Latest News
|^| Home -> Editorial -> മാര്‍ തോമാ മാര്‍ഗ്ഗം

മാര്‍ തോമാ മാര്‍ഗ്ഗം

sathyadeepam

ക്രിസ്തുവിന്‍റെ ഊര്‍ജ്ജസ്വലനായ ശിഷ്യന്‍ എന്നറിയപ്പെടുന്ന തോമാശ്ലീഹായുടെ ഓര്‍മ്മ ദുക്റാന തിരുനാള്‍. തോമാശ്ലീഹയുടെ മാര്‍ഗവാസികള്‍ എന്നഭിമാനിക്കുന്ന കേരള സഭയ്ക്ക് അഭിമാനത്തിന്‍റെയും ഒപ്പം ആത്മവിമര്‍ശനത്തിന്‍റെയും ഒരവസരം.
ശ്രീബുദ്ധന്‍റെ ജീവിതത്തില്‍നിന്ന് ഒരേട്. പ്രശസ്തിയുടെ നടുവില്‍, ശിഷ്യസമൂഹത്തിനിടയില്‍ നിന്നു ബുദ്ധന്‍ യാത്രയാവുകയാണ്. പ്രിയ ശിഷ്യനായ ആനന്ദ ബുദ്ധനോട്: “അങ്ങ് എനിക്കുവേണ്ടി എന്താണ് മാറ്റിവച്ചിട്ടുള്ളത്?” ബുദ്ധന്‍റെ മറുപടി: “ആനന്ദാ എല്ലാവര്‍ക്കും ആവശ്യം എന്‍റെ അങ്കിയായിരുന്നു. നിനക്കു ഞാനെന്‍റെ മജ്ജ മാറ്റിവച്ചിട്ടുണ്ട്”.
ഏതൊരു നേതാവിന്‍റെയും അങ്കിയോടു തൊട്ടുനില്‍ക്കാന്‍, പറ്റുമെങ്കില്‍ അത് സ്വന്തമാക്കാന്‍ അനുയായികള്‍ക്ക് അന്നും ഇന്നും കൊതിയുണ്ട്, അതില്‍ തെറ്റുമില്ല. പക്ഷെ അവന്‍റെ എല്ലിനകത്തെ മജ്ജ സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന ആ ‘ചെറിയ അജഗണ’മാണ് നേതാവിന്‍റെ സ്വപ്നവിത്തുകളെ നട്ടുവളര്‍ത്തി ഫലം ചൂടിക്കുന്നത്. തന്നോടൊപ്പമായിരിക്കാനും തനിക്കുവേണ്ടിയായിരിക്കാനുമുള്ളതാണ് ഗുരുവിന്‍റെ മജ്ജ സ്വന്തമാക്കിയ ശിഷ്യരുടെ വിളിയും ദൗത്യവും.
തോമാശ്ലീഹായുടെ മാര്‍ഗത്തിലായിരിക്കുന്ന കേരള സഭയും ഈ ചെറിയ അജഗണത്തിന്‍റെ ദൗത്യത്തിലാണ്. സൗഖ്യങ്ങളുടെയും മെച്ചങ്ങളുടെയും അങ്കികള്‍ തൊട്ടുനില്‍ക്കാന്‍ മാത്രമല്ല ഈ കാലഘട്ടത്തിന്‍റെ തോമയാകാന്‍ കൂടിയുള്ളതാണാ ദൗത്യം. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ 15 വര്‍ഷത്തോളം വീട്ടു തടങ്കലിലായിരുന്ന ബര്‍മ്മയുടെ ധീരവനിത ഔങ്ങ് സാന്‍ സൂകിയും മണിപ്പൂരിലെ സായുധസേനയുടെ പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി നിരാഹാരം കിടക്കുന്ന ഇറോം ശര്‍മ്മിളയും കൊച്ചി തെരുവില്‍ വളര്‍ന്ന് തെരുവിന്‍റെ മക്കള്‍ക്കായി ജീവിക്കുന്ന തെരുവോരം മുരുകനുമൊക്കെ ഈ തോമാമാര്‍ഗ്ഗത്തില്‍തന്നെയാണ്.
1. മൂന്നുകാര്യങ്ങള്‍ തോമാശ്ലീഹായുടെ ജീവിതത്തെ അനന്യമാക്കുന്നു. “ഇരട്ട” എന്നൊരര്‍ത്ഥം കൂടി തോമാശ്ലീഹായുടെ പേരിനുണ്ടല്ലോ. ഒരേസമയം വിശ്വാസിയും അവിശ്വാസിയുമായിരിക്കാനുള്ള ഈ ദ്വന്ദ്വഭാവം വിശുദ്ധനെ വ്യത്യസ്തനാക്കുന്നു. സംശയത്തിന്‍റെ ഈ ആള്‍രൂപം തന്നെയാണ് തീക്ഷ്ണത യുടെ പായ് വിടര്‍ത്തി കപ്പലോടിച്ച് ഇങ്ങ് കേരളംവരെ എത്തിയത്. മനസ്സിനെ ഗ്രസിക്കുന്ന സംശയങ്ങളെ ഭയമില്ലാതെ അവതരിപ്പിക്കാനും അതില്‍നിന്നും ലഭിച്ച കാഴ്ചപ്പാടുകളെ മറ്റുള്ളവര്‍ക്ക് സുവിശേഷമാക്കാനും തോമാശ്ലീഹായുടെ മജ്ജ സ്വീകരിച്ച മക്കള്‍ക്കു കടമയുണ്ട്.
2. തോമാശ്ലീഹ ഇരട്ടവിരല്‍ ഉള്ളവനായിരുന്നുവെന്ന് വേറൊരു പാരമ്പര്യം. ചൂണ്ടുവിരലും നടുവിരലും ഒട്ടിച്ചേര്‍ന്ന് ഒന്നിച്ചായിരുന്നുവത്രെ. ഉത്ഥാനശേഷം യേശുവിന്‍റെ തിരുമുറിവില്‍ സ്പര്‍ശിച്ചപ്പോള്‍ ഒട്ടിച്ചേര്‍ന്നിരുന്ന വിരലുകള്‍ വേര്‍പെട്ട് ശരിയായത്രെ. ഹസ്തരേഖ ശാസ്ത്രപ്രകാരം നടുവിരല്‍ മനുഷ്യന്‍റെ വ്യവസ്ഥാപിത സംവിധാന മനോഭാവത്തേയും ചൂണ്ടുവിരല്‍ മാര്‍ഗ്ഗോപദേശ സ്വഭാവത്തേയും സൂചിപ്പിക്കുന്നു. വ്യവസ്ഥിതികളോടുള്ള ഒട്ടിച്ചേരലല്ല വര്‍ത്തമാന വ്യവസ്ഥിതിക്കുള്ള ചൂണ്ടുപലകയായി മാര്‍തോമാ ക്രിസ്ത്യാനികള്‍ മാറണം. ഉത്ഥിതന്‍റെ നെഞ്ചില്‍ തൊട്ടാണ് തോമാശ്ലീഹ ഈ വരം സ്വന്തമാക്കിയത്. പാരമ്പര്യത്തിന്‍റെയും വ്യവസ്ഥിതികളുടെയും വേരുകളില്‍ ഒട്ടിപ്പിടിച്ചിരിക്കാതെ ആ വേരില്‍നിന്ന് ഊര്‍ജ്ജം വലിച്ചെടുത്ത് പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന വൃക്ഷമാകാനുള്ളതാണ് തോമായുടെ മാര്‍ഗ്ഗം സ്വീകരിച്ച നമ്മുടെ വിളി.
3. മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തിന്‍റെ ഏക സാക്ഷി തോമാശ്ലീഹയാണെന്ന് മറ്റൊരു പാരമ്പര്യം. ڔസഭയിലും സമൂഹത്തിലും വര്‍ദ്ധിച്ചുവരുന്ന സ്ത്രീപങ്കാളിത്തത്തിന് ചുക്കാന്‍ പിടിക്കേണ്ടവരാണു നമ്മള്‍. സ്ത്രീതന്‍ ഭാവശുദ്ധിയെ അംഗീകരിക്കാനും സ്ത്രൈണ ആത്മീയതയ്ക്ക് സഭാ പ്രവര്‍ത്തനങ്ങളില്‍ വേരുപടര്‍ത്താനുമുള്ള പരിസരം സൃഷ്ടിക്കാനുള്ള മാര്‍തോമാ ക്രിസ്ത്യാനികളുടെ വിളി നാം വിസ്മരിച്ചുകൂടാ.
സത്യദീപം മലയാളിമനസ്സില്‍ സത്യത്തിന്‍റെ പ്രകാശമായി മാറിയിട്ട് 89 വര്‍ഷം പിന്നിടുന്നു. ജാതിമതഭേദമെന്യേ മൂന്നു തലമുറകള്‍ നെഞ്ചിലേറ്റിയതാണീ പത്രത്തിന്‍റെ താളുകള്‍. അച്ചടി മാധ്യമ ശുശ്രൂഷയുടെ 89 വര്‍ഷങ്ങള്‍ പിന്നിടുന്ന സത്യദീപവും ഈ ത്രിവിധ ദൗത്യത്തിന്‍റെ നെരിപ്പോടിലാണ്. ഉത്തരങ്ങള്‍ തേടിയുള്ള ചോദ്യങ്ങളും വെള്ളം ചേര്‍ക്കാത്ത ആത്മവിമര്‍ശനങ്ങളും സ്ത്രീത്വത്തോടുള്ള ആദരവും ദീപമായി ഞങ്ങളുടെ സത്യങ്ങളില്‍ സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരാണു ഞങ്ങള്‍. വ്യവസ്ഥിതിയുടെ നടുവിരലിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ചൂണ്ടുവിരലായി തുടരാന്‍ ഉത്ഥിതന്‍റെ നെഞ്ചില്‍ തൊട്ട തോമായുടെ വിരലുകള്‍ ഞങ്ങള്‍ക്കു പ്രചോദനമാകട്ടെ.

Leave a Comment

*
*