ആരാണ് അനുഗ്രഹങ്ങള്‍ നല്കുന്നത്?

ആരാണ് അനുഗ്രഹങ്ങള്‍ നല്കുന്നത്?

എം.ജെ. തോമസ് എസ്.ജെ.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്, നല്ല വിദ്യാഭ്യാസമുള്ള ഒരു സന്യസ്ത സഹോദരി എന്നോടു പറഞ്ഞു: "ഇന്നലെ … വിശുദ്ധന്റെ തിരുനാളായിരുന്നു. ഞാന്‍ വിശുദ്ധനോടു പ്രാര്‍ത്ഥിച്ചു. എനിക്കൊത്തിരി അനുഗ്രഹങ്ങള്‍ ലഭിച്ചു."

കൃപാവരത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ ഇതെന്നെ പ്രേരിപ്പിച്ചു. വാസ്തവത്തില്‍ ആരാണ് കൃപകള്‍ നല്കുന്നത്? ഇത് മിക്കവരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണെങ്കിലും, ഗൗരവത്തോടെ കാണേണ്ടതാണ്. വി. യാക്കോബ് പറയുന്നു: "എല്ലാവര്‍ക്കും ഉദാരമായി നല്കുന്നവനാണ്" ദൈവമെന്ന് (യാക്കോ. 1:5). 'ഉത്തമവും പൂര്‍ണവുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍ നിന്ന്…" (യാക്കോ. 1:16-17; 1 പത്രോ. 5:10). ഇതില്‍നിന്നും പൗലോസിന്റെ ലേഖനങ്ങളില്‍ നിന്നും വ്യക്തമാണ് ദൈവമാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടവും അഭാവവും എന്നത്.

ഏക ദൈവവിശ്വാസികളായ ഹെബ്രായര്‍ മദ്ധ്യസ്ഥരെ കൂടാതെ ഏക ദൈവമായ യഹോവയിലേക്കു നേരിട്ടു തിരിയുകയായിരുന്നു. യേശുവും പിതാവായ (Abba) ദൈവവുമായി നിരന്തര ബന്ധത്തിലായിരുന്നു. യേശുവില്‍നിന്നും അപ്പസ്‌തോലന്മാരില്‍ നിന്നും പഠിച്ച ആദിമസഭയും ഇങ്ങനെ തന്നെ ചിന്തിച്ചിട്ടുണ്ടാവണം. എന്നാല്‍, എന്തുകൊണ്ടാണ് പില്‍ക്കാലത്ത് ക്രിസ്ത്യാനികള്‍ ഈ കീഴ്‌വഴക്കം ഉപേക്ഷിച്ചത് എന്നത് സമഗ്രമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്.

തല്‍ക്കാലം ചില അനുമാനങ്ങളില്‍ ആശ്രയിക്കേണ്ടിയിരിക്കുന്നു. യേശു നല്കിയ ദൈവസങ്കല്പം ക്രമേണ നഷ്ടപ്പെട്ടു കാണും. ഏറ്റവും നല്ലവനായിട്ടാണല്ലോ യേശു ദൈവത്തെ അവതരിപ്പിച്ചത്. ഏവരെയും നിരുപാധികമായി സ്‌നേഹിക്കുന്ന, ക്ഷമിക്കുന്നതില്‍ സന്തോഷിക്കുന്ന, ആര്‍ക്കും ഏതു നേരവും സമീപിക്കാവുന്ന, ചോദിക്കുന്നതിനു മുമ്പെയും, ചോദിക്കുന്നതിലും അധികമായി നല്കുന്ന, വഴിതെറ്റിയ മക്കളെ കാത്തിരിക്കുന്ന, അന്വേഷിച്ചു പോകുന്നവനായിട്ടാണല്ലോ യേശു ദൈവത്തെ അവതരിപ്പിക്കുന്നത്. ഇതൊക്കെ മറന്ന്, അനുഭവിച്ചറിഞ്ഞിട്ടുള്ള ജന്മിയെപ്പോലെയോ രാജാവിനെപ്പോലെയോ ആണ് ദൈവം എന്ന് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ടാവണം. രാജാവ് മനോഹരമായ കൊട്ടാത്തില്‍ വാഴുന്നു, അംഗരക്ഷകരാലും തോഴിമാരാലും പരിചരിക്കപ്പെട്ട്, രാജാവിനെ പ്രീതിപ്പെടുത്തേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്ക് ഒരു വിലയുമില്ല. അവര്‍ വെറും വേലക്കാര്‍, അടിമകള്‍, രാജാവ് അപ്രാപ്യനാണ്. അദൃശ്യനായ ദൈവവും ഇങ്ങനെയൊക്കെ ആയിരിക്കാം എന്ന ചിന്ത വളര്‍ന്നു കാണും. പരിശുദ്ധനായ ദൈവത്തിന്റെ മുമ്പില്‍ മനുഷ്യര്‍ അശുദ്ധരും, പാപികളും, ശിക്ഷാര്‍ഹരും നിസ്സാരരുമാണ് എന്ന ചിന്തയും വളര്‍ന്നു കാണും. ഇവിടെയാണ് മദ്ധ്യസ്ഥരുടെ ആവശ്യം. ഓരോരോ പുണ്യവാന്മാരെ മദ്ധ്യസ്ഥരായി സ്വീകരിച്ചു. മാതാവിനെ ഏറ്റവും ശക്തയായ മദ്ധ്യസ്ഥയായും. വിശുദ്ധരോടുള്ള വണക്കവും തിരുനാളാഘോഷവും പ്രധാനമായി. ആനുപാതികമായി ദൈവത്തിന്റെ ആവശ്യം തന്നെ ഇല്ലാതായി. ഏവരും ദൈവത്തിന്റെ ഓമനയാണെന്ന കാര്യം വിസ്മരിക്കപ്പെട്ടു.

ദൈവത്തെ അന്വേഷിച്ചു പോകേണ്ടതില്ല, വിളിച്ചു വരുത്തേണ്ടതില്ല, പ്രീതിപ്പെടുത്തേണ്ടതുമില്ല. നമ്മെ അന്വേഷിച്ചു കണ്ടെത്തുന്നവനാണ് ദൈവം. നമുക്കുവേണ്ടി ഉത്സാഹത്തോടെ കാത്തിരിക്കുന്നവനാണ് ദൈവം. ഇങ്ങനെയുള്ള ദൈവവുമായി നേരിട്ടുള്ള അപ്പന്‍-മകന്‍/മകള്‍ ബന്ധമാണ് പ്രാര്‍ത്ഥന. ദൈവത്തിന്റെ സ്‌നേഹം രുചിച്ചറിയുന്നതാകട്ടെ പ്രാര്‍ത്ഥന.

വിശുദ്ധര്‍ക്ക് സവിശേഷമായ ദൗത്യവും നല്കപ്പെട്ടു. അത്, നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടെത്തുന്നതാവാം, വിഷപ്പാമ്പുകളില്‍ നിന്നുള്ള സംരക്ഷണമാകാം, മറ്റു പലതും. ഇങ്ങനെയുള്ള ദൗത്യം ദൈവം വിശുദ്ധരെ ഏല്പിച്ചിട്ടില്ലെന്നതും, ഒരു വിശുദ്ധനും ഇങ്ങനെയുള്ള ദൗത്യം ഏറ്റെടുത്തിട്ടില്ലെന്നുമുള്ള കാര്യം ശ്രദ്ധിച്ചില്ല. വിശുദ്ധരെ പല വിധത്തില്‍ (നേര്‍ച്ച, തിരികത്തിക്കല്‍, നൊവേന, തിരുനാളാഘോഷം) സ്വാധീനിക്കാമെന്നും കരുതി. എപ്പോഴും കര്‍ത്താവിന്റെ ദാസിയായി കരുതപ്പെട്ട പരി. മറിയം അതിശക്തയായ മദ്ധ്യസ്ഥയായും, "ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു പ്രാര്‍ത്ഥിക്കാം എന്നു പറയുന്നില്ല" (യോഹ. 16:26) എന്നു പറഞ്ഞ യേശുവിനെ ഏക മദ്ധ്യസ്ഥനുമാക്കി! ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തിന്റെ മനോഭാവത്തില്‍ മാറ്റമില്ല. ദൈവം പറയും, "ശുപാര്‍ശ വേണ്ട, കൈക്കൂലി വേണ്ട, പ്രീതിപ്പെടുത്തേണ്ടതില്ല.ഞാന്‍ ദൈവമാണ്. എനിക്കുള്ളതെല്ലാം നിങ്ങള്‍ക്ക് – ഞാന്‍ നിങ്ങളെ കാത്തിരിക്കുന്നവനല്ലേ, അന്വേഷിച്ചു നടക്കുന്നവനല്ലേ? വരൂ."

ഇതൊക്കെ എങ്ങനെ സംഭവിച്ചു. ആരാണ് ദൈവമെന്നു മറന്ന്, സ്വന്തം അനുഭവങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തതുകൊണ്ട് എന്ന് അനുമാനിക്കാം. ആവശ്യങ്ങളുടെ കുമ്പാരമാണ് മനുഷ്യന്‍. ഒരു ശിശു തന്റെ അമ്മയെ പൂര്‍ണ്ണമായും ആശ്രയിക്കുന്നു. ശിശു ക്രമേണ മനസ്സിലാക്കുന്നു പിതാവാണ് ഗൃഹനാഥനെന്നും പിതാവിന്റെഹിതമാണ് നടപ്പിലാക്കപ്പെടുന്നതെന്നും. പിതാവ് സ്‌നേഹസമ്പന്നനും കരുതലുള്ളവനുമാണെങ്കില്‍ എല്ലാം സുഭദ്രം. പിതാവ് കോപിക്കുന്നവനും സമീപിക്കാന്‍ ബുദ്ധിമുട്ടുള്ളവനുമാണെങ്കില്‍ മദ്ധ്യസ്ഥനാകുന്നത് അമ്മയോ മൂത്ത സഹോദരനോ സഹോദരിയോ ആവാം. രാജവാഴ്ചക്കാലമോ ദുര്‍ഭരണമോ ആണെങ്കില്‍! രാജാവ് ജനങ്ങളില്‍ നിന്നകന്ന് വലിയ കൊട്ടാരത്തില്‍ വസിക്കുന്നു. സുഖലോലുപനായ രാജാവ് ജനങ്ങള്‍ക്ക് അപ്രാപ്യനാണ്. ഈ സാഹചര്യത്തില്‍ മദ്ധ്യവര്‍ത്തികളുടെ ആവശ്യമുണ്ട്. അവര്‍ അഴിമതിക്കാരാണെങ്കില്‍ കൈക്കൂലിയും പാരിതോഷികവും അനിവാര്യം. ഇങ്ങനെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍, ദൈവവും ജനങ്ങളും അനുഭവിച്ചിട്ടുള്ള പിതാവിനും രാജാവിനും സമമാണെന്നു ചിന്തിച്ചിട്ടുണ്ടാവാം. ഇതായിരുന്നിരിക്കാം മദ്ധ്യസ്ഥതയുടെ ആവിര്‍ഭാവത്തിനു നിദാനം. കൃപ ലഭിക്കുന്നതിന് ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതാണെന്നും മദ്ധ്യസ്ഥം ആവശ്യമാണെന്നും ചിന്തിച്ചിട്ടുണ്ടാവാം.

മനഃശാസ്ത്രജ്ഞനായ Scott Peek പറഞ്ഞപോലെ, എല്ലാം ചോദ്യം ചെയ്യുന്നതിലൂടെയാണ് വിശുദ്ധിയുടെ മാര്‍ഗ്ഗം തെളിഞ്ഞു വരുന്നത്. ഇന്നത്തെ ആദ്ധ്യാത്മികത പരിശോധനയ്ക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. നവീന 'ദേവാലയ ശുദ്ധീകരണം' തന്നെ ആവശ്യമായേക്കാം.

ശരിയായ ആദ്ധ്യാത്മികത യേശുവിനെ അനുകരിക്കുന്നതാണ്, ജീവിതത്തിലും പ്രാര്‍ത്ഥനയിലും. നമ്മുടെ ദൈവസങ്കല്പം യേശുവിന്റെതായിരിക്കട്ടെ. യേശുവിന് ദൈവം ഏറ്റവും സ്‌നേഹമുള്ള അപ്പച്ചനായിരുന്നു. ഈ അപ്പച്ചന്‍ അശരീരിയും അദൃശ്യനും എല്ലായിടത്തും പൂര്‍ണ്ണമായി സന്നിഹിതനാണ്; ഏവര്‍ക്കും ലഭ്യനുമാണ്. നമ്മള്‍ ദൈവത്തിലാണ് വസിക്കുന്നത്, മത്സ്യം ജലത്തിലെന്നപോലെ. ദൈവത്തെ അന്വേഷിച്ചു പോകേണ്ടതില്ല, വിളിച്ചു വരുത്തേണ്ടതില്ല, പ്രീതിപ്പെടുത്തേണ്ടതുമില്ല. നമ്മെ അന്വേഷിച്ചു കണ്ടെത്തുന്നവനാണ് ദൈവം. നമുക്കുവേണ്ടി ഉത്സാഹത്തോടെ കാത്തിരിക്കുന്നവനാണ് ദൈവം. ഇങ്ങനെയുള്ള ദൈവവുമായി നേരിട്ടുള്ള അപ്പന്‍-മകന്‍/മകള്‍ ബന്ധമാണ് പ്രാര്‍ത്ഥന. ദൈവത്തിന്റെ സ്‌നേഹം രുചിച്ചറിയുന്നതാകട്ടെ പ്രാര്‍ത്ഥന. എത്ര ഉത്സാഹത്തോടെയാണ് പിതാവുമായിരിക്കുവാന്‍ യേശു സമയവും സ്ഥലവും കണ്ടെത്തിയത്!

പ്രാര്‍ത്ഥന യഥാര്‍ത്ഥ ദൈവസങ്കല്പത്തിന് ചേര്‍ന്നതായിരിക്കണം. അശരീരിയായ ദൈവത്തെ പ്രതിനിധീകരിക്കാന്‍ ചിത്രങ്ങളും പ്രതിമകളും അടയാളങ്ങളും (Symbols) അപര്യാപ്തമാണ്. വിശ്വാസത്തിലൂടെയാണ് നമ്മള്‍ ദൈവവുമായി ബന്ധപ്പെടുക. സത്-ചിത്ത്-ആനന്ദമായ ദൈവത്തിന് ഒന്നിന്റെയും ആവശ്യമില്ല, ദേവാലയം പോലും. ആലയം മനുഷ്യനാണ് ആവശ്യം.

ജീവിതത്തിലും യേശുവിനെ അനുകരിക്കുന്നതാണ് ആത്മീയത. പിതാവിന് ഏറ്റവും പ്രീതികരമായതു മാത്രം ചെയ്ത നല്ല മകനായിരുന്നല്ലോ യേശു. നമ്മളും ഇങ്ങനെതന്നെ ആയിരിക്കണമെന്നാണ് യേശുവിന്റെ പ്രബോധനം. "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക" (മത്താ. 6:33). യേശുവിനെപ്പോലെ, ഏവരെയും ദൈവത്തിന് പ്രിയപ്പെട്ട വിലപ്പെട്ട മകനോ മകളോ ആയി കാണുക. അപരന്‍ സ്വന്തം സഹോദരനോ സഹോദരിയോ ആണ്. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കെപ്പട്ട മനുഷ്യര്‍ ബഹുമാന്യരാണ്. ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതും ഏവരെയും സഹോദരതുല്യം സ്‌നേഹിക്കുന്നതുമാണ് ദൈവരാജ്യം. സമ്പൂര്‍ണ്ണമായും തൃപ്തികരമായ അവസ്ഥ.

സഭയില്‍ ധാരാളം ഭക്താനുഷ്ഠാനങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ദൈവത്തെ ശരിക്കും മനസ്സിലാക്കാത്തതുകൊണ്ടും, ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കാത്തതുകൊണ്ടും, ഒരുപക്ഷെ, ദൈവം പോരാ എന്ന ചിന്ത കൊണ്ടുമല്ലേ ഇതൊക്കെ എന്നു തോന്നും. വി. അമ്മത്രേസ്യാ പ്രാര്‍ത്ഥിക്കുമായിരുന്നു: "ദൈവമേ, എന്നെ ഉപരിപ്ലവമായ ഭക്തകൃത്യങ്ങളില്‍ നിന്ന് രക്ഷിക്കണെ" എന്ന്. വി. ഇഗ്നേഷ്യസ് ലൊയോളായ്ക്ക് യേശുവിനോടള്ള സ്‌നേഹവും വിശ്വസ്തതയുമായിരുന്നു ഭക്തി. വി. കൊച്ചുത്രേസ്യായുടെ കാഴ്ചപ്പാട് വളരെ പ്രസക്തമാണ്. പുണ്യവതി വൈദികരോടായി പറഞ്ഞു, "മാതാവ് ആഗ്രഹിക്കുന്നത് അനുകരണമാണ്, പുകഴ്ത്തലും ആഘോഷങ്ങളുമല്ല" എന്ന്. അനുകരണമാണ് ശരിയായ ആദരവ്. വണക്കം, ഭക്തി, എല്ലാവരും മാതാവിനെ കൂടുതല്‍ കൂടുതല്‍ അനുകരിച്ചിരുന്നെങ്കില്‍! എല്ലാ വിശുദ്ധരും ആദരണീയരാണ്. അവരെ നമ്മള്‍ ആവുന്നിടത്തോളം അനുകരിക്കണം. വിശുദ്ധരെ മദ്ധ്യസ്ഥരാക്കുമ്പോള്‍ കാര്യസാദ്ധ്യത്തിനു വേണ്ടി നമ്മള്‍ അവരെ ഉപയോഗിക്കുകയല്ലേ? ഇതിലൂടെ നമ്മള്‍ വിശുദ്ധരെയും ദൈവത്തെയും നമ്മളെതന്നെയും തരംതാഴ്ത്തുന്നു. വിശുദ്ധരില്‍ ആശ്രയിക്കുമ്പോള്‍ ദൈവത്തിന്റെ പ്രാധാന്യം കുറയുകയല്ലേ, ദൈവം മാറ്റിനിറുത്തപ്പെടുകയല്ലേ എന്ന് ഭയക്കുന്നു.

ഒറ്റവാക്കില്‍, എല്ലാ അനുഗ്രഹങ്ങളും സഹായവും കൊടുക്കുന്നതില്‍ സന്തോഷിക്കുന്ന ദൈവത്തില്‍ നിന്നാണ്. നമ്മള്‍ ദൈവത്തില്‍ പൂര്‍ണ്ണമായും ആശ്രയിക്കണം. ദൈവേഷ്ടം ചെയ്യാന്‍ സ്വയം സമര്‍പ്പിക്കണം. നിരുപാധിക സഹോദരസ്‌നേഹത്തില്‍ വളര്‍ന്നു കൊണ്ടിരിക്കണം. നമ്മള്‍, ദൈവം സ്‌നേഹിക്കുന്നതുപോലെ, യേശു സ്‌നേഹിച്ചപോലെ സ്‌നേഹിക്കുന്നവരാകുന്ന അളവില്‍ ദൈവരാജ്യം സമാഗതമാകും. ഭൂമി സ്വര്‍ഗ്ഗമാകും. ദൈവത്തിന് സ്തുതി. മനുഷ്യര്‍ക്ക് സമാധാനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org