പ്രളയാനന്തര കേരളത്തിലെ പ്രഹേളികകള്‍

പ്രളയാനന്തര കേരളത്തിലെ പ്രഹേളികകള്‍

സിജോ പൈനാടത്ത്

മലയാളിയുടെ ജീവിതത്തെ രണ്ടായി പകുത്ത മഹാപ്രളയകാലത്തിന് ഒരു വയസ്. പെരുമഴപ്പെയ്ത്തും പാഞ്ഞെത്തിയ മലവെള്ളവും മാറ്റിമറിച്ചതു മണ്ണിനെയും മരങ്ങളെയും വീടിനെയും പരിസരങ്ങളെയും മാത്രമായിരുന്നില്ല, മലയാളിയുടെ മനസിനെക്കൂടിയായിരുന്നു. കണ്‍മുമ്പിലെ പ്രളയക്കാഴ്ചകള്‍ പലരുടെയും കണ്ണുകള്‍ തുറപ്പിച്ചു, നനയിച്ചു. വെട്ടിപ്പിടിച്ചതിനും കെട്ടിപ്പൊക്കിയതിനും പൊന്നുപോലെ സൂക്ഷിച്ചതിനുമെല്ലാം പ്രളയമണിക്കൂറുകള്‍ക്കപ്പുറം ആയുസില്ലെന്ന തിരിച്ചറിവ് നമ്മുടെ, ഹൃദയവിചാരങ്ങളെപ്പോലും പൊള്ളിച്ചു.

ഇടതും വലതും മുന്നിലും പിന്നിലുമുള്ളവരുടെ കൈകോര്‍ത്തു പിടിക്കുമ്പോഴാണു പ്രതീക്ഷയുടെ കരകാണാനാവുന്നതെന്നു നാം അടിവരയിട്ടു പഠിച്ച നാളുകളുടെ ഒന്നാം വാര്‍ഷികമാണിത്. അതെ; മലയാളിയുടെ മനോനിലയിലുണ്ടായ പരിണാമത്തിന്‍റെ പരിമാണമറിയാന്‍, പ്രളയപൂര്‍വകാലവും പ്രളയാനന്തരകാലവും നിമിത്തമായി.

അതിജീവനത്തിന്‍റെ പ്രളയാനന്തരപാഠങ്ങള്‍ ഉറക്കെയുറക്കെ പാടിപ്പുകഴ്ത്തുമ്പോഴും നവകേരളം നിര്‍മിക്കാനുള്ള പുറപ്പാട് ഒരു വര്‍ഷത്തിനിപ്പുറം എവിടെയെത്തി എന്നന്വേഷിക്കേണ്ടതുണ്ട്. പ്രളയജലം മടങ്ങിയെങ്കിലും അതിജീവനം കരുത്തു തെളിയിച്ചെങ്കിലും ആവലാതികളുടെയും ആകുലതകളുടെയും പരാതികളുടെയും പ്രളയാനുബന്ധ പ്രഹേളികകള്‍ അടങ്ങിയിട്ടില്ല.

'99 ലെ വെള്ളപ്പൊക്കം'
മഹാപ്രളയം എന്നു വിളിക്കാവുന്ന രണ്ടു ദുരന്തങ്ങള്‍ കേരളജനത കണ്ടിട്ടുണ്ട്. ആദ്യത്തേതുണ്ടായതു കേരളപ്പിറവിക്കു മുമ്പാണ്. 1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് '99 ലെ വെള്ളപ്പാക്കം' (കൊല്ലവര്‍ഷം 1099) എന്നു വിളിക്കപ്പെട്ട പ്രളയം ഉണ്ടായത്. പോയ നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു അത്.

മൂന്നാഴ്ചയോളം നീണ്ടുനിന്ന പ്രളയത്തില്‍ മലബാറിലെയും മധ്യ തിരുവിതാംകൂറിലെയും താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. സമുദ്രനിരപ്പില്‍ നിന്നു 6550 അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളെ വരെ 99 ലെ വെള്ളപ്പൊക്കം വെറുതെ വിട്ടില്ല. മരിച്ചവരുടെ എണ്ണം അന്നും പിന്നീടും തിട്ടപ്പെടുത്തിയിട്ടില്ല. തോടുകളിലൂടെയും പുഴകളിലൂടെയും മൃതദേഹങ്ങള്‍ ഒഴുകി നടന്നതിന്‍റെ സങ്കടസ്മൃതികള്‍ അന്നത്തെ തലമുറ പങ്കുവച്ചിട്ടുണ്ട്. മരണസംഖ്യ എത്ര എന്നതുപോലെ തന്നെ അന്നത്തെ വെള്ളപ്പൊക്കത്തിന്‍റെ നഷ്ടവും തിട്ടപ്പെടുത്താനായിട്ടില്ല.

എന്നാല്‍ 2018-ലെ പ്രളയദുരന്തത്തിന്‍റെ ഏതാണ്ടു കൃത്യമായ വ്യാപ്തിയും നഷ്ടവും രേഖപ്പെടുത്താനായിട്ടുണ്ട്. 99-ലെ പ്രളയത്തെ തടഞ്ഞു നിര്‍ത്താന്‍ ഒരു മുല്ലപ്പെരിയാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2018-ലെത്തിയപ്പോള്‍ 44 പുഴകളിലായി 39 അണക്കെട്ടുകളുണ്ടായിരുന്നു. ഇതെല്ലാം തുറന്നുവിട്ടതിലെ ഔചിത്യങ്ങളും അനൗചിത്യങ്ങളും ശാസ്ത്രീയതയും അശാസ്ത്രീയതയുമെല്ലാം പ്രളയകാലത്തും ശേഷവും ചര്‍ച്ചകള്‍ക്കു വിഷയങ്ങളായെന്നതു തത്കാലം വിസ്മരിക്കാം.

40,000 കോടിയുടെ നഷ്ടം
2018 ഒക്ടോബര്‍ 26-നു ഐക്യരാഷ്ട്രസഭയുടെ ശാസ്ത്രീയ പഠനസംഘം കേരള മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പ്രളയ വിശലകന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കേരളത്തിലുണ്ടായതു 31,000 കോടി രൂപയുടെ നഷ്ടമാണ്. മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം 40,000 കോടി രൂപയാണു നഷ്ടക്കണക്കിലുള്ളത്. കൃത്യത ഏതു കണക്കിനാണ് എന്നു പഠനം തുടരുമ്പോഴും എളുപ്പത്തില്‍ പരിഹരിക്കാനും പുനര്‍നിര്‍മിക്കാനും ആകാത്തവിധം കനത്തതായിരുന്നു കേരളത്തിന്‍റെ നഷ്ടമെന്നതു വ്യക്തമാണ്.

പ്രളയത്തില്‍ 483 പേര്‍ മരിച്ചെന്നാണ് കണക്ക്. 3.91 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14.50 ലക്ഷം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി.

13,431 വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നുവെന്നായിരുന്നു പ്രാഥമിക കണക്ക്. കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാത്ത വീടുകളില്ല. 2,43,690 വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ സര്‍ക്കാര്‍ പട്ടികയില്‍ പരാതികളുമായി പ്രളയബാധിതരെത്തിയപ്പോള്‍ അപ്പീലുകളുടെ എണ്ണം 34,768 ആയി. ഇതില്‍ 34,277 പരാതികള്‍ തീര്‍പ്പാക്കിയെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. 2013 അപ്പീലുകളാണ് അനുവദിച്ചത്.

ഭാഗികമായി 2.54 ലക്ഷം വീടുകള്‍ തകര്‍ന്നു. ഇതില്‍ 2.40 ലക്ഷം പേര്‍ക്കു സഹായം നല്‍കി. 1.30 ലക്ഷം വീടുകള്‍ക്കാണു 15 ശതമാനത്തില്‍ താഴെ നാശനഷ്ടമുണ്ടായത്. ഇതില്‍ 1.25 ലക്ഷം പേര്‍ക്കു സഹായം നല്‍കിയെന്നുമാണു സംസ്ഥാന സര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. റവന്യൂ ഓഫീസുകളിലും ജില്ലാ ഭരണകൂട കാര്യാലയങ്ങളിലും പരാതികളുടെയും അപ്പീലുകളുടെയും പ്രളയം അവസാനിച്ചിട്ടില്ല.

പൊതുമരാമത്തു വകുപ്പിനു 4,700 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്തു 428 റോഡുകള്‍ തകര്‍ന്നു. മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെട്ട 158 റോഡുകള്‍ പിന്നീടു സഞ്ചാരയോഗ്യമാക്കിയെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.

57,000 ഏക്കര്‍ കൃഷിഭൂമിയെ പ്രളയം ബാധിച്ചു. 1,361.73 കോടി രൂപയുടെ നഷ്ടമാണു കാര്‍ഷികമേഖലയില്‍ ഉണ്ടായത്. പ്രളയദുരിതം നേരിട്ട കര്‍ഷകരുടെ എണ്ണം 3.14 ലക്ഷമാണെന്നാണു കൃഷിവകുപ്പിന്‍റെ കണ്ടെത്തല്‍.

കേരളത്തിന്‍റെ കാര്‍ഷിക, സമ്പദ് വ്യവസ്ഥ, ചെറുകിട, വന്‍കിട വ്യവസായം, ടൂറിസം, ആരോഗ്യം, തൊഴില്‍ മേഖലകളില്‍ പ്രളയം വരുത്തിയ നഷ്ടത്തിന്‍റെ കണക്കുകള്‍ ഇപ്പോഴും പറഞ്ഞു തീര്‍ന്നിട്ടില്ല! സമസ്ത മേഖലകളിലും നേരിട്ടോ അല്ലാതെയോ ബാധിച്ച പ്രളയാഘാതത്തില്‍ കേരളത്തിന്‍റെ നടുവൊടിഞ്ഞു എന്നതു വസ്തുതയാണ്. ഏറ്റവുമൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് നടുനിവര്‍ത്താനുള്ള പരിശ്രമങ്ങളായാണു വ്യാഖ്യാനിക്കപ്പെടുന്നത്. 928 ഉല്പന്നങ്ങള്‍ക്കാണു പ്രളയ സെസിലൂടെ വില വര്‍ധിച്ചത്.

എന്തു കിട്ടി?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, (സിഎംഡിആര്‍എഫ്) സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍ഡ് ഫണ്ട് (എസ്ഡിആര്‍എഫ്) എന്നിവയിലൂടെയാണു പ്രളയാനന്തര പുനര്‍നിര്‍മാണ പ്രക്രിയയ്ക്കു കേരളത്തിനകത്തും പുറത്തും നിന്നുമായി പ്രധാനമായും സഹായമെത്തിയത്. ആദ്യഘട്ടത്തില്‍ 3211 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 562 കോടി രൂപ എസ്ഡിആര്‍എഫിലേക്കും പ്രളയ പുനര്‍നിര്‍മാണത്തിനു സമാഹരിക്കാനായെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. ഇവയ്ക്കു പുറമേ കേന്ദ്രം 500 കോടി രൂപ കേരളത്തിന് അനുവദിച്ചു. 20,000 കോടി ആവശ്യപ്പെട്ടപ്പോഴാണ് 500 കോടി അനുവദിച്ചത്.

കത്തോലിക്കാസഭയുടേത് ഉള്‍പ്പെടെ വിവിധ ഏജന്‍സികളും സംഘടനകളും വ്യക്തികളും വഴി നാട്ടിലും വിദേശത്തു നിന്നും പ്രളയമേഖലകളുടെ പുനരധിവാസത്തിനും പുനര്‍നിര്‍മിതിക്കുമായി സമാഹരിച്ച സഹായധനത്തിന്‍റെ വിനിയോഗം ഇപ്പോഴും നടന്നുവരുന്നുണ്ട്. വീടുകള്‍, വീട്ടുപകരണങ്ങള്‍, ജീവനോപാധികള്‍ തുടങ്ങി വിവിധ രീതികളില്‍ പ്രളയബാധിതമേഖലകളിലേക്കു സഹായപ്രവാഹമെത്തി. ഇതിപ്പോഴും തുടരുന്നുവെന്നതു കേരളത്തിന്‍റെ വലിയ നന്മ.

മറ്റു സംസ്ഥാനങ്ങളും ഖത്തര്‍ ഉള്‍പ്പടെ വിദേശ രാജ്യങ്ങളും ഗൂഗിള്‍ ഉള്‍പ്പടെ വ്യവസായ സ്ഥാപനങ്ങളും വ്യവസായികളും കേരളത്തിനുനേരെ സഹായഹസ്തം നീട്ടി. സര്‍ക്കാര്‍ ആവിഷ്കരിച്ച ക്രൗഡ് ഫണ്ടിംഗ് പദ്ധതി, അതിനായി നടത്തിയ വിദേശയാത്ര നടത്തിയ ചെലവുകള്‍ക്കപ്പുറം കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്ന് ആക്ഷേപമുണ്ട്.

കൊടുത്തതും കൊടുക്കാത്തതും
പ്രളയാനന്തര കാലം കൂട്ടായ്മയുടേതായിരുന്നു എന്നതിനൊപ്പം പരാതികളുടേതും കൂടിയായിരുന്നു. അര്‍ഹിക്കുന്നവര്‍ക്കെല്ലാം സഹായമെത്തിക്കാനായില്ലെന്നും അനര്‍ഹര്‍ സഹായപദ്ധതികളുടെ ഗുണഭോക്താക്കളായെന്നുമൊക്കെയുള്ള പരാതികള്‍ ഇപ്പോഴും തുടരുകയാണ്.

പ്രളയബാധിത കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായത്തിനായി 457.30 കോടി രൂപയാണ് ആദ്യം അനുവദിച്ചത്. ഇതനുസരിച്ചു പ്രളയമെത്തിയ വീടുകള്‍ക്ക് ആദ്യഘട്ടത്തില്‍ പതിനായിരം രൂപ വിതരണം ചെയ്തു. തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിനാ യി 742.39 കോടി രൂപ ആദ്യഘട്ടത്തില്‍ വകയിരുത്തിയിരുന്നു. അടിയന്തിര സഹായവിതരണത്തിലും തുടര്‍ന്നു നഷ്ടങ്ങളുടെ വ്യാപ്തിയനുസരിച്ചു സഹായധനം അനുവദിച്ചതിലും തൃപ്തരായവരുടെ എണ്ണത്തിനൊപ്പം ഇതു സംബന്ധിച്ചുള്ള ആക്ഷേപങ്ങളുമായി നിരന്തരം സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരുടെ എണ്ണം കൂടിവരുന്നു.

ഒന്നാം വാര്‍ഷികം ഓര്‍മിപ്പിക്കുന്നത്
പ്രളയം നമ്മെ ഏറെ പാഠങ്ങള്‍ പഠിപ്പിച്ചെങ്കിലും, നവകേരളത്തിനായുള്ള അതിജീവന വഴികളിലുമുണ്ടായിരുന്നു സര്‍ക്കാര്‍ നടപടികളുടെ സ്വാഭാവിക ദുര്‍നടത്തം. കരകയറാന്‍ കേരളം പാടുപെടുമ്പോഴും സര്‍ക്കാരിന്‍റെയും അനുബന്ധ സംവിധാനങ്ങളുടെയും ധൂര്‍ത്ത്, അഴിമതി, കെടുകാര്യസ്ഥത, രാഷ്ട്രീയ പക്ഷപാതിത്വം എന്നിവയെക്കുറിച്ചെല്ലാം ആക്ഷേപങ്ങളുയര്‍ന്നു. പ്രളയാനന്തര കേരള പുനര്‍ നിര്‍മാണത്തിനായി രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിനു സെക്രട്ടേറിയേറ്റിനു പുറത്ത് ഓഫീസ് നിര്‍മിക്കുന്നതിന് 88.5 ലക്ഷം രൂപ ചെലവഴിക്കുന്നുവെന്ന വിവരം അത്തരം ആക്ഷേപങ്ങളിലെ ഒടുവിലത്തേതു മാത്രമാണ്. പ്രളയക്കെടുതിയുടെ സമയത്തു ജര്‍മനിയിലേക്കു പോയ മന്ത്രിയും യുഎഇ വാഗ്ദാനം ചെയ്ത തുകയും അതിനോടുള്ള കേന്ദ്രനിലപാടും, അര്‍ണബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചയില്‍ കേരളത്തെയും കേരളീയരെയും അപമാനിക്കുന്ന പരാമര്‍ശം നടത്തിയതുമെല്ലാം പ്രളയാനന്തരകാലത്തെ ഓര്‍ക്കാനിഷ്ടപ്പെടാത്ത അധ്യായങ്ങളായി.

പ്രളയം തളര്‍ത്ത വ്യവസായ, വാണിജ്യ, ടൂറിസം, കച്ചവട, കാര്‍ഷിക മേഖലകള്‍ ഇനിയും ഉണര്‍ന്നെഴുന്നേറ്റിട്ടില്ല. സര്‍ക്കാര്‍ പദ്ധതികള്‍ ഏറെ പ്രഖ്യാപിച്ചെങ്കിലും അതിന്‍റെ ഗുണം എല്ലാവരിലേക്കും എത്തുന്നില്ലെന്ന ആക്ഷേപത്തിനു പരിഹാരമായിട്ടില്ല. വീടുകള്‍ നഷ്ടമായവര്‍ക്കു പുതിയ വീടിനുള്ള സഹായ വിതരണം പലയിടത്തും പാതിവഴിയില്‍. അറ്റകുറ്റപ്പണിക്കുള്ള സഹായം കാത്ത് ഇപ്പോഴും ആയിരക്കണക്കിനു വീടുകള്‍. നഷ്ടമായ കൃഷിയുടെ നഷ്ടഭാരവുമായി അതിജീവനം സ്വപ്നം കണ്ടു കര്‍ഷകജനത…. പ്രളയത്തിന്‍റെ ഇരകള്‍ ഇപ്പോഴും നീതിയുടെ വെട്ടം തേടുന്നുണ്ട്.

പ്രളയനാളുകളിലും തുടര്‍ന്നും മലയാളി കോര്‍ത്തു പിടിച്ച സ്നേഹത്തിന്‍റെയും സൗഹാര്‍ദത്തിന്‍റെയും കരങ്ങള്‍ എത്ര ഹൃദ്യമായ കാഴ്ചയായിരുന്നു. ആ കരങ്ങളിപ്പോള്‍ പൂര്‍വസ്ഥിതിയില്‍ അവനവനിലേക്കൊതുങ്ങിയെന്നതാണ് ഒന്നാം വാര്‍ഷികം ഓര്‍മിപ്പിക്കുന്ന ഒരു പ്രധാന വസ്തുത. പ്രളയം കഴിഞ്ഞു മാസങ്ങള്‍ കഴിയും മുമ്പേ കേരളം കണ്ട കാഴ്ചകളേറെയും, മനസുകളുടെ അടുപ്പങ്ങളേക്കാള്‍ അകലങ്ങളുടേതായിരുന്നു. പുനര്‍നിര്‍മാണത്തിനു വഴിയൊരുങ്ങിയ തെരുവുകളെല്ലാം സമരങ്ങളുടെയും ശരണങ്ങളുടെയും വേദികളായി. വെറുപ്പിന്‍റെ രാഷ്ട്രീയത്തിനു നാട്ടിലും നഗരത്തിലും പുതിയ ചിറകുകള്‍. വിഭാഗീയതയുടെ വിത്തുകള്‍ അതിവേഗം മുളച്ചുപൊന്തി. വിഭജനത്തിന്‍റെ അജണ്ടകള്‍ക്കു മലയാളി മണ്ണിലും വേരോട്ടമുണ്ടെന്ന കറുത്ത സൂചനകള്‍ എവിടെയോ….!!!

അതിജീവിക്കാന്‍ പഠിച്ചവര്‍ക്കിടയില്‍ അതിജീവനവും സാധാരണജീവിതവും സ്വപ്നം കാണുന്നവര്‍ ഇനിയുമുണ്ടെന്ന സത്യം തിരിച്ചറിയുന്നിടത്താണു, പ്രളയാനന്തര കേരളത്തിന്‍റെ വാര്‍ഷിക കണക്കെടുപ്പ് പൂര്‍ണമാവുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org