അനുദിന ജീവിതത്തിലെ പ്രലോഭനങ്ങള്‍

അനുദിന ജീവിതത്തിലെ പ്രലോഭനങ്ങള്‍

ഡോ. പോള്‍ കുഞ്ഞാനായില്‍ എം.സി.ബി.എസ്.
സനാതന ദിവ്യകാരുണ്യ വിദ്യാപീഠം, താമരശ്ശേരി

പ്രലോഭനങ്ങള്‍ മനുഷ്യ സാധാരണങ്ങളാണ്. ഒരു ദിവസം തന്നെ പാപങ്ങളിലേക്കുള്ള നിരവധി പ്രലോഭനങ്ങള്‍ ഉണ്ടായിട്ടുള്ള അനുഭവം ഒരുപക്ഷേ നമ്മില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. കോവിഡ് 19 വ്യാപിക്കാതിരിക്കാന്‍ ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ വീട്ടില്‍ അടച്ചിരുന്ന ഈ വര്‍ഷത്തിന്റെ തുടക്കത്തിലും, കോവിഡ് വ്യാപനം കൂടുതലാണെങ്കിലും സാധാരണ ജീവിതത്തിലേക്ക് പതിയെ തിരിച്ചുപോകുവാന്‍ ആരംഭിച്ചിരിക്കുന്ന ഈ കാലയളവിലും നമുക്കുണ്ടാവുന്ന പ്രലോഭനങ്ങള്‍ക്ക് കുറവുണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ തന്നെ ഓരോ ദിവസവും പലതവണ 'ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ' എന്ന്, സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയിലൂടെ ദൈവ സന്നിധിയില്‍ നാം ഉയര്‍ത്തുന്ന അഭ്യര്‍ത്ഥന തികച്ചും ഉചിതമാണ്.
പ്രലോഭനങ്ങളെക്കുറിച്ചുള്ള തിരുവചന കാഴ്ചപ്പാട്
പരീക്ഷകളും പ്രലോഭനങ്ങളും ബൈബിളിലെ ഒരു പ്രധാന പ്രതിപാദ്യവിഷയമാണ്. ഇസ്രായേല്‍ ജനത്തിന്റെ ഉടമ്പടി വിശ്വസ്തത പരിശോധിച്ചറിയുവാനും അവരെ ദൈവാശ്രയത്വത്തിലേക്ക് നയിക്കാനുമായി കര്‍ത്താവ് അവര്‍ക്ക് പരീക്ഷകള്‍ നല്‍കുന്നു (നിയമാവര്‍ത്തനം 8:2, 16; 13:3; ന്യായാധിപന്മാര്‍ 2:22). പഴയനിയമത്തില്‍ ദൈവം വിജാതീയരെയല്ല ദൈവജനത്തെയാണ് പരീക്ഷിക്കുന്നത് എന്നതും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഇത്തരം പരീക്ഷകള്‍ ഇസ്രായേല്‍ ജനത്തിനു തങ്ങള്‍ ദൈവമക്കളാണ് എന്ന ബോധ്യം ആഴത്തില്‍ വേരുറപ്പിക്കുവാന്‍ വേണ്ടി ഉള്ളതായിരുന്നു (നിയമാവര്‍ത്തനം 8:5-6; ഹെബ്രായര്‍ 12:4-11). ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സാത്താന്‍ നല്‍കുന്ന പ്രലോഭനങ്ങള്‍. അത് വ്യക്തികളേയോ ദൈവജനത്തേയോ അനുസരണക്കേടിലേക്കു നയിക്കുന്നതിനും അവരുടെ വിശ്വാസം നശിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്. അത്തരം പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുകയാണെങ്കില്‍ പാപവും മരണവുമാണ് പരിണിത ഫലം.
ബൈബിളിന്റെ ആദ്യത്തെ താളുകളില്‍ തന്നെ സാത്താന്‍ നല്‍കുന്ന പ്രലോഭനങ്ങളെക്കുറിച്ചുള്ള വിവരണമുണ്ട് (ഉല്പത്തി 3:17). കൗശലമേറിയ സര്‍പ്പം 'അരുത് എന്ന് ദൈവം കല്പിച്ചിട്ടുണ്ടോ' എന്ന ചോദ്യം ചോദിച്ചുകൊണ്ടാണ് ഹവ്വായെ സമീപിക്കുന്നത്. ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കമെന്ന തോന്നല്‍ ജനിപ്പിക്കുന്ന ഈ ചോദ്യം ഹവ്വായ്ക്ക് മുമ്പില്‍ സാ ത്താന്‍ വച്ചുനീട്ടിയ ഇര കൊളുത്തിയ ചൂണ്ടയായിരുന്നു. അതില്‍ ഹവ്വ കൊത്തുക തന്നെ ചെയ്തു. പിന്നെ നുണയനും നുണയന്റെ പിതാവുമായ സാത്താന്‍ (യോഹ ന്നാന്‍ 8:44; വെളിപാട് 12:9) അസത്യത്തെ സത്യത്തിന്റെ വേഷം ധരിപ്പിച്ച് അവതരിപ്പിക്കുകയാണ്. അത് വിശ്വാസത്തിലെടുത്ത ഹവ്വായ്ക്ക് വിലക്കപ്പെട്ട കനി 'ആ സ്വാദ്യവും, കണ്ണിന് കൗതുകകരവും, അഭികാമ്യവുമായി' തോന്നി. എന്നാല്‍ അത് കഴിക്കുന്ന അവള്‍ക്കും ആദത്തിനും സംഭവിക്കുന്നത് തങ്ങള്‍ നഗ്‌നരാണെന്ന തിരിച്ചറിവും പറുദീസാനഷ്ടവുമാണ്.
ഈശോയ്ക്കുണ്ടായ പ്രലോഭനങ്ങള്‍
സുവിശേഷങ്ങളിലെ പ്രധാനപ്പെട്ട വിവരണങ്ങളിലൊന്നാണ് ഈശോയുടെ പ്രലോഭനങ്ങള്‍ (മത്തായി 4:1-11; ലൂക്കാ 4:1-13). മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഈശോയും മനുഷ്യസാധാരണമായ പ്രലോഭനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. മനുഷ്യജീവിതത്തില്‍ ഉണ്ടാവേണ്ട പ്രലോഭനങ്ങളുടെ അനിവാര്യതയെ ഇത് സൂചിപ്പിക്കുന്നുണ്ട്. മാമോദിസവേളയില്‍ പരിശുദ്ധാത്മാവിന്റെ ആവാസവും പിതാവിന്റെ അംഗീകാര മുദ്രയും ലഭിച്ചതിനുശേഷമാണ് ഈശോ പ്രലോഭനങ്ങള്‍ക്കു വിധേയനാകുന്നത് (മത്തായി 3:13-17). മാത്രമല്ല പരിശുദ്ധാത്മാവായ ദൈവമാണ് പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിനായി ഈശോയെ മരുഭൂമിയിലേക്കാനയിക്കുന്നത്. അതിനാല്‍ത്തന്നെ ഈശോയ്ക്കുണ്ടായ പ്രലോഭനങ്ങള്‍ ദൈ വഹിതപ്രകാരമാണെന്ന് നമുക്കുറപ്പിക്കാം. ഈശോയ്ക്കുണ്ടായ മൂന്ന് പ്രലോഭനങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ് സുവിശേഷകന്മാര്‍ നല്‍കുന്നത്. പരസ്യജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ ഈശോയ്ക്കുണ്ടായ പ്രലോഭനങ്ങളെ ഒരുമിച്ചുചേര്‍ത്തു വച്ചിരിക്കുന്നതാകാം ഇവിടെ. എന്നാല്‍ മൂന്ന് പ്രലോഭനങ്ങള്‍ മാത്രമേ ഈശോയ്ക്കുണ്ടായിട്ടുള്ളൂ എന്ന് ഇതര്‍ത്ഥമാക്കുന്നില്ല. പരസ്യജീവിതത്തിലുടനീളം ഈശോയെ പരീക്ഷിക്കാന്‍ ശ്രമിക്കുന്ന യഹൂദ പ്രമാണിമാരെക്കുറിച്ചുള്ള വിവരണങ്ങള്‍ സുവിശേഷങ്ങളിലുണ്ട്. ദൈവഹിതപ്രകാരമുള്ള സഹന വഴിയില്‍ നിന്നും തെറ്റി നടക്കുവാന്‍ തന്നെ പ്രേരിപ്പിക്കുന്ന പത്രോസിനെ 'സാത്താന്‍' എന്ന് ഈശോ വിളിക്കുന്നുണ്ട്. സ്വന്തം ഇഷ്ടം പിന്‍തുടരുവാന്‍ ഗെത്‌സമെന്‍ തോട്ടത്തില്‍ ഈശോയ്ക്കുണ്ടായ പ്രലോഭനത്തെക്കുറിച്ചുള്ള സൂചനകള്‍ എല്ലാ സുവിശേഷങ്ങളും നല്‍കുന്നുണ്ട്.

സുവിശേഷകന്മാര്‍ വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങളില്‍ രണ്ടെണ്ണം ആരംഭിക്കുന്നത് 'നീ ദൈവപുത്രന്‍ ആണെങ്കില്‍' എന്ന സാത്താന്റെ വാക്കുകളോടെയാണ്. മനുഷ്യാവതാര സമയത്ത് ഈശോ വേണ്ടെന്നുവെച്ച ദൈവവുമായുള്ള സമാനതയെയാണ് (ഫിലിപ്പിയര്‍ 2:6) സാത്താന്‍ ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. മാമ്മോദീസ വേളയില്‍ താന്‍ ദൈവപുത്രനാണെന്നുള്ള ശക്തമായ അവ ബോധത്തിലേക്ക് ഈശോ പ്രവേശിക്കുന്നുണ്ട് (മത്തായി 3:17). ദൈവപുത്രനെന്ന നിലയിലുള്ള ശക്തി ഉപയോഗിച്ച് കല്ലുകള്‍ അപ്പമാക്കി മാറ്റി സ്വന്തം വിശപ്പു മാറ്റാനുള്ള പ്രലോഭനമാണ് സാത്താന്‍ ഈശോയ്ക്ക് ഒന്നാമതായി നല്‍കുന്നത്. ഇസ്രായേല്‍ജനം നൂറ്റാണ്ടുകളായി പ്രതീക്ഷയോടെ കാത്തിരുന്ന മിശിഹാ പുതിയ മോശയായിരിക്കും എന്ന വിശ്വാസം ഈശോയുടെ കാലത്ത് രൂഢമൂലമായിരുന്നു. അതിനാല്‍ മിശിഹാ വരുമ്പോള്‍ മോശ മരുഭൂമിയില്‍ വച്ചു മന്ന നല്‍കിയതുപോലെ സ്വര്‍ഗ്ഗത്തില്‍നിന്ന് വീണ്ടും മന്ന നല്‍കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് വിശപ്പ് മാറ്റുക എന്നതിനൊപ്പം മിശിഹാ ദൗത്യമായ സ്വര്‍ഗ്ഗത്തില്‍നിന്ന് മന്ന ഇറക്കുക എന്ന വെല്ലുവിളി കൂടി ഈ പ്രലോഭനത്തില്‍ സാത്താന്‍ ഈശോയ്ക്ക് വച്ചുനീട്ടുകയാണ്. മരുഭൂമിയില്‍വച്ചു വിശന്നപ്പോള്‍ ഇസ്രായേല്‍ജനം പ്രലോഭിതരായി ദൈവത്തിനെതിരെ മറുതലിച്ചെങ്കില്‍ (പുറപ്പാട് 16:2-4) ദൈവ പുത്രനായ ഈശോ സാത്താനെ അതിജീവിക്കുന്നു. കല്ലുകളെയല്ല, തന്നെതന്നെയാണ് താന്‍ അപ്പമാക്കി മാറ്റുവാന്‍ പോകുന്നതെന്ന് ഈശോ ഇവിടെ പറയാതെ പറയുന്നു.

ഓരോ തവണയും പ്രലോഭനങ്ങളെ ചെറുത്തു
തോല്‍പ്പിക്കുമ്പോള്‍ ദൈവത്തോടുള്ള വിശ്വസ്തത
പ്രകടമാകുകയും നാം ജീവിക്കുന്ന ക്രൈസ്തവ
ജീവിതത്തിന്റെ മാറ്റു വര്‍ദ്ധിക്കുകയും ചെയ്യും.
നമ്മുടെ സമൂഹത്തിലും നാം ജീവിക്കുന്ന ചുറ്റു
പാടുകളിലും പാപങ്ങളും പ്രലോഭനങ്ങളും
എന്തു മാത്രം വര്‍ധിച്ചാലും സാത്താനെ
പരാജയപ്പെടുത്തിയ ക്രിസ്തുവില്‍ ഉറച്ചുനിന്നാല്‍
ഞെരുക്കങ്ങളിലൂടെ കടന്നുപോയി കുഞ്ഞാടിന്റെ
രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി
വെളുപ്പിച്ച വിശുദ്ധരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുവാന്‍
നമുക്കും കൃപ ലഭിക്കും.


ദേവാലയത്തിന്റെ അഗ്രത്തില്‍ നിന്നും താഴേയ്ക്കു ചാടുവാനുള്ള പ്രലോഭനവും ഈശോയുടെ മിശിഹാ ദൗത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മിശിഹാ വന്നു കഴിയുമ്പോള്‍ ഇസ്രായേല്‍ ജനത്തിനു രാജാക്കന്മാരുടെ കാലത്തെന്നതുപോലെ ദൈവഭരണം പുന സ്ഥാപിച്ചുകൊടുക്കും എന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. രാജ്യം പുനസ്ഥാപിക്കണമെങ്കില്‍ അനുയായികളും ആയുധബലവും വേണം. ദേവാലയ അഗ്രം സ്ഥിതി ചെയ്തിരുന്നത് ജനം ആരാധനയ്ക്കായി ദേവാലയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്ന കിഴക്കന്‍ കവാടത്തോടു ചേര്‍ന്നായിരുന്നു. അവിടെനിന്നു ചാടിയാല്‍ ധാരാളം ആളുകള്‍ അതുകാണുകയും ഈശോയുടെ അനുയായികളായി മാറുകയും ചെയ്യും എന്ന സാധ്യതയാണ് സാത്താന്‍ ഇവിടെ മുന്നോട്ടു വയ്ക്കുന്നത്. കൂടാതെ ദേവാലയ അഗ്രത്തില്‍ നിന്നാല്‍ പീഡാനുഭവവാരത്തില്‍ ഈശോ സഹന മരണങ്ങള്‍ക്കു വിധേയനാകാനിരുന്ന എല്ലാ സ്ഥലങ്ങളും ദൃഷ്ടിപഥത്തില്‍ എത്തുമായിരുന്നു: കിഴക്ക് കെദ്രോന്‍ താഴ്‌വര യും ഗെത്‌സമെന്‍തോട്ടവും; തെക്ക് പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ ഭവനവും സെഹിയോന്‍ മാളികയും; വടക്ക് റോമന്‍ ഗവര്‍ണര്‍ ആയിരുന്ന പീലാത്തോസിന്റെ കൊട്ടാരവും; പടിഞ്ഞാറ് കാല്‍വരിമലയും അതിനോടു ചേര്‍ന്ന് ഈശോയെ സംസ്‌കരിക്കാനിരുന്ന കല്ലറയുണ്ടായിരുന്ന തോട്ടവും. ഈ സഹനവഴികള്‍ ഒഴിവാക്കിക്കൊണ്ട് കുറുക്കുവഴിയിലൂടെ മിശിഹാ ദൗത്യം പൂര്‍ത്തിയാക്കാനുള്ള പ്രലോഭനമാണ് സാ ത്താന്‍ ഇവിടെ ഈശോയ്ക്ക് മുമ്പില്‍ വയ്ക്കുന്നത്. ദൈവഹിത പ്രകാരമുള്ള വഴികളിലൂടെ നടക്കാന്‍ വിസമ്മതിക്കുന്നത് ദൈവത്തെ പരീക്ഷിക്കുന്നതിന് തുല്യമാണെന്ന് സ്ഥാപിച്ചുകൊണ്ട് ഈശോ ഈ പ്രലോഭനത്തെ അതിജീവിക്കുന്നു.
ഉയര്‍ന്നമലയില്‍വച്ച് ഈശോയ്ക്കുണ്ടാകുന്ന പ്രലോഭനവും ദൈവരാജ്യ സംസ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. തന്നെ സാഷ്ടാംഗം പ്രണമിച്ചാരാധിച്ചാല്‍ എല്ലാ രാജ്യങ്ങളും ഈശോയ്ക്കു നല്‍കാമെന്നു പറഞ്ഞുകൊണ്ട് താന്‍ നുണയാണെന്ന് സാത്താന്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ദൈവരാജ്യസ്ഥാപനമായിരുന്നു ഈശോയുടെ മനുഷ്യാവതാര ലക്ഷ്യം. പിതാവിന്റെ ഹിതമനുസരിച്ചുള്ള സഹനമരണോത്ഥാനങ്ങളായിരുന്നു യേശുവിന് ആ ലക്ഷ്യത്തിലേക്കുള്ള ഏകമാര്‍ഗ്ഗം. ദുര്‍ഘടമായ ഈ പാത ഉപേക്ഷിച്ച് എളുപ്പവഴി തെരഞ്ഞെടുക്കാനുള്ള പ്രലോഭനമാണ് സാത്താന്‍ ഇവിടെ ഈശോയ്ക്കു നല്‍കുന്നത്. ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് ഈ പ്രലോഭനമുണ്ടായ ഉയര്‍ന്ന മല ജെറിക്കോ പട്ടണത്തിനു സമീപമുള്ള മൗണ്ട് ക്വറന്റൈനാണ്. അവിടെ നിന്നു നോക്കിയാല്‍ ഫലഭൂയിഷ്ഠവും വിവിധ തരം കൃഷികളാല്‍ സമ്പന്നവുമായിരുന്ന ജോര്‍ദാന്‍ താഴ്‌വരയും ഒപ്പം ഹേറോദു രാജാവ് നിര്‍മ്മിച്ച അതിമനോഹരമായ ജെറിക്കോ പട്ടണവും കാണുവാനാകുമായിരുന്നു. ഒരു യഹൂദ പാരമ്പര്യമനുസരിച്ച് പാപപരിഹാര ദിനത്തില്‍ അസസേലിനായി കുറിവീണ ആടിനെ (ലേവ്യര്‍ 16:10, 21-22) ജെറുസലേം ദേവാലയത്തില്‍നിന്ന് കല്ലെറിഞ്ഞും കൂവി വിളിച്ചും ആട്ടിപ്പായിച്ച് ഈ മലമുകളില്‍ എത്തിച്ച് ജനത്തിന്റെ പാപപരിഹാരത്തിനായി തള്ളിയിട്ടു കൊന്നുകളയുമായിരുന്നു. ഈ മലമുകളില്‍ വച്ച് സാത്താന്‍ ഈശോയെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആസന്നഭാവിയില്‍ ജനങ്ങളുടെ ആര്‍പ്പുവിളിള്‍ക്കും പരിഹാസശരങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമിടയിലൂടെ കുരിശുമെടുത്ത് കാല്‍വരിയിലേക്കുപോയി കൊല്ലപ്പെടുന്ന തന്നെത്തന്നെയായിരിക്കണം ഈശോ മനസ്സില്‍ കണ്ടത്. എന്നാല്‍ ഇവിടെയും ഈശോ സാത്താനെ പരാജയപ്പെടുത്തുകയാണ്.
ഈശോയുടെ വിജയം നമ്മുടെ ശക്തി
പരിപൂര്‍ണ്ണ മനുഷ്യനായിരുന്ന ഈശോയ്ക്ക് എല്ലാ പ്രലോ ഭനങ്ങളെയും അതിജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ നമുക്കും അതിനു സാധിക്കും. ഈ ഉറപ്പ് തങ്ങളുടെ ക്രൈസ്തവ സമൂഹങ്ങള്‍ക്കു നല്‍കുവാന്‍ വേണ്ടിയായിരുന്നിരിക്കണം സുവിശേഷകന്മാര്‍ ഈശോയുടെ പ്രലോഭനങ്ങളെ തങ്ങളുടെ രചനകളില്‍ ഉള്‍പ്പെടുത്തിയത്. 'അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം' എന്ന് വിശുദ്ധ പത്രോസ് തന്റെ ഒന്നാം ലേഖനത്തില്‍ പറയുന്നുണ്ട് (1 പത്രോസ് 1:7). ഓരോ തവണയും പ്രലോഭനങ്ങളെ ചെറുത്തു തോല്‍പ്പിക്കുമ്പോള്‍ ദൈവത്തോടുള്ള വിശ്വസ്തത പ്രകടമാകുകയും നാം ജീവിക്കുന്ന ക്രൈസ്തവജീവിതത്തിന്റെ മാറ്റു വര്‍ദ്ധിക്കുകയും ചെയ്യും. നമ്മുടെ സമൂഹത്തിലും നാം ജീവിക്കുന്ന ചുറ്റുപാടുകളിലും പാപങ്ങളും പ്രലോഭനങ്ങളും എന്തുമാത്രം വര്‍ധിച്ചാലും സാത്താനെ പരാജയപ്പെടുത്തിയ ക്രിസ്തുവില്‍ ഉറച്ചുനിന്നാല്‍ ഞെരുക്കങ്ങളിലൂടെ കടന്നുപോയി കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ച വിശുദ്ധരുടെ കൂട്ടത്തില്‍ (വെളിപാട് 7:14) ഉള്‍പ്പെടുവാന്‍ നമുക്കും കൃപ ലഭിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org