ഉന്നതവിദ്യാഭ്യാസം കൃഷിയിൽ ചാലിച്ച വിജയ​ഗാഥ

ഉന്നതവിദ്യാഭ്യാസം കൃഷിയിൽ ചാലിച്ച വിജയ​ഗാഥ

ഫ്രാങ്ക്ളിന്‍ എം.

എം.ബി.എ. ബിരുദധാരിയായ മാത്തുക്കുട്ടി ടോം എന്ന യുവാവ് ഒന്നേകാല്‍ ലക്ഷം രൂപ പ്രതിമാസം ശമ്പളം കിട്ടുന്ന ഉദ്യോഗം രാജിവച്ച് കാര്‍ഷികവൃത്തിയില്‍ വിജയം വരിച്ച കഥ…

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് 25-ാം വയസ്സില്‍ ഒന്നേകാല്‍ ലക്ഷം പ്രതിമാസ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് എംബിഎ ബിരുദധാരിയായ മാത്തുക്കുട്ടി മണ്ണിലേക്കിറങ്ങി. ഇക്കാര്യം അറിഞ്ഞവരും കേട്ടവരും മൂക്കത്തു വിരല്‍വച്ചു. വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച് മാത്തുക്കുട്ടി ഇത് എന്തിന്‍റെ പുറപ്പാടാ? എംബിഎ വരെ പഠിച്ചവന്‍ കൃഷിചെയ്യാന്‍ പോകുന്നുവോ? കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരന്‍ പക്ഷെ ഇതൊന്നും കേട്ട് പതറിയില്ല. അപ്പനപ്പൂപ്പന്മാരുടെ പതിനെട്ടേക്കര്‍ ഭൂമിയില്‍ മണ്ണുവിളയിക്കാന്‍ തന്നെ തീരുമാനിച്ചു. കാര്‍ഷികവൃത്തിയും നല്ലൊരു പ്രൊഫഷനാണെന്നു തെളിയിക്കുകയായിരുന്നു ലക്ഷ്യം.

പാലാ മരങ്ങാട്ടുപിള്ളിയില്‍ ഇന്നു മാത്തുക്കുട്ടിയുടെ ടിജെടി ഫാമില്‍ വിളയാത്തതായി ഒന്നുമില്ല. നെല്ലും റബ്ബറും പഴങ്ങളും പച്ചക്കറികളും മുതല്‍ ഇറച്ചിയും മീനും വരെ മാത്തുക്കുട്ടിയുടെ ഫാമില്‍ വിളയുന്നു! വല്യപ്പനും പപ്പയും കൃഷിചെയ്യുന്നതു കണ്ടു വളര്‍ന്ന മാത്തുക്കുട്ടിയുടെ മനസ്സില്‍ ചെറുപ്പംമുതലേ ഒരു കര്‍ഷകനുണ്ടായിരുന്നു. ഇഞ്ചി, കപ്പ, മഞ്ഞള്‍ തുടങ്ങിയ പാരമ്പര്യ കാര്‍ഷിക വിളകളുടെ വിലയിടിച്ചിലും റബ്ബറിന്‍റെ ഡിമാന്‍റു കുറവും കാരണം പലരും അതൊക്കെ ഉപേക്ഷിച്ചമട്ടായിരുന്നു. ഉപജീവനത്തിനു കര്‍ഷകരില്‍ പലരും വേറെ മാര്‍ഗ്ഗങ്ങള്‍ നോക്കുമ്പോള്‍ കൃഷി എങ്ങനെ ലാഭകരമാക്കാം എന്നതായിരുന്നു മാത്തുക്കുട്ടിയുടെ അന്വേഷണം. അതാണ്, ഒന്നരക്കൊല്ലം ജാഗ്വര്‍ ലാന്‍റ് റോവറില്‍ സെയില്‍സ് കണ്‍സള്‍ട്ടന്‍റും പിന്നീട് ഒന്നരവര്‍ഷം ബിഎംഡബ്ല്യുവില്‍ ടെറിട്ടറി മാനേജരുമായി ജോലി ചെയ്ത ശേഷം എസി റൂമില്‍നിന്ന് മണ്ണിലേക്കിറങ്ങി കാലില്‍ ചെളിപറ്റിക്കാന്‍ മാത്തുക്കുട്ടിയെ പ്രേരിപ്പിച്ച ആദ്യഘടകം.

"ജീവിതത്തില്‍ ലക്ഷ്വറി ആഗ്രഹിക്കുന്നവരാണ് എല്ലാവരും, പ്രത്യേകിച്ച് യുവാക്കള്‍. നല്ല പഠനം നല്ല ജോലി, നല്ല ചുറ്റുപാടുകള്‍, സുഖസൗകര്യങ്ങള്‍… കോടികള്‍ വിലമതിക്കുന്ന കാറുകള്‍ വില്‍പന നടത്തിയിരുന്നവനാണു ഞാന്‍. വലിയ ഷോറൂമുകള്‍, ധനികരും മാന്യരുമായ കസ്റ്റമേഴ്സ്… എന്നാല്‍ ലക്ഷ്വറി എന്നത് ഇത്തരം ആഡംബരങ്ങളല്ല എന്നെനിക്കു തോന്നി. മുന്തിയ ഹോട്ടലിലെ ഭക്ഷണമോ വിലകൂടിയ വാഹനങ്ങളോ ഒന്നുമല്ല ലക്ഷ്വറി. കുട്ടിക്കാലത്തു നാം നടന്ന മണ്ണ്… അതില്‍ കളിച്ചതും വീണതും, നല്ല വായു ശ്വസിക്കാന്‍ പറ്റിയതും നല്ല ഭക്ഷണം ഉണ്ടാക്കികഴിക്കാന്‍ കഴിഞ്ഞതും… അതാണ് ലക്ഷ്വറി എന്നു ഞാന്‍ തിരിച്ചറിഞ്ഞു. അതിലേക്കുള്ള ഒരു തിരിച്ചുനടക്കല്‍-അതാണ് കൃഷിയിലേക്കും മണ്ണിലേക്കുമുള്ള എന്‍റെ ആകര്‍ഷണം."

അക്കാദമിക നേട്ടങ്ങളിലൂടെ മികച്ച ജോലികള്‍ കരസ്ഥമാക്കാനാഗ്രഹിക്കുന്നവരാണ് യുവാക്കള്‍. അതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എന്നാല്‍ കൃഷിയോടും കാര്‍ഷികവൃത്തിയോടുമുള്ള അഭിനിവേശവും വളരുന്ന തലമുറയില്‍ രൂപപ്പെടണം. അതില്‍ താത്പര്യമുള്ളവരെ ആ രംഗത്ത് ഉറപ്പിച്ചു നിറുത്താന്‍ കഴിയണമെന്ന് മാത്തുക്കുട്ടി സൂചിപ്പിക്കുന്നു.
തൊഴില്‍ രാജിവച്ച് കൃഷിയിലേക്കിറങ്ങാന്‍ മത്തുക്കുട്ടി തീരുമാനമെടുക്കും മുന്‍പ് രണ്ടു മാസം ലീവെടുത്ത് അതേക്കുറിച്ച് വിശദമായി പഠിച്ചു. കേരളത്തിലെ വിവിധ ഫാമുകള്‍ സന്ദര്‍ശിച്ചതിനു പുറമെ പഞ്ചാബിലുള്ള സുഹൃത്തിന്‍റെ പ്രേരണയില്‍ അവിടെയും കുറച്ചു നാള്‍ തങ്ങി. "ഏതു കൃഷിക്കും പഞ്ചാബില്‍ ഒരു പ്രൊഫഷണല്‍ രീതിയുണ്ട്. ഉല്‍പാദന ചെലവ് കുറയ്ക്കുന്ന വിധത്തില്‍ വളരെ സിസ്റ്റമാറ്റിക്കായിട്ടാണ് അവര്‍ കൃഷി ചെയ്യുന്നത്."

ശാസ്ത്രീയമായി കൃഷി ചെയ്യാന്‍ പഠിച്ചാല്‍ പ്രൊഫഷണല്‍ രീതിയില്‍ വളരെ ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് മാത്തുക്കുട്ടി സമര്‍ത്ഥിക്കുന്നു. പ്രൊഡക്ഷനും പ്രോസസിംഗും ഡിസ്ട്രിബൂഷനും നമ്മുടെ മേല്‍ നോട്ടത്തില്‍ നടക്കണം. എങ്കിലേ ഉദ്ദേശിക്കുന്ന നേട്ടമുണ്ടാകൂ. ഉല്‍പാദനം മാത്രം നടത്തുന്ന കര്‍ഷകനെ ഇടനിലക്കാര്‍ പറ്റിക്കുന്ന സാഹചര്യമാണു ഇന്നുള്ളത്.

ഈ പശ്ചാത്തലത്തിലാണ് ഉല്‍പാദനവും സംസ്ക്കരണവും വിപണനവും ഏകോപിപ്പിച്ചുള്ള കൃഷിയെപ്പറ്റി മാത്തുക്കുട്ടി ചിന്തിച്ചത്. അങ്ങനെ ഒമ്പതോളം മീറ്റ് പ്രൊഡക്ടുകളും കൂടാതെ പഴം, പച്ചക്കറികളും ഉല്‍പാദിച്ചും ശേഖരിച്ചും വിതരണം ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ പന്നി, പോത്ത്, ആട്, താറാവ്, ബ്രോയിലര്‍ കോഴി, നാടന്‍ കോഴി, കാട, ടര്‍ക്കി, മുയല്‍ എന്നിവയെ വളര്‍ത്തി അവയുടെ ഇറച്ചി ടിജെടിഫാം വിപണിയിലെത്തിക്കുന്നു. കൂടാതെ നാലഞ്ച് ഇനങ്ങളിലായി ഇരുപതിനായിരത്തില്‍പ്പരം മീനുകളും അഞ്ചു കുളങ്ങളിലായി വളര്‍ത്തുന്നു. കാറ്ററിംഗുകാര്‍ക്കും ഹോസ്റ്റലുകളിലും ഇവയെല്ലാം വിതരണം ചെയ്യുമ്പോള്‍ പാലായിലുള്ള ഔട്ട്ലെറ്റ് വഴിയും ഓണ്‍ലൈനിലൂടെയും കൃഷിവിഭവങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.

ബ്രോയ്ലര്‍ കോഴികള്‍ക്കു മാത്രമാണ് ടിജെടി ഫാമില്‍ തീറ്റ വാങ്ങുന്നത്. അതില്‍നിന്നു തുടങ്ങുന്ന വേസ്റ്റ് ബേസ്ഡ് ഫാമിംഗ് മറ്റു കൃഷികളുടെ ഉല്‍പാദനച്ചലവ് കുറയ്ക്കുകയാണ്. കോഴികൃഷിയുടെ സോളിഡ്-ലിക്വിഡ് വേസ്റ്റുകള്‍ വേര്‍തിരിച്ചു മറ്റു കൃഷികള്‍ക്ക് ഉപയുക്തമാക്കുന്നു. ലിക്വിഡ് വേസ്റ്റ് ബയോഗ്യാസിനു പ്രയോജനപ്പെടുത്തുമ്പോള്‍ അവശിഷ്ടങ്ങള്‍ ചെടിക്കും പുല്‍കൃഷിക്കും വളമാക്കുന്നു. പന്നി, ആട്, പോത്ത്, താറാവ് തുടങ്ങിയവയുടെ കാഷ്ഠവും മറ്റും ഇത്തരത്തില്‍ വളമായി പ്രയോനപ്പെടുത്തുന്നു. രണ്ടേക്കര്‍ സ്ഥലത്ത് നെല്ല് ഉല്‍പാദിപ്പിക്കുമ്പോള്‍ അതിനടുത്ത കര ഭൂമിയില്‍ വലിയ കുളം നിര്‍മ്മിച്ചാണ് കൃഷിക്കുവേണ്ട വെള്ളം കണ്ടെത്തിയിരിക്കുന്നത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആവശ്യമായ തീറ്റ ഫാമില്‍ത്തന്നെ ബൈപ്രൊഡക്ടായി ലഭിക്കുമ്പോള്‍ ഉല്‍പാദന ചെലവ് ഗണ്യമായി കുറയുന്നുണ്ടെന്ന് മാത്തുക്കുട്ടി വ്യക്തമാക്കുന്നു. ആടിനും പോത്തിനും പന്നിക്കും മറ്റും വേണ്ട പുല്ലും ഫാമില്‍ കൃഷി ചെയ്യുന്നുണ്ട്. മൂന്നേക്കറുള്ള പുല്‍കൃഷിയില്‍ ഒരേക്കറില്‍നിന്ന് 40-50 ദിവസത്തിനുള്ളില്‍ 5 ടണ്‍ പുല്‍ ഉല്‍പാദിപ്പാക്കാനാകും. ഫാമിലെ ആവശ്യത്തിനു ശേഷം ഇതു വില്‍പന നടത്തുന്നുമുണ്ട്.

ടിജെടി ഫാമിന്‍റെ അതിരുകള്‍ മുഴുവനും പാഷന്‍ ഫ്രൂട്ടുകളാണ്. കാലാവസ്ഥയ്ക്കനുസൃതം പച്ചക്കറികളും കൃഷി ചെയ്യുന്നു. വെണ്ട, ചീര, പയര്‍, കോവല്‍, പാവല്‍… ഇതിനു പുറമെ കപ്പ, ചേന, കാച്ചില്‍, ചേമ്പ്, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങളും റംബൂട്ടാന്‍, പപ്പായ, പേര, ചാമ്പ, ചക്ക തുടങ്ങിയ പഴങ്ങളുമുണ്ട്. റബ്ബര്‍, തെങ്ങ്, കമുക്, കൊക്കോ മുതലായവയും ഇവിടെ വിളയുന്നു. ഏതുകാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന റെയിന്‍ ഷെല്‍ട്ടറിന്‍റെ ഒരു യൂണിറ്റും ഈ ഫാമിലുണ്ട്.

മാത്തുക്കുട്ടിക്കു പുറമെ പിതാവ് ടോമി, അമ്മ മോളി, സഹോദരന്‍ സിജില്‍, സഹോദര ഭാര്യ ജോമി എന്നിവരും ടിജെടി ഫാമിന്‍റെ വിജയക്കുതിപ്പില്‍ പങ്കാളികളാണ്. "ഒന്നിച്ചുനിന്ന് വിജയം നേടുന്ന കര്‍ഷകകുടുംബമാണ് ഞങ്ങളുടേത്." 2017-ലെ യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡു നേടിയ മാത്തുക്കുട്ടി മികച്ച കര്‍ഷകനുള്ള പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതല അവാര്‍ഡുകളടക്കം നിരവധി പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസവും മികച്ച ജോലിയും ഉണ്ടായിട്ടും കാര്‍ഷിക രംഗത്തേക്കു കടന്നുവന്നു വിജയഗാഥ രചിച്ച ഈ യുവകര്‍ഷകന്‍ ഡോക്ടറാകാനും എഞ്ചിനീയറാകാനും മറ്റു പ്രൊഫഷനുകള്‍ തിരഞ്ഞെടുക്കാനും പരിശ്രമിക്കുന്ന യുവാക്കളോടു പറയുന്നതിത്രമാത്രം: കൃഷിയും കാര്‍ഷികരംഗവും ഏതു പ്രൊഫഷനും പോലെ മികച്ചതുതന്നെയാണ്. അതു വേണ്ട പോലെ പ്രയോജനപ്പെടുത്തിയാല്‍ മാനസികവും ശാരീരികവുമായ സംതൃപ്തിയും സാമ്പത്തിക നേട്ടവും ലഭിക്കും.

കൃഷി ഒരു നേരമ്പോക്കല്ല, വികാരമാകണം. മനസ്സുണ്ടെങ്കില്‍ കൃഷി ചെയ്യാന്‍ സാധിക്കും. അതിന് ഏക്കറു കണക്കിനു സ്ഥലം സ്വന്തമായി വേണമെന്നില്ല. കാര്‍ഷിക പാരമ്പര്യമുള്ള നാടാണ് നമ്മുടേത്. ഇഷ്ടംപോലെ കൃഷിഭൂമി ഇവിടെയുണ്ട്. ന്യായമായ വിലയ്ക്ക് പാട്ടത്തിന് സ്ഥലം കിട്ടും. താത്പര്യമുള്ളവര്‍ക്ക് അവിടെ കൃഷി ചെയ്യാനാകും. പ്രൊഫഫഷണലിസം കൃഷിയില്‍ പ്രയോജനപ്പെടുത്തണമെന്നേയുള്ളൂ. അതിന് തന്‍റെ പക്കല്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍ തേടിവരുന്നവര്‍ക്ക് മാത്തുക്കുട്ടി നല്‍കുന്ന ആദ്യത്തെ സൂത്രവാക്യമിതാണ് – ഏതു പ്രദേശത്ത് എന്താണ് അനുയോജ്യമായത് അത് അനുവര്‍ത്തിക്കുക. മധ്യകേരളത്തില്‍ ഇറച്ചിക്കു നല്ല ഡിമാന്‍റാണെന്നു മനസ്സിലാക്കി ആ വിധത്തില്‍ കൃഷിനടത്തിയതാണ് തന്‍റെ വിജയം. അതുപോലെ ഇടനിലക്കാരെ ഒഴിവാക്കി ഗുണമേന്മയുള്ളവ ഉല്‍പാദിപ്പിക്കണം. ഉല്‍പാദനം, സംസ്ക്കരണം, വിപണനം എന്ന ക്രമം നേരേ തിരിച്ച് വിപണനം, സംസ്ക്കരണം, ഉല്‍പാദനം എന്ന സൂത്രവാക്യം സ്വീകരിക്കണം. എന്താണ് മാര്‍ക്കറ്റില്‍ ആവശ്യമെന്ന് അറിയുക, അത് സംസ്കരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുക, തുടര്‍ന്ന് ഉല്‍പാദനത്തിലേക്കു തിരിയുക.

പ്രായം മുപ്പതിനോടടുക്കുന്നു. നാലുകൊല്ലം മുമ്പ് ഉദ്യോഗം രാജിവച്ച് ഉന്നതവിദ്യാഭ്യാസം കാര്‍ഷികവൃത്തിയിലേക്കു തിരിച്ചുവിട്ട മാത്തുക്കുട്ടി തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തനാണോ? "തീര്‍ച്ചയായും. ഉദ്യോഗത്തിലാണെങ്കില്‍ ഞാനിപ്പോള്‍ എന്തെങ്കിലും ഉയര്‍ന്ന പോസ്റ്റില്‍ എത്തിയേനെ, പക്ഷെ ദിവസവും ആറു ഗുളികയെങ്കിലും കഴിക്കേണ്ട അവസ്ഥയും വന്നുചേര്‍ന്നേനെ. ഇവിടെ ഒരു സമ്മര്‍ദ്ദവുമില്ല. ശാരീരികവും മാനസികവുമായി നല്ല ഉണര്‍വ്വും ഉന്മേഷവുമാണ്. ശുദ്ധവായു ശ്വസിച്ച് നല്ല മണ്ണില്‍ നടന്ന്, വിഷമില്ലാത്ത ഭക്ഷണം കഴിച്ച് സന്തോഷത്തോടെ കഴിയുന്നു. എസി കാറിലും ഓഫീസിലുമിരുന്ന് ജോലി ചെയ്തപ്പോള്‍ എനിക്ക് ഇടയ്ക്കിടെ പനി വരുമായിരുന്നു. ടോണ്‍സില്‍സും ഉണ്ടാകും. ഇതിപ്പോള്‍ കഴിഞ്ഞ നാലുവര്‍ഷമായി ഒരസുഖവും ഇല്ല"- തലയില്‍ തൊപ്പിധരിച്ച് ഗണ്‍ബൂട്ടുമിട്ട് മാത്തുക്കുട്ടി പറമ്പിലേക്കിറങ്ങുകയാണ്. അവിടെ അയാളുടെ സ്വപ്നങ്ങള്‍ വിളഞ്ഞു കിടക്കുന്നു. ആര്‍ക്കും മോഹിക്കാവുന്ന ആര്‍ക്കും സ്വന്തമാക്കാവുന്ന വിളകളാണവ. വിദ്യാധനം സര്‍വധനാല്‍ പ്രധാനം – വിദ്യ അറിവാണ്, അത് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം. ഉന്നത വിദ്യാഭ്യാസം പാടത്തും പറമ്പിലും പ്രൊഫഷണലിസമാക്കി പരിവര്‍ത്തിപ്പിച്ച മാത്തുക്കുട്ടിയുടെ വിജയഗാഥ എത്രയധികം പഠിച്ചിട്ടും ഒന്നും പഠിക്കാത്തവര്‍ക്കുള്ള പാഠവും കൂടിയാകുന്നു.
മാത്തുക്കുട്ടി ടോം
തെങ്ങുംതോട്ടത്തില്‍ ഹൗസ്
പാലക്കാട്ടുമല പി.ഓ.
മരങ്ങാട്ടുപ്പിള്ളി, പാല
മൊബൈല്‍: 8606155544

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org