ഭാരതത്തിന്റെ പൈതൃകസ്വത്തും സത്ത തനിമയുമായ സെക്കുലറിസം

ഭാരതത്തിന്റെ പൈതൃകസ്വത്തും സത്ത തനിമയുമായ സെക്കുലറിസം

ആധുനിക ഇന്ത്യയില്‍ ജനാധിപത്യം അപരിചിത ആശയമായി മാറുന്ന ആപല്‍സാധ്യതയെ അവതരിപ്പിക്കുന്ന ചര്‍ച്ചാപരമ്പരയിലെ ലേഖനം….

റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്
(മുന്‍ സുപ്രീംകോടതി ജഡ്ജി)

റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്
റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്

മതേതരത്വം, മതനിരപേക്ഷത എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഭാരതത്തിന്റെ സെക്കുലറിസം നമ്മുടെ രാജ്യത്തിന്റെ പൈതൃകസ്വത്താണ്, സത്ത തനിമയാണ്. അതൊരു ഭരണഘടന കൊണ്ട് ഉണ്ടായതോ ഭരണഘടനയുടെ ഭേദഗതി കൊണ്ടു നീക്കം ചെയ്യാവുന്നതോ അല്ല. ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ തന്നെ ഇതു വളരെ വ്യക്തമാണ്. ആര്‍ഷ ഭാരതത്തിലെ നാലു വേദങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത് മത വൈവിധ്യമാണ്. വൈവിധ്യം എന്നതു ഹിന്ദുമതത്തിന്റെ അടി സ്ഥാനതത്വങ്ങളില്‍ പെടുന്നതുമാണ്.

ചരിത്രപരമായി നോക്കുകയാണെങ്കില്‍ ബിസി മൂന്നാം നൂറ്റാണ്ടില്‍ മഹാനായ അശോക ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ പോലും ഭാരതത്തിന്റെ സെക്കുലര്‍ കാഴ്ചപ്പാടുകളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. അദ്ദേഹം 14 ശിലാലിഖിതങ്ങളാണ് പ്രധാനമായും ഉണ്ടാക്കിയത്. അതില്‍ പന്ത്രണ്ടാമത്തെ ശിലാലിഖിതത്തില്‍ പറയുന്നത് വളരെ ശ്രദ്ധേയമാണ്.

"തന്റെ മതവിഭാഗത്തെ വാഴ്ത്തുകയോ ഇതരവിഭാഗങ്ങളെ കുറ്റപ്പെടുത്തുകയോ ചെയ്യുന്നവര്‍ – ഇതു തന്റെ സ്വന്തം വിഭാഗ ത്തോടുള്ള ശുദ്ധമായ ഭക്തിയെ പ്രതി, അതിനെ മഹത്വപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും – അപ്രകാരം പ്രവര്‍ത്തിക്കുമ്പോള്‍ അയാള്‍ വളരെ ഗുരുതരമായ വിധത്തില്‍ തന്റെ സ്വന്തം മതത്തെ പരിക്കേല്‍പിക്കുകയാണു ചെയ്യുന്നത്.

പക്ഷേ ഐക്യം ഗുണകരമാണ്, അതായത് അവര്‍ തങ്ങളുടെ ധര്‍മ്മസംഹിതകള്‍ പരസ്പരം കേള്‍ക്കുകയും അനുസരിക്കുകയും വേണം.

അങ്ങനെ ഒരാള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അയാള്‍ സ്വന്തം മതവിഭാഗത്തെ ഗണ്യമായി വളര്‍ത്തുകയും ഒപ്പം മറ്റു വിഭാഗങ്ങള്‍ക്കും പ്രയോജനം ചെയ്യുകയുമാണ്.

മറിച്ചാണ് ഒരാള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അയാള്‍ സ്വന്തം വിഭാഗത്തെയും ഒപ്പം മറ്റു വിഭാഗങ്ങളെയും ഉപദ്രവിക്കുകയുമാണ്."

മതേതരത്വം, മതനിരപേക്ഷത എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഭാരതത്തിന്റെ സെക്കുലറിസം നമ്മുടെ രാജ്യത്തിന്റെ പൈതൃക സ്വത്താണ്, സത്ത തനിമയാണ്. അതൊരു ഭരണഘടന കൊണ്ട് ഉണ്ടായതോ ഭരണഘടനയുടെ ഭേദഗതി കൊണ്ടു നീക്കം ചെയ്യാവുന്നതോ അല്ല.

അത്രമാത്രം ഒരു തുറവിയും അത്രമാത്രം സ്വാഗതാര്‍ഹമായ സമീപനവും സത്യാന്വേഷണത്തെക്കുറിച്ച് ഉണ്ടായിരുന്നതു കൊണ്ടാണ് ഹൈന്ദവപാരമ്പര്യം വേരോടിയ ഒരു രാഷ്ട്രത്തില്‍ ബുദ്ധമതവും ജൈനമതവും സിക്കുമതവും ആവിര്‍ഭവിക്കാന്‍ ഇട വന്നത്. ക്രിസ്തുമതത്തെയും ഇസ്ലാംമതത്തെയും പാഴ്‌സി മതത്തെയും സ്വാഗതം ചെയ്യാന്‍ സഹായകമായതും ഈ സമീപനം തന്നെയാണ്. ഇതാണ് ഭാരതത്തിന്റെ സെക്കുലറിസത്തിന്റെ പ്രത്യേകത. സെക്കുലറിസം എന്ന വാക്കിന്റെ അടിസ്ഥാന അര്‍ത്ഥത്തില്‍ നോക്കിയാല്‍ മതം രാഷ്ട്രത്തില്‍നിന്നു വേറിട്ടു നില്‍ക്കണം. അല്ലെങ്കില്‍ രാഷ്ട്രത്തിനു മതത്തിന്റെ അടിത്തറ ഉണ്ടാകാന്‍ പാടില്ല. രാഷ്ട്രത്തിന്റെ സാമൂഹ്യ സാംസ്‌ക്കാരിക, രാഷട്രീയ, സാമ്പത്തിക കാര്യങ്ങളിലൊന്നും മതം ഇടപെടാന്‍ പാടില്ല. മതം ഒരു വ്യക്തിയുടെ സ്വകാര്യതയാണ്. അതേസമയം ഭാരതത്തിന്റെ മാത്രമായുള്ള പ്രത്യേകത മതങ്ങള്‍ക്കു സംഭാവന ചെയ്യാന്‍ കഴിയുന്ന ഒരു മൂല്യ അടിത്തറ അംഗീകരിക്കുന്നു എന്നതാണ്. രാഷ്ട്രീയത്തിനും സംസ്‌ക്കാരത്തിനും സാമ്പത്തിക വ്യവസ്ഥിതിക്കും സാമൂഹ്യവ്യവസ്ഥിതിക്കും എല്ലാം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒരു മൂല്യ അടിത്തറ. ഒരു മതത്തിനും പ്രത്യേകമായ ആനുകൂല്യമില്ല, ഒരു മതത്തിനും എതിരുമല്ല എന്ന ഒരു ന്യൂട്രാലിറ്റിയല്ല ഇന്ത്യയുടേത്. ഇന്ത്യയുടെ മതേതരത്വത്തിന്റെ മുഖമുദ്ര മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ക്കു വിധേയമായി രാഷ്ട്രത്തിലെ പൗരന്മാര്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യം നല്‍കുന്നുണ്ട്. മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ആ മതം അനുസരിച്ചു ജീവിക്കാനും, ആ മതം പ്രഘോഷിക്കാനും, പ്രചരിപ്പിക്കാനും അവകാശം നല്‍കുന്നു. ഇത്തരത്തില്‍ ശക്തവും വ്യക്തവുമായ രീതിയില്‍ മതേതരത്വത്തെക്കുറിച്ച് വേറെ ഒരു രാഷ്ട്രത്തിനും പറയാനാവില്ല.

നമ്മുടെ ഭരണഘടനയില്‍ സെക്കുലറിസം എന്നപദം ആമുഖത്തില്‍ മാത്രമാണു പ്രതിപാദിക്കുന്നത്. 42-ാമത്തെ ഭരണഘടനാഭേദഗതിയിലൂടെയാണ് അതു വരുന്നത്. അത് വളരെ വിവാദം സൃഷ്ടിച്ച ഒരു ഭേദഗതിയായിരുന്നു. രാജ്യത്ത് അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന സമയത്താണ് ഈ ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചത്. 42-ാം ഭരണഘടനാ ഭേദഗതി നിലവില്‍ വന്നത് 1977 ജനുവരി 3-നാണ്. അതിലൂടെയാണ് സോഷ്യലിസ്റ്റ് ആന്റ് സെക്കുലര്‍ എന്നത് എഴുതിച്ചേര്‍ക്കപ്പെട്ടത്. അന്ന് ആമുഖത്തില്‍ സോഷ്യലിസവും സെക്കുലറിസവും എഴുതിച്ചേര്‍ത്തു എന്നു പറയുമ്പോള്‍ അതിനുമുമ്പ് ഭാരതത്തിന്റെ ഭരണഘടനയില്‍ സെക്കുലറിസം ഇല്ലായിരുന്നു എന്ന് അര്‍ത്ഥമില്ല. ഇവിടെയാണു വലിയ തെറ്റിദ്ധാരണ പരന്നിരിക്കുന്നത്. ഇതേക്കുറിച്ചറിയാന്‍ നമ്മുടെ ഭരണഘടനയിലെ ചില സുപ്രധാന വകുപ്പുകള്‍ പരിശോധിച്ചാല്‍ മതി.

സ്വകാര്യമായോ പരസ്യമായോ ഏതെങ്കിലും മതം ആചരി ക്കുന്നതിനെ നമ്മുടെ ഭരണഘടന വിലക്കുന്നില്ല. ഭരണഘടനയുടെ ആമുഖത്തിലൂടെ, ഈ രാജ്യത്തെ ഒരു മതേതര റിപ്പബ്ലിക്കാക്കി മാറ്റാനും അതിലെ എല്ലാ പൗരന്മാര്‍ക്കും താഴെ പറയുന്ന കാര്യങ്ങള്‍ ലഭ്യമാക്കാനും ഈ രാജ്യത്തെ ജനങ്ങള്‍ പൂര്‍ണ്ണമായി തീരുമാനിച്ചു (1) സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി (2) ചിന്ത, ആവിഷ്‌കാരം, വിശ്വാസം, ആരാധന എന്നിവയുടെ സ്വാതന്ത്ര്യം; (3) പദവിയുടെയും അവസരത്തിന്റെയും തുല്യത; (4) വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും സമഗ്രതയും ഉറപ്പുനല്‍കുന്ന സാഹോദര്യം അവര്‍ക്കിടയില്‍ വളര്‍ത്തുക. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 എല്ലാ വ്യക്തികള്‍ക്കും തുല്യമായ മനസ്സാക്ഷി സ്വാതന്ത്ര്യവും പൊതു സമാധാനം, ധാര്‍മ്മികത, ആരോഗ്യം എന്നിവ പാലിച്ചും മറ്റ് മൗലികാവകാശങ്ങള്‍ക്കു വിധേയമായും മതപരമായ അവകാശം പ്രകടിപ്പിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനും ഉള്ള അവകാശം ഉറപ്പുനല്‍കുന്നു. മതപരമായ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്ന ഏതെങ്കിലും സാമ്പത്തിക, രാഷ്ട്രീയ, ഇതര മതേതര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഏതൊരു നിയമവും നിര്‍മ്മിക്കാനുള്ള രാജ്യത്തിന്റെ അധികാരത്തിനും വിധേയമായിരിക്കും ഇത്. ആര്‍ട്ടിക്കിള്‍ 26 എല്ലാ മത വിഭാഗങ്ങള്‍ക്കും ഉപവിഭാഗങ്ങള്‍ക്കും താഴെ പറയുന്ന അവകാശങ്ങള്‍ നല്‍കുന്നു (എ) മതപരവും ജീവകാരുണ്യവുമായ ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും പരിപാലിക്കാനും, (ബി) മതപരമായ വിഷയങ്ങളില്‍ സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും, (സി) സ്ഥാവര, ജംഗമ സ്വത്ത് ആര്‍ജിക്കാനും സ്വന്തമാക്കാനും. (ഡി) നിയമപ്രകാരം അത്തരം സ്വത്ത് കൈകാര്യം ചെയ്യാനുമുള്ള അവകാശങ്ങള്‍. ആര്‍ട്ടിക്കിള്‍ 29 പൗരസമൂഹത്തിലെ ഓരോ വിഭാഗത്തിനും അതിന്റെ തനതു സംസ്‌കാരം ഉറപ്പുനല്‍കുന്നു. ആര്‍ട്ടിക്കിള്‍ 30 അനുസരിച്ച് എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനും അവകാശമുണ്ട്. ഒരു മതന്യൂനപക്ഷം നിയന്ത്രിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് സഹായം നല്‍കുന്നതില്‍ വിവേചനം കാണിക്കുന്നതില്‍ നിന്ന് ഇത് ഭരണകൂടത്തെ വിലക്കുന്നു. ആര്‍ട്ടിക്കിള്‍ 14, 15, 16 അനുസരിച്ച്, ഏതൊരു പൗരനോടും തന്റെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുകയും നിയമത്തിന്റെ തുല്യ പരിരക്ഷയും പൊതു തൊഴിലവസരങ്ങളില്‍ അവ സരതുല്യത ഉറപ്പാക്കുകയും ചെയ്യുന്നു. ആര്‍ട്ടിക്കിള്‍ 44 സംസ്ഥാനത്തെ പൗരന്മാര്‍ക്ക് ഒരു ഏകീകൃത സിവില്‍ കോഡ് സജ്ജമാക്കാന്‍ ഭരണകൂടത്തോടു നിര്‍ദ്ദേശിക്കുന്നു. ആര്‍ട്ടിക്കിള്‍ 51 എ, ഇന്ത്യയിലെ ഓരോ പൗരനും ചില ചുമതലകള്‍ നിര്‍ദേശിക്കുന്നു. (എ) ഭരണഘടന അനുസരിക്കുകയും അതിന്റെ ആദര്‍ശങ്ങളെയും സ്ഥാപനങ്ങളെയും ബഹുമാനിക്കുകയും ചെയ്യുക, (ബി) മതപരവും വിഭാഗീയവുമായ വൈവിധ്യങ്ങള്‍ക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കിടയിലും ഐക്യവും പൊതു സാഹോദര്യത്തിന്റെ മനോഭാവവും വളര്‍ത്തുക, (സി) നമ്മുടെ സംയോജിത സംസ്‌കാരത്തിന്റെ സമ്പന്നമായ പൈതൃകത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുക (ഡി) ശാസ്ത്രീയ മനോഭാവം, മാനവികത, അന്വേഷണത്തിന്റെയും പരിഷ്‌കരണത്തിന്റെയും ചൈതന്യം എന്നിവ വികസിപ്പിക്കുക; (ഇ) പൊതുസ്വത്ത് സംരക്ഷിക്കുകയും അക്രമം ഒഴിവാക്കുകയും ചെയ്യുക എന്നിവ ഇവയില്‍ ചിലതാണ്.

ഈ വ്യവസ്ഥകള്‍ ഒരു മതാധിപത്യ രാഷ്ട്രം സ്ഥാപിക്കുന്നതിനെ നിരോധിക്കുകയും ഏതെങ്കിലും പ്രത്യേക മതവുമായോ മത വിഭാഗവുമായോ താദാത്മ്യപ്പെടുകയോ അതിനെ പ്രത്യേകമായി അനുകൂലിക്കുകയോ ചെയ്യുന്നതിനെ തടയുകയും ചെയ്യുന്നുണ്ട്. മാത്രവുമല്ല എല്ലാ മത വിഭാഗങ്ങള്‍ക്കും തുല്യ പരിഗണന നല്‍കാന്‍ ഭരണകൂടത്തെ ബാദ്ധ്യസ്ഥമാക്കിയിട്ടുമുണ്ട്.

ഇതെല്ലാം ഭാരതത്തിന്റെ മത നിരപേക്ഷതയെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ കൃത്യവും വ്യക്തവുമായി അവ എടുത്തു പറഞ്ഞിരുന്നില്ല എന്നതു ശരിയാണ്.

ഒരു മതത്തിനും പ്രത്യേകമായ ആനുകൂല്യമില്ല, ഒരു മതത്തിനും എതിരുമല്ല എന്ന ഒരു ന്യൂട്രാലിറ്റിയല്ല ഇന്ത്യയുടേത്. ഇന്ത്യയുടെ മതേതരത്വത്തിന്റെ മുഖമുദ്ര മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ക്കു വിധേയമായി രാഷ്ട്രത്തിലെ പൗരന്മാര്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസ്സത്തയില്‍ ഈ സെക്കുലറിസം ഉണ്ടായിരുന്നു എന്നുള്ളത് വളരെ വിശദമായി ചര്‍ച്ച ചെയ്ത ഒരു ഭരണഘടനാ വിധിയാണ് 1973 ഏപ്രില്‍ 4-ാം മാസം പ്രസ്താവിച്ച കേശവാനന്ദ ഭാരതി കേസിലേത്. ഭരണഘടനയുടെ വ്യാഖ്യാനത്തെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്നുണ്ടെങ്കില്‍ കുറഞ്ഞത് അഞ്ച് ജഡ്ജിമാരുണ്ടായിരിക്കണം എന്നു ഭരണഘടനയില്‍ പറയുന്നുണ്ട്. ഭരണഘടനയുടെ 145/3 ല്‍ ഇതു വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് സുപ്രീം കോടതിയിലെ അഞ്ചോ അതിലധികമോ ജഡ്ജിമാര്‍ ചേര്‍ന്ന് പുറപ്പെടുവിക്കുന്ന വിധിപ്രസ്താവങ്ങളെ ഭരണഘടനാ ബെഞ്ച് വിധികള്‍ എന്നു പറയുന്നത്. അഞ്ച് ജഡ്ജിമാരുടെ വിധി മറികടക്കാന്‍ ഏഴു പേരുടെ ബെഞ്ചുവേണം, ഏഴിനെ മറികടക്കാന്‍ ഒമ്പതു വേണം, അതിനു മുകളില്‍ പതിനൊന്നു പേര്‍, പിന്നെ പതിമൂന്ന് അംഗ ബെഞ്ച് എന്നതാണു നിയമം. കേശവാനന്ദ ഭാരതി കേസില്‍ എല്ലാ സംശയങ്ങളും ദുരീകരിക്കാന്‍ 13 അംഗ ബെഞ്ചാണു രൂപീകരിക്കപ്പെട്ടത്. ആ ബെഞ്ച് കൃത്യവും വ്യക്തവുമായി പറഞ്ഞത് സെക്കുലറിസം ഇന്ത്യയുടെ മുഖമുദ്രയാണ് എന്നു തന്നെയാണ്. 1977-ല്‍ നിലവില്‍ വന്ന 42-ാം ഭരണഘടനാഭേദഗതിക്ക് ഏകദേശം നാലു വര്‍ഷം മുമ്പാണ് ഈ വിധി പ്രസ്താവിച്ചത് എന്നതു പ്രത്യേകം ശ്രദ്ധേയമാണ്.

"ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും അനിവാര്യമായവയാണ്. അല്ലാത്തപക്ഷം അത് ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തുമായിരുന്നില്ല എന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഇത് വാസ്തവമാണ്. എന്നാല്‍ ഇത് ഭരണഘടനയുടെ എല്ലാ വ്യവസ്ഥകള്‍ക്കും ഒരേ സ്ഥാനം നല്‍കുന്നില്ല. ഭരണഘടനയുടെ അടിസ്ഥാന വ്യവസ്ഥയും ഘടനയും മാറ്റമില്ലാതെ തുടരുന്ന തരത്തില്‍, ഭരണഘടനയുടെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ കഴിയും എന്നതാണ് യാഥാര്‍ത്ഥ്യം. അടിസ്ഥാന ഘടനയില്‍ താഴെപ്പറയുന്ന സവിശേഷതകള്‍ അടങ്ങിയിരിക്കുന്നു:
1, ഭരണഘടനയുടെ മേധാവിത്വം,

2, റിപ്പബ്ലിക്കന്‍, ജനാധിപത്യ ഭരണകൂടം;

3, ഭരണഘടനയുടെ മതേതര സ്വഭാവം;

4, നിയമസഭയും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനം;

5, ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം.

ഓരോ വ്യക്തിയുടെ അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും മാനദണ്ഡത്തിലാണ് ഈ അടിസ്ഥാന ഘടന പണിയപ്പെട്ടിരിക്കുന്നത്. ഇതാണു സുപ്രധാനം. ഈ അടിസ്ഥാന ഘടന ഒരു ഭരണഘടനാ ഭേദഗതികൊണ്ടും നശിപ്പിക്കപ്പെടാവുന്നതല്ല."

പതിമൂന്നംഗ ഭരണഘടനാ ബെഞ്ചിന്റെ 1973-ലെ ഈ വിധി ഭരണഘടനയുടെ സെക്കുലറിസം ഉള്‍പ്പെടെയുള്ള അടിസ്ഥാന ഘടന മാറ്റപ്പെടാവുന്നതല്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണു ചെയ്തത്. 1977 ലെ 42-ാം ഭരണഘടനാ ഭേഗദതിയിലൂടെ നിലവില്‍ വന്ന ആശയമോ മറ്റൊരു ഭരണഘടനാ ഭേദഗതിയിലൂടെ നീക്കം ചെയ്യപ്പെടാവുന്ന ആശയമോ അല്ല. അതിനു മുമ്പുതന്നെ നമ്മുടെ ഭരണഘടനാപ്രകാരം ഭാരതം ഒരു സെക്കുലര്‍ രാഷ്ട്രം തന്നെയായിരുന്നു. അതു കണ്ടെത്തി എടുത്തുപറഞ്ഞ ആദ്യത്തെ ഭരണഘടനാ ബെഞ്ചാണ് കേശവാനന്ദഭാരതി കേസിലേത്. അതില്‍ പറഞ്ഞത്, 368-ാം വകുപ്പനുസരിച്ച് ഭരണഘടനാ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെങ്കിലും അത്തരത്തില്‍ ഭേദഗതി ചെയ്യുമ്പോള്‍ ഭരണഘടനയിലെ അടിസ്ഥാന ഘടനകള്‍ ഭേദഗതി ചെയ്യാന്‍ പാടില്ല എന്നാണ്. ഭരണഘടനകൊണ്ട് ഭരണഘടനയെ നശിപ്പിക്കാനാവില്ല എന്നാണ് കൃത്യമായി പറഞ്ഞുവച്ചത്. കേശവാനന്ദഭാരതി കേസില്‍ പറഞ്ഞ മറ്റു ചില പരാമര്‍ശങ്ങളും ശ്രദ്ധേയമാണ്:

"ചില ആദര്‍ശങ്ങള്‍ നേടിയെടുക്കുന്നതിനായി നമ്മുടെ ഭരണ ഘടനാ നിര്‍മാതാക്കള്‍ വളരെയധികം ത്യാഗങ്ങള്‍ ചെയ്തതിനു ശേഷം അതേ ആദര്‍ശങ്ങള്‍ നശിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അവര്‍ ഭരണഘടനയില്‍ തന്നെ ഉള്‍പ്പെടുത്തിയെന്ന വാദം അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് പ്രയാസമാണ്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ കാലക്രമേണ വരാതിരിക്കില്ലെന്നും അവയോടു പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ അനുരൂപപ്പെടാന്‍ ഭരണഘടനയ്ക്ക് കഴിയണമെന്നും അവര്‍ക്കു തീര്‍ച്ചയായും അറിയാമായിരുന്നിരിക്കണം. കാരണം, അത്രയും പരിചയസമ്പന്നരും നല്ല രാഷ്ട്രീയ പരിജ്ഞാനമുള്ളവരുമായ ആളുകളായിരുന്നു അവര്‍. നമ്മുടെ ഭരണഘടന കേവലം ഒരു രാഷ്ട്രീയ രേഖയല്ല. ഇത് അടിസ്ഥാനപരമായി ഒരു സാമൂഹിക രേഖയാണ്. ഇത് ഒരു സാമൂഹിക തത്ത്വചിന്തയെ അടി സ്ഥാനമാക്കിയുള്ളതാണ്, ഓരോ മതത്തെയും പോലെ എല്ലാ സാമൂഹിക തത്ത്വചിന്തയ്ക്കും രണ്ട് പ്രധാന സവിശേഷതകളുണ്ട്, അടിസ്ഥാനപരവും സാഹചര്യപരവുമായവ. ആദ്യത്തേത് സ്ഥിരമായി നിലനില്‍ക്കുന്നു, പക്ഷേ അടുത്തത് മാറ്റത്തിന് വിധേയമാണ്. ഒരു മതത്തിന്റെ കാതല്‍ എല്ലായ്‌പ്പോഴും സ്ഥിരമായി നിലനില്‍ക്കുന്നു, പക്ഷേ അതുമായി ബന്ധപ്പെട്ട അനുഷ്ഠാനരീതികള്‍ മാറിയേക്കാം. അതുപോലെ, നമ്മുടേതു പോലുള്ള ഒരു ഭരണഘടനയില്‍ ചില സവിശേഷതകള്‍ അടങ്ങിയിരിക്കുന്നു, അവ മാറ്റാനോ നശിപ്പിക്കാനോ കഴിയാത്തവിധം അനിവാര്യമാണ്. ഏത് സാഹചര്യത്തിലും അത് ഉള്ളില്‍ നിന്ന് നശിപ്പിക്കാന്‍ കഴിയില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഭരണഘടനയെ തകര്‍ക്കാന്‍ അതിനെ തന്നെ നമുക്ക് നിയമപരമായി ഉപയോഗിക്കാന്‍ കഴിയില്ല. ആര്‍ട്ടിക്കിള്‍ 368 പ്രകാരം ഭേദഗതി ചെയ്ത ഭരണ ഘടന യഥാര്‍ത്ഥ ഭരണഘടനയെ അര്‍ത്ഥമാക്കുന്ന 'ഭരണഘടന' ആയി തുടരണം. ഭരണഘടനയുടെ 'റദ്ദാക്കല്‍' അല്ലെങ്കില്‍ അസാധുവാക്കല്‍' എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നാം ഏതെങ്കിലും രൂപത്തെയല്ല, സത്തയെയാണ് സൂചിപ്പിക്കുന്നത്. ഭരണ ഘടനയുടെ ഒന്നോ അതിലധികമോ അടിസ്ഥാന സവിശേഷതകള്‍ ആ പരിധി വരെ എടുത്തു കളഞ്ഞാല്‍ ഭരണഘടന റദ്ദാകുകയോ അസാധുവാകുകയോ ചെയ്യുന്നു. ഭരണഘടനയുടെ എല്ലാ അടിസ്ഥാന സവിശേഷതകളും റദ്ദാക്കുകയും ആ സവിശേഷതകളുമായി പൊരുത്തപ്പെടാത്ത മറ്റ് ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍, അത് ആര്‍ട്ടിക്കിള്‍ 368 ല്‍ പരാമര്‍ശിച്ചിരിക്കുന്ന ഭരണഘടന ആയിരിക്കുകയില്ല. ഭരണഘടനയുടെ തനിമ മാറ്റമില്ലാതെ തുടരണം."

2006-ല്‍ മറ്റൊരു ഭരണഘടനാ ബെഞ്ച് നാഗരാജ് കേസില്‍ പറഞ്ഞുവച്ചത് അടിസ്ഥാന ഘടന എന്നത് ഭരണഘടനയുടെ അനന്യതയാണ് എന്നാണ്. നമ്മുടെ മതനിരപേക്ഷത എന്നത് ഭരണ ഘടനയുടെ തനിമയുടെ ഭാഗമാണ്. എന്നാല്‍ സമീപകാലങ്ങളില്‍ സെക്കുലറിസം ഒരു ഭരണഘടനാ ഭേദഗതിയിലൂടെ വന്നതാണെന്നും അതു ഇന്ത്യയുടെ പുരോഗതിക്കു തടസ്സമാണെന്നും അതിനാല്‍ മറ്റൊരു ഭേദഗതിയാല്‍ നീക്കം ചെയ്യണമെന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതു ദൗര്‍ഭാഗ്യകരമാണ്. കാരണം ഈ അടിസ്ഥാന ഘടനയെ മാറ്റിയാല്‍ പിന്നെ നമ്മുടെ രാഷ്ട്രത്തിനു നിലനില്‍ക്കാന്‍ സാധിക്കില്ല. രാഷ്ട്രം ഛിന്നഭിന്നമായിപ്പോകും. രാഷ്ട്രത്തെ അതിന്റെ തനിമയില്‍ പിടിച്ചു നിലനിറുത്താന്‍ രാഷ്ട്രത്തിന്റെ വ്യക്തിത്വമായിട്ടുള്ള അടിസ്ഥാന ഘടനകള്‍ എന്നും ഭദ്രമായി കാത്തു സൂക്ഷിക്കേണ്ടിയിരിക്കുന്നു. 1994-ലെ വളരെ പ്രമാദമായ എസ്.ആര്‍. ബൊമ്മെ എന്ന മറ്റൊരു ഭരണഘടനാ കേസിന്റെ വിധിയില്‍ ഇത്തരത്തില്‍ ശ്രദ്ധേയമായ ചില കര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. മതം ഏതു വിധത്തില്‍ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നു എന്നതിനെക്കുറിച്ചുള്ള വിഷയമാണ് ഒമ്പതംഗ ഒമ്പതംഗ ബെഞ്ച് പരിഗണിച്ചത്. ആ ബെഞ്ചിന്റെ നിരീക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മേല്‍സൂചിപ്പിച്ച അപകടം 26-27 വര്‍ഷങ്ങള്‍ക്കു മുന്‍പ് കോടതി മുന്നില്‍ കണ്ടിരിക്കുന്നു! അന്ന് ആ ഒമ്പതംഗ ബെഞ്ച് പറഞ്ഞുവച്ചത് ഇങ്ങനെയാണ്:

"ആര്‍ട്ടിക്കിള്‍ 25 ഒരു പ്രത്യേക മതത്തെ പരസ്യമായോ രഹസ്യമായോ ദേശീയ മതമായി ഏറ്റെടുക്കുന്നതില്‍ നിന്നു സര്‍ക്കാരിനെ തടയുന്നു. അതിനാല്‍, മതവിശ്വാസങ്ങളില്‍ നിഷ്പക്ഷത കാത്തു സൂക്ഷിക്കാനും ഭരണഘടനയെയും നിയമങ്ങളെയും അവഹേളിക്കുന്ന രീതികളെ നിരോധിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. മതത്തെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുന്നത് കേവലം ഭരണഘടനാ നിര്‍ദേശങ്ങളുടെ നിരാകരണം മാത്രമല്ല, മറിച്ച് ഭരണഘടനയും ആര്‍പി ആക്ടും (ഞലുൃലലെിമേശീി ീള ജലീുഹല അര)േ പ്രത്യേകം കല്‍പ്പിച്ചിട്ടുള്ള ഭരണഘടനാ ബാധ്യതയുടെയും കടമയുടെയും ബോധപൂര്‍വകമായ ലംഘനമാണ്. മതനയത്തിലൂടെയോ ജാതിയധിഷ്ഠിത നയങ്ങളിലൂടെയോ അധികാരം നേടാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ജനങ്ങളെ മത, ജാതി അടിസ്ഥാനത്തില്‍ ശിഥിലമാക്കുന്നു. ഇത് ജനങ്ങളെ ഭിന്നിപ്പിക്കുകയും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ സാമൂഹിക ഘടനയെ തകര്‍ക്കുകയും ചെയ്യുന്നു. അത് ഭരണഘടനാ സംസ്‌കാരത്തിനും അടിസ്ഥാന സവിശേഷതകള്‍ക്കും വിരുദ്ധമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള അഭ്യര്‍ത്ഥന മതേതര ജനാധിപത്യത്തെ വ്രണപ്പെടുത്തുന്നു."

"മതവും ഭരണകൂട അധികാരവും കൂട്ടിക്കലര്‍ത്തുന്നത് ഭരണ ഘടന അംഗീകരിക്കുന്നില്ല, അനു വദിക്കുന്നുമില്ല. രണ്ടും വേര്‍തിരിച്ചു നിറുത്തേണ്ടതാണ്. അതാണ് ഭരണഘടനാ തത്വം. ഈ ഭരണ ഘടന ഈ രാജ്യത്തെ ഭരിക്കുന്നിടത്തോളം കാലം മറ്റാര്‍ക്കും മറിച്ചു പറയാന്‍ കഴിയില്ല. മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയഘടനയിലേക്കു ചേര്‍ക്കാന്‍ പാടില്ലാത്ത ഒരു ഘടകത്തെ ചേര്‍ക്കുന്നതും ഭരണഘടനാ വ്യവസ്ഥയെ അസന്തുലിതമാക്കുന്നതുമാണ്. ഒരു പ്രത്യേക മതത്തെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍, ആ മതം പ്രായോഗികമായി ഔദ്യോഗിക മതമായി മാറുന്നു. മറ്റെല്ലാ മതങ്ങളും ഒരു രണ്ടാംകിട പദവി നേടാന്‍ ഇടവരുന്നു, എന്തു തന്നെയായാലും, ആനുകൂല്യം കുറഞ്ഞ ഒരു സ്ഥാനം. ഇത് 14 മുതല്‍ 16, 25 വരെയുള്ള ആര്‍ട്ടിക്കിളുകള്‍ക്ക് വിരുദ്ധമാണ്, ഭരണഘടനാ പദ്ധതി മുഴുവനും ഇവിടെ വിശദീകരിച്ചിരിക്കുന്നു. നമ്മുടെ ഭരണഘടന പ്രകാരം ഒരു പാര്‍ട്ടിക്കും സംഘടനയ്ക്കും ഒരേ സമയം ഒരു രാഷ്ട്രീയപാര്‍ട്ടിയും ഒരു മതപാര്‍ട്ടിയും ആകാന്‍ കഴിയില്ല. അത് അവയില്‍ ഏതെങ്കിലും ഒന്ന് ആയിരിക്കണം. ഈ പ്രഭാവം കൊണ്ടുവരുന്നതിനായി ഒരു കക്ഷിയോ സംഘടനയോ വാമൊഴി, അച്ചടി അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതും ഭരണ ഘടനാവിരുദ്ധമായിരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ അതിന് അവകാശമില്ല. അതുകൊണ്ട്, ഭരണഘടനയില്‍ സമൂലമായ മാറ്റം വരുത്താനായോ മറ്റൊരു ഭരണഘടന പകരം വയ്ക്കാനായോ ജനവിധി തേടാന്‍ ഒരു പാര്‍ട്ടിക്ക് അര്‍ഹതയുണ്ടോയെന്ന വസ്തുത ഈ സന്ദര്‍ഭത്തില്‍ പൂര്‍ണ്ണമായും അപ്രസക്തമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ നിന്ന് മതേതരത്വം നീക്കം ചെയ്യുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാന്‍ കഴിയുമെന്ന് നമുക്കറിയില്ല. കേശവാനന്ദ ഭാരതി കേസിലെ ഈ കോടതിയുടെ തീരുമാനം (1973) പറയുന്നത് ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നാണ് മതേതരത്വം എന്നാണ്. ഇപ്പോഴത്തെ ഭരണഘടനയ്ക്കു പകരമായി മറ്റൊന്ന് എങ്ങനെ കൊണ്ടുവരാമെന്നും നമുക്കറിയില്ല. അത്തരമൊരു നീക്കത്തിന് ഭരണഘടന അവസരം നല്‍കുന്നില്ല എന്നു മാത്രം നാം അറിഞ്ഞാല്‍ മതി. അതായത്, സ്വയം ഇല്ലാതാക്കാന്‍ അത് ആരെയും അനുവദിക്കുന്നില്ല."

വീണ്ടും 2004-ല്‍ കര്‍ണാടകയില്‍ നിന്നുള്ള ഡോ. പ്രവീണ്‍ ഭായ് തൊഗാഡിയ കേസില്‍ ഇതേ അപകടം മുന്നില്‍ കണ്ട് സുപ്രീം കോടതി ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ജനങ്ങളുടെ ക്ഷേമമാണ് എല്ലാ നിയമങ്ങളുടെയും ഭരണ കൂട നടപടികളുടെയും എല്ലാറ്റിനുമുപരിയായി ഭരണഘടനയുടെയും ആത്യന്തിക ലക്ഷ്യം. അവയ്ക്ക് ഒരു പൊതുലക്ഷ്യം ഉണ്ട്, അതായത് സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമവും താല്‍പ്പര്യവും സംരക്ഷിക്കുക, പ്രത്യേക ബ്രാന്‍ഡ് നാമങ്ങള്‍ വഹിക്കുന്ന ഏതെങ്കിലും വ്യക്തിയുടെയോ വി ഭാഗങ്ങളുടെയോ അല്ല. സാമുദായിക ഐക്യം, പരസ്പര സ്‌നേഹം, ആരോടും വെറുപ്പില്ലായ്മ എന്നിവയില്ലാതെ സാമൂഹിക ക്ഷേമം ഉണ്ടാകുമെന്നത് അചിന്തനീയമാണ്. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലുമെല്ലാമുള്ള ആത്മീയമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മതത്തിന്റെ കാമ്പ് മനുഷ്യവര്‍ഗത്തിന് വെളിപ്പെടുത്തുന്നത്, "മറ്റുള്ളവരെ സ്‌നേഹിക്കുക, മറ്റുള്ളവരെ സേവിക്കുക, സഹായിക്കുക, ഒരിക്കലും ഉപദ്രവിക്കരുത്" എന്നും "സര്‍വ ജന സുഖിനോ ഭവന്തൂ" എന്നുമുള്ള തത്വങ്ങളാണെന്നും കാണാം. മതത്തിന്റെ പേരിലുള്ള മേല്‍ക്കോയ്മ, അത് ഏതുമാകട്ടെ, ആരുടെയെങ്കിലും ശ്രമഫലമാകട്ടെ, ഭരണഘടനാ പരികല്‍പനകള്‍ക്കു വിരുദ്ധവും കുഴപ്പം സൃഷ്ടിക്കുന്നതും സമൂഹത്തിനും മനുഷ്യകുലത്തിനാകെയും വലിയ ദോഷം ചെയ്യുന്നതും ആയിരിക്കും. അനിവാര്യമായ തിക്തഫലങ്ങള്‍ അതുണ്ടാക്കുകയും ചെയ്‌തേക്കാം."

മതവും ഭരണകൂട അധികാരവും കൂട്ടിക്കലര്‍ത്തുന്നത് ഭരണഘടന അംഗീകരിക്കുന്നില്ല, അനുവദിക്കുന്നില്ല. രണ്ടും വേര്‍ തിരിച്ചു നിറുത്തേണ്ടതാണ്. അതാണ് ഭരണഘടനാ നിര്‍ദേശം. ഈ ഭരണഘടന ഈ രാജ്യത്തെ ഭരിക്കുന്നിടത്തോളം കാലം മറ്റാര്‍ക്കും മറിച്ചു പറയാന്‍ കഴിയില്ല.

മതനിരപേക്ഷതയുടെ കാര്യത്തില്‍ ഇന്ത്യ എത്രമാത്രം വ്യത്യസ്തമാണെന്ന് അറിയണമെന്നുണ്ടെങ്കില്‍ നമ്മുടെ അയല്‍രാജ്യങ്ങളിലേക്കു നോക്കിയാല്‍ മതി. തൊട്ടയല്‍ രാജ്യമായ പാക്കിസ്ഥാന്റെ ഭരണഘടനയില്‍ വളരെ കൃത്യമായി പറയുന്നത്, ഇസ്ലാമിക തത്വങ്ങളില്‍ അധിഷ്ഠിതമായ രാജ്യമാണ് പാക്കിസ്ഥാന്‍ എന്നാണ്. മതന്യൂനപക്ഷത്തിന് അവരുടെ വിശ്വാസത്തിനനുസരിച്ചു ജീവിക്കാം. പക്ഷെ അതു പ്രചരിപ്പിക്കാനുള്ള അവകാശമില്ല. അതിനാല്‍ മറ്റു മതങ്ങളോടുള്ള സമീപനം ഇസ്ലാം മതം അനുവദിക്കുന്ന സ്വാതന്ത്ര്യമായി മാത്രം മാറുന്നു. എന്നാല്‍ ബംഗ്ലാദേശിന്റെ സ്ഥിതി അല്‍പം വ്യത്യസ്തമാണ്. രാജ്യത്തിന്റെ മതം ഇസ്ലാമാണ് എന്നവിടെ വ്യക്തമാക്കുന്നുണ്ട്. ഇതര മതങ്ങള്‍ക്കും അവിടെ പ്രവര്‍ത്തിക്കാം. അത്രയും സ്വാതന്ത്ര്യം നമ്മുടെ അയല്‍രാജ്യങ്ങളില്‍ ബംഗ്ലാദേശില്‍ മാത്രമേയുള്ളൂ. പക്ഷെ അവിടെയും ദേശീയ മതം ഇസ്ലാം തന്നെയാണ്. ഭാരതത്തിന് അങ്ങനെയൊരു ദേശീയമതം ഇല്ല. ശ്രീലങ്കയില്‍ ദേശീയമതം ബുദ്ധിസമാണെന്ന് എടുത്തു പറയുന്നുണ്ട്. എന്നാലും മറ്റു മതങ്ങള്‍ക്ക് അവിടെ ആരാധനാ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവുമുണ്ട് എന്നു വ്യക്തമാക്കുന്നുണ്ട്. ഏതു വിശ്വാസവും ഒരാള്‍ക്ക് അവിടെ സ്വീകരിക്കാം. പക്ഷെ അതിനൊപ്പം ബുദ്ധമതത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിശദമാക്കപ്പെടുന്നുമുണ്ട്. നേപ്പാള്‍ മാത്രമാണ് അവരുടെ ഭരണഘടനയില്‍ തങ്ങളുടേത് ഒരു സെക്കുലര്‍ രാജ്യമാണ് എന്ന് എഴുതിവച്ചിട്ടുള്ളത്. എങ്കിലും ആ മതേതര രാജ്യത്തിലെ ആര്‍ട്ടിക്കിള്‍ 26 അനുസരിച്ച് മതപ്രചാരണം പാടില്ല. മതപ്രചാരണം ഇല്ലാത്ത ഒരു സെക്കുലറിസമാണ് നേപ്പാളിലേത്. സെക്കുലര്‍ അടിസ്ഥാനമുണ്ടെന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും ഭൂട്ടാനില്‍ രാജാവാണ് ആത്മീയതയുടെയും മതേതരത്വത്തിന്റെയും സംരക്ഷകന്‍ എന്നു സൂചിപ്പിക്കുന്നു. ഭൂട്ടാന്റെ ആധ്യാത്മിക പൈതൃകമെന്നത് ബുദ്ധമതമാണെന്നും വ്യക്തമാക്കുന്നു. ഭൂട്ടാനില്‍ ഒരു സെക്കുലര്‍ തലമുണ്ടെങ്കിലും അവിടത്തെ അടിസ്ഥാനമതം എന്നു പറയുന്നത് ബുദ്ധമതമാണ്. അഫ്ഗാനിസ്ഥാനിലേക്കു നോക്കിയാല്‍ അവിടത്തെ ഭരണഘടന ഒരു പ്രത്യേക ഭരണഘടനയാണ്. ഒരിക്കലും സെക്കുലര്‍ ആകാന്‍ പാടില്ല എന്ന് എഴുതിവച്ചിട്ടുള്ള ഭരണഘടനയാണത്. അഫ്ഘാനിസ്ഥാന്‍ ഒരു ഇസ്ലാമിക് രാഷ്ട്രം തന്നെയാണ് എന്നും അതില്‍ പറയുന്നു. മാലിദ്വീപിലും എടുത്തു പറയുന്നത് അതൊരു ഇസ്ലാം രാജ്യമാണ് എന്നുതന്നെയാണ്. ഇസ്ലാമിക നിയമങ്ങള്‍ക്കു വിധേയമായിട്ടു മാത്രമേ ഏതു നിയമവും ഇവിടങ്ങളില്‍ കൊണ്ടുവരാന്‍ പാടുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്. ഇനി ചൈനയെടുത്താല്‍ അവിടെ മതമില്ല, രാഷ്ട്രം അനുവദിക്കുന്ന മതം മാത്രമേ അവിടെയുള്ളൂ. മതാധികാരികളെ നിയമിക്കുന്നതുപോലും രാഷ്ട്രമാണ്. കമ്യൂണിസ്റ്റ് രാജ്യമായ റഷ്യയില്‍ ഗോര്‍ബച്ചേവിന്റെ കാലഘട്ടത്തോടെ ഒരു പരിധിവരെ മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. എന്നാലും അവിടത്തെ ഭരണഘടനയനുസരിച്ച് രാഷ്ട്രത്തിനു മതങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല. ഇതാണ് നമ്മുടെ ചുറ്റുപാടുമുള്ള രാജ്യങ്ങളിലെ സ്ഥിതി.

നമ്മെ സംബന്ധിച്ചു നമ്മുടെ ഭരണഘടനയുടെ പ്രത്യേകത മത സ്വാതന്ത്ര്യവും വൈവിധ്യവുമാണ്. മതങ്ങള്‍ക്ക് ഒരു വ്യക്തിയെ നല്ലവനാക്കാനും കൂടുതല്‍ ഉത്തര വാദിത്വമുള്ള പൗരനാക്കാനും കഴിയും എന്നു നമ്മുടെ ഭരണഘടനയും രാഷ്ട്രവും ഉറച്ചു വിശ്വസിക്കുന്നു. സെക്കുലറിസം എന്നത് നമ്മുടെ സത്ത തനിമയാണ്, പൈതൃകമാണ്. അതൊരു ഭരണ ഘടനാഭേദഗതി കൊണ്ടുണ്ടായതല്ല എന്നു നാം മനസ്സിലാക്കണം. സ്വാമി വിവേകാനന്ദനും മഹാത്മാ ഗാന്ധിയും നമ്മുടെ സെക്കുലറിസത്തെക്കുറിച്ചു പറഞ്ഞത്, 'പൊസിറ്റീവ് സെക്കുലറിസം' എന്നാണ്. ഈ പൊസിറ്റീവ് സെക്കുലറിസമാണ് നമ്മുടെ തനിമ. ആ തനിമ മാറ്റിയാല്‍ നമ്മുടെ രാജ്യം ഭാരതമല്ലാതായിത്തീരും. ഭാരതത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ കാണുകയോ അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌ക്കാരിക കാര്യങ്ങള്‍ വിവേചിക്കുകയോ ചെയ്താല്‍ അവിടെ നാം നമ്മുടെ വേരിനു തന്നെ കോടാലി വയ്ക്കുകയാണു ചെയ്യുന്നതെന്നു മറക്കരുത്. അതു നമ്മുടെ തനിമയെ നശിപ്പിക്കും, വ്യക്തിത്വത്തെ ഇല്ലാതാക്കും, നാനാത്വത്തില്‍ ഏകത്വം, സര്‍വ്വമതസമഭാവന എന്നൊക്കെയുള്ള മഹത്തായ സങ്കല്‍പത്തെ അതു തകിടം മറിക്കും. ആയതിനാല്‍ കണ്ണിലെ കൃഷ്ണമണി പോലെ നമ്മുടെ മതനിരപേക്ഷതയെ ജാഗ്രതയോടെ കാത്തു സൂക്ഷിക്കാന്‍ ഭാരതീയരായ ഓരോ പൗരനും വലിയ ഉത്തരവാദിത്വമുണ്ട്. ആ പ്രതിബദ്ധത പുതുക്കാന്‍ ഈ ചിന്തകള്‍ സഹായകമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org