അക്ഷരങ്ങളെ മറക്കുന്ന ദൃശ്യങ്ങള്‍

അക്ഷരങ്ങളെ മറക്കുന്ന ദൃശ്യങ്ങള്‍

റ്റോം ജോസ് തഴുവംകുന്ന്

റ്റോം ജോസ് തഴുവംകുന്ന്
റ്റോം ജോസ് തഴുവംകുന്ന്

വായനയോളം ഫലം ചെയ്യുന്നതും ചിലവു കുറഞ്ഞതും തലമുറകളിലേയ്ക്ക് പകരപ്പെടുന്നതുമായ മറ്റൊന്നില്ലെന്നത് ഓര്‍മ്മകളിലേയ്ക്ക് കൂടേറുകയാണോയെന്നു ആശങ്കപ്പെടുന്നു. വായനശാലകളും പുസ്തകശേഖരങ്ങളുമൊക്കെ വലിയ 'ഉറക്ക'ത്തിലേയ്ക്ക് കൂപ്പുകുത്തുകയും ഇതര സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യജീവിതങ്ങളെ കീഴടക്കുകയും ചെയ്യുന്ന അപൂര്‍വ്വതയുടെ നാളുകളാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുവാനും തരണം ചെയ്യുവാനുമായി നാം പല ഗ്രന്ഥങ്ങളേയും ഗ്രന്ഥകര്‍ത്താക്കളേയും അനുധാവനം ചെയ്ത് അവലംബമാക്കാറുണ്ട്. കാരണം പഴമക്കാരുടെ വാക്കുകള്‍ പാഴ്‌വാക്കുകളല്ല; ജ്ഞാനത്തേക്കാളും ജ്ഞാനത്തിന്റെ 'ആരംഭകനെ' തെളിച്ചെടുക്കാനുള്ള ഒരു വഴിയും വെളിച്ചവും പല രചനകളിലും ഉണ്ട്. അറിവെന്നതിനപ്പുറം മനുഷ്യനാവശ്യമായ നെറിവും നേരും വായനയിലൂടെ മനഃസാക്ഷിയുടെ ഭാഗമാകും.

പുസ്തകങ്ങളും തദ്വാരയുള്ള പാഠ്യപദ്ധതികളും സജീവമാക്കുമ്പോഴും വരുംതലമുറയിലേക്ക് പകരപ്പെടുന്നത് വെറും 'ക്യാപ്‌സൂള്‍' അറിവുകളാണ്. ഗുണദോഷങ്ങളോ ശരിതെറ്റുകളുടെ സഞ്ചാരങ്ങളോ ബോധനമാക്കാത്ത വെറും തൊഴില്‍ തേടിയുള്ള അറിവന്വേഷണങ്ങളുടെ ആകെത്തുകയായ ഒട്ടനവധി അറിവിന്റെ 'ഗുളിക' രൂപങ്ങള്‍ നാളെയുടെ മക്കളുടെ അറിവിന്റെ വിശാലതയും ജീ വിതത്തിന്റെ മനോഹാരിതയും ജീവനോടും ജീവിതത്തോടുമുള്ള പ്രതിബദ്ധതയും ആത്മവിശ്വാസവും വളര്‍ത്തുന്നില്ലെന്നത് ദുഃഖകരമായ ചിന്തയാകുന്നു. "വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും" എന്ന് കുഞ്ഞുണ്ണി മാഷ് പറയുന്നതിന്റെ ആഴം തലമുറകള്‍ അറിയാതെ പോകരുത്.

അറിവിന്റെ സൂക്ഷിപ്പുകാര്‍ മാത്രമല്ല ജീവിതത്തിന്റെ സുരക്ഷയും പുസ്തകത്താളുകളില്‍ ഒളിച്ചിരിപ്പുണ്ട്. കാരണം ജീവിതത്തിന്റെ പകര്‍ത്തെഴുത്തുകളാണ് അവയില്‍ പലതും!! മെഡലുകള്‍ സമ്മാനമായി കൈമാറ്റപ്പെടുന്നിടത്ത് പുസ്തകങ്ങള്‍ സമ്മാനവും പഠന പദ്ധതികളിലെ മുഖ്യചര്‍ച്ചാ ശാഖയുമാകണം. ചരിത്രത്തേയും ചരിത്രകാരന്മാരേയും നാളെയുടെ വഴിയിലേക്ക് അവലംബങ്ങളായി കടന്നുവന്നേ മതിയാകൂ. വായന മരിക്കരുത്; പുസ്തകങ്ങള്‍ ഉറക്കത്തിലേക്ക് മടങ്ങരുത്.

ഇന്ന് എല്ലാം കാഴ്ചകളിലൂടെയാണ്; എല്ലാവരുടേയും ചര്‍ച്ചകള്‍ ദൃശ്യങ്ങളെക്കുറിച്ചാണ്. സ്വാര്‍ത്ഥതയുടെ തിയേറ്ററുകളിലിരുന്ന് പങ്കുവയ്പിനെക്കുറിച്ചും ഒന്നിച്ചിരുപ്പിനെക്കുറിച്ചുമൊക്കെ മറക്കുന്നവര്‍. വായിക്കുന്നതിനെക്കുറിച്ച് മറക്കുവാന്‍ പ്രേരിപ്പിക്കുന്ന കാഴ്ചകള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ ലോകത്തിരുന്ന് ആസ്വദിക്കുന്നവര്‍! പരിസരബോധം നഷ്ടമാക്കുകയും പരാധീനതകള്‍ക്ക് പരിഹാരം കാണാനാകാതെ സ്വയം ഇരുട്ടില്‍ തപ്പുകയും ചെയ്യുന്നു. മെസ്സേജ് എന്നു കേട്ടാല്‍ തന്നെ അതില്‍ ഒരു നന്മയുടെ കാമ്പ് നമ്മുടെ മനസ്സിലേയ്‌ക്കെത്തിക്കുമായിരുന്നു. ഇന്നത്തെ മെസ്സേജുകള്‍ക്ക് അര്‍ത്ഥവും നഷ്ടമായിരിക്കുന്നു. കഥയുടെ ആകെത്തുക പൂജ്യം അഥവാ ശൂന്യതയെന്ന് നാം തിരിച്ചറിയുന്ന കാലം. ക്രൈംത്രില്ലറുകള്‍ക്കും നെഗറ്റീവ് ചിന്തകള്‍ക്കും വൃഥാവിലുള്ള സെന്റിമെന്‍സിനും വഴിമാറുന്ന മനുഷ്യന്റെ ചിന്തകളുടെ 'റേറ്റിംഗ്' പലപ്പോഴും ആഴത്തിലുള്ള വായനയുടെ അഭാവം വെളിവാക്കുന്നു. ഒട്ടനവധി ദൃശ്യങ്ങളുടെയും അര്‍ത്ഥങ്ങള്‍ക്ക് അര്‍ത്ഥാന്തരം മാത്രമല്ല ദ്വയാര്‍ത്ഥങ്ങളും വ്യംഗ്യാര്‍ത്ഥങ്ങളും ഇന്നുണ്ട്. മനുഷ്യമനസ്സിലേയ്ക്ക് ചില തെറ്റുകള്‍ ശരികളായി കുത്തിനിറയ്ക്കുന്ന കാഴ്ചകള്‍ ഭാവിയെ അപകടത്തിലാക്കില്ലെ?

അഹിംസയെക്കുറിച്ചു പറയുവാന്‍ ഒരേയൊരു ഗന്ധിചരിത്രം! വഴിവിളക്കിന്‍ കീഴെയിരുന്നു പഠിച്ച് രാജ്യത്തിന്റെ പ്രസിഡന്റായ ചരിത്രം, ഏബ്രഹാം ലിങ്കണിലൂടെയിന്നും സംസാരമാകുന്നു; അനിര്‍വ്വചനീയ കരുണയുടെ അവാച്യാനുഭവമായി മാറുന്ന മദര്‍ തെരേസയും തുടങ്ങി ചരിത്രകാരന്മാരും കഥാകാരന്മാരും, ഭിഷഗ്വരന്മാരും, സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും ശാസ്ത്രജ്ഞരും ശില്പികളും കവികളും അദ്ധ്യാപകരും തുടങ്ങി സമസ്ത മേഖലകളിലേയ്ക്കും അവലംബമാകാന്‍ യുക്തമായവര്‍ പുസ്തകത്താളുകളില്‍ അലമാരയിലെ കാഴ്ചകള്‍ മാത്രമാകുന്നു. വായനശാലകളുടെ സൗന്ദര്യവും പ്രൗഢിയും ആഢ്യത്വവും മാത്രമായി ചരിത്രത്താളുകള്‍ സ്ഥാനം പിടിക്കുന്നതിനെക്കുറിച്ച് ഡിജിറ്റല്‍ തലമുറ ചിന്തിക്കണം. വായിക്കാന്‍ സമയമില്ലെന്നു പറയുന്നവര്‍ ബുദ്ധിപരമായിത്തന്നെ ആത്മഹത്യയുടെ സഞ്ചാരത്തിലാണെന്ന് തിരിച്ചറിയണം.

കണ്ടു വളരുന്നതിലെ ചുരുക്കരൂപങ്ങള്‍ ഒന്നു വിശാലമാക്കണമെങ്കില്‍ കൂടി വായനയെ ആശ്രയിച്ചേ തീരൂ! നിശ്ചയിക്കപ്പെട്ടതും 'സിംഗിള്‍ട്രാക്ക്' സ്വഭാവമുള്ളതുമായ ആധുനിക അറിവുകള്‍ നാളെയുടെ തലമുറയെ പല സ്ഥലങ്ങളിലും വഴിമുട്ടിക്കും. കാരണം "ഇതാണെന്റെ വഴി" എന്ന തിരിച്ചറിവിനൊപ്പം "ഇതുതന്നെയാണോയെന്റെ വഴി?" എന്നൊന്നു വിചിന്തനം നടത്താനും തലമുറയ്ക്കു കഴിയണം. ഓരോരുത്തരേയും ഏല്പിച്ചിരിക്കുന്ന 'താലന്ത്' കൃത്യമായി കണ്ടെത്തി വളര്‍ത്തിയെടുത്ത് ജീവനും ജീവിതവും തനിക്കും മറ്റുള്ളവര്‍ക്കും 'മെസ്സേജ്' ആക്കി മാറ്റുവാന്‍ ഇന്നത്തെ തലമുറയ്ക്ക് കഴിയണമെങ്കില്‍ പഴയ കാലടികളെ പിഞ്ചെല്ലാനും സ്വയം തിരിച്ചറിയാനും കഴിയണം. പറന്നു നടക്കുന്ന പക്ഷിക്ക് ആകാശം പൊടുന്നനെ വീണു കിട്ടിയതല്ല, അതിനു പിന്നില്‍ ഒരു കൂടും മുട്ടയും പിച്ചവെയ്ക്കലും, ചിറകടിക്കലും, ചിറകടിച്ചിരുന്ന ആദ്യകൊമ്പുകളുടെ അടര്‍ന്നു വീഴലും, തുടര്‍ന്നുള്ള ഉയര്‍ന്നു പറക്കലിലെ വീഴ്ചകളും താഴ്ച്ചകളും യാതനകളും കൂടിയുണ്ടെന്നു പഠിക്കണം! ഈ കഷ്ടതകളെ കൂടി കൂടപ്പിറപ്പായി കണക്കാക്കി കരുതിപ്പോരുമ്പോഴാണ് വിജയത്തിന്റെ തിളക്കം ചാരിതാര്‍ത്ഥ്യ പൂര്‍ണ്ണമാകുന്നത്.

വായിക്കാന്‍ സമയമില്ലെന്നു പറയുന്നവര്‍ ബുദ്ധിപരമായിത്തന്നെ ആത്മഹത്യയുടെ സഞ്ചാരത്തിലാണെന്ന് തിരിച്ചറിയണം. വായനശാലകളും പുസ്തകശേഖരങ്ങളുമൊക്കെ വലിയ 'ഉറക്ക'ത്തിലേയ്ക്ക് കൂപ്പുകുത്തുകയും ഇതര സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യജീവിതങ്ങളെ കീഴടക്കുകയും ചെയ്യുന്ന അപൂര്‍വ്വതയുടെ നാളുകളാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്നലെകളെക്കുറിച്ചും ഇന്നലെകളിലെ ജീവിതത്തെയുംക്കുറിച്ച് ഇന്നിന്റെ മക്കള്‍ അറിയണമെങ്കില്‍ വായനയുടെ ലോകം ഉണരണം. അതിലേയ്ക്ക് ചൂണ്ടു പലകയാകാന്‍ വിദ്യാലയങ്ങളുടെ അകത്തളങ്ങള്‍ക്ക് കഴിയണം. അറിവിന്റെയും തൊഴിലിന്റെയും സിലബസ്സും കരിക്കുലവും വിട്ട് മക്കള്‍ ജീവിതത്തിന്റെ വിശാലതയിലേയ്ക്കു കടന്നിറങ്ങണം, പരീക്ഷകള്‍ക്കും മാര്‍ക്കുകള്‍ക്കുമപ്പുറം ജീവിതത്തിന്റെ സന്മാര്‍ഗ്ഗരേഖയുണ്ട്; അതു നിഷ്‌ക്കര്‍ഷയോടെ തലമുറകളിലേയ്ക്ക് പകരപ്പെടണമെങ്കില്‍ പാഠ്യപദ്ധതികള്‍ക്കപ്പുറം 'വിജ്ഞാനകോശം' വായനയിലൂടെ വളര്‍ത്തിയെടുക്കണം. മക്കളെ നല്ലതു വായിക്കാന്‍ പ്രേരിപ്പിക്കണം. മാര്‍ക്കും ട്രേഡും ജോലിയും കിട്ടുവാനുള്ള ഇന്റര്‍വ്യൂ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കാണാപാഠം പഠിക്കലല്ല ജീവിതം!! പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളോട് പൊരുതിനിന്ന് വിജയിച്ചു കയറണമെങ്കില്‍ കടന്നുപോയ കാലടികളിലെ മൊഴിമുത്തുകളായ രചനകള്‍ ചികഞ്ഞെടുത്ത് വായിച്ച് ഭാവിക്ക് അവലംബമാക്കാന്‍ മക്കളെ പ്രോത്സാഹിപ്പിക്കണം.

എന്തു മത്സരം സംഘടിപ്പിച്ചാലും വിജയികള്‍ക്ക് സെല്‍ഫോണും കംപ്യൂട്ടറും അനുബന്ധ അത്ഭുതച്ചെപ്പുകളും സമ്മാനമായി നല്കാതെ മക്കള്‍ വിജയിച്ചെത്തുമ്പോള്‍ നല്ല പുസ്തകങ്ങള്‍ സമ്മാനമായി നല്കാന്‍ ഇന്നിന്റെ മത്സരവേദികള്‍ തയ്യാറാകണം. വായിക്കുന്നവരേയും എഴുതുന്നവരേയും മുഖാമുഖമിരുന്ന് സംഭാഷിക്കുന്നവരേയും ആധുനിക 'ബുദ്ധിജീവികള്‍' അവജ്ഞയോടെയാണ് നോക്കിക്കാണുന്നതെന്നതും വി ചിത്രമാണ്. ഇന്നത്തെ തലമറയുടെ കൈവശം ഒരു പേനപോലും കാണാനില്ലെന്നതും അത്ഭുതമാണ്. എല്ലാം സെല്‍ഫോണില്‍ 'സേവ്' ചെയ്യുന്നതിനാല്‍ സ്വന്തം പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും ഒക്കെ സെല്‍ഫോണില്‍ തന്നെ തിരയുന്നതാണ് ആധുനികതയുടെ 'ഷോ' എന്നതും വിചിത്രമാണ്.

ദിനപ്പത്രം വീടിന്റെ ഉമ്മറത്ത് വരുംദിവസത്തെ പത്രമെത്തും വരെയോ അതു കഴിഞ്ഞോ വിശ്രമിച്ചെന്നു വരാം. അതിനുശേഷം ഏതെങ്കിലും ഓണ്‍ലൈന്‍ പാഴ്‌സല്‍ പൊതിയാനോ അത്യാവശ്യം പലചരക്ക് പൊതിയാനോ ഉപയോഗിച്ചെന്നും വരാം. പത്ര പാരായണം പഴഞ്ചനാളുകളുടെ നേരം പോക്കാണെന്ന ഒരു പുച്ഛം എങ്ങും ദൃശ്യമാണ്. 'ക്യാപ്‌സൂള്‍ വാര്‍ത്തകളും ടാബ്‌ലറ്റ് കാഴ്ചകളും' കൊണ്ട് ആധുനികര്‍ അഹങ്കരിക്കുമ്പോള്‍ വായനയെ പുറം തള്ളുന്നത് അപകടമാണ്. വായനശാലകള്‍ അത്ഭുതപ്പെടുത്തുന്ന അറിവിന്റെ ഒരു 'മഹാമാള്‍' ആണെന്ന് ആധുനിക തലമുറ തിരിച്ചറിയണം. വായനയുടെ ലോകം തുറന്നെത്തുകയെന്നത് മനുഷ്യരുടെ കടമയായി വളര്‍ത്തിയെടുക്കണം. പണം സമ്പാദിക്കാനുള്ള തൊഴിലിലേയ്‌ക്കെത്തുന്ന പഠനം മാത്രമല്ല വിജ്ഞാനത്തിന്റെ ഉദ്ദേശം, തൊഴിലിനും പണത്തിനുമപ്പുറമാണ് മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യം എന്നു മക്കള്‍ അറിയണം! നല്ലതു വായിക്കാനും ലോകത്തിന്റെ പൗരാണിക മുഖവും പഴഞ്ചന്‍ മുഖവും ആധുനിക മുഖവും ആര്‍ഭാടമുഖവുമൊക്കെ നമുക്കു തിരിച്ചറിയാനും വളര്‍ച്ചയിലേയ്ക്ക് വഴികാട്ടിയാകാനും കഴിയണം. വായന ഒന്നുകൊണ്ടു മാത്രമാണ് മനുഷ്യന്‍ 'രൂപാന്തരീകരണം' പ്രാപിക്കുന്നതെന്നു വേണമെങ്കില്‍ പറയാം. ജീവിതത്തിന്റെ ഇപ്പോഴുള്ള പോക്കിനെക്കുറിച്ച് ഒരു വിചിന്തനത്തിനു തന്നെ വായന ഉപകരിക്കുമെന്നു തീര്‍ച്ച. മടിയന്റെ പണിപ്പുരയായി മാറുന്ന ഇന്നത്തെ സെല്‍ഫോണ്‍ ഒരു 'മാന്ത്രികക്കെണി'യായി ആധുനിക തലമുറയ്ക്ക് മാറുന്നെങ്കില്‍ നാമെല്ലാം ജാഗ്രതയിലാകണം. അടുത്തിരിക്കുന്നവരെപ്പോലും അറിയാനോ, ബന്ധങ്ങളെക്കുറിച്ച് പഠിക്കാനോ പരിചയം അല്ലെങ്കില്‍ സൗഹൃദം ബലപ്പെടുത്താനോ ഒന്നും ഇഷ്ടപ്പെടാത്ത തലമുറ, കാരണം വായനയിലൂടെ വളരണമെന്ന ബോധനം "ഗുരുവിനും ശിഷ്യനും" നഷ്ടമായിരിക്കുന്നു. ജീവിതം സ്മാര്‍ട്ട് ആകുന്നു. ഡിജിറ്റല്‍ ആകുന്നു എന്നാല്‍ സ്‌നേഹബന്ധങ്ങള്‍ നഷ്ടമാകുന്നു. ഏതോ മൈതാനത്തു പറന്നിറങ്ങിയ ദേശാടനക്കിളികളെപ്പോലെ കൂട്ടമായിട്ട് ഒറ്റയ്ക്കു ജീവിക്കുന്നു; അത്രതന്നെ! മുഖപ്രസാദവും പരിചിതഭാവങ്ങളും നഷ്ടമാകും വിധം നമ്മുടെ മനസ്സ് എവിടെയോ അന്വേഷണത്തിലാണ് അല്ലെങ്കില്‍ എന്തിനോ വേണ്ടി 'റിസ്സേര്‍വ്ഡ്' ആണെന്നും പറയാം.

മാറണം മാറിയേ തീരൂ! നാമെല്ലാം വായനയിലേയ്ക്കും എഴുത്തിലേയ്ക്കും മടങ്ങിയെത്തണം. ഡിജിറ്റല്‍ സാങ്കേതികത മനുഷ്യത്വത്തെ വിഴുങ്ങാനും പ്രതിഭകളെ നിഷ്പ്രഭമാക്കാനും ഇടയാക്കരുത്. സ്മാര്‍ട്ട് ഫോണുകള്‍ "G' കൊണ്ട് മത്സരിക്കുമ്പോഴും ഭാവി ജെനറേഷന്‍ (FG) അപകടത്തിലാകുന്നതോ അതല്ലെങ്കില്‍ ഭാവിതലമുറയെ പരിഗണിക്കാന്‍ തയ്യാറല്ലാത്തതോ ആര്‍ക്കും പ്രശ്‌നമല്ല. കാഴ്ചയുടെ മുന്നിലിരുന്ന് മതിമറക്കുമ്പോഴും കാഴ്ചയ്ക്കപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളെ അന്വേഷിക്കാന്‍ മറക്കരുത്. വരും തലമുറ ലോകജാലകങ്ങള്‍ തുറന്ന് പുറംകാഴ്ചകളിലേക്ക് വളര്‍ന്നെത്തുന്നതിനു പകരം സകല ജാലകങ്ങളും അടച്ച് സ്വന്തം വിരല്‍ത്തുമ്പിലേയ്ക്ക് ലോകത്തെ ചെറുതാക്കിക്കൊണ്ടു വരുന്ന ദുരവസ്ഥയിലാണിന്ന്. ലോകത്തിനായി ലോകത്തിലേയ്ക്കു വളരേണ്ടവര്‍ ലോകത്തെ മുഴുവനായി സ്വന്തം കൈപ്പിടിയിലേയ്ക്ക് ഒതുക്കുവാനുളള തീവ്രശ്രമത്തിലാണെന്നു തോന്നുന്നു. ചുറ്റും നടക്കുന്നതിലേയ്ക്ക് നമ്മുടെ ജീവിതം തുറന്നുവെച്ച് പഴമയുടെ വര്‍ത്തമാനങ്ങള്‍ വായിച്ചറിയണം. വായിച്ചും എഴുതിയും കണ്ടെത്തിയും കണ്ടുപിടിച്ചും ഒരാള്‍ക്ക് മറ്റൊരാള്‍ പകരം നില്‍ക്കാത്തവിധം ലോകത്തിന്റെ നെറുകയിലേയ്ക്കു വളര്‍ന്നെത്തിയവരെക്കുറിച്ചു വായിച്ചറിയണം. യുഗം ഡിജിറ്റല്‍ അല്ലെങ്കിലും മനുഷ്യര്‍ മനുഷ്യരായി ജീവിച്ചതിലെ ഒരു 'അകം പൊരുള്‍' ഇന്നത്തെ തലമുറ വായിച്ചുതന്നെ അറിയണം. കാലമെത്ര മാറിയാലും മനുഷ്യരിലെ ദൈവീകഛായ നഷ്ടമാകരുതല്ലൊ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org