യോഗ എന്ന ശാസ്ത്രചര്യ

യോഗ എന്ന ശാസ്ത്രചര്യ

സി. സുജാത മേനാച്ചേരി

ഭാരതീയ ശാസ്ത്ര പൈതൃകത്തിന്‍റെ അതിവിശിഷ്ടമായ സംഭാവനയാണു "യോഗ." അതിന് ഇന്നു ലോകമെങ്ങും വേണ്ടത്ര പ്രചാരം ലഭിച്ചുവരുന്നുണ്ട്. ആരോഗ്യപരിപാലനം എന്ന പ്രഥമ തലം മുതല്‍ പടിപടിയായി ഉയര്‍ന്ന് ഈശ്വരസാക്ഷാത്കാരം എന്ന അത്യാനന്ദ തലവും കടന്ന്, ബ്രഹ്മജ്ഞാനത്തില്‍ എത്തിച്ചേരുവാന്‍ സഹായിക്കുന്ന രീതിയില്‍ സഹസ്രാബ്ദങ്ങളിലെ ശ്രമങ്ങളിലൂടെ നമ്മുടെ ഋഷിവര്യന്മാര്‍ ചിട്ടചെയ്തെടുത്ത ശാസ്ത്രചര്യയാണു യഥാര്‍ത്ഥ യോഗ എന്നറിയണം. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ ഇതിന്‍റെ ഗഹനതയിലേക്കൊന്നും പോകാറില്ല. അവര്‍ക്ക് ആരോഗ്യസംരക്ഷണത്തിലൂടെ ലഭിക്കുന്ന ജീവിതാസ്വാദനമാണു പ്രധാനം. അതിലും തെറ്റു പറയേണ്ടതില്ല. കാരണം "ശരീരമാദ്യം ഖലുധര്‍മസാധനം" എന്നാണല്ലോ പറഞ്ഞുവരുന്നത്.
സ്വാഭാവികമായ മനുഷ്യശരീരം ജീര്‍ണവസ്ത്രം മാത്രമാണ് എന്നും മരണം അതിന്‍റെ പര്യവസാനമാണെന്നുമുള്ള ചിന്ത ഭാരതീയതത്ത്വശാസ്ത്രം പരത്തിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ അതു ശരിയാണ്. ശരീരസംരക്ഷണം അതില്‍ത്തന്നെ സ്വയം പൂര്‍ണമായ ഒന്നല്ല എന്നേ ഇതിനര്‍ത്ഥമുള്ളൂ. ശരീരം ആത്മാവിന്‍റെ ഔന്നത്യപ്രാപ്തിക്കു തടസ്സമാകാതിരിക്കാനും ബ്രഹ്മസാക്ഷാത്കാരത്തിനുള്ള സമര്‍ത്ഥമായ ഉപകരണമാക്കിത്തീര്‍ക്കാനും സാധിക്കണം. ഇതിനുള്ള വഴിയെന്താണെന്നു മനീഷികളായ ഋഷിവര്യന്മാര്‍ ചിന്തിച്ചിരുന്നു. പരിപക്വമായ ആ ചിന്തയുടെ തെളിഞ്ഞ ഫലമാണു യോഗാശാസ്ത്രം.
നിയന്ത്രിതമല്ലാത്ത ആഗ്രഹങ്ങളില്‍നിന്നും രൂപംകൊള്ളുന്നതാണല്ലോ ഇന്നു നാം കാണുന്ന ഉപഭോഗസംസ്കാരം. അത് എത്രമാത്രം ദ്രോഹം സമൂഹത്തിനു വരുത്തിക്കൊണ്ടിരിക്കുന്നു! സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ തുടങ്ങിഎല്ലാ തലങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കു കാരണം മനുഷ്യന്‍റെ അച്ചടക്കമില്ലാത്ത മനസ്സാണ്. ചെയ്യാന്‍ പാടില്ലാത്തതു പലതും ചെയ്യുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നതു നമ്മുടെ മനസ്സിന്‍റെ അധമാംശമാണ്. കാമത്തിന്‍റെ തള്ളിച്ചയെ നിയന്ത്രിക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കണം.
ഓരോ മതത്തിലും അനുവദിച്ച രീതിയിലുള്ള നാമമന്ത്രോച്ചാരണങ്ങളും ധ്യാനവും പൂജയുമെല്ലാം പല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു ശാസ്ത്രമാണു യോഗ. ഇന്നു നമുക്കു വേണ്ടതു വെറും ശാസ്ത്രബിരുദധാരികളല്ല. നല്ല ശാസ്ത്രീയ പരിശീലനം നേടിയ മനസ്സുകളെയാണ്. അവരില്‍ കൂടി മാത്രമേ മതേതരത്വവും ആദ്ധ്യാത്മികതയും പുഷ്ടി പ്രാപിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ ജനങ്ങളെ ഉദ്ധരിക്കാന്‍ സാധിക്കുകയുള്ളൂ. അതിനു പ്രാപ്തരായിട്ടുള്ളവരെ പരിശീലിപ്പിക്കാന്‍ കഴിയണം. അങ്ങനെ പരിശീലിച്ചു ആത്മവിശ്വാസം, ബുദ്ധിശക്തി, സൗഹൃദബന്ധം ഇവ വര്‍ദ്ധിക്കുകയും വിരോധം, വെറുപ്പ്, ഭയം, ക്രോധം തുടങ്ങിയ ചിന്താഗതികള്‍ ഇല്ലാതാകുകയും ചെയ്യണം. ഇതിനെല്ലാം സഹായിക്കുന്ന അനുഷ്ഠാനപദ്ധതിയാണു യോഗ, ധ്യാനം തുടങ്ങിയവ. യോഗയില്‍ വരാവുന്ന തടസ്സങ്ങള്‍ നീക്കുവാനാണു യോഗയ്ക്കു മുമ്പും പിമ്പും പ്രാര്‍ത്ഥിക്കുന്നത്.
"പതഞ്ജലീസൂത്രം" എന്നു തന്നെയാണു യോഗാസൂത്രങ്ങളെ നാം വിളിക്കുന്നത്. അതുകൊണ്ട് അതിനെ ഹിന്ദുമതത്തിന്‍റേതെന്നു മുദ്ര കുത്തുന്നതു ശരിയല്ല. അതു ഋഷിവര്യന്‍ വിശാലമനസ്സോടെ ഒരു നല്ല കാര്യം മാനവകുലത്തിനായി ചെയ്തെന്നു കാണുക. മനസ്സിനെ നിയന്ത്രിക്കാന്‍, പ്രാണായാമത്തില്‍ ശ്രദ്ധിക്കാന്‍, പല രീതിയില്‍ പ്രാണായാമം ചെയ്യാന്‍, ശുദ്ധവായു സ്വീകരിച്ചു പ്രപഞ്ചനന്മകളെ ഉള്‍ക്കൊണ്ടു നമ്മിലെ തിന്മയാകുന്ന അശുദ്ധവായുവിനെ കളഞ്ഞു മനസ്സ്, ശരീരം ഇവ ശുദ്ധീകരിക്കാന്‍ യോഗായുടെ നട്ടെല്ലായ പ്രാണായാമത്തിലൂടെ നടക്കും.ഇന്നാര്‍ക്കും ഉള്ളിലേക്കു തിരിയാന്‍ സമയമില്ല. യോഗാസനപരിശീലനത്തിലൂടെ ചിത്തവൃത്തികളെ നിയന്ത്രിക്കാന്‍ പഠിക്കും. "ചിത്തവൃത്തി നിരോധായോഗ" എന്നാണല്ലോ യോഗാശാസ്ത്രത്തില്‍ പറയുന്നത്. സ്ഥിരം സുഖം ആസനം യോഗം നട്ടെല്ല് നിവര്‍ത്തിയിരുന്നു ചിന്‍മുദ്രയില്‍ കരങ്ങള്‍ നിവര്‍ത്തിയിരുന്നു ജീവന്‍ നല്കുന്ന വായുവിനെ നാസികയിലൂടെ സാവധാനം സ്വീകരിച്ച് ഉള്ളിന്‍റെ ആഴങ്ങളിലേക്കിറങ്ങാന്‍, വ്യക്തിയെ സ്വസ്ഥതയിലേക്കെത്തിക്കാന്‍ ഇന്നു യോഗാഭ്യാസത്തിനു കഴിയുന്നുണ്ട്.
എല്ലാ ഹിന്ദു ആശ്രമങ്ങളിലും സെമിനാരികളിലും വിദ്യാലയങ്ങളിലും ഇന്നല്ല, പണ്ടുമുതലേ യോഗാ പരിശീലനരീതിയുണ്ട്. ബ്രഹ്മമുഹൂര്‍ത്തത്തില്‍ (3മാ 5മാ) ഉണര്‍ന്നു പ്രാണായാമം യോഗാസനങ്ങള്‍ ഇവ നിര്‍വഹിക്കുന്നവര്‍ക്കു ദൈവത്തെ തന്നിലുണര്‍ത്താനും കണ്ടെത്താനും ദൈവോന്മുഖരായി ജീവിക്കാനും ദമനിയമാദികള്‍ പാലിക്കാനും കഴിയും. എന്നെ യോഗ പഠിപ്പിച്ചത് ഒരു നല്ല ക്രിസ്തീയ വൈദികനാണ്. എന്നെ "യോഗാചാര്യ" പദവിയിലേക്കുയര്‍ത്തിയതു കാലടി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്ന ബഹു. രാജന്‍മേനോനാണ്. എന്‍റെ ക്ലാസ്സുകള്‍ ശ്രവിച്ച് എനിക്കു സര്‍ട്ടിഫിക്കറ്റ് തന്നു യോഗാദ്ധ്യാപികയായി ഉയര്‍ത്തിയതു രാജന്‍ മേനോന്‍റെ കൂടെയിരുന്നിരുന്ന ശ്രീ. പുരന്ദരാനന്ദസ്വാമിയാണ്. അദ്ദേഹം ഇപ്പോള്‍ നൊച്ചിമയില്‍ ശ്രീ കൃഷ്ണ ഹൈന്ദവാശ്രമത്തില്‍ ആദ്ധ്യാത്മികജീവിതം നയിക്കുന്നു, യോഗാപരിശീലനം നല്കുന്നു. യോഗയിലൂടെയാണു ഞാന്‍ സംയമനശീലവും വിനയവും ആന്തരിക ഉണര്‍വിന്‍റെ മാര്‍ഗങ്ങളുമെല്ലാം കരസ്ഥമാക്കിയത്.
യാതൊരു പ്രവര്‍ത്തനവുമില്ലാതെ നിത്യേന ചെയ്യുന്ന ചെറിയ ജോലികള്‍ മാത്രം ചെയ്തുകൊണ്ടിരുന്നാല്‍ ശരീരത്തിനു മൊത്തം വ്യായാമം കിട്ടുകയില്ല. രോഗശാന്തിക്കും ആരോഗ്യപരിപാലനത്തിനും വ്യക്തിത്വ സമഗ്രവികസനത്തിനും സന്മാര്‍ഗപഠനത്തിനും പെരുമാറ്റ മര്യാദകള്‍ സ്വായത്തമാക്കാനും യോഗാസനങ്ങള്‍ നമ്മെ പ്രാപ്തരാക്കും. വൈദികകാലം മുതല്‍ യോഗാഭ്യാസം തുടര്‍ന്നുപോരുന്നുണ്ട്. "നിന്നെ ഞാന്‍ മണ്ണുകൊണ്ടു മെനഞ്ഞുണ്ടാക്കി എന്നിട്ടു നിന്‍റെ നാസികയിലൂടെ ഞാന്‍ ശ്വസിച്ചു. അപ്പോള്‍ നീ ജീവനുള്ളവളായിത്തീര്‍ന്നു (ഉത്പ. 2:7). ഈ വാചകം ഉദ്ധരിച്ചുകൊണ്ടു ജീവശ്വാസം നല്കിയ ദൈവത്തെ സ്തുതിച്ചുകൊണ്ടാണു ഞാന്‍ ക്ലാസ്സ് തുടങ്ങുന്നത്.
ഈശ്വരനുമായി ചേരുക, ഈശ്വരനില്‍ ലയിക്കുക എന്നത്രേ 'യോഗ' എന്ന വാക്കിന്‍റെ അടിസ്ഥാനതത്ത്വം. "യുജ്" ധാതുവില്‍ നിന്നാണു 'യോഗ' എന്ന പദത്തിന്‍റെ ഉത്ഭവം. അതിന്‍റെ അര്‍ത്ഥങ്ങള്‍ ദൈവവുമായുള്ള യോജിപ്പ്, പ്രകൃതിയുമായുള്ള യോജിപ്പ്, തന്നോടുതന്നെയുള്ള യോജിപ്പ്, സഹോദര യോജിപ്പ് എന്നീ നാലര്‍ത്ഥങ്ങളില്‍ നമ്മെ വളര്‍ത്തുന്നതാണു യോഗാസൂത്രം. മറ്റു ശാരീരികാവയവങ്ങള്‍ പ്രാണശക്തിയെ കൂടുതലായി വ്യയം ചെയ്യുമ്പോള്‍ യോഗാവ്യായാമം പ്രാണശക്തിയെ കൂടുതല്‍ ഉള്‍ക്കൊള്ളുകയാണു ചെയ്യുന്നത്. അങ്ങനെ ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനകേന്ദ്രങ്ങളിലും പ്രാണവായുവിനെ ശ്വസനപ്രക്രിയകള്‍ പല രീതിയില്‍ നടത്തി ശരീരഭാഗങ്ങളിലേക്കെത്തിക്കുന്നു. അങ്ങനെ ശാരീരിക ശക്തികേന്ദ്രങ്ങള്‍ തുറക്കുന്നു. തുടര്‍ന്നു നമ്മുടെ മനസ്സിന്‍റെ അസ്വസ്ഥതകള്‍ നീക്കം ചെയ്യപ്പെടുന്നു.
യോഗാസനങ്ങള്‍ ശരീരത്തെ രോഗവിമുക്തമാക്കി രോഗപ്രതിരോധശക്തമാക്കിത്തീര്‍ക്കുന്നു. പ്രാണായാമവും ധ്യാനവും മനസ്സിന് ഏകാഗ്രത വരുത്തുന്നു. നാമജപങ്ങള്‍ ഉള്ളിന്‍റെ ആഴങ്ങളില്‍ ഉരുവിടുന്ന മനുഷ്യന്‍റെ മനസ്സു ശുദ്ധമാകും, ശാന്തമാകും. ഈശ്വരവാസഗൃഹമാകും. മനുഷ്യനിലെ ഈശ്വരശക്തിയെ യോഗ ഉണര്‍ത്തുന്നു. ആഹാരനീഹാരനിദ്രാ മൈഥുനങ്ങളെന്ന (സ്ത്രീപുരുഷസംഗമം) പ്രകൃതിസ്വഭാവം മാത്രമേ മനുഷ്യനിലുള്ളൂവെങ്കില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും തമ്മില്‍ എന്താണു വ്യത്യാസം? ഭൂമി, വെള്ളം, വായു ഇവയെല്ലാം വിഷലിപ്തമായിത്തീരുന്ന കാലം. തന്‍റെ ഛായയിലുള്ള മനുഷ്യനെ മൃഗീയചിന്തയ്ക്കടിപ്പെട്ട് മനുഷ്യന്‍ കൊല്ലുന്നു. യമനിയമാദി ഇല്ലാതെ യോഗാസനങ്ങളെല്ലാം ചെയ്താല്‍ യോഗയെ വെറും അഭ്യാസമായി പഠിച്ചാല്‍ യോഗയെ നാം അപമാനിക്കുകയാണു ചെയ്യുന്നത്. വെറും ഉപരിപ്ലവ നേട്ടത്തിനായി ആരും യോഗ പഠിച്ചിട്ടു കാര്യമില്ല. സ്വയം നിയന്ത്രണം, സംയമനം ഇവയെല്ലാം യോഗ ചെയ്യുന്നവരുടെ കൈമുതലാകണം. മനുഷ്യജന്മം മഹത്തരമാകുന്നത് അവനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തശക്തി അനുഭവവേദ്യമാകുമ്പോഴാണ്. മാനസികസംഘര്‍ഷവും മനഃക്ലേശവും നിലവിലുള്ളപ്പോള്‍ രക്തത്തിലെ കോര്‍ട്ടിസോണിന്‍റെ അളവു വര്‍ദ്ധിക്കുന്നു. ദിവസേന യോഗാ പരിശീലനവും ജപധ്യാനവും നടത്തുന്നവരില്‍ ഇതിന്‍റെ അളവു കുറഞ്ഞിരിക്കും. മെച്ചപ്പെട്ട രീതിയില്‍ ബുദ്ധി ഉപയോഗിക്കാനുള്ള പരിശീലനം യോഗ നല്കുന്നു. സ്നേഹിക്കാനുള്ള കഴിവ്, സ്നേഹിതരെ ഉണ്ടാക്കാനുള്ള കഴിവ് ഇവ യോഗികളില്‍ കാണുന്നു. യോഗാസനത്തിന്‍റെ പ്രാധാന്യമെന്തെന്ന് ഒന്നുകൂടി പരിചിന്തനം ചെയ്യാം. ഈശ്വരന്‍ ദൂരെയെവിടെയെങ്കിലും ഇരിക്കുന്ന ഒരാളല്ല. നാം നിശ്ചയിക്കുന്ന അതിരുകളില്‍ തളച്ചിടേണ്ട ഒന്നല്ല ഈശ്വരത്വം. ഈശ്വരനെ അറിയുകയല്ല ആ ദിവ്യത്വം ഉള്ളില്‍ അനുഭവവേദ്യമാക്കുന്നിടമാണ് ഈശ്വരസാക്ഷാത്കാരം സാധിക്കുന്നത്. ഈശ്വരനെ അനുഭവിക്കാന്‍ നമുക്കു വേണ്ട ഗുണം അന്തര്‍മുഖത്വമാണ്. ഈ അന്തര്‍ മുഖത്വം നേടാന്‍ ഏതു മതാനുയായികളും അവരുടെ പൂജാവിധികള്‍ സാധിച്ചാല്‍ മതി, നാമോച്ചാരണം നടത്തിയാല്‍ മതി, ധ്യാനസാധനകള്‍ അനുഷ്ഠിച്ചാല്‍ മതി. എല്ലാ കര്‍മങ്ങളും പൂജയാക്കി മാറ്റുക. യോഗികള്‍, യോഗിനികള്‍ അവരുടെ ലിംഗം, ഉദരം എന്നിവയെ തന്‍റേടംകൊണ്ടു നിയന്ത്രിക്കണം. കൈകളുടെ ചാപല്യത്തെ കണ്ണുകൊണ്ടു സംരക്ഷിക്കണം. കണ്ണുകളുടെ ചാപല്യത്തെ മനസ്സുകൊണ്ടു നിയന്ത്രിക്കണം. കണ്ണും കാതും ഇളകാതെ ചിത്തവൃത്തി പാലിക്കുന്നതും നിയന്ത്രണം വരുത്തണം.
സാധാരണക്കാരുടെ ഇടയില്‍ യോഗാശാസ്ത്രം പ്രചരിച്ചുകാണുന്നതു യോഗയും മെഡിറ്റേഷനും എന്ന രണ്ടു പിരിവുകളായിട്ടാണ്. ഇതില്‍ യോഗകൊണ്ടു ശാരീരികവ്യായാമങ്ങളെയും മെഡിറ്റേഷന്‍കൊണ്ടു മാനസികവ്യായാമങ്ങളെയുമാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ യോഗാപഠനം പുരോഗമിക്കുമ്പോള്‍ ഈ ധാരണകള്‍ തിരുത്തേണ്ടതായി വരും. സര്‍വപ്രകാരേണയും ദേഹാദ്ധ്വാനം ഒഴിവാക്കാനുള്ള ഒരു പ്രവണതയാണു സര്‍വത്ര കാണുന്നത്. ഒരു ജോലി എത്ര നിസ്സാരമായാലും അതു യന്ത്രങ്ങള്‍ക്കു വിട്ടുകൊടുക്കുകയാണല്ലോ ഇന്നത്തെ പരിഷ്കാരം. നിസ്സാരമായ കണക്കുകൂട്ടല്‍പോലും തലച്ചോറല്ല കാല്‍ക്കുലേറ്ററാണ് ചെയ്യുന്നത്. വ്യായാമരഹിതമായ ദേഹത്തില്‍ പല രോഗങ്ങളും ഉണ്ടാകുന്നു.
ഇന്നു മിക്ക പട്ടണങ്ങളിലും വ്യായാമം പഠിപ്പിക്കാന്‍ ജിംനേഷ്യങ്ങളുണ്ട്. അതു നല്ലതുതന്നെ. പക്ഷേ, ചെറുപ്പക്കാര്‍ക്കു മാത്രമേ അതു സ്ഥിരമായി സാധിക്കുകയുള്ളൂ. പുറംമോടിയേക്കാളേറെ ആന്തരികശക്തിയും ചൈതന്യവുമാണു നമുക്കാവശ്യം. ഉള്‍ക്കരുത്തും കര്‍മകുശലതയും മനോനിയന്ത്രണവും ആണു യോഗകൊണ്ടു ലഭിക്കുന്നത്.
യോഗ, മതപരമായ ഒരു കാര്യമല്ല. അതു ഹിന്ദുക്കളുടെ വകയാണെന്നു കരുതേണ്ടതുമില്ല. മനുഷ്യന്‍ എന്ന ജീവിക്കുള്ളതാണു യോഗ. യോഗ ഒരു ജീവിതസമ്പ്രദായമാണ്. ജീവിതംകാലം മുഴുവന്‍ അഭ്യസിച്ചുകൊണ്ടിരിക്കേണ്ടതായ ഒരു ജീവിതചര്യയാണു യോഗ. അതുകൊണ്ടു യോഗ പെട്ടെന്നു പഠിക്കാനുള്ള വ്യഗ്രത ഉപേക്ഷിക്കണം. നിരന്തരമായ അഭ്യാസം ആവശ്യം.
യോഗാപരിശീലനം നല്കുന്ന ആചാര്യന്മാര്‍ അഥവാ അദ്ധ്യാപകര്‍ മാന്യമായ വസ്ത്രധാരണത്തോടെയും അന്തസ്സുറ്റ പെരുമാറ്റശൈലിയോടുംകൂടി വേണം പരിശീലിപ്പിക്കാന്‍. ഓരോന്നിനോടുമുള്ള നമ്മുടെ കാഴ്ചപ്പാടും മനോഭാവവും ആണു ശരിയാകേണ്ടത്. സൂര്യനമസ്കാരം സൂര്യനെ ആരാധിക്കലല്ല. വളരെ പോസിററീവ് ശക്തി തരുന്ന സൂര്യോദയദിക്കിലേക്കു നോക്കി ശക്തി സ്വീകരിച്ചു 12 നിലകളിലൂടെ ശരീരത്തിനു വ്യായാമം നല്കുന്നെന്നേയുള്ളൂ.
ലോകാസമസ്ത സുഖിനോ ഭവന്തുഃ സര്‍വജനനാം സുഖിനോ ഭവന്തുഃ ഓം ശാന്തി!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org