ഫ്രാന്‍സിസ് പാപ്പയുടെ മരണം ആഗ്രഹിക്കുന്നവര്‍

ഫ്രാന്‍സിസ് പാപ്പയുടെ മരണം ആഗ്രഹിക്കുന്നവര്‍

ഫാ. ഡോ. മാര്‍ട്ടിന്‍ N ആന്റണി O de M

തന്റെ മരണം ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ട് എന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ഈ കഴിഞ്ഞ സെപ്റ്റംബര്‍ പന്ത്രണ്ടാം തീയതി (12/09/2021) സ്ലോവാക്യ അപ്പസ്‌തോലിക സന്ദര്‍ശനവേളയിലാണ്. ഒരു തമാശ രൂപേണയാണ് അത് പറഞ്ഞതെങ്കില്‍ തന്നെയും ഈ വിഷയം ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണ്. പത്തു ദിവസത്തിനുശേഷം (23/09/2021) വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദിനാള്‍ പിയത്രോ പരൊളിന്‍ പറഞ്ഞത് അങ്ങനെയുള്ള എന്തെങ്കിലും അറിവുകള്‍ ചിലപ്പോള്‍ പാപ്പയ്ക്ക് കിട്ടിയിട്ടുണ്ടാകുമായിരിക്കുമെന്നാണ്. അതായത്, മാര്‍പാപ്പയുടെ വാക്കുകളെ കര്‍ദിനാള്‍ തള്ളിപ്പറയുന്നില്ല. അത് ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്; 2013 മാര്‍ച്ച് പതിമൂന്നാം തീയതി, എഴുപത്താറാമത്തെ വയസ്സില്‍ ജോര്‍ജ് ബെര്‍ഗോളിയോ ഫ്രാന്‍സിസ് പാപ്പയായ അന്നു മുതല്‍ ഇന്നുവരെ അദ്ദേഹത്തിനെതിരായി ഒരു കാറ്റ് സഭയുടെ ഉള്ളിലും പുറത്തുമായിട്ട് ആഞ്ഞു വീശുന്നുണ്ട്. ഈ എട്ടു വര്‍ഷത്തെ മാര്‍പാപ്പയുടെ ശുശ്രൂഷാ കാലയളവ് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് ഒരു കാര്യം മനസ്സിലാകും വ്യവസ്ഥാപിതവും ക്രൂരവുമായ തരത്തിലുള്ള ഒരു ഇന്‍ക്വിസിഷന്‍ തന്നെ പാപ്പയ്‌ക്കെതിരെ നടക്കുന്നുണ്ട്. അതില്‍ ചിലതു മാത്രം നമുക്കൊന്നു വിശകലനം ചെയ്യാം.

1) ആദ്യകാല ആക്രമണങ്ങള്‍

ഫ്രാന്‍സിസ് പാപ്പയ്‌ക്കെതിരെ ആദ്യ ആക്രമണം തുടങ്ങിയത് അമേരിക്കയിലെ തീവ്ര കത്തോലിക്കരില്‍നിന്നും തിയോക്കോണുകള്‍ (Teocon) എന്നറിയപ്പെടുന്ന മതരാഷ്ട്രീയ ക്രൈസ്തവ യാഥാസ്ഥിതികരില്‍ നിന്നുമാണ്. ഈ തിയോക്കോണുകള്‍ പൊതുവേ അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് പാരമ്പര്യത്തിലുള്ളവരാണ്. എങ്കിലും യാഥാസ്ഥിതിക നിലപാടുള്ള ക്രൈസ്തവര്‍ക്ക് വന്നു ചേര്‍ന്നിട്ടുള്ള പുതിയൊരു വിശേഷണമാണ് തിയോക്കോണ്‍. അവരുടെ കാഴ്ചപ്പാടില്‍ മാര്‍പാപ്പ വത്തിക്കാന്‍ സുന്നഹദോസിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്. തീവ്ര സ്വാതന്ത്ര്യത്തിന്റെ ചിന്തകളാണ് അദ്ദേഹം സഭയില്‍ കൊണ്ടുവരുന്നത്. നോക്കുക, ഒരു കാലഘട്ടത്തില്‍ സഭയില്‍ സ്വാതന്ത്ര്യമില്ല എന്ന് വിലപിച്ചവരാണ് ഇവര്‍. ഇന്നിതാ, സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ തുറക്കുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ അതിനെതിരെ ശബ്ദം ഉയര്‍ത്തുന്നു. സഭയുടെ മാനുഷിക മുഖത്തിനെ അവര്‍ അവഗണിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അവര്‍ രാഷ്ട്രീയമാനം പകര്‍ന്നു കൊടുക്കുന്നു. അതിന് ഏറ്റവും വലിയ തെളിവാണ് ഇല്‍ ഫോളിയോ (Il Foglio) എന്ന ഇറ്റാലിയന്‍ ദിനപത്രവും മീഡിയ സെറ്റ് (Mediaset) എന്ന വാര്‍ത്താ ചാനലും. ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ കാലഘട്ടത്തില്‍ വത്തിക്കാന് അനുകൂലമായി നിന്നിരുന്ന ഇറ്റാലിയന്‍ മാധ്യമങ്ങളാണവ; ഇന്ന് തീര്‍ത്തും എതിരാണ്. പാശ്ചാത്യ ചിന്തകളുടെയും സംസ്‌കാരത്തിന്റെയും അപ്രമാദിത്വം ഫ്രാന്‍സിസ് പാപ്പ പതുക്കെ സഭയില്‍ നിന്നും ഒഴിവാക്കുന്നു എന്നതാണ് അവര്‍ പറയുന്ന ന്യായം. ഔപചാരികത ഒന്നുമില്ലാതെ ജീവിക്കുന്ന ഒരു മാര്‍പാപ്പയെ സങ്കല്‍പ്പിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. ഫ്രാന്‍സിസ് പാപ്പാ തന്റെ മുന്‍ഗാമികള്‍ ഉപയോഗിച്ചിരുന്ന അപ്പോസ്‌തോലിക കൊട്ടാരത്തില്‍ താമസിക്കുന്നതിന് പകരം ഡൊമൂസ് സാന്റേ മാര്‍ത്തേ (Domus Sanctae Marthae) എന്നഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ തുടങ്ങിയതു പോലുള്ള പാരമ്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തികള്‍ യാഥാസ്ഥിതിക ക്രൈസ്തവരെ നല്ലതുപോലെ ചൊടിപ്പിച്ചു.

2) ഈ പാപ്പയെ ഞങ്ങള്‍ക്ക് ഇഷ്ടമല്ല

മാര്‍പാപ്പ സ്ഥാനം പ്രൗഢമായ അധികാരവും വിശുദ്ധിയുടെ ധൈഷണികതയുമാണെന്ന് കരുതുന്ന യാഥാസ്ഥിതിക സമൂഹത്തിന് ഫ്രാന്‍സിസ് പാപ്പയുടെ ലാളിത്യത്തിന്റെ ആത്മീയത അവരുടെ മുതലാളിത്ത മനോഭാവത്തിന് വെല്ലുവിളിയാകുകയാണ്. ദാരിദ്ര്യത്തിന്റെ ആകര്‍ഷണീയമായ പ്രദര്‍ശനമാണ് മാര്‍പാപ്പ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് അവരുടെ കുറ്റാരോപണം. 'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, പക്ഷേ ആ ദൈവം കത്തോലിക്കന്‍ ആകണമെന്ന് നിര്‍ബന്ധമില്ല,' 'ദരിദ്രരാണ് ക്രിസ്തുവിന്റെ ശരീരം,' 'മതപരിവര്‍ത്തനം തികച്ചും അസംബന്ധമാണ്' തുടങ്ങിയ ഫ്രാന്‍സിസ് പാപ്പയുടെ വാചകങ്ങള്‍ സാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റിയെടുത്തു, അത് സുവിശേഷത്തിന് വിരുദ്ധമാണ് എന്ന രീതിയില്‍ അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. കരുണയ്ക്കും ക്ഷമയ്ക്കും ഇത്രയും പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. സ്വവര്‍ഗ്ഗാനുരാഗികളോടും LGBT കാരോടും അകലം പാലിക്കേണ്ടതിനു പകരം കരുണയുടെയും ചേര്‍ത്തുനിര്‍ത്തലിന്റെയും വാദങ്ങള്‍ എന്തിന് ഉന്നയിക്കണം എന്നാണ് അവരുടെ ചോദ്യം. സഭാപാരമ്പര്യത്തിന് വിരുദ്ധമായ ഒരു മതം ഉണ്ടാക്കാനുള്ള ശ്രമമാണ് ഫ്രാന്‍സിസ് പാപ്പ നടത്തിക്കൊണ്ടിരിക്കുന്നത്. അമിതമായി മാനുഷിക വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നതുകൊണ്ട്, പാപ്പ അറിഞ്ഞോ അറിയാതെയോ പാഷണ്ഡതയുമായി അതിര്‍ത്തി പങ്കിടുകയാണ് എന്നൊക്കെയാണ് അവര്‍ നിരത്തുന്ന വാദങ്ങള്‍. അതു മാത്രമല്ല, പാപ്പ ഒരു ഈശോസഭക്കാരനാണ്, കുഴപ്പക്കാരനാണ്, അസ്വസ്ഥതയുണ്ടാക്കുന്നവനാണ്, ആപേക്ഷികവാദിയാണ്, ആധുനിക ചിന്താഗതിക്കാരനാണ്, ദരിദ്രനാണ്, മതവിരുദ്ധനാണ്… അതുകൊണ്ട് ഞങ്ങള്‍ക്ക് പാപ്പയെ ഇഷ്ടമല്ല.

3) നിലപാടിലെ സംഘര്‍ഷങ്ങള്‍

ഫ്രാന്‍സിസ് പാപ്പയുടെ ദൈവശാസ്ത്രപരമായ ചില കാഴ്ചപ്പാടുകള്‍ യാഥാസ്ഥിതിക മന സ്ഥിതിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളവയാണ്. 2016-ല്‍ ഇറങ്ങിയ അമോറിസ് ലെത്തിസിയ (Amoris Laetitia) എന്ന കുടുംബങ്ങളെ കുറിച്ചുള്ള അപ്പസ്‌തോലിക പ്രബോധനത്തില്‍ പാപ്പ പറയുകയുണ്ടായി: വിവാഹമോചിതരായവരും സഭയുടെ ഭാഗമാണെന്നു കരുതണം. അവര്‍ക്ക് നല്‍കേണ്ട കൂദാശകളുടെ കാര്യത്തില്‍ അവരുടെ സാഹചര്യങ്ങളെ വ്യക്തമായി പഠിച്ചതിനുശേഷം കൈകാര്യം ചെയ്യണം, ആരും അവഗണിക്കപ്പെടുന്നതായി അനുഭവപ്പെടരുത്. പക്ഷേ, ഈ ചിന്ത വലിയൊരു ആശയ കുഴപ്പമാണ് ദൈവശാസ്ത്രജ്ഞരിലും പുരോഹിതരിലും ഉണ്ടാക്കിയത്. അങ്ങനെ കൂദാശകളുടെ മൂല്യത്തെ ഇകഴ്ത്തി കാണിക്കുന്നു എന്ന കുറ്റം അവര്‍ പാപ്പയുടെ മേല്‍ ചുമത്തി.

ആരൊക്കെയോ ഫ്രാന്‍സിസ് പാപ്പയുടെ മരണം ആഗ്രഹിക്കുന്നുണ്ട്. മരണം വാചികമായ ഒരു യഥാര്‍ത്ഥ്യം മാത്രമല്ല, അത് പ്രതീകാത്മകം കൂടിയാണ്. ക്രൈസ്തവ വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നവരും യാഥാസ്ഥിതികതയില്‍ തളച്ചിടാന്‍ ശ്രമിക്കുന്നവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ മരണം ആഗ്രഹിക്കുന്നവരാണ്. വിശ്വാസപരമായ ജ്ഞാനത്തിന്റെ നിറകുടങ്ങളാണ് തങ്ങളെന്നാണ് ഈ രണ്ടു കൂട്ടരുടെയും അവകാശവാദം. അവരുടെ തന്നെ മനസ്സാക്ഷിയുടെ വാതിലുകള്‍ അടച്ചുപൂട്ടി താക്കോല് വലിച്ചെറിഞ്ഞതിനുശേഷം ക്രൈസ്തവികതയെ അതിരുകളില്‍ തളച്ചിടാന്‍ ശ്രമിക്കുകയാണവര്‍.

2019 ഫെബ്രുവരി നാലാം തീയതി ഫ്രാന്‍സിസ് പാപ്പയും അബുദാബിയിലെ ഗ്രാന്‍ഡ് ഇമാമായ ശൈഖ് അഹമ്മദ് എല്‍തയ്യിബുമായി ചേര്‍ന്നെഴുതിയ മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണത്തില്‍ ദൈവേഷ്ടമാണ് ഭൂമിയിലെ ബഹുസ്വരത (Pluraltiy) എന്ന ചിന്ത പങ്കുവെയ്ക്കുന്നുണ്ട്. യാഥാസ്ഥിതികര്‍ക്ക് ആ ചിന്ത ദഹിച്ചില്ല എന്നതാണ് സത്യം. മറ്റു മതങ്ങളെയോ വര്‍ഗ്ഗത്തെയോ വര്‍ണ്ണത്തെയോ ഭാഷയെയോ അംഗീകരിക്കാന്‍ സാധിക്കാത്ത അവര്‍ക്ക് ബഹുസ്വരതയിലെ ദൈവീക മാനം എങ്ങനെ മനസ്സിലാകാനാണ്?

2021 ജൂലൈ പതിനാറാം തീയതി ത്രദിസിയോനിസ് കുസ്‌തോദിസ് (Traditionis Custodis) എന്ന മോത്തു പ്രോപ്രിയോയിലൂടെ പരമ്പരാഗത ലത്തീന്‍ കുര്‍ബാനയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാരണം, ലത്തീന്‍ ഭാഷയില്‍ കുര്‍ബാന അര്‍പ്പിക്കുന്നവരുടെയും പ്രാദേശിക ഭാഷയില്‍ കുര്‍ബാന അര്‍പ്പിക്കുന്നുവരുടെയും ഇടയില്‍ സഭാത്മകമായ ഐക്യം നഷ്ടപ്പെടുന്നത് നിത്യസംഭവമായി. ലത്തീന്‍ ഭാഷയില്‍ കുര്‍ബാന അര്‍പ്പിക്കുന്നവരാണ് യഥാര്‍ത്ഥ ക്രൈസ്തവര്‍ എന്ന ചിന്ത ആളിപ്പടരാന്‍ തുടങ്ങി, പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും. അതുകൊണ്ട് മാര്‍പാപ്പ പറഞ്ഞു ഓരോ രൂപതയിലെയും മെത്രാന്റെ അനുവാദത്തോടുകൂടി മാത്രമേ ഇനി മുതല്‍ ലത്തീന്‍ ഭാഷയില്‍ കുര്‍ബാന ചൊല്ലുവാന്‍ പാടുള്ളൂ എന്ന്. ഈയൊരു തീരുമാനം നല്ല ശതമാനം യാഥാസ്ഥിതികരെ, പ്രത്യേകിച്ച് ആരാധനക്രമം ഒരു ഭ്രമമായി കരുതുന്നവരെ, മാര്‍പാപ്പയ്‌ക്കെതിരേ തിരിയുവാന്‍ കാരണമാക്കി.

4) കപട കത്തോലിക്കരു ടെ വിലാപങ്ങള്‍

2013 മാര്‍ച്ച് മാസം ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ സ്ഥാനമേറ്റെടുത്ത ദിനങ്ങളിലാണ് മിലാനില്‍ മത്തേയൊ സല്‍വീനി (Matteo Salvini) ലേഗ നോര്‍ദ് (Northern League) എന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാകുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ കാഴ്ചപ്പാടുകള്‍ക്ക് നേര്‍വിപരീതമാണ് മത്തേയൊ സല്‍വീനിയുടെ രാഷ്ട്രീയ നിലപാടുകള്‍. അഭയാര്‍ഥികളോടും ഇതര മതസ്ഥരോടും കരുണയോടെ പെരുമാറണമെന്ന പാപ്പയുടെ ആഹ്വാനത്തിന് വിരുദ്ധമായി അദ്ദേഹം ഒരു കൈയില്‍ ജപ മാലയും മറു കയ്യില്‍ ബൈബിളും പിടിച്ചുകൊണ്ട് പച്ചയായ വര്‍ഗീയത പ്രസംഗിച്ചു. ആദ്യമൊക്കെ ഇറ്റലിക്കാര്‍ അദ്ദേഹത്തെ അവഗണിച്ചു. അപ്പോഴും ചെറിയൊരു കൂട്ടം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. അവര്‍ ക്രൈസ്തവികതയെ അപരവിദ്വേഷത്തിന്റെ രാഷ്ട്രീയ മാര്‍ഗ്ഗമാക്കി മാറ്റി. അഭയാര്‍ത്ഥികള്‍ക്കും മുസ്‌ലീംങ്ങള്‍ക്കും എതിരെ അവര്‍ വെറുപ്പിന്റെ ചിന്തകള്‍ പ്രചരിപ്പിച്ചു. ആര്‍ദ്രത പ്രഘോഷിക്കുന്ന ഫ്രാന്‍സിസ് പാപ്പയെ ആന്റി പോപ്പ് ആയി ചിത്രീകരിക്കുകയും ചെയ്തു. പലരും പരസ്യമായി പ്രഖ്യാപിച്ചു, ഞങ്ങളുടെ പാപ്പ ഫ്രാന്‍സിസ് അല്ലെന്നും ബെനഡിക്റ്റ് പതിനാറാമന്‍ ആണെന്നും. അതിന്റെ അലയൊലികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തി. അതുകൊണ്ടു തന്നെ സഹജ വിദ്വേഷം പ്രത്യയ ശാസ്ത്രമായി കൊണ്ടുനടക്കുന്ന ക്രൈസ്തവര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ഒരു കല്ലുകടിയായി. സഹജരെ ശത്രുവായി കരുതുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പയെ അംഗീകരിക്കാന്‍ സാധിക്കില്ല. കാരണം ഫ്രാന്‍സിസ് പാപ്പയുടെ സുവിശേഷം ക്രിസ്തുവിന്റെ സുവിശേഷമാണ്. അത് ആര്‍ദ്രതയുടെ സുവിശേഷമാണ്.

5) മുന്‍ഗണനകളുടെ വിപര്യാസം

ഏകദേശം 2013 കാലയളവില്‍ തന്നെ ഫ്രാന്‍സിസ് പാപ്പ തന്റെ പ്രഭാഷണങ്ങളിലൂടെ സഭയുടെ മുന്‍ഗണനകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യം യാഥാസ്ഥിതികര്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും പ്രാധാന്യം കൊടുക്കാതെ ദരിദ്രരെ സ്‌നേഹിക്കുന്നതിനെ കുറിച്ചും മാഫിയകള്‍ക്കെതിരെ പോരാടുന്നതിനെക്കുറിച്ചും ലോകത്ത് നീതിയും സമാധാനവും ഉണ്ടാവാന്‍ വേണ്ടിയുമൊക്കെയാണ് പാപ്പ പ്രഘോഷിക്കുന്നത്. എവിടെ ദൈവശാസ്ത്രപരമായ പരി ചിന്തനങ്ങള്‍ എന്നാണ് അവര്‍ ചോദിക്കുന്നത്. പൗരോഹിത്യ നിഷ്പക്ഷതയേയും മുതലാളിത്തത്തെയും ഉപഭോഗ സംസ്‌കാരത്തെയും ആധുനികതയുടെ പൊങ്ങച്ചത്തെയും പാപ്പ ശക്തിയുക്തം എതിര്‍ക്കുമ്പോഴും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയെ പോലെ ക്രിസ്തുവിനെക്കുറിച്ച് ആഴമായ ദൈവശാസ്ത്രം എന്തേ പ്രഘോഷിക്കുന്നില്ല? ഈ ചോദ്യം കേള്‍ക്കുമ്പോള്‍ തോന്നും അത് ശരിയാണല്ലോ എന്ന്. പക്ഷേ പാപ്പ എഴുതിയ എവാഞ്ജലിയും ഗൗദിയും (Evangelium Gaudium) എന്ന ചാക്രിക ലേഖനം വായിച്ചാല്‍ ആരും ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുമെന്ന് തോന്നുന്നില്ല. ക്രൈസ്തവ വിശ്വാസത്തിന്റെസത്തയാണ് ആ ചാക്രികലേഖനം. അതില്‍ മുന്‍ഗണനകളുടെ വിപര്യാസം ഒന്നും തന്നെ കാണാന്‍ സാധിക്കില്ല.

ഉപസംഹാരം

ആരൊക്കെയോ ഫ്രാന്‍സിസ് പാപ്പയുടെ മരണം ആഗ്രഹിക്കുന്നുണ്ട്. മരണം വാചികമായ ഒരു യഥാര്‍ത്ഥ്യം മാത്രമല്ല, അത് പ്രതീകാത്മകം കൂടിയാണ്. ക്രൈസ്തവ വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നവരും യാഥാസ്ഥിതികതയില്‍ തളച്ചിടാന്‍ ശ്രമിക്കുന്നവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ മരണം ആഗ്രഹിക്കുന്നവരാണ്. വിശ്വാസപരമായ ജ്ഞാനത്തിന്റെ നിറകുടങ്ങളാണ് തങ്ങളെന്നാണ് ഈ രണ്ടു കൂട്ടരുടെയും അവകാശവാദം. അവരുടെ തന്നെ മനസ്സാക്ഷിയുടെ വാതിലുകള്‍ അടച്ചുപൂട്ടി താക്കോല് വലിച്ചെറിഞ്ഞതിനുശേഷം ക്രൈസ്തവികതയെ അതിരുകളില്‍ തളച്ചിടാന്‍ ശ്രമിക്കുകയാണവര്‍. ക്രൈസ്തവ തനിമയെ അവര്‍ ഭയപ്പെടുത്തുന്ന ഒരു ആശയമായി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. സുവിശേഷത്തിന്റെ ആര്‍ദ്രതയെ ചങ്ങലയില്‍ തളച്ചിടുന്നു. അഹിംസയുടെ യുക്തിയെ കാറ്റില്‍പറത്തുന്നു. കാല്‍വരിയില്‍ ചൊരിഞ്ഞ നിഷ്‌കളങ്ക രക്തത്തിന് അക്രമം കൊണ്ട് വ്യാഖ്യാനം രചിക്കുന്നു. അവര്‍ അറിയുന്നില്ല തങ്ങള്‍ കൂട്ടു കൂടിയിരിക്കുന്നത് മരണസംസ്‌കാരവുമായിട്ടാണെന്ന്. സഹജന്റെ മരണം ആഗ്രഹിക്കുകയെന്നത് ഒരു രോഗ ലക്ഷണമല്ല, ഒരു രോഗം തന്നെയാണ്. മാരകവും സാംക്രമികവുമായ രോഗമാണത്. ഇതൊരു പുതിയ രോഗമല്ല. യോഹന്നാന്റെ ഒന്നാമത്തെ ലേഖനത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. 'താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്. സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു; അവന് ഇടര്‍ച്ച ഉണ്ടാകുന്നില്ല. എന്നാല്‍, തന്റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്. അവന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയതിനാല്‍ എവിടേക്കാണു പോകുന്നതെന്ന് അവന്‍ അറിയുന്നില്ല' (1 യോഹ. 2:9-11).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org