“സന്ന്യാസ പരിശീലനം ക്രിസ്തുവിന്‍റെ ജ്വാല പകര്‍ന്നു തന്നു” – ദയാബായ്

“സന്ന്യാസ പരിശീലനം ക്രിസ്തുവിന്‍റെ ജ്വാല പകര്‍ന്നു തന്നു” – ദയാബായ്

സന്ന്യാസ രൂപീകരണകാലത്ത് തനിക്കു ലഭിച്ച യേശുദര്‍ശനം ഇന്നും തന്‍റെ ജീവിതത്തില്‍ ജ്വലിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയായ ദയാബായ്. എറണാകുളം പിഒസിയില്‍ നടന്ന "ക്രിസ്തീയ സന്ന്യാസം പൗരാവകാശവിരുദ്ധമോ?" എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തി സംസാരിക്കുകയായിരുന്നു അവര്‍. കാലഘട്ടത്തിന്‍റെ പരിമിതികളിലും ആവശ്യങ്ങളിലും ദൈവേഷ്ടം വായിക്കാനാകും എന്ന കാഴ്ചപ്പാട് തനിക്ക് ലഭിച്ചത് ഞാന്‍ അംഗമായിരുന്ന സന്ന്യാസസമൂഹത്തില്‍ നിന്നുമാണ്. ദേവാലയം ശുദ്ധീകരിക്കുന്ന യേശുവായിരുന്നു സന്ന്യാസജീവിതത്തില്‍ തന്‍റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയത് — ദയാബായ് പറഞ്ഞു.

വി. ലൂക്കായുടെ സുവിശേഷത്തിലെ യേശുവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖ വചനങ്ങളുമാണ് ഇന്നും തന്നെ നയിച്ചുകൊണ്ടിരിക്കുന്നത്. സന്ന്യാസഭവനത്തില്‍ നിന്ന് ലഭിച്ച സ്നേഹപൂര്‍വകമായ പരിപാലനവും നല്ല പെരുമാറ്റവും തന്നെ ക്രിസ്തു വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം സന്ന്യാസം "Nurturing" ആയിരുന്നു, "Torturing" അല്ലായിരുന്നു. "കുഞ്ഞേ, നീ സമയത്തിനു മുമ്പേയാണ് നടക്കുന്നത്, എന്നാല്‍ ഒരിക്കല്‍ നീ അനേകര്‍ക്കു വഴികാട്ടിയാകും"എന്നാണ് സന്ന്യാസഭവനം വിട്ട് പാവപ്പെട്ട മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ നോവിസ് മിസ്ട്രസ് പറഞ്ഞതെന്ന് ദയാബായ് അനുസ്മരിച്ചു. ഒരു വര്‍ഷത്തെ നോവിഷ്യേറ്റ് പൂര്‍ത്തിയാക്കി പുറത്തേയ്ക്കു പോകാന്‍ തീരുമാനിച്ച താന്‍ തന്‍റേതായ രീതിയില്‍ സന്ന്യാസം ജീവിക്കുകയാണെന്നും അവര്‍ പറഞ്ഞു.

സന്ന്യാസജീവിതത്തില്‍ വ്യക്തികളുടെ നന്മയും സമര്‍പ്പണവും ഏറെ ആദരണീയമായിരിക്കുമ്പോള്‍ തന്നെ, ഒരു സ്ഥാപനമെന്ന നിലയില്‍ സന്ന്യാസ ഭവനങ്ങളും സമൂഹങ്ങളും നിരന്തരമായ നവീകരണത്തിനു വിധേയമാകുന്നില്ലെങ്കില്‍, അനേകം വ്യക്തികളുടെ നന്മ കെട്ടുപോകുകയും അവരുടെ സമര്‍പ്പണത്തിന്‍റെ നന്മ സമൂഹത്തിനു ലഭിക്കാതെ പോവുകയും ചെയ്യുമെന്ന് പ്രബന്ധം അവതരിപ്പിച്ച ഡോ. മ്യൂസ് മേരി ജോര്‍ജ് പറഞ്ഞു. സിസ്റ്റര്‍ തെരേസ് ആലഞ്ചേരി എസ്എബിഎസ്, ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍, ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി മോഡറേറ്ററായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org