ഇതൊക്കെയാണ് നിലപാടുകള്‍

ഇതൊക്കെയാണ് നിലപാടുകള്‍

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
അസി. പ്രഫസര്‍, സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍

സ്വാശ്രയ സമരക്കാലത്ത് ഏറെ പഴികേട്ടതാണ്, കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്വാശ്രയ മെഡിക്കല്‍എഞ്ചിനീയറിംഗ് കോളേജുകള്‍. കേരളത്തില്‍, വിദ്യാഭ്യാസം ഒരു വ്യവസായ സാധ്യത കൂടിയായി വളര്‍ന്ന 2000-2010 കാലഘട്ടത്തില്‍, സ്വാശ്രയമേഖലയിലേയ്ക്കുള്ള വിവിധ ക്രൈസ്തവ സഭകളുടെ കടന്നുവരവ് സൃഷ്ടിച്ച പുകിലുകളൊന്നും നാം മറന്നിട്ടുമില്ല. വിളിച്ചു പറയപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍, സമര കോലാഹലങ്ങള്‍ക്കിടയില്‍ കേള്‍ക്കാതെ പോകുന്ന സാഹചര്യവും അന്നനുഭവിച്ചിരുന്നു.
യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത കേരളത്തിനു പുറമെയുള്ള സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെട്ടിരുന്ന കാലഘട്ടത്തിലാണ്, ചുരുങ്ങിയ ചെലവില്‍ മികച്ച വിദ്യഭ്യാസമെന്ന ആപ്തവാക്യവുമായി വിവിധ ക്രൈസ്തവ സഭകളുടെ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലും പ്രവര്‍ത്തനക്ഷമമായത്. ഇക്കാലയളവിലുടനീളം ഈ ആപ്തവാക്യം മുറുകെ പിടിച്ചിരുന്നുവെങ്കിലും, വിമര്‍ശകരുടെ കൂരമ്പുകള്‍ക്കിടയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടവയായിരുന്നു നമ്മുടെ പല സ്ഥാപനങ്ങളും, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകള്‍.
പക്ഷേ, കാലം നമുക്കായി അവിടെയും ഒരു കാവ്യനീതി കരുതി വെച്ചിട്ടുണ്ടായിരുന്നു. ഒട്ടേറെ ചര്‍ച്ചകള്‍ക്കുശേഷം ഈ വര്‍ഷം മെഡിക്കല്‍ ബിരുദ പ്രവേശനം തേടുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ഘടന സംബന്ധിച്ച് സംസ്ഥാന പ്രവേശന കമ്മീഷണറുടെ ഉത്തരവ്, നവംബര്‍ 18 നാണ് ഇറങ്ങിയത്. പല സ്വകാര്യ സ്വാശ്രയ കോളേജു മാനേജുമെന്റുകളും ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഘടന പര്യാപ്തമല്ലെന്ന് ഇതിനകം വ്യക്തമാക്കുകയും നിയമ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തിട്ടുണ്ടെങ്കിലും ക്രിസ്ത്യന്‍ മാനേജുമെന്റ് അസോസിയേഷന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍, ജസ്റ്റിസ് രാജേന്ദ്രന്‍ ബാബു അധ്യക്ഷനായ കമ്മിറ്റി നിര്‍ദ്ദേശിച്ച ഫീസ് ഘടന അംഗീകരിച്ചുവെന്നത് തികച്ചും സ്വാഗതാര്‍ഹം തന്നെ. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഒരു വര്‍ഷത്തെ മെഡിക്കല്‍ വിദ്യാഭ്യാസ ചെലവിന് 11 ലക്ഷത്തോളം രൂപ വരുമെന്ന് സര്‍ക്കാര്‍ ഏജന്‍സി തന്നെ പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിച്ച സാഹചര്യത്തിലാണ്, താരതമ്യേനെ കുറഞ്ഞ ഫീസായ 7,65,000/ന് അസോസിയേഷന്റെ കീഴിലുള്ള കോളേജുകള്‍ തയ്യാറായതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതു തന്നെ.

വിദ്യാഭ്യാസം, കേവലമൊരു വ്യവസായം മാത്രമായി
മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍

സ്വാശ്രയ മേഖലയിലും മിതമായ ഫീസ് സൗകര്യത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനവസരം നല്‍കുകയെന്ന
സാമൂഹ്യ പ്രതിബദ്ധതയുള്ള സമീപനം പ്രശംസനീയമാണ്.


അങ്ങനെ ഇവിടെയും നമ്മുടെ മെഡിക്കല്‍ കോളേജുകള്‍ വ്യത്യസ്ത മാതൃകയാവുകയാണ്.
മക്കളുടെ മെഡിക്കല്‍ ബിരുദപ്രവേശനം സ്വപ്നം കാണുകയും എന്നാല്‍ കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലുഴലുകയും ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് സ്വാശ്രയ മേഖലയിലെ തികച്ചും ന്യായമായ ഫീസില്‍ പഠിക്കാനുള്ള അവസരം, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴിലുള്ള കേരളത്തിലെ നാലു മെഡിക്കല്‍ കോളേജുകളിലുണ്ട്.
അസ്സോസിയേഷനു കീഴിലെ തൃശ്ശൂരിലുള്ള ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, അമല മെഡിക്കല്‍ കോളേജ്, തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കല്‍ കോളേജ്, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ 7,65,000/ രൂപ പ്രതിവര്‍ഷം ഫീസു നല്‍കി മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാം.
പ്രതിവര്‍ഷം 7,65,000/ എന്നത് ഒരു ചെറിയ സംഖ്യയെന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷേ സ്വാശ്രയ മേഖലയിലെ മറ്റു മെഡിക്കല്‍ കോളേജുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചുരുങ്ങിയ പക്ഷം മൂന്നു ലക്ഷം രൂപയുടേയും (എം.ഇ.എസ്. പെരിന്തല്‍മണ്ണ) കൂടിയ പക്ഷം 13 ലക്ഷം രൂപയുടെയും (അസീസ്സിയ മെഡിക്കല്‍ കോളേജ്) വ്യത്യാസം പ്രതിവര്‍ഷ ഫീസിലുണ്ടെന്നറിയുമ്പോഴാണ് ഫീസ് ഘടനയിലെ ഈ അന്തരം നമുക്ക് ബോധ്യപ്പെടുക. അതിലുപരി, നിലവില്‍ ചില സ്വാശ്രയ മാനേജുമെന്റുകള്‍ നടത്തുന്ന കോടതി വ്യവഹാരങ്ങള്‍ക്കവസാനം പ്രതിവര്‍ഷ ഫീസ് കൂട്ടി, കോടതി തീരുമാനം വന്നാലും ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ നിലവില്‍ ധാരണയായിരിക്കുന്ന കുറഞ്ഞ ഫീസ് തന്നെയേ വാങ്ങൂവെന്ന അസ്സോസിയേഷന്റെ തീരുമാനവും ഈ നിലപാടിന്റെ പ്രയോഗികത തന്നെയാണ്.
കോവിഡ് പശ്ചാത്തലത്തില്‍ ഇതിനകം തന്നെ നീണ്ടു പോയ മെഡിക്കല്‍ പ്രവേശന നടപടികള്‍, ഫീസ് നിര്‍ണ്ണയിത്തിലുടക്കി നില്‍ക്കുമായിരുന്ന സാഹചര്യത്തില്‍ അസ്സോസിയേഷന്റെ ഈ തീരുമാനം പ്രശംസാവഹമെന്ന് പറയാതെ വയ്യ. പലവര്‍ഷങ്ങളിലും മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാന സമയത്ത് ഉണ്ടാകാറുള്ള ഈ അനിശ്ചിതത്വം ഒഴിവാക്കാന്‍ അസ്സോസിയേഷന്റെ ഈ നിലപാടു കൊണ്ട് സാധിച്ചുവെന്നു പറയുന്നതാകും, കൂടുതല്‍ ശരി.
ഇതൊരു നിലപാടിന്റെ തുടര്‍ച്ച തന്നെയാണ്. വിദ്യാഭ്യാസം, കേവലമൊരു വ്യവസായം മാത്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ സ്വാശ്രയ മേഖലയിലും മിതമായ ഫീസ് സൗകര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനവസരം നല്‍കുകയെന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള സമീപനത്തിന്റെ തുടര്‍ച്ച. യാതൊരു സങ്കോചവും കൂടാതെയും ലാഭേച്ഛകളില്ലാതെയും എടുത്ത ഈ തീരുമാനത്തിന്, ഞങ്ങളുടെയും കേരളീയ സമൂഹത്തിന്റേയും നല്ല നമസ്‌കാരം.
ഇതൊരു പ്രചോദനം കൂടിയാണ്, ദുഷ്പ്രചരണങ്ങള്‍ക്കിടയിലും സത്യത്തിനു മുഖം നഷ്ടപ്പെടുന്നില്ലെന്ന ഓര്‍മ്മപ്പെടുത്തലിന്റെ പ്രചോദനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org