വെളിച്ചം ചുരത്തുന്ന ഇരുട്ടുകള്‍

വെളിച്ചം ചുരത്തുന്ന ഇരുട്ടുകള്‍

റോമില്‍ നിന്നു ഒരു ചാപ്ലയിന്‍റെ ആശുപ്രതിക്കുറിപ്പ്

(റോമിലെ സാന്‍ കാമില്ലാ ആശുപത്രിയിലെ ചാപ്ലയിന്‍മാരായ
ഫാ. ഉംബെര്‍ത്തോ ആഞ്ജലോ ഫാ. തോമസ് ഛായാ ഫാ. ക്രിസ്റ്റഫര്‍ വില്‍ക്
എന്നിവരുമായി സത്യദീപം ലേഖകന്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍നിന്ന്…)

റോമിലെ സാന്‍കമില്ലാ ആശുപ്രതിക്ക് ഉള്ളിലെ വലിയ ദേവാലയത്തോട് ചേര്‍ന്ന് ഞങ്ങള്‍ ഏഴ് അച്ചന്മാര്‍ക്ക് കൂടി ഒരു പഴയ ആശ്രമം ഉണ്ട്. ഏതു സമയവും ഇവിടെ രോഗികള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ കടന്നുവരാം, ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാം, മനസ്സ് തുറക്കാം. രോഗികളുടെയും അവരെ ശുശ്രൂഷിക്കുന്നവരുടെയും വേദനയ്ക്കു കൂട്ടുപോകുന്ന ഒരു ആശ്രമം.

'കോവിഡ് 19' ഇറ്റലിയുടെ കണ്ണീര്‍വീഴ്ത്താന്‍ തുടങ്ങിയതിന്‍റെ പത്താം ദിനം ഈ ആശുപത്രിയെയും അത് പിടിച്ചു കുലുക്കി. ആദ്യം ഞങ്ങളുടെ കാഷ്വാലിറ്റി ആണ് വീണത്. 200 ഓളം രോഗികളെ ഏറ്റെടുക്കാന്‍ കെല്‍പ്പ് ഉണ്ടായിരുന്ന കാഷ്വാലിറ്റിയില്‍ രോഗം ആദ്യം പടര്‍ന്നു. വീശിയടിക്കുന്ന കോവിഡ് കാറ്റില്‍ ഡോക്ടര്‍മാരും നേഴ്സുമാരും പനിച്ച് വിറച്ചു. (ഇന്നലെ വരെ ഞങ്ങളുടെ ആശുപത്രിയില്‍ ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പെടെ 170 പേര്‍ കോവിഡ് പോസിറ്റീവ്).

അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ഇരുന്നൂറോളം പേരെയും കോവിഡ് ടെസ്റ്റ് നടത്തി. അപ്പോഴേക്കും കാഷ്വാലിറ്റിയില്‍ നിന്നു മറ്റ് വാര്‍ഡുകളിലേക്ക് വിഷാണുക്കള്‍ പറന്നിറങ്ങിയിരുന്നു. ആശുപ്രതി മരണമേഘങ്ങളുടെ നിഴലില്‍ ആയി. കാഷ്വാലിറ്റി പൂട്ടി. കഴിഞ്ഞ ദിനം ചെന്നപ്പോള്‍ രണ്ടുപേരായിരുന്നു കാഷ്വാലിറ്റിയില്‍. ഒരു നാട്ടിലെ ആശുപത്രിയില്‍ കാഷ്വാലിറ്റി ഇല്ലാതെ വന്നാല്‍..? ഹൃദ്രോഗമോ സ്ട്രോക്കുകളോ പ്രസവങ്ങളോ മാത്രം കാഷ്വാലിറ്റി ആവശ്യമായി ഗണിക്കപ്പെട്ടാല്‍..? അല്ലാത്ത വിളികള്‍ക്ക് ആശുപ്രതി കൈമലര്‍ത്തിയാല്‍ എന്തു ചെയ്യും? നാട്ടുകാര്‍ക്ക് പരിചയമുള്ള ഈ ആശ്രമത്തിലെ ലാന്‍ഡ് ഫോണിലേക്ക് വിളികള്‍ ഒഴുകി. ഞങ്ങള്‍ക്ക് പരിചയമുള്ളവര്‍ ഡോക്ടര്‍മാര്‍ വഴി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നറിയാനാണ്. എന്തു ചെയ്യാന്‍? പരിധിയില്ലാത്ത നിസ്സഹായതകള്‍.

കാഷ്വാലിറ്റിയില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന ഡോ. റോസാരിയോയും ഡോ. ജര്‍മെയ്നും കുര്‍ബാനയ്ക്കും കുശലം പറയാനും എല്ലാ ദിവസവും വന്നിരുന്നതു കൊണ്ട് ആശ്രമത്തിലും ഭയത്തിന്‍റെ പരലുകള്‍ ഉരുണ്ടു. രണ്ടു മണിക്കൂര്‍ ഇടവിട്ട് പനി ഉണ്ടോ എന്ന് ഞങ്ങള്‍ എല്ലാവരും നോക്കി തുടങ്ങി.

കൂടെയുള്ള ഫാ. അന്തോണിയോയ്ക്കു panic attack. അപ്പോള്‍ തന്നെ ആശ്രമം വിട്ടുപോകണമെന്നായി അദ്ദേഹം. മരുന്നുകളുടെ ഒരു ബോക്സ് കൂടെ കൊണ്ടുനടക്കുന്ന ആളാണ്. 60 വയസ്സു കഴിഞ്ഞു. ജനിച്ചപ്പോഴേ ശ്വാസംമുട്ടല്‍ കൂടെ പിറന്നതാണ്. ഇതൊക്കെ കേട്ടപ്പോള്‍ മുതല്‍ മുറിയടച്ചു ഒറ്റയിരുപ്പാണ്. എന്‍റെ അടുത്ത മുറി ആയതിനാല്‍ ഫോണ്‍ വിളികള്‍ കേള്‍ക്കാം. റോമിലെ മറ്റ് പരിചയമുള്ള കൂട്ടായ്മകളിലേക്ക് വിളിക്കുകയാണ്, അങ്ങോട്ടേക്ക് വരട്ടെ എന്നു ചോദിച്ചുകൊണ്ട്. ആര്‍ക്കും ആശുപത്രിയില്‍ നിന്നു വരുന്നയാളെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ കഴിയില്ല. അവിടെയൊക്കെ വളരെ പ്രായമുള്ളവര്‍ ഉണ്ട്. രണ്ടു ദിവസത്തേക്ക് ഭക്ഷണസമയത്തൊന്നും അദ്ദേഹത്തെ കണ്ടില്ല. മൂന്നാം ദി വസം രാവിലെ ഞാന്‍ വാര്‍ഡില്‍ കുര്‍ബാന കൊടുത്തിട്ടു തിരികെ വരുമ്പോള്‍ അദ്ദേഹം ക്യാന്‍സര്‍ വാര്‍ഡിലെ റൗണ്ട്സ് കഴിഞ്ഞു വരുന്നു! അദ്ദേഹം തന്‍റെ ഗത്സമ നി കടന്നു കാണും; ഞാന്‍ ഓര്‍ത്തു.

Casuality  ഡോക്ടര്‍മാരും ആയുള്ള സെക്കന്‍ഡറി കോണ്‍ടാക്ട് സാധ്യത നിലനില്‍ക്കുന്നതു കൊണ്ട് ഹോസ്പിറ്റല്‍ ഡയറക്ടര്‍ പറഞ്ഞത് പ്രകാരം 20 ഏക്കറിന് ഉള്ളില്‍ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയിലെ 4 ചാപ്പലുകള്‍ പൂട്ടേണ്ടി വന്നു. ബാക്കിയുള്ളത് ഞങ്ങളുടെ ആശ്രമത്തോട് ചേര്‍ന്ന വലിയ ദേവാലയത്തിലെ കുര്‍ബാന മാത്രം. അതും അടച്ചിട്ട വാതിലിനുള്ളില്‍. പുറത്തു ഒരു ദേശത്ത് ഒരു പള്ളിയുടെ വാതില്‍ അടയുന്നപോലെയല്ല ആശുപത്രിക്കകത്ത് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. ജീവന്‍റെ വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങളിലും ഭയം വിഴുങ്ങി വലയുന്ന മനസ്സിന്‍റെ കൊതുമ്പ് വള്ളങ്ങളെ തീരംമുട്ടിക്കാന്‍ ദേവാലയത്തിലെ കെടാവിളക്കിന് കഴിയും. തുറന്നിട്ട ദേവാലയവാതിലുകള്‍ ആശുപത്രികളില്‍ എങ്കിലും നിയമലംഘനപരിധിയില്‍പ്പെടാതിരിക്കട്ടെ.

പിറ്റേന്നു രാവിലെ 6.30 ന് അടച്ചിട്ട ദേവലയത്തിനകത്ത് ഞങ്ങള്‍ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ദേവാലയത്തിന് പുറത്ത് ഡോ. ജര്‍മെയ്നും ഡോ. റോസാരിയോയും ഡോ. പിയര്‍ ലൂയിജിയും ജോവണിയും ചില നഴ്സുമാരും പ്രാര്‍ത്ഥനാനിരതരായി തണുപ്പത്ത് കാത്തുനിന്നു. കുര്‍ബാന കഴിയുമ്പോഴേ പള്ളി തുറക്കുമ്പോള്‍ ക്യൂവിലാണ് അവര്‍, കുര്‍ബാന സ്വീകരിക്കാന്‍. കോവിഡ് കലിയിളകി നാല്‍പ്പത് ദിനങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ ഇളക്കാന്‍ കഴിഞ്ഞിട്ടില്ല. ഡോ. പീറ്റര്‍ ലൂയിജി ഇപ്പോള്‍ സമ്പൂര്‍ണ കോവിഡ് പ്രോട്ടോക്കോള്‍ വാര്‍ഡിന്‍റെ അഡ്മിന്‍ ആണ്! കുര്‍ബാനയുടെ അത്ഭുതങ്ങള്‍ തുടരും.

ആശ്രമവാതിലുകള്‍ ഏകദേശം പൂട്ടപ്പെട്ട നിലയിലായി. കുര്‍ബാനയ്ക്കു ശേഷം ദേവാലയം മാത്രം തുറന്നു കിടന്നു. കുശലാന്വേഷണങ്ങള്‍ ഇല്ല. കുര്‍ബാന സ്വീകരണം മാത്രം. ആര്‍ക്കും എപ്പോഴും വരാം. കുര്‍ബാന സ്വീകരിക്കാം. നിശ്ചിത അകലത്തില്‍ നിന്ന് കുമ്പസാരിക്കാം. ആശ്രമത്തിലെ ഫോണുകള്‍ മാത്രം റിങ് ചെയ്തുകൊണ്ടേയിരുന്നു. ഭയത്തിന്‍റെ പുറംചട്ട ധരിച്ചു മുഴങ്ങുന്ന അപേക്ഷകളാണവയെല്ലാം. അതെല്ലാം ഏറ്റെടുത്തുകൊണ്ട് ജോണ്‍ പോള്‍ മാര്‍പാപ്പയുടെ നാട്ടുകാരന്‍ ഫാ. തോമസ് ചായ മണിക്കൂറുകള്‍ ദിവ്യകാരുണ്യത്തിന് മുന്നില്‍ ഇരുന്നു. അപ്പോള്‍ അങ്ങകലെ അദ്ദേഹത്തിന്‍റെ നാട്ടില്‍ 85 കഴിഞ്ഞ പൂര്‍ണ മറവി രോഗിയായ അപ്പനും അത്രയും തന്നെ വയസുള്ള ഒരമ്മയും ഒരു ഫ്ളാറ്റില്‍. സഹായത്തിനു ആരുമില്ല. ആ ഫ്ളാറ്റില്‍ മുഴുവന്‍ ആ പ്രായക്കാരാണത്രെ. ഇവിടെയിരുന്നു ഫോണിലൂടെ എത്ര കെഞ്ചിയാണ് മുപ്പതും നാല്‍പ്പതും കി.മി. അകലെ നിന്നു ആരെയെങ്കിലും ഒരാളെ അവരുടെ ആവശ്യങ്ങള്‍ക്ക് തോമസ് അച്ചന്‍ വിളിച്ചു വരുത്തുന്നത്. ആളുകള്‍ക്ക് എപ്പോള്‍ വന്നാലും തോമസ് അച്ചനെ ദേവാലയത്തില്‍ കാണാം. കുര്‍ബാന സ്വീകരിക്കാം. ആശീര്‍വാദം വാങ്ങാം.

റോമന്‍ വികാരിയാത്തില്‍ നിന്ന് ആരോഗ്യ ശുശ്രുഷാ വിഭാഗത്തിന്‍റെ തലവനായ ബിഷപ് പൗലോ റിച്ചര്‍ഡി ദിവസവും ഞങ്ങളെ വിളിച്ചുകൊണ്ടിരുന്നു (ഇപ്പോള്‍ ക്വാറന്‍റനില്‍); 'ഒരാള്‍ക്ക് അസുഖം വന്നാല്‍ കൂടെയുള്ള 6 അച്ചന്മാരും ക്വാറന്‍റന്‍ എടുക്കേണ്ടിവരും. ഫലത്തില്‍ മൂവായിരത്തോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആയിരത്തിനു മേല്‍ വരുന്ന രോഗികള്‍ക്കും ഉള്ള എല്ലാ ആത്മീയ ശുശ്രൂഷകളും നഷ്ടപ്പെടും. അതുകൊണ്ട് ശ്രദ്ധ വേണം, അദ്ദേഹം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. അത് ആശ്രമത്തിന് മുകളില്‍ ഒരു വാളായി തൂങ്ങിനിന്നു.

പതിവ് വാര്‍ഡ് സന്ദര്‍ശനങ്ങള്‍ മാസ്ക് ധരിച്ചു നടത്തി. മിക്കവാറും എല്ലാവരും തന്നെ കോവിഡ് ഒബ്സര്‍വേഷനില്‍ ഉള്ളവരായതുകൊണ്ടു ഗ്ലൗസ് ഇട്ട കൈ കൊണ്ടാണ് കുര്‍ബാനയും രോഗിലേപനവും കൊടുക്കേണ്ടി വരിക. എങ്കിലും ഒത്തിരി ദിവസം അതും നീണ്ടില്ല. സുരക്ഷാ ഉപകരണങ്ങള്‍ കിട്ടാതായി. ഡോക്ടര്‍മാരും നേഴ്സുമാരും മാസ്കിന് വേണ്ടി ഡിസ്ട്രിബ്യൂഷന്‍ അധികാരികള്‍ക്ക് മുന്നില്‍ ക്യൂ നിന്നു. പല ദിവസങ്ങളിലും അത് ഇല്ലാതെ ജോലി ചെയ്യുന്ന നേ ഴ്സുമാരെ കണ്ടു തമ്പുരാനോട് കലമ്പിയിട്ടുണ്ട്. ഉത്തരം കിട്ടാതിരുന്നില്ല. കഴിഞ്ഞ ആഴ്ച സുഹൃത്ത് ഡോണ സിസ്റ്റര്‍ വഴി ഒരു ചൈനക്കാരനായ വിന്‍ചെന്‍ സൊ അച്ചന്‍ 600 മാസ്ക് ആശു പ്രതിയില്‍ കൊണ്ടു വന്നു തന്നു.

ദിവസങ്ങള്‍ക്കു മുമ്പാണ് കോവിഡ് ടെസ്റ്റ് ചെയ്യാന്‍ സൗകര്യം ചെയ്തു തരാമോ എന്നു ചോദിച്ചു കൊണ്ട് 10 കി.മീ. അകലമുള്ള ഒരു ചെറിയ ആശുപത്രിയില്‍ ആത്മീയ ശുശ്രൂഷ ചെയ്യുന്ന അല്‍ഫോണ്‍സ് സാന്‍ജസ് അച്ചന്‍ വിളിച്ചത്. ടെസ്റ്റ് നടത്തി തിരികെ പോകാന്‍ നേരം അദ്ദേഹം വല്ലാതെ പേടിച്ചിരുന്നു എന്നെനിക്കു തോന്നി. റോമിലെ സാന്‍ റഫായേല്‍ ആശുപത്രിയില്‍ ആണ് അദ്ദേഹം. അധികം പേര് കൂട്ടിനില്ലാത്തിടമാണത്. പിന്നെ വിളിച്ചു വിവരം അന്വേഷിക്കാന്‍ വിട്ടുപോയി. അത് ദൈവം പൊറുക്കില്ല എന്നു ഇപ്പോള്‍ തോന്നുന്നു. കാരണം 'അല്‍ഫോണ്‍സ് അച്ചന്‍ പോയി' എന്നു ബിഷപ് പൌളോ റിക്കാര്‍ഡി കഴിഞ്ഞ ദിനം വിളിച്ചു പറഞ്ഞപ്പോള്‍ നെഞ്ച് ഒന്ന് പിടച്ചു. രോഗപീഡയേക്കാള്‍ മാനസിക സംഘര്‍ഷം ആയിരുന്നത്രെ!

ഒരു ആഴ്ച കൂടി കഴിഞ്ഞപ്പോള്‍ കോവിഡ് അതിന്‍റെ സകല മുഖങ്ങളും പുറത്തെടുത്തു. എല്ലാ വാര്‍ഡുകളിലും കോവിഡ് നിരീക്ഷണത്തിലുള്ള രോഗികളും അല്ലാത്തവരും ഉണ്ട്. അവരെ ഒക്കെ വേര്‍തിരിച്ച് ആക്കാന്‍ സ്ഥലമില്ല. റൗണ്ട്സിനിടെ ഞാന്‍ ശ്രദ്ധിച്ചപ്പോള്‍ പ്രായമായവരില്‍ പലരും രണ്ടും മൂന്നും മാസ്ക്കുകള്‍ ധരിച്ചിരിക്കുന്നു. ഭയം കൊണ്ടാണ്. ശ്വസിക്കാന്‍ പ്രയാസപ്പെടുന്നവര്‍ രണ്ടിലധികം മാസ്ക് കൂടി ധരിച്ചാലോ! കാരണം പിന്നീടാണ് മനസ്സിലായത്, അവരെ ചികിത്സിക്കാന്‍ എത്തുന്ന ഡോക്ടര്‍മാരെയോ തങ്ങളെ കഴുകി തുടയ്ക്കുന്ന നേഴ്സുമാരെയോ പ്രാര്‍ത്ഥനാ സഹായവുമായി എത്തുന്ന ഞങ്ങളെയോ അവര്‍ക്കു വിശ്വസിക്കാന്‍ സാധിക്കുന്നില്ല (ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നു രോഗം പടരുന്ന കേസുകള്‍ ഉണ്ടായിരുന്നു ഇറ്റലിയില്‍). വരുന്നവര്‍ എത്രയും വേഗം മുറിയില്‍ നിന്നു പോകണം എന്നവര്‍ ആഗ്രഹിക്കുന്നു. മുറിയിലേക്ക് വരുന്നവരില്‍ ആരാണ് എനിക്കു രോഗം കൊണ്ടുവന്നു തരിക എന്ന പേടി. തൊടുന്നതൊക്കെ സംശയം. വിഷാണു പകര്‍ച്ച ഏറ്റതെന്ന് ഭയം! ഡോക്ടര്‍മാര്‍ക്ക് രോഗികളെ, രോഗികള്‍ക്ക് ഡോക്ടര്‍മാരെ, നേഴ്സ്മാര്‍ക്കു നേഴ്സുമാരെ. ഞങ്ങള്‍ക്ക് ഇവരെ എല്ലാവരെയും. ഭയത്തിന്‍റെ വലകള്‍ മുറുകുകയാണ്. അവയും അണുക്കള്‍ തന്നെ.

കോവിഡിന്‍റെ ഏറ്റവും വൈരൂപ്യമാര്‍ന്ന മുഖം അത് പടര്‍ത്തുന്ന ഏകാകിതയാണ്. അത് പറയാന്‍ കാരണമുണ്ട്. വാര്‍ഡുകളൊക്കെ എല്ലാവരും മാസ്കില്‍ ആണ്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഭക്ഷണം കൊണ്ടുവന്നു കൊടുക്കുന്നവര്‍, ക്ലീനീങ്ങിന് എത്തുന്നവര്‍ Prolonged exposure ആയതിനാല്‍ ആരും പരസ്പരം സംസാരിക്കാറില്ല. മാസ്ക്കുകളും സംരക്ഷണ ഗ്ലാസുകളും വച്ചിരിക്കുന്നതിനാല്‍ പുഞ്ചിരി കൈമാറിയാലും അറിയില്ല. ശുശ്രൂഷിക്കുന്ന യന്ത്രങ്ങള്‍. ടീ ബ്രേക്കുകളിലെ സൗഹൃദ ഭാഷണങ്ങളോ ജന്മദിനാശംസകളോ പൊട്ടിച്ചിരികളോ ഒന്നുമില്ല. എല്ലാം ഒറ്റയ്ക്ക്. എല്ലാവരും ഒറ്റയുടെ കയത്തിലേക്ക് കാല് തെന്നിയ പോലെ. കയത്തില്‍ വീണാല്‍ കയറ്റമില്ലല്ലോ. പരസ്പ്പരം ആശ്വസിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ. അതിന് അടുത്തുനിന്നു സംസാരിക്കണമല്ലോ. രണ്ടു മീറ്റര്‍ അകലെ നിന്നു അനുഭാവത്തോടെ എന്തു പറയാനാണ്? എന്തു പ്രാര്‍ത്ഥിക്കാനാണ്? ഹൃദയവും മനസ്സും ഒക്കെ ഗ്ലാസും മാസ്കും ഗ്ലൗസും ഒക്കെ ഇട്ടിരിക്കുകയാണു തോന്നും. അടുത്തായിരിക്കാന്‍ അനുവാദിക്കാത്തതാണ് ഈ വിഷാണു പടര്‍ത്തുന്ന യഥാര്‍ത്ഥ ഭീകരത.

മൊബൈല്‍ ഫോണ്‍ ആശ്വാസമാണ് കേട്ടോ. എങ്കിലും നിര്‍വചിക്കാനാകാത്ത വിധം അതൊരാളെ ഒറ്റയ്ക്കാക്കും. ഇനി ഈ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ പോയാലോ? അവിടെയും അവര്‍ ഒറ്റയ്ക്കാണ്. ഭക്ഷണം ഉണ്ടാക്കി ബാക്കി സമയം കുഞ്ഞുങ്ങള്‍ക്കു രോഗം വരാതിരിക്കാന്‍ വീട്ടിലെ അടുക്കളയിലോ പുറത്തിട്ടിരിക്കുന്ന കാറിലൊ, സ്റ്റോര്‍ റൂമിലോ ചിലവഴിക്കുന്നവര്‍. അവിടെത്തന്നെ ഉറങ്ങി എണീക്കുന്നവര്‍. ജോലിക്കൊരുങ്ങുന്നവര്‍. ചിലര്‍ ആശുപത്രിയില്‍ തന്നെയാണ്. വീട്ടില്‍ ആര്‍ക്കെങ്കിലും ഗൗരവ അസുഖം ഉണ്ടെങ്കില്‍ അവര്‍ വീട്ടില്‍ പോകാറില്ല. ഭക്ഷണവും വസ്ത്രവും കൊണ്ടുവന്നു കൊടുക്കുവാന്‍ ആരെയെങ്കിലും ഏര്‍പ്പാട് ചെയ്യും. അങ്ങനെ വീട് കാണാതെ ചിലര്‍. സുഖമാണോ എന്നു ചോദിക്കുമ്പോഴേ കരഞ്ഞു പോകുന്നവര്‍. വിവാഹജീവിതത്തില്‍ പിരിഞ്ഞു ജീവിക്കുന്നവരാണ് എനിക്കു പരിചയമുള്ള കുറെയേറെ പേര്‍, അമ്മമാരുടെ കൂടെയായിരിക്കും കുട്ടികള്‍. തങ്ങള്‍ക്ക് എന്തെങ്കിലും വന്നാല്‍ ഒറ്റപ്പെട്ടാല്‍ കുട്ടികളെ ആര് നോക്കും? ഭയം വിഴുങ്ങുന്നവരാണ് അധികവും. സ്കൂള്‍ ഇല്ലാത്തതിനാല്‍ അവരെ ഫ്ളാറ്റില്‍ ഒറ്റയ്ക്കാക്കി ജോലിക്ക് പോകുന്നതിന്‍റെ സംഘര്‍ഷം വേറെ. ഇത് ഇങ്ങനെ എത്ര നാള്‍ ? ഇടയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ആശ്രമത്തിന് മുന്നില്‍നിന്നു ഒരു സ്ത്രീയാണ്. അവര്‍ ഒരു സഞ്ചി വച്ച് നീട്ടി. അച്ചന്‍ ഇതൊന്നു കൊണ്ടുപോയി (വാര്‍ഡിന്‍റെ പേര് പറഞ്ഞു) രോഗിയായിരിക്കുന്ന ചേട്ടന് കൊടുക്കാമോ? പ്രസവം കഴിഞ്ഞതേയുള്ളൂ; കൈക്കുഞ്ഞ് ഒപ്പം. ആശുപ്രതിയില്‍ കയറിയാല്‍ കുഞ്ഞിന് എന്തെങ്കിലും വന്നാലോ ? അണുകുടുംബങ്ങള്‍ വില കൊടുക്കുകയാണോ?

ഇത് സംസാരിക്കുന്നതിന് തൊട്ടു മുമ്പും 6 പേരുടെ മൃതസംസ്കാരം കഴിഞ്ഞു വന്നേയുള്ളൂ. ചില സമയങ്ങളില്‍ മോര്‍ച്ചറി പള്ളിയാകും. പലപ്പോഴും എട്ടും പത്തും മൃതദേഹങ്ങള്‍ ഒന്നിച്ചുണ്ടാകും. ചിലപ്പോള്‍ മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍ കപ്യാരുടെ ഭാവം പേറും. ഹന്നാന്‍ വെള്ളം തളിക്കേണ്ടി വരുമ്പോള്‍ ആണത്. ചില ബോഡി ചൂണ്ടി ഇതിന് ഹന്നാന്‍ വെള്ളം വേണ്ട എന്ന മട്ടില്‍ ആംഗ്യം. മക്കള് പറഞ്ഞിട്ടുണ്ടത്രെ! എന്തു മാത്രം ശ്രദ്ധയാണ് ഈ കെട്ടകാലത്തും മക്കള്‍ക്കു മാതാപിതാക്കളോട്. മോര്‍ച്ചറിക്ക് പഴയതുപോലെ തണുപ്പില്ലെന്നു തോന്നുന്നു. മൃതദേഹങ്ങളെയും അവരുടെ അടുത്ത് നില്ക്കുന്നവരെയും ഞാന്‍ ഇപ്പോള്‍ കാണാറില്ല; (ചില സമയങ്ങളില്‍ ഒന്നോ രണ്ട് പേരെ ബോഡിക്ക് അടുത്ത് അനുവദിക്കാറുണ്ട്.) കണ്ണില്ലാഞ്ഞിട്ടല്ല. മാസ്കിന് ഉള്ളിലൂടെ പുറത്തു ചാടുന്ന ചൂട് ശ്വാസമേറ്റു സംരക്ഷണ ഗ്ലാസ്സ് നിറയെ ഈര്‍പ്പം അണിഞ്ഞിരിക്കുന്നു. ചുറ്റുമുള്ളവര്‍ക്കും അങ്ങനെ തന്നെയാണെന്നാണ് എന്‍റെ വിചാരം. ഒന്നും കാണുവാന്‍ പറ്റുന്നില്ല. അവസാന നിമിഷങ്ങളില്‍ മൃതദേഹങ്ങള്‍ക്ക് കരുണാര്‍ദ്രമായ നോട്ടം പോലും ലഭിക്കുന്നില്ല എന്ന ഭ്രാന്തന്‍ ചിന്ത ഇടയ്ക്ക് വരും. മരിച്ചവര്‍ പൂര്‍ണമായും ഒറ്റയ്ക്കാണ്!

ഇപ്പോള്‍ ഞങ്ങളുടെ ആശ്രമത്തില്‍ നിന്നു 30 മീറ്ററേ ഉള്ളൂ സമ്പൂര്‍ണ കോവിഡ് പ്രോട്ടോക്കോള്‍ വാര്‍ഡിലേക്ക്. മറ്റ് വാര്‍ഡ് പോലെയല്ല അച്ചന്‍മാര്‍ക്ക് ഒരുപാട് നിയന്ത്രണങ്ങള്‍ ഇവിടെ ഉണ്ട്. ഫോണ്‍ വിളിച്ചു മാത്രം കോവിഡ് രോഗികളോട് സംസാരിക്കാം. പ്രാര്‍ത്ഥിക്കാം. കുര്‍ബാന ആവശ്യപ്പെട്ടാല്‍ ദിവ്യകാരുണ്യം ചെറിയ ഒരു പ്ലാസ്റ്റിക് കവറിലാക്കി അവരെ ശുശ്രൂഷിക്കുന്ന നേഴ്സിന് കൈമാറാം. അവര്‍ അത് രോഗിക്ക് കൈമാറും പിന്നെ ഫോണില്‍ വിളിച്ചു പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊടുക്കാം. പക്ഷേ രോഗീമദ്ധ്യസ്ഥനായ വി. കാമില്ലോയുടെ നാട്ടുകാരന്‍ ഉംബെര്‍ത്തോ അച്ചന്‍ രാവിലെയും വൈകിട്ടും ഈ വാര്‍ഡില്‍ പോകും; രോഗികളെ കാണാന്‍ അനുവാദമില്ലെങ്കിലും. ഇടവേളകളില്‍ പുറത്തിറങ്ങുന്ന സമ്പൂര്‍ണ കോവിഡ് പ്രോട്ടോക്കോള്‍ ഡ്രസ് ധരിച്ചു നില്ക്കുന്നവര്‍ക്ക് (8 മണിക്കൂര്‍ ഒറ്റ നില്‍പ്പാണേ) അനുഭാവം അറിയിക്കാന്‍. ഈ ദിവസങ്ങളില്‍ അദ്ദേഹത്തിനു പനിയുണ്ട്. അതുകൊണ്ടു വീട്ടിലും ഞങ്ങള്‍ ഒറ്റയ്ക്കായി. സ്വന്തം മുറികളില്‍ കുര്‍ബാന. പല സമയങ്ങളില്‍ വന്നു ഭക്ഷണം. ആരും ആരെയും കാണുന്നില്ല. പക്ഷേ പൗരോഹിത്യ ദിനത്തില്‍ ഒന്നിച്ചു വന്നു കുര്‍ബാന ചൊല്ലി പ്രധാന പുരോഹിതന്‍ ഉള്‍പ്പെടെ മാസ്കിനുള്ളില്‍.

ഇന്നലെ ദുഃഖവെള്ളിയായിരുന്നു. മൂന്നു മണിയായപ്പോള്‍ വെള്ള വസ്ത്രത്തിന് മേല്‍ ചുവന്ന ഊറാറാ ഇട്ട് ഉംബെര്‍ത്തോ അച്ചന്‍ കുരിശെടുത്തു. ടോണി അച്ചനും അന്തോണിയോ അച്ചനും കുരിശിന്‍റെവഴി ചൊല്ലി പാട്ട് പാടി. എമ്മാനുവേല്‍ അച്ചന്‍ അവര്‍ക്കായി മൈക്രോഫോണ്‍ ബോക്സ് താങ്ങി നടന്നു. രോഗികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ജൂസേപ്പേ അച്ചന്‍ ഫേസ്ബുക്ക് ലൈവ് എടുക്കുന്നുണ്ടായിരുന്നു. p.tony zinni fb അക്കൗണ്ടില്‍ ഇ പ്പോഴും അതുണ്ടാകാം. വാര്‍ഡുകളായ വാര്‍ഡുകളൊക്കെ ഞങ്ങള്‍ കര്‍ത്താവിന്‍റെ സഹനത്തിന്‍റെ സ്ഥലങ്ങളുടെ പേരുകളിട്ടു. മുട്ടുകുത്തി, പ്രാര്‍ത്ഥനകള്‍ ചൊല്ലി, പാട്ട് പാടി. ഇടയ്ക്കെപ്പോഴോ ഒരു ധര്‍മ്മക്കാരന്‍ ഞങ്ങള്‍ക്കൊപ്പം കൂടി. കൃത്യം എട്ടാം സ്ഥല ത്ത് ഒരു വല്ല്യമ്മയും. ആശുപ്രതി വഴികളില്‍ ആരൊക്കെയോ ഉണ്ടായിരുന്നു. ചിലര്‍ കളിയാക്കി ചിരിച്ചു. ചിലര്‍ മുട്ടുകുത്തി കുരിശ് വരച്ചു. സിഗരറ്റും ട്രമസ്സിനിയും ആസ്വദിച്ചുകൊണ്ടിരുന്നവര്‍ അത് തുടര്‍ന്നു. വേറെ ചിലര്‍ അങ്ങനെയൊന്ന് നടക്കുന്നതായി പോലും ശ്രദ്ധിച്ചില്ല. ചിലര്‍ വിവിധ കെട്ടിടങ്ങളിലെ പല നിലകളില്‍ പ്രാര്‍ത്ഥനാപൂര്‍വം നിന്നു. 14-ാം സ്ഥലം സമ്പൂര്‍ണ കോവിഡ് പ്രോട്ടോക്കോള്‍ വാര്‍ഡ് ആയിരുന്നു. ഒരു രോഗിയെ അപ്പോള്‍ അവിടെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്നിറക്കിയതേ ഉണ്ടായിരുന്നുള്ളൂ. പ്രാര്‍ത്ഥന കഴിഞ്ഞു. 3 മിനിറ്റുള്ള ഒരു ആശംസാപ്രസംഗം എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടി ടോണി അച്ചന്‍ നടത്തി. ആരെങ്കിലും കേള്‍ക്കുന്നുണ്ടായിരുന്നോ? രണ്ടാം നിലയില്‍ എവിടെയോ പ്രാര്‍ത്ഥനാ നിരതയായി ഒരു നേഴ്സ്. കോവിഡ് വാര്‍ഡിന് സമാപന ആശീര്‍വാദവും നല്കി തിരികെ നടക്കുമ്പോള്‍ പനി എങ്ങനെയുണ്ട് എന്നു ടോണി അച്ചന്‍ ഉംബെര്‍ത്തോ അച്ചനോട് തിരക്കുന്നുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org