Latest News
|^| Home -> Cover story -> യഥാര്‍ത്ഥ ദൈവസ്‌നേഹം മതത്തിന്റെ വേലിക്കെട്ടുകള്‍ ഭേദിക്കും

യഥാര്‍ത്ഥ ദൈവസ്‌നേഹം മതത്തിന്റെ വേലിക്കെട്ടുകള്‍ ഭേദിക്കും

Sathyadeepam

സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെയും മാനവമൈത്രിയുടെയും ചരിത്രവും വര്‍ത്തമാനവും വിലയിരുത്തുകയാണ്, ഈ അഭിമുഖ സംഭാഷണത്തില്‍.


കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അങ്ങ് എന്തു കരുതുന്നു?

കേരളത്തിലെ ആനുകാലിക ജീവിതത്തില്‍ ക്രൈസ്തവ-ഹൈന്ദവ-മുസ്‌ലീം മതബന്ധങ്ങളില്‍ ഒട്ടേറെ ശ്രദ്ധയും ജാഗ്രതയും സ്‌നേഹവും നല്‍കേണ്ട ഒരു കാലയളവാണിത്. കേരളമായതുകൊണ്ടാണ് ഈ മൂന്നു മതസമൂഹങ്ങളെ എടുത്തു പറഞ്ഞത്. ലോകത്തിലെവിടെയും എല്ലാ വിശ്വാസസമൂഹങ്ങളും തമ്മില്‍ കൂടുതല്‍ ബന്ധത്തില്‍ കഴിയേണ്ട നാളുകളാണിത്. കാരണം, വിഭജിതമാകുന്ന ഒരു സമൂഹത്തെയാണ് നമ്മുടെ ചുറ്റിലും നമുക്കുള്ളിലുമൊക്കെ കണ്ടുകൊണ്ടിരിക്കുക. വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ദൈവസ്‌നേഹത്തില്‍ മുന്നേറുന്ന വിശ്വാസക്കൂട്ടങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പര സ്പരസഹകരണത്തിന്റെ ധാരണയുടെയും സന്ദേശവും ചരിത്രവുമാണ് നല്‍കുവാനുള്ളത്. അങ്ങനെയാണു നാം ഇടപെടേണ്ടത്.

കേരളത്തില്‍ വര്‍ഷങ്ങളായി ഈ സൗഹാര്‍ദ്ദം നിലനിറുത്തുന്നതിനു നമുക്കു സാധിച്ചിരുന്നു. എന്നാല്‍, വിശ്വാസസമൂഹങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളും ഇടര്‍ച്ചകളുമൊക്കെ ഇടയ്ക്കിടെ നാം കാണാറുണ്ട്്. മനുഷ്യമനസ്സില്‍ പക്വത കുറയുകയും വ്യക്തിതാത്പര്യങ്ങള്‍ വര്‍ഗീയ കൂട്ടായ്മകളായി വളരുകയും ചെയ്യുമ്പോഴാണ് ഐക്യബോധത്തിനു ക്ഷതം സംഭവിക്കുക. അതുകൊണ്ട്, മതസൗഹാര്‍ദ്ദത്തിനു കോട്ടം സംഭവിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നത് പച്ചയായ പരമാര്‍ത്ഥമാണ്. പരസ്പരമുള്ള ബന്ധത്തിനു പകരം സംശയങ്ങളുയരുകയും അതിനെ താലോലിക്കുകയും അനേകം സംഭവങ്ങളും സാഹചര്യങ്ങളും ഈ സംശയത്തെ കൂടുതല്‍ അകല്‍ച്ചയിലേയ്ക്കു കൊണ്ടുപോകുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതു നമ്മുടെ സൗഹാര്‍ദ്ദത്തിനു വലിയ ക്ഷതമാണ് ഏല്‍പിക്കുക. പരസ്പര സ്‌നേഹത്തിനും ബഹുമാനത്തിനും ആദരവിനും സഹകരണമനോഭാവത്തിനും കൂടുതല്‍ ആക്കം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. പരസ്പരം വിശ്വാസവും ധാരണയും സ്‌നേഹവും കരുതലും വിട്ടുവീഴ്ചയും വളര്‍ത്തണം. അതു നമ്മുടെ ബലഹീനതയല്ല, ബലമാണ് എന്ന ബോദ്ധ്യത്തില്‍ നമുക്കു വളര്‍ത്താനായി സാധിക്കും.

വിവിധ മതസ്ഥരായ ആളുകള്‍ ഒന്നിച്ചു സമാധാനത്തോടെ കഴിയുന്ന സ്ഥലമാണല്ലോ കേരളം. അവിടെ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെങ്കിലുമുണ്ടോ?

പല മതസ്ഥരും ഒന്നിച്ചു വസിക്കുന്നിടത്ത് ആ യാഥാര്‍ത്ഥ്യത്തെ നാം ഉള്‍ക്കൊള്ളണം. ഒരുപക്ഷേ ഒരുകാലത്ത് ഒരു വിഭാഗം ആളുകള്‍ മാത്രം താമസിച്ചിരുന്ന സ്ഥലമായിരുന്നിരിക്കാം. പക്ഷേ ആ സ്ഥിതിക്കു മാറ്റം വന്നിരിക്കാം. അതെന്തായാലും, എല്ലാവരും ഒരുമയോടെ സഹകരണത്തോടെ ഒന്നിച്ചു പാര്‍ക്കുന്നതിനു നമുക്കു സാധിക്കണം. നമ്മുടെ കൊച്ചുഗ്രാമങ്ങളിലെ സാമൂഹ്യജീവിതത്തില്‍, ഒരു വീട്ടില്‍ ദുഃഖകരമായ കാര്യം സംഭവിക്കുമ്പോള്‍ ചുറ്റുപാടുമുള്ള അയല്‍ക്കാരാണ് ആ വീട്ടിലെ കാര്യങ്ങളെല്ലാം നടത്തുക. ഭക്ഷണമുണ്ടാക്കുക, വരുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കുക, ക്രമീകരണങ്ങള്‍ നടത്തുക എന്നിവയൊക്കെ അയല്‍ക്കാരാണു ചെയ്യുക. ഏറ്റവും അടുത്തുള്ള അയല്‍ക്കാര്‍ക്കാണ് ഉത്തരവാദിത്വം.

അയല്‍ക്കാര്‍ ഹിന്ദുവാണോ മുസ്‌ലീം ആണോ എന്നു നോക്കിയിട്ടല്ല ഒരിക്കലും നമ്മുടെ നാട്ടില്‍ ഈ സഹവര്‍ത്തിത്വവും സഹകരണവും സ്‌നേഹവും നിലനിന്നിരുന്നത്. അതു നഷ്ടപ്പെടുത്തേണ്ട ഒരു കാര്യവും കാണുന്നില്ല. എന്നെ വളരെ സ്പര്‍ശിച്ച ഒരു സംഭവം പറയാം. എന്റെ അമ്മ 2007-ല്‍ മരിച്ചപ്പോള്‍ എന്‍ എസ് എസിന്റെ ആരാധ്യനായ ജനറല്‍ സെക്രട്ടറി ശ്രീ. നാരാണപ്പണിക്കര്‍ വീട്ടില്‍ വരികയും അമ്മയുടെ മൃതദേഹത്തിനരികില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം പന്തലില്‍ നിന്ന് എന്റെ കൈ പിടിച്ച് വീട്ടിനകത്തേക്കു കയറി. അകത്ത് കസേരയില്‍ അടുത്തടുത്തിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, ”സുറിയാനി ക്രിസ്ത്യാനികളുടെ വീട്ടില്‍ മരണസമയത്ത് വരുമ്പോള്‍ ഒരു കട്ടന്‍ കാപ്പി തരുന്ന പതിവുണ്ട്. അതുണ്ടോ?” ഞാന്‍ പറഞ്ഞു, ”ഉണ്ടല്ലോ.” അദ്ദേഹം അതു വാങ്ങിക്കുടിച്ചു. ആ കാപ്പി ഞാനൊരിക്കലും മറക്കില്ല.

ഹൃദയത്തിന്റെ കവാടങ്ങള്‍ തുറന്ന്, മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്തേയ്ക്ക് നമ്മെ കൊണ്ടു പോകുന്ന യഥാര്‍ത്ഥ ദൈവസ്‌നേഹവും ഈശ്വരബന്ധവും ഉണ്ട്. നാം മതമൈത്രി, സാമൂഹികബന്ധം, സമ്പര്‍ക്കം എന്നിവയൊക്കെ വര്‍ദ്ധിപ്പിക്കണമെങ്കില്‍ മറ്റുള്ളവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. കര്‍ത്താവായ യേശുക്രിസ്തുവിലുള്ള എന്റെ വിശ്വാസത്തിന് അതൊരിക്കലും തടസ്സം നില്‍ക്കുകയില്ലെന്ന് ഒരു ക്രിസ്ത്യാനി തിരിച്ചറിയണം. എന്റെ തൊട്ടയല്‍ക്കാരനായ ഹൈന്ദവസഹോദരന്‍ എന്നെ സ്‌നേഹിക്കുന്നത് അവന്റെ വിശ്വാസത്തിന്റെ ന്യൂനത കൊണ്ടല്ല. അവനിലടങ്ങിയിരിക്കുന്ന ഈശ്വരവിശ്വാസത്തിന്റെ ബലം കൊണ്ടാണെന്നു തിരിച്ചറിയുമ്പോഴാണ് നാം ആ വ്യക്തിയെ ബഹുമാനിക്കുക. അതുപോലെ ഇസ്‌ലാം മതവിശ്വാസികളായ സഹോദരങ്ങളും.

പുതിയ സോഷ്യല്‍ മീഡിയ വളര്‍ച്ച ഈ സാഹചര്യങ്ങളെ എങ്ങനെയാണു സ്വാധീനിക്കുന്നത്?

മതസൗഹാര്‍ദ്ദവും മതസ്പര്‍ദ്ധയും വളര്‍ത്താന്‍സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കു കഴിയും. സാമൂഹിക ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു സോഷ്യല്‍ മീഡിയാക്കു കഴിയുമോ? തീര്‍ച്ചയായും കഴിയും.

രണ്ടു പ്രളയങ്ങളെ അതിജീവിച്ചപ്പോള്‍ നാം കണ്ടത് കേരളത്തിന്റെ വസന്തകാലമാണ്. ജാതിയും മതവും രാഷ്ട്രീയവും ഒന്നും ചോദിച്ചല്ല നാം പ്രളയകാലത്ത് ഇറങ്ങിയത്. എന്തൊരു കാഴ്ച! ഓഖി ദുരന്തരമുണ്ടായപ്പോള്‍ കടലോരങ്ങളിലെ കാതടപ്പിക്കുന്ന നിലവിളി കേട്ടു. കേരളത്തിന്റെ സഹായഹസ്തം അവരുടെ അടുത്തേക്കു വന്നു. ജാതിയും മതവും ആരും ചോദിച്ചില്ല. പ്രളയത്തില്‍ വിദഗ്ദ്ധ പരിശീലനം നേടിയവര്‍ പരാജയപ്പെട്ടുവോ എന്നു സംശയിച്ച നിമിഷങ്ങളില്‍ നമ്മുടെ കടലോരങ്ങളിലെ കുടുംബങ്ങളിലെ യുവാക്കളും മുതിര്‍ന്നവരും സാഹസികതയോടെ നമ്മുടെ ഉള്‍ ഗ്രാമങ്ങളിലേയ്ക്കു ജീവന്‍ പണയപ്പെടുത്തി വന്നു സഹായിച്ചതോര്‍ക്കുന്നില്ലേ? ഇവിടെ എവിടെയായിരുന്നു സ്പര്‍ദ്ധ? സമ്പര്‍ക്ക മാധ്യമങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിച്ചു.

എന്നാല്‍ മറ്റുള്ളവരെ ചെറുതാക്കി കാണാനും അങ്ങനെ പറയാനുമുള്ള പ്രവണതയും സോഷ്യല്‍ മീഡിയായില്‍ കാണാം. ഐഡി കാണുമ്പോള്‍ നാം ധരിക്കും, ഇതൊരു ക്രിസ്ത്യാനി, ഇസ്‌ലാം എന്നെല്ലാം. പക്ഷേ തെറ്റിപ്പോകാം. യാഥാര്‍ത്ഥ്യത്തെ മറച്ചു വച്ച്, മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനു സഹായകരമായ സംഭാഷണങ്ങള്‍ ഇന്നു സോഷ്യല്‍ മീഡിയായിലെ ഒരു ദൈനംദിന കാഴ്ചയാണ്. സത്യമേതെന്ന് അറിയാനുള്ള ഒരു സാവകാശം പോലും കാണിക്കാതെ മുമ്പില്‍ കണ്ട വാക്കുകളെ ചുറ്റിപ്പറ്റി എഴുതുകയാണ് സോഷ്യല്‍ മീഡിയായിലുള്ളവര്‍. ഇതു സാമൂഹികമായ വലിയ ചതിയും വിപത്തുമാണ്. ഇതിനെ നമ്മള്‍ ജാഗ്രതയോടെ കാണേണ്ടതുണ്ട്. എനിക്കറിയില്ലാത്ത കാര്യത്തെക്കുറിച്ച് നാമെങ്ങനെയാണു സംസാരിക്കുക? കരുതലോടെയും ശ്രദ്ധയോടെയും സമൂഹത്തിന്റെ നിര്‍മ്മിതിയെയും സാമൂഹ്യബന്ധത്തെയും കണ്ട്, മൗനം പാലിക്കേണ്ടിടത്ത് മൗനം പാലിക്കുകയും ജാഗ്രത പാലിക്കേണ്ടിടത്ത് ജാഗ്രത പാലിക്കുകയും നന്മയെ പരിപോഷിപ്പിക്കേണ്ടിടത്ത് അതു ചെയ്യുകയും ചെയ്യേണ്ടതിനു പകരം ഇതിനെയെല്ലാം അവഗണിക്കുന്ന കാഴ്ചയും നാം കാണാറുണ്ട്. ഇതെല്ലാം നമ്മുടെ മതസൗഹാര്‍ദ്ദത്തിനു വലിയ ക്ഷതം നല്‍കുന്ന ചില ഘടകങ്ങളാണ് എന്നു പറയാതിരിക്കാന്‍ വയ്യ.

എന്റെ ദൈവബന്ധം മറ്റൊരാള്‍ക്ക് ഒരിക്കലും തടസ്സമാകാന്‍ പാടില്ലെന്ന് നിശ്ചയിച്ചതാരാണ്? അതു ദൈവകല്‍പന തന്നെയാണ്. നിനക്കു നിന്റെ സഹോദരനോട് അനിഷ്ടകരമായി എന്തെങ്കിലുമുണ്ടെങ്കില്‍ ആദ്യം അതു പരിഹരിക്കപ്പെടട്ടെ, പിന്നീടു ബലിയര്‍പ്പണം എന്നതാണു പ്രബോധനം. യഥാര്‍ത്ഥ സ്‌നേഹം എല്ലാ തലങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ നമുക്കു സാധിക്കണം. യഥാര്‍ത്ഥത്തില്‍ നമ്മുടെ വിശ്വാസമെന്നത് നമ്മെ മറ്റൊരാളില്‍ നിന്നു മാറ്റി നിറുത്തേണ്ട ഘടകമല്ല. ഞാനൊരു ഹൈന്ദവ സഹോദരനോടോ ഇസ്‌ലാമിക സഹോദരനോടോ ഇടപഴകുകയോ ബന്ധപ്പെടുകയോ അവരോടൊപ്പം ഒരു സാമൂഹിക സത്കര്‍മ്മത്തില്‍ പങ്കാളിയാകുകയോ ചെയ്യുമ്പോള്‍ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള എന്റെ വിശ്വാസത്തിലും ബന്ധത്തിലും എനിക്കെവിടെയാ കുറവു സംഭവിക്കുക? അവരോടു സംസാരിച്ചു കൂടെന്നാണോ? ഒരിക്കലും ബന്ധപ്പെടാന്‍ പാടില്ലെന്നാണോ? അങ്ങനെയല്ലല്ലോ കര്‍ത്താവു പഠിപ്പിച്ചിരിക്കുന്നത്. നമ്മുടെ വിശ്വാസവും സ്‌നേഹവും ആ വ്യക്തിയെ കൂടി ചേര്‍ത്തു നിറുത്താന്‍ പര്യാപ്തമാണ്. നമ്മുടെ വിശ്വാസം വലിച്ചെറിഞ്ഞു കളഞ്ഞോളൂ എന്നല്ല അതിന്റെ അര്‍ത്ഥം. നമ്മുടെ വിശ്വാസത്തിന്റെ ആഴം നാം തിരിച്ചറിഞ്ഞു എന്നതാണ്. കര്‍ത്താവിന്റെ ഈ ഒരു സമീപനം ഈ കാലഘട്ടത്തില്‍ ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരാണു നാം.

സഭയോടുള്ള സ്‌നേഹവും കൂറും വര്‍ദ്ധിക്കുന്നത് ഏതെങ്കിലും തരത്തില്‍ അന്യമതങ്ങളെ ദ്വേഷിക്കുന്നതിനു കാരണമാകുമോ?

ഒരു കര്‍തൃവചനം തന്നെ നമ്മുടെ മുമ്പിലുണ്ടല്ലോ. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നു നിങ്ങളാഗ്രഹിക്കുന്നുവോ അതുപോലെ അവരോടും പെരുമാറുക. കര്‍ത്താവിന്റെ ലളിതമായ ഒരു കല്‍പനയും ഓര്‍മ്മപ്പെടുത്തലുമാണ് ഇത്. പിന്നെങ്ങനെയാണു വിദ്വേഷം പുലര്‍ത്തുക? നമുക്കു പരത്താന്‍ അവകാശമുള്ളത് സ്‌നേഹം മാത്രമാണ്. നമ്മുടെ കൂട്ടായ്മയെ ബലപ്പെടുത്തുന്നു എന്നു നാം വിചാരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഒരിക്കലും അനിഷ്ടമായി തീരേണ്ട കാര്യമല്ല. എന്നാല്‍ ബോധപൂര്‍വകമായ വിദ്വേഷവും വെറുപ്പും പരത്തുന്ന സംഭാഷണങ്ങളും പ്രകടനങ്ങളും അക്രമത്തെ വലുതാക്കി കാണിക്കുന്ന പ്രവര്‍ത്തനങ്ങളുമെല്ലാം കര്‍തൃപ്രബോധനത്തിന്റെ അടിസ്ഥാനത്തില്‍ നാം കാണണം. സ്‌നേഹത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതു ദൈവമല്ല, പൈശാചികശക്തികളാണ്. അതിനെ അങ്ങനെ തന്നെ കാണണം.

ഫ്രാന്‍സിസ് മര്‍പാപ്പ മതമൈത്രിക്കു വേണ്ടി നിലകൊള്ളുന്നു. അതിനെ ഏതു വിധത്തില്‍ നമുക്കു സ്വീകരിക്കാന്‍ കഴിയും?

പരിശുദ്ധ കത്തോലിക്കാസഭയ്ക്കു നേതൃത്വം നല്‍കുന്ന മാര്‍ പാപ്പ നമുക്കു നല്‍കുന്ന മഹനീയമായ ഒരു മാതൃകയുണ്ട്. ഏറ്റവുമൊടുവില്‍ കിഴക്കന്‍ യൂറോപ്പില്‍ തന്റെ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തുമ്പോള്‍ യഹൂദര്‍ക്കും മുസ്‌ലീം വിശ്വാസികള്‍ക്കുമെതിരെ കത്തോലിക്കാസഭ എടുക്കുന്ന, എടുക്കേണ്ടുന്ന സമീപനങ്ങളെ കുറിച്ച് മാര്‍പാപ്പ അവരെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി. ഫാസിസ്റ്റ് സമീപനങ്ങള്‍ നമുക്ക് നിഷിദ്ധമാണ് എന്നു പ.പിതാവ് തന്റെ സന്ദര്‍ശനവേളയില്‍ അവരെ ഓര്‍മ്മപ്പെടുത്തി. പിതാവിന്റെ മതസൗഹാര്‍ദ്ദ സമീപനങ്ങള്‍ പലപ്പോഴും നമുക്ക് വിസ്മയകരമായ അനുഭവമാണ്. അതുപോലെ അനുകരിക്കാന്‍ ഒരുപക്ഷേ നമുക്ക് കൂടുതല്‍ എളിമപ്പെടേണ്ടി വരും, ആഴപ്പെടേണ്ടി വരും. ഫ്രാന്‍സിസ് പാപ്പ നമ്മെ അതിശയിപ്പിക്കുന്ന ഒരു മഹാപുരോഹിതനാണ്. വമ്പു പറയാനിഷ്ടപ്പെടാത്ത ക്രിസ്തീയ നേതൃശൈലി. പ. പിതാവിന്റെ അടയാളപ്പെടുത്തപ്പെട്ട ഒരു സമീപന ശൈലിയാണ്. പിതാവിന്റ മാതൃക നമുക്ക് എല്ലാ തലങ്ങളിലും പ്രചോദനമായി നില്‍ക്കട്ടെ. പ. പിതാവിനെ കുറിച്ച് കേള്‍ക്കുന്നതും കാണുന്നതും പിതാവിനെ കുറിച്ച് മറ്റ് ആളുകള്‍ പങ്കു വയ് ക്കുന്നതും നമുക്ക് സന്തോഷവും വലിയ ചൈതന്യവും നല്‍കുന്നില്ലേ? പ. പിതാവിന്റെ മതമൈത്രീശൈലി അനുകരിക്കാനും നമുക്കു കടപ്പാടുണ്ട്. അതു നമുക്ക് സാധിക്കട്ടെ.

കേരളത്തിലെ സാമൂഹ്യജീവിതക്രമത്തില്‍ ചിലപ്പോഴെങ്കിലും മതസൗഹാര്‍ദ്ദത്തിനു കോട്ടം തട്ടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ചിലപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള കലാപങ്ങള്‍, മാറാട് കലാപം, നിലയ്ക്കല്‍ പ്രദേശത്ത് ഉരുണ്ടുകൂടിയ സംഘര്‍ഷാവസ്ഥ… ഈ കാലയളവുകളിലൊക്കെ അതു പരിഹരിക്കുന്നതിനു നമുക്കു സാധിച്ചിട്ടുണ്ട്. അത് വിട്ടുവീഴ്ചയുടെയും സ്‌നേഹത്തിന്റെയും നമ്മുടെ ദേശത്തെ കരുതിയുള്ള ദീര്‍ഘവീക്ഷണത്തിന്റെയും ഫലമായിട്ടാണ്. അതൊരു കുറവല്ല, കൃപയാണ്. ലോകത്തിന്റെ ദൃഷ്ടിയില്‍ വിട്ടുവീഴ്ച ബലഹീനന്റെ കുനിഞ്ഞ ഭാവമായി തോന്നാമെങ്കിലും വിശ്വാസത്തിന്റെ കണ്ണുകളില്‍ കാലു കഴുകി ചുംബിക്കാനൊരുങ്ങുന്നവന്റെ ദൃഷ്ടിയും കുനിഞ്ഞ ശിരസ്സുമാണതെന്നു നമുക്കു തിരിച്ചറിയാം. പാദങ്ങള്‍ ചുംബിക്കാന്‍ ശിഷ്യരുടെ മുമ്പില്‍ ഭൂമിയോളം താഴ്ന്നു നില്‍ക്കുന്ന ലോകരക്ഷിതാവിന്റെ പേരിലല്ലേ നാം എല്ലാം പറയുന്നതും എല്ലാം പ്രവര്‍ത്തിക്കുന്നതും? ആയതിനാല്‍ കരുതുന്നതും സൂക്ഷിക്കുന്നതും ബലപ്പെടുത്തുന്നതും താങ്ങിനിറുത്തുന്നതും ആത്മീയതയുടെ വേര്‍പെടുത്താനാകാത്ത നല്ല ഭാവമാണ്. കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍, മതസൗഹാര്‍ദ്ദമേഖലയില്‍ ക്രൈസ്തവസമൂഹത്തിന് എന്നും വേറിട്ട ഒരു സന്ദേശം പറയാനുണ്ടായിരുന്നു. ആ സന്ദേശമിപ്പോള്‍ പ്രസക്തമാണ്, സജീവമാണ്. നമുക്ക് സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഈ സന്ദേശം സംഭാഷണത്തിലൂടെയും സമ്പര്‍ക്കത്തിലൂടെയും സാമീപ്യത്തിലൂടെയും സജീവമാക്കാം. അതിനു കരങ്ങള്‍ ചേര്‍ത്തു വച്ച് ഈ മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് നമുക്കു മുന്നേറാം. ദൈവം അതിനു നമ്മെയും എല്ലാ ദേശവാസികളേയും ഈ മണ്ണിനെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Leave a Comment

*
*