കൊവിഡ് : മൃതദേഹ സംസ്‌ക്കാരത്തെ ഭയപ്പെടണോ?

കൊവിഡ് : മൃതദേഹ സംസ്‌ക്കാരത്തെ ഭയപ്പെടണോ?

സംസ്ഥാനത്ത് കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം മരണസംഖ്യയും കൂടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിച്ചു മരണമടയുന്നവരെ സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധസംശയങ്ങളും അബദ്ധ ധാരണകളും നിലനില്‍ക്കുന്നു. എന്നാല്‍ കൊവിഡ് മൂലം മരണമടയുന്നയാളെ സംസ്‌ക്കരിക്കുമ്പോള്‍ മതിയായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ ഇക്കാര്യത്തില്‍ അകാരണമായ ഭയമോ ആശങ്കകളോ ഉണ്ടാകേണ്ടതില്ലെന്ന് ഇതുസംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വിശദീകരിക്കുന്നു.
കൊവിഡു ബാധിച്ചു മരണമടഞ്ഞയാളുടെ മൃതശരീരം, പുറം അണുവിമുക്തമാക്കിയ ബാഗിലായിരിക്കും എന്നതുകൊണ്ട് അതിനെ സമീപിക്കുന്നവര്‍ക്ക് അണുബാധയേല്‍ക്കുമെന്ന പേടി വേണ്ട. ഇത്തരത്തില്‍ കൊണ്ടുവരുന്ന മൃതദേഹം സംസ്‌ക്കരിക്കാന്‍ ഒട്ടും ഭയപ്പെടേണ്ടതുമില്ല. കൈകകള്‍ ശുചിയാക്കി സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗസും ധരിക്കണം. പിപിഇ കിറ്റ് ധരിച്ചവരാണ് മൃതദേഹം വഹിക്കേണ്ടത്. അവര്‍ക്ക് മൃതദേഹം അടങ്ങിയ ബാഗിന്റെ തലഭാഗം തുറന്ന് ഉറ്റ ബന്ധുക്കളെ അവസാനമായി കാണാന്‍ അനുവദിക്കാവുന്നതാണ്.
മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുള്ള മതചടങ്ങുകള്‍ നടത്താം. മൃതദേഹം കുളിപ്പിക്കുകയോ അതില്‍ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ ചെയ്യരുത്. മൃതദേഹം ദഹിപ്പിക്കുകയാണെങ്കില്‍ ചിതാഭസ്മം ബന്ധുക്കള്‍ക്കു കൈമാറാന്‍ അനുവാദമുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് അനുവദനീയമായ ആളുകള്‍ മാത്രമേ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ.
കൊവിഡ് ചികിത്സയിലിരിക്കേ മരിക്കുന്നവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങളോ അനാവശ്യ ഭയമോ ആശങ്കകളോ ഉണ്ടാകേണ്ടതില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ശാസ്ത്രീയമായും സുരക്ഷിതമായും മൃതദേഹം സംസ്‌ക്കരിക്കാമെന്നിരിക്കേ ഇത്തരത്തില്‍ മരണമടയുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സാന്ത്വനവും സമാശ്വാസവും നല്‍കിക്കൊണ്ടും മരണടഞ്ഞ വ്യക്തിയോടു ആദരവും സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ടും ഏറ്റവും ഉചിതമായ രീതിയില്‍ സംസ്‌ക്കാര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനാണു പരിശ്രമിക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org