ആഴക്കടല്‍ മത്സ്യബന്ധനം – എല്ലാ നടപടികളും പൂര്‍ണമായും പിന്‍വലിക്കണം: കെസിബിസി

ആഴക്കടല്‍ മത്സ്യബന്ധനം – എല്ലാ നടപടികളും പൂര്‍ണമായും പിന്‍വലിക്കണം: കെസിബിസി

കൊച്ചി: തീരദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെയും മത്സ്യതൊഴിലാളികളോട് കൂടിയാലോചന നടത്താതെയും ഒരു വിദേശ കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനുവേണ്ടി ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണെങ്കിലും പെട്ടെന്നുതന്നെ അതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ തീരദേശവാസികള്‍ക്ക് ആശ്വാസമുണ്ട്. റദ്ദാക്കപ്പെട്ടുവെങ്കിലും 2018 മുതല്‍ സര്‍ക്കാര്‍ ഇതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള മറ്റെല്ലാ നടപടികളും അപ്രകാരം തന്നെ നിലനില്ക്കുകയാണ്. ആ നിലയ്ക്ക് പ്രസ്തുത കമ്പനി മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ഇതു പ്രാബല്യത്തില്‍ വരുത്താന്‍ ഉദ്യമിക്കുമെന്ന് തീരദേശവാസികള്‍ ഭയപ്പെടുന്നു. ഏതു വിധത്തില്‍ ഈ പദ്ധതി നടപ്പില്‍ വന്നാലും തീരദേശവാസികള്‍ക്ക് ഭക്ഷണം ഇല്ലാതാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ആഴക്കടല്‍ മത്സ്യബന്ധനമെന്ന് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും പ്രയോഗത്തില്‍ ഇത് തീരക്കടല്‍ മത്സ്യബന്ധനം തന്നെയാണ്. മത്സ്യങ്ങളുടെ പ്രജനനം മുഴുവന്‍ നടക്കുന്നത് തീരക്കടലിലാണ്. യുദ്ധസന്നാഹമെന്നപോലെ ട്രോളറുകളുടെ ഒരു വലിയ നിര ആഴക്കടലിലേക്ക് ഇറങ്ങിയാല്‍ കടലിന്റെ ആവാസവ്യവസ്ഥ തന്നെ പാടെ തകര്‍ന്നുപോകും. കടല്‍ത്തീരത്ത് മനുഷ്യനുതന്നെ ജീവിക്കാന്‍ സാധിക്കാതെവരുകയും ചെയ്യും. സര്‍ക്കാര്‍ എന്നല്ല ഒരു ഏജന്‍സിയും ഇത്തരം മത്സ്യബന്ധനരീതികള്‍ക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും അത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാകുമെന്നുമുള്ള തീരദേശ നിവാസികളുടെ ആശങ്ക നിറഞ്ഞ ആവശ്യത്തോട് സൃഷ്ടിപരമായ പ്രതികരണമാണ് ജനാധിപത്യ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org