വല്ലാത്ത കാലത്തെ നല്ല വാര്‍ത്തകള്‍

വല്ലാത്ത കാലത്തെ നല്ല വാര്‍ത്തകള്‍


സിജോ പൈനാടത്ത്

ഇങ്ങനെയൊരു വിശുദ്ധവാരം ഇനി ഇല്ലാതിരുന്നെങ്കില്‍!!!

2020 ലെ വിശുദ്ധവാരത്തില്‍ വിശ്വാസികളുടെ വീട്ടകങ്ങളില്‍ നിന്നുള്ള സങ്കടംപറച്ചിലുകളിലൊന്നായിരുന്നു ഇത്. പുണ്യദിനങ്ങളില്‍ പള്ളിയില്‍ പോകാന്‍ പോലുമാവാത്തതിന്‍റെ വേവലാതി. അടച്ചിട്ട പള്ളിമുറികളില്‍ അഞ്ചുപേരിലൊതുങ്ങിയ ഓശാനയും, പെസഹായും, ദുഖവെള്ളിയും ഉയിര്‍പ്പും. സാമൂഹ്യജീവിതം അക്ഷരാര്‍ത്ഥത്തില്‍ നിലച്ച സമാനതകളില്ലാത്ത സങ്കടകാലത്താണ് ഇക്കുറി പ്രത്യാശയുടെ ഈസ്റ്റര്‍ പുലരി പിറന്നത്.

എവിടെ പിറന്നുവെന്ന് ഇനിയുമറിയാത്ത 0.12 മൈക്രോണ്‍ മാത്രം വ്യാസമുള്ളൊരു വൈറസിനു ലോകത്തെ വീട്ടിലിരുത്താന്‍ പറ്റി. കോവിഡ് 19 എന്ന മഹാമാരി അതു ബാധിച്ച രോഗികളുടെയും ക്വാറന്‍റൈനിലുള്ളവരുടെയും മാത്രം കാര്യമല്ല, മനുഷ്യകുലത്തിന്‍റെയാകെ വലിയ വിശേഷമാണ്. മനുഷ്യരുടെയാകെ ആരോഗ്യവിചാരത്തിലൊതുങ്ങുന്നില്ല ഈ വൈറസ് വ്യാപനം. ചിന്തയെ, എഴുത്തിനെ, ജീവിതശൈലിയെ, സ്വഭാവത്തെപ്പോലും കൊറോണക്കാലം വല്ലാതെ സ്വാധീനിക്കുന്നു, മാറ്റിയെഴുതുന്നു. കൊറോണയ്ക്കു മുമ്പും ശേഷവും എന്ന നിലയില്‍ ഭൂമിയില്‍ മനുഷ്യജീവിതം രണ്ടായി പകുത്തു തിരിക്കപ്പെടുന്നുവെന്നും നാം ഇനി തിരിച്ചറിയേണ്ടിവരും!

പോസിറ്റീവ് – നെഗറ്റീവ്
ബീ പോസിറ്റീവ്; പ്രചോദനത്തിന്‍റെ നീണ്ട പാഠങ്ങളെ ഈ രണ്ടു പദങ്ങളില്‍ ലയിപ്പിച്ചു പറയാന്‍ നാം പഠിച്ചിട്ടുണ്ട്. പക്ഷേ, കൊറോണക്കാലത്തു പോസിറ്റീവ് എന്നു കേള്‍ക്കുമ്പോള്‍, ഭയക്കുകയും നെഗറ്റീവ് എന്നറിയുമ്പോള്‍ ആശ്വാസം കൊള്ളുകയും ചെയ്യുന്നതിലെ വൈരുധ്യമോ കൗതുകമോ നമ്മുടെ വര്‍ത്തമാന പരിസരങ്ങളില്‍ കണ്ടു.

ഇന്നെത്ര പോസിറ്റീവ് എന്ന ആകാംക്ഷയ്ക്ക്, ഇന്നത്തെ ദുരിതത്തിന്‍റെ അളവെത്ര എന്നായിരിക്കുന്നു അര്‍ഥം..! നെഗറ്റീവുകളുടെ എണ്ണം ആശ്വാസത്തിന്‍റെയും. കൊറൊണക്കാലത്തു മാറ്റിയെഴുതപ്പെട്ട നമ്മുടെ ജീവിതചര്യകളിലും സൂക്ഷ്മതയോടെ വായിച്ചെടുക്കാനാകും ചില വൈരുധ്യങ്ങളുടെ പാഠങ്ങള്‍.

നക്ഷത്രവെട്ടങ്ങള്‍
എങ്കിലും ഏതു വ്യാകുലകാലത്തും, ജീവിതത്തോട്, സമൂഹത്തോടും നിരന്തരം പോസിറ്റീവായിരിക്കണമെന്നത് എക്കാലത്തെയും അനിവാര്യമായ ജീവിതദര്‍ശനമാണ്. കൊറോണക്കാലത്തും പോസിറ്റീവ് എനര്‍ജി നമുക്കു ചുറ്റും പരത്തിയ ഒരുപാടു പേരുണ്ട്. ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളുമെല്ലാം ആ നിരയില്‍ മുമ്പിലുണ്ട്. അവര്‍ നമുക്കു ഹീറോകള്‍ തന്നെ.

മുന്‍നിരകളിലേക്കു വരാതെ, കാമറാക്കണ്ണുകള്‍ ചുറ്റും വേണമെന്നു നിര്‍ബന്ധമില്ലാതെ നിശബ്ദം സേവനം ചെയ്ത നന്മകളുടെ ഇത്തിരിവെട്ടങ്ങളും നമുക്കു ചുറ്റും ഏതു പ്രതിസന്ധിഘട്ടങ്ങളിലുമെന്ന പോലെ ഇക്കുറിയും തെളിയുന്നുണ്ട്. പള്ളികള്‍, മഠങ്ങള്‍, സന്യാസാശ്രമങ്ങള്‍, സഭാസ്ഥാപനങ്ങള്‍, സാമൂഹ്യസേവന വിഭാഗങ്ങള്‍ എന്നിവയെല്ലാം ആ വെളിച്ചങ്ങളുടെ വാഹകരായിരുന്നു. ഔദ്യോഗിക സഹായ ഹസ്തങ്ങള്‍ എത്തിപ്പെടാത്ത ഇടങ്ങളില്‍, എല്ലാ അര്‍ഥത്തിലും വഴിമുട്ടിയ അര്‍ഹതപ്പെട്ട ജീവിതങ്ങളിലേക്കാണ് ആ വെളിച്ചമെത്തിയത്.

സാമൂഹ്യ അകലങ്ങള്‍ക്കും സാമൂഹ്യ അടുക്കളകള്‍ക്കുമപ്പുറത്തു കരുതലിന്‍റെ ചെറുതും വലുതുമായ പൊതിക്കെട്ടുകളാണ് അവര്‍ സമ്മാനിച്ചത്.

ചിലപ്പോള്‍ പൊതിച്ചോര്‍, ചിലയിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍… അങ്ങനെ പലതും. ചിലര്‍ പ്രതിരോധ രംഗത്ത് അവിശ്രമം അധ്വാനിക്കുന്നവര്‍ക്ക് ആശ്വാസവുമായെത്തി. പിന്നെ പ്രാര്‍ഥനകളുടെ പാഥേയവുമായി എത്രയോ പേര്‍…!!

മുഴുവന്‍ സമയം പ്രവര്‍ത്തനസജ്ജമായ സഭയുടെ ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ക്കും അവിടെ സേവനം ചെയ്യുന്നവയ്ക്കും പുറമേയാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സഭാമക്കള്‍ സജീവമായി രംഗത്തിറങ്ങിയത്. അവര്‍ക്കിടയിലെ ചില നക്ഷത്രവെട്ടങ്ങളെ നാം കാണണം.

ഹൃദയപൂര്‍വം സഹൃദയ
പ്രളയകാലത്തെന്നപോലെ പ്രതിസന്ധിയെത്തിയയുടന്‍ ആശ്വാസവും സഹായങ്ങളുമായി രംഗത്തെത്തിയതാണു ഇക്കുറിയും സഹൃദയയെ മികവുറ്റതാക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ സംസ്ഥാനത്തു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുമ്പേ, കോവിഡ് പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പോലീസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കു അര ലക്ഷത്തോളം മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തായിരുന്നു തുടക്കം. ഒപ്പം ബോധവത്കരണ ലഘുലേഖകളും പോസ്റ്ററുകളും.

കൊറോണക്കാലത്തു കാരുണ്യസ്പര്‍ശം എന്ന പേരില്‍ തയാറാക്കിയ പദ്ധതിയിലൂടെ എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇടവകകള്‍ വഴി ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളെത്തിച്ചു. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അധികൃതര്‍ ശ്രദ്ധിക്കാതെ പോയ, വൃദ്ധ, ബാല മന്ദിരങ്ങളില്‍ സഹായമെത്തിക്കാനും സഹൃദയ മറന്നില്ല. 20 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളാണു വിതരണം ചെയ്തത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ കൊച്ചിയിലെയും പരിസരങ്ങളിലെയും ഭിക്ഷാടകര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും പോലീസിന്‍റെ സഹായത്തോടെ പൊതിച്ചോറുകള്‍ എത്തിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ നൂറുകണക്കിനു സ്ത്രീകള്‍ക്കു വരുമാനം കൂടി ലഭിക്കുന്ന തരത്തില്‍ മാസ്കുകള്‍ നിര്‍മിച്ചു വിതരണം ചെയ്തതും സഹൃദയയുടെ അതിജീവന പദ്ധതികളില്‍ ശ്രദ്ധിക്കപ്പെട്ടു. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് ഡോ. ആന്‍റണി കരിയിലിന്‍റെ നിര്‍ദേശപ്രകാരം ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളിലിന്‍റെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ഭിന്നശേഷിയുള്ളവര്‍ക്കൊപ്പം
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കൈത്താങ്ങാകുന്നതിനാണു വിന്‍സെന്‍ഷ്യന്‍ സഭയിലെ മേരിമാതാ പ്രോവിന്‍സിന്‍റെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ വിന്‍സെന്‍ഷ്യന്‍ സര്‍വീസ് സൊസൈറ്റി കൂടുതല്‍ ശ്രദ്ധിച്ചത്. അങ്കമാലി മുനിസിപ്പാലിറ്റിയിലും, കറുകുറ്റി, കടക്കരപ്പള്ളി പഞ്ചായത്തുകളിലും 120 ഓളം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. 24 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ് ഈ മേഖലകളിലെ നിര്‍ധന കുടുംബങ്ങള്‍ക്കും വിതരണം ചെയ്തതായി സോഷ്യല്‍ വര്‍ക്ക് വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് പെരിഞ്ചേരി അറിയിച്ചു. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കു മരുന്നുകളും ചികിത്സാ ഉപകരണങ്ങളും എത്തിച്ചു നല്‍കിയിരുന്നു.

ആരാധനയ്ക്കുമപ്പുറം
കൊറോണക്കാലത്തു ലോകത്തിനു മുഴുവനുമായി കോണ്‍വെന്‍റുകളില്‍ ആരാധനയും പ്രാര്‍ഥനകളും സജീവമായിരുന്നു. അതിനൊപ്പം സാധിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനും സന്യാസിനി സമൂഹങ്ങള്‍ മറന്നില്ല.

ആരാധനാ സന്യാസിനി സമൂഹത്തിന്‍റെ (എസ്എബിഎസ്) തിരുഹൃദയ പ്രോവിന്‍സിലെ സന്യാസിനിമാര്‍, ആലപ്പുഴ ജില്ലയിലെ വല്യാറ, ഉളവയ്പ് ഗ്രാമങ്ങളിലെ 150 നിര്‍ധന കുടുംബങ്ങള്‍ക്കു രണ്ടു ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചു നല്‍കിയത്. മൂന്നു വര്‍ഷം മുമ്പു ഇരു ഗ്രാമങ്ങളിലെയും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ ദത്തെടുത്ത സന്യാസിനി സമൂഹം അവരുടെ എല്ലാ ആവശ്യങ്ങളിലും സഹായമായി ഒപ്പമുണ്ട്. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പിലിന്‍റെ നേതൃത്വത്തിലാണ് ഇവിടെ സഹായങ്ങളെത്തിച്ചത്. ലോക്ക് ഡൗണ്‍ മൂലം തൊഴിലിനു പോകാനാവാത്ത കളമശേരി ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലുള്ളവര്‍ക്കും ഇവര്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളെത്തിച്ചു.

അതിഥി തൊഴിലാളികള്‍ക്കൊപ്പം
തൊഴിലില്ലായ്മയ്ക്കൊപ്പം സ്വന്തം നാടുകളിലേക്കു മടങ്ങാനാകാതെ കുടങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു കരുതലാകാനായിരുന്നു ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്സിസി) സന്യാസിനിമാരുടെ ശ്രമം.

ആലുവ കര്‍മസദന്‍ എഫ്സിസി കോണ്‍വെന്‍റിലെ സന്യാസി നിമാരാണു തൊഴിലാളി കുടുംബങ്ങളില്‍ ഭക്ഷ്യവസ്തുക്കളെത്തിച്ചത്. ആലുവ, ചെമ്പറക്കി, അശോകപുരം, കൊടികുത്തുമല, ഉളിയന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പടെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ഇവര്‍ സഹായം നല്‍കി.

പള്ളിപണി പിന്നെയാകാം!

പണിതുയര്‍ത്തിയ വലുതും ചെറുതുമായ പള്ളികളെല്ലാം കൊറോണക്കാലത്ത് ജനങ്ങള്‍ക്കെത്താനാകാതെ ശൂന്യമായതിന്‍റെ സങ്കടം ചെറുതല്ല. ഇവിടെ പള്ളിപണി പൂര്‍ത്തിയാക്കാന്‍ കരുതിവച്ച പണം കോവിഡ് പ്രതിരോധത്തിനും ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും മാതൃകയായി ഒരു ഇടവകയുണ്ട്.

ആലപ്പുഴ രൂപതയിലെ പാതിരപ്പിള്ളി ചെട്ടിക്കാട് വിശുദ്ധ മരിയ ഗൊരേത്തി പള്ളിയിലാണു കാരുണ്യത്തിന്‍റെ പുതിയ പാത തുറന്നത്. വികാരി ഫാ. തോമസ് മാണിയാപൊഴിയില്‍ പറയുന്നതിങ്ങനെ: 530 കുടുംബങ്ങളാണ് ഇടവകയിലുള്ളത്. ഏറെയും മത്സ്യത്തൊഴിലാളികള്‍. അവരുടെ ചെറിയ വരുമാനത്തില്‍ നിന്നു ആറു വര്‍ഷത്തോളമായി അവര്‍ പള്ളിപണിക്കു സംഭാവന നല്‍കുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അവര്‍ തന്നെ സമാഹരിച്ചേല്‍പിച്ച തുകയില്‍ നിന്ന് ഇപ്പോഴത്തെ പ്രതിസന്ധിയറിഞ്ഞ് 500 രൂപ വീതം അവര്‍ക്കു നല്‍കി. അവര്‍ തന്നു, അവര്‍ക്കു കൊടുത്തു. ബുദ്ധിമുട്ടെല്ലാം മാറി, കടലില്‍ പോകാനാവുമ്പോള്‍ അവര്‍ തന്നെ പള്ളിപണിക്കു പണം നല്‍കുമെന്ന് എനിക്കുറപ്പുണ്ട്.'

സേവനത്തിന്‍റെ സാനിറ്റൈസര്‍
കൊറോണക്കാലത്ത് ഏറെ ആവശ്യമുള്ള സാനിറ്റൈസര്‍ സര്‍ക്കാര്‍ അനുമതിയോടെ ഉല്പാദിപ്പിച്ചു വിതരണം ചെയ്തത് ലിസി ആശുപത്രിയുടെ ഫാര്‍മസ്യൂട്ടിക്കല്‍സ് വിഭാഗത്തെ ശ്രദ്ധേയമാക്കി. മന്ത്രി വി.എസ്. സുനില്‍കുമാറാണ് ഇതിന്‍റെ ഉദ്ഘാടനത്തിനെത്തിയത്. ആദ്യഘട്ടത്തില്‍ പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റുമായി സൗജന്യമായാണ് ഇവ വിതരണം ചെയ്തതെന്നു ഡയറക്ടര്‍ റവ.ഡോ. പോള്‍ കരേടന്‍ അറിയിച്ചു.

കൊച്ചി നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ സാനിറ്റൈസര്‍ ബോക്സുകള്‍ സ്ഥാപിച്ചു നൈപുണ്യ ഇന്‍റര്‍നാഷണല്‍ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി. ലോക്ക് ഡൗണിനു മുമ്പു ബസ് സ്റ്റാന്‍ഡുകള്‍, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസറുകള്‍ എത്തിച്ചു. ഫാ. ജോണ്‍സണ്‍ വടക്കുംചേരിയുടെയും ഫാ. സൈമണ്‍ പള്ളുപ്പേട്ടയുടെയും നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

രോഗികള്‍ക്കായി ഭക്ഷണം
ആലുവയിലെ കപ്പൂച്ചിന്‍ സന്യസ്തരും എഫ്സിസി സന്യാസിനിമാരും ചേര്‍ന്നു ആലുവ നഗരസഭയിലെയും ചൂര്‍ണിക്കര പഞ്ചായത്തിലെയും കിടപ്പുരോഗികള്‍ക്കു ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിച്ചാണു കൊറോണക്കാണത്ത് ആശ്വാസമായത്. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ സഹകരണത്തോടെയാണു ഗുണഭോക്താക്കളെ കണ്ടെത്തിയത്. വൈദികരും സന്യാസിനികളും ചേര്‍ന്നു ഭക്ഷണം ഒരുക്കി പാക്കറ്റുകളിലാക്കിയാണു വിതരണം ചെയ്തത്.

സന്യാസത്തിന്‍റെ സാമൂഹ്യപ്രതിബദ്ധതയുടെ സാക്ഷ്യമായാണ് ഈ പ്രതിസന്ധി ഘട്ടത്തിലെ സന്നദ്ധപ്രവര്‍ത്തനങ്ങളെ കാണുന്നതെന്നു കപ്പൂച്ചിന്‍ സെന്‍റ് തോമസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. പോളി മാടശേരിയും, എഫ്സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫും പറഞ്ഞു.

കോളനികളിലേക്കു ഭക്ഷ്യവസ്തുക്കള്‍
സിഎംസി കോതമംഗലം പ്രോവിന്‍സിന്‍റെ നേതൃത്വത്തില്‍ കോഴിപ്പിള്ളിയിലെ നിര്‍ധന കുടുംബങ്ങള്‍ താമസിക്കുന്ന രണ്ടു കോളനികളില്‍ ഭക്ഷ്യവസ്തുക്കളെത്തിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നവ്യ മരിയ കോതമംഗലം എംഎല്‍എ ആന്‍റണി ജോണിനു ഭക്ഷ്യവസ്തുക്കള്‍ കൈമാറി.

തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം മേഖലയില്‍ നിര്‍ധന കുടുംബങ്ങള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.

പോലീസുകാരോടും കരുതല്‍
പകര്‍ച്ചവ്യാധിക്കെതിരെ പൊതുജനത്തിനായി കരുതലോടെ സേവനം ചെയ്യുന്ന പോലീസുകാര്‍ക്കു ചായയും ലഘഭക്ഷണവും ഒരുക്കി നല്‍കിയാണു സിഎംസി എറണാകുളം വിമല പ്രോവിന്‍സിലെ സന്യാസിനികള്‍ മാതൃകയായത്. കാക്കനാട് ജ്യോതിസ്ഭവന്‍ കോണ്‍വെന്‍റ് സുപ്പീരിയര്‍ സിസ്റ്റര്‍ ട്രീസാ പോള്‍, സിസ്റ്റര്‍ ടെസ്ലിന്‍, സിസ്റ്റര്‍ നയന എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍വെന്‍റില്‍ തയാറാക്കുന്ന ചായയും ലഘുഭക്ഷണവും ലോക്ക്ഡൗണ്‍ കാലത്തു കാക്കനാടും പരിസരങ്ങളിലും പൊതുനിരത്തുകളില്‍ സേവനം ചെയ്യുന്ന പോലീസുകാര്‍ക്ക് ഇവര്‍ എത്തിച്ചു നല്‍കി.

കാരുണ്യത്തിന്‍റെ കലവറകളായി ഇടവകകള്‍
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ കൊറോണക്കാലത്ത് സേവനത്തിന്‍റെ ഇടങ്ങള്‍ കൂടിയായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളില്‍ 'കാരുണ്യത്തിന്‍റെ കലവറ'കളൊരുക്കിയാണു ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിച്ചത്.

കടവന്ത്ര സെന്‍റ് ജോസഫ് ഇടവകയില്‍ അഞ്ചു ലക്ഷത്തോളം രൂപയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളാണു കൊറോണക്കാലത്ത് ഇതുവരെ നടത്തിയത്. അറുനൂറോളം വീടുകളില്‍ അര ലിറ്റര്‍ വീതം സാനിറ്റൈസര്‍ എത്തിച്ചു. ഇവകയിലെ വീടുകളില്‍ നിര്‍മിച്ച മാസ്കുകള്‍ ആവശ്യക്കാര്‍ക്കു നല്‍കി.

ലോക്ക്ഡൗണില്‍ സര്‍ക്കാരിന്‍റെ സൗജന്യ റേഷനു മുമ്പ് അരി, പയര്‍, പരിപ്പ്, പഞ്ചസാര, പച്ചക്കറികള്‍ വാങ്ങി പാവങ്ങള്‍ക്കു വിതരണം ചെയ്തു. ചികിത്സയ്ക്കും മരുന്നുകള്‍ക്കുമായി സഹായം നല്‍കി. രണ്ടാം ഘട്ടത്തില്‍ 100 കുടുംബങ്ങള്‍ക്കു 2000 രൂപ വീതം സഹായം നല്‍കി. സഹവികാരിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടു യുവാക്കളാണു ദുഖവെള്ളിയാഴ്ച രക്തദാനം നടത്തിയത്. പള്ളിയുടെ കീഴിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികള്‍ക്ക് ഒരു മാസത്തെ വാടക ഇളവു ചെയ്തതായും വികാരി ഫാ. ബെന്നി മാരാംപറമ്പില്‍ അറിയിച്ചു.

'ഊണുമുറിയില്‍ അരി, കടല, പഞ്ചസാര എന്നിവ ഉണ്ട്. അരി മൂന്നു പാത്രവും പഞ്ചസാര ഒരു കപ്പും എന്ന നിലയ്ക്ക് എടുത്തുകൊള്ളുക. ദൈവം അനുഗ്രഹിക്കട്ടെ.'

ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ കാടുകുറ്റി ഇന്‍ഫന്‍റ് ജീസസ് പള്ളിയുടെ പള്ളിമേടയ്ക്കു മുമ്പില്‍ പതിച്ച നോട്ടീസിലെ വാക്കുകളാണിത്. ബുദ്ധിമുട്ടനുഭവിക്കുന്ന ആര്‍ക്കും അവശ്യവസ്തുക്കള്‍ സൗജന്യമായി എടുക്കാന്‍ ഇവിടെ സൗകര്യമൊരുക്കി. ശേഷം അനേകം പേരുടെ സഹകരണത്തോടെ പ്രദേശത്തെ അതിഥി തൊഴിലാളികള്‍ക്കുള്‍പ്പടെ ഭക്ഷ്യവസ്തുക്കളും മറ്റു സഹായങ്ങളും എത്തിച്ചു. പഞ്ചായത്തിന്‍റെ കമ്യൂണിറ്റി കിച്ചണുകളിലേക്കും പള്ളിയുടെ സഹായമെത്തി. വികാരി ഫാ. ബൈജു കണ്ണമ്പിള്ളിയ്ക്കൊപ്പം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു ഇടവകയാകെ കൈകോര്‍ത്തു.

എംസി റോഡില്‍ ദീര്‍ഘദൂര ചരക്കുലോറികളിലെ ഡ്രൈവര്‍മാര്‍ക്കു ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തായിരുന്നു കാലടി സെന്‍റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവയുടെ സന്നദ്ധസേവനം.

ഇതുപോലെ നിരവധി ഇടവകകളില്‍ കൊറോണക്കാലത്ത് ആവശ്യമറിഞ്ഞുള്ള സഹായങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചിരുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കു സല്യൂട്ട്
ഈസ്റ്റര്‍ ദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു പ്രാതലൊരുക്കിയാണ് എറണാകുളത്തെ ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ കോവിഡ് പ്രതിരോധ രംഗത്തെ അവരുടെ സേവനങ്ങള്‍ക്ക് ആദരമറിയിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും പങ്കെടുത്ത സ്നേഹവിരുന്നില്‍ സിഎംഐ സഭയിലെ വൈദികര്‍ക്കൊപ്പം ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും കൈകോര്‍ത്തു. ചാവറ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ നേതൃത്വം നല്‍കി.

നിലയ്ക്കാത്ത കാരുണ്യം
സഭാശുശ്രൂഷകളില്‍ എക്കാലവും സാമൂഹ്യപ്രതിബദ്ധതയുടെ അടയാളപ്പെടുത്തലുകള്‍ വ്യക്തമായിരുന്നു. പ്രത്യേകമായി സമൂഹത്തിലെ പ്രതിസന്ധികളുടെ ഘട്ടങ്ങളിലെല്ലാം. വളരെ വേഗത്തില്‍ ഏകോപിപ്പിക്കാവുന്ന സംവിധാനങ്ങള്‍ ഇക്കാര്യത്തിലും സഭയുടെ കരുത്താവുന്നു. ഇതൊരു തുടര്‍ച്ചയാണ്; വിശ്വാസം ജീവിക്കുന്നവരില്‍ നിന്നു കാരുണ്യത്തിന്‍റെ തുടര്‍ച്ച.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org