തൊഴിലഴക്

തൊഴിലഴക്

മെയ് ദിനോര്‍മ്മയില്‍ ഒരു തൊഴില്‍ വിചാരം


ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.

പരിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ പള്ളിയില്‍ മുട്ടു കുത്തുന്ന ആ മനുഷ്യന്‍റെ പാദങ്ങള്‍ പലപ്പോഴും പിന്നിലിരുന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വെള്ളകള്‍ വിണ്ടുകീറി വികൃതമാണവ. നീണ്ട നഖങ്ങള്‍ക്കിടയില്‍ കഴുകിയിട്ടും ശേഷിക്കുന്ന കട്ടയും മണ്ണും. കാലുകളുടെ പത്തിപ്പുറങ്ങളില്‍ എഴുന്നുനില്ക്കുന്ന നാഡീഞരമ്പുകള്‍. ഇവയെല്ലാം പറമ്പില്‍ പകലന്തിയോളം പണിയുന്ന അയാളുടെ അധ്വാനത്തിന്‍റെ അടയാളങ്ങളാണ്. കാലത്തെഴുന്നേറ്റ് കറുമ്പിപ്പശുവിനെ കറക്കുന്നതോടെ തുടങ്ങും അയാളുടെ ദിനചര്യകള്‍. പിന്നീട്, പാടത്തും, പച്ചക്കറിത്തോട്ടത്തിലുമെല്ലാം മാറിമാറി അയാളെ കാണാം. പറന്നുനടക്കുന്ന പക്ഷിയെപ്പോലെ!

സര്‍വ്വവ്യാപിയാണോ എന്നു പോലും സംശയിച്ചുപോകും. മഞ്ഞും, മഴയും, വെയിലും വകവയ്ക്കാതെ മുള്ളുകളും, തേളും, തേരട്ടയും, കല്ചീളുകളും, കഴപ്പനുറുമ്പുകളുമുള്ള നിലത്തിലൂടെ നഗ്നപാദനായി പണിചെയ്തു നടക്കും. ബാറ്റയുടെ ബൂട്ടിനേക്കാള്‍ കട്ടിയുള്ളവയാണ് അയാളുടെ കാല്‍വെള്ളകള്‍. കൂലിത്തൊഴിലാളിയാണെങ്കിലും സ്വന്തം സ്ഥലത്തെന്നപോലെ ആത്മാര്‍ത്ഥമായി അധ്വാനിക്കുന്ന അയാളുടെ അര്‍പ്പണമനോഭാവം ആരെയും അതിശയിപ്പിക്കും. നിലമുഴാനും, നടാനും, നനക്കാനും, കളപറിക്കാനും, കീടനാശിനിയടിക്കാനും, വിളവെടുക്കാനും, വില്ക്കാനുമൊക്കെയുള്ള കാലവും കണക്കുകളും കലണ്ടറില്ലാതെ അയാള്‍ക്കു കൃത്യമായറിയാം. ജോലിത്തിരക്കിനിടയിലും പിള്ളേരെ പള്ളിക്കൂടത്തില്‍ ആക്കാനും, പലചരക്കുകടയില്‍ പോകാനും, പത്രം വായിക്കാനും, കുരിശുവരയ്ക്കാനുമൊക്കെ ആ സാധുവിനു സമയമുണ്ടുതാനും. വിലപിടി പ്പുള്ള വിദേശനിര്‍മ്മിത വാച്ചുകള്‍ കെട്ടിയിട്ടും ഒന്നിനും സമയമില്ലാത്ത പരിഷ്കാരികള്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ മണിക്കൂറുകള്‍ വാച്ചുകെട്ടാത്ത, പത്രാസു കാട്ടാത്ത ആ പണിക്കാരനുണ്ടോ എന്നു തോന്നും. അക്ഷരജ്ഞാനം അധികമില്ലെങ്കിലും, അന്തിയില്‍ അരണ്ട വെട്ടത്ത് മുറിയുടെ മുന്നിലിരുന്ന് മൂന്നാം ക്ലാസ്സിലെ മകനു പുസ്തകത്താളുകള്‍ മറിച്ച് എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നതും കാണാം. പഠനത്തില്‍ അവനു പ്രചോദനമേകാന്‍ ആ അപ്പന്‍റെ അടുപ്പം മാത്രം മതിയാകും. വിശ്രമമില്ലാതെ വേലചെയ്തിട്ടും, അരമണിക്കൂര്‍ പോലും അസുഖമായിട്ട് അയാള്‍ കിടക്കുന്നത് ആരും കണ്ടിട്ടില്ല. കാരണം, അയാളുടെ അസ്ഥികള്‍ക്കു അനായാസതയും, ശരീരത്തിനു ശേഷിയും അധ്വാനത്തെ വിലമതിക്കുന്ന ദൈവം വരമേകിയിട്ടുണ്ട്.

മെയ്യും മനവും മറന്ന് വേല ചെയ്യുന്നവരെ വന്ദിക്കാനും, നന്ദിയോടെ ഓര്‍ക്കാനും, അവരുടെ ആയുരാരോഗ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനുമുള്ളതാണ് തൊഴിലാളിദിനം. ചുമച്ചുകൊണ്ടും ചുമടെടുക്കുന്നവര്‍, ചങ്കു കലങ്ങുമ്പോഴും വണ്ടി വലിക്കുന്നവര്‍, പുകയും ചൂടും സഹിച്ച് പാചകമുറികളില്‍ പലഹാരങ്ങള്‍ പാകപ്പെടുത്തുന്നവര്‍, നിര്‍മ്മാണ മേഖലകളില്‍ നിന്നുതിരിയാന്‍ പോലും നേരമില്ലാത്തവര്‍, എണ്ണപ്പാടങ്ങളില്‍ എരിഞ്ഞുതീരുന്നവര്‍, കല്ലുകളോടു മല്ലടിക്കുന്നവര്‍… ഇങ്ങനെ നീളുന്നു നടുവു നിവര്‍ത്താതെ പണിചെയ്യുന്നവരുടെ പട്ടിക. തൊഴിലാളികളെ തൊഴാം. പ്രകൃതിയുടെ പച്ചപ്പിനെ പരിപാലിക്കുന്നതും, ലോകത്തിന്‍റെ അഭിവൃദ്ധിക്കു ചുക്കാന്‍ പിടിക്കുന്നതും അവരാണ്. നടുകയും, നനക്കുകയും, കിളക്കുകയും, കളപറിക്കുകയും, കൊയ്യുകയുമൊക്കെ ചെയ്യുന്ന അവരുടെ വിയര്‍പ്പാണു വിരുന്നുമേശയില്‍ വിഭവങ്ങളായി നാം വിളമ്പുന്നത്. അവരുടെ വി രല്‍പ്പാടുകള്‍ പതിഞ്ഞ വീടുകളിലാണ് സുരക്ഷിതരായി, സുഖമായി നാം കഴിയുന്നത്. അവര്‍ തുന്നിത്തരുന്ന തുണിത്തരങ്ങളാണു അഭിമാനത്തോടേ നാം അണിഞ്ഞു നടക്കുന്നത്. അവര്‍ കുത്തിക്കെട്ടുന്ന ചെരിപ്പുകളാണു നമ്മുടെ പാദങ്ങളെ സംരക്ഷിക്കുന്നത്. എന്തിനേറെ, കുടിവെള്ളത്തിലും ശ്വാസവായുവിലും വരെ വേലചെയ്യുന്നവരുടെ വിയര്‍പ്പിന്‍റെ രുചിയും ഗന്ധവുമുണ്ട്.

അധ്വാനം അനാദി മുതലേയുള്ളതാണ്. അതിനു പ്രപഞ്ചത്തോളം പ്രായമുണ്ട്. നെറ്റിയിലെ വിയര്‍പ്പുകൊണ്ടു വിശപ്പടക്കാന്‍ മനുഷ്യര്‍ വിധിക്കപ്പെട്ട നേരം മുതല്‍ (ഉല്പത്തി 3:17) നാളിതു വരെ നദീതടങ്ങളും, നാട്ടിന്‍പുറങ്ങളും, നഗരമുഖങ്ങളും ഒരുപോലെ അവരുടെ വിയര്‍പ്പുകണങ്ങള്‍ വീണു കുതിര്‍ന്നു കൊണ്ടിരിക്കുകയല്ലേ? രാഷ്ട്രീയ പ്രവര്‍ത്തകനും, മതവിശ്വാസിയും, മൗലികവാദിയുമൊക്കെ ആകുന്നതിനുമുമ്പേ മനുഷ്യന്‍ തൊഴിലാളിയായിരുന്നു. അധ്വാനമായിരുന്നു അവന്‍റെ ആദ്യത്തെ അറിവും, അധ്യാപകനും. സംസ്കാരങ്ങളില്‍ പ്രഥമം തൊഴില്‍ സംസ്കാരം (Civilization of Labour) ആണെന്നു കണക്കാക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. സമ്പന്നമായ സംസ്കാരങ്ങളുടെ സൂര്യോദയങ്ങളില്‍ മുഴങ്ങിയിരുന്നത് വയലുകളെ വരഞ്ഞുകീറിയ കലപ്പകളുടെയും, കാലിക്കുളമ്പടികളുടെയും, പൊങ്ങിത്താഴ്ന്ന പണിയായുധങ്ങളുടേയുമൊക്കെ സ്വരങ്ങളായിരുന്നു. തൊഴിലിനെ ലാളിക്കുന്നവരാണു തൊഴിലാളികള്‍. അവര്‍ക്ക് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്‍റെ കഥ പിടിത്തമില്ല. നരന്‍റെ നിറവും, മണ്ണിന്‍റെ മണവുമാണ് അവര്‍ക്കുള്ളത്. അവരുടെ അര്‍ഹമായ അവകാശങ്ങളെ അംഗീകരിക്കാനും, വിഹിതമായ വേതനം ഉറപ്പുവരുത്താനും അധികാരത്തില്‍ വരുന്നവര്‍ക്കു കക്ഷി, കൊടിഭേദമെന്യേ കടമയുണ്ട്.

വേലക്കാരുടെ വിശ്വസ്തതയെ വിലമതിക്കുന്ന ഒരു വയലുടമയെ യേശുവിന്‍റെ ഉപമകളിലൊന്നില്‍ നാം കണ്ടുമുട്ടുന്നു. പുലരി മുതല്‍ പൊരിവെയിലത്ത് പണിതവര്‍ക്കും, മൂവന്തിയിലെത്തി മുക്കാല്‍ മണിക്കൂര്‍ മാത്രം മുന്തിരിച്ചുവട്ടില്‍ മണ്ണുകിളച്ചവര്‍ക്കും തുല്യവേതനം വീതിക്കുന്നവന്‍! അധ്വാനത്തിലുള്ള അവരുടെ ആത്മാര്‍ത്ഥതക്കാണു അയാള്‍ വിലയിടുന്നത്. മനുഷ്യപ്പറ്റുള്ള ആ മുതലാളിയേപ്പോലെ വേലക്കാരോടു വാത്സല്യത്തോടെ വര്‍ത്തിക്കാന്‍ മേലാളന്മാര്‍ക്കു ബാധ്യതയുണ്ട്. കാര്യസ്ഥന്മാരാകുന്ന കാലം മുതല്‍ കണ്ണില്‍ കണ്ടതിനെല്ലാം പണിക്കാരെ പഴിപറയാനും, പിരിച്ചുവിടാനും കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ മാത്രം കറങ്ങിനടക്കുന്നവരും, കയര്‍ക്കാനും, കുറ്റം പറയാനുമല്ലാതെ സഹതാപത്തോടെ സംസാരിക്കാനോ, സഹോദരങ്ങളെപ്പോലെ അവരെ സ്നേഹിക്കാനോ അത്തരക്കാര്‍ക്കു സാധിക്കില്ല. ഓര്‍ക്കാം, ആരും ആരുടെയും അടിമകളായി അവതരിക്കുന്നില്ല. ജീവിതസാഹചര്യങ്ങള്‍ ചിലരെ അങ്ങനെ ആക്കുന്നുവെന്നേയുള്ളൂ. വേലക്കാര്‍ വെറുക്കപ്പെടേണ്ട വ്യക്തികളല്ല. അവരെ ദൈവം നമുക്കു ഭരമേല്പ്പിക്കുകയാണ്. അവരും മനുഷ്യരാണ്. ശാരീരിക അസ്വസ്ഥതകളും, മാനസികപിരിമുറുക്കങ്ങളും, ആകുലതകളും, ആശങ്കകളും അവര്‍ക്കുമുണ്ട്. അവരെ ആദരിക്കുന്നവനാകണം മുതലാളി. അല്ലാതെ, മുതലിനെ മാത്രം ലാളിക്കുന്നവനാകരുത്. വേലക്കാരുടെ വിലാപവും മിഴിനീരും മുതലാളിയുടെമേലുള്ള മാറാശാപങ്ങള്‍ തന്നെ. അതുപോലെതന്നെ, തങ്ങള്‍ ചെയ്യുന്ന തൊഴിലിനോടു നീതിപുലര്‍ത്താനും, അതിനുള്ള അവസരങ്ങളും പ്രതിഫലവും നല്കുന്നവരോടും നന്ദിയുള്ളവരായി ജീവിക്കാനും തൊഴിലാളികള്‍ക്കും ധാര്‍മ്മികപ്രതിബദ്ധതയുണ്ട്.

നസ്രത്തിലെ നമ്മുടെ തച്ചന്‍ തൊഴിലാളികളുടെ മദ്ധ്യസ്ഥന്‍ മാത്രമല്ല, മാതൃകയുമാണ്. അരച വംശജനായിരുന്നെങ്കിലും അതിന്‍റെ അന്തസ്സോ, ആഭിജാത്യമോ നോക്കാതെ ആശാരിപ്പണിയെ ആശ്രയിച്ചവനാണവന്‍! കുലമഹിമക്കല്ല, കൂലിപ്പണിയുടെ മഹിമക്കാണ് അവന്‍ കൂടുതല്‍ മൂല്യം കല്പിച്ചത്. അധ്വാനത്തില്‍ ലവലേശം ആ ആശാരി ലജ്ജിച്ചില്ല. വളര്‍ത്തുപുത്രനായ ഈശോയും അവനെ കണ്ടു പഠിച്ചതും, വളര്‍ന്നതും. അധ്വാനമെന്തെന്ന് അവനും അറിഞ്ഞിട്ടുണ്ട്. അതുകൊണ് വേലചെയ്തു വിവശരായവരോടും, ഭാരമേന്തി ഭഗ്നാശരായവരോടും തന്‍റെയടുത്തിരുന്നു തളര്‍ച്ചയകറ്റാനും, ആശ്വാസം അനുഭവിക്കാനും അവന്‍ ആവശ്യപ്പെട്ടത് (മത്താ. 11:28). വാസ്തവത്തില്‍, കരകൗശലനും, കര്‍മ്മനിരതനുമായ ഒരു ദൈവത്തിന്‍റെ കഥയോടേയല്ലേ വേദഗ്രന്ഥം പോലും തുടങ്ങുന്നത് (ഉല്പത്തി 1:2). വിശ്വശില്പിയായവന്‍റെ വിശ്രമമില്ലാത്ത വിരലുകളാണ് അധ്വാനിക്കുന്ന മനുഷ്യര്‍. താന്‍ തുടര്‍ന്നുകൊണ്ടുപോകുന്ന സൃഷ്ടികര്‍മ്മത്തില്‍ സഹകാരികളാകാനുള്ള അവിടുത്തെ ആഹ്വാനത്തിനു മനുഷ്യര്‍ നല്കുന്ന പ്രത്യുത്തരമാണു അവരുടെ അനുദിനമുള്ള അധ്വാനം. അവരുടെ വിയര്‍പ്പുതുള്ളികളാണു മണ്ണിനു ഫലഭൂയിഷ്ടിയേകുന്നത്. അവരുടെ ശ്വാസോച്ഛ്വാസങ്ങളാണു പ്രതിനിമിഷം പ്രപഞ്ചത്തെ പുനര്‍ജനിപ്പിക്കുന്നത്. ആയതിനാല്‍, ക്രിയാത്മകവും കളങ്കരഹിതവുമായ ഏതൊരു തൊഴിലിനും അതിന്‍റേതായ അഴകും, വിശുദ്ധിയും, വൈശിഷ്ട്യവുമുണ്ട്.

അധ്വാനം ആരാധനയാണ് എന്ന മഹാത്മജിയുടെ മൊഴികളും ഈ സങ്കല്പത്തെയാണു സാധൂകരിക്കുന്നത്. തൊഴിലഴകിനെ പ്രണയിക്കാനാകട്ടെ പുതിയ തലമുറയുടെ അഭിനിവേശം. ഓര്‍ക്കണം, കഠിനാധ്വാനിയുടെ കരളില്‍ കര്‍ത്താവിന്‍റെ കയ്യൊപ്പും, കുടുംബത്തില്‍ കെടാത്ത കൃപാ ദീപവും കണിശമായുണ്ടാകും. സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നവരുടെയും, വചനം വിതയ്ക്കുന്നവരുടെയും പോലെ തന്നെ പവിത്രവും പൂജനീയവുമാണ് വിയര്‍പ്പൊഴുക്കി വേലചെയ്യുന്നവരുടെയും പൊടി പിടിച്ച പാദങ്ങള്‍. അവര്‍ക്കേവര്‍ക്കും തൊഴിലാളിദിനത്തില്‍ പ്രപഞ്ചത്തിന്‍റെ പ്രണാമം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org