ചെറുത്തു നില്പുകളിലൂടെ ശക്തിപ്പെടേണ്ട സഭ

ചെറുത്തു നില്പുകളിലൂടെ ശക്തിപ്പെടേണ്ട സഭ
Published on
സഭയുടെ ചരിത്രം ചെറുത്തു നില്പുകളുടെ ചരിത്രമാണ്. സുവിശേഷം യഹൂദേതര സമൂഹങ്ങളിലേക്കു വ്യാപിച്ചതു മുതല്‍ ആരംഭിച്ചതാണത്. വിജാതീയ സമൂഹങ്ങളില്‍ നിന്നും ക്രൈസ്തവവിശ്വാസത്തിലേക്കു കടന്നുവരുന്നവര്‍ പരിഛേദന കര്‍മ്മം അനുഷ്ഠിക്കണമെന്ന് യഹൂദ ക്രൈസ്തവര്‍ ശഠിച്ചു. അത് സാധ്യമല്ലെന്ന് മറ്റുള്ളവരും. സാക്ഷാല്‍ അപ്പസ്‌തോലന്‍ വി. പൗലോസ് ആയിരുന്നു അന്ന് വിജാതീയ ക്രിസ്ത്യാനികളുടെ വക്താവ്.

എന്നാല്‍ ജെറുസലം സൂനഹദോസിലെ ചര്‍ച്ചകള്‍ മൂലം ശിഷ്യന്മാര്‍ക്കെല്ലാവര്‍ക്കും ഒരു കാര്യം ബോധ്യമായി. എതിര്‍ക്കുന്നവരിലൂടെയും പരി. ആത്മാവ് സംസാരിക്കുന്നുണ്ട്. അന്ന് യഹൂദ ക്രിസ്ത്യാനികളുടെ നിലപാട് പുലര്‍ത്തിയിരുന്നവരും അപ്പസ്‌തോല സംഘത്തില്‍ ഉണ്ടായിരുന്നെന്ന കാര്യം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. പക്ഷേ, യാക്കോബ് ശ്ലീഹായുടെ മധ്യസ്ഥ ശ്രമങ്ങള്‍ സഭാശ്രേഷ്ഠര്‍ക്കു പരിശുദ്ധാത്മാവിന്റെ സ്വരം കേള്‍ക്കാന്‍ തുണയായി ഭവിച്ചു. പരിഛേദനത്തോടുള്ള എതിര്‍പ്പ് ക്രിസ്തുവിനോടുള്ള എതിര്‍പ്പായി ജെറുസലം കൗണ്‍സില്‍ കണ്ടിരുന്നെങ്കില്‍ കത്തോലിക്കാ സഭ ഇന്ന് കാണുന്നതുപോലെ സാര്‍വത്രികമോ കാതോലിക്കമോ ആകുമായിരുന്നില്ല. മാത്രമല്ല യഹൂദ മതത്തിലെ ഒരു സെക്ട് ആയി ക്രിസ്തുമതം ഒതുങ്ങുകയോ ഒരുപക്ഷേ അസ്തമിക്കുക തന്നെയോ ചെയ്‌തേനെ.

പിന്നീടിങ്ങോട്ടുള്ള സഭയുടെ യാത്രയില്‍ ദൈവശാസ്ത്രപരവും ആരാധനക്രമപരവുമായ വിഷയങ്ങളില്‍ പലപ്പോഴും അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. അവ ചിലപ്പോഴെല്ലാം വിഭജനത്തിലാണ് കലാശിച്ചത്. പരിശുദ്ധാത്മാവ് പിതാവില്‍ നിന്ന് മാത്രമാണോ അതോ പിതാവില്‍ നിന്നും പുത്രനില്‍ നിന്നുമാണോ പുറപ്പെടുന്നത് എന്ന തര്‍ക്ക ത്തെ തുടര്‍ന്നാണ് പതിനൊന്നാം നൂറ്റാണ്ടില്‍ കത്തോലിക്കാ - ഓര്‍ത്തഡോക്‌സ് എന്നിങ്ങനെ ആഗോള സഭ വിജിക്കപ്പെട്ടത്. പതിനഞ്ചാം നൂറ്റാണ്ടിലാകട്ടെ പ്രൊട്ടസ്റ്റന്റ് സഭയുടെ ആവീര്‍ഭാവത്തിന് വഴിവച്ചത് വിശ്വാസ സ്രോതസ്സുകളെ ചൊല്ലിയുള്ള വാഗ്‌വാദങ്ങളായിരുന്നു. പിന്നീടത് കൃപാവരം, വി. കുര്‍ബാന, പൗരോഹിത്യം എന്നീ വിഷയങ്ങളിലേക്കും വ്യാപിച്ചു എന്നു മാത്രം.

പതിനൊന്നും പതിനഞ്ചും നൂറ്റാണ്ടിലുണ്ടായ അഭിപ്രായ ഭിന്നതകള്‍ എന്തുകൊണ്ട് ആദിമസഭയിലെപ്പോലെ വളര്‍ച്ചയ്ക്കുള്ള അവസരമായി മാറിയില്ല എന്നതിന് വിവിധ കാരണങ്ങളുണ്ടാകാം. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനങ്ങളായിരുന്നു അതിലൊന്ന്. വിശ്വാസ-പാരമ്പര്യ വിഷയങ്ങളില്‍ നൈരന്തര്യമായവ ഏത് പരിണതമായവ ഏതെല്ലാം എന്ന് വിവേചിക്കുന്നതിലുള്ള പാകപിഴയായിരുന്നു മറ്റൊന്ന്. ഏകാധിപത്യ ഭരണ വ്യവസ്ഥയും കാനോന്‍ നിയമങ്ങളുടെ സങ്കുചിതമായ വ്യാഖ്യാനവും ലൗകികാരൂപിയുടെ അതിപ്രസരവുമായിരുന്നു ഇതരഘടകങ്ങള്‍. എന്തായാലും അവയ്ക്കിടയില്‍ ആത്മാവിന്റെ സ്വരം ശ്രവിക്കാന്‍ വേണ്ടപ്പെട്ടവര്‍ക്കായില്ല.

മുന്‍ നൂറ്റാണ്ടുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ സാംസ്‌കാരിക ചേരുവകളിലാണ് സമകാലീന ലോകത്തിന്റെ നിര്‍മ്മിതി. ഏകശിലാകേന്ദ്രീകൃതമായ ബ്രഹത് ആഖ്യാനങ്ങളുടെ കാലം കഴിഞ്ഞു. വൈവിധ്യമേറിയ ചെറു സമൂഹങ്ങളെ പ്രതിനിധാനം ചെയ്യുന്ന നിരവധി ലഘു ആഖ്യാനങ്ങളുടെ ഭാവാത്മകമായ സഹവാസത്തിലാണ് ഉത്തരാധുനികര്‍ ജീവിതത്തിന്റെ താളം കണ്ടെത്തുന്നത്. ഇവിടെ സംവാദങ്ങള്‍ വിനാശകരമല്ല; നീതിയും സത്യവും ഉറപ്പു വരുത്തുന്ന സമന്വയ സംസ്‌കൃതിയുടെ രൂപീകരണത്തിന് അത്യാന്താപേക്ഷിതമായ മാര്‍ഗമാണ്.

അസത്യത്തെ സത്യമായും അനീതിയെ നീതിയായും അവതരിപ്പിക്കുന്നതില്‍ കൃത്രിമമാര്‍ഗങ്ങള്‍ സംലഭ്യമാണിന്ന്. നീതിന്യായ വ്യവസ്ഥയേയും, സര്‍ക്കാരുകളെയും ആള്‍ബലം കൊണ്ടും സാമ്പത്തികശേഷികൊണ്ടും വിലയ്ക്കു വാങ്ങാവുന്ന കാലം. തത്ഫലമായി ദരിദ്രരും ദുര്‍ബലരും, സമാധാനപ്രിയരും, നീതിനിഷ്ഠരും, സത്യസന്ധരും പരാജയപ്പെടുന്നു. കന്ധമാലിലും മണിപ്പൂരിലും വിഴിഞ്ഞത്തും നമ്മളത് കണ്ടതാണ്.

ലഘു ആഖ്യാനങ്ങളുടെ സംരക്ഷണത്തിനും നിലനില്പിനും വേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ ഇന്നും സമൂഹത്തിലും സഭയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അത്തരം ചെറുത്തു നില്പുകളിലൂടെ പ്രകടമാകുന്ന പരിശുദ്ധാത്മാവിന്റെ ഗദ്ഗദങ്ങള്‍ നമ്മള്‍ക്കു ശ്രവിക്കാനാകുന്നുണ്ടോ? അതിന് ക്രിസ്ത്വാനുഭവവും സുവിശേഷ നിലപാടുകളും ജീവിതദര്‍ശനമായി സ്വീകരിച്ചവര്‍ ഉണ്ടാകണം. അത്തരക്കാരുടെ ദൗര്‍ബല്യമാണ് സഭയും സമൂഹവും ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org