ചിലന്തിവലയും നിയമങ്ങളും

ചിലന്തിവലയും നിയമങ്ങളും

റ്റോം ജോസ് തഴുവംകുന്ന്

'ജീവന്റെ വിലയുള്ള ജാഗ്ര ത'യുടെ നാളുകളില്‍ തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇന്ന് മേല്‍ക്കോയ്മ നേടുന്നത്. ഒന്നിനു മീതെ ഒന്നായി തട്ടിപ്പുകളും അതിലുള്‍പ്പെട്ടവരും കുമിഞ്ഞു കൂടുമ്പോള്‍ ഇവിടുത്തെ പിട്ടിണിപ്പാവങ്ങളെക്കുറിച്ച് ആരുണ്ട് ചിന്തിക്കാന്‍? മരണത്തിന്റെ വക്കോളമെത്തുന്ന വിശപ്പിന്റെ എരിച്ചിലില്‍ വയറെരിച്ചിലടക്കാനായി ചില പലവ്യജ്ഞനങ്ങള്‍ എടുത്തതിന് മോഷണക്കുറ്റം ചുമത്തി ആള്‍ക്കൂട്ടം അടിച്ചുകൊന്ന ആദിവാസിയെക്കുറിച്ചും ഈ ഡിപ്‌ളൊമാറ്റിക്ക് തട്ടിപ്പുകാലത്ത് ചിന്തിക്കുന്നത് ഉചിതമായിരിക്കും. രാജ്യത്തെ സാധാരണക്കാര്‍ റേഷന്‍ കാര്‍ഡിന്റെ നിറത്തിനനുസൃതമായി റേഷന്‍ വാ ങ്ങാന്‍ വേഴാമ്പലിരിക്കുന്നതുപോലെ ക്യൂവിലാകുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ ബാഗും കാത്ത് നിരനിരയായി നില്‍ക്കുന്നവരെക്കുറിച്ച് ജനാധിപത്യം വിലപിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത്തിമൂന്നു വര്‍ഷമാകുമ്പോഴും നാടാകെ ശൗചാലയം നിര്‍മ്മിച്ചു നല്കിയതിന്റെ 'അഭിമാനത്തിലാണ് ജനാധിപത്യം?!'
വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും പേരുകേട്ട നാട്ടില്‍ അഭ്യസ്ഥവിദ്യരെന്നു പറയുന്നവരുടെയോ ഉന്നതര്‍ എന്നു പറയുന്നവരുെടയോ ഞെട്ടിക്കുന്ന തട്ടിപ്പുകള്‍ കേട്ട് പാവം ജനങ്ങള്‍ ഞെട്ടുകയാണ്. സത്യത്തിനും അഹിംസയ്ക്കും പേരുകേട്ട മഹാത്മജിയുടെ നാട്ടില്‍ ഇന്നെന്താണ് നടക്കുന്നത്? വികസ്വര രാജ്യമായി ഇന്നും തുടരുന്ന ഭാരതത്തില്‍ ദാരിദ്ര്യം പോലും മാറിയിട്ടില്ല. പാര്‍പ്പിടവും വെള്ളവും ചികിത്സയും വൈദ്യുതിയും ഒക്കെ ഓരോ ഭാവി തിരഞ്ഞെടുപ്പുകളിലേയും മോഹനസുന്ദര വാഗ്ദാനങ്ങളായി തുടരുകയല്ലെ? പ്രകടന പത്രികകളിലെ വാചക സൗന്ദര്യംകൊണ്ട് പലപ്പോഴും വാഗ്ദാനങ്ങളിലെ 'ആവര്‍ത്തനം' തിരിച്ചറിയാറില്ല.
'കയറിക്കിടക്കാനൊരു കൂര' എന്നൊരു സ്വപ്നത്തിന്മേല്‍ അത്താഴപ്പട്ടിണിക്കാര്‍ നാലു കട്ട മണ്ണ് കൊണ്ടുവന്നിട്ടു പണി തുടങ്ങിയാല്‍ കടുത്ത പരിസ്ഥിതിവാദം തലപൊക്കുകയും നിയമലംഘനവും അന്യായവും അനീതിയുമൊക്കെ ചുമത്തി കൂര 'സ്‌റ്റേ'യിലാകും. സ്വപ്നം ബാക്കിയാകും! ഇതുകൊണ്ടാകണം മഹാത്മാക്കള്‍ പറഞ്ഞത് "നിയമങ്ങള്‍ ചിലന്തിവലപോലെയാണ്. ചെറുപ്രാണികള്‍ കുടുങ്ങും വലിയവ വല പൊട്ടിച്ചുകടന്നുകളയുമെന്ന്. അന്വേഷണവും കണ്ടെത്തലുകളും വേഗതയും സൂക്ഷ്മതയും കാര്യക്ഷമതയും പുലര്‍ത്തുന്നുവെന്നു തോന്നുമ്പോഴും നമുക്കിടയിലെ ശിക്ഷാനടപടികള്‍ കുറ്റമറ്റതും മാര്‍ഗ്ഗദര്‍ശകവുമാണോ? മുഖം നോക്കാതെയെന്നു പറയുമ്പോഴും മുഖം നോക്കി മാത്രമാണ് കാര്യങ്ങള്‍ എന്നു സാധാരണക്കാര്‍ പറഞ്ഞു പോകുന്നു! സ്ഥാനത്തിന്റെ ഡിഗ്‌നിറ്റിപോലും നോക്കാതെയു ള്ള സാമ്പത്തിക ബന്ധിയായ കുറ്റകൃത്യങ്ങളും അഴിമതിയും തട്ടിപ്പുകളും പൊതുജനങ്ങളില്‍ മടുപ്പും അമ്പരപ്പുമുണ്ടാക്കില്ലെ?

കുരുങ്ങുന്ന 'ചെറുപ്രാണി'കള്‍

പാതയോരത്തെ പെട്ടിക്കടയുടെ നടത്തിപ്പും അതിന്റെ സ്ഥാനവും, ഒഴിപ്പിക്കല്‍ നടപടിക്ക് കാരണമാകുന്നു. പൊതുസ്ഥലത്തു ബീഡി വലിക്കുന്നവരുടെ മേല്‍ ഒട്ടനവധി വകുപ്പുകള്‍ ചുമത്തപ്പെടുന്നു; ഹെല്‍മറ്റ് നിയന്ത്രണ ത്തിന്റെ ഊരാക്കുടുക്കില്‍പ്പെടുന്നു. നിസ്സാരക്കാരുടെ മേല്‍ നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് കുറ്റമാരോപിക്കുമ്പോഴും വമ്പന്മാര്‍ ഒരു കൂസലും കൂടാതെ നിയമത്തിനിടയിലൂടെ വിലസുന്നു. ജനാധിപത്യമാണെങ്കിലും പണാധിപത്യവും അധികാരാധിപത്യവും മേല്‍ക്കോയ്മ നേടുന്നുവെന്നു സംശയിക്കണം. ഫോറിന്‍കാരന്റെ മടങ്ങി വരവില്‍ മക്കള്‍ക്കു വാച്ചോ, കാല്‍ക്കുലേറ്ററോ കൗതുകവസ്തുക്കളോ കളിപ്പാട്ടങ്ങളോ കൊണ്ടുവന്നാല്‍ ചെക്കിംഗും സ്‌കാനിംഗും അനധികൃതവുമൊക്കെയായി പല സാധനങ്ങളും വേലിക്കിപ്പുറത്തേയ്ക്കു വന്നില്ലെന്നു വരും. എന്തിന് തിന്നാനുള്ള ഗ്ലൂക്കോസ് ബിസ്‌ക്കറ്റ് കൂടുതല്‍ വാങ്ങിയാല്‍ അതിനുള്ള പണത്തിന്റെ 'ഉറവിടം' കാണിക്കേണ്ടി വരുന്ന കാര്‍ക്കശ്യത്തിന്റെ നാട്ടില്‍ ഞെട്ടിക്കുന്ന കള്ളക്കടത്തുകളുടെ പരമ്പരതന്നെ അരങ്ങേറുന്നുവെന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.

സ്വാധീനാധിപത്യം

ഉന്നത വിദ്യാഭ്യാസവും ഉന്നത ബന്ധങ്ങളും രാജ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തേണ്ടവര്‍ ലജ്ജാകരമായ ജീവിതവ്യാപാരങ്ങളില്‍ ചെന്നുപ്പെടുന്നത് എന്തുകൊണ്ടെന്നു നാം വിലയിരുത്തണം. എല്ലാ പരിശോധന കവാടങ്ങളിലും മെറ്റല്‍ ഡിറ്റക്ടര്‍ ഉണ്ടെന്നു പറയുംപോലെ ആധുനിക വാതിലുകള്‍ ക്കരികെ ഒരു 'മണി സെന്‍സര്‍' ഉണ്ടോയെന്നു സംശയിക്കണം. എവിടെയും പണത്തിന്റെ 'സ്‌മൈലിംഗു' പ്രശ്‌നമാകുന്നുണ്ടോയെ ന്നു വിലയിരുത്തണം. അല്ലെങ്കില്‍ എന്തുകൊണ്ടാണ് അചിന്തനീയ ശമ്പളവും ആനുകൂല്യങ്ങളും ജീവിതസൗകര്യങ്ങളും സുരക്ഷാകവചങ്ങളുമുള്ള അധികാരവൃന്ദങ്ങള്‍ ഞെട്ടിക്കുന്ന തട്ടിപ്പു ശൃംഗലയുടെ കണ്ണികളാകുന്നത്? മതിയെന്നു പറയാനാകാത്തവിധം ആര്‍ത്തിയുടെ ലോകത്താണോ ഇത്തരക്കാര്‍? അഭിമാനവും അന്തസ്സുമൊക്കെ എല്ലാവര്‍ക്കുമില്ലെന്നാണോ? പട്ടിണിപ്പാവങ്ങളുടെ നാട്ടില്‍ ചിലര്‍ സ്വര്‍ണ്ണത്തിനായി കാത്തിരിക്കുന്നു. ഭൂരിഭാഗവും അരി എന്നു കിട്ടുമെന്ന ആശങ്കയില്‍ റേഷന്‍ കാര്‍ഡും കയില്‍പിടിച്ച് ഓടി നടക്കുന്നു. കിറ്റുകള്‍ പലതും സൗജന്യമാകുമ്പോഴും "ബില്ലുകള്‍" മിക്കതും കൊടും "ഭീകരമാകുന്നു! പാവങ്ങളുടെ നികുതിപ്പണം കൊണ്ട് മേലാളന്മാര്‍ ആഡംബരജീവിതം നയിക്കുന്നതിനാണോ ജനാധിപത്യം എന്നു പറയുന്നത്?
നമ്മുടെ മൂല്യബോധവും സാന്മാര്‍ഗ്ഗികാടിത്തറയും തകരുകയാണോ? സത്യധര്‍മ്മാദികളുടെ നടത്തിപ്പും അപ്രായോഗികമാകുകയാണോ? ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെത്തി നില്‍ക്കുന്ന ഇന്നത്തെ തലമുറയുടെ ഭാവിയെന്താകുമെന്ന് നാം ആശങ്കപ്പെടണം. ഗുരുകുല പഠനവും ക്ലാസ്സ് റൂം എജ്യുക്കേഷനുമൊക്കെ പാഠപുസ്തകത്തിനുമപ്പുറം ഒട്ടനവധി സന്മാര്‍ഗ്ഗ പാഠങ്ങളില്‍ വേരൂന്നിയിരുന്നു. ഇന്ന് 'മുഖാമുഖ'മുള്ളതിനെല്ലാം 'ആവരണം' രൂപപ്പെട്ടുകഴിഞ്ഞു. ഈ ആവരണത്തിനുള്ളിലേക്ക് കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും കടന്നെത്തുന്നത് തട്ടിപ്പുകഥകളുടെ പരമ്പര തന്നെയാകുമ്പോള്‍ എന്താകും സ്ഥിതി? ഒരു തിരുത്തലിനോ എതിര്‍വാദ ഗതിക്കോ ഇടമില്ലാതിരിക്കുന്ന ഇന്നത്തെ കാലം ഒരു വല്ലാത്തകാലം തന്നെയെന്നു ആരും പറഞ്ഞുപോകും!

'നിയമങ്ങള്‍ ചിലന്തിവലപോലെയാണ്.
ചെറുപ്രാണികള്‍ കുടുങ്ങും
വലിയവ വല പൊട്ടിച്ചു കടന്നുകളയും.'

ദുരിതജീവിതത്തുടര്‍ച്ചകള്‍

മുണ്ടുമുറുക്കിയുടുത്തു നാടിനു വേണ്ടി ചോരനീരാക്കി പണിയെടുക്കുന്ന കര്‍ഷകരുടെ മേല്‍ അവഗണനയുടേയും നിയമങ്ങളുടേയും റിപ്പോര്‍ട്ടുകളുടേയും ആധിപത്യമാണ്. എന്നും അവഗണനയുടെ നെരിപ്പോടില്‍ നീറിപ്പുകയുന്ന പാവം കര്‍ഷകരെ വമ്പന്മാരുടെ ചുമടു താങ്ങികള്‍ മാത്രമായി തരംതാഴ്ത്തുകയാണെന്നും സ്വര്‍ണ്ണഗോപുരങ്ങളും പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ കൂരകളും വൈരുദ്ധ്യങ്ങളുടെ നാട്ടുവിശേഷം വിളിച്ചുപറയുന്നു. ഉച്ചനീചത്വങ്ങള്‍ കത്തിക്കയറുമ്പോഴും പ്ര സംഗപീഠത്തില്‍ പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടിയുള്ള 'കരച്ചില്‍' കേള്‍ക്കാം, നാളെയുടെ ജനാധിപത്യം പച്ചപിടിക്കണമല്ലൊ! രാജ്യത്തെ ജനങ്ങള്‍ക്കാകമാനം സൗജന്യറേഷന്‍ എന്നും കൊടുക്കാനാകുന്നത്ര സമ്പത്തു കുമിഞ്ഞു കൂടിയിരിക്കുന്ന ധനാഠ്യന്മാര്‍ ഉള്ളപ്പോള്‍ എന്തിന് രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കണം? പട്ടയത്തിനും പാര്‍പ്പിടത്തിനുമായി പാടുപെട്ടോടുന്ന പാവം പട്ടിണിക്കാരെ ആരെങ്കിലും ഗൗനിക്കുന്നുണ്ടോ? ഒരു സര്‍ക്കാരാഫീസില്‍ കയറിയാല്‍ നിയമത്തിന്റെ നൂലാമാലയില്‍പ്പെട്ട് സാധാരണക്കാര്‍ വട്ടംകറങ്ങും. അപ്പോഴാണ് വിമാനത്താവളത്തില്‍ സ്വര്‍ണ്ണപ്പെട്ടികളുടെ കുത്തൊഴുക്ക്? ആരെയാണ് നാം മണ്ടന്മാരാക്കുന്നത്? നാളെയുടെ തലമുറയുടെ അന്ധാളിപ്പിന് ആരു മറുപടി പറയും? ലോകത്തിനു മാതൃകയാകേണ്ട നാം ഇന്നെവിടെയെത്തി നില്‍ക്കുന്നു? കടുത്തസ്വജനപക്ഷപാതവും അഴിമതിയും തട്ടിപ്പും കൂടാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പാവങ്ങളുടെ അവസ്ഥയും കൂടി കാണുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ നമുക്കെന്തു മാര്‍ക്കിടും? സമൂഹത്തിലാകമാനമുള്ള ചിന്താഗതികളെ വഴിതെറ്റിക്കുന്ന തരത്തില്‍ വരുന്ന വാര്‍ത്തകളും വര്‍ത്തമാനങ്ങളും നാളെയുടെ മക്കളില്‍ ആകുലതയും ആശങ്കയും ഉയര്‍ത്തിയേക്കാം. കുട്ടികളുടെ കൈ വശം മൊബൈല്‍ എത്തിയതോടെ മുതിര്‍ന്നവരറിയാതെ ഫോണില്‍ എത്തുന്ന 'മെസ്സേജു'കള്‍ എപ്രകാരമാണ് മക്കളെ സ്വാധീനിക്കുന്നതെന്നറിയില്ല. അതുകൊണ്ട് നമ്മുടെ ഓണ്‍ലൈന്‍ എജ്യുക്കേഷനിലൂടെ അല്പം ഗൗരവത്തോടെ തന്നെ ചരിത്രപഠനം ഉണ്ടാകണം. കടന്നുപോയ മഹാത്മാക്കളുടെ ജീവിതവും ലക്ഷ്യവും സമൂഹത്തെയെത്രമാത്രം സ്വാധീനിച്ചിരുന്നുവെന്ന് തലമുറകള്‍ തിരിച്ചറിയണം.
ഉന്നത ബിരുദവും ബിരുദാനന്തര ബിരുദവും തൊഴിലധിഷ്ഠിതമായ ഒട്ടനവധി പഠനങ്ങളും വിവര സാങ്കേതിക വിദ്യയുടെ 'അപ്ഡേറ്റും' സ്വന്തമാക്കുന്ന ഇന്നത്തെ തലമുറ തൊഴിലിനായി തെക്കുവടക്കു നടന്നുമടുത്ത് പ്രവാസിയായി മാറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നാടിന്റെ ബുദ്ധിയും കഴിവുകളും വിദേശ രാജ്യങ്ങളില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ നമ്മുടെ നാട്ടില്‍ തൊ ഴിലില്ലായ്മയും പട്ടിണി മരണങ്ങ ളും ഇന്നും തുടര്‍ക്കഥയാകുന്നു. എന്തേ നമ്മുടെ നാടിങ്ങനെ? നാടിനെ സ്‌നേഹിക്കാനും പരിചരിക്കാനും പരിപോഷിപ്പിക്കാനും വളര്‍ച്ചയുടെ പടവുകളിലെത്തിക്കാനും നമ്മുടെ മക്കള്‍ക്ക് ആഗ്രഹവും ഇച്ഛാശക്തിയും ഇല്ലാതെ പോകുന്നതിലും ഈ നാടിന്റെ ഇന്നത്തെ സ്ഥിതിഗതികള്‍ ഒരു കാരണമാകില്ലെ? നന്മ ചെയ്യുന്നവരും സത്യധര്‍മ്മാദികളിലൂന്നി ജീവിക്കുന്നവരും 'പടിക്കുപുറത്തി'രിക്കുന്ന തരത്തിലുള്ള 'പരിഗണന' പുതിയ തലമുറയില്‍ മടു പ്പ് ഉളവാക്കില്ലെ? വിദ്യാസമ്പന്നരുടെ കൂടാരത്തില്‍ വിദ്യാവിഹീനര്‍ ശുപാര്‍ശകളിലൂടെ പലതും സ്വന്തമാക്കുന്നത് കാണുമ്പോഴും ഒരു നിരാശ തോന്നുന്നില്ലെ? അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുന്നതിലെ 'ജനാധിപത്യം' വിലയിരുത്തപ്പെടുവാനും കര്‍ശനമായ മാറ്റങ്ങള്‍ വരുത്തുവാനും ഇനിയും വൈകരുത്. നേര്‍വഴിക്കു നീങ്ങുന്നവരാണ് ഏറെ കബളിപ്പിക്കപ്പെടുന്നതെന്നു തലമുറകള്‍ക്ക് തോന്നാന്‍ ഇട വരുത്തരുത്.

ജനജാഗ്രത അനിവാര്യം

ഇനിയും വൈകിക്കൂടാ, നമുക്കു നന്മയിലേയ്ക്കു തിരിച്ചു നടക്കുന്നതില്‍ വൈമനസ്യം അരുത്. അദൃശ്യമായ വൈറസ് മനുഷ്യജീവന്റെ മേല്‍ പിടിമുറുക്കുന്നത് നാം ലാഘവബുദ്ധിയോടെയാണോ വീ ക്ഷിക്കുന്നത്? ഒരു പ്രോട്ടോക്കോളും ഡിഗ്‌നിറ്റിയും ശമ്പളവും സ്വര്‍ണ്ണഗോപുരങ്ങളുമൊന്നും വൈറസിനു പ്രശ്‌നമല്ലെന്നു തിരിച്ചറിയാനുള്ള മനഃസാക്ഷി നമുക്കില്ലെന്നുണ്ടോ? തിന്മയില്‍നിന്നും 'അകലം' പാലിക്കണമെന്ന് ഏതു വിവര സാങ്കേതികവിദ്യയുടെ അത്യന്താധുനികതയിലൂടെയാണ് ഇനിയും നമ്മെ ബോധവല്‍ക്കരിക്കേണ്ടത്? ഒരു സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ എല്ലാവരും മനുഷ്യരാണെ ന്ന് എങ്കിലും തിരിച്ചറിയാനാകേ ണ്ടേ? ഞാന്‍ മാത്രമുള്ള ലോകത്തിനാണോ ജനാധിപത്യം എന്നു പറയുന്നത്? സ്വന്തം വളര്‍ച്ച മാത്രമാണോ ജനാധിപത്യത്തിന്റെ ലക്ഷ്യം? എത്രമാത്രം ശാസ്ത്രം വ ളര്‍ന്നാലും തട്ടിപ്പുകളേറുന്നതിലെ സാംഗത്യം എല്ലാത്തിനും പിന്നി ലുള്ള 'ബ്രെയിന്‍' മനുഷ്യന്‍ ത ന്നെയാണെന്ന യാഥാര്‍ത്ഥ്യമാണ്. മനുഷ്യര്‍ നന്മയും സത്യവും മനസാക്ഷിയുമുള്ളവരാണെങ്കില്‍ മാ ത്രമേ യഥാര്‍ത്ഥ പുരോഗതിയും നേര്‍വഴിക്കുള്ള സഞ്ചാരവും സാധ്യമാകൂ എന്നു നമ്മെ ഓര്‍മ്മപ്പെ ടുത്തുന്നു. ഒരു നേരത്തെ ഭക്ഷണ ത്തിനുവേണ്ടിയുള്ള 'മോഷണം' മരണശിക്ഷയിലേക്കു നയിക്കപ്പെടുന്ന കുറ്റമായി നമുക്കിടയില്‍ "പ്രായോഗിക"മാകുമ്പോള്‍ സ്വര്‍ ണ്ണപ്പെട്ടികളില്‍ ഒളിച്ചിരിക്കുന്നത് ആയുഷ്‌ക്കാലവും തലമുറകളുടെ 'ഭക്ഷണ'വുമായി മാറുന്ന വിരോധാഭാസത്തിനു മാറ്റം വരണം. നീതി നടപ്പാകണം. എത്ര ഉയരമുള്ള ഗോവണിയില്‍ കയറുമ്പോഴും ഒരു കാര്യം നാം മറക്കാതിരിക്കുന്നതും നല്ലതാണ്…. ഗോവണിയുടെ ചുവട് ഉറച്ചിരിക്കുന്നത് ഭൂമിയില്‍ തന്നെയെന്ന്…. അതായത് ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതം കൂടുമെന്ന ഒരു സാധാരണ പഠനം ഉണ്ടാകുന്നത് എല്ലാത്തിനും എല്ലാവര്‍ക്കും പാഠമായിരിക്കും. ഒന്നിനേക്കുറിച്ചും അഹങ്കരിക്കേണ്ട… ചുറ്റും നോക്കി ജാഗരൂഗരായിരിക്കുക. കോവിഡ് നമുക്കൊപ്പമുണ്ട്…. അത് ജീവന്റെ വിലയുള്ള ജാഗ്രതയിലേക്ക് വരില്‍ ചൂണ്ടുന്നതാണ്; ഡിപ്‌ളൊമാറ്റും ഡിഗ്‌നിറ്റ റിയും, സ്വര്‍ണ്ണം വന്ന വഴിയും ജാഗ്രതയ്ക്ക് കുറവുണ്ടാക്കരുത്!!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org