‘യുവജനങ്ങളെ സാഹോദര്യം പഠിപ്പിക്കുക’

‘യുവജനങ്ങളെ സാഹോദര്യം പഠിപ്പിക്കുക’

ഫാ. മൈക്കിള്‍ സാമിറ്റ് എസ്.ജെ.
(ഈശോസഭാ നിയര്‍ ഈസ്റ്റ് പ്രൊവിന്‍ഷ്യല്‍)

ഫാ. മൈക്കിള്‍ സാമിറ്റ് എസ്.ജെ.
ഫാ. മൈക്കിള്‍ സാമിറ്റ് എസ്.ജെ.

അല്‍പം ചരിത്രം മനസ്സിലാക്കിയില്ലെങ്കില്‍ ഇറാഖിന്റെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കുക എളുപ്പമല്ല. 1963-ല്‍ ഇറാഖില്‍ ബാത്ത് പാര്‍ട്ടി അധികാരത്തില്‍ വന്നു. 1977 മുതല്‍ 79 വരെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു രണ്ടു ലക്ഷത്തോളം കുര്‍ദുകള്‍ക്ക് അവരുടെ ജന്മനാടുകളില്‍ നിന്നു പലായനം ചെയ്യേണ്ടി വന്നു. 1979-ല്‍ സദ്ദാം അധികാരത്തില്‍ വന്നു. 1980 മുതല്‍ 88 വരെ ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ കാലമാണ്. ഇക്കാലത്ത് കുര്‍ദ് വംശജര്‍ക്കെതിരായ നയങ്ങള്‍ നടപ്പിലായി. രാസായുധ ആക്രമണങ്ങള്‍ നടന്നു. ഇറാനെതിരെ മാത്രമല്ല ഇറാഖിലെ കുര്‍ദുകള്‍ക്കെതിരെയും രാസായുധങ്ങള്‍ പ്രയോഗിക്കപ്പെട്ടു.

1990-ല്‍ ഇറാഖ് കുവൈറ്റില്‍ അധിനിവേശം നടത്തി. ഇറാഖിനെതിരായ യു.എന്‍. പ്രമേയം – 678 പാസ്സാക്കപ്പെട്ടു. അതോടെ ഇറാഖിന്റെ അധിനിവേശത്തില്‍ നിന്നു കുവൈറ്റിനെ മോചിപ്പിക്കുന്നതിനുള്ള യുദ്ധമാരംഭിച്ചു. ഓപ്പറേഷന്‍ ഡെസര്‍ട്ട് സ്റ്റോം എന്നറിയപ്പെട്ട യുദ്ധം. മൂവായിരത്തോളം ഇറാഖി സൈനികര്‍ കുവൈറ്റില്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ ഇറാഖ് പരാജയപ്പെട്ടു. ഇറാഖിന്റെ പരാജയത്തോടെ തെക്കന്‍ ഇറാഖില്‍ ഷിയാക്കളുടെയും വടക്കന്‍ ഇറാഖില്‍ കുര്‍ദുകളുടെയും പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. പതിനായിരക്കണക്കിനാളുകള്‍ ഈ ആഭ്യന്തരയുദ്ധങ്ങളില്‍ കൊല്ലപ്പെടുകയും ഇരുപതു ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. ഇറാഖിനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ അന്താരാഷ്ട്ര സമൂഹം നടപ്പിലാക്കി. ഇവിടെ ഒരു കാര്യം നാം ഓര്‍ക്കണം. സാമ്പത്തിക ഉപരോധങ്ങള്‍ ഭരണാധികാരികളെയല്ല മറിച്ച് സാധാരണ ജനങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചത്.

2003-ല്‍ അമേരിക്കയും യു. കെ.യും കൂടി ഇറാഖില്‍ അധിനിവേശം നടത്തി. കുവൈറ്റില്‍ നിന്ന് ഇറാഖിനെ മോചിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെയാണു യുദ്ധം നടത്തിയതെങ്കില്‍ 2003-ലെ അമേരിക്കന്‍ നടപടിക്ക് ഐക്യരാഷ്ട്ര സഭയുടെ അനുമതി ഉണ്ടായിരുന്നില്ല. 2001 സെപ്തംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തിനു പ്രതികാരനടപടിയായിട്ടാണ് ഇറാഖിലെ അമേരിക്കന്‍ ആ ക്രമണത്തെ അവര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ട്രേഡ് സെന്ററിലെ ഭീകരാക്രമണം സൗദി അറേബ്യയില്‍ നിന്നുള്ള ഭീകരവാദികളാണ് വാസ്തവത്തില്‍ ആസൂത്രണം ചെയ്തതെന്നും ഇറാഖികളല്ലെന്നും നമുക്കറിയാം. 2003 മുതല്‍ 2011 വരെയുള്ള ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിന്റെ കാലത്താണ് അല്‍-ഖയിദ ഏറ്റവുമധികം വളര്‍ച്ച നേടിയതും.

ഇറാഖ് സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ ഒരു പരിപാടി ഉറില്‍ നടന്ന മതാന്തര സമ്മേളനമായിരുന്നു. ക്രൈസ്തവരുടെയും യഹൂദരുടെയും മുസ്ലീങ്ങളുടെയും ആദിമപിതാവായ അബ്രാഹമിന്റെ ജന്മനാടാണല്ലോ ഇറാഖിലെ ഉര്‍. മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ അവിടെ നടന്ന സമ്മേളനത്തില്‍ ക്രൈസ്തവരും ഷിയാമുസ്ലീങ്ങളും സുന്നിമുസ്ലീങ്ങളും യസീദികളും മാന്‍ഡിയാന്‍ സമൂഹവും പങ്കെടുത്തു.

2005 ല്‍ ഇറാഖില്‍ പുതിയ ഭരണഘടന നിലവില്‍ വന്നു. കുര്‍ദിഷ് മേഖലയ്ക്ക് സ്വയംഭരണാവകാശം നല്‍കി. നികുതി പിരിവ്, സ്‌കൂള്‍ നടത്തിപ്പ്, സ്വന്തം മേഖലയില്‍ നിന്നുള്ള പെട്രോളിയത്തിന്റെ കൈകാര്യം തുടങ്ങിവയ്‌ക്കെല്ലാം ഈ കുര്‍ദുകളുടെ ഭരണകൂടത്തിന് അധികാരമുണ്ട്.

2006-ല്‍ സദ്ദാം ഹുസൈനെ വധശിക്ഷയ്ക്കു വിധേയനാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ – ഐസിസ് – വളര്‍ച്ചയും ഇവിടെ സംഭവിച്ചുകൊണ്ടിരുന്നു. 2014-ല്‍ ഐസിസ് ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മോസുള്‍ പിടിച്ചെടുത്തു. ശക്തമായ ക്രൈസ്തവസാന്നിദ്ധ്യമുള്ള നഗരമായിരുന്നു മോസൂള്‍. മോസുള്‍ ആസ്ഥാനമായി കത്തോലിക്കാ അതിരൂപതയും നഗരത്തില്‍ വലിയ ക്രിസ്ത്യന്‍ കത്തീഡ്രലുകളും ഉണ്ടായിരുന്നു. യസീദി എന്ന ന്യൂനപക്ഷത്തെ കൂട്ടക്കൊലയ്ക്കു വിധേയരാക്കാന്‍ ഐസിസ് ശ്രമിച്ചു. യസീദികള്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലെന്നായിരുന്നു സുന്നി ഭീകരവാദികളുടെ നിലപാട്. ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും വിശുദ്ധഗ്രന്ഥങ്ങളുണ്ടല്ലോ. അതുപോലും ഇല്ല എന്ന കാരണത്താല്‍ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ നിലപാടാണ് യസീദി വംശത്തോടു ഭീകരവാദികള്‍ പുലര്‍ത്തിയത്. വൈകാതെ ഇറാഖിന്റെ നാല്‍പതു ശതമാനത്തോളം ഭാഗത്തിന്റെ നിയന്ത്രണം ഐസിസിന്റെ കൈകളിലായി. 2017-ലാണ് മോസുള്‍ ഐസിസില്‍ നിന്നു മോചിപ്പിക്കപ്പെടുന്നത്.

ഇറാഖിലെ ജനസംഖ്യ

ഏതാണ്ട് 4 കോടി ജനങ്ങളാണ് ഇറാഖിലുള്ളത്. ഇതില്‍ 1.5 കോടി ഷിയാ മുസ്ലീങ്ങളും 90 ലക്ഷം സുന്നി മുസ്ലീങ്ങളും 50 ലക്ഷം കുര്‍ദുകളും 30 ലക്ഷം തുര്‍ക്കി വംശജരും ആണ്. വംശീയപശ്ചാത്തലം നോക്കിയാല്‍ അറബ് വംശജരും കുര്‍ദ് വംശജരുമാണ് ഇറാഖിലെ സുന്നി, ഷിയാ മുസ്ലീങ്ങളിലുള്ളത്. അഞ്ചു ലക്ഷം യസീദികളും അഞ്ചു ലക്ഷം ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ക്രിസ്ത്യാനികളുടെ എണ്ണം ഏറ്റവുമൊടുവില്‍ 2.5 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 2003 നു മുമ്പ് 15 ലക്ഷം ക്രൈസ്തവര്‍ ഇറാഖിലുണ്ടായിരുന്നു എന്നോര്‍ക്കണം. അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് അത് എട്ടു ലക്ഷമായി കുറഞ്ഞു. ഐസിസ് ആക്രമണത്തോടെ പിന്നെയും കുറയുകയായിരുന്നു.

ക്രൈസ്തവരില്‍ 80 ശതമാനവും കല്‍ദായ ക്രൈസ്തവരാണ്. പൗരസ്ത്യ സുറിയാനിക്കാരായ ഈ വിഭാഗത്തില്‍ കത്തോലിക്കരും ഉണ്ട്. പാശ്ചാത്യ സുറിയാനിക്കാര്‍ എന്നു വിശേഷിപ്പിക്കാവുന്ന കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരുമായ ക്രൈസ്തവര്‍ 10 ശതമാനമുണ്ട്. അസ്സിറിയന്‍ സഭക്കാര്‍ 5 ശതമാനം വരും.

പേപ്പല്‍ സന്ദര്‍ശനം

മാര്‍ച്ച് 5 നു ഇറാഖിലെത്തിയ മാര്‍പാപ്പ ആദ്യം തന്നെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. ചാവേറാക്രമണത്തില്‍ 58 ക്രൈസ്തവര്‍ കൊല്ലപ്പെട്ട രക്ഷകമാതാവിന്റെ കത്തീഡ്രലില്‍ വച്ച് അദ്ദേഹം വൈദികരോടും സന്യസ്തരോടും സംസാരിച്ചു. മാര്‍ച്ച് 6-നു, മുസ്ലീം മതാചാര്യനായ ആയത്തുള്ള അല്‍ സിസ്താനിയുമായിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു പ്രധാനം. അന്നു തന്നെ ഉര്‍ ദേശം സന്ദര്‍ശിക്കുകയും ഒരു മതാന്തരസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. അതിനുശേഷം ബാഗ്ദാദില്‍ മടങ്ങിയെത്തി, കല്‍ദായ കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിച്ചു.

ഏഴിന്, കുര്‍ദുകളുടെ സ്വയംഭരണപ്രദേശത്തിന്റെ തലസ്ഥാനമായ എര്‍ബിലില്‍ എത്തുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇവിടത്തെ പ്രധാന നഗരമായ മോസുളില്‍, ഐസിസിന് ഇരകളായവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. കാറക്കോഷില്‍ ക്രൈസ്തവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും എര്‍ബിലില്‍ മടങ്ങിയെത്തി സ്റ്റേഡിയത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അവിടെ നിന്നു ബാഗ്ദാദിലേക്കു തിരിക്കുകയും പിറ്റേന്ന് റോമിലേയ്ക്കു മടങ്ങുകയും ചെയ്തു.

നിരന്തരമായ പ്രാര്‍ത്ഥനയില്‍ നിന്നു ലഭിക്കുന്ന പ്രത്യാശയേയും സ്വദൗത്യത്തോടുള്ള വിശ്വസ്തതയേയും കുറിച്ചാണ് വൈദികരുടെയും സന്യസ്തരുടെയും സമ്മേളനത്തില്‍ പാപ്പാ സംസാരിച്ചത്. വ്യത്യസ്ത നിറങ്ങളിലുള്ള നൂലുകള്‍ ചേര്‍ന്നു വര്‍ണമനോഹരമായ പരവതാനികളുണ്ടാകുന്നതുപോലെയാണ് വിവിധ ക്രൈസ്തവസഭകളെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സഭാസമൂഹങ്ങളും സ്ഥാപനങ്ങളും തമ്മില്‍ ബന്ധങ്ങളുടെ പാലങ്ങള്‍ നിര്‍മ്മിക്കുന്നത് സഭയുടെ ഭാഗത്തു നിന്നുള്ള പ്ര വാചകതുല്യമായ ഒരു നടപടിയായിരിക്കുമെന്നും ക്രൈസ്തവൈക്യത്തിനുവേണ്ടിയുള്ള ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയോടുള്ള ഫലദായകമായ ഒരു പ്രതികരണമായിരിക്കുമതെന്നും പാപ്പാ വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 58 ക്രൈസ്തവരെ അനുസ്മരിച്ച പാപ്പാ, യുദ്ധവും അക്രമവും വിദ്വേഷവും രക്തച്ചൊരിച്ചിലും മതപ്രബോധനങ്ങള്‍ക്കു തീര്‍ത്തും വിരുദ്ധമാണെന്നു പറഞ്ഞു. സ്വന്തം സമൂഹങ്ങളിലും ഇതര മതസമൂഹങ്ങളിലും സമാധാനത്തിന്റെ സ്രഷ്ടാക്കളാകാനും അനുരഞ്ജനത്തിന്റെ വിത്തുകള്‍ വിതയ്ക്കാനും സഹവര്‍ത്തിത്വത്തിലേയ്ക്കു നീങ്ങാനും അദ്ദേഹം ക്രൈസ്തവരെ ആഹ്വാനം ചെയ്തു.

വലിയ ദുരന്തങ്ങള്‍ക്കും ദാരിദ്ര്യത്തിനും നടുവിലെ ഇറാഖിലെ ക്രൈസ്തവജനത കുരിശിലെ വിസ്മയകരമായ ജ്ഞാനത്തെ പ്രഘോഷിച്ചുകൊണ്ടിരിക്കുകയാണെന്നു എര്‍ബിലിലെ സമാപനദിവ്യബലിയില്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ഇതിനു നന്ദി പറയാനും ഇറാഖി ജനതയ്ക്കിടയില്‍ ഒരു തീര്‍ത്ഥാടകനായി നില്‍ക്കാനുമാണ് താന്‍ ഇറാഖിലേയ്ക്കു വന്നതെന്നും സമാപനസന്ദേശത്തില്‍ മാര്‍പാപ്പ വെളിപ്പെടുത്തി.

അടുത്ത ദിവസം ഷിയാ മുസ്ലീങ്ങളുടെ പരമാചാര്യനായ ആയത്തുള്ള അല്‍ സിസ്താനിയുമായി നടത്തിയ കൂടിക്കാഴ്ച വലിയ വിജയമായിരുന്നു. ഇറാഖിലെ ക്രിസ്ത്യന്‍ പൗരന്മാര്‍ മറ്റെല്ലാ ഇറാഖികളെയും പോലെ ഇറാഖില്‍ സമാധാനത്തിലും സുരക്ഷയിലും ജീവിക്കണമെന്നും അവര്‍ക്ക് എല്ലാ ഭരണഘടനാവകാശങ്ങളും ഉണ്ടായിരിക്കണമെന്നും ഈ കൂടിക്കാഴ്ചയില്‍ അല്‍ സിസ്താനി പ്രസ്താവിച്ചു. ക്രിസ്ത്യന്‍ പൗരന്മാര്‍ എന്നാണു അദ്ദേഹം പറഞ്ഞത്. യസീദികളെയോ സോരാഷ്ട്രിയന്‍ മതവിശ്വാസികളെയോ മറ്റു ന്യൂനപക്ഷങ്ങളെയോ അദ്ദേഹം പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയില്ല. മാര്‍പാപ്പയുമായിട്ടായിരുന്നു കൂടിക്കാഴ്ച എന്നതുകൊണ്ടാകാമത്. എങ്കിലും അദ്ദേഹം പറഞ്ഞത് വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം, മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണിതും.

2019 ഫെബ്രുവരിയില്‍ അബുദാബിയില്‍ മാര്‍പാപ്പ ഗ്രാന്‍ഡ് ഇമാം അഹ്‌മെദ് അല്‍ തയിബുമായി കൂടിക്കാഴ്ച നടത്തുകയും മാനവസാഹോദര്യത്തെക്കുറിച്ചുള്ള ഒരു സംയുക്തരേഖ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 2017 ഏപ്രിലില്‍ ഈജിപ്ത് സന്ദര്‍ശിക്കുകയും അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ച് ഇമാമുമായി സംഭാഷണം നടത്തുകയും ചെയ്തിരുന്നതാണ്. 2018-ല്‍ റോമില്‍ വച്ചും പാപ്പായും ഇമാമും തമ്മില്‍ സംഭാഷണം നടന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയായിട്ടാണ് അബുദാബിയില്‍ വച്ച് സാഹോദര്യത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം പുറപ്പെടുവിക്കപ്പെട്ടത്. 2020-ല്‍ 'എല്ലാവരും സഹോദരങ്ങള്‍' എന്ന ചാക്രികലേഖനം പ്രസിദ്ധീകരിക്കപ്പെടുകയും 2021 ഫെബ്രുവരി 4-ന് ആദ്യത്തെ യുഎന്‍ മാനവസാഹോദര്യദിനാചരണം നടക്കുകയും ചെയ്തു.

ഇറാഖ് സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ ഒരു പരിപാടി ഉറില്‍ നടന്ന മതാന്തര സമ്മേളനമായിരുന്നു. ക്രൈസ്തവരുടെയും യഹൂദരുടെയും മുസ്ലീങ്ങളുടെയും ആദിമപിതാവായ അബ്രാഹമിന്റെ ജന്മനാടാണല്ലോ ഇറാഖിലെ ഉര്‍. മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ അവിടെ നടന്ന സമ്മേളനത്തില്‍ ക്രൈസ്തവരും ഷിയാ മുസ്ലീങ്ങളും സുന്നി മുസ്ലീങ്ങളും യസീദികളും മാന്‍ഡിയാന്‍ സമൂഹവും പങ്കെടുത്തു.

ഉര്‍ നഗരത്തിലേക്ക് എല്ലാ മതങ്ങളിലും പെട്ട തീര്‍ത്ഥാടകര്‍ വീണ്ടും വന്നു തുടങ്ങേണ്ടതിന്റെ ആവശ്യകത സമ്മേളനത്തില്‍ പ്രസംഗിച്ച പ്രൊഫ. അലി തജീല്‍ വിശദീകരിച്ചു. തുടര്‍ന്ന് സാധാരണക്കാരായ ഏതാനും പേര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിച്ച് അനേകര്‍ ആ നാടു വിട്ടു പോയതിനെ കുറിച്ചും എന്നാല്‍ എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായിട്ടും നാടു വിട്ടുപോകാന്‍ തയ്യാറാകത്തവരെ കുറിച്ചും പ്രസംഗകര്‍ പരാമര്‍ശിച്ചു.

വിശ്വാസത്തിന്റെ ജന്മഭൂമിയും ആദിപിതാവായ അബ്രാഹമിന്റെ നാടുമായ ഉറില്‍ നിന്നുകൊണ്ട് ദൈവം കാരുണ്യവാനാണെന്നു നാം ഉറപ്പിച്ചു പറയണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സഹോദരങ്ങളെ വെറുക്കുന്നതിലൂടെ ഏറ്റവും വലിയ ദൈവദൂഷണമാണു നടത്തുന്നത്. ഭൂതകാലത്തിന്റെ സംഘര്‍ഷങ്ങള്‍ യുവതലമുറയുടെ സ്വപ്നങ്ങള്‍ക്കു ഭംഗം വരുത്തരുത്. അവരെ സാഹോദര്യം പഠിപ്പിക്കുക, നക്ഷത്രങ്ങളെ നോക്കാന്‍ പഠിപ്പിക്കുക. സമാധാനപൂര്‍ണമായ ഭാവിക്കു വേണ്ടിയുള്ള ഏറ്റവും നല്ല വാക്‌സിനായിരിക്കുമത് – മാര്‍പാപ്പ വിശദീകരിച്ചു. ക്രൂരമായ കൊലപാതകങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയരായ യസീദി സമൂഹത്തോടു മാര്‍പാപ്പ പ്രത്യേകമായ വിധത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

മോസുളില്‍ ഇരകള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാസമ്മേളനത്തില്‍, പ്രദേശവാസികളായ വ്യക്തികള്‍ ആ ജനത അനുഭവിച്ച ദുരിതങ്ങള്‍ വിവരിച്ചു. നൂറു കണക്കിനു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഭവനരഹിതരായി മാറിയത് പരാമര്‍ശിക്കപ്പെട്ടു. അവിടത്തെ യേശുവിന്റെ അനുയായികള്‍ നേരിട്ട ദുരിതങ്ങള്‍ അവരെ മാത്രമല്ല ആ സമൂഹത്തിനെയാകെയാണു ബാധിച്ചതെന്നു വ്യക്തമാക്കപ്പെട്ടു. വ്യത്യസ്ത പശ്ചാത്തലങ്ങളിലും സംസ്‌കാരങ്ങളിലും നിന്നുള്ളയാളുകളുടെ സാഹോദര്യത്തോടെയുള്ള സഹവര്‍ത്തിത്ത്വമാണ് മോസുളിന്റെ യഥാര്‍ത്ഥ തനിമയെന്നും ക്രൈസ്തവസമൂഹം മോസുളിലേയ്ക്കു മടങ്ങുകയും അതിന്റെ നവീകരണ, സൗഖ്യവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്യണമെന്നും സമ്മേളനത്തിലെ പ്രസംഗകര്‍ ആവശ്യപ്പെട്ടു.

ഭ്രാതൃഹത്യയേക്കാള്‍ സാഹോദര്യമാണ് ഈടുറ്റതെന്ന നമ്മുടെ ബോദ്ധ്യമാണ് ഇവിടെ ഊട്ടിയുറപ്പിക്കപ്പെടുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. പ്രത്യാശയാണു വിദ്വേഷത്തേക്കാള്‍ ശക്തമായത്, സമാധാനമാണു യുദ്ധത്തേക്കാള്‍ ശക്തമായത്. ഈ ബോദ്ധ്യത്തെ നിശബ്ദമാക്കാന്‍ ദൈവനാമത്തെ വികലമാക്കുന്നവര്‍ ചൊരിയുന്ന രക്തത്തിനു സാധിക്കുകയില്ല-മാര്‍പാപ്പ പറഞ്ഞു.

ഭീകരവാദമോ മരണമോ അല്ല അവസാന വാക്കെന്നും അവസാന വാക്ക് എപ്പോഴും ദൈവത്തിന്റേതാണെന്നും കാറക്കോഷിലെ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. ജീവന്റെ സംസ്‌കാരത്തിലേയ്ക്കും അനുരഞ്ജനത്തിലേയ്ക്കും സാഹോദര്യത്തിലേയ്ക്കും ആളുകള്‍ കടന്നുവരാന്‍ നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. വലിയ ദുരന്തങ്ങള്‍ക്കും ദാരിദ്ര്യത്തിനും നടുവിലെ ഇറാഖിലെ ക്രൈസ്തവജനത കുരിശിലെ വിസ്മയകരമായ ജ്ഞാനത്തെ പ്രഘോഷിച്ചുകൊണ്ടിരിക്കുകയാണെന്നു എര്‍ബിലിലെ സമാപനദിവ്യബലിയില്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ഇതിനു നന്ദി പറയാനും ഇറാഖി ജനതയ്ക്കിടയില്‍ ഒരു തീര്‍ത്ഥാടകനായി നില്‍ക്കാനുമാണ് താന്‍ ഇറാഖിലേയ്ക്കു വന്നതെന്നും സമാപനസന്ദേശത്തില്‍ മാര്‍പാപ്പ വെളിപ്പെടുത്തി.

(ഈശോസഭാ കേരള പ്രൊവിന്‍സിന്റെ മതാന്തര കമ്മീഷന്‍ കാലടി സമീക്ഷയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന് തയ്യാറാക്കിയ ലേഖനം. ഈജിപ്ത്, സിറിയ, ലെബനോന്‍, വിശുദ്ധനാട്, ജോര്‍ദാന്‍, ഇറാഖ്, അള്‍ജീരിയ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈശോസഭയുടെ നിയര്‍ ഈസ്റ്റ് പ്രൊവിന്‍സിന്റെ സുപ്പീരിയറായ ഫാ. സാമിറ്റ് മാള്‍ട്ട സ്വദേശിയാണ്. 1987 മുതല്‍ ലെബനോനില്‍ താമസിക്കുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org