ദൈവവചന ഞായര്‍ പ്രഖ്യാപിച്ചു

ദൈവവചനത്തിന്‍റെ വായനയും പഠനവും പ്രചാരണവും പ്രോത്സാഹിപ്പിക്കുന്നതിനു ഒരു ഞായര്‍ ദൈവവചനഞായര്‍ ആയി ആചരിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. വര്‍ഷത്തിലെ ഒരു ദിവസത്തേയ്ക്കു വചനപഠനം ചുരുക്കണമെന്നല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ദൈവവചനത്തിലുള്ള അറിവിലും സ്നേഹത്തിലും നാം വളരേണ്ടത് അത്യാവശ്യമായിരിക്കുന്നു എന്നു വ്യക്തമാക്കാനാണ് ഈ ഞായര്‍ ആചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു വചനവുമായി അടുത്ത ബന്ധം നാം വളര്‍ത്തിയെടുക്കണം. അല്ലാത്ത പക്ഷം നമ്മുടെ ഹൃദയങ്ങള്‍ തണുത്തുറഞ്ഞതും കണ്ണുകള്‍ അടഞ്ഞതുമായിത്തീരുകയും പല തരത്തിലുള്ള അന്ധത നമ്മെ ബാധിക്കുകയും ചെയ്യും -ഈ പ്രഖ്യാപനവുമായി പുറത്തിറക്കിയ അപ്പസ്തോലിക ലേഖനത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു.

വി. ജെറോമിന്‍റെ 1600-ാം ചരമദിനവും തിരുനാളുമായ സെപ്തംബര്‍ 30-നാണ് ദൈവവചനഞായര്‍ ആചരണം സംബന്ധിച്ച പ്രഖ്യാപനം മാര്‍പാപ്പ നടത്തിയത്. ജനുവരി അവസാനത്തിലെ ഒരു ഞായറായിരിക്കും ഇതനുസരിച്ചു ദൈവവചന ഞായര്‍ ആയി ആചരിക്കപ്പെടുക.

ബൈബിള്‍ ഏതാനും പേരുടെ മാത്രം പൈതൃകമല്ലെന്നു പാപ്പാ വ്യക്തമാക്കി. അതു ചരിത്രപുസ്തകങ്ങളുടെ സമാഹാരവുമല്ല. ഇതിന്‍റെ സന്ദേശം കേള്‍ക്കാനും അതിലെ വാക്കുകളില്‍ സ്വയം തിരിച്ചറിയാനും വിളിക്കപ്പെട്ടിരിക്കുന്നവരുടേതാണ് ഈ ഗ്രന്ഥം. ബൈബിള്‍ കര്‍ത്താവിന്‍റെ ജനതയുടെ ഗ്രന്ഥമാണ്. അതു ശ്രവിക്കുന്നവര്‍ വിഭാഗീയതയില്‍ നിന്നു ഐക്യത്തിലേയ്ക്കു നീങ്ങുന്നു. ദൈവവചനം വിശ്വാസികളെ ഒന്നിപ്പിക്കുകയും ഒരു ജനതയാക്കുകയും ചെയ്യുന്നു. ലളിതവും അനുയോജ്യവുമായ ഭാഷയിലൂടെ ദൈവവചനത്തിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ ജനങ്ങളെ സഹായിക്കുക അജപാലകരുടെ കടമയാണ്. സുവിശേഷപ്രസംഗം ആവശ്യത്തിനു സമയമെടുത്ത് വളരെ ശ്രദ്ധാപൂര്‍വം തയ്യാറാക്കേണ്ടതാണ്. വചനവായനകളെക്കുറിച്ചുള്ള പ്രസംഗം അപ്പോള്‍ തോന്നുന്നതു പോലെ നടത്തരുത് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org