അമേരിക്കന്‍ ആത്മീയതയുടെ സാംസ്‌കാരിക മുഖം!

അമേരിക്കന്‍ ആത്മീയതയുടെ സാംസ്‌കാരിക മുഖം!

മറ്റൊരു തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ അമേരിക്കയുടെ മത, സാംസ്‌കാരിക രാഷ്ട്രീയ നിലപാടുകളുടെ വിശകലനം

ജോര്‍ജ് വലിയപാടത്ത് കപ്പൂച്ചിന്‍

അമേരിക്ക എന്നു കേള്‍ക്കുമ്പോള്‍ ഒരൊറ്റ സാംസ്‌കാരിക സ്വരൂപത്തിലുള്ള ഒരു രാജ്യം ആണതെന്നാണ് പൊതുവേ നമ്മുടെ നാട്ടിലെ ആളുകളുടെ വിചാരം. എന്നാല്‍, യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് 1600-കളില്‍ കുടിയേറിയ വിവിധ സാം സ്‌കാരിക സ്വത്വങ്ങളുടെയും അവര്‍ അക്കാലത്ത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്ന് അടിമവേലക്കായി കൊണ്ടുവന്ന കറുത്ത വംശജരുടെയും, പിന്നീട് കാലാകാലങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സംഭവിച്ച കുടിയേറ്റങ്ങളുടെയും ആകത്തുകയാണ് ഇന്നു നാം കാണുന്ന വംശീയ-സാംസ്‌കാരിക-മത ബഹുത്വങ്ങളുടെ അമേരിക്ക. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്നുള്ളവര്‍ ഇവിടെയുണ്ട്. അതിനാല്‍ത്തന്നെ ഓരോ വിഭാഗത്തിനും മേല്‍ക്കൈയുള്ള ടൗണുകളിലും ഗ്രാമങ്ങളിലും നഗരമേഖലകളിലും അതതു സാംസ്‌കാരികത്തനിമകള്‍ കാണുന്നതിന് ബുദ്ധിമുട്ടില്ല.
യൂറോപ്പില്‍ വറുതിയോ ക്ഷാമമോ പട്ടിണിയോ ഒക്കെ ഉണ്ടായ കാലത്താണ് പുതിയ ലോകം തേടിയുള്ള പലായനങ്ങളും ദേശാടനങ്ങളും കൂടുതലും നടന്നത്. ബ്രിട്ടനില്‍നിന്നും ജര്‍മ്മനിയില്‍ നിന്നും ഒക്കെ കുടിയേറിയവര്‍ ഫലപുഷ്ടിയുള്ള വിസ്തൃതമായ ഭൂപ്രദേശങ്ങളില്‍ കൃഷിയിറക്കി, അവരവരുടെ ഗ്രാമങ്ങള്‍ സ്ഥാപിച്ച് സാമാന്യം വേഗത്തില്‍ അഭിവൃദ്ധിപ്പെട്ടു. ക്ഷാമവും ദാരിദ്ര്യവും മാത്രമായിരുന്നില്ല പുതിയ ലോകം തേടിയുള്ള അവരുടെ പലായനങ്ങള്‍ക്ക് നിമിത്തമായത്. യൂറോപ്പില്‍ കത്തോലിക്കാ സഭയില്‍നിന്ന് വിഘടിച്ച് പ്രൊട്ടസ്റ്റന്റ് മുന്നേറ്റം ഉണ്ടായ കാലമായിരുന്നു അത്. തങ്ങളുടെ ബോധ്യങ്ങള്‍ക്കനുസരിച്ച് വിശ്വാസം ജീവിക്കുന്നതിന് കത്തോലിക്കാ ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്ന് പ്രൊട്ടസ്റ്റന്റുകളും പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് കത്തോലിക്കരും അമേരിക്കയെന്ന പുതിയ ലോകത്തേക്ക് കുടിയേറുക കൂടിയായിരുന്നു. ഒരുപക്ഷേ, അമേരിക്കയിലെ ആദ്യ യൂണിവേഴ്സിറ്റികള്‍ പോലും തങ്ങളുടെ ദൈവശുശ്രൂഷകരായ ഇടയന്മാര്‍ക്ക് വേണ്ട വിദ്യാഭ്യാസം നല്കുന്നതിനായി സ്ഥാപിക്കപ്പെട്ടവയായിരുന്നു. ചുരുക്കത്തില്‍, അമേരിക്കയെന്ന രാജ്യത്തിന്റെ പിറവി തന്നെ സാമ്പത്തികവും മതപരവുമായ കാരണങ്ങളാല്‍ സംഭവിച്ചതായിരുന്നു. അതേ പോലെതന്നെ, യൂറോപ്പിന്റെ സാമൂഹിക സങ്കുചിതത്വങ്ങളില്‍ ശ്വാസംമുട്ടിയവരുടെ രക്ഷാമാര്‍ഗ്ഗം കൂടിയായിരുന്നു അമേരിക്കയെന്ന സ്വപ്നം.
മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ മതവും ആത്മീയതയും അമേരിക്കയുടെ മുഖ്യതാല്പര്യങ്ങളാണ് എന്നു പറയുന്നതില്‍ തെറ്റുണ്ടാവില്ല. മിക്കവരുടെയും വേരുകള്‍ യൂറോപ്പിലാണ് ആഴ്ന്നു കിടക്കുന്നത് എന്നിരിക്കിലും യൂറോപ്പിനോട് അമേരിക്ക സാംസ്‌കാരിക മായി എന്നും ഏറെ അകലം പാലിച്ചു. പുറമേക്ക് ഇംഗ്ലീഷ് സംസാരിക്കുമ്പോഴും, മക്കള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കുമ്പോഴും, ജര്‍മ്മനും ഡച്ചും ബല്‍ജിയനും ഫ്രഞ്ചും പോളിഷും സ്‌കോട്ടും ഐറിഷും ഇറ്റാലിയനും ആസ്ട്രിയനും സ്വിസും ഹംഗേറിയനും മറ്റും മറ്റും ഭാഷകള്‍ സംസാരിക്കുന്നവര്‍ അവരവരുടെ പള്ളികള്‍ പണിത്, പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ പണിത്, അവരവരുടെ സാംസ്‌കാരിക സ്വത്വങ്ങള്‍ കാത്തുസൂക്ഷിച്ചു പോന്നു – ഇരുപതാം നൂറ്റാണ്ടുവരെ. പയ്യെപ്പയ്യെ, അന്തര്‍വംശ വിവാഹങ്ങളിലൂടെയും ഇതര ചാര്‍ച്ചകളിലൂടെയും സാംസ്‌കാരിക സ്വത്വങ്ങളൊക്കെയും അലിഞ്ഞില്ലാതെ പോയി. കത്തോലിക്കാ സഭയിലെ എല്ലാ വിഭാഗം റീത്തുകള്‍ക്കും ലോകത്തിലെ വിവിധ ഓര്‍ത്തഡോക്‌സ് സഭകള്‍ക്കും അമേരിക്കയില്‍ സാന്നിധ്യമുണ്ട്. ഇന്നിപ്പോള്‍ ലത്തീനിതരമായ ഈ റീത്തുകളും സഭകളും പിന്നെ, ഇതര മതവിഭാഗങ്ങളും മാത്രമാണ് തനതുസ്വത്വം കാത്തു സൂക്ഷിക്കാന്‍ പാടുപെടുന്നത് എന്നു പറയാം.
ഭാഷാപരവും പാരമ്പര്യ സംബന്ധിയുമായ ഘടകങ്ങളൊക്കെയും തന്നെ തങ്ങള്‍ക്ക് കൈവിട്ടുപോയെങ്കിലും, ഏതാണ്ട് പൂര്‍ണ്ണമായും 'സെക്കുലറാ'യിപ്പോയി എന്ന് ശരാശരി അമേരിക്കക്കാരനോ-കാരിയോ വിശ്വസിക്കുന്ന യൂറോപ്പിനോട് സാംസ്‌കാരിക ചാര്‍ച്ച അവരാരും ഇഷ്ടപ്പെടുന്നില്ല. മതവും ദൈവവും പോലെ തന്നെയാണ് അമേരിക്കക്കാരുടെ സ്വാതന്ത്ര്യവാഞ്ഛയും. സമ്പത്തിലല്ല, ദൈവത്തിലാണ് തങ്ങളുടെ ആശ്രയം എന്നു സൂചിപ്പിക്കാന്‍ അമേരിക്ക തങ്ങളുടെ കറന്‍സിയായ ഡോളര്‍ നോട്ടിന്മേല്‍ "In God we trust" എന്നെഴുതിവച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലാത്തവര്‍ കാണില്ല.
മതപരമായി അമേരിക്ക ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് ആണെന്നു പറയാം. ഇവാന്‍ഞ്ചലിക്കല്‍ ക്രിസ്റ്റ്യന്‍സാണ് തൊട്ടുപിന്നില്‍. ഈ രണ്ടു പ്രമുഖവിഭാഗങ്ങളും ചേര്‍ന്നാല്‍ അമേരിക്കന്‍ ക്രൈസ്തവരുടെ ആപേക്ഷിക ഭൂരിപക്ഷം ആയി. ഏറ്റവും യാഥാസ്ഥിതിക വിഭാഗങ്ങള്‍ മുതല്‍ ഏറ്റവും ഉദാര വിഭാഗങ്ങളും ഏറ്റവും പുരോഗമന വിഭാഗങ്ങളും വരെയുള്ള പെന്തക്കോസ്തു സഭകളും യഹോവാ സാക്ഷികളും ഇവാഞ്ചലിസ്റ്റും മെത്തഡിസ്റ്റും ബാപ്റ്റിസ്റ്റും പ്രസ്ബിറ്റേറിയനും ലൂഥറനും ഒക്കെ ചേര്‍ന്നുള്ള പ്രൊട്ടസ്റ്റന്റുകളെ ഒരുമിച്ചു ചേര്‍ത്ത് എണ്ണം പറഞ്ഞാല്‍ ജനസംഖ്യയുടെ പകുതിയോളം വരും അവര്‍. പക്ഷേ, ജനസംഖ്യാ കണക്ക് പ്രകാരം അങ്ങനെ സംഘാതമായി വര്‍ഗ്ഗീകരിക്കാമെന്നിരിക്കിലും നൂറുകണക്കിന് ചെറുവിഭാഗങ്ങള്‍ ചേര്‍ന്നാണ് ഈ സംഖ്യ ഉണ്ടാകുന്നത് എന്നത് ശ്രദ്ധിക്കണം. ഇരുപത്തിമൂന്ന് റീത്തുകള്‍ ചേര്‍ന്ന കത്തോലിക്കാ സഭയാകട്ടെ, ജനസംഖ്യയുടെ ഇരുപത്തി മൂന്ന് ശതമാനമേ വരൂ. എന്നിരിക്കിലും ഒരൊറ്റ മാര്‍പ്പാപ്പയ്ക്ക് കീഴില്‍ വരുന്നവര്‍ എന്ന നിലയില്‍ ഏറ്റവും വലിയ ഒരൊറ്റ ഗണമാണ് അവര്‍ എന്നറി യണം. എന്നിരിക്കിലും രാഷ്ട്രീയ മായും സാമ്പത്തികമായും കത്തോലിക്കര്‍ ഒരു വലിയ സ്വാധീന ശക്തിയൊന്നുമല്ല. അപ്രകാരം നോക്കിയാല്‍ അമേരിക്ക പ്രൊട്ട സ്റ്റന്റ് തന്നെയാണ്.
അമേരിക്കക്കാര്‍ യൂറോപ്പിലേക്ക് ടൂര്‍ പോകുകയും, ട്രാന്‍സ് നാഷ്ണല്‍ കമ്പനികളുടെ ഭാഗമായി യൂറോപ്പില്‍ എവിടെയെങ്കിലും താത്ക്കാലികമായി ജോലി ചെയ്യുകയും ചെയ്യുമെന്നിരിക്കിലും യൂറോപ്പില്‍ ജീവിക്കാന്‍ അവരാരും ആഗ്രഹിക്കുന്നേയില്ല. നിലപാട് പരമായി നോക്കിയാല്‍, പ്രൊട്ടസ്റ്റന്റ് – കത്തോലിക്കാ വ്യത്യാസമെന്യേ അമേരിക്കക്കാര്‍ പൊതുവേ യാഥാസ്ഥിതികരാണ് എന്നു നിരീക്ഷിക്കണം. വ്യക്തി സ്വാതന്ത്ര്യത്തിന് ഒത്തിരി പ്രാധാന്യം നല്കുമ്പോഴും യൂറോപ്പിലെ പോലെ പൊതുസ്ഥലങ്ങളിലുള്ള ചൊടി കോര്‍ത്ത ചുംബനങ്ങള്‍, ഇതര ലൈംഗികാവിഷ്‌ക്കാരങ്ങള്‍ എന്നിവയൊന്നും അമേരിക്കയില്‍ പതിവുകാഴ്ചകളല്ല. യൂറോപ്പ് പൊതുസ്ഥലത്തുനിന്നും സാമൂഹിക വ്യവഹാരങ്ങളില്‍ നിന്നും ദൈവത്തെ അകറ്റിനിര്‍ത്താന്‍ തത്രപ്പാടു കാട്ടുമ്പോള്‍, അമേരിക്കയില്‍ ഒട്ടെല്ലാ സാമൂഹിക വ്യവഹാരങ്ങളിലും വ്യംഗ്യമായിട്ടെങ്കിലും ദൈവഭാഷണം കടന്നുവരും.
അമേരിക്കയില്‍ ഭൂരിഭാഗവും വെള്ളക്കാരാണ് (73%) എന്നു പറയുമ്പോള്‍ പോലും അതില്‍ 13% ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹിസ്പാനിക്‌സ് (സ്പാനിഷ് ഭാഷ സംസാരിക്കുന്നവര്‍) ആണ് എന്നത് തിരിച്ചറിയണം (അമേരിക്കയുടെ രണ്ടാം ഭാഷ സ്പാനിഷ് ആണ്). അതില്‍ത്തന്നെ സിംഹഭാഗവും തൊട്ടടുത്ത അയല്‍രാജ്യമായ മെക്‌സിക്കോയില്‍ നിന്നുള്ളവരാണ്. മെക്‌സിക്കോ അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മിക്കവരും ഭക്താഭ്യാസ നിബദ്ധമായ കത്തോലിക്കാ വിശ്വാസം ഉള്ളവരായിരിക്കും. എന്നിരിക്കിലും അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളുമുണ്ട്.
ലീബര്‍ട്ടേറിയന്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നിവ പോലെയുള്ള ചെറുപാര്‍ട്ടികള്‍ ഉണ്ടെന്നിരിക്കിലും അമേരിക്കയില്‍ മുഖ്യമായും രണ്ട് പാര്‍ട്ടികളേയുള്ളൂ. യാഥാസ്ഥിതികരുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പുരോഗമനക്കാരുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയും. നമ്മുടെ നാട്ടില്‍ മോദിയുടെ ബി.ജെ.പി. വാജ്‌പേയിയുടെയും അദ്വാനിയുടെയും ബി.ജെ.പിയില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നതു പോലെ, അബ്രഹാം ലിങ്കണും നിക്‌സനും റീഗനും രണ്ട് ബുഷ്മാരും അംഗങ്ങളായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൂടുതല്‍ വംശീയവല്ക്കരിക്കപ്പെട്ട രൂപമാണ് ഇന്നത്തെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി.
ജെഫേഴ്‌സണും റൂസ്‌വെല്‍റ്റും കെന്നഡിയും കാര്‍ട്ടറും ക്ലിന്റണും ഒബാമയും വന്ന പാര്‍ട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി.
രണ്ടു പാര്‍ട്ടിക്കാരും ബദ്ധ വൈരികളാണ്. പരസ്പരം ഭയങ്കരമായ അസഹിഷ്ണുത രണ്ടു കൂട്ടരും പരസ്പരം വച്ചുപുലര്‍ത്തുന്നുണ്ട്. ട്രംപിന്റെ അപ്പന്‍ ലൂഥറനും അമ്മ പ്രസ്ബിറ്റേറിയനും ആയിരുന്നു. പക്ഷേ, ട്രംപ് പള്ളിയില്‍ പോയതായി അറിവില്ല – രാഷ്ട്രീയത്തില്‍ വന്നതിനു ശേഷമുള്ള പൊറാട്ട് നാടകങ്ങളേയുള്ളൂ! കത്തോലിക്കാ സഭയിലെ അറുപതു ശതമാനവും ഇവാന്‍ഞ്ചെലിക്കല്‍ ക്രൈസ്തവ സമൂഹങ്ങളിലെ മുക്കാല്‍ പങ്കും വലതുപക്ഷ – റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് അനുഭാവമുള്ളവരാണ് എന്നു പറയാം.
മനസ്സിലാക്കാന്‍ സാധിച്ചിടത്തോളം, ക്രൈസ്തവ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍, ഈ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇനി പറയുന്നവയാണ്:
1. പൊതുവേ വെള്ളക്കാരുടെ മേധാവിത്വത്തില്‍ (white-supremacy) വിശ്വസിക്കുന്നവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍. അവര്‍ മുതലാളിത്ത താല്പര്യത്തോടെ വെള്ളക്കാരുടെ മേധാവിത്വ സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്നു.
മറിച്ച്, ഡെമോക്രാറ്റിക് പാര്‍ട്ടി നാനാത്വത്തെ പിന്താങ്ങുന്നു. കറുത്തവര്‍ക്കും ഹിസ്പാനിക്കുകള്‍ക്കും മറ്റ് വംശീയ ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിലപാടെടുക്കുന്നു.
2. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നു എന്നു പറയുന്നു. (എല്ലാ സംസ്ഥാനത്തും ഗര്‍ഭഛിദ്രം അനുവദിച്ചിട്ടുണ്ട് – പക്ഷേ അനുവദനീയമായ ദിവസക്കണക്ക്, സംസ്ഥാനം നല്കുന്ന സാമ്പത്തിക വിഹിതം, നിരുപാധികമോ-സോപാധിക മോ എന്നീ കാര്യങ്ങളിലേ വ്യത്യാസമുള്ളൂ). എന്നിരിക്കിലും അവയെല്ലാം തീര്‍ച്ചയായും വ്യ ത്യാസങ്ങള്‍ തന്നെയാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടിയാകട്ടെ, ഗര്‍ഭഛിദ്രത്തെ ഓരോ സ്ത്രീയുടെയും സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് കാണുന്നത്. (അമേരിക്കയിലെ ഗര്‍ഭഛിദ്രങ്ങളുടെ കാര്യം പറഞ്ഞാല്‍, ഗട്ട്മാച്ചര്‍, സി.ഡി.സി എന്നിവയുടെ കണക്കുകള്‍ പ്രകാരം 1980 വര്‍ഷത്തിലാണ് അമേരിക്കയില്‍ ഏറ്റവും അധികം ഗര്‍ഭഛിദ്രങ്ങള്‍ നടന്നിട്ടുള്ളത്. 1000 ഗര്‍ഭധാരണങ്ങളില്‍ 349 ഉം ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിക്കപ്പെട്ട കിരാതവര്‍ഷമായിരുന്നു അത്. അതിനു മുമ്പോ പിമ്പോ അത്രയും ഗര്‍ഭഛിദ്രങ്ങള്‍ നടന്നിട്ടില്ല. പിറ്റേ വര്‍ഷം മുതല്‍ എണ്ണം ക്രമത്തില്‍ താഴോട്ടാണ്. 1981 ല്‍ 358; 1991 ല്‍ 339; 2001 ല്‍ 246; 2011 ല്‍ 219 എന്നിങ്ങനെ ക്ര മേണ 2016 ല്‍ 186 എന്നാണ് കണ ക്കുകള്‍ പറയുന്നത്. 2016 ല്‍ ട്രംപ് അധികാരത്തില്‍ കയറിയതിനു ശേഷമുള്ള കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല. അഞ്ചു വര്‍ഷത്തില്‍ ആയിരത്തിന് 33 എന്ന നിലയില്‍ കുറഞ്ഞുവെങ്കില്‍ തീര്‍ച്ചയായും അത് അതേ നിരക്കിലെങ്കിലും കുറഞ്ഞിട്ടുണ്ട് എന്ന് അനുമാനിക്കണം. കഴിഞ്ഞവര്‍ഷം (2019) അമേരിക്കയിലെ പ്രജനന പ്രായത്തിലുള്ള സ്ത്രീകള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍, പ്രജനന അവകാശത്തിന്റെ ഭാഗമായി സ്ത്രീക്ക് തീരുമാനിക്കാവുന്ന കാര്യമല്ല ഗര്‍ഭഛിദ്രം എന്നാണ് 58% സ്ത്രീകളും പറഞ്ഞത് എന്നത് ഏറെ ശുഭോദര്‍ക്കമാണ്. 35% സ്ത്രീകള്‍ മാത്രമേ അതിനെ അങ്ങനെ പരിഗണിക്കുന്നു പോലുമുള്ളൂ. ഒരു കാലത്ത് വാഷിങ്ടണിലും മറ്റും ഒറ്റപ്പെട്ട പ്രോ-ലൈഫ് ആക്റ്റിവിസ്റ്റുകള്‍ ഗര്‍ഭഛിദ്രത്തിനെതിരേ പ്ലക്കാര്‍ ഡുകളും പിടിച്ച് നടത്തിയ ബോ ധവല്ക്കരണ – പ്രതിഷേധങ്ങള്‍ ഇന്നിപ്പോള്‍ പതിനായിരങ്ങളും ലക്ഷങ്ങളും പങ്കെടുക്കുന്ന പ്രോ- ലൈഫ് മാര്‍ച്ചിലേക്ക് വളര്‍ന്നിരി ക്കുന്നു. കത്തോലിക്കാ സഭ എ ക്കാലത്തും ഗര്‍ഭഛിദ്രത്തെ കടുത്ത പാപമായി കണ്ടിരുന്നു. പോള്‍ VI മാര്‍പാപ്പാ 1968-ല്‍ എഴുതിയ ഹുമാനേ വീത്തേ എന്ന ചാക്രിക ലേഖനം മുതല്‍ ലോകമെമ്പാടും പ്രത്യേകിച്ച് അമേരിക്കയിലും കത്തോലിക്കാ വിശ്വാസികളും മറ്റുള്ളവരും എത്രകണ്ട് ബോധവല്ക്കരണ ശ്രമങ്ങള്‍ നടത്തിയെന്നും പൊതുസമൂഹത്തിന്റെ മനഃസാക്ഷിയെ എത്രകണ്ട് സ്വാധീനിച്ചു എന്നുമാണ് അതില്‍ നിന്നൊക്കെ നാം മനസ്സി ലാക്കേണ്ടത്. ഏതെങ്കിലുമൊരു ഭരണാധികാരിയോ, ഡോണാള്‍ഡ് ട്രംപ് തന്നെയോ നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് തീറെഴുതി കൊടുക്കാനുള്ളതല്ല അതന്റെ ക്രെഡിറ്റത്രയും.)
3. റിപ്പബ്ലിക്കന്‍ പാര്‍ട്ടി, LGBTQIA (Lesbian/Gay/Bisexual/Transgender/Queer/Intersexual/Asexual) സ്വവര്‍ഗ്ഗത്തോട് മാത്രം ആകൃഷ്ടരാകുന്നവര്‍, ഇരുലിംഗത്തോടും ആകൃഷ്ടരാകുന്നവര്‍, ദ്വിലിംഗര്‍ എന്നിങ്ങനെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളോട് നിഷേധാത്മ ക നിലപാട് സ്വീകരിക്കുന്നു. ഡെമൊക്രാറ്റിക് പാര്‍ട്ടിയാകട്ടെ മറി ച്ചും.
4. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അമേരിക്കയിലേക്കുള്ള കുടിയേറ്റം നിര്‍ത്തലാക്കാനോ ഏറ്റവും ചുരുക്കാനോ നോക്കുന്നു. അയല്‍രാജ്യമായ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നെടുനീളെ മതിലുകെട്ടി പടിയടക്കാന്‍ നോക്കുന്നു ട്രംപ്. ദാരിദ്ര്യവും പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളും മൂലമാണ് ജനം അഭയാര്‍ത്ഥികളായി മാറുന്നതെന്നും, അതിനെതിരേ മതിലുകെട്ടി ഒരു അടഞ്ഞ ജനതയായി അമേരിക്ക മാറിക്കൂടെന്നും ട്രംപിനോട് ഡെമോക്രാറ്റുകള്‍ വാദിക്കുന്നു. ഇപ്പോള്‍ പോലും ജോലിക്ക് വേണ്ടത്ര ആളെ കിട്ടാനില്ലാത്ത അവസ്ഥയാണ് ഉള്ളത് എന്നവര്‍ പറയുന്നു.
5. റിപ്പബ്ലിക്കന്‍സ് കുത്തക മുതലാളിത്തത്തെ അനുകൂലിക്കുകയും, സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണം എന്ന് കരുതുകയും ചെയ്യുന്നു. ഡെമോക്രാറ്റുകളാകട്ടെ, പാവങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ചികിത്സാ മേഖലകളിലടക്കം ക്ഷേമപദ്ധതികള്‍ ആവശ്യമാണ് എന്ന് വാദിക്കുകയും തങ്ങള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
6. തന്റെ ഭരണത്തിന്റെ തുടക്കത്തിലേതന്നെ ഏഴ് മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളില്‍നിന്ന് കുടിയേറ്റം പൂര്‍ണ്ണമായും തടഞ്ഞ ട്രംപിന്റെ നിലപാട് മുസ്ലിം-വിരുദ്ധതയാണ് എന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. മുസ്ലിം വിരുദ്ധതയല്ല, അവിടങ്ങളില്‍ തീവ്രവാദം ഉള്ളതിനാലാണ് അപ്രകാരം ഒരു തീരുമാനം എന്ന് ട്രംപ് മറുവാദം പറയുന്നു. കോടതി അതിനെ ചോദ്യം ചെയ്യുന്നു.
7. ട്രംപിന്റെ രീതികള്‍ ഫാസിസ്റ്റ്-ഇംപീരിയലിസ്റ്റ് ആണെന്നും, ജനാധിപത്യ വിരുദ്ധമാണെന്നും ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. താനാണ് അമേരിക്ക കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയും ഏറ്റവും മികച്ച ഭരണാധികാരിയും എന്ന് ട്രംപ് അവകാശവാദം ഉന്നയിക്കുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൂടുതല്‍ വലത്തേക്ക് നീങ്ങിയപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കൂടുതല്‍ ഇടത്തേക്ക് നീങ്ങി എന്നതാണ് യഥാര്‍ത്ഥ്യം. സത്യത്തില്‍ അമേരിക്കന്‍ നിലവാരമനുസരിച്ച് ഒത്തിരി ഇടത്തോട്ട് നീങ്ങിയ ഡെമോക്രാറ്റിക് പാര്‍ട്ടിയോടോ ഒത്തിരി വലത്തേക്ക് നീങ്ങിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടോ കൂറുപുലര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് ഒരു യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസിയുടെ വലിയ ആത്മീയ പ്രതിസന്ധി. എന്നിരുന്നാലും ഗ്രാമ പ്രദേശങ്ങളില്‍ പൊതുവേ ജനം കൂടുതല്‍ യാഥാസ്ഥിതികരും കടുത്ത റിപ്പബ്ലിക്കന്‍സുമാണ്.
ഉത്തരാധുനികതയുടെയും ഉത്തര കൊളോണിയലിസത്തിന്റെയും ഉത്തരാഗോളീകരണത്തിന്റെയും ഈ ഘട്ടത്തില്‍ ലോകമെമ്പാടും വലതുപക്ഷ ജനകീയത (Right-wing populism) ആണ് നാം കണ്ടുകൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമായ ഒരു നിരീക്ഷണമാണ്. വ്യവസ്ഥാപിത ഘടനകളോടുള്ള കലഹവും സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക-മതാത്മക യാഥാസ്ഥിതികത്വങ്ങളുമാണ് അതിന്റെ മുഖമുദ്ര. കൈയ്യൂക്ക് കാട്ടലും പിന്‍നടത്തവും സംസ്‌കാരിക-മത-ഭാഷാ- ലിംഗ ന്യൂനപക്ഷങ്ങളോടുള്ള ചിറ്റമ്മനയവും കുടിയേറ്റങ്ങളോടുള്ള അസഹിഷ്ണുതയും മുസ്ലിം/കത്തോലിക്കാ വിരുദ്ധതയും അതിന്റെ ചേരുവകളാണ്. ദേശീയതാവാദവും ഫാസിസവും അതിന്റെ ഭാവങ്ങള്‍തന്നെ. ഇത് അമേരിക്കയിലോ ഇന്‍ഡ്യയിലോ മാത്രം കാണുന്ന ഒന്നല്ല എന്നാണ് ചുറ്റുപാടും കണ്ണോടിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക. എല്ലാ ഭൂഖണ്ഡങ്ങളിലും ഒരേ പോലെയാണ് ഈ തരംഗം സം ഭവിക്കുന്നത്. ഹംഗറിയും ബ്രിട്ടനും ടര്‍ക്കിയും ഇറ്റലിയും ജര്‍മ്മനിയും ഫ്രാന്‍സും വലതുപക്ഷ ജനകീയതയുടെ പിടിയിലാണ്. ആസ്‌ട്രേലിയയും ജപ്പാനും ദക്ഷിണ കൊറിയയും ഫിലിപ്പീന്‍സും അതേ വഴിയിലാണ്. ശ്രീല ങ്കയും പാക്കിസ്ഥാനും ബ്രസീ ലും കോസ്റ്ററിക്കയും വലതുപക്ഷ തരംഗത്തില്‍ത്തന്നെ. യൂറോ പ്പ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിലും നാം അതു കണ്ടുകഴിഞ്ഞു. ആസ്‌ട്രേലിയയില്‍ രണ്ടാം തവണയും ഇതേ വലതുപക്ഷ പോപ്പുലിസം പിടിമുറുക്കുന്നത് നാം കണ്ടതാണ്. അമേരിക്കയില്‍ ട്രംപ് – പെന്‍സ് സഖ്യം രണ്ടാം അങ്കത്തിന് കച്ച മുറുക്കുകയാണ്.
കത്തോലിക്കാ സഭാംഗമായ ഒരേ ഒരാള്‍ മാത്രമേ ഇന്നോളം അമേരിക്കന്‍ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയില്‍ എത്തിയിട്ടുള്ളൂ. അതാകട്ടെ, ഇതിഹാസ തുല്യനായ ജോണ്‍ എഫ്. കെന്നഡി ആയിരുന്നുതാനും. രണ്ടു വര്‍ഷം ഭരണത്തിലിരിക്കുമ്പോഴേക്കും അദ്ദേഹം കൊല്ലപ്പെടുകയും ചെ യ്തു. അതിനു ശേഷം ആദ്യമായാണ് കത്തോലിക്കാ വിശ്വാസിയും അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കുന്നയാളും പ്രസിഡന്റ് ഒബാമയുടെ വൈസ് പ്രസിഡന്റു മായിരുന്ന ജോ ബൈഡന്‍ വിജയ സാധ്യതയോടെ മുന്നിലെത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ മുന്‍കാലങ്ങളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു കറുത്ത വംശജയെ (പാതി ഇന്‍ഡ്യന്‍ പാരമ്പര്യം) തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജോ ബൈഡന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതോടെ ഒരു വനിതയ്ക്ക് വിജയസാധ്യത തെളിയുന്നതും ഇതാദ്യമാണ്. അവര്‍ രണ്ടു പേരും പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി കൂടുതല്‍ ഇടതുപക്ഷ ചായ(യ്)വുള്ളതാണെങ്കിലും, ബൈഡനാവട്ടെ ഹാരിസാകട്ടെ, രണ്ടു പേരും സാമാന്യം മിതവാദികളാണ് എന്നതാണ് അവര്‍ക്ക് ജയ സാധ്യതയുണ്ട് എന്ന നിഗമനത്തിലേക്ക് മിക്കവരെയും എത്തിക്കുന്നത്. എന്തുതന്നെ സംഭവിച്ചാലും അടിയുറച്ച പാര്‍ട്ടി വിശ്വാസികള്‍ക്ക് കുലുക്കം സംഭവിക്കുന്നില്ല എന്ന് നമുക്കറിയാം. രാജ്യത്ത് കോവിഡ്-19 പടരുന്നതിനു മുമ്പ് ട്രംപിനു തന്നെയായിരുന്നു ജയസാധ്യത എന്ന് മിക്കവരും കരുതിയിരുന്നു. 'അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കുക' എന്ന ട്രംപിന്റെ മുദ്രാവാക്യം സവര്‍ണ്ണമേധാവിത്വക്കാരെ തെല്ലൊന്നുമല്ല ത്രസിപ്പിച്ചിരുന്നത്. ചൈനയും പലസ്തീനുമടക്കമുള്ള പല രാജ്യങ്ങളോടും ട്രംപ് സ്വീകരിച്ച കടുത്ത നിലപാടുകള്‍ അത്തരക്കാര്‍ക്ക് ഉന്മാദം നല്കാന്‍ പോന്നതായിരുന്നു. ഓബാമ ഭരണം മുതല്‍ സംഭവിച്ചു വന്ന സാമ്പത്തിക വളര്‍ച്ച ട്രംപിന്റെ ഭരണ കാലത്ത് കൂടുതല്‍ മെച്ചത്തിലേക്ക് നീങ്ങിയിരുന്നു. തൊഴിലില്ലായ്മാനിരക്ക് സമീപകാലങ്ങളിലേക്കും വച്ച് ഏറ്റവും താഴ്ന്നിരുന്നു. അങ്ങനെ ട്രംപ് സൂചിക ഉയര്‍ന്നു നില്‌ക്കേയാണ് വെള്ളിടി പോലെ കോവിഡ്-19 വന്നത്. അതോടെ എല്ലാം തകിടം മറിഞ്ഞു. സ്വത വേ സ്വാതന്ത്രേ്യച്ഛുക്കളായ അമേ രിക്കന്‍ ജനതയെ ഒരു കൊറോണയും ഭയപ്പെടുത്തില്ല. അതിനാല്‍ത്തന്നെ നമ്മുടെ നാട്ടിലെ പോലെയോ യൂറോപ്പിലേതു പോലെയോ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അമേരിക്കയില്‍ സാധ്യമല്ല. വ്യാപാര വ്യവസായങ്ങള്‍ അടച്ചതോടെ തൊഴിലില്ലായ്മ പെരുകി. സാമ്പത്തിക സൂചിക കൂപ്പു കുത്തി. കൊറോണ ജാഗ്രതയുമായി ബന്ധപ്പെട്ട് ട്രംപ് പതിവിലേറെ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ചു. പകര്‍ച്ചവ്യാധികളെ സംബന്ധിച്ച ഔദ്യോഗിക ഉപദേഷ്ടാ വായ ഡോ. ആന്റണി ഫൗച്ചിയുടെ ഉപദേശങ്ങളെ ഗൗനിക്കാതെ കോവിഡിനെ അദ്ദേഹം തീരെ നിസ്സാരവല്ക്കരിച്ചു. അതോടെ ജനസംഖ്യാനുപാതികമായി ലോകത്ത് ഏറ്റവുമധികം കൊറോണ മരണങ്ങള്‍ അമേരിക്കയില്‍ നടന്നു. ഇതെല്ലാമായതോടെ ട്രംപിന്റെ ജനസമ്മിതി കുത്തനെ ഇടിയുകയായിരുന്നു. കോവിഡ്-19 ഉം ജോര്‍ജ് ഫ്‌ളോ(യ്ഡി)ന്റെ ദാരുണ മരണവുമാണ് സവര്‍ണ്ണാ ധിപത്യ ഭരണത്തിനേറ്റ ശക്തമാ യ പ്രഹരങ്ങള്‍ എന്നു പറയാം.
ഇതൊക്കെയാണെങ്കിലും നേ രത്തേ പറഞ്ഞതുപോലെ, പ്രോ- ലൈഫ് നിലപാടുള്ള കത്തോലി ക്കാ സഭയുടെ നിലപാടിനോട് വിരുദ്ധമായി വളരെ ഉദാരമായ നില പാട് ഡെമോക്രാറ്റിക് പാര്‍ട്ടി ഗര്‍ഭ ചിദ്രത്തോട് പുലര്‍ത്തുന്നു എന്നതാണ് കത്തോലിക്കാ വിശ്വാസി കളുടെയും മെത്രാന്മാരുടെയും മു ക്കാല്‍പങ്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് അനുഭാവം കാട്ടാനുള്ള പ്ര ധാന കാരണമായി പുറമേക്ക് പറ യപ്പെടുന്നത്. എന്നാല്‍, ലൈംഗിക ന്യൂനപക്ഷങ്ങളോട് ഡെമോക്രാറ്റുകള്‍ സ്വീകരിച്ചുപോരുന്ന ഉദാരനയമായിരിക്കും അതിനെ ക്കാളൊക്കെ യാഥാസ്ഥിതിക വിശ്വാസിയെ അലോസരപ്പെടുത്തുക. ആരും പുറമേക്ക് പറയാന്‍ ധൈര്യപ്പെടാത്ത മറ്റൊരു കാര ണംകൂടി ഇതിനു പിന്നില്‍ ഉണ്ടെന്ന് ചിലരെങ്കിലും നിരീക്ഷിക്കു ന്നുണ്ട്. യാഥാസ്ഥിതിക മനസ്സുക ളില്‍ അവര്‍ പോലും അറിയാതെ ഊറിക്കൂടിയിട്ടുള്ള സവര്‍ണ്ണാധി പത്യത്തിന്റെ അഥവാ കറുത്ത വര്‍ഗ്ഗക്കാരോടുള്ള ഭയത്തിന്റെയും വെറുപ്പിന്റെയും മനോഭാവമായിരുക്കുമത്. ജോര്‍ജ് ഫ്‌ളോയ് ഡും ബ്രിയോണ ടെയ്‌ലറും കൊ ല്ലപ്പെട്ടതിന്റെ ബാക്കിപത്രമായി രാജ്യത്തെമ്പാടും അരങ്ങേറിയ പ്രതിഷേധങ്ങളുടെ പശ്ചാത്തല ത്തില്‍ ഒരുപക്ഷേ, ഈ തിന്മയെ കുടഞ്ഞെറിയാനുള്ള സുവര്‍ണ്ണാ വസരമാണ് ക്രൈസ്തവരടക്ക മുള്ള അമേരിക്കന്‍ സമൂഹത്തിന് വന്നു ചേര്‍ന്നിരിക്കുന്നത്. അവര്‍ അതു ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്; ഈ വരുന്ന തെരഞ്ഞെടുപ്പിലൂടെ അത് ചെയ്യാന്‍ കൂടുതലായി ശ്രമിക്കും എന്നും നമുക്ക് വിശ്വസി ക്കാം.
എന്നാല്‍, ഇത്രകണ്ട് അപര ബഹുമാനം കാട്ടുന്നതും ഭരണകര്‍ത്താക്കളോട് വിധേയത്വമില്ലാത്തതും വ്യക്തിസ്വാതന്ത്ര്യത്തിന് ഇത്രയേറെ പ്രാധാന്യം നല്കുന്നതുമായ ഒരു ജനത സവര്‍ണ്ണചിന്ത പോലുള്ള വ്യാധികളെ തങ്ങളില്‍നിന്ന് കുടഞ്ഞുകളയാന്‍ ഇ ത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, ഭാരതജനത അതിന്റെ അ സ്ഥികളെയും സമസ്ത നാഡീ ഞരമ്പുകളെയും ഗ്രസിച്ചിരിക്കു ന്ന സവര്‍ണ്ണാധിപത്യത്തിന്റെയും ജാതിചിന്തയുടെയും ഫാസിസത്തിന്റെയും യാഥാസ്ഥിതികതയുടെയും ദുഷ്ടതകളെ കുട ഞ്ഞുകളയാന്‍ എത്രകണ്ട് ബുദ്ധിമുട്ടേണ്ടതായിവരും എന്നുകൂടി ചിന്തിക്കുന്നതു നല്ലതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org