വിലാപത്തിനുശേഷമുള്ള പാഠങ്ങള്‍

വിലാപത്തിനുശേഷമുള്ള പാഠങ്ങള്‍

സജീവ് പാറേക്കാട്ടില്‍

ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ ഇപ്പോള്‍ നേരിടുന്നത് കൗതുകകരമായ ചോദ്യമാണ്. "ആശുപത്രിയൊന്നും ആവശ്യമില്ലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?" ചോദ്യം പ്രസക്തമാണ്. നിന്നു തിരിയാനിടമില്ലാതിരുന്ന ആശുപത്രികളൊക്കെയും വിജനമായിരിക്കുന്നു. കേരളത്തിലെ ചെറുതും വലുതുമായ 11,000 ആശുപത്രികളിലെ ഒ.പി. വിഭാഗത്തില്‍ പ്രതിദിനം ചികിത്സ തേടി എത്തിയിരുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ അപ്രത്യക്ഷരായിരിക്കുന്നു. മനുഷ്യരുടെ ഒട്ടുമുക്കാലും രോഗങ്ങളും പൊടുന്നനെ ഇല്ലാതായിരിക്കുന്നു. കുസൃതി ചോദ്യമാണെങ്കിലും അതിലെ യുക്തി ആശുപത്രികള്‍ക്കു മാത്രല്ല, മറ്റനേകം കാര്യങ്ങള്‍ക്കും ബാധകമാണല്ലോ. മാനവരാശി ഒരു മഹായുദ്ധത്തിലാണ്. തലമുടി നാരിന്‍റെ വ്യാസത്തിന്‍റെ നൂറ്റിയിരുപത്തിയഞ്ചില്‍ ഒന്നു മാത്രമുള്ള, അദൃശ്യനായ ഒരു ശത്രുവിനോടുള്ള ഈ യുദ്ധത്തില്‍ പക്ഷേ, ആയുധങ്ങളും തന്ത്രങ്ങളും വ്യത്യസ്തമാണ്. ബോംബിനും മിസൈലിനും പകരം മാസ്കും സാനിറ്റൈസറുമാണ്. ടാങ്കുകള്‍ക്കും പീരങ്കികള്‍ക്കും പകരം പിപിഇയും അണുനശീകരണ യന്ത്രങ്ങളുമാണ്. ആക്രമിച്ചും വെട്ടിപ്പിടിച്ചും മുന്നേറുക എന്നതിനു പകരം പിന്‍വാങ്ങിയും അകലം പാലിച്ചും വീട്ടിലിരിക്കുക എന്നതാണ് പുതിയ യുദ്ധതന്ത്രം. നിങ്ങളുടെ വീടിനോളം സുരക്ഷിതമായ കോട്ടയും ബങ്കറുമൊന്നും വേറെയില്ലത്രേ.

മനുഷ്യന്‍ അവന്‍റെ ചരിത്രത്തിലെ ഏറ്റവും സമഗ്രവും വേദനാജനകവുമായ 'അണ്‍ലേണിംഗ്' പ്രക്രിയയിലൂടെ കടന്നുപോകുകയാണ്. discard (something learned, especially a bad habit or false or outdated information) from one's memory എന്നതാണ് unlearn എന്നതിന്‍റെ അര്‍ത്ഥം. പഠിച്ചെടുത്ത വിനാശകരവും തെറ്റായതും കാലഹരണപ്പെട്ടതുമായ ശീലങ്ങളും ധാരണകളും ഓര്‍മ്മയില്‍നിന്ന് നിഷ്കാസനം ചെയ്യുക എന്നര്‍ത്ഥം. സത്യത്തില്‍ ഇതുമൊരു പരിണാമമാണ് (Evolution). വ്യക്തിപരവും സാമൂഹികവും സാംസ്കാരികവും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ മണ്ഡലങ്ങളെ മുഴുവന്‍ സമാശ്ലേഷിക്കുന്ന ചില 'ഫീച്ചേഴ്സ്' ഉള്ള പുതിയ മനുഷ്യന്‍ രൂപപ്പെടുന്ന പരിണാമസന്ധിയാണ്.

ശത്രു എന്നതിനേക്കാള്‍ വൈറസിനെ ഗുരുവായി കാണുകയാണ് അഭികാമ്യം. സഹസ്രാബ്ദങ്ങളായി എത്രയോ ആചാര്യന്മാരും വിശുദ്ധ ഗ്രന്ഥങ്ങളും പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശ്രേഷ്ഠമായ എത്രയോ പാഠങ്ങളും ജീവിതമൂല്യങ്ങളുമാണ് 0.12 മൈക്രോണ്‍സ് മാത്രമുള്ള ഈ അഭിനവഗുരുനാഥന്‍ നിഷ്പ്രയാസം മനുഷ്യനെ പഠിപ്പിച്ചത്. അദ്ധ്യയനം പക്ഷേ, ക്ലേശകരമാണ്. പതിവുപോലെ ഒന്നാം പാഠം വിലാപം തന്നെയാണ്. കൂട്ടമരണങ്ങളുടെയും ദുരിതങ്ങളുടെയും ഉള്ളുരുക്കുന്ന വിലാപം. എന്നാല്‍ പിന്നാലെ വരുന്നത് വൃത്തി, വിനയം, ജീവിതവിശുദ്ധി, ഹൃദയവിശാലത, പ്രകൃതി സ്നേഹം, ജീവിതലാളിത്യം എന്നീ പാഠങ്ങളൊക്കെയാണ്. എത്ര അനായാസമായാണ് മനുഷ്യന്‍റെ ജീവിതത്തെ അത് പുനര്‍ നിര്‍വ്വചിച്ചത്; മുന്‍ഗണനകളെ മാറ്റി മറിച്ചത്; ആവശ്യങ്ങളുടെ അതിരുകളെപ്പറ്റി അവബോധം നല്കിയത്; 'ആഢംബരവും പ്രൗഢിയുമെല്ലാം നാശോന്‍മുഖമായ് നിഷ്പ്രഭമാകും' എന്നു പഠിപ്പിച്ചത്. മൂന്നു മിനിറ്റില്‍ ഭൂമിയെ ഒരുപിടി ചാരമാക്കാന്‍ കഴിയുന്ന ആണവായുധങ്ങള്‍ ചക്രവാളങ്ങളില്‍ മൂകസാക്ഷിളായിരിക്കുമ്പോള്‍ മുഖാവരണത്തിനും പാരസെറ്റമോള്‍ ഗുളികയ്ക്കും വേണ്ടി പരക്കം പായുന്ന വന്‍ശക്തികള്‍!

മുഖത്തിനു മാത്രമല്ല, ഹൃദയത്തിനും ചിന്തകള്‍ക്കും ജീവിതത്തിനാകെത്തന്നെയും ഒരാവരണം നല്ലതാണ്. അഭിനിവേശങ്ങള്‍, ആസക്തികള്‍, അത്യാഗ്രഹങ്ങള്‍ എന്നിങ്ങനെ കൂടുതല്‍ അപകടകാരികളായ വൈറസുകളെ ചെറുക്കേണ്ടതാണല്ലോ. പൊട്ടിക്കേണ്ടത് വൈറസിന്‍റെ ചങ്ങല മത്രമല്ല, സ്വാര്‍ത്ഥതയുടെയും ധാര്‍ഷ്ട്യത്തിന്‍റെയും തോന്നിയവാസത്തിന്‍റെയും ചങ്ങലക്കണ്ണികള്‍ കൂടിയാണ്. തലയില്‍ കിരീടം വച്ചിരിക്കുന്ന ഈ അഭിനവഗുരുനാഥന്‍ ആവര്‍ത്തിക്കുന്നത് രക്ഷയ്ക്കുള്ള ആ പഴയ സൂത്രവാക്യം തന്നെയാണ്. ദ, ദ, ദ – ദയ, ദാനം, ദമനം. അസുരനും മനുഷ്യനും ദേവനുമെല്ലാം മനുഷ്യജാതിയിലുണ്ടല്ലോ.

"കര്‍ത്താവേ, നിഷ്കളങ്കതയില്‍ ഞാന്‍ എന്‍റെ കൈകഴുകുന്നു" (സങ്കീ. 26:6). അയാള്‍ക്കുള്ളത് കവിത മാത്രമല്ല, ക്രാന്തദര്‍ശിത്വവുമാണ്. നിഷ്കളങ്കതയോളം നല്ല സാനിറ്റൈസറും ഹൃദയനൈര്‍മല്യത്തോളം നല്ല പിപിഇ യും ഇല്ലെന്ന് അന്നേ അയാള്‍ക്കറിയാമായിരുന്നു.

(എറണാകുളം ലിസി ആശുപത്രിയില്‍ പബ്ലിക് റിലേഷന്‍സ് മാനേജരാണ് ലേഖകന്‍.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org