കോവിഡ്-19: അടിയന്തര സാഹചര്യം അജപാലന ജാഗ്രത ആവശ്യപ്പെടുന്നു – കെ സി ബി സി

കോവിഡ്-19: അടിയന്തര സാഹചര്യം അജപാലന ജാഗ്രത ആവശ്യപ്പെടുന്നു – കെ സി ബി സി

ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന കോവിഡ് 19 രോഗം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ പാലിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ തല്‍സംബന്ധമായ നിയന്ത്രണങ്ങളോടും നിര്‍ദേശങ്ങളോടും സഹകരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. ഗൗരവപൂര്‍ണമായ ജാഗ്രത ആവശ്യമായിരിക്കുന്ന ഈ അവസരത്തില്‍, അനിയന്ത്രിതവും അനാവശ്യവുമായ ഭീതി പരത്താനിടയാകുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരുണത്തില്‍ സഭയുടെ അജപാലന ശുശ്രൂഷയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കറിച്ചു കെസിബിസി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഈ മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനായി ഇടവകകളിലും സ്ഥാപനങ്ങളിലും സന്ന്യാസ ഭവനങ്ങളിലും തുടര്‍ന്നും പ്രത്യേക പ്രാര്‍ത്ഥന നടത്തേണ്ടത് ആവശ്യമാണ്. കൊറോണ വൈറസ് ബാധിതരായി ചികിത്സയ്ക്കായി ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും നിരീക്ഷണത്തിനായി മാറ്റി താമസിപ്പിക്കപ്പെട്ടിട്ടുള്ളവര്‍ക്കും ആവശ്യമായ അജപാലന ശുശ്രൂഷകള്‍ ലഭ്യമാക്കുന്നതിനെപ്പറ്റി പ്രത്യേകം കരുതല്‍ ഉണ്ടായിരിക്കണം. എല്ലാ ദേവാലയങ്ങളിലും സര്‍ക്കാര്‍ നല്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രാര്‍ത്ഥന നടത്തുവാനുള്ള സൗകര്യം വിശ്വാസികള്‍ക്കു നല്കേണ്ടതാണ്. ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രോഗിക്കും അതിനുള്ള അവസരം നിഷേധിക്കപ്പെടരുത്.

ദേവാലയങ്ങളിലെ വി. കുര്‍ബാനയ്ക്കും മറ്റ് തിരുക്കര്‍മങ്ങള്‍ക്കും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അമ്പതില്‍ താഴെയുള്ള ആരാധനാ സമൂഹങ്ങള്‍ക്കായി വൈദികര്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള സാഹചര്യം ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും. വളരെ പ്രത്യേ കമായ സാഹചര്യങ്ങളില്‍ ചില ദേവാലയങ്ങളിലെ വി. കുര്‍ബാനയര്‍പ്പണം നിറുത്തുന്നതാണ് നല്ലതെന്ന് ബോദ്ധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതാണ്. വ്യക്തികളായി വന്നു പ്രാര്‍ത്ഥിക്കുന്നതിനുള്ള സൗകര്യം നല്കാന്‍ എല്ലാ ദേവാലയങ്ങളും പതിവുപോലെ തുറന്നിടേണ്ടതാണ്. സാധിക്കുന്ന എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വി. കുര്‍ബാന എഴുന്നള്ളിച്ചുവച്ച് ചെറിയ ഗ്രൂപ്പുകളില്‍ ആരാധന നടത്തി കൊറോണ വൈറസ് ബാധയില്‍നിന്ന് ലോകജനതയെ രക്ഷിക്കാന്‍ എല്ലാവരും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കേണ്ടതാണ്. 2020 മാര്‍ച്ച് 27-ാം തീയതി കേരളത്തിലെ എല്ലാ രൂപതകളിലും പ്രാര്‍ത്ഥനാദിനമായി ആചരിക്കേണ്ടതാണ്. വിശുദ്ധവാര തിരുക്കര്‍മ്മങ്ങളെക്കുറിച്ച് അന്നത്തെ സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് അവസാന ആഴ്ചയില്‍ അതാതു വ്യക്തിസഭകളില്‍ നിന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ദിവ്യകാരുണ്യം ആവശ്യപ്പെടുന്ന രോഗികള്‍ക്ക് അവിടെ കത്തോലിക്കരായ നേ ഴ്സുമാര്‍ ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കില്‍, അവര്‍ വഴി ദിവ്യകാരുണ്യം നല്കാവുന്നതാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും, ഇടവകകളില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ വഴി ദിവ്യകാരുണ്യം നല്കേണ്ടതാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ദിവ്യബലി ആത്മീയ പോഷണത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്.

കോവിഡ്-19 വ്യാപിക്കുന്ന ഈ അടിയന്തര സന്ദര്‍ഭത്തില്‍ അവസരോചിതമായ ആത്മനിയന്ത്രണത്തോടെ സര്‍ക്കാരിന്‍റെ നിബന്ധനകളോടും നിര്‍ദേശങ്ങളോടും സഭാധികാരികളുടെ ആഹ്വാനങ്ങളോടും സര്‍വാത്മനാ സഹകരിച്ച് ഉത്തരവാദിത്വബോധത്തോടെ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്‍റ് ഡോ. ബിഷപ് വിന്‍സന്‍റ് സാമുവല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ സര്‍ക്കുലറിലൂടെ അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org