഷ്ടങ്ങളും താല്പര്യങ്ങളും മുന്‍ഗണനകളും. അങ്ങനെ ദൈവഹിതം തന്‍റെ ഇഷ്ടമാക്കിമാറ്റുന്നു.

സ്വന്തമെന്ന് നിനച്ചിരുന്നതെല്ലാം ഉപേക്ഷിച്ച് ദൈവം പറഞ്ഞ ദേശത്തേക്ക് യാതൊരു വിധിതീര്‍പ്പുകള്‍ക്കും ഇടംകൊടുക്കാതെ യാത്രയാകുന്ന അബ്രാഹവും കര്‍ത്താവിന്‍റെ ജനതയെ കാനാന്‍റെ സമൃദ്ധിയിലേക്ക് നയിക്കാന്‍ വിളി ലഭിച്ചപ്പോള്‍, കരുത്തുറ്റ എതിരാളിയെ ഭയപ്പെടാതെ ദൗത്യം ഏറ്റെടുത്ത് അനുസരണത്തിന്‍റെ ശ്രേഷ്ഠത വെളിപ്പെടുത്തിയ മോശയും ഒരു നഗരത്തിന്‍റെ മാനസാന്തര ദൗത്യം ശിരസ്സാ വഹിക്കെ, അനുസരണക്കേടിന്‍റെ ദുരന്തവും അനുസരണത്തിന്‍റെ വിജയവും ഏറ്റുവാങ്ങിയ യോനയും… യുക്തിരഹിതമാണെന്ന് തോന്നിയപ്പോഴും അനുസരിച്ചപ്പോള്‍ അത്ഭുതകരമായി വല നിറയെ മത്സ്യം കണ്ട് അന്ധാളിച്ച പത്രോസുമൊക്കെ ഒരു സന്യാസിക്ക് അനുസരണമാര്‍ഗ്ഗത്തിലെ വഴിവിളക്കുകളാണ്.

ഏകമായി ജീവിച്ചതുകൊണ്ട് സ്വയം ത്യജിക്കല്‍ പൂര്‍ണ്ണമാകില്ലെന്ന ദര്‍ശനത്തില്‍ നിന്നാണ് സന്യാസസമൂഹജീവിതത്തിന് വഴി തെളിഞ്ഞത്. ഓരോ സന്യാസസമൂഹത്തിനും നിര്‍ണ്ണായകമായ സ്ഥാപകചരിത്രവും ദര്‍ശനവും ഭരണസംവിധാനവും നിയമാവലിയും അനുഷ്ഠാനക്രമങ്ങളും ഉണ്ട്. ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കും ഭൗതിക സുരക്ഷയ്ക്കും ഉപയുക്തമായ ഈ നിയമങ്ങളൊക്കെ അനുസരിക്കുക എന്നതാണ് സന്യാസിയുടെ പ്രഥമ ദൗത്യം. പേടികൊണ്ടൊ പ്രതിഫലം ഇച്ഛിക്കുന്നതുകൊണ്ടൊ ഉള്ള അനുസരണമല്ലിത്. മറിച്ച്, വിളിച്ച് സ്വന്തമാക്കിയവനോടുള്ള വിശ്വസ്തതയുടെയും സ്നേഹത്തിന്‍റെയും പ്രകടനമാണ്. ഇതൊരിക്കലും അടിമത്തമൊ അടിച്ചമര്‍ത്തലൊ അല്ല. ദീര്‍ഘനാളത്തെ പഠനത്തിനും പരിചിന്തനത്തിനും ആലോചനയ്ക്കും പരിശീലനത്തിനും ശേഷം ഒരാള്‍ എടുക്കുന്ന തീരുമാനമാണ്.

അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണെന്നും അനുഗ്രഹത്തിന്‍റെ നീര്‍ച്ചാലാണെന്നും ഐശ്വര്യത്തിലേക്കുള്ള വാതിലാണെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിച്ചവര്‍ക്കാണ്, അധികാരികളിലൂടെ സന്യാസ നിയമാവലികളിലൂടെ, സമൂഹാംഗങ്ങളിലൂടെ കടന്നുവരുന്ന ദൈവഹിതത്തിന് കീഴ്വഴങ്ങാന്‍ സന്തോഷപൂര്‍വ്വം സാധിക്കുക.

സന്യസ്തര്‍- ദൈവകരങ്ങള്‍
ഈ കൊച്ചുകേരളത്തില്‍ തന്നെ നാല്പതിനായിരത്തിലധികം സന്യസ്തര്‍ വിവിധ പ്രേഷിതമണ്ഡലങ്ങളിലൂടെ ദൈവത്തിന്‍റെ കരങ്ങളായി ലോകത്തിന്‍റെ മുഖം പ്രസാദപൂര്‍ണ്ണവും പ്രഭാപൂരിതവുമാക്കിക്കൊണ്ടിരിക്കുന്നു. നേഴ്സറി മുതല്‍ ഡോക്ടറേറ്റുവരെ നീളുന്ന ഏതാണ്ട് 5163 വിദ്യാസ്ഥാപനങ്ങളിലായി 30 ലക്ഷത്തോളം പേര്‍ക്ക് അവര്‍ അക്ഷരവെളിച്ചം പകര്‍ന്ന് അന്ധകാരമകറ്റുന്നു. എയ്ഡ്സ്, ക്യാന്‍സര്‍ തുടങ്ങി പലവിധത്തില്‍ രോഗബാധിതമായി ക്ലേശിക്കുന്ന ഏഴായിരത്തില്‍പ്പരം കിടപ്പുരോഗികള്‍ക്ക് ഏതാണ്ട് 613 കേന്ദ്രങ്ങളിലായി അവര്‍ മരുന്നും ലേപനവുമായി അര്‍പ്പിതരാകുന്നുണ്ട്. ഏഴായിരത്തിലധികം ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ 122 സ്ഥാപനങ്ങളിലായി സംരക്ഷിച്ച് മാതൃസ്നേഹം നല്‍കി വളര്‍ത്തുന്നുണ്ട്. ഈ അടുത്തകാലം വരെ 1500 അനാഥമന്ദിരങ്ങളിലായി ഇരുപതിനായിരത്തിലധികം അനാഥ ബാല്യങ്ങള്‍ക്ക് അവര്‍ കരുതലും സ്നേഹവും നല്‍കുന്ന അപ്പനമ്മമാരായിട്ടുണ്ട്. 825 വൃദ്ധമന്ദിരങ്ങളിലായി 80,000-ത്തില്‍പ്പരം ഒറ്റപ്പെടലിന്‍റെ ശൂന്യത അനുഭവിക്കുന്ന വൃദ്ധമാതാപിതാക്കളെ ഇവര്‍ സ്വന്തം മക്കളെക്കാളധികമായി പരിചരിച്ച് പോരുന്നു. കൂടാതെ മാനസിക ആരോഗ്യകേന്ദ്രങ്ങള്‍, കൗണ്‍സിലിംഗ്, ഡി. അഡിക്ഷന്‍ സെന്‍ററുകള്‍, കുടുംബപ്രേഷിതത്വം, തൊഴിലധിഷ്ഠിത സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, പരിതസ്ഥിതി സംരക്ഷണം, ആകാശപറവകള്‍… എ ന്നീ മേഖലകളിലും ആത്മാര്‍ത്ഥമായി ആത്മാര്‍പ്പണം ചെയ്യുന്നതോടൊപ്പം നിത്യാരാധയുടെയും അഖണ്ഡപ്രാര്‍ത്ഥനയുടെയും പ്രേഷിതരായി സന്യസ്തര്‍ ഇന്നും ലോകത്തില്‍ ആനന്ദത്തിന്‍റെ സാക്ഷികളായി നിലകൊള്ളുന്നു.

പുതുവഴി വെട്ടാന്‍ ശ്രമിക്കുന്നവര്‍, നടുവഴിയില്‍ ജീവന്‍ ഹോമിക്കണമെന്നല്ലേ ചൊല്ല്. നന്മ ചെയ്യാന്‍ തുനിയുന്നവന് സഹനം കൈവശമുള്ള സമ്പത്താകണം. എങ്കിലേ ഉത്തരം കിട്ടാത്ത ചോദ്യത്തിന്‍റെ മുമ്പിലും അടഞ്ഞവാതിലിനരികിലും ധൈര്യമായി നിന്ന് വിശ്വാസത്തോടെ ദൈവകരങ്ങളിലേക്ക് ജീവിതം സമര്‍പ്പിക്കാനാവൂ. വി. ഫ്രാന്‍സിസിനെപ്പോലെ അവസാനം വരെ ഉന്മാദത്തോളമെത്തുന്ന കരുണ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ദൈവത്തിന്‍റെ കരങ്ങളായി-നവലോകനിര്‍മ്മിതിക്കായി ഇനിയും തുടങ്ങാം.

(മാള സൊക്കോര്‍സൊ ഹയര്‍സെക്കന്‍ററി സ്ക്കൂളിലെ മലയാളം അധ്യാപികയാണ് ലേഖിക.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org