സാംസ്‌കാരികകൊച്ചി രൂപമെടുക്കുന്നു.

സാംസ്‌കാരികകൊച്ചി രൂപമെടുക്കുന്നു.

കൊച്ചിയിലെ സാംസ്‌കാരികധാരകള്‍ എം. കെ. സാനുവിന്റെ നേതൃത്വത്തില്‍ ഒരു കുടക്കീഴില്‍ ഒരു കൂട്ടായ്മയാകുന്നു.

ഒരു ഡസനിലേറെ  വംശീയധാരകളുമായുള്ള  സാംസ്‌കാരിക സ്വീകാര നിരാകാരത്തിലൂടെ മാറ്റു തെളിഞ്ഞ വ്യതിരിക്തമായ പൈതൃകമാണ് കൊച്ചിയുടേത്. മതപരവും രാഷ്ട്രീയപരവുമല്ലാതെ പൂര്‍ണ്ണമായും സാംസ്‌കാരിക പരിവൃത്തത്തിന്റെ വിവിധ ധാരകളില്‍ സംഘാതസാന്നിദ്ധ്യമായി നിരവധി പ്രസ്ഥാനങ്ങളും കൂട്ടായ്മകളും നഗരത്തിലുണ്ട്. അവയ്‌ക്കെല്ലാം കൂടി ഒരു കുടക്കീഴില്‍ കൊച്ചിയുടെ തനതു സാംസ്‌കാരികശബ്ദവും അരങ്ങുമായി മാറുവാനുതകുമാറു വിപുലമായ  ഒരു സുഹൃദ് കൂട്ടായ്മയ്ക്കു രൂപം നല്‍കുവാനുള്ള ശ്രമത്തിലാണ്, സാംസ്‌കാരിക കൂട്ടായ്മയുടെ പ്രതിനിധികള്‍.  ജാതിമത രാഷ്ട്രീയഭേദമെന്യേ മാനവികതയെന്ന സാംസ്‌കാരിക പ്രതിഭാസത്തോടു ഇടചേര്‍ന്നു നില്‍ക്കുന്ന ഒരു പൊതു സാംസ്‌കാരിക കൂട്ടായ്മയ്ക്കു ഇന്നു ഏറെ പ്രസക്തിയുണ്ടെന്നു സാനുമാസ്റ്റര്‍ കരുതുന്നു. കൂട്ടായ്മയുടെ രൂപീകരണം സംബന്ധിച്ച  പ്രാഥമികയോഗം ഇന്നു വൈകീട്ട്  എറണാകുളം ടി. ഡി. എം. ഹാളില്‍  ജോണ്‍പോളിന്റെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് സാംസ്‌കാരിക കൊച്ചി എന്ന പേരില്‍  കൊച്ചി കേന്ദ്രമാക്കി നിലവിലുള്ള സാംസ്‌കാരിക  സംഘടനകളുടെ  ഒരു ബൃഹദ് കൂട്ടായ്മയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഏകോപന ചുമതലകള്‍ക്കായി എം. കെ. സാനു ചെയര്‍മാനും, ജോണ്‍പോള്‍ കണ്‍വീനറും, സി.ഐ.സി.സി. ജയചന്ദ്രന്‍  ജോയിന്റ് കണ്‍വീനറും,  മനുറോയ് ട്രഷററും ശ്രീമതി ഷീബ ജോര്‍ജജ്, ഫാ. തോമസ് പുതുശ്ശേരി, ടി.പി. രമേശ്‌, അസീസ്, പി.ജെ. ചെറിയാന്‍, എം. എസ്സ്. രഞ്ജിത്ത്, ജോണ്‍സണ്‍ സി. എബ്രഹാം,  സി.ജി. രാജഗോപാല്‍, അജിത്കുമാര്‍,  ജെബിന്‍ എന്നിവരംഗങ്ങളുമായ  ഒരു അഡ്‌ഹോക് കമ്മിറ്റിയെ  തിരഞ്ഞെടുത്തു. കഥാകാരന്‍  യു.എ.ഖാദറിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഒ. എന്‍. വി. പുരസ്കാരം ലഭിച്ച ഡോ. എം. ലീലാവതിയെ യോഗം അഭിനന്ദിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org