ഡിജിറ്റല്‍ വിഭജനം കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോട് ചെയ്യുന്നതെന്ത്?

ഡിജിറ്റല്‍ വിഭജനം കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോട് ചെയ്യുന്നതെന്ത്?

ഫാ. റെന്നി പരുത്തിക്കാട്ടില്‍ സിഎസ്ടി

കോവിഡ്-19 പടരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ട് രണ്ടു മാസത്തിലേറെയായി. പരീക്ഷണാടിസ്ഥാനത്തില്‍ എന്ന വാദം ഉയര്‍ത്തി സംസ്ഥാനം മുഴുവന്‍ വന്‍പ്രചാരത്തോടെ ജൂണ്‍ ഒന്നിനു തുടങ്ങിയ പദ്ധതി കോവിഡിനുശേഷവും പൂര്‍ണ്ണമായിട്ടില്ലെങ്കിലും തുടരാനാണ് എല്ലാ സാധ്യതയും. 42 ലക്ഷത്തോളം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ 8 ലക്ഷത്തോളം കോളേജ് വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഓണ്‍ലൈന്‍ ആയി പഠിക്കുന്നു എന്നതാണ് സ ങ്കല്‍പ്പം. സത്യം അതല്ലെങ്കില്‍പ്പോലും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആസ്വദിച്ചു പഠിക്കുന്നവരും അതിനു കഴിയാതെ വിഷമിക്കുന്നവരുമുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ അവസരമില്ലാത്ത കുട്ടികളുമുണ്ട്. ഓണ്‍ലൈനിലുണ്ടെങ്കിലും പഠനത്തിനപ്പുറമുള്ള കാര്യങ്ങള്‍ക്കായി അതെല്ലാം ദുരുപയോഗം ചെയ്യുന്നവരും ഉണ്ട്. ടിവിയിലെയും ഇന്റര്‍നെറ്റിലെയും ആദ്യക്ലാസ് കഴിഞ്ഞ് ത്രില്ല് അടിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആണ് വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലും കാണാന്‍ സാധിച്ചത്. പക്ഷേ മലപ്പുറം ഇരുമ്പളിയം സര്‍ക്കാര്‍ സ്‌കൂളിലെ ദേവിക എന്ന ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ കേരള സമൂഹത്തില്‍ വേരാഴ്ത്തിയ ഡിജിറ്റല്‍ വിഭജനം (Digital Divide) എന്ന പ്രശ്‌നത്തിലേയ്ക്ക് വെളിച്ചം വീശി. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന വിദ്യാഭ്യാസ പദ്ധതിയെയും കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തെയും ഡിജിറ്റല്‍ വിഭജനം എന്ന പ്രശ്‌നം എങ്ങനെ ബാധിക്കുന്നു എന്നു പരി ശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
വിവരസാങ്കേതിക വിദ്യയുടെ യും അതുപയോഗിക്കുന്നതിനുള്ള അറിവിന്റെയും അസന്തുലിതമായ ലഭ്യതമൂലം ഒരു പ്രദേശമോ ജനവിഭാഗമോ അനുഭവിക്കുന്ന അസമത്വമാണ് ഡിജിറ്റല്‍ വിഭജ നം. കേരളത്തില്‍ ഈ പ്രശ്‌നത്തെക്കുറിച്ച് ആലോചനകള്‍ നടക്കുന്നത് വൈകിയാണ്. ദേവികയുടെ മരണത്തെതുടര്‍ന്ന് മലയാളിസമൂഹം അതിനായി നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് സത്യം. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് ഡിജിറ്റല്‍ വിഭജനം എന്ന രീതിയിലാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോയത്. ഈ ചര്‍ച്ചകളുടെ ഫലമെന്നോണം ഡിജിറ്റല്‍ ടൂളുകള്‍ എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ സഭയുടെയും സന്നദ്ധസംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പക്കല്‍ നിന്നുണ്ടായി. ഒരുപാട് വീടുകളില്‍ സ്മാര്‍ട്ട് ടിവി എത്തിയതിന്റെ വാര്‍ത്തകള്‍ നമ്മള്‍ അറിഞ്ഞു. അതാത് സ്‌കൂളുകളിലെ അധ്യാപകരും പഞ്ചായത്തും ചേര്‍ന്ന് ഇത് ഏകോപിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. അപ്പോള്‍ ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തിയിലേയ്ക്ക് വഴിമാറി. ക്ലാസ് റൂമിലെ പഠനത്തിന് പകരമാവുമോ ഓണ്‍ലൈന്‍ വിദ്യാഭ്യാസം? പുതിയ രീതിയില്‍ ആരൊക്കെ ശരിക്കും പഠിക്കുന്നുണ്ട്? അങ്ങനെ വിദ്യാര്‍ത്ഥി സമൂഹത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി ഡിജിറ്റല്‍ വിഭജനം തളയ്ക്കപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍ വളരെ പരിമിതമായ അര്‍ത്ഥത്തില്‍ മാത്രമാണ് കേരളത്തില്‍ ഡിജിറ്റല്‍ വിഭജനം എന്ന പ്രശ്‌നത്തെ മലയാളി കൈകാര്യം ചെയ്തത്. ഇതിലെ അപകടത്തെ ചൂണ്ടികാണിച്ചു കൊണ്ട് ഡിജിറ്റല്‍ വിഭജനം എങ്ങനെ വിദ്യാര്‍ത്ഥി സമൂഹത്തെ ബാധിക്കുന്നു എന്നതിലേയ്ക്ക് വരാം.
"Communication at the ser-vice of an Authentic Culture of Encounter" എന്ന 48-ാം World Communication Day സന്ദേശത്തിലാണ് പോപ്പ് ഫ്രാന്‍സിസ് ഡിജിറ്റല്‍ വിഭജനം എന്ന പ്രശ്‌നത്തെക്കുറിച്ചുള്ള സഭയുടെ പുതിയ വീക്ഷണം ലോകത്തോട് പങ്കുവച്ചത്. പോപ്പ് ഫ്രാന്‍സിസിനു മുമ്പ് ഡിജിറ്റല്‍ വിഭജനത്തെ സഭ നിര്‍വചിച്ചിരുന്നത് അതില്‍തന്നെ ഒരു പ്രശ്‌നമായിട്ടായിരുന്നു. പക്ഷേ പോപ്പ് ഫ്രാന്‍സിസ് അതിനെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളുടെയും അസമത്വങ്ങളുടെയും ലക്ഷണം (symptom) മാത്രമായി പുനഃനിര്‍വചിച്ചു. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ വിഭജനത്തിനുള്ള പരിഹാരം സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വാദിക്കുന്നു. ഡിജിറ്റല്‍ വിടവ് സാമൂഹികഘടനയുടെ അടരുകളില്‍ വേരാഴ്ത്തിയിരിക്കുന്ന അനീതികളുടെ ലക്ഷണമാണെന്ന മാര്‍പാപ്പയുടെ നിരീക്ഷണത്തിന് അന്താരാഷ്ട്രതലത്തില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. യഥാര്‍ത്ഥപ്രശ്‌നത്തെ അഭിമുഖീകരിക്കുവാന്‍ താത്പര്യമില്ലാത്ത കാല്‍പനിക വത്കരണത്തിന്റെ അപകടത്തില്‍ നിന്നും ഡിജിറ്റല്‍ വിഭജനത്തെ രക്ഷിച്ചെടുക്കുവാന്‍ പോപ്പ് ഫ്രാന്‍സിസിന്റെ ചിന്തകള്‍ പര്യാപ്തമാണെന്നാണ് Benjamine M Comþ paine നെപ്പോലുള്ള നവമാധ്യമ ഗവേഷകര്‍ നീരീക്ഷിച്ചത്. (The Digital Divide Companion: Facing a Crisis or Creating a Myth, 2001).
ഡിജിറ്റല്‍ വിഭജനം ആഗോള വ്യാപകമായി സംഭവിക്കുന്നു എ ന്നത് വസ്തുതയാണ്. കൂടാതെ ജാതി/മത/ലിംഗ അസമത്വങ്ങള്‍ എങ്ങനെ ഡിജിറ്റല്‍ മേഖലയില്‍ അനുഭവപ്പെടുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ഗവേഷണങ്ങള്‍ ദേശീയ അന്താരാഷ്ട്ര തലങ്ങളില്‍ ഉണ്ട്. ഈ പഠനങ്ങളെ അപ്പാടെ അവഗണിക്കുന്ന നിലപാടാണ് ഡിജിറ്റല്‍ വിഭജനത്തെക്കുറിച്ചുള്ള കേരളത്തിലെ ചര്‍ച്ചകളില്‍ നിഴലിച്ചത്. ജീവകാരുണ്യപ്രവര്‍ത്തനം കൊണ്ട് ഡിജിറ്റല്‍ വിഭജനത്തെ മറിക്കടക്കാം എന്ന ചിന്തയ്ക്കായിരുന്നു ഇവിടെ മേല്‍ക്കൈ. ഡിജിറ്റല്‍ വിഭജനം നീതിയുടെ പ്രശ്‌നം ആണെന്ന് ആരും സൂചിപ്പിച്ചില്ല. അതു കൊണ്ട്തന്നെ വിദ്യാഭ്യാസത്തിനും സാമൂഹികക്ഷേമപദ്ധതികള്‍ക്കും സാങ്കേതികവിദ്യ ഉപയോഗിക്കാനും വ്യാപിപ്പിക്കാനും താത്പര്യം കാണിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനസ്സിലാക്കേണ്ട പ്രധാനവസ്തുത സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളുമായി ബന്ധമില്ലാത്ത ഒന്നല്ല ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സ്വീകാര്യത എന്നതാണ്. ദേവികയുടെ കാര്യം എടുക്കുക. സാങ്കേതിക വിദ്യയെ ഭയത്തോടെ സമീപിക്കുന്ന (technophobic) സാങ്കേതിക വിദ്യയോട് എതിര്‍ത്ത് നില്‍ക്കുന്ന നിലപാടുകള്‍ ഉണ്ടായിരുന്ന (luddite) വിദ്യാര്‍ത്ഥിയായിരുന്നില്ല ദേവിക. അത് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതിന്റെ പേരിലും അല്ല ആ കുട്ടി തളര്‍ന്നുപോയത്. മറിച്ച് ലക്ഷകണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ അത് ഉപയോഗിക്കുമ്പോള്‍; അത് പരക്കെ ലഭിക്കുമ്പോള്‍ താന്‍ ആ സമൂഹത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നു എന്ന വേദനയില്‍ നിന്നുമാണ് ആ കുട്ടി നിര്‍ഭാഗ്യകരമായ തീരു മാനത്തില്‍ എത്തിയത്. ഡിജിറ്റല്‍ മേഖലയില്‍ പൗരത്വം റദ്ദുചെയ്യപ്പെട്ട അനേകരില്‍ ഒരാളാണ് ദേവിക എന്ന ബാലിക.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് കേരളത്തില്‍ വലിയതോതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗത്തില്‍ വരാന്‍ തുടങ്ങിയത്. അതിനുള്ള കാരണങ്ങള്‍ നിരവധിയാണ്. രാജീവ് ഗാന്ധിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയം, കുറഞ്ഞ ചിലവില്‍ വാങ്ങാനും ഉപയോഗിക്കാനും സാധിക്കും എന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രത്യേകത. കൂടാതെ ഡിജിറ്റല്‍ സാങ്കേതിവിദ്യയുടെ ഫലങ്ങള്‍ പരീക്ഷിക്കേണ്ടതും പ്രയോജനപ്പെടുത്തേണ്ടതുമാണെന്ന തിരിച്ച റിവും, ഡിജിറ്റല്‍ പരീക്ഷണത്തിന് കെല്‍പ്പുള്ള രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളെയുംകാള്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്ന വസ്തുതയും, കേരളത്തിലെ ഗ്രാമീണമേഖലയിലെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനത്തിന് ചിറകുകള്‍ നല്കി. പക്ഷേ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരായിരുന്നു എന്നത് രാഷ്ട്രീയനേതൃത്വത്തിനോ അതിന്റെ വക്താക്കള്‍ക്കോ ഒരിക്കലും ഗൗരവമുള്ള പ്രശ്‌നമായി തോന്നിയിരുന്നില്ല. സാങ്കേതികവിദ്യയുടെ അനുപമമായ കഴിവുകളെക്കുറിച്ചുള്ള വെറും ധാരണകളല്ലാതെ മറ്റൊന്നും അവര്‍ക്ക് ഇന്നും സ്വീകാര്യമല്ല.
സയന്‍സ് അന്വേഷണമാണ്. പക്ഷേ അന്വേഷണത്തിന്റെ ഫലങ്ങള്‍ സാധാരണക്കാരില്‍ എത്താതെ വരുമ്പോള്‍ ശാസ്ത്രവും സാങ്കേതികവിദ്യയും അധികാരകേന്ദ്രങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണമായി ചുരുങ്ങും. ജര്‍മ്മന്‍ നാടകകൃത്തായ ബെര്‍തോള്‍ട്ട് ബ്രഹ്തിന്റെ Life of Galileo യില്‍ ഗലീലിയോ വിലപിക്കുന്നതുപോലെ അവര്‍ (അധികാരം) ശാസ്ത്രത്തെ മുരടിപ്പിക്കും. അതുവഴി ശാസ്ത്രത്തിനും മാനവരാശിക്കുമിടയില്‍ വിടവ് വര്‍ധിക്കുകയും ചെയ്യും. ഈ വിടവ് ഏറ്റവും അധികം ബാധിക്കുക സാധാരണക്കാരെയായിരിക്കും. അത് അവരെ ഒരിക്കലും അവസാനിക്കാത്ത സാമ്പത്തികവിഭജനത്തിന്റെയും ജാതി/വര്‍ഗ/ലിംഗ അസമത്വങ്ങളുടെയും കെണിയില്‍പ്പെടുത്തുകയും സാങ്കേതികവിദ്യാപരമായ വളര്‍ച്ചയുടെ കാര്യത്തില്‍ നിത്യമായ ഒരു അന്തരത്തില്‍ എപ്പോഴും തളച്ചിടുകയും ചെയ്യും. ഇങ്ങനെയുള്ളവരുടെ ഗതിയെക്കുറിച്ച് പ്രശസ്ത സ്വിസ് അമേരിക്കന്‍ മനഃശാസ്ത്രജ്ഞനായ എലിസബത്ത് ക്ലൂബര്‍ റോസ് ദീര്‍ഘവീക്ഷണത്തോടെ സൂചിപ്പിക്കുന്നുണ്ട്. ആദ്യം നിഷേധിക്കും, പിന്നെ ഭയപ്പെടും തുടര്‍ന്ന് വിലപേശും നിരാശരാവും ഒടുവിലെല്ലാം അംഗീകരിക്കും. അപ്പോഴെക്കും അവരേറെ പിന്തള്ളപ്പെട്ടു കഴിഞ്ഞിരിക്കും (On Death and Dying, 1969) കേരളത്തില്‍ ഈ ഗതി സംഭവിച്ചിരിക്കുന്നത് ആദിവാസി, ദളിത് കോളനികള്‍, വിദൂരഗ്രാമങ്ങള്‍, മലയോരങ്ങള്‍, ലക്ഷദ്വീപ് എന്നിവയടക്കമുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്. വിദ്യാഭ്യാസം അവകാശമാണെന്ന് അംഗീകരിച്ചുകൊണ്ട് അതിനെ സാര്‍വത്രികമാക്കാന്‍ പരിശ്രമിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികളെ അകറ്റിനിര്‍ത്തുകയാണ് ഡിജിറ്റല്‍ അസമത്വം.
ഡിജിറ്റല്‍ വിഭജനം ആഗോള തലത്തില്‍ വിദ്യാവിഭജനത്തിന് കാരണമാണെന്നും; അത് മൂന്നാം ലോകരാജ്യങ്ങളുടെ വികസനത്തിന് എപ്പോഴും തിരിച്ചടിയാണെന്നും ഐക്യരാഷ്ട്രസഭയുടെ Department of Global Communications-സിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് ഓണ്‍ലൈന്‍ ക്ലാസ് പുതുമയായിരുന്നു. ഒപ്പം അനിവാര്യതയും. പക്ഷേ, ഡിജിറ്റല്‍ വിഭജനം എന്ന പ്രശ്‌നത്തിന്റെ സാന്നിധ്യത്താല്‍ തന്നെ ലക്ഷ്യവിരുദ്ധവുമായിരുന്നു. ആകെ 43.76 ലക്ഷം വിദ്യാര്‍ത്ഥികളില്‍ ഏതാണ്ട് എട്ടുശതമാനത്തിന്, അതായത് 2.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനോ മൊബൈല്‍ ഫോണോ, ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലെന്നായിരുന്നു ഓണ്‍ലൈന്‍ പഠനം തുടങ്ങുന്നതിനുമുമ്പുള്ള വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. പക്ഷേ സര്‍ക്കാര്‍ ഇതു പരിഗണിച്ചില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുകയാണ് മുഖ്യമെന്നും, വഴിയെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊള്ളും എന്നും അതിനിടയില്‍ സംഭവിക്കുന്നതൊന്നും അത്ര കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാടുകള്‍. ഈ മനോഭാവമാണ്, കേരളത്തില്‍ ഡിജിറ്റല്‍ വിഭജനം എന്ന പ്രശ്‌നത്തെ രൂക്ഷമാക്കിയത്. ഇത് വിഭജനത്തെ കണ്ടില്ലെന്ന് നടിക്കലാണ്. സത്യത്തില്‍ അതിനെ അഭിസംബോധന ചെയ്യുകയും പരിഹാരം കാണുകയുമാണ് ഇന്നത്തെ ആവശ്യം. ഈ പ്രതിസന്ധി രൂക്ഷമാകുന്നത് രണ്ടു സാഹചര്യങ്ങളിലാണ്. ഒന്നാമതായി, കോവിഡ് ആശങ്കയില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുവെന്നതാണ്. സെപ്റ്റംബര്‍ 1 മുതല്‍ ഘ ട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ ധാരണയായിരുന്നെങ്കിലും സ്‌കൂള്‍ തുറക്കുന്നതിന്റെ സമയക്രമത്തിലടക്കം അന്തിമതീരുമാനം ആയിട്ടില്ലെന്നും അധ്യയനവര്‍ഷം ഇല്ലാതാകുന്ന 'സീറോ അക്കാദമിക് വര്‍ഷം' എന്ന സാഹചര്യം ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന കുട്ടികളുടെ കാര്യത്തിലെങ്കിലും ക്ലാസ് തുടങ്ങുന്നത് കോവിഡ് വ്യാപനം എങ്ങനെ എന്നതിനെ അനുസരിച്ചായിരിക്കും എന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഫലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് കഴിയാതെവരുന്ന നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും മധ്യവേനല്‍ അവധി തുടരാനാണ് സാധ്യത.
രണ്ടാമതായി, കോവിഡിനു ശേഷവും ഓണ്‍ലൈന്‍ പഠന വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അടിസ്ഥാനഘടകമായി മാറുന്നിടത്താണ്. അങ്ങനെ ഒരാശങ്കയ്ക്ക് സ്ഥാനമില്ലെന്നും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു വഴിമാത്രമാണിതെന്നും സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പറയുന്നു. പക്ഷേ വിദ്യാഭ്യാസചിന്തകന്മാര്‍ ചൂണ്ടികാണിക്കുന്നത് മറ്റൊന്നാണ്. കോവിഡ് പകര്‍ച്ചവ്യാധിയുടെ മറവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു പുതിയ പതിവായി മാറും; സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലയിലും പിന്തുടരുന്ന പഴയ ലക്ചര്‍ സമ്പ്രദായത്തെ പൂര്‍ണ്ണമായി മാറ്റിയില്ലെങ്കിലും വെബിനാറുകളും ടെലികോണ്‍ഫറന്‍സിങ്ങും ഇനി സ്മാര്‍ട്ട് അധ്യാപനത്തെ പ്രോത്സാഹിപ്പിക്കും. ലോകത്ത് എവിടെയുമുള്ള ഉന്നതരായ പ്രൊഫസര്‍മാരുടെ ലക്ചറുകളും ഓണ്‍ലൈന്‍ ക്‌ളാസ്മുറികളിലൂടെ കുട്ടികള്‍ക്ക് ലഭ്യം ആക്കാന്‍ ആവും എന്നതും വിദ്യാഭ്യാസം, ചിലവുകുറഞ്ഞ പ്രക്രിയ ആയി മാറും എന്നതും വാസ്തവമാണ്. പക്ഷേ കണക്റ്റിവിറ്റിയുടെ അഭാവം കാരണം കേരളത്തിലെ മുപ്പതുശതമാനമോ അതിലധികമോ കുട്ടികളെങ്കിലും ഈ വിദ്യാഭ്യാസപ്രക്രിയയില്‍ നിന്നും പുറംതള്ളപ്പെടും. ഈ പ്രതിസന്ധിയെ മറിക്കടക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത് വരുംതലമുറയോട് ചെയ്യുന്ന നീതിയും അതായിരിക്കും.
അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങളും കലാലയങ്ങളും പ്രവര്‍ത്തനക്ഷമമാകുന്നതിനെക്കുറിച്ച് ഡിസംബര്‍ മാസം വരെ ചിന്തിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അനിവാര്യതയും സര്‍ക്കാരിന് മുന്നിലുള്ള ഏക സാധ്യതയും മാത്രമായിരുന്നു. അതുവഴി വിദ്യാര്‍ത്ഥികളെ അക്കാദമിക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ നമുക്ക് സാധിച്ചു. പക്ഷേ ഓണ്‍ലൈന്‍ പഠനത്തില്‍നിന്നും പിന്തള്ളപ്പെട്ട വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള ആശങ്ക ബാക്കിയാവുന്നു.

(ലുവൈനിലെ കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്നും അജപാലന ദൈവശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലേഖകന്‍ സിഎസ്ടി സഭാംഗമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org