സുവിശേഷത്തില്‍ വിരിയുന്ന പൗരുഷഭാവങ്ങള്‍

സുവിശേഷത്തില്‍ വിരിയുന്ന പൗരുഷഭാവങ്ങള്‍
Published on
  • അഭിലാഷ് ഫ്രേസര്‍

യവന നായകന്‍ ഹെര്‍ക്കൂലീസ് ആയിരുന്നു ബാല്യകാലത്തെ ഹീറോ. ഹെര്‍ക്കുലീസിന്റെ അസാമാന്യമായ കായബലമായിരുന്നു അതിന് കാരണം. ദൃഢമായ പേശിയഴകും അസാധാരണ കരുത്തുമുണ്ടായിരുന്ന ഹെര്‍ക്കുലീസിനെ പോലുള്ള വീരനായകന്‍മാര്‍ പൗരുഷത്തിന്റെ വിഗ്രഹങ്ങളായി, ചെറുപ്പകാലത്ത് എന്റെ ആരാധനാമൂര്‍ത്തികളായി. എന്റെ പ്രായത്തിലുള്ള മിക്ക കുട്ടികളെയും പോലെ പൗരുഷത്തെ കുറിച്ചുള്ള എന്റെ ബാല്യകാലസങ്കല്‍പങ്ങള്‍ അതായിരുന്നു. കരുത്ത്, കായബലം, എതിരാളികളെ തച്ചുതകര്‍ക്കുന്ന വീര്യം. അക്കാലത്ത് അമര്‍ചിത്രകഥകളോടായിരുന്നു പ്രിയം. ഭാരതീയ ഇതിഹാസങ്ങളിലെ കരുത്തിന്റെ പുരുഷബിംബങ്ങള്‍ അങ്ങനെയാണ് ഹരമായി മാറിയത്. ഗ്രീക്ക് പുരാണങ്ങള്‍ വായിച്ചതോടെ ഗ്രീക്ക് വീരന്‍മാരും പ്രിയപ്പെട്ടവരായി. പൗരുഷം എന്നാല്‍ ശരീരത്തിന്റെ കരുത്തും പേശിയഴകും എന്ന് ആ കുട്ടി ധരിച്ചുവശായി. പൗരുഷം ആത്മവീര്യമാണെന്ന് മനസ്സിലാക്കാന്‍ പിന്നെയും ഏറെക്കാലമെടുത്തു.

അസ്ഥികള്‍ എണ്ണിയെടുക്കാനാകും വിധം കൃശഗാത്രനായ മഹാത്മാഗാന്ധിയില്‍ അസാമാന്യമായ പൗരുഷം കുടികൊണ്ടിരുന്നു എന്ന ബോധം പില്‍ക്കാലത്തിന്റെ വളര്‍ച്ചയാണ്. നെല്‍സണ്‍ മണ്ടേലയുടെ പൗരുഷം, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പൗരുഷം എന്നിവയെല്ലാം പില്‍ക്കാലത്തെ അറിവുകളാണ്. പൗരുഷം ഉണ്ടാകണമെങ്കില്‍ റെസില്‍മാനിയയിലെ മല്ലന്‍മാരെ പോലെ കനത്ത മസിലുകളുടെ ആവശ്യമില്ല എന്ന തിരിച്ചറിവ്...

ദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് അയാള്‍ പഠിച്ചത് മണല്‍ക്കാട്ടില്‍ നിന്നാണ്. വന്യമൃഗങ്ങളും വിഷമുള്ള ഉരഗങ്ങളും മേവുന്ന, കൊടുംചൂടും പൊടിക്കാറ്റും ഇടിമിന്നലും കൊടുംമഞ്ഞും ഊഴമിട്ട് ആക്രമിക്കുന്ന മരുഭൂമിയിലെ ജീവിതം അയാളെ ഉള്‍ക്കരുത്തനാക്കി വാര്‍ത്തിരുന്നു.

'വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരായ്ക്ക് വീട്ടില്‍ വന്നു കേറുമ്പോ ചുമ്മാ കാല് മടക്കി തൊഴിക്കാനും... എനിക്കൊരു പെണ്ണ് വേണം!' എന്ന ഒരു ഹിറ്റ് സിനിമയിലെ ഡയലോഗ് മലയാളിയുടെ പൗരുഷ സങ്കല്‍പം പോലെ ഏറെ നാള്‍ കൈയടികളോടെ ആഘോഷിക്കപ്പെട്ടു. പെണ്ണിനെ അടിച്ചമര്‍ത്തിയും തല്ലിയും തൊഴിച്ചും, കൂട്ടുകൂടി മദ്യപിച്ചും ആഘോഷിക്കേണ്ടതാണ് പൗരുഷം എന്ന ചിന്താഗതിയില്‍ നിന്ന് മലയാളി ഇനിയും മുക്തനായിട്ടുണ്ടെന്ന് കരുതുന്നില്ല, വനിതാദിനത്തില്‍ സോഷ്യല്‍ മീഡിയ എന്ന നദിയില്‍ ഒഴുക്കി വിടുന്ന ആത്മാര്‍ത്ഥതയില്ലാത്ത പോസ്റ്റുകളില്‍ ഒഴികെ.

മരുഭൂമിയില്‍ നിന്നും കയറി വന്ന ഒരാളുടെ പൗരുഷത്തെയാണ് നാം ധ്യാനവിഷയമാക്കുന്നത്. മരുഭൂമിയില്‍ വിളിച്ചു പറയുന്ന ശബ്ദത്തിന്റെ ഉടമയെ. മരുഭൂമികള്‍ പൗരുഷത്തെ രൂപപ്പെടുത്തുമോ? ഉണ്ടെങ്കില്‍ എന്തു തരം പൗരുഷത്തെയാണ് അത് രൂപപ്പെടുത്തുക?

മരുഭൂമി അവ്യവസ്ഥയുടെയും വെല്ലുവിളികളുടെയും വിഹ്വലതകളുടെയും തടസങ്ങളുടെയും ഭൂമികയാണ്. അത് ഒറ്റപ്പെട്ടു പോകുന്നവരുടെ ഇടമാണ്. ഏകാന്തപഥികരുടെ വാസഗേഹം. അപാരമായ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയി, താങ്ങാനാവാത്ത ദൈവാനുഭവത്തിന്റെ മൂര്‍ച്ഛയില്‍ വാവിട്ടു കരയുന്ന അസാധാരണമായ അനുഭവം വൈക്കം മുഹമ്മദ് ബഷീര്‍ വിവരിക്കുന്നുണ്ട്. കൊയ്‌ലോയുടെ 'ആല്‍ക്കെമിസ്റ്റില്‍' മരൂഭൂമി ഒരു കഥാപാത്രം തന്നെയായി മാറുന്നു. ഉള്‍ക്കാഴ്ചയുടെ വലിയ പാഠങ്ങളാണ് സാന്തിയാഗൊ മരുഭൂമിയില്‍ നിന്നു പഠിക്കുന്നത്.

മരുഭൂമി നഗ്‌നമാക്കപ്പെടലിന്റെ അനുഭവമാണ്. നാലുദിക്കുകളും തുറസ്സായി കിടക്കുന്ന അപാരമായ മരൂഭൂമിയില്‍ രഹസ്യങ്ങളൊന്നുമില്ല. അവിടെ ഒരുവന്‍ ദൈവത്തിന്റെ മുമ്പില്‍ നഗ്‌നനാക്കപ്പെടുകയാണ്. ഈ നഗ്‌നനാക്കപ്പെടല്‍ സത്യസന്ധതയിലേക്കുള്ള നടപ്പാതയാണ്. മരുഭൂമിയിലൂടെ കടന്നു പോയവന്‍ സത്യസന്ധനാകുന്നു. എല്ലാം അനാവൃതമാകുന്ന അനുഭവം സ്വന്തമാക്കിയവനാണല്ലോ അവന്‍. സ്വന്തം പരിമിതികളും ബലഹീനതകളും ആഴത്തില്‍ ബോധ്യപ്പെട്ടുന്ന ഇടം കൂടിയാണ് മരുഭൂമി. ജീവിച്ചിരിക്കണമെങ്കില്‍ ദൈവം കൂടിയേ തീരൂ എന്ന ബോധം വന്നു നിറയുന്ന ഇടം.

സ്‌നാപക യോഹന്നാന്‍ ഈ മരുഭൂമി അനുഭവത്തില്‍ മുങ്ങി നിവര്‍ന്നവനാണ്. അയാള്‍ മരുഭൂമിയുടെ വിഹ്വലതയ്ക്ക് അടിപ്പെട്ടിട്ടുണ്ട്. നാലുദിക്കും തുറന്നിട്ട മരുഭൂമിയുടെ അപാരതയില്‍ വച്ച് അയാള്‍ സെന്റ് ബെനഡിക്ടിനെയും സെന്റ് ഫ്രാന്‍സിസ് അസ്സീസിയെയും പോലെ ആത്മീയമായി നഗ്‌നനാക്കപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ മുന്നില്‍ ദിനരാത്രങ്ങള്‍ അനാവ്രതനായി അയാള്‍ നില കൊണ്ടിട്ടുണ്ട്. പുരുഷനും സ്ത്രീയുമല്ലാത്ത ആത്മാവിന്റെ ശുദ്ധസത്തയില്‍ അയാള്‍ നിന്നിട്ടുണ്ട്. അല്ലെങ്കില്‍ ഒരേ നിമിഷം പൗരുഷവും സ്ത്രീത്വവും അയാള്‍ അറിഞ്ഞിട്ടുണ്ട്. പൗരുഷത്തിന്റെയും സ്ത്രീത്വത്തിന്റെയും ഉറവിടമായ ദൈവത്തിന്റെ നെഞ്ചോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഒരാള്‍ ഒരേ നിമിഷം പുരുഷനും സ്ത്രീയുമായി മാറുന്നു. പുരുഷഭാവങ്ങളും സ്ത്രീഭാവങ്ങളും അയാളില്‍ വെളിച്ചം പോലെ ഉദിക്കുന്നു. ശക്തിയും ആര്‍ദ്രതയും, വീര്യവും കരുണയും ഒരൊറ്റ ബിന്ദുവില്‍! പക്ഷേ, അയാളുടെ വിളി ദൈവത്തിന്റെ പരുക്കനാകാനായിരുന്നു. അതായിരുന്നു അയാളുടെ ഭൂമിക. അതിനാല്‍ നെഞ്ചിന്റെ ആര്‍ദ്രതകള്‍ അയാള്‍ മറച്ചു പിടിക്കുകയായിരുന്നു. ദൈവപുത്രന്‍ കുരിശില്‍ പിടഞ്ഞപ്പോള്‍ ആര്‍ദ്രമായ നെഞ്ച് ഒളിപ്പിച്ചുവച്ച ദൈവപിതാവിനെ പോലെ.

ഇന്ന് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അവതരിക്കപ്പെടുന്ന പൗരുഷം പലപ്പോഴും കാപട്യത്തിന്റെ രൂപങ്ങളായി മാറുന്നു. ഉള്ളിലെ ആത്മാവിനെ സത്യസന്ധമായി പ്രതിബിംബിക്കാത്ത പൗരുഷത്തിന്റെ കെട്ടുകാഴ്ചകള്‍.

സ്‌നാപകന്‍ അടിമുടി സത്യസന്ധനായിരുന്നു. നേര്‍ത്ത ഒരു തെറ്റു പോലും പൊറുക്കാനാവാത്ത വിധം അയാളെ അസഹിഷ്ണുവാക്കി മാറ്റിയത് അയാളുടെ മരുഭൂമി അനുഭവമാണ്. സൂര്യന്റെ നേര്‍താഴെയാണ് മരുഭൂമി കിടക്കുന്നത്, എല്ലാം കാണുന്ന സൂര്യന്റെ. ഒന്നും മറച്ചു വയ്ക്കാനാവാത്ത അപാരതയാണ് മരുഭൂമി. നിമ്‌നോന്നതങ്ങളില്ലാത്ത മണല്‍ക്കാട്. ഈ മരുഭൂമിയെ മനസ്സില്‍ വച്ചു കൊണ്ടാണ് യോഹന്നാന്‍ പിന്നീട് പറഞ്ഞത്: 'കുന്നുകള്‍ നിരത്തപ്പെടും, താഴ്‌വരകള്‍ നികത്തപ്പെടും!' മര്‍ത്യമാനസങ്ങള്‍ മരുഭൂമി പോലെ നഗ്‌നവും സത്യസന്ധവുമാകും. സത്യം മറച്ചുവയ്ക്കാന്‍ അയാള്‍ക്ക് ആകുമായിരുന്നില്ല. ജീവന്‍ നഷ്ടപ്പെടുമെന്ന അവസ്ഥയെ നേരിട്ടപ്പോള്‍ പോലും യോഹന്നാന്‍ സത്യം കൈവെടിഞ്ഞില്ല. അയാള്‍ സത്യം വിളിച്ചു പറഞ്ഞു. സ്വന്തം മനസാക്ഷിയുടെ ശബ്ദം നിശ്ശബ്ദമാക്കിവച്ചിരിക്കുന്ന മുഴുവന്‍ ആള്‍ക്കൂട്ടവും നിങ്ങള്‍ക്കെതിരാണെങ്കില്‍ പോലും സത്യം വിളിച്ചു പറയാനുള്ള ആര്‍ജവം മരുഭൂമിയിലെ ഈ പ്രവാചകന്‍ നല്‍കുന്ന പാഠമാണ്. ഗാന്ധിജിയുടെ സത്യസന്ധത ഇതുമായി നാം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്. സത്യം അദ്ദേഹത്തിന്റെ പൗരുഷത്തിന്റെ ഭാഗമായിരുന്നു. സത്യം കൊണ്ടാണ് അദ്ദേഹം യുദ്ധം ചെയ്തത്. പീഡിപ്പിക്കുന്നതിലല്ല, താഡനമേല്‍ക്കുന്നതിലായിരുന്നു, അദ്ദേഹത്തിന്റെ പൗരുഷം.

പൗരുഷത്തിന്റെ സുപ്രധാനമായൊരു സ്വഭാവം ധീരതയാണെങ്കില്‍, യോഹന്നാന്‍ അടിമുടി പുരുഷനായിരുന്നു. അയാള്‍ ആരെയും ഭയപ്പെട്ടില്ല. കഠിനഹൃദയരും പരുക്കന്മാരുമായ പട്ടാളക്കാരെ മുഖം നോക്കാതെ വിമര്‍ശിച്ച സ്‌നാപകന്‍ തല കൊയ്യുമെന്ന ഹേറോദേസിന്റെ അന്ത്യശാസനത്തിന് മുമ്പില്‍ പോലും നെഞ്ചുവിരിച്ചു നിന്നു. ദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് അയാള്‍ പഠിച്ചത് മണല്‍ക്കാട്ടില്‍ നിന്നാണ്. വന്യമൃഗങ്ങളും വിഷമുള്ള ഉരഗങ്ങളും മേവുന്ന, കൊടുംചൂടും പൊടിക്കാറ്റും ഇടിമിന്നലും കൊടുംമഞ്ഞും ഊഴമിട്ട് ആക്രമിക്കുന്ന മരുഭൂമിയിലെ ജീവിതം അയാളെ ഉള്‍ക്കരുത്തനാക്കി വാര്‍ത്തിരുന്നു. ദുര്‍ജയമായ ഈ വെല്ലുവിളികളില്‍ അയാളുടെ ഒരേയൊരു ആശ്രയം ദൈവമായിരുന്നു. ദൈവം മാത്രം ആശ്രയമുള്ളവര്‍ക്ക് സ്വന്തമായ ഒരു തരം പൗരുഷമുണ്ട്. ആര്‍ക്കു മുന്നിലും കീഴടങ്ങാത്ത, ജീവനില്‍ കൊതിയില്ലാത്ത പൗരുഷം. ഈ പൗരുഷമായിരുന്നു സ്‌നാപകന്റെ ഭാഗധേയം. ഇത് ക്രൈസ്തവ പൗരുഷത്തിന്റെ കാതലാണ്. ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ എന്ന് ക്രിസ്തു പറഞ്ഞത് ഈ പൗരുഷത്തെ കുറിച്ചായിരുന്നു. ദൈവമല്ലാതെ മറ്റൊരു ആശ്രയവും സ്വന്തമായില്ലാത്തവരുടെ പൗരുഷം. ഇതാണ് അസംഖ്യം ക്രൈസ്തവ വിശുദ്ധര്‍ക്ക് ജീവത്യാഗം ചെയ്യാന്‍ കരുത്തേകിയത്. ഈ പൗരുഷം പുരുഷനും സ്ത്രീക്കും ഒരു പോലെ സ്വന്തമാക്കാവുന്നതാണ്.

സ്‌നാപകനെ അസഹിഷ്ണുവാക്കിയ മറ്റൊരു തിന്മ, കാപട്യമായിരുന്നു. (ക്രിസ്തു ഏറ്റവും വെറുത്തിരുന്ന തിന്മ, കാപട്യമായിരുന്നു എന്നും ഓര്‍ക്കുക). അദ്ദേഹം ആരെയും പ്രീതിപ്പെടുത്താന്‍ ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ഋജുവായിരുന്നു. ഒട്ടും വളച്ചു കെട്ടില്ലാതെ അദ്ദേഹം വാക്കുകള്‍ മനുഷ്യരുടെ നെഞ്ചു നോക്കി പ്രയോഗിച്ചു. അണലിസന്തതികളേ! എന്ന വിളി കാപട്യത്തിനെതിരെയുള്ള സ്‌നാപകന്റെ യുദ്ധകാഹളമായിരുന്നു. മതനേതാക്കളെയും മതത്തിന്റെ നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തിരുന്ന ഫരിസേയരെയും അദ്ദേഹം വെറുതെ വിട്ടില്ല. വീരയോദ്ധാവിനെ പോലെ അദ്ദേഹം കാപട്യത്തിന്റെ മുഖം മൂടികള്‍ ചീന്തിയെറിഞ്ഞു. പാരമ്പര്യങ്ങളില്‍ അഭിരമിക്കുന്നവരും യോഹന്നാന്റെ വാക്കിന്റെ ചൂടറിഞ്ഞു: 'ഞങ്ങള്‍ക്ക് പിതാവായി അബ്രാഹമുണ്ട് എന്നു പറഞ്ഞ് അഭിമാനിക്കേണ്ട. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിന് സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിന് കഴിയുമെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു'. ഫലം കായ്ക്കാതെ, ഇലകള്‍ കൊണ്ടു മൂടിയ ഒരു അത്തിവൃക്ഷത്തെ യേശു ശപിക്കുന്ന സംഭവം നാം ബൈബിളില്‍ വായിക്കുന്നുണ്ട്. സ്വന്തം ഫലമില്ലായ്മ ഇലകള്‍ കൊണ്ട് മറച്ചു പിടിച്ച കാപട്യക്കാരുടെ പ്രതിനിധിയാണ് ആ വൃക്ഷം. ആ സംഭവത്തോടു ചേര്‍ത്തു വായിക്കാവുന്ന സ്‌നാപക വാക്യമാണ് തുടര്‍ന്നു വരുന്നത്: 'വൃക്ഷങ്ങളുടെ വേരിന് കോടാലി വയ്ക്കപ്പെട്ടിരിക്കുന്നു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയപ്പെടും'.

പൗരുഷം കെട്ടുകാഴ്ചകളുടെയും കാപട്യത്തിന്റെതുമായി ഗണിക്കുന്ന ഈ കെട്ട കാലത്തിന് കാപട്യത്തിനെതിരെ ഗര്‍ജിച്ച സ്‌നാപകന്റെ കറതീര്‍ന്ന പൗരുഷം ആഗ്‌നേയമായ വെല്ലുവിളിയാകുന്നു. ഇന്ന്, മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അവതരിക്കപ്പെടുന്ന പൗരുഷം പലപ്പോഴും കാപട്യത്തിന്റെ രൂപങ്ങളായി മാറുന്നു. ഉള്ളിലെ ആത്മാവിനെ സത്യസന്ധമായി പ്രതിബിംബിക്കാത്ത പൗരുഷത്തിന്റെ കെട്ടുകാഴ്ചകള്‍. ടിക്ക് ടോക്കുകളുടെയും യൂട്യൂബ് വീഡിയോ വീരസ്യങ്ങളുടെയും ഈ കാലത്ത് പൗരുഷമെന്നാല്‍ പ്രകടനപരമായ സാഹസങ്ങളാണെന്ന് ഒരു തലമുറ തെറ്റിദ്ധരിക്കുന്നു. ആത്മാവിലെ ഭീരുത്വത്തെയും കറുത്ത വ്യക്തിത്വത്തെയും ഒളിച്ചുവയ്ക്കുന്ന മീശ വച്ച മുഖംമൂടികളാകുന്നു പലപ്പോഴും സമകാലിക പൗരുഷം.

യോഹന്നാന്‍ തീക്ഷണവും ഋജുവുമായ വാക്കുകള്‍ കൊണ്ട് ശ്രോതാക്കളുടെ ചിന്തകളെ കീറി മുറിച്ചപ്പോള്‍ ക്രിസ്തുവാകട്ടെ, അന്തരാര്‍ത്ഥം ധ്വനിപ്പിക്കുന്ന കഥകളും ഉപമകളും കൊണ്ട് ശ്രോതാക്കളുടെ ഭാവനയെ തലോടുന്നു.

ആളാകലാണ് പൗരുഷം എന്ന വീമ്പിളക്കലുകളെ സൗമ്യമായി പരിഹസിക്കുന്നു സ്‌നാപക യോഹന്നാന്‍. 'ഞാന്‍ ഒരു തടവ സൊന്നാ നൂറു തടവ സൊന്ന മാതിരി' എന്ന സൂപ്പര്‍സ്റ്റാറിന്റെ വീരസ്യം വഴിഞ്ഞൊഴുകുന്ന പഞ്ച് ഡയലോഗാണ് പൗരുഷത്തിന്റെ അടയാളം എന്ന് ധരിച്ചു വശായ ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്! 'അവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല' എന്ന് ഏറ്റു പറഞ്ഞുകൊണ്ട് ക്രിസ്തുവിന്റെ പ്രഭാവത്തിന് മുന്നില്‍ വിനീതനാകുന്ന യോഹന്നാനെ ഈ കാലഘട്ടത്തിന് മനസ്സിലാകില്ല. പൗരുഷമെന്നാല്‍ വിനയം എന്നും അര്‍ത്ഥമുണ്ട് എന്ന് പഠിപ്പിച്ചവരാണ് യേശുവിന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ താന്‍ യോഗ്യനല്ല എന്നേറ്റു പറഞ്ഞ യോഹന്നാനും ശിഷ്യരുടെ പാദങ്ങള്‍ കഴുകിയ ക്രിസ്തുവും.

യോഹന്നാനും ക്രിസ്തുവും തമ്മില്‍ കാതലായ വ്യത്യാസങ്ങളുണ്ടെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ പരസ്പരം പൂരകങ്ങളാണ്. യോഹന്നാന്‍ ശബ്ദമാണ്, എന്നൊക്കെയാണ് ഇടമുഴക്കമാണ് യോഹന്നാന്‍ എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ വരിക. യോഹന്നാന്‍ ഏലിയാ പ്രവാചകന്റെ രണ്ടാം വരവാണെന്ന് യേശു തന്നെ സാക്ഷ്യപ്പെടുത്തുന്നു. അത് പുനര്‍ജന്മം എന്ന അര്‍ത്ഥത്തിലല്ല, ഏലിയായുടെ ആഗ്‌നേയതീക്ഷണമായ ചൈതന്യം വഹിക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ്.

യോഹന്നാന്‍ പരിപൂര്‍ത്തിയിലെത്തുന്നത് ക്രിസ്തുവിലാണെന്ന് ധ്വനിപ്പിക്കുന്ന ഒരു സംഭവം രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട് (1 രാജ 19: 11-13). കൊടുങ്കാറ്റിനും ഭൂകമ്പത്തിനും അഗ്‌നിക്കും ശേഷം ഒരു മൃദുമന്ത്രണം ഏലിയായുടെ കാതുകളെ പൊതിയുന്നു. കൊടുങ്കാറ്റിന്റെ തീവ്രതയോടെ ജീവിക്കുകയും ദൈവത്തെ പ്രഘോഷിക്കുകയും ചെയ്ത ഏലിയായ്ക്ക് ലഭിക്കുന്ന ആത്മസംഗീതത്തിന്റെ വെളിപാടാണിത്. വൃക്ഷങ്ങളുടെ കടയ്ക്കല്‍ കോടാലി വയ്ക്കുന്ന ചണ്ഡമാരുതന് ശേഷം കാതില്‍ മൃദുവായി വീഴുന്ന നിശ്വാസം പോലെ നേര്‍ത്ത സ്വരം, അതാണ് വചനം. കൊടുങ്കാറ്റും അഗ്‌നിയും പോലെ ഹൃദയഭൂമികളെ ഉലയ്ക്കുന്ന യോഹന്നാനു ശേഷം ആത്മാവിന്റെ മൃദുമന്ത്രണം പോലെ സൗമ്യദീപ്തനായ ക്രിസ്തു! ഇതാണ് രണ്ടു പൗരുഷങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ഒരാളുടേത് കൊടുങ്കാറ്റിന് സമമായ ആഗ്‌നേയ പൗരുഷം. മറ്റേയാളുടേത് ആര്‍ദ്രവും സൗമ്യവുമായ പൗരുഷം.

ഉടച്ചു വാര്‍ക്കലാണ് ദൈവരാജ്യത്തിന്റെ പ്രക്രിയ. കുന്നുകള്‍ നിരത്തി, താഴ്‌വരകള്‍ നികത്തി ദൈവപുത്രന് വഴിയൊരുക്കലാണ് യോഹന്നാന്റെ ദൗത്യം. അതില്‍ തച്ചുടയ്ക്കലുണ്ട്. നിലം ഉഴുന്നതു പോലൊരു കര്‍മ്മമാണത്. ഹൃദയമാകുന്ന വയലുകള്‍ ഉഴുതു മറിക്കണം. അതാണ് അയാളുടെ പൗരുഷം പരുക്കനായിരിക്കുന്നത്. ക്രിസ്തുവിന്റെ ദൗത്യം വചനത്തിന്റെ വിത്തു പാകലാണ്. അത് ശാന്തസൗമ്യമായ കര്‍മമാണ്. യോഹന്നാന്‍ തന്റെ പരുക്കന്‍ പൗരുഷം കൊണ്ട് ഉഴുതിട്ട ഹൃദയവയലു കളില്‍ ക്രിസ്തു സ്‌നേഹാര്‍ദ്രമായ വചനവിത്തുകള്‍ വിതറുന്നു.

യോഹന്നാന്‍ തീക്ഷണവും ഋജുവുമായ വാക്കുകള്‍ കൊണ്ട് ശ്രോതാക്കളുടെ ചിന്തകളെ കീറി മുറിച്ചപ്പോള്‍ ക്രിസ്തുവാകട്ടെ, അന്തരാര്‍ത്ഥം ധ്വനിപ്പിക്കുന്ന കഥകളും ഉപമകളും കൊണ്ട് ശ്രോതാക്കളുടെ ഭാവനയെ തലോടുന്നു. യോഹന്നാന്‍ കര്‍ക്കശക്കാരനായി പ്രത്യക്ഷപ്പെട്ടു. ക്രിസ്തു കരുണാമയനായും. യോഹന്നാന്‍ ഉപവസിക്കുന്നവനും വെട്ടുക്കിളിയും കാട്ടുതേനും മാത്രം ഭക്ഷിക്കുന്നവനുമായി വന്നപ്പോള്‍ യേശു ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി ജനങ്ങള്‍ക്കിടയില്‍ നടന്നു. യോഹന്നാന്‍ ജനങ്ങളില്‍ നിന്നകന്ന് ഒരു അവധൂതനെ പോലെ മേവുകയും തന്റെ ദൗത്യം നിര്‍വഹിക്കാന്‍ വേണ്ടി മാത്രം ജനങ്ങള്‍ക്കിടയില്‍ എത്തുകയും ചെയ്തപ്പോള്‍ യേശു എപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്നു. പുറംകാഴ്ചയില്‍ രണ്ടു പേരും രണ്ടു ധ്രുവങ്ങളിലാണെന്നു തോന്നിക്കുമെങ്കിലും സത്യത്തില്‍ രണ്ടുപേരും പരസ്പര പൂരകങ്ങളാണ്. 'പ്രവര്‍ത്തികളില്‍ വൈവിധ്യമുണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നു തന്നെ' (1 കോറി. 12:6).

ഒരാളുടെ സത്ത വെളിപ്പെടുത്തുന്നത് അയാളുടെ ജീവിതാന്ത്യമാണെന്ന് പറയുന്നതു പോലെ യോഹന്നാന്റെയും യേശുവിന്റെയും പൗരുഷം വെന്നിക്കൊടി പാറിച്ചത് അവരുടെ മരണങ്ങളിലായിരുന്നു.

ഒരാളുടെ സത്ത വെളിപ്പെടുത്തുന്നത് അയാളുടെ ജീവിതാന്ത്യമാണെന്ന് പറയുന്നതു പോലെ യോഹന്നാന്റെയും യേശുവിന്റെയും പൗരുഷം വെന്നിക്കൊടി പാറിച്ചത് അവരുടെ മരണങ്ങളിലായിരുന്നു. ഇരുവരും സത്യത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടു മരണം വരിച്ചു. ഇരുവരും വെല്ലുവിളികളെയും സിംഹാസനങ്ങളെയും സൈന്യബലത്തെയും മരണത്തെയും ഭയപ്പെട്ടില്ല. ഇരുവരും കാലത്തെയും മരണത്തെയും അതിജീവിച്ചു.

ഹോറേദേസിന്റെ കൊട്ടാരത്തില്‍ മുഴങ്ങിയ യോഹന്നാന്റെ പുരുഷശബ്ദത്തിന്റെ സ്രോതസ്സായ ആ കഴുത്ത് മുറിച്ചു നീക്കപ്പെട്ടിട്ടും സഹസ്രാബ്ദങ്ങളായി ആ ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു. സത്യത്തിന് സാക്ഷ്യം വഹിക്കുന്നവനാണ് യഥാര്‍ത്ഥ പുരുഷന്‍ എന്നാണ് ആ ശബ്ദം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. സത്യമാകട്ടെ, മരണത്തെ ജയിച്ച് നിത്യജീവന്റെ ആധാരമായി വാഴുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org