ഒരു ഓട്ടക്കാരി സിസ്റ്ററിന്റെ കഥ

ഒരു ഓട്ടക്കാരി സിസ്റ്ററിന്റെ കഥ
Published on

ചിക്കാഗോവില്‍ വെളുപ്പിന് നാലുമണിക്ക് മരം കോച്ചുന്ന തണുപ്പിലും ഒരു കത്തോലിക്ക സിസ്റ്റര്‍ ഓടാന്‍ തുടങ്ങുകയാണ്. പ്രാര്‍ത്ഥനകള്‍ മന്ത്രിച്ചുകൊണ്ടാണ് ഓട്ടം. പ്രതിവാരം മുപ്പതോ നാല്‍പ്പതോ മൈല്‍ ആണ് മാരത്തോണ്‍ ട്രെയിനിങ്ങിന്റെ ഭാഗമായി ഈ സിസ്റ്റര്‍ ഓടി തീര്‍ക്കുക. സിസ്റ്ററിന് ഈ ഓട്ടവും ആത്മീയമായ, അരൂപി നിറഞ്ഞ ഒരു പ്രവര്‍ത്തിയാണ്. ശരീരം വ്യായാമത്തിലായിരിക്കുമ്പോള്‍ എന്റെ മനസ്സും ആത്മീയതയാല്‍ നിറയുന്നു. ഈ 23 കാരി സിസ്റ്റര്‍ യേശുവിനുവേണ്ടി പൂര്‍ണ്ണാര്‍പ്പിതയായി താന്‍ മാറുമെന്നു ഒരിക്കലും കരുതിയതല്ല. ഒരു കുലീന കുടുംബത്തില്‍ ജനിച്ചു ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയായിരുന്നു സ്‌റ്റെഫനി ബാലിഗ. ക്രോസ്സ് കണ്‍ട്രി ഓട്ട മത്സരത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ അവള്‍ ആറാം സ്ഥാനം കരസ്ഥമാക്കി. അങ്ങനെ ഇരിക്കുമ്പോഴാണ് അവളുടെ കാല്‍ ഒടിഞ്ഞത്. അതോടെ അവളുടെ സ്വപ്‌നങ്ങളൊക്കെ താറുമാറായി. എല്ലാ ആഴ്ചയും 75 മണിക്കൂര്‍ ട്രെയിനിങ്ങിനു പോയിരുന്നവള്‍ ക്യാമ്പസ്സിലൂടെ 'ക്രച്ചസ്സു'മായി നടക്കുവാന്‍ തുടങ്ങി. അവളാകെ തളര്‍ന്നു പോയി. അവളുടെ രണ്ടു വലിയ സ്വപ്‌നങ്ങളായിരുന്നു തരിപ്പണമായി എന്ന് തോന്നിയത്. ഒന്ന് വിശ്വാസത്തിന്റെ വഴിയില്‍ പുരോഗമിക്കുക. രണ്ട് ഒരു നല്ല ഓട്ടക്കാരിയാവുക.

ആത്മീയജീവിതത്തില്‍ അടിയുറക്കാന്‍ അവള്‍ തീരുമാനിച്ചു. ഒരു കത്തോലിക്കയായി ജനിച്ചു എങ്കിലും വലിയ തീവ്രത അവള്‍ക്കു വിശ്വാസകാര്യങ്ങളില്‍ ഉണ്ടായിരുന്നില്ല. അപ്പോഴാണ് അവള്‍ കൂടുതല്‍ സമയം യൂണിവേഴ്‌സിറ്റിയിലെ കാത്തലിക്ക് സെന്ററില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചത്. ഒരു ധ്യാനത്തില്‍ പങ്കെടുത്തത് വലിയ നിമിത്തമായി. ബാല്യത്തില്‍ കുര്‍ബാനയില്‍ സംബന്ധിക്കുമായിരുന്നു എങ്കിലും വിശ്വാസസത്യങ്ങള്‍ ഒന്നും ആഴത്തില്‍ മനസ്സില്‍ പതിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നില്ല. പശ്ചാത്തപിച്ചു കുമ്പസാരിച്ചു വിശുദ്ധ കുര്‍ബാന സ്വീകരിച്ച നിമിഷത്തില്‍ അവള്‍ക്കു വിശ്വാസസത്യങ്ങള്‍ ബോധ്യപ്പെട്ടു. പരിശുദ്ധാത്മാവ് അവള്‍ക്കുള്ളിലേക്കു കടന്നുവന്നു എന്നത് അവള്‍ തിരിച്ചറിഞ്ഞു. യേശുവിന്റെ സ്‌നേഹം അവളില്‍ ജ്വലിച്ചു തുടങ്ങി. അവള്‍ക്കു ദൈവവിളി ഉണ്ടായി.

പക്ഷെ തന്റെ ഓട്ടത്തോടുള്ള ഇഷ്ടം അവഗണിക്കാനായിരുന്നു പ്രയാസം. ചില മഠങ്ങളിലെ നിയമങ്ങള്‍ പുറത്തുള്ള അത്‌ലറ്റിക് പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്കുമായിരുന്നില്ല. ഒടുവില്‍ അവള്‍ ഒരു അപ്പസ്‌തോലിക സമൂഹത്തില്‍ ചേര്‍ന്നു ദാരിദ്ര്യം പാതിവ്രത്യം അനുസരണം എന്നീകാര്യങ്ങളില്‍ വ്രതമെടുത്തു. ഫ്രാന്‍സിസ്‌കന്‍ സിസ്റ്റര്‍ ഓഫ് ദി യൂക്കാരിസ്റ്റ് ആന്റ് ദി മിഷന്‍ ഓഫ് ഔര്‍ ലേഡി ഓഫ് ദി ഏഞ്ചല്‍സ് ഔട്രീച് സെന്റര്‍, ചിക്കാഗോ വെസ്റ്റ് എന്നായിരുന്നു അവള്‍ ചേര്‍ന്ന സഭയുടെ നാമം.

ജീവിതം മാറിമറിഞ്ഞപ്പോള്‍ അവള്‍ തന്റെ ഓടാനുള്ള കഴിവിനെ എങ്ങനെ മനുഷ്യര്‍ക്കുവേണ്ടി ഉപയോഗിക്കാം എന്ന് ചിന്തിക്കാന്‍ തുടങ്ങി. കോടിക്കണക്കിനു പണം ചെലവ് വരുന്ന ഒരു ദേവാലയ പുനരുദ്ധാരണത്തിനായി ധന സമാഹരണം എന്ന ലക്ഷ്യത്തോടെ മാരത്തോണ്‍ ഓട്ടങ്ങളില്‍ ശ്രദ്ധവയ്ക്കാന്‍ തുടങ്ങി. ഒടിഞ്ഞ കാലൊന്നും അവള്‍ക്കു പ്രശ്‌നമായില്ല.

ചാരിറ്റി ടീമിന്റെ ഭാഗമായിക്കൊണ്ട് ചിക്കാഗോ മരത്തോണില്‍ എല്ലാ വര്‍ഷവും പങ്കെടുത്ത് ഒരു മില്യണ്‍ ഡോളറാണ് അവള്‍ സമാഹരിച്ചത്. 'ഓട്ടക്കാരി കന്യാസ്ത്രീ' അങ്ങനെ ലോകം മുഴുവന്‍ അറിയുന്ന സ്‌പോര്‍ട്‌സുകാരിയായി മാറി. ചിക്കാഗോയിലെ പാവങ്ങള്‍ക്കായി ഭക്ഷണശാല നടത്തുന്ന തന്റെ സഭയുടെ ഭാഗമായ 'മിഷന്‍ ഓഫ് ഔര്‍ ലേഡി ഓഫ് ദി ഏഞ്ചല്‍സ്' എന്ന സ്ഥാപനത്തിനുവേണ്ടിയും ധനം സമാഹരിക്കാന്‍ സ്റ്റെഫിനിക്കു കഴിഞ്ഞു. ഇക്കഴിഞ്ഞ പത്തു വര്‍ഷമായി അവള്‍ ചിക്കാഗോയിലെ ഹംബോള്‍ട്ട് പാര്‍ക്ക് ഏരിയ യിലാണ് സേവനം അനുഷ്ഠിക്കുക. സിറ്റിയിലെ കുറ്റകൃത്യങ്ങളുടെ സിരാകേന്ദ്രമാണ് ഈ ഏരിയ. മിഷന്‍ നടത്തുന്ന ഭക്ഷണശാലയുടെ ഇന്‍ചാര്‍ജ് ആയാണ് സിസ്റ്റര്‍ ജോലി ചെയ്യുന്നത്. ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് കോവിഡ് പടര്‍ന്നപ്പോള്‍ അവിടെ ഭക്ഷണം വിതരണം ചെയ്തത്. ധനസമാഹരണം കൂടാതെ സാമൂഹ്യ സേവനം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലും സിസ്റ്റര്‍ കര്‍മ്മ നിരതയാണ്.

'എന്റെ ജീവിതത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് വലിയ ചാരിതാര്‍ഥ്യമുണ്ട്. പാവങ്ങളെ സഹായിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. 2010 ലെ ബിരുദ പഠനത്തിനുശേഷം ഞാനൊരു സിസ്റ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. എന്റെ ജീവിതത്തിന്റെ ഉദ്ദേശം ജീസസ് എന്നില്‍ പകര്‍ന്നു തന്ന സ്‌നേഹം എല്ലാ മനുഷ്യരിലേക്കും പകര്‍ന്നു കൊടുക്കുക എന്നതാണ്. എന്റെ സ്‌പോര്‍ട്‌സിലെ മികവുകള്‍ എനിക്ക് മനുഷ്യ നന്മയ്ക്കായി ഉപയോഗിക്കുവാനാകുന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത ആനന്ദമുണ്ട്.

എനിക്ക് എന്റെ ജീവിതത്തെ ആകമാനം പൊളിച്ചെഴുതണമായിരുന്നു കാരണം ഞാന്‍ സ്വാര്‍ഥതയോടെ സ്വന്തം കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. നേട്ടങ്ങള്‍ക്കുവേണ്ടിയും സ്വന്തം പേരു നിലനിര്‍ത്താനും ആയിരുന്നു താല്‍പ്പര്യം. എനിക്ക് തിരുത്തലുകള്‍ ആവശ്യമായിരുന്നു.'

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ മാരത്തോണ്‍ ട്രെഡ് മില്‍ ഇനത്തില്‍ പേരെഴുതി ചേര്‍ത്ത ആദ്യത്തെ അമച്യുര്‍ വനിത എന്നൊരു ബഹുമതി കൂടി സ്റ്റെഫിനി നേടിയിട്ടുണ്ട്.

മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ ഊര്‍ജമാണ് സ്‌റ്റെഫനി പകര്‍ന്നുകൊണ്ടിരിക്കുന്നത്. അക്ഷീണയായി മനോഗുണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുന്ന സിസ്റ്റര്‍ ഉത്തമമായ പ്രചോദനമാണ് നമുക്കെല്ലാം പകര്‍ന്നു തരിക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org