പ്രസരിപ്പിലും പ്രത്യാശയിലും വാര്‍ദ്ധക്യത്തെ പുഷ്‌ക്കലമാക്കുന്നവര്‍

പ്രസരിപ്പിലും പ്രത്യാശയിലും വാര്‍ദ്ധക്യത്തെ പുഷ്‌ക്കലമാക്കുന്നവര്‍

കോവിഡ് തരംഗം മനുഷ്യജന്മങ്ങളെ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടുമ്പോഴും പ്രത്യാശയുടെ തിരിവെട്ടവുമായി ചില വ്യക്തിത്വങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത് നമുക്ക് കാണാനാകും. "Candle in the wind" പോലെ. പ്രതിസന്ധികള്‍ക്കുള്ളി ലും പ്രത്യാശയുടെ കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുക എന്നതാണ് മര്‍ത്ത്യധര്‍ മ്മം. തിര എടുത്തുകൊണ്ടു പോയതെന്ത് എന്നതല്ല, തീരത്ത് എന്ത് അവശേഷിപ്പിച്ചു എന്ന അന്വേഷണത്തിലാണ് അതിജീ വനത്തിന്റെ കരുത്ത്. ഈ അന്വേഷണമാണ് ചേര്‍ത്തല പാണാവള്ളി സ്വദേശി സേവ്യറിനെയും കണ്ണൂര്‍ ഇരിട്ടി സ്വദേശിനി അന്നമ്മ മാത്യുവിനെയും പോലുള്ളവരെ വ്യത്യസ്തരാക്കുന്നത്….

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കെ.ടി. സേവ്യര്‍

കെ.ടി. സേവ്യര്‍
കെ.ടി. സേവ്യര്‍

ഔദ്യോഗിക ജോലികളില്‍ നിന്നും വിരമിച്ചു കുടുംബകാര്യങ്ങള്‍ മക്കളുടെ കൈകളിലേക്ക് കൈമാറി പേരക്കുട്ടികളെ താലോലിച്ചും അവരുടെ കുസൃതികള്‍ കണ്ടു സന്തോഷിച്ചും അവരുടെ കുഞ്ഞു മനസ്സുകളില്‍ സത്ചിന്തകള്‍ പകരാന്‍ അവസരമൊരുക്കിയും സത്ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും ഭക്തി മാര്‍ഗത്തില്‍ കഴിച്ചു കൂട്ടുവാന്‍ ഉള്ളതാണ് വാര്‍ദ്ധക്യം. ദൈവം തിരുമനസ്സാകുന്ന കാലത്തോളം ആ ജീവിതാവസ്ഥ ആസ്വദിക്കുകയാണല്ലോ കരണീയം എന്ന ചിന്തയില്‍ കഴിയുമ്പോഴാണ് ഓണ്‍ലൈന്‍ മീഡിയാ സംവിധാനം ഉപയോഗിച്ച് വിശുദ്ധരുടെ ജീവചരിത്രം അനുദിനം ധ്യാന വിഷയമാക്കുന്നത് നല്ലതാണെന്ന വിചാരം എഴുപത്തെട്ടുകാരനായ സേവ്യര്‍ ചേട്ടന്റെ മനസ്സിലേക്ക് കടന്നുവന്നത്. അതിനു പിന്നിലെ പ്രചോദനം സേവ്യര്‍ ചേട്ടന്‍ വിശദീകരിക്കുന്നതിങ്ങനെ:

"അനുദിന കുടുംബ ബൈബിളില്‍ മുകള്‍ ഭാഗത്ത് ഒരു മൂലയില്‍ അന്നത്തെ വിശുദ്ധന്റെ പേരും പടവും ചേര്‍ത്തിരിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചപ്പോള്‍, ഓരോ ദിവസത്തെയും വിശുദ്ധനെയോ വിശുദ്ധയെയോ പറ്റി ഒരു ലഘു വിവരണം എഴുതി വീഡിയോ ആയി അവതരിപ്പിച്ചു കൂടെ എന്നൊരു ആശയം തോന്നി." "വിശുദ്ധരുടെ പിന്നാലെ" എന്ന യൂട്യൂബ് വീഡിയോയുടെ തുടക്കം അതായിരുന്നു.

ആരെയെങ്കിലും വിളിക്കുവാനോ വിളിച്ചാല്‍ മറുപടി പറയുവാനോ ഉള്ളതു മാത്രമാണു മൊബൈല്‍ ഫോണ്‍ എന്ന ലഘു വിജ്ഞാനത്തില്‍ സംതൃപ്തനായി കഴിഞ്ഞിരുന്ന സേവ്യര്‍ ചേട്ടനെ അദ്ദേഹത്തിന്റെ കൊച്ചുമക്കളാണ് മൊബൈലിന്റെ അനന്ത സാധ്യതകളെപ്പറ്റി ബോധ്യപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ സേവ്യര്‍ ചേട്ടന്‍ ഓരോ ദിവസവും വിശുദ്ധരുടെ ജീവചരിത്രം സ്വയം തയ്യാറാക്കി വായിക്കുമ്പോള്‍ കൊച്ചുമക്കള്‍ അത് റെക്കോര്‍ഡ് ചെയ്ത് ഓണ്‍ലൈന്‍മീഡിയ സംവിധാനത്തിലൂടെ യൂട്യൂബ് ചാനല്‍ വഴി വളരെ ആകര്‍ഷകമാക്കി അവതരിപ്പിക്കും. ഇതുവഴി തനിക്കും തന്റെ കുടുംബത്തിനും ലഭിക്കുന്ന അനുഗ്രഹങ്ങളെപറ്റി പറയാന്‍ അദ്ദേഹത്തിന് നൂറ് നാവാണ്. ഏറെ ചാരിതാര്‍ത്ഥ്യത്തോടെ സംതൃപ്തിയോടെ സേവ്യര്‍ ചേട്ടന്‍ ഈ പ്രേഷിതദൗത്യം തുടര്‍ന്നു കൊണ്ടുപോകുന്നു.

ചെറുപ്പത്തില്‍ വീട്ടില്‍ നിന്നു പരിചയിച്ച ചിട്ടയായ ജീവിത ശൈലിയും ദൈവഭക്തിയില്‍ വളരാന്‍ സഹായകമായ അന്തരീക്ഷ വുമാണ് തന്റെ ജീവിതത്തിലെ വിജയങ്ങള്‍ക്കെല്ലാം നിദാനമെന്നു ഇദ്ദേഹം വ്യക്തമാക്കുന്നു. സന്ധ്യയായാല്‍ പേരക്കുട്ടികളെ വിളിച്ചുകൂട്ടി കുടുംബപ്രാര്‍ത്ഥന നടത്തുന്ന അപ്പാപ്പനും, നടക്കുമ്പോഴും ഇരിക്കുമ്പോഴും കൊന്ത മണികള്‍ ഉരുട്ടി പ്രാര്‍ത്ഥന ഉരു വിട്ടു കഴിഞ്ഞിരുന്ന അമ്മാമ്മയും, സന്ധ്യാ പ്രാര്‍ത്ഥനകളും ജപമാലയും ക്രമമായും കൃത്യമായും ചൊല്ലി വന്നിരുന്ന മാതാപിതാക്കളുമാണ് ജീവിതത്തിലെ റോള്‍ മോഡലുകളെന്നു എഴുപത്തെട്ടാം വയസ്സിലും കൃതജ്ഞതയോടെ അനു സമരിക്കുകയാണ് ഇദ്ദേഹം. ദിവ്യബലിയിലുള്ള സജീവപങ്കാളിത്തം, വൈദികരില്‍ നിന്നും ലഭിച്ചിട്ടുള്ള ഉപദേശനിര്‍ദ്ദേശങ്ങള്‍, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച ഊര്‍ജ്ജം ഇതൊക്കെ ദൈവിക ചിന്തയില്‍ അടിയുറച്ചു വളരാന്‍ ഉത്തേജകമായ തോടൊപ്പം സന്യസ്തര്‍ നല്‍കിയ പ്രോത്സാഹന ങ്ങളും നിയന്ത്രണങ്ങളും എന്നുമെന്നും അനുഗ്രഹദായകമായിട്ടുണ്ട്.
1960 ല്‍ എസ്എസ്എല്‍സി ഉയര്‍ന്ന മാര്‍ക്കില്‍ പാസ്സായ സേവ്യര്‍ ചേട്ടന്‍ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യും. നല്ലൊരു കലാകാരനും കവിയും എഴുത്തുകാരനുമാണ്. സ്വന്തം മകന്റെ വിവാഹത്തില്‍ കുര്‍ബാനയ്ക്കിടയില്‍ പാടാനുള്ള ചില പാട്ടുകള്‍ ചിട്ടപ്പെടുത്താനുള്ള അപൂര്‍വ്വഭാഗ്യവും ഉണ്ടായി. അസീസി, സത്യദീപം തുടങ്ങിയ സഭാ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്. ആധാരം എഴുത്ത് സംഘടനയുടെ മുഖപത്രമായ ഡോക്യുമെന്റ് ജേര്‍ണല്‍ മാസികയില്‍ പ്രസിദ്ധീകരിച്ച 'അക്കരയിലെ അമ്മ വീട്' എന്ന നോവല്‍ ശ്രദ്ധേയമായിരുന്നു. ഭാര്യ അച്ചാമ്മയോടൊപ്പം സംതൃപ്ത കുടുംബജീവിതം നയിക്കുന്ന സേവ്യര്‍ ചേട്ടന് അഞ്ച് മക്കളാണ് റെജി, റെനി, റോജന്‍, സിസ്റ്റര്‍ ലിസാ സേവ്യര്‍ എഫ്‌സിസി, റീജ

അന്നമ്മ മാത്യു

അന്നമ്മ മാത്യു
അന്നമ്മ മാത്യു

തൊണ്ണൂറ്റിമൂന്നുകാരിയായ അന്നമ്മ മാത്യു എന്ന അമ്മാമ്മ സ്റ്റിച്ചിംഗിലും പെയിന്റിംഗിലും വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്. 65 വയസ്സു മുതലാണ് പെയിന്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സാരി, കര്‍ട്ടന്‍, ഫ്രോക്ക് തുടങ്ങിയവയില്‍ പെയിന്റിംഗുകള്‍ ചെയ്തു വര്‍ണ മനോഹരമാക്കുന്ന അമ്മാമ്മ, തുണികളിലും ഗ്ലാസുകളിലും നിറങ്ങള്‍ ചാലിച്ച് മിഴിവാര്‍ന്ന ചിത്രങ്ങള്‍ക്കു രൂപം കൊടുക്കുകയാണ്.

65 വയസ്സു മുതല്‍ 89 വയസ്സുവരെയാണ് അമ്മാമ്മ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചത്. ഇക്കാലയളവില്‍ ഏതാണ്ടു 400 ല്‍ പരം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ വിശ്രമജീവിതത്തിനിടയിലും ചായക്കൂട്ടുകളിലേക്കു വിരലുകള്‍ നീളാറുണ്ട്. ക്രിസ്തുദേ വന്‍, അന്ത്യ അത്താഴം, പരി. കന്യാമറിയം തുടങ്ങി ക്രിസ്തീയ പശ്ചാത്തലത്തിലുള്ള അനേകം ചിത്രങ്ങളും നിരവധി പ്രകൃതി ദൃശ്യങ്ങളും അന്നാമ്മ മാത്യുവിന്റേതായുണ്ട്. ക്രോസ് സ്റ്റിച്ചിംഗിലും ലോംഗ് സ്റ്റിച്ചിംഗിലും എംബ്രോയ്ഡറിയിലുമടക്കം ഒട്ടേറെ വര്‍ക്കുകളും നടത്തിയിരിക്കുന്നു. നിറങ്ങളില്‍ ചാലിച്ച പെയിന്റിംഗുകളുടെ പ്രദര്‍ശനം നടത്തണമെന്നാഗ്രഹിച്ചെങ്കിലും ഇതുവരെയും അതിനു ശ്രമിച്ചിട്ടില്ല. വരക്കുന്ന ചിത്രങ്ങളത്രയും മക്കളും ബന്ധുക്കളും സ്വന്തമാക്കുകയാണു പതിവ്.

കാഞ്ഞിരപ്പള്ളിയില്‍ നിന്നു കണ്ണൂര്‍ ഇരിട്ടിയിലേക്കു കുടിയേറിയതാണ് അമ്മാമ്മയുടെ കുടുംബം. ഭര്‍ത്താവ് കുരിശുംമൂട്ടില്‍ മാത്യു 23 വര്‍ഷം മുമ്പ് മരണമടഞ്ഞു. പത്തുമക്കളുണ്ട്. സ്വദേശത്തും വിദേശത്തുമായി കഴിയുന്ന അവര്‍ക്കെല്ലാം കൂടി 23 കൊച്ചുമക്കള്‍. മക്കളും കൊച്ചുമക്കളും പേരക്കിടാങ്ങളുമൊക്കെയായി വാര്‍ദ്ധക്യം സംതൃപ്തിദായകവും സന്തോഷകരവുമാകുമ്പോള്‍ അമ്മാമ്മ, ജീവിതത്തില്‍ വലിയ പ്രചോദനമായിരുന്നെന്നു സാക്ഷ്യപ്പെടുത്തുകയാണു കുടുംബാംഗങ്ങള്‍.

ചെറുപ്പം മുതലേ ടൈലറിംഗില്‍ തത്പരയായിരുന്നു അന്നമ്മ മാത്യു. പത്തു മക്കളില്‍ ആറു പെണ്‍മക്കളുടെയും ഡ്രസ്സുകള്‍ തയ്ച്ചു നല്‍കിയിരുന്ന അന്നമ്മ, സ്വയം ആര്‍ജ്ജിച്ചെടുത്ത കഴിവാണ് സ്റ്റിച്ചിംഗും പെയിന്റിംഗും. വലിയ തുണികളില്‍ പെയിന്റുകള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം സമയമെടുക്കുമെന്ന് അമ്മാമ്മ പറയുന്നു. "ഞാന്‍ സ്വയം പഠിച്ചതെല്ലാം മക്കളെയും പഠിപ്പിച്ചിട്ടുണ്ട്. അവരെല്ലാം ഇപ്പോള്‍ മിടുക്കികളാണ്. നല്ല തയ്പുകാരാണു പലരും" – പെണ്‍മക്കളെക്കുറിച്ച് അമ്മാമ്മ പറയുന്നു.

കൊറോണക്കാലം ഒഴിച്ചാല്‍ നിത്യവും പള്ളിയില്‍ പോയിരുന്ന അമ്മാമ്മ ഈ മഹാമാരിയിലും ദൈവം തന്ന താലന്തുകള്‍ ഫല പ്രദമായി വിനിയോഗിക്കാന്‍ സന്നദ്ധയാണ്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. എറണാകുളത്ത് തൃക്കാക്കരയില്‍ മകള്‍ റിസ്സി ജോര്‍ജ്ജ് അന്ത്രപ്പേറിനൊപ്പമാണ് ഇപ്പോള്‍ താമസം. തലമുറകളായുള്ള പാരമ്പര്യ ചികിത്സയും അമ്മാമ്മയുടെ കൈപ്പുണ്യമാണ്. മകള്‍ റിസ്സിയാണ് ഇപ്പോള്‍ ഇത് അനു ഷ്ഠിക്കുന്നത്. എത്ര പഴകിയ മഞ്ഞപ്പിത്തവും സിറോ സിസും ഫലപ്രദമായ പാരമ്പര്യചികിത്സകൊണ്ട് മാറ്റിയെടുക്കുന്നു. ഹെപ്പറ്റെ റ്റിസ് എ, ബി, ആസ്ത്മ, വിട്ടുമാറാത്ത അലര്‍ജി, തുമ്മല്‍, ചുമ, ശ്വാസതടസ്സം എന്നിവയ്ക്കും പൈല്‍സ്, മൈഗ്രെയ്ന്‍, കിഡ്‌നി സ്റ്റോണ്‍, ബ്ലാഡര്‍ സ്റ്റോണ്‍ മുതലായ രോഗങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുന്നുണ്ടെന്ന് റിസ്സി പറയുന്നു. കേരളത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നു പലരും ചികിത്സയ്ക്ക് എത്തുന്നുണ്ട്.

93 വയസ്സായ അമ്മാമ്മയുടെ മൂത്തമകന് 70 വയസ്സുണ്ട്. ഇളയമകള്‍ക്ക് 53 വയസ്സാണു പ്രായം. ദൈവഭക്തിയും പ്രാര്‍ത്ഥനയും ചിട്ടയായ ജീവിതചര്യകളും ഇന്നും ആരോഗ്യത്തോടെ മുന്നോട്ടു പോകാന്‍ അമ്മാമ്മയ്ക്കു സഹായകമാകുന്നു. ദൈവം തന്ന കഴിവുകള്‍ അത് ഏതു പ്രായത്തിലുള്ളവരായാലും നന്നായി വിനിയോഗിക്കണം എന്നാണ് അമ്മാമ്മയ്ക്കു പറയാനുള്ളത്. എല്ലാവരിലും ദൈവം താലന്തുകള്‍ നിക്ഷേപിച്ചിട്ടുണ്ട്. അതു കണ്ടെത്തി വിനയോഗിക്കണം. താലന്തുകള്‍ കുഴിച്ചിടാനുള്ളതല്ല, പ്രയോജനപ്പെടുത്തി വര്‍ദ്ധിപ്പിക്കാനുള്ളതാണ്. ജീവിതം ആസ്വാദ്യകരവും ആനന്ദകരവുമാക്കാന്‍ അന്യരുടെ കുറവുകളിലേക്കു നോക്കാതെ സ്വന്തം നിറവുകളിലേക്കു നോക്കാനാണ് ഈ അമ്മാമ്മ പുതുതലമുറയെ ഉപദേശിക്കുന്നത്.

(ഫോണ്‍ 9809011120)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org