വല്ല്യേട്ടന്റെ കാപട്യം

വല്ല്യേട്ടന്റെ കാപട്യം

എം.ജെ. തോമസ് എസ്.ജെ.

യേശുവിന്‍റെ ഏറ്റവും അറിയപ്പെടുന്നതും പ്രധാനവുമായ ഉപമ ധൂര്‍ത്തപുത്രന്‍റെ കഥയാണ്. മിക്കവരും കഥയിലെ പിതാവിനെയും ധൂര്‍ത്തമകനെയും ശ്രദ്ധിക്കുന്നു. നല്ലവനെന്ന ധാരണയില്‍ മൂത്തമകനെ അവഗണിക്കുന്നു. പക്ഷെ, അവനില്‍ കാര്യമായ കുറവുകളുണ്ട്, മാറ്റങ്ങള്‍ ആവശ്യമുണ്ട് (ലൂക്കാ 15:25-30).

മൂത്തമകന്‍ തന്നെത്തന്നെ കാണുന്നത് നല്ലവനായിട്ടാണ്. 'ഞാന്‍ എത്ര വര്‍ഷമായി നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്‍റെ കല്പന ഞാന്‍ ലംഘിച്ചിട്ടില്ല' (15:29). അവന്‍തന്നെത്തന്നെ കണ്ടത് ഒരടിമയായിട്ടാണ്, മകനായിട്ടല്ല എന്ന് Nouwen (the return of the prodigal) വ്യക്തമാക്കുന്നു. അടിമയായ തനിക്ക് സ്വാതന്ത്ര്യമില്ലെന്ന് അവനറിയാം. കടമകളേയുള്ളൂ, അവകാശങ്ങളില്ല. യജമാനന്‍ പറയുന്നതൊക്കെ ചെയ്യാന്‍ കടപ്പെട്ടവനാണ്. കുടുംബാംഗമെന്ന ബന്ധമോ, ഹൃദയപൂര്‍വ്വകമായ സമര്‍പ്പണമോ, ഉത്തരവാദിത്വബോധമോ അവനില്ല. അവനില്‍ കാണുന്ന നന്മകള്‍ വെറും ബാഹ്യമാണ്. മൂടുപടമാണ്. യഥാര്‍ത്ഥമായ ഒരു നന്മയും ന്യൂമാന്‍ അവനില്‍ കാണുന്നില്ല. ഒന്നാംതരം പ്രീശനാണവന്‍. വെള്ളയടിച്ച കുഴിമാടം.

ധൂര്‍ത്തനായ മകനെ സസന്തോഷം ക്ഷമിച്ച്, അവന് മകനുള്ള അവകാശങ്ങളൊക്കെ കൊടുത്ത്, അവന്‍റെ തിരിച്ചുവരവ് വലിയൊരാഘോഷമാക്കിയപ്പോഴാണ് മൂത്തവന്‍റെ ഉള്ളിലെ വിഷം പുറത്തു വരുന്നത്. പരാതികളും കുറ്റാരോപണങ്ങളും, സ്വയം നീതീകരണവും മാത്രമാണവനുള്ളത്.

അനുജന്‍ തരിച്ചുവന്നതില്‍ ഒട്ടും സന്തോഷമില്ല. അവന്‍റെ സ്ഥിതി അറിയാനുള്ള താത്പര്യം പോലുമില്ല. മാത്രമല്ല, ഒരു തെളിവും കൂടാതെ എത്ര ഹീനമായിട്ടാണ് അനുജന്‍ വേശ്യകളോടു കൂടെ ആയിരുന്നു എന്നു പറയുന്നത്! ഇതിനര്‍ത്ഥം ജ്യേഷ്ഠന്‍റെ മനസ്സു നിറയെ അശ്ലീലമായിരുന്നിരിക്കണം എന്ന് ന്യൂമാന്‍ പറയുന്നു. അവന്‍ ലൈംഗികമായ കുറ്റം (ഭയംകൊണ്ടോ അവസരം ലഭിക്കാഞ്ഞോ) ചെയ്തിട്ടില്ലെങ്കിലും അവന്‍റെ മനസ്സ് അശുദ്ധമാണ്.

മൂത്തമകന് പിതാവിനോടുള്ള ബന്ധവും വളരെ മോശമാണ്. പിതാവിനെ സര്‍വ്വാധികാരിയും ചോദ്യം ചെയ്യപ്പെടാത്തവനുമായി കണ്ട കാലത്ത് അവന് പിതാവിനോട് യാതൊരു ബഹുമാനമോ അനുസരണയോ ഇല്ല. പിതാവ് ചെയ്തതെല്ലാം തെറ്റാണെന്നാണ് അവന്‍റെ പക്ഷം. വീട്ടില്‍ കയറിച്ചെന്ന് ആഘോഷത്തിന്‍റെ കാരണം നേരിട്ടു മനസ്സിലാക്കാനുള്ള ഔചിത്യമോ പ്രതിബദ്ധതയോ അവനില്ല. തന്നെ മാനിച്ചില്ലെന്നും പ്രതിഫലമൊന്നും കൊടുത്തില്ലെന്നുമാണ് പിതാവിനെതിരായുള്ള പരാതി.

അന്യനായിട്ടാണ് അനുജനെ കാണുന്നത്. 'നിന്‍റെ ഈ മകന്‍' എന്നതിന് ജാരസന്തതി എന്നും, പിതാവ് വ്യഭിചാരിയാണെന്നും ധ്വനിയുണ്ട്. അസഹനീയമായ ഈ വാക്കുകള്‍ എത്ര വിശാല ഹൃദയത്തോടെയാണ് പിതാവ് അവഗണിക്കുന്നത്!

പൂര്‍ണ്ണമായും സ്വയം നീതീകരിക്കുന്ന, മറ്റുള്ളവരെ നിശിതമായി വിധിക്കുന്ന പ്രീശനാണ്, കപട ഭക്തനാണ് മൂത്തമകന്‍. തന്നില്‍ ഒരു തെറ്റും കാണാത്ത അവന്‍റെ അവസ്ഥ ഭയാനകമാണ്. അവന്‍റെ മാനസാന്തരം ഏതാണ്ട് അസാദ്ധ്യവും. നിയമങ്ങളൊക്കെ അനുസരിക്കുന്ന, ആരാധാന ക്രമങ്ങളൊക്കെ പാലിക്കുന്ന, ധാരാളം ഭക്തകൃത്യങ്ങള്‍ അനുഷ്ഠിക്കുന്ന നമ്മിലേറെയും മൂത്തമകനെപ്പോലെയാണെന്നുള്ളതാണ് ദുഃഖസത്യം. സ്വയം തൃപ്തരായ നമ്മള്‍ നമ്മില്‍നിന്നും വ്യത്യസ്തരായവരെ വിധിക്കുന്നു, കുറ്റപ്പെടുത്തുന്നു.

അന്നത്തെ പ്രീശന്മാരെ മാനസാന്തരപ്പെടുവാന്‍ ക്ഷണിച്ച യേശു നമ്മളേയും മാനസാന്തരത്തിനു ക്ഷണിക്കുകയാണ്. ഈ വെല്ലുവിളി സ്വീകരിക്കുന്നതാണ് യഥാര്‍ത്ഥ ആത്മീയത, വിശുദ്ധി. സ്വന്തം പോരായ്മകളെപ്പറ്റി വ്യക്തമായ ബോധം വളര്‍ച്ചയ്ക്കാവശ്യമാണ്. ഈ ബോധം വിശുദ്ധിയുടെ നല്ല അടയാളവുമാണ്.

ഉപമയിലെ ഏറ്റവും പ്രധാന കഥാപാത്രം പാപിയെയും കപടഭക്തനെയും ആഴമായി സ്നേഹിക്കുന്ന പിതാവാണ്. ഈ പിതാവാണ് ദൈവത്തിന്‍റെ ഏറ്റവും നല്ല പ്രതീകം. ഉപമയുടെ പ്രധാന സന്ദേശം ഓരോരുത്തരും പിതാവിനെപ്പോലെ അനുകമ്പയുള്ളവരായിരിക്കണം എന്നും (ലൂക്കാ 6:36). വിശുദ്ധ പൗലോസിന്‍റെ വാക്കുകളില്‍ "ദൈവത്തെ അനുകരിക്കുന്നവരാകുക" (എഫേ. 5:1). ഇതാണ് ക്രിസ്തീയ ആദ്ധ്യാത്മികത, ഭക്തി.

പിതാവിനെപ്പോലെ ആയിരിക്കുകയെന്നാല്‍, പ്രഥമമായും ഓരോരുത്തരുടെയും ലോകത്തിന്‍റെയും ദുരവസ്ഥയില്‍ നെഞ്ചുരുകുക എന്നാണ്. എല്ലാവരും വേദനിക്കുന്നവരാണെന്നറിഞ്ഞ്, ദൈവത്തെപ്പോലെ, ആരെയും ശിക്ഷിക്കാനാഗ്രഹിക്കാതിരിക്കുക. മറ്റുള്ളവരുടെ സ്വാതന്ത്ര്യം മാനിച്ച് അവരുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുക. നല്ലയിടയനെപ്പോലെ അവര്‍ക്കുവേണ്ടി പരമാവധി പ്രയത്നിക്കുക. അപരന്‍റെ മാനസാന്തരത്തില്‍ സന്തോഷിക്കുക, അത് ആഘോഷിക്കുക. ഭീഷണിപ്പെടുത്താതെ നിരുപാധികം ക്ഷമിക്കുക. 'എനിക്കുള്ളതെല്ലാം നിനക്ക്' എന്നു പറയുവാന്‍ തക്കവിധം അന്യനെ സ്നേഹിക്കുക. വിധിക്കാതെ, വിലയിരുത്താതെ അന്യനെ ഉള്‍ക്കൊള്ളുക; കുറ്റപ്പെടുത്താതിരിക്കുക. ഒരിക്കലും എഴുതിതള്ളാതിരിക്കുക.

മേല്‍പ്പറഞ്ഞ ലക്ഷ്യം നേടാന്‍ സ്വയാവബോധത്തോടെ, യാഥാര്‍ത്ഥ്യബോധത്തോടെ ആരംഭിക്കുക. സ്വന്തം സ്നേഹക്കുറവ് അംഗീകരിക്കുകയാണ് ഏറ്റവും പ്രധാനം. കുറ്റം വിധിക്കുന്നതും തണുത്തു മരവിച്ചതുമായ സ്വന്തം ഹൃദയവും മനസ്സിലാക്കുക. ഇതൊക്കെ ഉപേക്ഷിച്ച് ഓരോരുത്തരും അനുകമ്പയുള്ളവരായിരിക്കണമെന്നതാണ് പിതാവിന്‍റെ ആഗ്രഹമെന്നും അതിനായി പിതാവുതന്നെ നിരന്തരം തീവ്രശ്രമത്തിലാണെന്നു വിശ്വസിക്കുക.

ഉള്ളതെല്ലാം ദൈവത്തിന്‍റെ സ്നേഹസമ്മാനങ്ങളാണെന്നറിയുക വലിയ സഹായമാണ്. ഈ ബോധം നിലനിറുത്തണം, ഇതില്‍ നിരന്തരമായി വളരണം. വേദനിക്കുമ്പോളും നന്ദിയുണ്ടായിരിക്കുവാന്‍ ശ്രമിക്കുക. നന്ദി സന്തോഷദായകമാണ്. നന്ദി വിശുദ്ധിയുടെ നല്ല അടയാളമാണ്.

ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവും അനുഭവിച്ചവര്‍ സ്നേഹം അര്‍ഹിക്കാത്തവരെയും, പ്രതിസ്നേഹം പോലും പ്രതീക്ഷിക്കാത്ത, സ്നേഹിക്കാന്‍ മുന്‍കൈ എടുക്കണം. ഇതിലൂടെയാണ് നമ്മള്‍ സാഹോദര്യം അനുഭവിക്കുക, ദൈവത്തെ അനുഭവിക്കുക. ദൈവത്തെപ്പോലെയാകുക എന്നാല്‍ സ്നേഹിക്കുന്നവരാകുക, അനുകമ്പയുള്ളവരാകുക എന്നാണ് (1 യോഹ. 4:7) ഇതാണ് ക്രിസ്തീയ ജീവിതം, ക്രിസ്ത്വാനുകരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org