വീടുപേക്ഷിച്ച സമര്‍പ്പിതരുള്ളപ്പോള്‍ വീടില്ലാത്തവരുണ്ടാകാന്‍ പാടില്ല

വീടുപേക്ഷിച്ച സമര്‍പ്പിതരുള്ളപ്പോള്‍ വീടില്ലാത്തവരുണ്ടാകാന്‍ പാടില്ല

105 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം അടുത്ത ഏതാനും വീടുകളുടെ തറക്കല്ലിട്ടു നിര്‍മ്മാണം തുടങ്ങിവച്ചുകൊണ്ട് ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സന്മനസ്സുള്ള സകലരുമായി പങ്കുവച്ചു മുന്നോട്ടു പോകുകയാണു സി. ലിസി ചക്കാലക്കല്‍. ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് മേരി എന്ന സന്യാസിനി സമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്കൂളിന്‍റെ പ്രധാനാദ്ധ്യാപിക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിനിടയിലാണു വീടു നിര്‍മ്മാണത്തിനും സമയം കണ്ടെത്തുന്നത്. ഇരിങ്ങാലക്കുട രൂപതയിലെ മേലഡൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ ലിസി. ഇതുവരെയുള്ള വിപുലമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിസ്റ്റര്‍ തന്‍റെ സന്യാസത്തേയും സഭാദൗത്യത്തേയും കുറിച്ചു സംസാരിക്കുന്നു:

എന്‍റെ കണ്‍വെട്ടത്തുള്ള മനുഷ്യര്‍ പുഴുക്കളെ പോലെ കുപ്പക്കുഴിയിലെന്ന മട്ടില്‍ കിടക്കുമ്പോള്‍ ഞാന്‍ സ്വസ്ഥമായി കിടന്നുറങ്ങുകയാണെങ്കില്‍ ഞാന്‍ എന്തുമാത്രം അബോധാവസ്ഥയിലാണ്? ഞാനെന്തിനു സന്യാസിനിയുടെ വേഷംകെട്ടി നടക്കണം? ഞാന്‍ എന്തു തരം കത്തോലിക്കാവിശ്വാസിയാണ്? ക്രിസ്തുവിന്‍റെ അനുയായി ആണു ഞാന്‍ എന്നു പറയുന്നതില്‍ എന്തര്‍ത്ഥം?

വന്‍തുക നേര്‍ച്ചവരവും വലിയ പെരുന്നാളുകളുമുള്ള ഇടവകപ്പള്ളികളുടെ പരിധിയില്‍ പോലും എത്രയോ മനുഷ്യര്‍ തികച്ചും നിരാലംബരായി കഴിയുന്നു. പന്നികളുടെ ഫാമുകള്‍ പണ്ടു കണ്ടിട്ടുണ്ട്. അവയിലെ പന്നികള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും കിടന്നുറങ്ങാന്‍ ലഭ്യമല്ലാത്ത മനുഷ്യര്‍ നമ്മുടെ ചുറ്റവട്ടത്തുമുണ്ട്. എവിടെയാണു സഭ?

ഈ സാഹചര്യത്തെ പരിവര്‍ത്തിപ്പിക്കാന്‍ സഭയ്ക്കു സാധിക്കണം. പരമ്പരാഗത സ്ഥാപനങ്ങളുടെ നടത്തിപ്പ് സഭയ്ക്കൊരു തടസ്സമാണെന്ന ചിന്തയൊന്നും എനിക്കില്ല. 2500 കുട്ടികളുള്ള ഒരു സ്കൂളിലെ ഹെഡ്മിസ്ട്രസായി ജോലി ചെയ്യുന്നയാളാണു ഞാന്‍. സ്ഥാപനങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പശ്ചാത്തലവും പ്രവര്‍ത്തനവേദിയും നല്‍കുന്നുണ്ട്. പക്ഷേ അത് അതില്‍ തന്നെ ഒരു ലക്ഷ്യമായി കരുതുമ്പോഴാണ് പ്രശ്നം. സാമൂഹ്യപരിവര്‍ത്തനോപാധികളായി നമ്മുടെ സ്ഥാപനങ്ങളെ മാറ്റാന്‍ കഴിയണം.

ഞാന്‍ ജീവിക്കുന്ന പശ്ചിമകൊച്ചിയുടെ കാര്യമെടുക്കാം. ചേരികളുടെ ചേരിയായി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ഈ പ്രദേശം. നഗരവികസനത്തിന്‍റെ മറുപുറം. ഒരു വശത്ത് നഗരത്തില്‍ അംബരചുംബികളായ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ആഡംബര ഫ്ളാറ്റകുള്‍ വാങ്ങി, താമസിക്കാനാളില്ലാതെ, മെയിന്‍റനന്‍സിനു വേണ്ടി മാസം തോറും പതിനായിരങ്ങള്‍ മുടക്കിക്കൊണ്ടിരിക്കുന്ന സ്ഥിതി ഒരു വശത്തുള്ളപ്പോള്‍ മറുവശത്ത് രാപാര്‍ക്കാനൊരു കൂരയില്ലാതെ, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ അനേകായിരം സ്ത്രീകളും കുട്ടികളും കഴിയുന്നു. ഇവിടെ സര്‍ക്കാരുണ്ട്, സഭയുണ്ട്, രാഷ്ട്രീയക്കാരുണ്ട്, പുരോഹിതന്മാരുണ്ട്, സംഘടനകളും പ്രസ്ഥാനങ്ങളുമുണ്ട്. എന്നിട്ട് എന്തുകൊണ്ട് ഇന്നും ഈ ജനങ്ങള്‍ പുഴുക്കളെ പോലെ കഴിയേണ്ടി വരുന്നു? നാം സ്വയം ചോദിക്കേണ്ട ചോദ്യമാണ്. നമ്മെ ചിന്തിപ്പിക്കേണ്ട കാര്യമാണ്.

തോപ്പുംപടിയിലുള്ള സാന്തോം കോളനിയിലെ അന്ധയായ ഒരു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കൊച്ചുവീട്. അപകടത്തില്‍ പരിക്കേറ്റു നിത്യരോഗിയായി കഴിയുന്ന ഒരു മകനാണ് അവര്‍ക്കുണ്ടായിരുന്നത്. ഈ കുടുംബത്തിനു ഞങ്ങള്‍ വീടു പണിതു നല്‍കി. കുറെ നാളുകള്‍ക്കു ശേഷം ആ അമ്മ മരിച്ചു. മരിച്ചടക്കിനു ചെന്നപ്പോള്‍ അവരുടെ മൃതദേഹം കുളിപ്പിച്ചൊരുക്കി വെള്ള പുതപ്പിച്ച് അവരുടെ വീടിനകത്തു കിടത്തിയിരിക്കുന്നു. ഹൈന്ദവാചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നു. മുമ്പാണെങ്കില്‍ മൃതദേഹം നേരെ കിടത്താനോ ഒരാള്‍ക്ക് അങ്ങോട്ടു കയറി വരാനോ കഴിയില്ലായിരുന്നു. ഒരു മനുഷ്യവ്യക്തിയെ പോലെ അന്തിമാഗ്രഹം സാധിച്ച് അന്തസ്സോടെ അന്ത്യയാത്ര പറയാന്‍ ആ വയോധികയ്ക്കു സാധിച്ചു. വീടുകള്‍ പണിതു നല്‍കാന്‍ തുടങ്ങിയ ശേഷം ഉണ്ടായ കണ്ണുനിറച്ച ആത്മസംതൃപ്തിയുടെ ഒരു നിമിഷമായിരുന്നു അത്. അങ്ങനെ സമാനതകളില്ലാത്ത അനേകം മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയാകാന്‍ കഴിഞ്ഞത് എന്‍റെ സന്യാസത്തിന് അര്‍ത്ഥം നല്‍കുന്നതായി എനിക്കു തോന്നുന്നു.

പ്രീഡിഗ്രി പഠിച്ച ശേഷമാണ് എഫ്എംഎം എന്ന സന്യാസസമൂഹത്തില്‍ ഞാന്‍ ചേരുന്നത്. ഒരു ഫ്രഞ്ച് സന്യാസിനി തമിഴ്നാട് ആസ്ഥാനമായി രൂപീകരിച്ച ഒരു അന്താരാഷ്ട്ര സന്യാസിനീസമൂഹമാണിത്. സന്യാസപരിശീലനം കേരളത്തിനു പുറത്തായിരുന്നു. പരിശീലനകാലത്ത് തമിഴ്നാട്ടിലെയും ഉത്തരേന്ത്യയിലെയുമെല്ലാം നിരവധി ഉള്‍ഗ്രാമങ്ങളില്‍ പോകുകയും പാവപ്പെട്ട മനുഷ്യരുടെ ജീ വിതാവസ്ഥകള്‍ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. സിസ്റ്റര്‍ ആകുമ്പോള്‍ ഇത്തരം സ്ഥലങ്ങളില്‍ എവിടെയെങ്കിലും സേവനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ പില്‍ക്കാലത്ത് സഭ എനിക്ക് അദ്ധ്യാപികയാകാനുള്ള ഉപരിപഠനം നല്‍കുകയും അദ്ധ്യാപികയായി നിയോഗിക്കുകയുമായിരുന്നു.

ഏറ്റവും പാവപ്പെട്ട ആളുകള്‍ക്കിടയില്‍ സേവനം ചെയ്യണമെന്നാഗ്രഹിച്ചിരുന്ന എനിക്ക് അദ്ധ്യാപകജോലിയോട് ആദ്യം താത്പര്യമുണ്ടായിരുന്നില്ല. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഒരു കടലോരഗ്രാമത്തിലെ സ്കൂളിലായിരുന്നു ആദ്യനിയമനം. അടിസ്ഥാന ക്രൈസ്തവസമൂഹങ്ങള്‍ (ബിസിസി) തിരുവനന്തപുരം രൂപതയില്‍ വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംവിധാനത്തിന്‍റെ ഭാഗമായി ഞാന്‍ വീടുകള്‍ തോറും കയറിയിറങ്ങുമായിരുന്നു. പാവപ്പെട്ട ജനങ്ങളുടെ ജീവിതം അടുത്തു കാണാനും അവരെ സഹായിക്കേണ്ടതാണെന്ന ബോദ്ധ്യം മനസ്സിലുണ്ടാക്കാനും ബിസിസി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു താഴെത്തട്ടിലേയ്ക്കിറങ്ങി പ്രവര്‍ത്തിച്ചതു വഴിയായി സാധിച്ചു.

പിന്നീടു തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്‍റ് സ്കൂളിലേയ്ക്കു മാറ്റമായി. ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ഗൃഹസന്ദര്‍ശനങ്ങളിലൂടെ പാവപ്പെട്ട ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ നേരിട്ടു കണ്ടറിഞ്ഞു. ഇതിനൊരു പരിഹാരമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമായി കഴിയുമ്പോഴാണ് സ്കൂളിന്‍റെ പ്ലാറ്റിനം ജൂബിലി വരുന്നത്. പശ്ചിമകൊച്ചിയിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കിയതിലൂടെ ഈ മേഖലയുടെ ജനജീവിതത്തെ വന്‍തോതില്‍ പരിവര്‍ത്തനവിധേയമാക്കിയ ഒരു സ്ഥാപനമാണ് ഈ സ്കൂള്‍. പക്ഷേ വിദ്യാഭ്യാസം കൊണ്ടു മാത്രം കാര്യമില്ലെന്ന ബോദ്ധ്യം ഗൃഹസന്ദര്‍ശനങ്ങളില്‍ നിന്നു ലഭിച്ചിരുന്നു. താമസിക്കുന്ന വീടും പരിസരവും തീരെ മോശമാണെങ്കില്‍ കുട്ടികള്‍ക്കു ശരിയായ വിധത്തില്‍ പഠിക്കാനോ വളരാനോ സാധിക്കില്ല. അടിസ്ഥാനസൗകര്യങ്ങള്‍ പ്രധാനമാണ്. ഈ ആലോചനകളില്‍ കഴിയുമ്പോഴാണ് എന്‍റെ ക്ലാസിലെ ഒരു കുട്ടിയുടെ പിതാവു മരണമടയുന്നത്. വീട്ടിലെത്തിയ ഞാന്‍ അവരുടെ സാഹചര്യം കണ്ടു ഞെട്ടി. മൂന്നു സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കെല്ലാം കൂടി ഒരു കുടില്‍. മഴ വന്നപ്പോഴുണ്ടായ ചോര്‍ച്ചയടക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുവയ്ക്കാന്‍ കയറിയപ്പോള്‍ ഹൃദയാഘാതം വന്നാണ് ആ മനുഷ്യന്‍ മരിച്ചത്. ആ കുടുംബത്തിന് ഒരു വീടു പണിതു നല്‍കേണ്ടത് അത്യാവശ്യമാണെന്നു മനസ്സിലായി. ജൂബിലി സ്മാരകമായി ഇവര്‍ക്കു വീടു പണിയാമെന്ന ആലോചന സ്കൂളില്‍ മുന്നോട്ടു വച്ചു. പണത്തിനുള്ള വഴികളൊന്നും കണ്ടില്ലെങ്കിലും അത് അംഗീകരിക്കപ്പെട്ടു. മുപ്പതാം ചരമദിനത്തില്‍ ഒന്നുമാലോചിക്കാതെ അവര്‍ക്കുള്ള രണ്ടു സെന്‍റ് സ്ഥലത്ത് ഒരു വീടിനു തറക്കല്ലിട്ടു. പിന്നെ സഹായാഭ്യര്‍ത്ഥനകളുടെ ഊഴമായി. പലരും സഹായിച്ചു. കണ്ടാല്‍ ഞാന്‍ കാശു ചോദിക്കുമെന്നു പേടിച്ച് പലരും എന്നെ കാണുമ്പോള്‍ വഴിമാറി നടക്കുന്ന സാഹചര്യവും ഉണ്ടായി. ഏതായാലും ആ വീടുപണി പൂര്‍ത്തീകരിച്ചു. 25,000 രൂപ ബാക്കിയുമായി. അതു വച്ച് ഇതേപോലെ തന്നെ തികച്ചും അര്‍ഹിക്കുന്ന അടുത്ത കുടുംബത്തിനുള്ള വീടുപണി ആരംഭിച്ചു. അതും നല്ല രീതിയില്‍ പൂര്‍ത്തിയാക്കി. അപ്പോഴേയ്ക്കും അടുത്ത വീടിനുള്ള ആവശ്യക്കാരും അതിനു സഹായിക്കാന്‍ തയ്യാറുള്ളവരും എത്തി. അങ്ങനെ പിന്നെ തുടര്‍ച്ചയായി വീടുകള്‍.

അതിപ്പോള്‍ നൂറു കടന്നു മുന്നേറുന്നു. ഇതു സാദ്ധ്യമാണ് എന്നു മനസ്സിലായപ്പോഴാണു ഞങ്ങള്‍ ഹൗസ് ചാലഞ്ച് എന്ന പരിപാടി തുടങ്ങുന്നത്. ഇന്നിപ്പോള്‍ പത്രങ്ങളുടെ പ്രാദേശികപേജുകള്‍ നോക്കിയാല്‍ വീടു വച്ചു കൊടുത്തതിന്‍റെ വാര്‍ത്തകള്‍ പലപ്പോഴും കാണാം. കഴിഞ്ഞ ദിവസം കറുകുറ്റിയില്‍ ഒരു വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കുകയുണ്ടായി. ലോകക്കപ്പ് ഫുട്ബോള്‍ കാണാന്‍ ഒന്നിച്ചു ചേര്‍ന്ന യുവാക്കള്‍ അതിനെ തുടര്‍ന്നു രൂപപ്പെടുത്തിയ ക്ലബ്ബാണ് അതു ചെയ്തത്. ഇങ്ങനെ പലരും ഇപ്പോള്‍ ഭവനനിര്‍മ്മാണം നടത്തുന്നുണ്ട്. ഒരു വീടു പണിതു കൊടുക്കുന്നത് സാദ്ധ്യമായ കാര്യമാണെന്നു ആളുകള്‍ക്കു മനസ്സിലായി. ആരെങ്കിലും മുന്നിട്ടിറങ്ങാന്‍ ഉണ്ടായാല്‍ ഇതൊക്കെ നടത്താവുന്നതേയുള്ളൂ. വീടാണ് ഒരു കുടുംബത്തിന് ഏറ്റവും ആവശ്യമായ ആദ്യത്തെ അടിസ്ഥാനസൗകര്യം. താമസയോഗ്യമായ വീടുണ്ടായാല്‍ ആ കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും സമ്പദ്സ്ഥിതിയെയുമെല്ലാം അതു ഗുണപരമായി സ്വാധീനിക്കും.

ഞങ്ങളുടെ വീടുനിര്‍മ്മാണപദ്ധതികള്‍ക്കും ഹൗസ് ചാലഞ്ചിനും മാധ്യമങ്ങള്‍ നല്ല പ്രോത്സാഹനം നല്‍കി. ഇത്രമാത്രം പബ്ലിസിറ്റി വേണോ എന്നു സംശയിച്ചവരും വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതു രഹസ്യമായിരിക്കേണ്ടേ എന്നു ചോദിച്ചവരും ഉണ്ട്. ഞാനിതേക്കുറിച്ച് ധാരാളം ആലോചിച്ചിരുന്നു. ഇത് എന്‍റെ കൈയില്‍ നിന്നോ സഭയില്‍ നിന്നോ എടുത്തു ചിലവാക്കുന്ന പണമല്ല. പലരും ചേര്‍ന്നു തരുന്നതാണ്. ഈ പദ്ധതിയെ കുറിച്ച് അവരറിയുന്നത് മാധ്യമങ്ങളില്‍ നിന്നാണ്. ആളുകള്‍ നല്‍കിയ പണം ഉപയോഗപ്പെടുത്തി വീടുനിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ട് എന്ന് അവരെ അറിയിക്കേണ്ടതുമുണ്ട്. അതിനും വാര്‍ത്തകള്‍ സഹായിക്കുന്നു. ആരുമറിയരുത്, ആര്‍ക്കെങ്കിലും കൊടുത്തോളൂ എന്നു പറഞ്ഞാണ് പലരും പണം തരുന്നതെങ്കിലും അവരുടെ പണം ഉപയോഗിച്ചു നിര്‍മ്മിച്ച വീട്ടിലേയ്ക്ക് അവരെ കൊണ്ടു പോകുകയും കാണിക്കുകയും ചെയ്യാം. അതൊരു സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്‍റെയും കാര്യമാണ്. കൂടാതെ തങ്ങള്‍ നല്‍കിയ പണം ഉപയോഗിച്ചു നല്ല രീതിയില്‍ ഗുണമേന്മയും ഭംഗിയുമുള്ള വീടുകള്‍ നിര്‍മ്മിച്ച് തികച്ചും അര്‍ഹരായ ആളുകള്‍ക്കു നല്‍കിയിട്ടുണ്ട് എന്നു അവരെ ബോദ്ധ്യപ്പെടുത്തുന്നത് തികച്ചും ഉചിതമാണ്. ഇതു കണ്ടു വീണ്ടും പണം തരാന്‍ താത്പര്യം പ്രകടിപ്പിച്ചവരുമുണ്ട്.

ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ടി സംസ്ഥാനത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഞങ്ങള്‍ വീടുകള്‍ പണിതു നല്‍കിയിട്ടുണ്ട്. എല്ലായിടത്തുമുള്ളവര്‍ക്കു സ്വന്തം നിലയില്‍ വീടുനിര്‍മ്മാണം ഏറ്റെടുക്കാന്‍ പ്രചോദനം നല്‍കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് ആലപ്പുഴയില്‍ പന്ത്രണ്ടു വീടുകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയുണ്ടായി. തുടര്‍ന്ന് പശ്ചിമകൊച്ചിയിലെ ഭവനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കാനാണു വ്യക്തിപരമായി ഞാനാഗ്രഹിക്കുന്നത്.

തോപ്പുംപടിയിലെ സാന്തോം കോളനിയില്‍ ഇരുപതോളം വീടുകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. അവിടെ ആകെയുള്ള എണ്‍പതോളം കുടുംബങ്ങള്‍ക്കും വീടുകള്‍ നല്‍കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. ഒരു വീടെന്നു പറയുമ്പോള്‍ മൂന്നോ നാലോ ലക്ഷം മാത്രം രൂപ ചിലവിലാണു നിര്‍മ്മാണം. കോണ്‍ക്രീറ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മേല്‍ക്കൂര ഷീറ്റിട്ട്, സീലിംഗ് ചെയ്താണു നിര്‍മ്മാണം. അതുകൊണ്ടാണു ചിലവു കുറയുന്നത്. പക്ഷേ ഗുണത്തിലും ഭംഗിയിലും സൗകര്യങ്ങളിലും കുറവു വരുത്തുന്നുമില്ല.

സാന്തോം കോളനി എത്രയോ കാലമായി ഇവിടെയുണ്ട്? എന്നിട്ടെന്തുകൊണ്ട് ഇതുവരെ നമുക്ക് ഇവിടെ യാതൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഒരു കന്യാസ്ത്രീയും സ്കൂളദ്ധ്യാപികയുമായ ഞാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നൂറിലധികം പേര്‍ക്കു വീടുണ്ടായെങ്കില്‍ നമ്മുടെ വൈദികരും കന്യാസ്ത്രീകളും രംഗത്തിറങ്ങിയാല്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകും? ജനങ്ങള്‍ സഹകരിക്കാന്‍ തയ്യാറാണ്. മുന്‍കൈയെടുക്കാന്‍ ആളുണ്ടാകുക, സുതാര്യമായി പണം ചിലവഴിക്കുക, അര്‍ഹര്‍ക്കു നല്‍കുക, അത് എല്ലാവരേയും ബോദ്ധ്യപ്പെടുത്തുക എന്നതൊക്കെയുണ്ടെങ്കില്‍ ഭവനരഹിതരില്ലാത്ത കേരളം എന്നത് അത്ര വന്യമായ ഒരു സ്വപ്നമൊന്നുമല്ല. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ സഭ സൗ ഗരവം രംഗത്തിറങ്ങേണ്ട ഒരു മേഖലയാണിത്.

(അഭിമുഖസംഭാഷണത്തെ ആസ്പദമാക്കി
ഷിജു ആച്ചാണ്ടി തയ്യാറാക്കിയത്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org