വാക്ക്

വാക്ക്

ഫാ. അനീഷ് കൊട്ടുകാപ്പള്ളി
തലശ്ശേരി അതിരൂപത

ആരും വിചാരിക്കാത്ത വേഗമാണ് ചിലപ്പോള്‍ വാക്കുകള്‍ക്ക്.

ചില വാക്കുകള്‍ നമ്മെ കോരിയെടുത്തുകൊണ്ടു കാതങ്ങള്‍ സഞ്ചരിക്കും.

എന്നിട്ട് ആരുമറിയാത്ത ഒരു വിജനതയില്‍ നമ്മെ തനിച്ചാക്കിയിട്ട് പെട്ടെന്ന് പൊയ്ക്കളയും.

നമ്മളാകട്ടെ നമ്മുടെ വാക്കുകള്‍ എടുക്കാനും മറന്നിട്ടുണ്ടാകും.

അപ്പോള്‍ … വാക്കുകളില്ലാതെ പെയ്യാന്‍ നാം പഠിക്കും.

ചിലപ്പോള്‍ വാക്കുകള്‍ക്ക് വല്ലാത്ത മൗനമാണ്.

അവ പറയപ്പെടുന്നുവെന്നല്ലാതെ ആരുമൊന്നും കേള്‍ക്കാറില്ല

ഒടുവില്‍ വാക്കുകള്‍ മൗനത്തില്‍ ലയിക്കുന്നതിനാല്‍ അവ തീരുന്നതു പോലും നാമറിയാതെപോകുന്നു

മൗനത്തില്‍ മുറിഞ്ഞ ചില വാക്കുകളാവട്ടെ ഓര്‍മ്മകളില്‍ ചോരവാര്‍ന്നു കിടക്കാറുണ്ട്;
അവയെ ചവിട്ടി നടക്കുന്നവര്‍ അറിയാറില്ലെന്നു മാത്രം.

ചില വാക്കുകള്‍ക്ക് വല്ലാത്ത ഭാരമാണ്. ഒടുവില്‍ നാം തളര്‍ന്നു വീഴുമ്പോള്‍ അവ നമ്മളില്‍നിന്നും ചിതറിത്തെറിക്കും. നാം ചുമക്കേണ്ടവയല്ലെങ്കിലും ചതഞ്ഞ വാക്കുകളെ വീണ്ടും പെറുക്കി കൂട്ടാന്‍ നാം ശ്രമിച്ചുകൊണ്ടേയിരിക്കും; അവ നമ്മുടേതാണെന്നമട്ടില്‍.

നമ്മുടെ വാക്കുകള്‍ ചിലപ്പോള്‍ നമ്മോടുമാത്രമായി സംസാരിക്കാറുണ്ട്, എവിടെയും ഇടം കിട്ടാതെ നമ്മിലേക്കുതന്നെ മടങ്ങിയ സ്വന്തം വാക്കുകളാണവ.

ചെവിയോര്‍ത്തുനോക്കിയാല്‍ അവയില്‍ നമ്മുടെ ദീര്‍ഘ നിശ്വാസങ്ങള്‍ കേള്‍ക്കാം.

ചിലപ്പോള്‍ വഴിയില്‍ കളഞ്ഞു കിട്ടുന്ന ചില വാക്കുകളുണ്ട്;
നാം തേടിനടന്നവ പോലുള്ള ചിലത്.

എടുത്തുനോക്കിയശേഷം നമ്മുടേതല്ലെന്ന വ്യഥയില്‍ സൂഷ്മമായവയെ തിരികെ വെക്കുമ്പോള്‍ മിഴികള്‍ കുടയരുത്, പകരം
നിനച്ചിരിക്കാത്തൊരു സമയത്ത് നമ്മെ നനയിച്ച ഒരു മഴയെക്കുറിച്ചോര്‍ത്തു സാവകാശം മടങ്ങുക.

ഇപ്പോള്‍ സാവധാനം അകത്തേക്കുനോക്കുമ്പോള്‍ കാണുന്നത് ഛര്‍ദ്ദിച്ചു പോയ വാക്കുകളുടെ കൂമ്പാരം മാത്രമാണ്.

വിഴുപ്പുകള്‍ക്കിടയില്‍ പുരണ്ട വാക്കുകളെ നാം അലക്കി വെളുപ്പിച്ചെടുക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുരുങ്ങി നേര്‍രേഖയിലൊടുങ്ങുന്ന പുതിയവാക്കുകള്‍ വെള്ളപുതച്ചു കൊണ്ടേയിരിക്കുകയാണ്.

ഒടുവില്‍ ശിരസ്സുകുനിച്ചിരിക്കുമ്പോള്‍ നാം തിരിച്ചറിയും, കടലും കരയുമല്ല നമ്മെ അകറ്റുന്നത്; മറിച്ച് നാം പരസ്പരം കൈമാറിയ വാക്കുകളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org