Latest News
|^| Home -> Cover story -> ഇന്നത്തെ വൈദികരുടെ മിഷനറി ദൗത്യം

ഇന്നത്തെ വൈദികരുടെ മിഷനറി ദൗത്യം

Sathyadeepam

ബിഷപ് പ്രിന്‍സ് ആന്റണി
പാണേങ്ങാടന്‍, അദിലാബാദ് രൂപത

ശിഷ്യന്മാര്‍ക്കുള്ള പ്രബോധനങ്ങളാലും ആഹ്വാനങ്ങളാലും സമ്പന്നമാണ് സുവിശേഷങ്ങള്‍. ഇതില്‍ ശത്രുസ്‌നേഹത്തിന്റെ, ക്ഷമയുടെ കല്പനകളുണ്ട്, ആത്മീയ നേര്‍വെളിച്ചത്തിന്റെ പ്രബോധനങ്ങളുണ്ട്, മതജീവിതത്തിനുതകുന്ന തിരുത്തലുകളുണ്ട്, ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുകളുണ്ട്… എന്നാല്‍ ഇവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി തന്റെ അന്ത്യ ആഹ്വാനം എന്ന രീതിയില്‍ നല്കപ്പെടുന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ സവിശേഷമായ ആഹ്വാനമാണ് മര്‍ക്കോസ് 16:15-ല്‍ പരാമര്‍ ശിക്കുന്ന മിഷനറി ദൗത്യം (missionary mandate).
”ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക.” ഈ മിഷനറി ദൗത്യമല്ലാതെ മറ്റൊന്നും അവസാനമായി ക്രിസ്തു നല്കുന്നില്ല. സുവിശേഷ പ്രഘോഷണം എത്രമാത്രം ക്രിസ്തുഹൃദയത്തില്‍ പേറിയ അഭിലാഷമാണെന്നും തദ്വാര സഭയുടെ ദൗത്യമാണെന്നും ഇത് പ്രസ്താവിക്കു ന്നു. (അപ്പ. പ്രവ. 1:8).
ഉത്ഥിതനായ ക്രിസ്തുവിന്റെ ഈ കല്പന ശിരസ്സാ വഹിച്ചവരായിരുന്നു ശിഷ്യന്മാര്‍. ഈ ദൗത്യനിര്‍വ്വഹണത്തിന് അവര്‍ എത്രമാത്രം പരിഗണനയും അദ്ധ്വാനവും നല്കി എന്നതിന്റെ വിവരണമാണല്ലോ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളുടെ പുസ്തകം. അതുപോലെ, സഭാരംഭത്തിനു ശേഷം ഇന്ന് നൂറ്റാണ്ടുകള്‍ എത്തിനില്‍ക്കുമ്പോള്‍ സഭയുടെ സാന്നിദ്ധ്യം എല്ലാ ഭൂഖണ്ഡങ്ങളിലും സാദ്ധ്യമായിട്ടുണ്ടെങ്കില്‍ അതിനു കാരണം ക്രിസ്തുവിന്റെ ഈ കല്പന പ്രാവര്‍ത്തികമാക്കാന്‍ അക്ഷീണം ശ്രമിച്ച അനേകരുടെ ജീവിതാര്‍പ്പണമാണ്.
ഈ പശ്ചാത്തലത്തില്‍, ഇന്നത്തെ ക്രിസ്ത്യാനിയുടെ പ്രത്യേകിച്ച് വൈദികരുടെ വിളി എന്തെന്ന് അന്വേഷിച്ചാല്‍ അത് ക്രിസ്തു ആവശ്യപ്പെട്ട മിഷനറി ദൗത്യം ഗൗരവമായി ഏറ്റെടുക്കുക എന്നതാണ്. ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഏറെ ആത്മവിമര്‍ശനവും ഒപ്പം പുനര്‍സമര്‍പ്പണവും നടത്തേണ്ട ഒന്നാണ് സുവിശേഷപ്രഘോഷണം അഥവാ മിഷനറി പ്രവര്‍ത്തനം.
ആത്മവിമര്‍ശനം എന്നാല്‍ ക്രിസ്തീയതയുടെ ആദ്യനൂറ്റാണ്ടില്‍ ക്രിസ്തുശിഷ്യനായ തോമാശ്ലീഹായാല്‍ (എഡി 52) സുവിശേഷം ലഭിക്കാന്‍ ഭാഗ്യമുണ്ടായ നാടാണ് നമ്മുടേത്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ മുന്‍ഗണന നമുക്ക് ലഭിച്ചു എന്നത് വിസ്മരിക്കരുത്. എന്നി ട്ടും ഇപ്പോഴും ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ജനസംഖ്യയുടെ വെറും 2.5% മാത്രമായി നിലകൊള്ളുന്നു എന്നത് ഗൗരവമേറിയ പ്ര ശ്‌നമാണ്. ഇത് ചൂണ്ടിക്കാണിക്കു ക ‘സുവിശേഷം പ്രസംഗിക്കുക’ എന്ന ക്രിസ്തുവിന്റെ കല്പന ഏറ്റെടുക്കുന്നതില്‍ നമുക്കുണ്ടായ പരാജയവും വീഴ്ചയുമാണ്.
ഇവിടെയാണ് ഒരു പുനര്‍സമര്‍പ്പണത്തിന്റെ പ്രസക്തി അനിവാര്യമായിരിക്കുന്നത്. ഇപ്പോഴും ദൈവവിളികളാല്‍ പ്രത്യേകിച്ച് പൗരോഹിത്യത്തിലേയ്ക്കുള്ള വിളികളാല്‍ സമ്പന്നമാണ് കേരളം. ഇവിടെയുള്ള വൈദികരോട് പറയാനുള്ളത് ഇതാണ്. എന്തിനാണ് നാം വൈദികരായത്? കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പൂര്‍വ്വീകര്‍ വിശ്വാസം നല്കി പടുത്തുയര്‍ത്തിയ ഒരു വിശ്വാസി സമൂഹത്തോട് മാത്രം സുവിശേഷം പ്രസംഗിക്കാന്‍ വേണ്ടി മാത്രമോ? അതും ഞായറാഴ്ചകളിലും മറ്റു ദിവസങ്ങളിലുമുള്ള വി. ബലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത്! കൂടാതെ പള്ളികള്‍ പണിയുന്നതിലും തിരുനാളുകള്‍ നടത്തുന്നതിലും മാത്രം പൗരോഹിത്യത്തെ ഒതുക്കുവാന്‍ വേണ്ടി മാത്രമാണോ നാം വൈദീകരായത്? ചുരുക്കത്തില്‍ ആദ്യം ഇടവക ഭരണം (Administration), രണ്ടാമത് കൂദാശകളുടെ പരികര്‍മ്മം, അവസാനമായി മാത്രം പ്രഘോഷണം എന്നീ മുന്‍ഗണനാക്രമത്തിലേക്ക് ഒതുക്കിയിരിക്കുന്നതാണോ നമ്മുടെ പൗരോഹിത്യം!
ഇവിടെ വരുത്തേണ്ട തിരുത്തല്‍ ഈ മുന്‍ഗണനകളെ ശരിയായ ക്രമത്തിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ്. പ്രാഥമിക ദൗത്യം സുവിശേഷപ്രഘോഷണമാണ്, രണ്ടാമത് കൂദാശകളുടെ പരികര്‍മ്മം, മൂന്നാമത് മാത്രമാണ് ഭരണം. നാം കൂടുതല്‍ മുഴുകിയിരിക്കേണ്ടത് പ്രഘോഷണത്തിലാണ്, ഭരണത്തിലല്ല. ദൗര്‍ഭാഗ്യവശാല്‍ നാം ഇന്ന് ഇടവകഭരണത്തില്‍ കുടുങ്ങിക്കിടക്കുകയാണ്! ഈ ശൈലി ഒരു വൃത്തത്തിനകത്ത് കുടുങ്ങിക്കിടക്കുന്നതിനു സമാനമാണ്. അതായത് ഭരണത്തിലും കൂദാശകളുടെ പരികര്‍മ്മത്തിലും മാത്രം മുഴുകി കിടക്കുന്ന വൈദികനെ സംബന്ധിച്ചിടത്തോളം ഈ വൃത്തം കൂടുതല്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന് സാരം.

ഇന്ത്യന്‍ സാഹചര്യവും സുവിശേഷപ്രഘോഷണവും

ഭാരതത്തിലെ സുവിശേഷപ്രഘോഷണത്തിന്റെ തീവ്രതയില്ലായ്മയ്ക്ക് നാം പലപ്പോഴും നല്കുന്ന ന്യായീകരണം രാജ്യത്തിലെ ഹിന്ദു സംഘടനകളുടെ എതിര്‍പ്പും മതപരിവര്‍ത്തനത്തിനെതിരെയുള്ള നിയമവുമാണ്. എന്നാല്‍ ഈ ന്യായീകരണത്തിന് യാതൊരു യുക്തിയുമില്ല. യാഥാര്‍ത്ഥ്യം ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ക്രൈസ്തവര്‍ക്കെതിരെയുള്ള പീഢനങ്ങളും സുവിശേഷ പ്രഘോഷണത്തിനുള്ള വിലക്കും നിലനില്‍ക്കുന്ന രാജ്യങ്ങളായ പാക്കിസ്ഥാന്‍, ചൈന, സിറിയ, മറ്റ് മുസ്‌ലീം രാഷ്ട്രങ്ങള്‍ എന്നിവയെ അപേക്ഷിച്ച് ഇന്ത്യയിലെ സാഹചര്യം ഇപ്പോഴും മെച്ചപ്പെട്ടതാണ്. കൂടാതെ ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ ഈ മേഖലയില്‍ വലിയ സംരക്ഷണമാണ് പ്രദാനം ചെയ്യുന്നത്.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം പ്ര ഘോഷിക്കാനുമുള്ള അവകാശമാണ് നമ്മുടെ സുവിശേഷപ്രഘോഷണത്തിന് ആക്കം കൂട്ടുന്ന ഘടകം. അതായത് ഏത് മതത്തെ സ്വീകരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യമാണ്. അതിനാല്‍ ഏതൊ രു ഭാരതീയനോടും ഒരുവന് സുവിശേഷം പ്രസംഗിക്കാം. അതിനാല്‍ ഭാരതത്തിലെ സ്ഥിതി മോശം, മതമൗലികവാദികള്‍ ആക്രമിക്കുന്നു എന്ന കാരണങ്ങള്‍ നിരത്തി സുവിശേഷം പ്രസംഗിക്കാതിരിക്കുന്നത് വെറും കൈകഴുകലും ഒഴിഞ്ഞു മാറലുമാണ്.
ഇനി ആക്രമണമുണ്ടെങ്കില്‍തന്നെ അത് ദൈവവചനപ്രകാരം സ്വാഭാവികമാണ്. ദൈവവചനം പ്രസംഗിച്ച ഒരു പ്രവാചകനും കട്ടിലില്‍ കിടന്ന് മരിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. അതുപോലെ ശിഷ്യന്മാരെല്ലാവരും രക്തസാക്ഷികളായിട്ടാണ് മരിച്ചത്.
വിളനിലങ്ങള്‍ ഏറെ:
വ്യക്തിപരമായി അദിലാബാദ് രൂപതയിലെ ഇനിയും സുവിശേഷമെത്താത്തിടത്ത് സുവിശേഷമെത്തിക്കുക എന്നതാണ് ഏറ്റവും വലിയ മുന്‍ഗണനയും പരിഗണനയും. 1800 ഓളം ഗ്രാമങ്ങളാണ് ഈ രൂപതയുടെ പരിധിയിലുള്ളത്. ഇതില്‍ 1500 ഗ്രാമങ്ങളിലും സുവിശേഷവുമായി പ്രവേശിക്കാന്‍ ഞങ്ങള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഈ വലിയ ദൗത്യത്തിനായി വൈദികരെ സജ്ജരാക്കുക എന്നതാണ് എന്റെ പ്രഥമ കര്‍മ്മപദ്ധതി.
നാം ക്രിസ്തുവിനെ പ്രഘോഷിച്ചാല്‍ മറ്റുള്ളവര്‍ നമ്മോട് ശ ത്രുക്കളെപ്പോലെ പ്രതികരിക്കും എന്ന ഭീതി അസ്ഥാനത്താണെന്നതാണ് എന്റെ അനുഭവം. ക്രിസ്തുമസ്സിനോടനുബന്ധിച്ച് ഗ്രാമങ്ങളിലൂടെ ക്രിസ്തുമസ്സ് സന്ദേശവുമാ യി ഞങ്ങള്‍ നീങ്ങാറുണ്ട്. അങ്ങനെയുള്ള ഒരവസരത്തില്‍ ഒരു ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ പരിപാടിക്കായി വേദിയൊരുക്കി തന്നത് ഒരമ്പലത്തിലെ ഗണപതിയുത്സവത്തിനുപയോഗിക്കുന്ന അതേ വേദിയാണ്. ആ വേദിയില്‍ നിന്നുകൊണ്ട് യേശുവാണ് ഏക രക്ഷകന്‍ എന്ന് ഞാന്‍ പ്രഘോഷിക്കുകയുണ്ടായി. ഞങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍ ആ വേദി ഉപയോഗിക്കാന്‍ അധികാരം തന്ന ക്ഷേത്രാധികാരികളും ഉണ്ടായിരുന്നു. എങ്കിലും അവരുടെ ഭാഗത്തുനിന്നും മോശമായ യാതൊരു പ്രതികരണവും ഞങ്ങളോട് ഉണ്ടായില്ല.
അതുപോലെ നാളുകളേറെയായി രൂപത നടത്തുന്ന അന്നദാനത്തില്‍ പങ്കെടുക്കുന്ന അനേകര്‍ക്ക് യേശുവിനെ നല്കാനും ഞങ്ങള്‍ക്ക് സാധിച്ചു. ഇവിടെയൊന്നും ശത്രുതാപരമായ ഒരു പ്രതികരണവും ഞങ്ങള്‍ക്കെതിരെ ഇല്ല എന്നത് പ്രചോദനാത്മകമാണ്. ഇനി, മോശം അനുഭവം ഉണ്ടായാല്‍ പോലും അതൊന്നും സുവിശേഷം പ്രസംഗിക്കുക എന്ന ക്രിസ്തുവിന്റെ കല്പനയില്‍ നിന്നും നമ്മളെ പിന്തിരിപ്പിക്കാന്‍ ഇടയാക്കരുത്.

Leave a Comment

*
*