ഈസ്റ്റര്‍ ആക്രമണം: ശ്രീലങ്കയില്‍ മുന്‍മന്ത്രി പിടിയിലായി

ഈസ്റ്റര്‍ ആക്രമണം: ശ്രീലങ്കയില്‍ മുന്‍മന്ത്രി പിടിയിലായി

2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയ കേസില്‍ അവിടത്തെ ഒരു മുന്‍ ക്യാബിനറ്റ് മന്ത്രിയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ലിമെന്റിലെ ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ റിഷാദ് ബദിയുദ്ദീനും സ ഹോദരനുമായ റെയാജുമാണ് കൊളംബോയില്‍ പിടിയിലായത്. ബോംബ് സ്‌ഫോടനം നടത്തിയ ഇസ്ലാമിക ഭീകരസംഘടനയുടെ ചാവേറുകളെ ഇവര്‍ സഹായിച്ചതായി പോലീസ് വക്താവ് പറഞ്ഞു. ബദിയുദ്ദീന്‍ ഈ ആരോപണം നിഷേധിച്ചു. പക്ഷേ ഇവരുടെ പങ്കാളിത്തത്തിനു നേരിട്ടുള്ള തെളിവുകളും സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും ഉണ്ടെന്നു പോലീസ് പറഞ്ഞു.
9 ചാവേറുകളാണ് രണ്ടു കത്തോലിക്കാ പള്ളികളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും നാലു ഹോട്ടലുകളിലും ഒരു പാര്‍പ്പിടസമുച്ചയത്തിലുമായി ഒരേ സമയം സ്‌ഫോടനം നടത്തിയത്. 260 ലേറെ പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇത്തരമൊരു ആക്രമണനീക്കത്തെ കുറിച്ചു ശ്രീലങ്കന്‍ സര്‍ക്കാരിനു മുന്നറിയിപ്പു കൊടുത്തിരുന്നെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നതിനെ സഭാനേതാക്കളടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org